സ്വപ്നം വീണ്ടും വിരുന്നു വന്നപ്പോൾ…

രചന: Sreevidhya Aspin

മിഥുവേട്ടാ.. ഇന്ന് വൈകിട്ട്‌ എന്തേലും കാര്യമായ പരിപാടി ഉണ്ടോ? എന്തിനാടീ.. നീ പതിവില്ലാതെ ഇങ്ങനെ തിരക്കുന്നത്‌! ഉണ്ടോ, ഇല്ലെങ്കിൽ പറ, എനിക്ക്‌ ഒരു

അത്യാവശ്യ കാര്യം പറയാനുണ്ട്‌. നീ പറയെടീ.. കേൾക്കട്ടെ, നിന്റെ അത്യാവശ്യം കഴിഞ്ഞേ എനിക്ക്‌ ബാക്കി എന്തും ഉള്ളൂ.. ” വൈകിട്ട്‌ ഒരു അഞ്ച്‌

മണിയാകുമ്പോൾ എന്റെ വീട്ടിൽ വരണം, അച്ചനും അമ്മക്കും ഒന്ന് കണ്ട്‌ സംസാരിക്കണം എന്ന് പറഞ്ഞു”. അത്‌ മുഴുവൻ കേൾക്കാനുള്ള ശക്തി

എനിക്കുണ്ടായിരുന്നില്ല. പാർക്കിലെ ആ തണുത്ത കോൺക്രീറ്റ്‌ ബെഞ്ചിൽ വടി പോലെ ഞാൻ ഇരുന്ന് പോയ്‌.

മിഥുവേട്ടാ.. എന്താ ഒന്നും പറയാത്തത്‌? നീ ഈ പറഞ്ഞത്‌ എന്തുവാണെന്നു വല്ല ബോധവും ഉണ്ടോ പെണ്ണേ നിനക്ക്‌! ആ… ഉണ്ട്‌ അതിനിപ്പൊ എന്താ? എന്താന്നോ, നിന്റെ അച്ചൻ എന്നെ കണ്ടാലുള്ള അവസ്ഥ നീ ഒന്നാലോചിച്ചേ.. ഇതിനാണോ

ഞാൻ ഇത്രയും കാലം പിടികൊടുക്കാതെ പാത്തു നടന്നത്‌. നിന്റെ വീട്ടുകാരെ പേടിച്ച്‌ ഹെൽമെറ്റ്‌ വെച്ച്‌ നടന്ന് എന്റെ തല ഇപ്പൊ കലൂർ മൈതാനം

പോലെയായി. അതൊക്കെ എനിക്കറിയാം, പക്ഷെ മിനിഞ്ഞാന്ന് നമ്മൾ തമ്മിൽ വഴക്കുണ്ടായത്‌ എന്തിനാണെന്ന് മറന്നോ? ചേട്ടനല്ലേ പറഞ്ഞത്‌ പെൺപിള്ളേർക്ക്‌

പ്രേമം എന്നത്‌ ഒരു തമാശയാണു, വീട്ടുകാരോട്‌ അവർ ഈ കാര്യമേ അവതരിപ്പിക്കില്ല, എന്നാൽ ഞങ്ങൾ ആണുങ്ങളോ.. സ്വന്തം വീട്ടിലും, ഒപ്പം

സ്നേഹിക്കുന്ന പെണ്ണിന്റെ വീട്ടിലും കാര്യം അവതരിപ്പിച്ച്‌ കിട്ടുന്നതെല്ലാം കൊട്ടയിൽ വാങ്ങിക്കൂട്ടും എന്ന്. ഞാൻ അങ്ങനെ അല്ല എന്ന് അറിയിക്കാനാ

ഇന്നലെ എന്റെ വീട്ടിൽ ഞാൻ തന്നെ കാര്യങ്ങൾ തുറന്ന് പറഞ്ഞത്‌.

