ഗൗരീപരിണയം….ഭാഗം…39

മുപ്പത്തിഎട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 38

ഭാഗം…39

പോലീസ് വീരഭദ്രനെ വിലങ്ങു വച്ച് കൊണ്ടു പോകുന്നത് കണ്ടതും ഗൗരി ബോധരഹിതനായി നിലം പതിച്ചു…….

വിവരമറിഞ്ഞ് വിപിയും വിഷ്ണുവും അപ്പോൾ തന്നെ നാട്ടിലേക്ക് തിരിച്ചു…….മഹേന്ദ്രൻ പോലീസ് സ്റ്റേഷനിൽ വക്കീലുമായി പോയെങ്കിലും വീരഭദ്രന് ജാമ്യം കിട്ടിയില്ല……

“കണ്ണാ…..”

ഇരുമ്പഴിക്കുള്ളിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായിരിക്കുന്ന വീരഭദ്രനെ കണ്ട് വിപിന് വേദന തോന്നി…. വിപിയെ കണ്ട് വീരഭദ്രൻ വെപ്രാളത്തിൽ എഴുന്നേറ്റ് അഴികളിൽ പിടിച്ച് ചേർന്നു നിന്നു…..

“വിപീ…..എന്റെ ദേവീ……അവള് വെറുത്തോ എന്നെ……എന്തും ഞാൻ സഹിക്കാൻ തയ്യാറാണ് പക്ഷെ അവളുടെ വെറുപ്പ്…..അത് മാത്രം താങ്ങാൻ എനിക്ക് കഴിയില്ല…..”

വിപി മറുപടിയൊന്നും പറയാതെ തല കുനിച്ചു……..

“നീയെന്താ ഒന്നും മിണ്ടാത്തെ വിപീ…….നിനക്കും എന്നെ വിശ്വാസമില്ലേ…… ഞാൻ ആൽബിയെ കൊല്ലുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…..”

വിപി ഞെട്ടലോടെ മുഖമുയർത്തി അവനെ നോക്കി….

“ഒരിക്കലും നിന്നെ ഞാൻ അവിശ്വസിക്കില്ല കണ്ണാ…….. എനിക്കറിയാം നീ തെറ്റൊന്നും ചെയ്യില്ലെന്ന്…… പക്ഷേ തെളിവുകൾ നിനക്ക് എതിരാണല്ലോ കണ്ണാ……ആൽബിയെ നീ വിളിച്ചു സംസാരിച്ചതും നിങ്ങള് തമ്മിൽ കണ്ടതിനും വഴക്കിട്ടതിനും സാക്ഷികളുണ്ട്……”

വീരഭദ്രൻ തകർന്നു പോയവനെപ്പോലെ നിലത്തേക്കിരുന്നു….അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

“വീരഭദ്രൻ…..”

ഒരു സ്ത്രീ ശബ്ദം കേട്ട് വിപിയും വീരഭദ്രനും തിരിഞ്ഞു നോക്കി……ഐശ്വര്യം തുളുമ്പുന്ന ഒരു യുവതിയെ കണ്ട് അവർ മനസ്സിലാകാതെ മുഖം ചുളിച്ചു….. എന്നാൽ യുവതിയുടെ പുറകേ കയറി വന്ന മനുവിനെ കണ്ട് വീരഭദ്രന്റെ മുഖം വിടർന്നു……വെപ്രാളത്തിൽ എഴുന്നേറ്റ് മനുവിന്റെ മുഖത്തേക്ക് അവൻ പ്രതീക്ഷയോടെ നോക്കി…….

“കണ്ണാ…..എന്താ പറ്റിയത്……നീയെന്താ ചെയ്തത്…… കേട്ടിട്ട് വെപ്രാളം പിടിച്ച് ഓടി വന്നതാ ഞാൻ……..”

അവൻ പരിഭ്രമത്തോടെ അഴികളിൽ പിടിച്ചിരുന്ന വീരഭദ്രന്റെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു……

“എനിക്കറിയില്ല……..ആൽബിയ്ക്ക് എന്തുപറ്റിയെന്ന് എനിക്ക് മനസ്സിലാവുന്നില്ല…..”

