സാൾട്ട് മാംഗോ ട്രീ

രചന: സന്തോഷ് അപ്പുക്കുട്ടൻ

“അവൾ ഒന്നുമില്ലാത്തിടത്തു നിന്ന് വന്നതാണെന്ന് ആരാ പറഞ്ഞത്?

ക്രൂദ്ധനായ ഹരിയുടെ ശബ്ദം കേട്ട് ഹിമയെ പൊതിഞ്ഞു നിന്നിരുന്നവർ പിന്നോട്ട് മാറി.

“അവൾ ഈ വീടിന്റെ അധിപയാണ് ഇന്ന് – ചുരുക്കി പറഞ്ഞാൽ നിങ്ങളെയൊക്കെ ഗെറ്റൗട്ട് അടിക്കാൻ അധികാരമവൾക്കിപ്പോഴുണ്ടെന്ന് മറക്കരുത്!”

ഹരി വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു –

ആ ഭാവമാറ്റം ഹിമയെ ഭയപ്പെടുത്തി –

ഹിമ -പതിയെ ഒന്നും വേണ്ടയെന്ന അർത്ഥത്തിൽ ഹരിയുടെ കൈപിടിച്ചു ഞെക്കി.

“ഹരീ നീ വല്ലാതെ അതിരു കടക്കുന്നു?”

വല്ല്യച്ഛൻ ശങ്കരൻ അമർഷത്തോടെ അവനെ നോക്കി –

“ആരാ അതിരു കടന്നത്?”

വല്ല്യച്ഛനെ നോക്കി അവൻ ഒന്നു പരിഹാസത്തോടെ ചിരിച്ചു.

“അവളെ താലിയണിയിച്ച് കൊണ്ടുവന്ന നിമിഷം മുതൽ ഞാൻ കേൾക്കുന്നതാണ് നിങ്ങളുടെ മുറുമുറുപ്പുകൾ ”

അവൻ ഹിമയ്ക്ക് ചുറ്റും നിൽക്കുന്നവരെ പകയോടെ നോക്കി.

“അവൾക്ക് നിറമില്ല, ഭംഗിയില്ല, ഉയരക്കുറവ്, സ്വർണ്ണമില്ല, തറവാട്ട് മഹിമയില്ല എന്നൊക്കെ ഒരായിരം പരാതികൾ നിങ്ങൾ കെട്ടഴിക്കുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു ”

ഹരി ചുറ്റുമുള്ളവരെ പരിഹാസത്തോടെ നോക്കി.

“ഞാനല്ലേ ഹിമയെ വിവാഹം ചെയ്തത്. എനിക്ക് ഇല്ലാത്ത പരാതി നിങ്ങൾക്കെന്തിനാ?”

ചുറ്റുമുള്ളവരുടെ മുഖത്തെ രക്തം വാർന്നു.

ആൾക്കൂട്ടത്തിൽ അപമാനിതരായ അവർ തലകുനിച്ചു നിന്നു.

“ഹരീ – ഒരു പെണ്ണിന് വേണ്ടിയാണ് നീ ഞങ്ങളെ അപമാനിക്കുന്നതെന്നോർക്കണം:

ഇളയച്ഛൻ ശേഖരൻ പല്ലമറിക്കൊണ്ട് ഹരിക്കു നേരെ വിരൽ ചൂണ്ടി.

“വെറും ഒരു പെണ്ണല്ല ഇളയച്ഛാ !

ഞാൻ താലികെട്ടിയ പെണ്ണ്’.

അവളെ നിങ്ങളിങ്ങനെ വട്ടം കൂടി നിന്ന് ചർച്ചയാക്കുമ്പോൾ എനിക്ക് ദെണ്ണമുണ്ടാകും –

എന്നെ വിശ്വസിച്ച് എന്റെ കൈയ്യും പിടിച്ച് ഇറങ്ങി വന്നവളാ അവൾ!”

വലിയച്ചൻ ശങ്കരൻ നാവിറങ്ങിയതു പോലെ നിന്നു പോയി:

ഇന്നലെ വരെ ഈ വീട്ടിൽ അധികാരികളെ പോലെ ഭരിച്ചവരെ ഒരു നിമിഷം കൊണ്ട് ഒന്നുമല്ലാതാക്കി തീർത്തു ഹരി –

“വാ പോകാന്ന് – അനിയന്റെ മോൻ ആൾക്കൂട്ടത്തിൽ വെച്ച് അപമാനിച്ചപ്പോൾ സമാധാനമായില്ലേ?”

