ജനനി

രചന: ശിവന്യ അഭിലാഷ്

ജീവനുള്ള കാലംവരെ ഒരിക്കൽ കൂടി കാണരുതെന്ന് ആഗ്രഹിച്ച മുഖമാണ് ഇപ്പോൾ എന്റെ മുന്നിൽ, വിലയേറിയ രൂപാനോട്ട് ഇട്ടിട്ടു പോയത്….

അവൾക്കെന്നെ മനസ്സിലായിട്ടുണ്ടാകുമോ, അല്ല എന്റെ രൂപത്തിനോടുള്ള സഹതാപമോ… അതോ പ്രശസ്തയായ വക്കീൽ ആയപ്പോൾ പാവങ്ങളെ സഹായിക്കുന്നതു കൂടിയതോ….

അവൾ തന്ന കാശെടുത്തു നോക്കിയപ്പോൾ എന്റെ കൈ വിറച്ചു… അവൾ , അവൾ ഒരുത്തി ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ആരോരുമില്ലാതെ തെരുവിൽ അലയേണ്ടി വരുമായിരുന്നോ…?? എന്റെ പതനത്തിന് കാരണം അവളായിരുന്നോ..??. ഞാൻ എന്നോട് തന്നെ എപ്പോഴും ചോദിക്കുന്ന ചോദ്യങ്ങൾ ആണ് ഇത് രണ്ടും…..

********

നാട്ടിൽ അത്യാവശ്യം അറിയപ്പെടുന്ന ഒരു തറവാട്ടിൽ ജനിച്ചതായിരുന്നു ദീജ… അച്ഛന്റെയും അമ്മയുടെയും കടിഞ്ഞൂൽ പുത്രി ആയതു കൊണ്ട് ഇളയവനായ ദിജീഷിനെക്കാളും അവളെ ആയിരുന്നു അവർക്ക് കാര്യം….ആൾക്കാരെ സോപ്പിട്ടു മയക്കി തന്റെ എന്തു കാര്യങ്ങളും സാധിച്ചെടുക്കാൻ ദീജക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു…

പാരലൽ കോളേജിൽ ഡിഗ്രിക്ക് പഠനം നടത്തുമ്പോഴായിരുന്നു അവിടെ തന്നെ പഠിപ്പിക്കുന്ന മനോജ് കുമാറുമായി ദീജ പ്രണയത്തിലാകുന്നത്.. സ്വന്തമെന്നു പറയാൻ ബന്ധുക്കൾ ആരുമില്ലാതിരുന്ന മനോജിന് , ദീജയുടെ സ്നേഹം ഏറ്റവും വലിയ അനുഗ്രഹമായിരുന്നു….

സ്വതവേ മകളുടെ ഒരാഗ്രഹത്തിനും എതിരു പറയാത്ത അച്ഛൻ ദീജയുടെ ആ ആഗ്രഹവും സാധിച്ചു കൊടുത്തു, അല്ലെങ്കിൽ ദീജ സാധിച്ചെടുത്തു…

വിവാഹം കഴിഞ്ഞു മനോജിനെ അമ്മായിഅച്ഛൻ ദുബായിലേക്ക് അയക്കുമ്പോൾ ദീജ ആറുമാസം ഗർഭിണി ആയിരുന്നു…. മകൻ പിറന്നു അവനു രണ്ടു വയസ്സ് ആയപ്പോഴാണ് പിന്നെ മനോജ് നാട്ടിലെത്തിയത്… പിന്നത്തെ പോക്കിനിടയിൽ ദീജ വീണ്ടും ഗർഭിണി ആയി… വീണ്ടും ഒരു മകൻ കൂടി പിറന്നപ്പോൾ ദീജയുടെ നിര്ബന്ധപ്രകാരം മനോജ് അവളെയും കുട്ടികളെയും ദുബായിലേക്ക് കൂട്ടി…

