ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് സ്വന്തം കെട്ടിയോനുമായിട്ട് ഉടക്കി…

രചന: ameen azad

“നിന്നോട് ഞാൻ ഒരായിരം വട്ടം പറഞ്ഞതാണ്…. തന്തയും, തള്ളയൊന്നും ഇല്ലാത്ത പെണ്ണ് നമുക്ക് വേണ്ടെന്ന്…എന്നിട്ടിപ്പോ, എവിടെയോ കിടന്ന ആ തെണ്ടി പെണ്ണിന്റെ പ്രസവം നോക്കാന്‍ ഞാനും, എന്റെ മോളും വേണമെന്ന്…അതൊന്നും ഇവിടെ നടക്കില്ല..,നീ പോയി വേറെ വല്ല വഴിയും നോക്ക് ”

സുല്‍ത്താന്റെ രണ്ടാനുമ്മ സൈനബ, അവരാകെ കലിച്ചു നില്‍ക്കുകയാണ്….!!

അവരുടെ രണ്ടും കല്പിച്ചുളള നില്‍പ്പ് കണ്ടാൽ തോന്നും അവനെ ഇപ്പോൾ വലിച്ചു കീറി ഒട്ടിക്കുമെന്ന്….!!

അവന്റെ ഭാര്യ റസിയയെ പ്രസവത്തിനായി നാളെയാണ് ഹോസ്പിറ്റല്‍ അഡ്മിറ്റ് ചെയ്യേണ്ടത്!!

ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് സ്വന്തം കെട്ടിയോനുമായിട്ട് ഉടക്കി, പെട്ടിയും, പ്രമാണവും എടുത്ത് വീട്ടില്‍ വന്നിരിക്കുന്ന അവരുടെ അഹങ്കരിയായ മകള്‍ ഹസീനയാണ് ഈ പ്രശ്നങ്ങൾക്കെല്ലാമുളള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്….,അവളാണ് ഈ ഉമ്മയെ പിരി കയറ്റി വിടുന്നത്…!

ഉമ്മയും, മകളും കൂടി ചേർന്ന് അവസാന നിമിഷം ഇങ്ങനെയൊരു നന്ദിക്കെട്ട കളി കളിക്കുമെന്ന് അവന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നതല്ല.ചോദിക്കുന്നതെന്തും
വാങ്ങികൊടുത്ത്, സ്വന്തം കൂടപ്പിറപ്പിനെ പോലെ
ഈ നെഞ്ചത്ത് വെച്ച് സ്നേഹിച്ച അവളെങ്കിലും തന്റെ കൂടെ നില്‍ക്കുന്നുമെന്ന് വിശ്വസിച്ചിരുന്നു…

ഇത്രയൊക്കെ ഉള്ളൂ ചില ബന്ധങ്ങളുടെ ആയുസ്സ്!!

എല്ലാം വെറുതെയായിരുന്നു എന്നറിഞ്ഞപ്പോൾ.
അവന്റെ മനസ്സ് വെറുത്തു മരവിച്ചു പോയി….

***********

ഒരേ ക്ലാസില്‍, ഒരേ ബെഞ്ചിലിരുന്ന് പഠിച്ച്….അവസാനം എസ്.എസ്.എല്‍.സി-യ്ക്ക് എട്ടു നിലയില്‍ പൊട്ടി ഗൾഫില്‍ പോയി കഷ്ടപ്പെട്ട് കാശുകാരനായി വന്ന ചങ്ക്‌ രമേശന്റെ പുതിയ വീടിന്റെ പെയിന്റിംഗ്‌ പണിക്ക് പോയപ്പോഴാണ് അവന്‍ അറിഞ്ഞത് തൊട്ടപ്പുറത്തെ വീട്ടിലെരു മൊഞ്ചത്തി പെണ്ണുണ്ടെന്ന്…

ആദ്യ കാഴ്ചയില്‍ തന്നെ അവൾ കയറി കരളിലുടക്കി…

പലവട്ടം അവളുടെ ഒരു കുഞ്ഞു നേട്ടത്തിനായി വായി നോക്കി നിന്നെങ്കിലും അവൾ തിരിഞ്ഞു പോലും നോക്കുന്നില്ല…

പക്ഷെ, അത്രമേല്‍ ആശിച്ചതു കൊണ്ടാവാം പ്രപഞ്ചം അവനിക്കായി….ഒരു ഗൂഢാലോചന നടത്തിയത്…!!