“മ്…..നീ വിഷമിക്കാതെ…. ഇത് ദർശന….. ഞാൻ പറഞ്ഞിട്ടില്ലേ ആദിയേട്ടന്റെ വൈഫ്…..ഞാൻ കാര്യം പറഞ്ഞപ്പോൾ തന്നെ ദെച്ചുചേച്ചി തന്നെ കണ്ട് സംസാരിക്കണമെന്ന് പറഞ്ഞു…..പിന്നെ ഇവിടുള്ള പോലീസുകാരൊക്കെ നമുക്കു വേണ്ടപ്പെട്ടവരാ…..ബാക്കി കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം…..”

മനു പറഞ്ഞത് കേട്ട് വീരഭദ്രൻ ഒന്നാശ്വസിച്ചു..

“വീരഭദ്രൻ……വിശദമായി പറയൂ….അന്ന് നിങ്ങൾ നേരിട്ട് കണ്ടപ്പോൾ എന്താ സംഭവിച്ചത്…..”

ദർശനയുടെ ചോദ്യം കേട്ട് വീരഭദ്രൻ അന്ന് നടന്ന സംഭവങ്ങൾ ഓർത്തെടുത്തു……

വീരഭദ്രൻ അവർ സ്ഥിരമായി ഇരിക്കാറുള്ള പുഴകടവിൽ ആൽബിയേയും കാത്തിരുന്നു..

“നീ വന്നിട്ട് ഒരുപാട് നേരമായോ കണ്ണാ…..”

ആൽബിയുടെ ശബ്ദം കേട്ട് വീരഭദ്രൻ തിരിഞ്ഞ് നോക്കി…. തന്റെ നേരെ പുഞ്ചിരിയോടെ വരുന്ന ആൽബിയെ കണ്ട് അവന് ആശ്വാസം തോന്നി……..

“ഇല്ല….കുറച്ച് നേരമേ ആയുള്ളു…..”

ആൽബി അവനടുത്തായി മണൽത്തിട്ടയിലേക്കിരുന്നു…….ഒന്നും സംസാരിക്കാൻ കിട്ടാതെ രണ്ടുപേരും കുറച്ചു സമയം മൗനമായിരുന്നു……

“ആൽബീ…….നിന്റെ പപ്പയെ വിശ്വസിച്ചാണ് ഇത്രയും കോടിയുടെ ബിസിനസ് പപ്പയുടെ പേരിൽ തന്നെ ഞാൻ തുടങ്ങിയത്….പപ്പ മരിച്ചപ്പോൾ അത് സ്വാഭാവികമായും നിന്റെ പേരിലേക്കായി……..നീയായതുകൊണ്ട് പതിയെ എന്റെ പേരിലേക്ക് മാറ്റാമെന്ന് കരുതി…. പക്ഷെ നീ അതിന്റെ പ്രോഫിറ്റോ…മറ്റൊന്നും ഇപ്പോളെനിക്ക് തരുന്നില്ല……ആ ബിസിനസുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് നീ കാൻസൽ ചെയ്യിപ്പിച്ച് നിന്റെ പേരിൽ തുടങ്ങി…… എനിക്കിപ്പോൾ പൈസ പോലും എടുക്കാൻ പറ്റുന്നില്ല……ഞാൻ കഷ്ടപ്പെട്ട് ചോര നീരാക്കിയുണ്ടാക്കിയതാ എല്ലാം…. പ്ലീസ് ആൽബീ….നീയെനിക്കത് തിരികെ തരണം……”

ആൽബി പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു അവന്റെ അട്ടഹാസം അവിടെമാകെ മുഴങ്ങിക്കേട്ടു…..

“എനിക്കറിയാമെടാ…..നീ എന്നെ തിരക്കി വരുമെന്ന്……നിന്റെ സമ്പാദ്യം മുഴുവനും എന്റെടുത്തല്ലേ…..നീയിപ്പോൾ വട്ടപ്പൂജ്യയമല്ലേ…. നീയെന്തു വിചാരിച്ചു ആൽബിയെ പറ്റിക്കാമെന്നോ….”

വീരഭദ്രൻ ദയനീയമായ മുഖത്തോടെ അവനെ നോക്കി….. അവന്റെ കണ്ണുകളിലെ അപേക്ഷ കണ്ടതും ആൽബിയ്ക്ക് സന്തോഷം തോന്നി……

“നീയെന്തിനാ പേടിക്കുന്നത്…. നിന്റെ ഭാര്യ വലിയ പണക്കാരിയല്ലേ….കോടീശ്വരി…അപ്പോൾ നിനക്കിതിന്റെ ആവശ്യമില്ലല്ലോ…..”