മൂന്നു വർഷത്തോളം അവിടെ വളരെയധികം സന്തോഷത്തിൽ അവർ കഴിഞ്ഞു.. അതിനിടയിലാണ് ദീജയുടെ അമ്മ കോണിപ്പടിയിൽ നിന്നും വീണ് കിടപ്പിലാകുന്നത്… അതോടെ ദുബായിലെ ജീവിതം അവസാനിപ്പിച്ചു ദീജ നാട്ടിലെത്തി… ഏറെ നാളത്തെ ചികിത്സക്ക് ശേഷവും ഭാര്യ തന്നെ വിട്ടുപോയപ്പോൾ അവരെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ദീജയുടെ അച്ഛന്റെ ഒരു ഭാഗം തളർന്നതുപോലെ ആയി… വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ അഞ്ചു വർഷങ്ങളോളം അദ്ദേഹം കഴിഞ്ഞപ്പോൾ ദീജ നാട്ടിൽ സ്ഥിര താമസമാക്കി….

പിന്നൊരു അശുഭദിനത്തിൽ അദ്ദേഹവും യാത്രആയതോടെ മനോജും ദുബായ് ജീവിതം അവസാനിപ്പിച്ചു നാട്ടിൽ എത്തി….

കുടുംബസ്വത്തായി ദീജക്ക് കിട്ടിയതൊക്കെ എടുത്തു ആദ്യമായ് മനോജ് ചെയ്ത ബിസിനസ് ഒന്നും ബാക്കി വെക്കാതെ തകർന്നു…. പിന്നീട് ബാങ്കിൽ നിന്ന് ഭീമമായ തുക ദീജയുടെ അനിയന്റെ സ്വത്ത് പണയം വെച്ചു ലോൺ എടുത്തു അവർ ടൗണിൽ ഒരു കമ്പ്യൂട്ടർ സ്ഥാപനവും കൂടെ ഒരു ബ്യൂട്ടി പാർലറും തുടങ്ങി… അവളും മനോജും കുട്ടികളും ആ സ്ഥാപനത്തിൽ തന്നെ താമസിച്ചു… അതു പതിയെ പച്ചപിടിച്ചു വന്നപ്പോൾ സ്ഥാപനത്തിനടുത്തു അവർ ഒരു വീട് വാടകക്ക് എടുത്തു….. സ്ഥാപനത്തിൽ സ്റ്റാഫ് ആയി വീട്ടിൽ ദാരിദ്ര്യം ഉള്ള പെണ്കുട്ടികളെ മാത്രം ദീജ സെലക്ട് ചെയ്തു…. ഓഫീസ് സ്റ്റാഫ് എന്നു പറഞ്ഞു നിയമനം നടത്തിയ , പതിനെട്ടിനുള്ളിൽ പ്രായം ഉള്ള പെണ്കുട്ടികളെ കൊണ്ടു ദീജയുടെ വീട്ടുജോലി കൂടി ചെയ്യിപ്പിക്കാം എന്നായിരുന്നു അവൾ കണ്ട നേട്ടം… തന്റെയും ഭർത്താവിന്റെയും മക്കളുടെയും അടിവസ്ത്രം വരെ കഴുകിച്ചും വീട് വൃത്തിയാക്കിച്ചും തനിക്ക് ഉണ്ണാൻ ഉള്ളത് അവരെ കൊണ്ട് ഉണ്ടാക്കിപ്പിച്ചും തന്റെ വീട്ടുകാര്യത്തിനും സ്ഥാപനത്തിന്റെ ആവശ്യത്തിനും എല്ലാം കൂടി പെണ്കുട്ടികളെ ഉപയോഗിച്ച് ദീജ സുഖിച്ചു…. പാവപ്പെട്ട വീട്ടിൽ നിന്ന് വരുന്ന കുട്ടികളെ മോളേയെന്നും കുഞ്ഞേയെന്നുമൊക്കെ വിളിച്ചു സ്നേഹം അഭിനയിച്ചു അവൾ ഒക്കെ സാധിച്ചെടുത്തു….