ശാരദ, ശങ്കരന്റെ കൈപ്പിടിച്ചു വലിച്ചു.

“ശാരദ വല്ല്യമ്മയ്ക്ക് വിഷമമായോ?”

ഹരി ശാരദയുടെ അടുത്തേക്ക് ചെന്ന് ആ കണ്ണുകളിലേക്ക് പരിഹാസത്തോടെ നോക്കി.

“നിങ്ങൾ ഇത്രയും പേർ ഉള്ളപ്പോൾ ഞാൻ ഇത്ര പറഞ്ഞപ്പോൾ നിങ്ങളുടെ അഭിമാനം പമ്പകടന്നെങ്കിൽ

നിങ്ങൾ ഇത്രയും പേർ. ഇത്രയും സമയം ഇവളെ ഒറ്റയ്ക്ക് വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ, ഇവളെത്ര മാത്രം അപമാനം സഹിച്ചിട്ടുണ്ടെന്ന് നിങ്ങൾ ഓർത്തോ?

ശാരദ തല കുമ്പിട്ടു നിന്നു –

“വന്നു കയറുന്ന വീട്ടിൽ സന്തോഷത്തോടെ സ്വീകരിക്കാൻ അച്ഛനും അമ്മയും ഇല്ലല്ലോ എന്ന സങ്കടത്തിൽ നിന്നിരുന്ന ഹിമയെ ഒന്നു ആശ്വസിപ്പിക്കാൻ പോലും നിങ്ങൾക്ക് തോന്നിയില്ലല്ലോ?

ഹരിയുടെ കണ്ണിൽ നീർനിറഞ്ഞപ്പോൾ ഹിമയുടെ കരൾ പിടഞ്ഞു.

“അവർ സ്നേഹം കൊണ്ടു പറയുന്നതല്ലേ ഹരിയേട്ടാ – ദാ ഫോട്ടോയെടുക്കാൻ വിളിക്കുന്നു”

ഹിമ -ഹരിയുടെ കൈപിടിച്ചു വലിച്ചു.

“ഞങ്ങൾ പോണു – ഈ ധിക്കാരം കേട്ട് ഞങ്ങൾക്കിവിടെ നിൽക്കാൻ കഴിയില്ല ”

ശങ്കരൻ, തോളിലെ തോർത്തെടുത്ത് അമർഷത്തോടെ ഒന്നു വീശി.

“ഞാൻ പറഞ്ഞത് ധിക്കാരമാണെങ്കിൽ, ആ _ധിക്കാരം എന്നും എന്നിലുണ്ടാവും”

ഹരിയുടെ വാക്കു കേട്ട അവർ കണ്ണു മിഴിച്ച് പരസ്പരം നോക്കി.

“കാരണം ഞാൻ താലികെട്ടി കൊണ്ടുവന്ന പെണ്ണിനെ മറ്റുള്ളവർ അപമാനിക്കുന്നത് എനിക്ക് സഹിക്കില്ല.-

കണ്ടു നിൽക്കാൻ എന്നെ കൊണ്ടാവില്ല!”

അതും പറഞ്ഞ് കൊണ്ട് ഫോട്ടോഗ്രാഫർക്ക് നേരെ ഹിമയുമായി ഹരി നടക്കുമ്പോഴാണ്, പിന്നിൽ നിന്ന് ആ സംസാരം കേട്ടത് ”

“അച്ഛനും അമ്മയും ഒരു മുഴം കയറിൽ അവസാനിച്ചപ്പോൾ ഞങ്ങളേ ഉണ്ടായിരുന്നുള്ളു നിന്നെ നോക്കാൻ –

ഇത്രയും വളർത്തി വലുതാക്കി വല്ല്യ ആളാക്കിയപ്പോൾ,

എവിടെ നിന്നോ വന്നപെണ്ണിനു വേണ്ടി ഞങ്ങളെ പുറംതള്ളുന്ന നീ അനുഭവിക്കും ഹരീ”

ഹരിയുടെ കണ്ണുചുവന്നു.

ഹിമ മുറുകെ പിടിച്ചിരുന്ന തന്റെ കൈവലിച്ചെടുത്ത് ഹരി. ശങ്കരനു നേർക്ക് കുതിച്ചു.

“നോക്കിയതിന്റെ കണക്കൊന്നും വല്ല്യച്ഛൻ പറയണ്ട.