ആൽബിയുടെ പരിഹാസം കേട്ടിട്ട് ദേഷ്യം വന്നെങ്കിലും അവൻ സ്വയം നിയന്ത്രിച്ച് നിന്നു……

“ആൽബീ…..പണത്തിന് വേണ്ടിയല്ല ഞാൻ വിവാഹം കഴിച്ചത്…..പണം കണ്ടിട്ടല്ല ഞാനെന്റെ പെണ്ണിനെ സ്വന്തമാക്കിയത്……വർഷങ്ങൾക്ക് മുൻപേ….”

“വേണ്ട……നീ പഴംപുരാണമൊന്നും വിളമ്പണ്ട…വിപിയും വിളിച്ചു പറഞ്ഞിരുന്നു നിന്റെ പ്രേമകഥ……എനിക്ക് വേണ്ടി നീ വിട്ടു തന്നു അല്ലേ…..എന്നിട്ടോ…….തട്ടിപ്പറിച്ചെടുത്തത് നിയല്ലേ………..”

അവന്റെ വാക്കുകൾ വീരഭദ്രനിൽ നിരാശയുണ്ടാക്കിയെങ്കിലും അവൻ സംയമനം പാലിച്ച് നിന്നു……

“മ്……ശരി……ഒരു കാര്യം ചെയ്യാം….. നിന്റെ സ്വത്തെല്ലാം ഞാൻ നിനക്ക് തിരികെ തരാം……. പക്ഷെ…..പാർവ്വതി…..പാർവ്വതീ ബാലകൃഷ്ണനെ തരുവോ എനിക്ക്…….”

“ആൽബീ……😡😡😡”

ദേഷ്യത്തിൽ വിറയ്ക്കുന്ന വീരഭദ്രനെ നോക്കി ആൽബി പുച്ഛത്തോടെ ചിരിച്ചു…….

“എന്താ നിനക്ക് ദേഷ്യം വന്നോ കണ്ണാ…..ഇത്രയും ദിവസം അവള് നിന്റെ കൂടെ ഉണ്ടായിരുന്നില്ലേ………അവളുടെ ശരീരത്തോടുള്ള നിന്റെ ആഗ്രഹം തീർന്നെങ്കിൽ എനിക്ക് തിരിച്ചു താടാ അവളെ……”

“ടാ…….😡😡😡”

ആൽബിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ച് വീരഭദ്രൻ അലറി…..അവനിലെ ചെകുത്താൻ ഉണർന്നിരുന്നു……. ആൽബിയെ അടുത്തേക്ക് പിടിച്ച് രണ്ട് കവിളിലും അവൻ മാറി മാറി അടിച്ചു……..കഴുത്തിൽ പിടിച്ച് പുറകിലേക്ക് തള്ളി……ആൽബി മൺതിട്ടയിൽ നിന്ന് താഴേക്ക് ഉരുണ്ടു പോയി…..തെങ്ങിൻ പോയിടിച്ച് അവിടെ തടഞ്ഞു നിന്നു…..

വീരഭദ്രൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടിപ്പിടിച്ച് മൺതിട്ടയിലേക്കിരുന്നു…ആൽബിയെ നോക്കിയപ്പോൾ അവന് പാവം തോന്നി… അസ്വസ്ഥനായി ആൽബിയുടെ അടുത്തേക്ക് ചെന്ന് അവനെ പിടിച്ചെഴുന്നേൽപ്പിച്ചു…… അവന്റെ മുഖത്തും ദേഹത്തും പറ്റിയിരുന്ന മണ്ണെല്ലാം കൈ കൊണ്ട് തൂത്ത് കളഞ്ഞു……

“പോട്ടെടാ…… ദേഷ്യം വന്നപ്പോൾ…… അവളെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ലെടാ…എന്റെ പ്രാണനായിപ്പോയി…….”

വീരഭദ്രൻ അവനെയും കൊണ്ട് മൺതിട്ടയിലേക്കിരുന്നു………….ആൽബിയുടെ കവിളിലായി പൊടിഞ്ഞു നിന്ന ചോര വീരഭദ്രൻ ഹാൻഡ്കർച്ചീഫ് ഉപയോഗിച്ച് തുടച്ചുമാറ്റി…….

