കൈപ്പുണ്യം ഉള്ള ഭാര്യ…

രചന: Vipin PG

ആഴ്ചയിൽ ഒരു ലീവെ ഉള്ളുവെങ്കിലും ഞായറാഴ്ച കൃത്യം വീട്ടിൽ എത്തുന്നത് വായിക്ക് രുചി ആയിട്ട് എന്തെങ്കിലും കഴിക്കാൻ വേണ്ടിയാണ് ,,,, മാത്രമല്ല കല്യാണം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല,,, ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവളെ കണ്ടില്ലെങ്കിൽ എനിക്കും എന്നെ കണ്ടില്ലെങ്കിൽ അവൾക്കും ഒരു സമാധാനവുമില്ല ,,,

പിന്നെ അമ്മയുടെ കൈകൊണ്ട് വെച്ച ഭക്ഷണവും കഴിക്കാലോ.അങ്ങനെ പറയാൻ കാരണം പെണ്ണുകാണാൻ ചെന്നപ്പോഴേ അവൾ പറഞ്ഞിരുന്നു പാചകത്തിൽ വലിയ പിടിയില്ലെന്ന്,,,, അതിപ്പോൾ വലിയൊരു കാര്യം അല്ലല്ലോ,,, പഠിച്ചെടുക്കാവുന്ന അതല്ലേ ഉള്ളൂ ,,,,

പതിവുപോലെ ഞായറാഴ്ച വെളുപ്പിന് ഞാൻ വീട്ടിലെത്തി. എന്നെത്തെയും പോലെ ചെറിയൊരു ഉറക്കം ഉറങ്ങി,,, ഉറക്കം കഴിഞ്ഞപ്പോൾ എണീറ്റ് കുളിച്ച് ഹാളിലേക്ക് വന്നു ,,,

ഡൈനിങ്ങ് ടേബിളിൽ ഇഡലിയും രസവും,,, ഇതെന്താ ഇഡലിയും രസവും. ഒന്നുകിൽ ഇഡലിയും ചമ്മന്തിയും അല്ലെങ്കിൽ ഇഡ്ഡലിയും സാമ്പാറും,,, ഇതെന്താ ഒരു കോമ്പിനേഷനും ഇല്ലാത്ത ഐറ്റം ഉണ്ടാക്കിവച്ചത് എന്ന് കരുതി ഞാൻ രസത്തിൽ മുക്കി ഇഡ്ഡലി കഴിക്കാൻ തുടങ്ങി,,,

ചായ കൊണ്ട് വന്നപ്പോൾ അവൾ പറഞ്ഞു അവൾ ഉണ്ടാക്കിയതാണെന്ന് എന്തായാലും കൊള്ളാം.രസത്തിന് രസമുണ്ട് ,,, ഞാൻ ആവശ്യത്തിന് ഇഡലി കുത്തിക്കേറ്റി,,, ഇത്രയും കൈ പുണ്യമുള്ള ഭാര്യയാണോ ദൈവമേ പാചകം അറിയില്ലെന്ന് പറഞ്ഞത്,,,

ഇഡ്ഡലി തിന്ന് കഴിഞ്ഞിട്ടും ബാക്കിയുള്ള രസം എടുത്ത് കുടിച്ചു. അപ്പോഴേക്കും അവള് പിന്നെയും വന്നു ,,,,

“ഇഡ്ഡലി വേണോ”

“വേണ്ട ,,, ധാരാളം ആയി ,,,, വയർ ഫുൾ ആയി”

“ഇതെന്താ സാമ്പാർ കുടിക്കുന്നോ ,,,, സാമ്പാർ അത്രയ്ക്കും ഇഷ്ടപ്പെട്ടോ”

വായിലേക്കൊഴിച്ച ചാർ കുടിച്ചിറക്കാൻ ഞാൻ പാടുപെട്ടു,,,, ഇത്രയും നേരം രസമാണെന്നു പറഞ്ഞു ഞാൻ ഇഡലി മുക്കി തിന്നത് സാമ്പാറിൽ ആയിരുന്നുവെന്ന നഗ്നസത്യം ഞാൻ മനസ്സിലാക്കി,,,,

പാത്രം ടേബിളിൽ വച്ച് ഞാൻ അവളോട് പറഞ്ഞു

“ഇനിയും കിട്ടിയാൽ ഇനിയും കുടിക്കും,,,, സാമ്പാർ അടിപൊളി ”

അവൾ അടുക്കളയിലേക്ക് പോയിട്ടുണ്ട് ,,,, എന്നെ കുടിപ്പിക്കാൻ സാമ്പാർ കൊണ്ടുവരാൻ ആണോന്നറിയില്ല…

രചന: Vipin PG

Leave a Reply

Your email address will not be published. Required fields are marked *