അങ്ങ് ദൂരെ , ആകാശത്ത് നിറഞ്ഞു കൂടിയ മഴക്കാറ് കണ്ട് ‘കഴുകി ഉണങ്ങാനിട്ടിരിക്കുന്ന തുണികളെല്ലാം ഇപ്പോള്‍ മഴനനഞ്ഞു കുതിര്‍ന്നു പോകുമല്ലോ’ എന്ന് കരുതി അവൾ ഓടി കിതച്ചു വന്ന് അയയില്‍ നിന്നും വെപ്രാളപ്പെട്ട് തുണികള്‍ പെറുക്കിയെടുക്കുന്നതിനിടയില്‍ എങ്ങുനിന്നോ വന്ന ആ ‘കള്ള കാറ്റ്’ അവളുടെ കൈയ്യിലിരുന്ന “തട്ടവും” കൊണ്ട്‌ കടന്നു കളഞ്ഞു….

പാറി പറന്നു വന്ന ആ തട്ടം ചെന്നു വീണത് മതിലിന് അപ്പുറത്ത് നിന്ന് പെയിന്റിങ് പണിയെടുക്കുന്ന അവന്റെ മുന്നില്‍…

“ഹലോ…ആ തുണിയൊന്ന് എടുത്തു തരുമോ”

അവന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല…

ദേ, കണ്‍മുന്നില്‍ വന്ന് നില്‍ക്കുന്നു ഖൽബിലെ മാലാഖ….!!

തട്ടമെടുത്ത് അവള്‍ക്ക് നേരെ നീട്ടുമ്പോള്‍ ചോദിച്ചു നോക്കി… “പേരെന്താണെന്ന്”

“പണിക്ക് വന്നാൽ പണി ചെയ്തിട്ടു പോക്കാന്‍ നോക്ക്….അല്ലാതെ കണ്ട പെണ്ണുങ്ങളുടെ പേരും, നാളും തിരക്കി ചുമ്മാ വായും നോക്കി സമയം കളയാതെ”

കടിച്ചു കീറാന്‍ നിന്ന പുള്ളിക്കാരിയുടെ വാക്കുകളില്‍ ഭദ്രമായി ഒളിഞ്ഞിരിക്കുന്ന പ്രേമത്തിന്റെ സുഖമുള്ള കുളിര് അവന്റെ നെഞ്ചിലേക്ക് പടർന്നു കയറി……

അപ്പോൾ,അവൾ പറഞ്ഞതിന്റെ അര്‍ത്ഥം….? അവൾ എപ്പഴോ ശ്രദ്ധിച്ചിരിക്കുന്നു….. ‘എന്റെ വായ് നോട്ടം……’

അവൾ തിരിച്ച് നടന്നു നീങ്ങവേ തല ഒരല്‍പ്പം ചരിച്ചു അവന്റെ നേരെ പ്രേമത്തോടെ നോക്കിയ ‘കള്ള നോട്ടവും,പുഞ്ചിരിയും ‘കണ്ട് അവന്റെ കൂടെ പണിക്ക് നിന്ന കൂട്ടുകാരന്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു…..

” അളിയ…അവൾ വീണളിയ…”

ആരും കാണാതെ പണി സ്ഥലത്ത് നിന്നും മതിലും ചാടി കടന്ന് അവളെക്കാണായി പമ്മി, പമ്മി പോയ ആദ്യ ദിനങ്ങളിലെന്നോ നെഞ്ചില്‍ തട്ടിയ തേങ്ങലോടെ അവൾ പറഞ്ഞു തുടങ്ങി….
” എനിക്ക് ഈ ലോകത്ത് ആരുമില്ല…,എന്റെ ചെറുപ്പത്തിലേ ഉമ്മ മരിച്ചപ്പോള്‍ വാപ്പ വേറെ വിവാഹം കഴിച്ച് എങ്ങോട്ടോ പോയി….പിന്നെ എന്നേ വളർത്തിയത് ഈ വീട്ടില്‍ താമസിക്കുന്ന… എന്റെ ഉമ്മാന്റെ സഹോദരിയാണെന്ന്”

അവനും ഉണ്ടായിരുന്നു….അവളോട് പറയാന്‍ സ്വന്തം ജീവിതത്തിന്റെ നൊമ്പരങ്ങളുടെ കഥ….