“ആൽബീ…….ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്……..നിന്നോട് ചോദിക്കാതെ അവളുടെ കഴുത്തിൽ താലി കെട്ടിയത്…….പക്ഷെ….. അവളെ വിട്ട് കളയാൻ തോന്നിയില്ലെനിക്ക്…….അവളുടെ കണ്ണുകളിൽ എന്നോടുള്ള പ്രണയം കണ്ടിട്ട് തന്നെയാടാ ഞാനവളെ താലികെട്ടിയത്…….”

ആൽബി മൗനമായി ദൂരേക്ക് മിഴിനട്ടിരുന്നു…

“ആൽബീ……..ഞാനെല്ലാം നിനക്ക് വിട്ട് തരാം…. എന്റെ സ്വത്ത്… സമ്പാദ്യം…എല്ലാം….. പക്ഷെ നീ പിണങ്ങല്ലേടാ എന്നോട്……..”

വീരഭദ്രൻ പ്രതീക്ഷയോടെ ആൽബിയുടെ മുഖത്തേക്ക് നോക്കി….ആൽബി മൗനമായി തന്നെയിരുന്നു…..അവൻ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കാത്ത പോലെ വീരഭദ്രന് തോന്നി…..

“നിന്റെ കാല് പിടിച്ച് മാപ്പ് പറയാൻ പോലും ഞാൻ തയ്യാറാണ് ആൽബീ……ഇനി എന്റെ സ്വത്തിന് വേണ്ടി ഞാൻ വരില്ല….നിനക്കത് എന്തു വേണമെങ്കിലും ചെയ്യാം….”

ഒരിക്കൽ കൂടി പ്രതീക്ഷയോടെ ആൽബിയെ നോക്കിയിട്ട് നിരാശയോടെ അവനെഴുന്നേറ്റു….. അവന്റെ മൗനം വേദനിപ്പിച്ചപ്പോൾ വീരഭദ്രൻ നിസ്സഹായനായി അവിടുന്ന് നടന്നകന്നു………. താൻ പട്ടിണി കിടന്നും കഷ്ടപ്പെട്ടും ഉണ്ടാക്കിയത് അവന് വിട്ട് കൊടുത്തു കൊണ്ട്….

വീരഭദ്രൻ പറഞ്ഞത് കേട്ട് ആലോചിച്ച് നിൽക്കയാണ് ദർശന…..വിപിയും എല്ലാം കേട്ട് വിഷമത്തോടെ നിന്നു…

“താൻ പേടിക്കണ്ട കണ്ണാ……പോലീസ് കാര് നിന്നെ കോടതിയിൽ ഹാജരാക്കുമ്പോഴേക്കും ഞങ്ങൾ ജാമ്യത്തിന്റെ കാര്യം ശരിയാക്കാം…….” മനു അവനെ സമാധാനിപ്പിച്ചു…..

“മനുവേട്ടാ…..ആൽബി….അവനെന്താ സംഭവിച്ചത്…..എങ്ങനെയാ അവൻ മരിച്ചത്…..”

വീരഭദ്രൻ നിറഞ്ഞകണ്ണുകളോടെ ചോദിക്കുന്നത് കേട്ട് വിപി അവന്റെ കൈയ്യിൽ പിടിച്ച് സമാധാനിപ്പിച്ചു….

“ആൽബിയെ ഒരാഴ്ചയായി കാണാനില്ലായിരുന്നു….പിന്നെ…………… പെട്രോളൊഴിച്ച് കത്തിച്ചാ കൊന്നത്……അതും നിങ്ങൾ നിന്ന് സംസാരിച്ച പുഴക്കരയിൽ വച്ച്….ശരീരഭാഗങ്ങളൊക്കെ പൂർണമായും കത്തിനശിച്ചു….. അവിടെ നിന്ന് ആൽബിയുടെ ഫോണും വാച്ചും കിട്ടിയതു കൊണ്ടാണ് അത് ആൽബിയാണെന്ന് മനസ്സിലായത്….. പിന്നെ റോഡിൽ വണ്ടി നിർത്തി താൻ പുഴക്കരയിലേക്ക് പോകുന്നത് കണ്ടെന്ന് അവിടുള്ള ആളുകൾ സാക്ഷി പറഞ്ഞിട്ടുണ്ട്….. ബാക്കിയുള്ള എൻക്വയറിയിൽ സ്വത്തിനും വേണ്ടിയും പെണ്ണിന് വേണ്ടിയും സ്വന്തം കൂട്ടുകാരനെ ചതിച്ച് കൊന്നവനെന്ന് പോലീസുകാര് വിധിയെഴുതി…………നിന്റെ പേരിൽ എല്ലാം എഴുതി വച്ചിട്ടാ ആൽബി നിന്നെ കാണാൻ വന്നതെന്നു തോന്നുന്നു…”