എങ്ങിനെ നോക്കിയതാണെന്ന് നാട്ടുകാർക്കറിയാം.”

ശങ്കരൻ, ഹരിയുടെ മുഖത്തേക്ക് നോക്കാതെ കുനിഞ്ഞു നിന്നു.

“സ്വന്തം മക്കൾ കിടന്നുറങ്ങുമ്പോൾ, എന്നെ വിളിച്ചുണർത്തി വീട്ടുജോലികൾ ഓരോന്നായി ചെയ്യിപ്പിക്കും –

“പുല്ല് ചെത്തുക, പശുവിനെ കുളിപ്പിക്കുക എന്ന് തുടങ്ങി പാത്രം വരെ കഴുകുന്ന ജോലി വരെ എന്നോടു ചെയ്യിച്ചിട്ടുണ്ട് – ”

ഹരിയുടെ കണ്ണിൽ നീർനിറഞ്ഞു തുടങ്ങി.

“നിങ്ങളുടെയൊക്കെ മക്കൾ സുഭിക്ഷമായി ഭക്ഷണം കഴിച്ച് സ്ക്കൂളിൽ പോകുമ്പോൾ, ഒന്നും കഴിക്കാതെ ഞാൻ പലപ്പോഴും സ്ക്കൂളിൽ പോയിട്ടുണ്ട് – പലവട്ടം ഞാൻ ക്ലാസ്സിൽ തളർന്ന് വീണിട്ടുണ്ട്. ”

“ഹരിയേട്ടൻ ഇങ്ങോട്ടേക്ക് വന്നേ- ആൾക്കാരൊക്കെ നോക്കി നിൽക്കുന്നു.”

ഹിമ -ഹരിയെ പിടിച്ചു വലിച്ചു.

“ഒരഞ്ച് മിനിറ്റ് ഹിമാ_

ഞാൻ ഇതൊന്നും പറയാതെ ഉള്ളിൽ പിടിച്ചു നടന്നതാ!

‘പക്ഷേ ഇവർ ഇതിപ്പോൾ എന്നെക്കൊണ്ട് പറയിപ്പിച്ചതാ: ”

ഹിമയുടെ കൈവിടുവിച്ചുക്കൊണ്ട് ഹരി -ശങ്കരനെ നോക്കി –

“അന്ന് സ്ക്കൂളിൽ ചെല്ലുന്ന എനിക്ക്, വയറ് വല്ലാതെ വിശക്കുമ്പോൾ ഞാൻ ഉപ്പ്മാവ് പുരയിലേക്കോടും –

മുഷിഞ്ഞ മുണ്ടിന്റെ കോന്തലയിൽ നിന്ന് കുറച്ച് നാണയത്തുട്ടുകളെടുത്ത് തന്നിട്ട് “വേഗം പോയി ചായയും, പലഹാരവും കഴിക്ക് ന്റെ മോൻ എന്നു പറയുന്ന ഒരു മെല്ലിച്ച സ്ത്രീ ഉണ്ടായിരുന്നു ആ ഉപ്പ്മാവ് പുരയിൽ,

സ്ക്കൂളിലേക്ക് നേരം വൈകിയെത്തുന്ന ഞാൻ ക്ലാസ്സിലേക്കല്ല പോകുന്നത് ഉപ്പ്മാവ്പുരയിൽ വെള്ളം കോരാനും, വിറക് കീറാനുമായിരുന്നു.

പഠിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്ന എനിക്ക് തടസ്സമായിരുന്നത് കത്തിക്കാളുന്ന വിശപ്പ് തന്നെയായിരുന്നു,

ക്ലാസ്സിൽ തളർന്നിരുന്ന എന്റെ മനസ്സിലേക്ക് എങ്ങിനെ അക്ഷരങ്ങൾ വന്നു ചേരും?

ഹരി പതിയെ വല്യച്ഛനെ നോക്കി വിഷമത്തോടെ ചിരിച്ചു.

“ഒന്നും പറയണമെന്നുണ്ടായിരുന്നില്ല വല്ല്യച്ചാ! നിങ്ങൾ കുത്തികുത്തി ഇതൊക്കെ എന്നെക്കൊണ്ട് പറയിപ്പിച്ചതല്ലേ?

ശങ്കരൻ തലയും കുമ്പിട്ടു നിന്നു മറുത്തൊന്നും പറയാൻ കഴിയാതെ നിൽക്കുകയായിരുന്നു.