എന്നാലും എന്നോട്‌ നീ ഇത്‌ ചെയ്തല്ലോടീ, ഒരു മുന്നറിയിപ്പ്‌ പോലും തരാതെ എന്ന് ഒരു ആത്മഗതം പറഞ്ഞ്‌ അവളുടെ മുഖത്ത്‌ ശെരിക്ക്‌ നോക്കിയപ്പോഴാണു

കാര്യങ്ങൾ നന്നായി തെളിഞ്ഞ്‌ മനസിലായത്‌. അവളുടെ ഇടത്തേ കണ്ണിനു നല്ല നിറ വ്യത്യാസം പോരാത്തതിനു കവിളും നീരു വെച്ച പോലെയുണ്ട്‌. അവളുടെ

മുഖത്ത്‌ തൊടാൻ പോയപ്പോഴല്ലേ അവൾ മാറിക്കളഞ്ഞത്‌. പാവം അടി കിട്ടിയെന്നു തോന്നുന്നു. നല്ലോണം വേദനിച്ചു കാണും. കണ്ടിട്ട്‌ സഹിക്കാൻ

പറ്റിയില്ല. ഞാൻ മെല്ലെ അവളുടെ കൈകൾ പിടിച്ച്‌ ഒന്ന് തലോടിക്കൊണ്ട്‌ പറഞ്ഞു ” ഞാൻ വരാം”. കാര്യം അറിഞ്ഞതും കൂട്ടുകാരൊക്കെ ചോദിച്ചു കൂടെ

വരണോ എന്ന്, പക്ഷെ അത്‌ ശെരിയല്ലല്ലോ.. അവൾ ഒറ്റക്ക്‌ നേരിട്ടത്‌ ഞാനും ഒറ്റക്ക്‌ നേരിടുന്നതല്ലേ അതിന്റെ ശെരി. സമയം കൃത്യം അഞ്ചാകാറായി, ഞാൻ വണ്ടി

മെല്ലെ ഗെയിറ്റിനരികിൽ നിർത്തിയിട്ട്‌ അവളുടെ വീടിന്റെ മുറ്റത്തേക്ക്‌ ചെന്നു, എന്നെ കണ്ടതും ഭാവി അളിയൻ ഒരു വല്ലാത്ത നോട്ടം നോക്കി, കയറി ഇരിക്കാൻ പറഞ്ഞിട്ട്‌ അകത്തേക്ക്‌ പോയി.

ഞാൻ മെല്ലെ അവിടെ ഇരുന്ന് വീടിന്റെ അകമാകെ ഒന്ന് ഓടിച്ച്‌ നോക്കി, എങ്ങും എന്റെ ശ്രീക്കുട്ടിയുടെ ഫോട്ടോ കാണാം. കുഞ്ഞിലെ നൂലു കെട്ടിനു എടുത്തത്‌

മുതൽ ഈ കഴിഞ്ഞിടെ വരെ ഉള്ളവ. ഒറ്റ മകളല്ലേ.. അവൾ എല്ലാവർക്കും പുന്നാരയാ, തലേൽ വെച്ചോണ്ട്‌ നടന്നവരാ ഇന്നലെ ഈ കാര്യം അറിഞ്ഞപ്പോൾ

അവളെ തല്ലിയത്‌. അതിനു കാരണം ഞാനാണല്ലോ എന്നോർത്തപ്പോൾ സങ്കടം വന്നു. ഒരു പത്ത്‌ പതിനഞ്ച്‌ മിനിട്ടായതും അവളുടെ അച്ചനും അനിയനും വന്നു.

ഒരു ബഹുമാനത്തിൽ എണീക്കാൻ പോയ എന്നെ ഇരിക്കാൻ പറഞ്ഞിട്ട്‌ അച്ചൻ

എതിരേ ഇരുന്നു, ഭാവി അളിയൻ മാറി ചുമരും ചാരി ഒരു നിപ്പ്‌ നിന്നു, അമ്മ അടുക്കള വാതിലിലൂടെ നോക്കി നിപ്പുണ്ട്‌. ശ്രീയെ മാത്രം എങ്ങും കാണണില്ല.