മനുവിന്റെ വാക്കുകൾ ഒരു ഞെട്ടലോടെയാണ് വീരഭദ്രൻ കേട്ടത്….

“ആൽബി….അവനൊരു പാവമാണ് മനുവേട്ടാ….ഇത് ചെയ്ത് ആരായാലും ഈ വീരഭദ്രൻ അവരെ വെറുതെ വിടില്ല…😡”

വീരഭദ്രൻ ഇരുമ്പഴിയിൽ മുറുകെ പിടിച്ചു ദേഷ്യത്തിൽ വിറച്ചു….

കുറേയേറെ കഷ്ടപ്പെട്ടെങ്കിലും അവസാനം വീരഭദ്രന് ജാമ്യം കിട്ടി…… എന്ത് സഹായത്തിനും ഒപ്പമുണ്ടാകും എന്ന് മനുവും അവന് ഉറപ്പ് കൊടുത്തു……..

“കണ്ണാ…..നമുക്കു നാട്ടിലേക്ക് പോകണ്ടേ…..അമ്മയും കാർത്തുവും നിന്നെയും കാത്തിരിക്കയാണ്…..അവർക്ക് നീയല്ലേ ഉള്ളൂ……”

“മ്…….പോകാം…..അതിന് മുൻപ് എനിക്കെന്റെ പെണ്ണിനെ കാണണം…. അവളെയും കൊണ്ടേ ഞാൻ വരൂ വിപീ….”

വീരഭദ്രൻ ദൃഢനിശ്ചയത്തോടെ പറഞ്ഞത് കേട്ട് വിപി ഗൗരിയിലേക്ക് വീട്ടിലേക്ക് പോകാനായി വണ്ടി സ്റ്റാർട്ട് ചെയ്തു…..

വീരഭദ്രനെയും വിപിയെയും കണ്ടതും സുമിത്രയുടെ മുഖം ഇരുണ്ടു….അത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ വീരഭദ്രൻ അകത്തേക്ക് കയറി……

“പാർവ്വതിയെവിടെ……എനിക്ക് കാണണം…”

വീരഭദ്രൻ ഗൗരവത്തോടെ ചോദിച്ചത് കേട്ട് സുമിത്രയ്ക്ക് ദേഷ്യം വന്നു….എന്നാലും അവന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് അവർ ശാന്തതയോടെ നിന്നു…..

“ചോദിച്ചത് കേട്ടില്ലേ……എന്റെ ഭാര്യ എവിടെയെന്ന്.😡…”

വീരഭദ്രന്റെ ശബ്ദം തെല്ലൊന്നുയർന്നു….

“ഒരു കൊലപാതകിയോടൊപ്പം ജീവിക്കാൻ വേണ്ടിയല്ല…..ഞാനെന്റെ മോളെ പ്രസവിച്ചത്…..”

“അത് നിങ്ങളല്ല തീരുമാനിക്കേണ്ടത്😡……പാർവ്വതി പറയട്ടേ…അവൾക്ക് എന്റെ കൂടെ ജീവിക്കണ്ടാന്ന്….”

അവസാനവാചകം പറഞ്ഞപ്പോൾ അവന്റെ ശബ്ദം ഒന്നിടറി…….

“നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ മിസ്റ്റർ വീരഭദ്രൻ…… അവൾക്ക് നിങ്ങളോടൊപ്പം താമസിക്കാൻ ഇഷ്ടമല്ലെന്ന് …..”

“പാർവ്വതീ…….പാർവ്വതീ……”

സുമിത്ര പറഞ്ഞത് കേൾക്കാതെ വീരഭദ്രൻ അലറി വിളിച്ചു….