ഹരി കണ്ണുംതുടച്ച് ചുറ്റുമുള്ളവരെ നോക്കി.

പിന്നെ ഹിമയെ തന്റെ അരികിലേക്ക് ചേർത്ത് നിർത്തി.

“നിങ്ങൾ പറഞ്ഞeല്ലാ ഇവൾ എവിടെ നിന്നോ വന്നവളാണെന്ന്?

ഇവൾ എവിടെ നിന്നോ വന്നവളല്ല!

എന്നെ സ്വന്തം മകനെ പോലെ സ്നേഹിച്ച, എന്റെ വിശപ്പകറ്റി എന്റെ പ്രാണനെ പിടിച്ചു നിർത്തിയ ആ ഉപ്പ്മാവ് പുരയിലുണ്ടായിരുന്ന സ്ത്രീയുടെ മകളാണിവൾ!

നിങ്ങൾ എത്ര പറഞ്ഞാലും, അതിനെതിരെ ഞാൻ ഇവളെ കൂടുതൽ കൂടുതൽ നെഞ്ചോട് ചേർത്തുനിർത്തുകയുള്ളൂ:

അതും പറഞ്ഞ് ഹിമയുടെ കൈയും പിടിച്ച് ഹരി അടുത്ത ഷൂട്ടിങ്ങിനായി വീഡിയോഗ്രാഫർമാരുടെ അടുത്തേക്ക് നടന്നു.

രാത്രി!

ഹരിയുടെ നെഞ്ചോരം ചാരി കിടന്നിരുന്ന ഹിമ ആ -കാതിൽ പതിയെ തൊട്ടു.

“ഇത്രയ്ക്കും വേണ്ടായിരുന്നു ഹരിയേട്ടാ!

ഞാൻ വന്നാൽ അവരുടെ അധികാരം പോകുമെന്ന ഭയത്താലാണ് അവർ അങ്ങിനെയൊക്കെ പറഞ്ഞത്!

അവർ പഴയ ആൾക്കാരല്ലേ ക്ഷമിച്ചു കൂടെ അവരോട്?

ഹരി വെറുതെ ഒന്നു മൂളി.

“പോയോ അവർ ”

കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഹരിയത് ചോദിക്കുമ്പോൾ വിതുമ്പുന്നുണ്ടായിരുന്നു.

” ഇല്ല – ഞാൻ കുറെ പറഞ്ഞിട്ട് ഇവിടെ നിർത്തിയിട്ടുണ്ട് – ഇനി ഹരിയേട്ടൻ അവരോട് വഴക്കിനൊന്നും പോകരുത്;

ഹരി പുഞ്ചിരിയോടെ ഹിമയെ -നെഞ്ചിലമർത്തി ചുംബിച്ചു.

“അമ്മയോടുള്ള കടപ്പാടുക്കൊണ്ടു മാത്രമാണോ എന്നെ വിവാഹം കഴിച്ചത്? അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ലല്ലേ?

ഒരു പിണക്കത്തോടെ ഹിമ, ഹരിയുടെ നെഞ്ചിൽ പതിയെ ഇടിച്ചു

“രണ്ടും ഉണ്ട് ഹിമാ- ഉപ്പുമാവ് പുരയിൽ എന്റെ അദ്ധ്വാനം കണ്ട് സംതൃപ്തയായ നിന്റെ അമ്മ ഒരിക്കൽ പറത്തു.

“എന്റെ മകൾ നിനക്കുള്ള താണെന്ന് ”

കളിയായിട്ടോ, കാര്യമായിട്ടോ പറഞ്ഞതെന്നറിയില്ല.

പക്ഷെ അന്നു മുതൽ നീയറിയാതെ നിന്നെ പ്രണയിച്ചു തുടങ്ങിയതാണ് ഞാൻ!

ഇനിയും നിന്നോടുള്ള പ്രണയം എന്റെ മരണം വരെയുണ്ടാവും –

പറഞ്ഞു തീരും മുൻപെ ഒരു പൊട്ടിക്കരച്ചിലോടെ ഹരിയുടെ ചുണ്ടുകൾ തന്റെ ചുണ്ടുകൾ കൊണ്ട് ബന്ധിച്ചു ഹിമ!

രചന: സന്തോഷ് അപ്പുക്കുട്ടൻ

1 thought on “സാൾട്ട് മാംഗോ ട്രീ

Leave a Reply

Your email address will not be published. Required fields are marked *