പക്ഷെ ഒരു ദിവസം അതിരാവിലെ സ്ഥാപനത്തിൽ എത്തിയ ദീജയെ എതിരേറ്റത് അവളെ എല്ലാ കാര്യങ്ങളിലും ഒരുപാട് സഹായിച്ചിരുന്ന വിനീതയും മനോജും തമ്മിൽ ഒരു പുതപ്പിനുള്ളിൽ പരസ്പരം സഹായിക്കുന്നതായിരുന്നു….

ദീജയെ കണ്ട മനോജ് ഒന്നു പതറി എങ്കിലും വിനീതക്കു ഭവഭേദം ഉണ്ടായിരുന്നില്ല….

“ചേച്ചിയുടെ വീട്ടുജോലികൾ എല്ലാം ഞാൻ ചെയ്യുന്നില്ലേ, അപ്പൊ ഇതു കൂടി ഞാനങ്ങു ചെയ്തോളും…”

അവളുടെ വാക്കുകൾ ദീജയെ തകർത്തു…

പക്ഷേ മനോജിനെതിരെ പ്രതികരിക്കാൻ ദീജ തയ്യാറായില്ല… അവളുടെ പേരിൽ അയാൾ വരുത്തി വെച്ച കടങ്ങൾ, സ്കൂളിൽ പഠിക്കുന്ന മക്കൾ, കുടുംബത്തിന്റെ അഭിമാനം എല്ലാം ഓർത്തപ്പോൾ പ്രതികരിക്കാതെ ഒന്നും കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോകാനേ അവൾക്കു കഴിഞ്ഞുള്ളൂ….

പിന്നെ പിന്നെ വിനീതയിൽ നിന്ന് അയാളുടെ നോട്ടം മറ്റു പെണ്കുട്ടികളിലേക്കും നീണ്ടു…

പലതും പറഞ്ഞു പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും അയാൾ തന്റെ ആഗ്രഹം തീർത്തുകൊണ്ടിരുന്നു… ഒരിക്കൽ ഒരു പെണ്കുട്ടിയെ തന്റെ കൂട്ടുകാരനും കൂടി കാഴ്ചവെച്ചപ്പോൾ അവൾ ആത്മഹത്യ ചെയ്തു….

പൈസ കൊടുത്തു മനോജ് കേസ് ഒതുക്കി തീർത്തു… അതോടുകൂടി ദീജ ആകെ തളർന്നു… പക്ഷെ മനോജ് തന്റെ അഴിഞ്ഞാട്ടം തുടർന്നു… അങ്ങനെയിരിക്കെയാണ് അവൾ, ജനനി അവിടെ ജോലിക്ക് വന്നത്…

അമ്മ മാത്രമുള്ള ജനനിയെ ജോലിക്ക് എടുത്തത് മനോജ് ആയിരുന്നു…

അവളുടെ അഭൗമമായ സൗന്ദര്യത്തിൽ ഒറ്റ നോട്ടത്തിൽ അയാൾ ആകൃഷ്ടനായിരുന്നു….

ജനനിയെ ദീജ ആവശ്യത്തിൽ കൂടുതൽ ജോലികൾ ചെയ്യിപ്പിച്ചു… അവൾ മറുത്തൊരക്ഷരം പറഞ്ഞില്ല…. എത്രയും പെട്ടെന്ന് തന്നെ മനോജ് അവളെയും പാട്ടിലാക്കുമെന്നു ദീജക്കറിയാമായിരുന്നു…

പക്ഷെ ഒരു തരത്തിലും വഴങ്ങാത്ത ജനനിയെ ആക്രമിച്ചു കീഴടക്കുമ്പോൾ തന്റെ ജീവിതം അവസാനിക്കാറായെന്നു മനോജ് അറിഞ്ഞിരുന്നില്ല…

അതേ റൂമിൽ താൻ നേരത്തെ സെറ്റ് ചെയ്തു വെച്ച ക്യാമറയിലൂടെ മനോജ് തന്നെ ആക്രമിക്കുന്നത് റെക്കോഡ് ചെയ്ത ജനനി നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാണ്… കൂടെ അവളുടെ സുഹൃത്ത്, പ്രശസ്തനായ ക്രിമിനൽ ലോയർ നോബിൾ കൂടി ഉണ്ടായിരുന്നു..

എല്ലാ തെളിവുകളോടും കൂടി വന്ന ജനനിയുടെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു…. വളരെ പെട്ടെന്ന് തന്നെ മനോജ് കുമാറും ദീജയും ശാരീരികമായും മാനസികമായും പീഡിപ്പിച്ച എല്ലാ പെണ്കുട്ടികളും കേസുമായി മുന്നോട്ടു വന്നു…

രണ്ടുപേരും അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ പതിനഞ്ച് വയസ്സുകാരൻ ചേട്ടൻ തന്റെ അനിയനും വിഷം കൊടുത്തു സ്വയം ജീവിതം അവസാനിപ്പിച്ചു….

അച്ഛന്റെ അപഥസഞ്ചാരണതിന്റെ വിശേഷങ്ങൾ അറിഞ്ഞ മക്കൾക്ക് അതു താങ്ങാവുന്നതിലും അധികം ആയിരുന്നു….

വീണ്ടും ഉള്ളതെല്ലാം വിറ്റു പെറുക്കി പെണ്കുട്ടികള്ക്ക് കൊടുത്തു കേസ് കോടതിക്ക് പുറത്തു തീർപ്പാക്കി…

ജനനി അഞ്ചുപൈസ പോലും വാങ്ങിയില്ല…

അവസാനമായി ജനനിയെ കണ്ടതു അന്നായിരുന്നു…. മനോജിന്റെ മുഖത്തു കാർക്കിച്ചു തുപ്പിയ അവൾ ദീജയുടെ നേർക്കു തിരിഞ്ഞു…

” മാഡം ദീജ, ഭർത്താവ് തെറ്റു ചെയ്യുമ്പോൾ അതിന്റെ ദേഷ്യം പാവപെട്ട പെണ്കുട്ടികളെ ഉപദ്രവിച്ചു കൊണ്ടായിരുന്നില്ല തീർക്കേണ്ടിയിരുന്നതു… വലിയ വിദ്യാഭ്യാസം ഇല്ലാത്തതു കൊണ്ടും വീട്ടിലെ ദാരിദ്ര്യം കൊണ്ടും മാത്രമാകും പലരും നിങ്ങളുടെ അടിമയായി അവിടെ നിന്നതു… എന്തുകൊണ്ട് നിങ്ങളുടെ ഭർത്താവിനെ നിങ്ങൾ തിരുത്തിയില്ല??? അയാളെ കയറൂരി വിട്ട് അയാളുടെ കൂടെ തന്നെ ജീവിച്ചു… ഛീ… അറപ്പുതോന്നുന്നു നിങ്ങളോട് …. ആത്മാഭിമാനമുള്ള ഒരു സ്ത്രീയും നിങ്ങളേ പോലെ ആകില്ല… എന്തൊക്കെ ന്യായങ്ങൾ പറയാന് ഉണ്ടെങ്കിലും അന്ന് ആദ്യമായി അയാൾ തെറ്റു ചെയ്തപ്പോൾ ഇറങ്ങി പോയിരുന്നെങ്കിൽ ആ മക്കളെങ്കിലും ഇന്ന് കൂടെ ഉണ്ടാകുമായിരുന്നില്ലേ… നാണമില്ലല്ലോ നിങ്ങൾക്ക്…. അതേ…എല്ലാം , എല്ലാം എന്റെ പ്ലാൻ ആയിരുന്നു ദീജ മാഡം…നിങ്ങളുടെ ഓഫീസിൽ ജോലിക്ക് വന്ന അന്ന് തന്നെ അവിടെ ഇതുവരെ ഉണ്ടായിരുന്ന എല്ലാവരുടെയും ഡാറ്റ ഞാൻ എടുത്തിരുന്നു… എന്റെ സുഹൃത്തുക്കളും ഞാനും നിരന്തരം അവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു… എന്നെങ്കിലും ഒരു ദിവസം ഈ നാറിക്കെതിരെ ഞാൻ കേസ് കൊടുക്കുമ്പോൾ എന്റെ കൂടെ നിൽക്കാമെന്നു ഞാൻ അവരെ കൊണ്ട് സമ്മതിപ്പിച്ചിരുന്നു… ഇനി ഇതൊക്കെ എന്തിനാണ് എന്നല്ലേ… എന്റെ ചേച്ചിക്ക് വേണ്ടി… നിങ്ങൾ കാരണം ആത്മഹത്യ ചെയ്ത എന്റെ ജീനചേച്ചിക്ക് വേണ്ടി… തന്റെ മാനത്തെക്കാൾ വലുതല്ല ജീവിതം എന്നു കരുതുന്ന എന്റെ ചേച്ചിയെ പോലുള്ള പെണ്കുട്ടികള് ഇവനെപോലുള്ള നായകളുടെ ആക്രമണം അതിജീവിക്കില്ല മാഡം…. ഇത് പ്രതികാരം മാത്രമല്ല, ഇനി ഇയാൾ ഒരു പെണ്ണിനെയും പീഡിപ്പിക്കാതിരിക്കാൻ വേണ്ടി… പിന്നെ എന്നെ ഇയാൾ ചെയ്തത് , നല്ലോണം സോപ്പിട്ടു തേച്ചു കുളിച്ചാൽ പോകാവുന്നതെ ഉള്ളൂ… പേ പിടിച്ച ഒരു പട്ടി എന്നെ ആക്രമിച്ചതായെ ഞാൻ കരുതുന്നുമുള്ളൂ… നിങ്ങൾ ഒരുത്തി നന്നായിരുന്നെങ്കിൽ ഈ പട്ടിയെ എന്നേ കൊല്ലാമായിരുന്നു… എന്റെ ചേച്ചി ഇന്ന് ജീവനോട് കൂടി ഉണ്ടാകുമായിരുന്നു….”

അത്രയും പറഞ്ഞു ജനനി തന്റെ മുന്നിൽ നിന്ന് മറഞ്ഞപ്പോൾ ഒരു ജീവച്ഛവം പോലെ നിൽക്കുകയായിരുന്നു ദീജ….

പണം കടം തന്നവരും ബാങ്കുകാരും ശല്യം ചെയ്യുന്നത് പതിവായപ്പോൾ ഒരു മുളം കയറിൽ ജീവിതം അവസാനിപ്പിച്ചു അവൾ….

********

“മരണത്തിനു പോലും വേണ്ടാതെ, വീണ്ടും അനാഥനായി ഞാൻ മാത്രം…. കൂടെ കാൻസർ എന്ന മഹാരോഗവും… ഇപ്പോൾ ടൗണിൽ പലയിടത്തും നടന്നു പിച്ചയെടുത്തു ജീവിക്കുന്നു…

ദൈവത്തിന്റെ കണക്ക്പുസ്തകത്തിൽ എനിക്കുള്ള ശിക്ഷ തീർന്നിരിക്കില്ല, അല്ലെങ്കിലും ദൈവത്തിന് ഉപ്പും മുളകും വിൽകുന്നതല്ലല്ലോ പണി… ആ കണ്ണുകളിൽ എല്ലാം കാണാം… ചെയ്യുന്ന ക്രൂരതകൾക്ക് ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും ശിക്ഷ കിട്ടിയിരിക്കും… അതേ എന്റെ പതനത്തിനുള്ള കാരണം ഞാൻ മാത്രമാണ്… ഞാൻ മാത്രം…”

തന്റെ ജീവിതത്തിൽ ഇനി ലഭിക്കാനുള്ള ഏറ്റവും വലിയ അനുഗ്രഹമായ മരണത്തെ കാത്തു കൊണ്ടു മനോജ് ആ പീടികത്തിണ്ണയിൽ കിടന്നു….

(അവസാനിച്ചു)

രചന: ശിവന്യ അഭിലാഷ്

Leave a Reply

Your email address will not be published. Required fields are marked *