“വീരഭദ്രൻ….. ഇവിടുന്ന് ഇറങ്ങിപ്പോകാൻ എന്നെക്കൊണ്ട് പറയിപ്പിക്കരുത്….” സുമിത്രയും അവനൊപ്പം ദേഷ്യത്തിൽ വിറച്ചു…

“മമ്മീ……”

സ്റ്റെയറിന്റെ മുകളിലായി നിന്ന് ഗൗരിയുടെ ദേഷ്യം നിറഞ്ഞ ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു……..

താഴേക്കിറങ്ങി വരുന്ന ഗൗരിയെ കണ്ടതും വീരഭദ്രന്റെ മുഖം വിടർന്നു……കുറച്ചു ദിവസങ്ങളായി കാണാതിരുന്നതിന്റെ വീർപ്പുമുട്ടലിൽ നിന്ന് ഒരാശ്വാസം കിട്ടിയത് പോലെ അവന് തോന്നി…..പക്ഷെ വാടിത്തളർന്ന് നിൽക്കുന്ന ഗൗരിയെ കണ്ടതും ഓടിച്ചെന്ന് നെഞ്ചോടു ചേർക്കാൻ തോന്നിയവന്….അവളുടെ മുഖത്തെ ഗൗരവം അവനെ അതിൽ നിന്ന് പിന്തിരിപ്പിച്ചു………

ഗൗരിയുടെ കണ്ണുകളും അവനിൽത്തന്നെ ആയിരുന്നു…..

ചെറുതായി വളർന്നു തുടങ്ങിയ കുറ്റിത്താടിയും കണ്ണിന് ചുറ്റും പടർന്ന കറുപ്പും……അവനിലെ ക്ഷീണം വിളിച്ചോതുന്നതായിരുന്നു…..വെളുത്ത നിറമുള്ള അവന്റെ ശരീരം കുറച്ചിരുണ്ടതുപോലെ തോന്നിയവൾക്ക്…….. മുഖത്തെ ഭാവം പഴയതു പോലെ ഗൗരവമായിരിക്കുന്നു….എന്നാലും തന്നെ നോക്കുമ്പോൾ കണ്ണിലുണ്ടാകുന്ന തിളക്കവും അവൾ കൗതുകത്തോടെ നോക്കി…….

“ദേവീ…….” വീരഭദ്രൻ അവളുടെ അരികിലേക്ക് ഓടി വന്നു…..പക്ഷെ ഗൗരി അവനിൽ നിന്നും മാറി മമ്മിയുടെ അരികിലേക്ക് പോയി….

“നമുക്കു പോകാം…നമ്മുടെ വീട്ടിലേക്ക്….. അമ്മയും കാർത്തുവും നമ്മളെ കാണാതെ വിഷമിക്കുന്നുണ്ടാവും……”അവൻ അഭ്യർത്ഥനയോടെ അവളെ നോക്കി്‌..

“ഇല്ല…..വീരഭദ്രൻ സർ……ഞാൻ വരുന്നില്ല….. ഒരു പെണ്ണിന് വേണ്ടി ഒരാളെ കൊല്ലാൻ മാത്രം ക്രൂരനായ നിങ്ങളോടൊപ്പം എനിക്ക് ജീവിക്കണ്ട……”

പതിഞ്ഞ ശബ്ദത്തിലുള്ള അവളുടെ ദൃഢമായ വാക്കുകൾ കേട്ട് വീരഭദ്രൻ ഞെട്ടിയില്ല….പകരം ഒന്നു പുഞ്ചിരിച്ചു…….പിന്നെ കാറ്റുപോലെ വന്ന് ഗൗരിയെ തൂക്കിയെടുത്ത് തോളിലേക്കിട്ടു…..തടയാൻ വന്ന സുമിത്രയെ രൂക്ഷമായ ഒരു നോട്ടം കൊണ്ട് അവൻ തടഞ്ഞു…….വിപി തടയാൻ ശ്രമിച്ചെങ്കിലും വീരഭദ്രൻ അവനെ തട്ടി മാറ്റി പുറത്തേക്കിറങ്ങി…..

ഗൗരി അവന്റെ തോളിൽ കിടന്ന് കുതറാൻ നോക്കിയെങ്കിലും അവന്റെ കരുത്തിന് മുന്നിൽ അവൾ തോറ്റുപോയി….