ഞാൻ ഓടിച്ചൊന്ന് നോക്കിയെങ്കിലും കണ്ടില്ല. പാവം പേടിച്ച്‌, ആധിപിടിച്ച്‌ മുറിക്കകത്ത്‌ ഇരിപ്പുണ്ടാവും. എന്നെ അടി മുടി നോക്കുകയല്ലാതെ ആരും ഒന്നും

മിണ്ടുന്നില്ല. എന്നാൽ പിന്നെ ഞാൻ തന്നെ തുടങ്ങാം എന്നു കരുതി ധൈര്യക്കഷായം കുടിച്ച പോലെ ഒരു ദീർഗ്ഘശ്വാസം വലിച്ചിട്ടങ്ങ്‌ തുടങ്ങി.

” ഞാൻ ചെയ്തത്‌ ന്യായീകരിക്കാൻ വന്നതല്ല, ഏതൊരു മാതാ പിതാക്കൾക്കും അവരുടെ മകളെ കുറിച്ച്‌ ഒരുപാട്‌ സ്വപ്നങ്ങൾ ഉണ്ടാകും. അവൾ പിറന്നത്‌ തൊട്ട്‌ വിദ്യാഭ്യാസം, ജോലി, ജീവിത പങ്കാളി, കുടുംബ ജീവിതം എന്നു വേണ്ട, കുഞ്ഞു കുഞ്ഞു കാര്യങ്ങളെ കുറിച്ച്‌ പോലും ശരിയായ ഒരു ധാരണ ഉണ്ടാകും. അതനുസരിച്ച്‌ നിങ്ങൾ അവൾക്ക്‌ വേണ്ടി കണ്ടെത്തുന്ന പയ്യനോളം ഞാൻ എത്തില്ല എന്ന് എനിക്കറിയാം, പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പിച്ച്‌ പറയാം,

അവൾക്ക്‌ വേണ്ടി നിങ്ങൾ കണ്ടെത്തുന്നവനെക്കാളും നന്നായിട്ട്‌ ഞാൻ അവളെ നോക്കും. കാരണം എനിക്ക്‌ അവളെ കഴിഞ്ഞ നാലു വർഷങ്ങളായിട്ടറിയാം,

നിങ്ങളെ പോലെ തന്നെ അവളുടെ ആഗ്രഹങ്ങളും, ഇണക്കങ്ങളും, പിണക്കങ്ങളും എല്ലാം എനിക്കറിയാം. അത്‌ അവളെ കൂടുതൽ നന്നായി മനസിലാക്കാനും സ്നേഹിക്കാനും എനിക്ക്‌ പ്രചോദനമേകി.

എന്നിരുന്നാലും ജീവനു തുല്യം നോക്കി വളർത്തിയ മകളെ വെറുമൊരു ചായ കുടിയുടെ ബന്ധത്തിൽ തുടങ്ങുന്ന ഒരു അപരിചിതനു കൊടുക്കുന്നതിലും

ധൈര്യമായിട്ട്‌ നിങ്ങളുടെ കണ്മുൻപിൽ കിടന്ന് വളർന്ന എനിക്ക്‌ തന്നൂടേ.. ഞാൻ നോക്കിക്കോള്ളാം ഒരു കുറവും വരുത്താതെ. അവൾ ആഗ്രഹിച്ചതെല്ലാം സാധിച്ച്

‌ കൊടുത്ത അച്ചൻ ഇത്‌ വേണ്ടെന്ന് വെച്ചാൽ ഞങ്ങൾ എതിർക്കില്ല, ഞാൻ അവളെ വിളിച്ചിറക്കി കൊണ്ടു പോകുകയും ഇല്ല. പക്ഷെ മറ്റൊരാൾക്കവൾ കഴുത്ത്‌ നീട്ടുമോ എന്ന് എനിക്കറിയില്ല!

