“”ദേ… ഇച്ചായാ… എന്ത്‌ തന്നെ ആയാലും ശരി എനിക്കിന്ന് എന്റെ അമ്മച്ചീടെ അടുത്ത് പോണം…

രചന : ‎നാഫി 😘

അത് മാത്രം പോര… രണ്ട് ദിവസം താമസിക്കേം വേണം..

രാവിലെ തന്നെ അന്നമ്മ നല്ല ദേഷ്യത്തിൽ ആയിരുന്നു…

“നീ പോയാൽ എന്റെ കാര്യങ്ങൾ എല്ലാം അവതാളത്തിൽ ആകും കൊച്ചേ…

“‘ഓ പിന്നേ… !!ഞാൻ വരുന്നതിനു മുന്പും നിങ്ങൾ ജീവിച്ചിരുന്നില്ലേ മനുഷ്യാ.. എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കല്ലേ ട്ടോ…

അതെങ്ങെനെ… എന്റെ കാര്യം നോക്കാൻ നിങ്ങൾക്ക് എവടെ സമയം… എല്ലാവരുടെയും വിഴുപ്പ് അലക്കാനുള്ള ഒരുത്തിയല്ലേ ഞാൻ.. നിങ്ങളുടെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ.. അമ്മച്ചിയെ നോക്കണം… നിങ്ങടെ അനിയനും അവന്റെ ഭാര്യക്കും മക്കൾക്കും വെച്ചുണ്ടാക്കണം… ഈ വീട് മുഴുവൻ ഞാൻ തന്നെ ഓടി എത്തണം… മടുത്തു എനിക്ക് “”

കരഞ്ഞു ചിണുങ്ങുന്ന ഭാര്യയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു അയാൾ…

“‘നീയില്ലാതെ എനിക്ക് ഇവിടെ ശ്വാസം മുട്ടും അന്നമ്മേ… അമ്മച്ചിയെ നോക്കുന്നതിനു നീ കയ്യും കണക്കും പറയല്ലേ.. പെണ്മക്കൾ ഇല്ലാത്ത എന്റമ്മച്ചിക് നീ മരുമോൾ അല്ലടീ… മോള് തന്നെയാ… പിന്നെ ബാക്കിയുള്ള രണ്ട് പേര് ജോലിക്കാരല്ലേ… മക്കൾ ഇല്ലാത്ത നമക്ക് അവരുടെ മക്കൾ തരുന്ന സന്തോഷം ചെറുതാണോ… !”

മറുപടി പറയാതെ തിരിഞ്ഞു നടന്ന അന്നമ്മയോട് അയാൾ വിളിച്ച് പറഞ്ഞു.. !”നീ ആഗ്രഹിച്ചതല്ലേ ഏതായാലും രണ്ടു ദിവസം പോയേച്ചും വാ… ഞാൻ അഡ്ജസ്റ്റ് ചെയ്യാം.. അമ്മച്ചിയോടു പറഞ്ഞേക്ക് കെട്ടോ… !”

സമ്മതം കിട്ടിയ സന്തോഷത്തിൽ അമ്മച്ചിയോടു കാര്യം പറഞ്ഞപ്പോൾ അവിടേം നീരസം ഒന്നും ഉണ്ടായിരുന്നില്ല

“”മോള് പോയാൽ പിന്നേ കൊച്ചുങ്ങളുടെ കാര്യം ആകും വല്യ കഷ്ടത്തിൽ ആവുക… അവറ്റകളുടെ തള്ളക്കു അതിറ്റങ്ങളെ നോക്കണം എന്നുള്ള വിചാരം ഒന്നുമില്ല… നേരം വെളുത്താൽ ബാഗും തൂക്കി പോകണം… !'”

“അതെനിക്ക് ഓർമയില്ലാഞ്ഞിട്ടല്ല അമ്മച്ചീ…

അജുവും അമ്മുവും ഇച്ചായന്റെ അനിയന്റെ മക്കളാണ്.. അവരെ ചൊല്ലി എങ്ങോട്ടും പോകാറില്ല… പോയാൽ തന്നെ സ്കൂൾ വിടുന്നതിനു മുൻപ് വീട്ടിൽ എത്തിയിരിക്കും.. രണ്ട് പേരും ഉദ്യോഗസ്ഥർ… പ്രസവം കഴിഞ്ഞു 40ദിവസം ആയപ്പോഴേക്കും ജോലിക്ക് പോയി തുടങ്ങിയതാണ് അവരുടെ അമ്മ…

ഊട്ടിയും ഉറക്കിയും സ്നേഹിച്ചും ശാസിച്ചും കൊണ്ട് നടന്നത് പിന്നീട് അന്നമ്മ ആയിരുന്നു.. അമ്മച്ചിക്ക് എപ്പഴും അതിനു പരാതിയാണ്.. അവരുടെ സങ്കടങ്ങൾ അന്നയുടെ സങ്കടം ആയി മാറുമ്പോൾ അമ്മച്ചി പറയുമായിരുന്നു

“‘എന്തിനാടീ കൊച്ചേ അതിറ്റങ്ങളുടെ തള്ളക്കില്ലാത്ത വേദന നിനക്ക്.. അവൾക്കു അറിയാം മക്കളെ നീ നോക്കുമെന്ന്.. നീ തന്നെയാ അതിന് വളം വെച്ചു കൊടുത്തതും … ചിലപ്പോൾ തോന്നും നിന്നെ കണ്ടിട്ടാണ് അവള് പെറ്റതെന്ന് “‘

അമ്മച്ചി പറയുന്നത് ഒന്നും അവൾക്കു പിടിക്കില്ല… “”ഞാനീ കിടന്നു ഓടുന്നത് മുഴുവൻ മക്കൾക്ക്‌ വേണ്ടിയും അവരുടെ ഭാവി സുരക്ഷിതം ആകാൻ വേണ്ടി ആണെന്നുമാണ് അവളുടെ പക്ഷം.

അമ്മച്ചിയുടെ വാക്കുകൾ ഒന്നും അന്നമ്മ കാര്യമാക്കിയില്ല… കല്യാണം കഴിഞ്ഞ് വർഷങ്ങൾ ആയിട്ടും മക്കളില്ലാത്ത വിഷമത്തിന് കുറച്ചെങ്കിലും ഒരറുതി വന്നെങ്കിൽ അതിവർ കാരണമാണ്..

അവർ വരുന്നതിനു മുൻപ് ഇറങ്ങണം… കണ്ടാൽ പോകാൻ സമ്മതിക്കില്ല.. അവരെ പിരിഞ്ഞിരിക്കാൻ ആഗ്രഹം ഉണ്ടാ യിട്ടല്ല..നാളു കുറേ ആയി അമ്മച്ചിയെ കണ്ടിട്ട്… കാണാൻ വരുന്നില്ല എന്ന പരിഭവം പറച്ചിലും.. അതൊന്നു മാറ്റണം…

മാറിയാൽ നാളെ തന്നെ മടങ്ങാം എന്ന ഉദ്ദേശത്തിൽ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി…

ആര് കാണാൻ പാടില്ല എന്ന് വിചാരിച്ചുവോ അവരതാ മുന്പിൽ.. സ്കൂൾ പതിവിലും നേരത്തെ വിട്ടിരുന്നു.. ഉമ്മറത്തു ബാഗും തൂക്കി നിൽക്കുന്ന അന്നയെ കണ്ട് ഓടി വന്ന് രണ്ടു കൈകളിലും തൂങ്ങി ചോദ്യങ്ങൾ ആരായാൻ തുടങ്ങി.

“”വല്യമ്മ എങ്ങോട്ടാ പോകുന്നെ… കയ്യിൽ ബാഗ് ഉണ്ടല്ലോ… ?

ഞങ്ങളും വരുന്നുണ്ടെന്നു പറഞ്ഞ് രണ്ടു പേരും ചിണുങ്ങി.

“‘മക്കൾക്ക്‌ നാളെ സ്കൂൾ ഇല്ലേ… വല്യമ്മ വീട് വരെ ഒന്ന് പോയേച്ചും നാളെ വരാം “‘

പറഞ്ഞ് തീർന്നില്ല !മുഖം വീർപ്പിച്ചു രണ്ടു പേരും ബാഗ് ഒരേറുo എറിഞ്ഞു വാതിലടച്ചു..

കണ്ട് നിന്ന അമ്മച്ചി പിറുപിറുക്കാൻ തുടങ്ങി. “‘നീ തന്നെയാ അന്നമ്മേ അവറ്റകൾക്ക് വളം വെച്ചു കൊടുത്തേ…പോകുന്നുണ്ടെങ്കിൽ പോയേച്ചും വാ… അവർ വിശക്കുമ്പോൾ താനേ ഇറങ്ങി വന്നോളും…

“‘എനിക്കതിന് കഴിയില്ല അമ്മച്ചീ.. അവരെ സങ്കടപെടുത്തി ഞാൻ പോകുന്നില്ല.. അന്നമ്മയുടെ സംസാരം കേട്ടിട്ടാകണo അവര് വാതിൽ തുറന്നു പുറത്തു വന്നു…

“സ്കൂൾ ഇല്ലാത്ത ദിവസം നമുക്ക് ഒരുമിച്ചു പോകാം വല്യമ്മേ എന്നും പറഞ്ഞ് മോള് കൈ പിടിച്ചപ്പോൾ ചിരിച്ചു തലയാട്ടാൻ അല്ലാതെ നിരസിക്കാൻ കഴിഞ്ഞില്ല..

ഉടുപ്പെല്ലാം മാറ്റി അവർക്കിഷ്ടപെട്ട ഭക്ഷണം വിളമ്പി ഊട്ടുമ്പോൾ അജുവിന്റെ ചോദ്യം

“‘വല്യമ്മക്ക് ഞങ്ങളോട് ദേഷ്യമുണ്ടോ “‘ ” എന്ത്‌ ചോദ്യമാണ് മോനേ.. എനിക്ക് എന്തിനാ എന്റെ മക്കളോട് ദേഷ്യo”

“‘വീട്ടിൽ പോകാൻ സമ്മതിക്കാത്തതിനെ കൊണ്ട്… “‘

!ഇത് നല്ല കൂത്ത്‌… എന്നെ വിട്ടതും ഇല്ല എന്നിട്ട് ഇപ്പൊ ഇങ്ങനൊരു ചോദ്യം “‘ എനിക്കൊരു ദേഷ്യവും ഇല്ലാട്ടോ… നമുക്ക് സ്കൂൾ ലീവ് ഉള്ള ഒരു ദിവസം പോകാം…

“‘അല്ല അമ്മൂസെ..ഞാൻ ഇല്ലെങ്കിലും ഇവിടെ മമ്മിയും അമ്മച്ചിയൊക്കെ ഇല്ലേ… പിന്നെന്താ… .കുറച്ച് നേരം മിണ്ടാതിരുന്ന ശേഷം…

“‘ഞങ്ങളെ നോക്കാൻ ആർക്കും സമയമില്ല.. അമ്മച്ചി എപ്പോഴും വഴക്ക് പറയും…ഡാഡിയും മമ്മിയും രാവിലെ ഞങ്ങൾ എണീക്കുന്നതിന് മുന്പേ പോയിക്കാണും..

മറ്റു ഫ്രണ്ട്സിനെ പോലെ ബസ് വരുമ്പോൾ മമ്മിയെ ഉമ്മ വെച്ച് റ്റാറ്റാ കാണിച്ചു പോകാൻ ഞങ്ങൾക്കും ഉണ്ടാകില്ലേ ആഗ്രഹം…

സ്കൂൾ ഒഴിവുള്ള ദിവസം ഡാഡി പുറത്ത് പോകും..അല്ലെങ്കിൽ ഫോണിൽ കളിച്ചിരിക്കും… മമ്മി ആണെങ്കിൽ ക്ലബിലും പോകും… അവരുടെ കൂടേ ഒന്നിച്ചു കഴിക്കാനും നടക്കാനും പുറത്ത് പോകാനും കൊതിയാ വല്യമ്മേ…

ആകെ കുറച്ചു നേരം കാണുന്നത് രാത്രിയാ… അപ്പോഴാണെങ്കിൽ രണ്ടു വാക്ക് മാത്രമേ മമ്മി പറയൂ… home വർക്ക്‌ ചെയ്യാനും… പിന്നെ ഉറങ്ങുമ്പോൾ ഗുഡ് നൈറ്റും…

ഒന്ന് കഥ പറഞ്ഞ് ഉറക്കാൻ… ഒരുമ്മ തരാൻ..വൈകുന്നേരം വരുമ്പോൾ ഇഷ്ടപെട്ട പലഹാരം തന്ന് ഞങ്ങളെ ഊട്ടാൻ.. ഇടയ്ക്കു ഒന്ന് ഒരുമിച്ചു ചേർത്ത് കിടത്താൻ അത് മതിയായിരുന്നു ഞങ്ങൾക്ക് സന്തോഷിക്കാൻ… മമ്മി ആയിട്ട് വല്യമ്മ മതിയായിരുന്നു….

നിറഞ്ഞ കണ്ണുകളോടെ അവരെ നെഞ്ചോട് ചേർത്ത് അന്നമ്മ ആശ്വസിപ്പിച്ചപ്പോൾ… ജോലി കഴിഞ്ഞെത്തിയ അവരുടെ മമ്മിക്കും പപ്പക്കും അകത്തിരുന്നു അടക്കം പറഞ്ഞിരുന്ന അമ്മച്ചിക്കും മൗനം പാലിക്കാൻ മാത്രമേ സാധിച്ചുള്ളൂ.. *************************

ഒരു തുള്ളി ബീജത്താൽ ജനിപ്പിച്ചാൽ പിതാവാകില്ല പത്തു മാസം ചുമന്നു പ്രസവിച്ചാൽ അമ്മയും ആകില്ല… കർമത്തിൽ പൂവിടണം ജന്മം

*ശുഭം

രചന : ‎നാഫി 😘

Leave a Reply

Your email address will not be published. Required fields are marked *