അവളെ കൊണ്ട് കാറിന്റെ മുൻ സീറ്റിൽ ഇരുത്തിയിട്ട് വീരഭദ്രൻ ലോക്കിട്ടു…..

“വീപീ നീ കയറ്…..നമുക്ക് പോകാം…..”

വീരഭദ്രൻ കാറിനകത്തേക്ക് കയറിയതും വിപിനും പുറകിലേക്ക് കയറി……കാറ് വീട്ടുമുറ്റത്ത് നിന്ന് ചീറിപ്പാഞ്ഞു പോകുന്നത് സുമിത്ര ദേഷ്യത്തോടെ നോക്കി നിന്നു…….

യാത്രയിലുടനീളം മൂന്നുപേരും മൗനമായിരുന്നു…. കണ്ണുകൾ തമ്മിലിടയുമ്പോൾ വീരഭദ്രന്റെ കണ്ണിലെ അപേക്ഷ അവളെ തളർത്തിയിരുന്നു….എന്നാലും ആൽബിയുടെ ഓർമ്മകൾ അവളുടെ മനസ്സിനെ വീർപ്പുമുട്ടിച്ചു……

രാത്രിയായപ്പോൾ തന്നെ അവർ വീട്ടിലെത്തി….. ഗൗരിയെയും വീരഭദ്രനെയും അവിടെയിറക്കിയിട്ട് വിപി കാറിലേക്ക് കയറിയിരുന്നു…..

“ഞാൻ പൊയ്ക്കോട്ടെ കണ്ണാ…..വൈദുവിനെ വിഷ്ണുവിനെ ഏൽപിച്ചാണ് പോന്നത്….”

“മ്……നീ പോയിട്ട് വിഷ്ണുവിനെ ഇങ്ങോട്ട് പറഞ്ഞ് വിടണം…..”

“ശരി……”

വിപി കാറുമെടുത്ത് പോയി….

ഗൗരി വീട്ടിനകത്തേക്ക് കയറാൻ മടിച്ച് നിൽക്കുന്നത് കണ്ട് വീരഭദ്രൻ ഒരു ചിരിയോടെ അവളെ തൂക്കിയെടുത്ത് അകത്തേക്ക് കയറി…..

തന്റെ നേർക്ക് ഓടി വരുന്ന അമ്മയെ കണ്ടതും ഗൗരിയെ താഴെ നിർത്തി അവൻ അമ്മയുടെ അടുത്തേക്ക് വേഗത്തിൽ ചെന്നു….. സരോജിനിയമ്മയെ അവൻ നെഞ്ചോടു ചേർത്ത് പിടിച്ചു….കാർത്തുവും അവന്റെ അടുത്ത് വന്ന് ആധിയോടെ നിന്നു…..അവരുടെ മൂന്ന് പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി….

“കണ്ണാ……മോനെ… അവര് നിന്നെ ഉപദ്രവിച്ചോടാ……”

അവന്റെ ക്ഷീണിച്ച മുഖം കണ്ട് കരച്ചിലോടെ സരോജിനിയമ്മ ചോദിച്ചു…..

“ഇല്ലമ്മേ……എന്നെ ആരുമൊന്നും ചെയ്തില്ല…..”

“മോനെ കാണാൻ വരാൻ ബഹളം വച്ചിട്ടും വിപി സമ്മതിച്ചില്ല മോനെ….അമ്മയിവിടെ ആധിപിടിച്ചിരിക്കയായിരുന്നു…..”

അവന്റെ കണ്ണുനീർ തുടച്ചുകൊടുത്ത് കൊണ്ട് അമ്മ വാത്സല്യത്തോടെ പറഞ്ഞു…..മകനെ കണ്ട സന്തോഷം കൊണ്ട് അവർ അവന്റെ നെറ്റിയിൽ വാത്സല്യത്തോടെ ഒരുമ്മ കൊടുത്തു…….

“ഞാൻ പറഞ്ഞിട്ടാ അമ്മേ…..വിപിയോട്…..എന്നെ അങ്ങനെ ഒരവസ്ഥയിൽ അമ്മ കാണരുതെന്ന് വിചാരിച്ചു………..അമ്മയും വിശ്വസിക്കുന്നുണ്ടോ….ഞാൻ… ആൽബിയെ….”

സരോജിനിയമ്മ അവന്റെ വായ പൊത്തി…മുന്നോട്ട് പറയാൻ വന്നത് ഇഷ്ടമില്ലാത്തത് പോലെ അവര് മുഖം ചുളിച്ചു….