അഥവാ അങ്ങനെ സംഭവിച്ചാലും അവളുടെ മനസിൽ ഞാൻ മാത്രമേ കാണൂ. ഞാനും വേറൊരുത്തിയെ ഇനി സ്വീകരിക്കില്ല. ജീവിക്കാൻ ഒരു തുണയായി

ഞങ്ങൾ ഞങ്ങളെ കണ്ടെത്തി, അതു നടന്നില്ലെങ്കിൽ പിന്നെ മറ്റൊന്നില്ല. ബന്ധങ്ങൾക്ക്‌ പകരം വെക്കാനായ്‌ എത്ര തന്നെ ശ്രമിച്ചാലും അതേപോലെ മറ്റൊന്ന് കിട്ടില്ല!

പിന്നെ ഇന്നെനിക്ക്‌ വല്യ ശമ്പളം കിട്ടുന്ന ജോലിയൊന്നും ഇല്ല, പക്ഷെ നല്ല വിദ്യാഭ്യാസം ഉണ്ട്‌, അധ്വാനിക്കാനുള്ള ചങ്കൂറ്റമുണ്ട്‌. എന്റെ വീട്ടുകാരെ കുറിച്ചും നിങ്ങൾക്ക്‌ ഞാൻ പറയാതെ തന്നെ അറിയാം. ഇനി ബാക്കിയൊക്കെ നിങ്ങൾ

തീരുമാനിക്കും പോലെ. ചാടിക്കേറി ഇത്രയും പറഞ്ഞതിൽ ഒന്നും തോന്നരുത്‌, എപ്പോഴാണേലും എനിക്കിത്‌ മാത്രമേ പറയാനുള്ളൂ, അത്‌ നിങ്ങൾ ചോദിച്ചിട്ട്‌

ഞാൻ മറുപടി തരുന്നതിലും നല്ലത്‌ ഞാൻ തന്നെ ആദ്യം പറയുന്നതാണെന്ന് തോന്നി”.

ഇത്രയും പറഞ്ഞ്‌ നിർത്തിയിട്ടും അവിടെ അവരുടെ മുഖ ഭാവങ്ങൾക്ക്‌ മാറ്റം ഒന്നും കണ്ടില്ല. എന്റെ തൊണ്ട വരണ്ടത്‌ മിച്ചം. നിരാശ തോന്നിയെങ്കിലും പുറത്ത്‌

കാട്ടാതെ ഞാൻ പോകാനായ്‌ ഇറങ്ങി. വരാന്തയിൽ എത്തിയതും ശ്രീയുടെ അച്ചൻ പറഞ്ഞു ‘ പുരുഷോത്തമൻ സാറിനു എപ്പൊഴാ സൗകര്യം എന്ന് ഒന്ന് തിരക്കി

പറയണം, ഒന്ന് കണ്ട്‌ സംസാരിക്കാനാണു’. ഹൊ അതു കേട്ടതും എനിക്ക്‌ സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു കണ്ണു നിറഞ്ഞു പോയ്‌. പിന്നെ മിന്നലു

പോലെ വീട്ടിലെത്തി ഇതുവരെ നടന്ന കാര്യങ്ങളും, ശ്രീയുടെ അച്ചൻ കാണണം എന്ന് പറഞ്ഞ കാര്യവും വരെ എന്റെ പിതാശ്രീ പുരുഷോത്തമൻ സാറിനെ

പറഞ്ഞു കേൾപ്പിച്ചു. എന്തോ ഇടി വെട്ടിയ പോലെയാ അച്ചൻ ഇരുന്നത്‌, നീ എങ്ങനാടാ മകനേ… ഇത്രയും ഒപ്പിച്ചത്‌ എന്ന മട്ടിൽ.

പിന്നീട്‌ അങ്ങോട്ട്‌ നടന്നതെല്ലാം ഒരു മഴക്കാറു പെയ്തൊഴിഞ്ഞത്‌ പോലെയായിരുന്നു. കണ്ണു പൂട്ടി തുറക്കും മുന്നെ തമ്മിൽ സംസാരിച്ച്‌ ഉറപ്പിച്ച്‌ ദാ..കെട്ട്‌ ഇങ്ങെത്തി. ഹൊ എന്നാലും എന്നെ സമ്മതിക്കണം എല്ലാം പെട്ടെന്ന്

നടന്നു. അതാ… ഞാൻ ശ്രീയുടെ കഴുത്തിൽ താലിച്ചരട്‌ കെട്ടുന്നു, അവളുടെ മുഖത്ത്‌ നാണത്തിനു പകരം എന്തൊരു ചിരിയാ… നാണമില്ലാത്തവൾ.

ഞാനാണേൽ അടി മുടി വിറക്കുന്നുണ്ട്‌, പൂക്കുല വിറക്കുന്നത്‌ പോലെ. താലി കെട്ടി മാലയുടെ കൊളുത്ത്‌ ഇടുന്നതു പോലും എന്തോ ഭാരധ്വഹനമായി തോന്നി എനിക്ക്‌ !

പെട്ടെന്നാണു ഒരു അലർച്ച കേട്ടത്‌ മിഥുവേട്ടാ…മിഥുവേട്ടാ… എഴുന്നേൽക്കാനുള്ള തീരുമാനം ഇല്ലേ… സമയം എത്രയായെന്നറിയാമോ… ഇന്ന് ജോലിക്കൊന്നും

പോകുന്നില്ലേ… ? ഞാൻ കണ്ണു തുറന്നു നോക്കിയപ്പോഴാ… കണ്ടത്‌ സ്വപ്നമാണെന്ന് മനസിലായത്‌. എന്നാലും ആ രംഗം. ഇത്ര കൃത്യമായി ഒരു ബയോസ്കോപ്പ്‌ കണ്ടത്

‌ പോലെ തോന്നി എനിക്ക്‌. എന്റെ അരണ്ട മുഖം കണ്ടപ്പോഴാ അവളു ചോദിച്ചത്‌.. എന്തുപറ്റി, എന്താ ഇങ്ങനെ വിളറി വേർത്തിരിക്കുന്നത്‌, വല്ല സ്വപ്നവും കണ്ടോ?

എന്ന്. അതേടീ… ഒരു വല്ലാത്ത സ്വപ്നം കണ്ടു..പകച്ചു പോയ്‌. ഹൊ എന്നാലും എനിക്കിങ്ങനെ ഒരു പറ്റ്‌ പറ്റിയല്ലോ.. ദൈവമേ…വീണ്ടും വീണ്ടും അത്‌

ഓർമ്മിപ്പിച്ച്‌ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്‌. എന്താ ചേട്ടാ ഇത്രക്ക്‌ വല്യ പേടി സ്വപ്നം എന്ന് അവളു ചോദിച്ചതും മുഖം കടുപ്പിച്ച്‌ പിടിച്ച്‌ ഞാൻ

പറഞ്ഞു ” നമ്മുടെ കല്യാണം! നിന്റെ അച്ചനെ കണ്ടത്‌ മുതൽ താലി കെട്ട്‌ വരെ കണ്ടെടീ, ഹൊ ഒരു വല്ലാത്ത അവസ്ഥ”!

ഇത്രയും പറഞ്ഞു ഞാനും അവളും കൂടി പൊട്ടിച്ചിരിച്ചു. ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾക്കും, കുസൃതിക്കും ഇടയിൽ ആ സ്വപ്നം വീണ്ടും ഒന്നു വിരുന്ന് വന്നു… ഞങ്ങളുമായ്‌ കഴിഞ്ഞ കാലത്തിന്റെ മധുരിക്കും ഓർമ്മകൾ പങ്കിടാൻ…

രചന: Sreevidhya Aspin

Leave a Reply

Your email address will not be published. Required fields are marked *