” സുല്‍ത്താനെന്ന് പേര്‌ മാത്രമേ ഉള്ളൂ…ജീവിതം കൊണ്ട് വലിയ കഷ്ടപ്പാടാണ്…..പിന്നെ ആകെ ഉളള സമ്പാദ്യം എന്നുവെച്ചാല്‍…ചങ്ക്‌ പറിച്ചുകൊടുത്ത് സ്നേഹിക്കുന്നൊരു മനസ്സുണ്ടെന്ന് കേട്ടപ്പോൾ…അവളുടെ കുഞ്ഞു കവിളത്ത് പൂത്ത നുണക്കുഴികള്‍ അവനെ നോക്കി പ്രണയാര്‍ദ്രമായി മന്ദഹസിച്ചു….

“റസിയ, എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്…,ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം…നിന്നെ…”

പണത്തിനും ,സ്വത്തിനും, സ്ത്രീധനത്തിനും മുകളില്‍ ഒരാണിന്റെ നാവില്‍ നിന്നും പെണ്ണ് കേൾക്കാൻ ആഗ്രഹിക്കുന്ന ആ കരുത്തുറ്റ വാക്ക്….!

അതവൾക്ക് നല്‍ക്കുന്ന വിശ്വാസം, സംരക്ഷണം…!!

അത്രമാത്രം മതിയായിരുന്നു അവന്റെയൊപ്പം അവള്‍ക്ക് ജീവിതം തുടങ്ങാന്‍….!!

***********

അവളുടെ പ്രസവം കഴിഞ്ഞ് രണ്ടാം പക്കം അവന്റെ ബെഡ് റൂമിൽ കിടന്ന വിരലിലെണ്ണാവുന്ന വീട്ടു സാധനങ്ങൾ പെറുക്കിയെടുത്ത് വാഹനത്തില്‍ കയറ്റുന്നത് കണ്ട് ഉമ്മയുടെയും, മകളുടെയും നെഞ്ചിടിപ്പ് ഉയർന്നു വന്നു….

“ചതിച്ച…!!! അവന്‍ ഇതേങ്ങോട്ടാണ് വാരി കെട്ടി പോകുന്നന്ന്…..വാടക വീട് ശരിയാക്കിയ…?? ”

“ഉമ്മാ ഒന്നു വേഗം പോയി പറ…പോകണ്ടാന്ന്…
അവളുടെ ഒന്നല്ല,മൂന്ന്‌ പ്രസവം വേണമെങ്കിലും
നമ്മൾ നോക്കിക്കൊള്ളാമെന്ന് ഉമ്മ ഉറപ്പ് കൊടുക്ക്…..ഇല്ലെങ്കിൽ പണി ആകും പറഞ്ഞേക്കാം ”

എന്തു ചെയ്യണമെന്നറിയാതെ തല ഭ്രാന്ത് പിടിച്ച് നടന്ന ഹസീന വല്ലവിധേനയും അവന്റെ മുന്നിലേക്ക് ഉമ്മയെ ഉന്തി തള്ളി വിട്ടിട്ട് അവരുടെ പുറകില്‍ അവൾ ഒരു മറപറ്റി വന്നു നിന്നു…..

“മോനെ….നീ ഞങ്ങളെ വിട്ടിട്ട് എങ്ങോട്ടാണ് പോകുന്നത്….”

അവൻ തിരിച്ച് ഒരക്ഷരം മിണ്ടിയില്ല.

“ഞാൻ അതൊക്കെ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതല്ലേ….മോനെ. നിങ്ങള്‍ രണ്ടാളും എനിക്ക് എന്റെ സ്വന്തം മക്കളെ പോലെയല്ലെ…മോനെ”

അവരുടെ കണ്ണുകളില്‍ പെട്ടെന്ന് കള്ള കണ്ണുനീര്‍ വന്നു നിറഞ്ഞു…..

” നിറ വയറോടെ…., രണ്ടു ജീവനും പേറി നിന്ന അവളെ പ്രസവത്തിന്റെ പേരും പറഞ്ഞ്‌ ഈ വീട്ടില്‍ നിന്നും ആട്ടി ഇറക്കി വിട്ടപ്പോള്‍ ഞാൻ കണ്ടില്ലായിരുന്നല്ലോ…നിങ്ങളുടെ ഈ വാത്സല്യവും,സ്നേഹവും ,കണ്ണുനീരും….ഒന്നും….
ഇപ്പോൾ ഇതൊക്കെ…..എവിടെ നിന്ന് വന്നു”

അവൻ പരിഹാസത്തോടെ ചോദിച്ചു.

” മോനെ…അതു പിന്നെ….ഞാൻ…അറിയാതെ..
എന്റെ വായില്‍ നിന്നും എന്തൊക്കെയോ വീണുപോയി…..ഒന്നും മനപ്പൂര്‍വ്വമല്ല…മോന്‍ അതൊന്നും മനസ്സിൽ വെയ്ക്കണ്ട,മറന്നു കളഞ്ഞേക്ക് ”

” ഞാൻ ഇവിടെ നിന്നും പോയാൽ ഉമ്മാക്കും, മോൾക്കും ജീവിക്കണമെങ്കില്‍ വല്ല കൂലിപ്പണിയ്ക്കും പോകേണ്ടി വരുമെന്ന് മനസ്സിലായിപ്പോൾ പുതിയ അടവുമായി വന്നിരിക്കുന്നു…..അല്ലെ. ഇത്രയും നാളും ഉണ്ടചോറിന് നന്ദി എന്തെന്ന് രണ്ടാളും ആദ്യം പഠിക്ക്…അതു കഴിഞ്ഞ് നമുക്ക് ആലോചിക്കാം…ഇവിടെ താമസിക്കാണോ, അതോ വേണ്ടയോ എന്ന്…..”

നിമിഷനേരം കൊണ്ട് ആ വാഹനം വീട്ടു മുറ്റത്തു നിന്നും റോഡിലേക്കിറങ്ങി…..

പണി പാലും വെള്ളത്തിൽ കിട്ടിയ ഉമ്മയും, മകളും അവന്‍ പോകുന്നതും നോക്കി ജീവ ശവം പോലെ നിന്നു….!!

***********

കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പ്‌…

“എത്രയും പെട്ടെന്ന് ചെറിയൊരു വാടക വീട് ശരിയാക്കണം ,അതുപോലെ ഒരു മാസത്തെക്കെങ്കിലും അവളുടെ കാര്യങ്ങളൊക്കെ നോക്കി നടത്താൻ ഒരാളെ കണ്ടുപിടിക്കുകയും വേണം” പിടയുന്ന മനസ്സോടെ അവന്‍ ആ കവലയിലാകമാനം പാഞ്ഞു നടക്കുമ്പോഴാണ് ചങ്ക്‌ രമേശന്‍ രക്ഷകന്റെ രൂപത്തിൽ അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്….!!
അതും പുതിയ വീടിന്റെ പെയിന്റിങ് പണിയും, പാല് കാച്ചുമൊക്കെ കഴിഞ്ഞ്…കുറച്ചു നാളുകള്‍ക്ക് ശേഷം…

മറച്ചു വെയ്ക്കാൻ ചങ്കിനോട് ഒന്നും ഉണ്ടായിരുന്നില്ല….ഉള്ളതെല്ലാം സങ്കടത്തോടെ അവന്‍ തുറന്നു പറഞ്ഞു….

“അതിനെന്തിനാട അളിയ….നീ വിഷമിക്കുന്നത്…..ഞാനില്ലേ കൂടെ….നീ അവളെയും കൂട്ടി എന്റെ വീട്ടിലേക്ക് പോര്…അവിടെ എത്ര കാലം വേണമെങ്കില്‍ നീ താമസിച്ചോ…..നിന്നെ ആരും അവിടെ നിന്ന് ഇറക്കി വിടില്ല…..ഞാനല്ലേ പറയുന്നത്”

നന്മ വറ്റാത്ത ചില മനുഷ്യര്‍ ഇന്നും ഈ മണ്ണില്‍ ജീവിക്കുന്നുണ്ടെന്ന സത്യം, മാത്രം….!!!

***

രചന: ameen azad

Leave a Reply

Your email address will not be published. Required fields are marked *