“എന്റെ മോൻ അത് ചെയ്തിട്ടില്ലെന്ന് അമ്മയ്ക്ക് ഉറപ്പാണ്…..”

അമ്മയുടെ വാക്കുകൾ അവന് ആശ്വാസം പകർന്നു……അവൻ തിരിഞ്ഞ് ഗൗരിയെ നോക്കിയതും അവൾ ഇഷ്ടപ്പെടാത്തത് പോലെ മുഖം തിരിച്ച് മുകളിലേക്ക് കയറിപ്പോയി…..

അവൾ പോയ വഴിയെ നോക്കി സരോജിനിയമ്മ നെടുവീർപ്പെട്ടു….

“മോനെ…..ഗൗരി…..”

“ഏയ്…അവൾക്ക് കുഴപ്പമൊന്നുമില്ല….അവളെ ഞാൻ ശരിയാക്കിയെടുത്തോളാം……ഇപ്പോൾ അവളുടെ ഇഷ്ടത്തിന് വിട്ടാൽ എനിക്കവളെ നഷ്ടപ്പെടും…”

വീരഭദ്രൻ ഒരു നെടുവീർപ്പോടെ പറഞ്ഞിട്ട് മുകളിലേക്ക് കയറിപ്പോയി……

ഗൗരി കട്ടിലിൽ കിടക്കുന്നത് കണ്ട് വീരഭദ്രൻ അവളുടെ അടുത്തേക്ക് വന്നിരുന്നു….

“നീ കഴിക്കുന്നില്ലേ…..”

“എനിക്ക് വേണ്ട….😡”

“ദേവീ…..കളിക്കാതെ എഴുന്നേറ്റ് വന്ന് കഴിക്കാൻ നോക്ക്…ഇല്ലെങ്കിൽ എന്നിലെ ചെകുത്താനെ നീ കാണും….😡”

ഗൗരി അവൻ പറഞ്ഞതു കേട്ടിട്ടും കൂസലില്ലാതെ തിരിഞ്ഞ് കിടന്നു……..

“ടീ…😡😡….മര്യാദയ്ക്ക് എഴുന്നേറ്റു വാ….ഇല്ലെങ്കിൽ ആൽബിയെ കൊന്നത് പോലെ നിന്നെയും കഴുത്ത് ഞെരിച്ചു കൊല്ലും ഞാൻ… പിന്നേ പെട്രോൾ ഒഴിച്ച് കത്തിക്കും….എന്തായാലും ഒരു കൊലപാതകത്തിന് എന്നെ ശിക്ഷിക്കും അപ്പോൾ ഒന്നുകൂടി ചെയ്തിട്ട് പോയാലും കുഴപ്പമില്ലല്ലോ…..”

ഗൗരി അവനെ മുഖം കൂർപ്പിച്ചു കണ്ണുരുട്ടി നോക്കി…അത് കണ്ടപ്പോൾ ചുണ്ടിലൂറിയ പുഞ്ചിരി മറച്ച് അവൻ തിരികെ അതുപോലെ കണ്ണുരുട്ടി…..

“എനിക്കറിയാം പെണ്ണേ….ആൽബിയെ കൊന്നത് ഞാനല്ലെന്ന് നിനക്കറിയാമെന്ന്….പക്ഷെ നിന്റെയീ ദേഷ്യം മുഴുവനും ആൽബിയുമായുള്ള കാര്യങ്ങൾ മറച്ചു വച്ചതിനല്ലേ….”

അത് കേട്ടപ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു…..

“അല്ല…..നിങ്ങളാണ് കൊന്നത്…..മറ്റാരെക്കാളും നന്നായി എനിക്കതറിയാം…”

വീറോടെ പറഞ്ഞുകൊണ്ട് അവൾ എഴുന്നേറ്റ് പോകുന്നതും നോക്കി വീരഭദ്രൻ തരിച്ചിരുന്നു…

നാല്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 40

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

മഹാദേവാ…. ഇന്നലത്തെ റിവ്യൂ വായിച്ചു ഞാൻ ബോധം കെട്ടില്ലെന്നേയുള്ളു……നിങ്ങളുടെ പൊങ്കാലയൊക്കെ ഞാൻ സ്വീകരിച്ചിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *