നാണത്താൽ പുഞ്ചിരിച്ച അവളെ ഒന്നൂടെ ചേർത്തു പിടിച്ചു ചുംബിക്കാൻ തുടങ്ങിയപ്പോൾ അവൾ തടഞ്ഞു….

രചന: നവാസ് ആമണ്ടൂർ

“നിന്റെ തന്തയോട് പോയി ചോദിക്ക് …”

പെട്ടന്ന് വന്ന ദേഷ്യത്തിലാണ് അവളോട്‌ തന്തയോട് പോയി ചോദിക്കാൻ പറഞ്ഞത് .

അത് വരെ ഞാൻ പറയുന്നതിന് കട്ടക്ക് മറുപടി പറഞ്ഞു നിന്നിരുന്ന അവൾ പിന്നെ മിണ്ടിയില്ല .

നിശബ്ദതയായ അവളുടെ മുഖത്ത്‌ സങ്കടത്തിന്റെ കാർമേഘം കനത്തു നിന്നു. കടിച്ചു പിടിച്ചിട്ടും കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണീർ തുള്ളികൾ ഓരോന്നായി അടർന്നു വീണു.

എന്നെപ്പോലെ ഒട്ടുമിക്ക ഭർത്താക്കന്മാരും ഇങ്ങനെയൊരു ചീത്ത സ്വഭാവം ഉള്ളവരാണ് ..ദേഷ്യം വരുമ്പോൾ ഭാര്യയുടെ തന്തക്കും തള്ളക്കും പറയും, അല്ലെങ്കിൽ അവളുടെ വീട്ടുകാരെ കുറ്റപ്പെടുത്തി എന്തെങ്കിലും പറയും.അതോടെ ഭാര്യ കീഴടങ്ങും .

“വാ ഇക്കാ ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട് ..”

എത്ര സങ്കടപ്പെടുത്തിയാലും ചീത്തപറഞ്ഞാലും ഇവൾക്ക് എങ്ങനെ കഴിയുന്നു പുറത്ത് സങ്കടം കാണിക്കാതെ കണ്ണീർ കാണിക്കാതെ വീണ്ടും മുന്നിൽ വരാൻ .

ഞാൻ കൈയും മുഖവും കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു .രാത്രിയിൽ ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണത്തിന് ഇരിക്കുക .എനിക്കുള്ള ത് വിളമ്പി അവളും ഒരു പ്ലെയിറ്റ് എടുത്തു വെച്ച് കുറച്ചു ചോറ് ഇട്ടു ..

“നിനക്ക് എന്താ വിശപ്പില്ലേ ..?”

അവൾ മറുപടിയൊന്നും പറഞ്ഞില്ല .

ആ പ്ലൈറ്റിലെ ചോറിൽ കൈ വെച്ച് അങ്ങനെ ഇരിക്കുന്ന അവളുടെ മനസ്സിൽ വേറെ എന്തൊക്കെയോ ആണ് ചിന്ത.

ഇപ്പോഴും മുഖം ശാന്തമായിട്ടില്ല.മനസ്സിൽ നിറഞ്ഞു വിതുമ്പുന്ന നോവ് ഒളിപ്പിച്ച ഭാവം.. അടരാൻ വെമ്പി നിൽക്കുന്ന കണ്ണീർ തുള്ളികൾ ഇപ്പോഴും ഉണ്ട് കണ്ണുകളിൽ..

എന്റെ നോട്ടം ടീവിയിൽ ആണെങ്കിലും ഇടക്കിടെ ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ട്. അവളുടെ ആ ഇരിപ്പ് കണ്ടിട്ട് നല്ല ദേഷ്യം വരികയും ചെയ്തു .

സങ്കടം ഉണ്ടെങ്കിലും ചിന്ത വേറെ എവിടെയോ ആണെങ്കിലും എനിക്ക് വേണ്ടത് വിളമ്പാൻ അവൾ വിട്ട് പോയില്ല.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ടിവി ഓഫ് ചെയ്ത് ഞാൻ വന്ന് കിടന്നു. കുറച്ചു കഴിഞ്ഞു അവളും വന്ന് അരികിൽ കിടന്നു .കുറച്ചു നേരം മിണ്ടാതെ തിരിഞ്ഞു കിടന്ന അവൾ എന്റെ അരികിലേക്ക് തിരിഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും ചാലിട്ട് ഒഴുകിയ കണ്ണീർ തുടച്ചു .

“ഇക്കാ ..ഞാൻ ഇക്കയുടെ ഭാര്യയാണ് ..ഇക്കാക്ക് എന്നെ എന്ത് വേണെങ്കിലും പറയാം..തല്ലാം…എന്തിനാ ഇക്കാ ന്റെ ഉപ്പയെ പറയുന്നത് ..?”

“ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ….പറഞ്ഞ് പോയതാണ് .”

“ഇക്കാക്ക് അറിയോ..എന്റെ ഉപ്പാക്കും ഉമ്മാക്കും എന്നേക്കാൾ കൂടുതൽ സ്‌നേഹം ഇക്കയോടാണ്…മരുമോൻ ആയിട്ടില്ല ….സ്വന്തം മോനായിട്ടാ ..അവർ ഇക്കാനെ കാണുന്നത്…എന്നിട്ടും ”

അത് വരെ തടഞ്ഞു നിർത്തിയ സങ്കടം അവളിൽ നിന്നും പൊട്ടി ഒഴുകി .

ഷാൾ കൊണ്ട് മുഖം പലവട്ടം തുടച്ചു .

കുട്ടികൾ കരയുന്നപോലെ ഏങ്ങിക്കരയുന്ന അവളെ ഞാൻ എന്നിലേക്ക് ചേർത്തു പിടിച്ച് കണ്ണീർ തുടക്കാൻ വിരൽ നീട്ടി .

അവൾ എന്റെ കൈ തട്ടി മാറ്റി .

“പോട്ടെ മോളെ ക്ഷമിക്ക് ..സോറി ..പ്ലീസ് …ഇനി പറയില്ല അങ്ങനെ .”

“ആദ്യമായിട്ടല്ല ഒരുപാട് പ്രാവശ്യമായി ഇക്ക ..”

“ഇനി ഉണ്ടാവില്ല …പടച്ചോനാണെ.”

കുറച്ച് സമാധാനത്തോടെ അവൾ എന്റെ നെഞ്ചിൽ കിടന്നപ്പോൾ എന്റെ ചിന്ത ഉണർന്നു .

ഒരു മോൾ ഉണ്ടായി .അവളെ പുന്നാരത്തോടെ വളർത്തി .അവൾക്ക് ആവശ്യം ഉള്ളത് എല്ലാം കൊടുത്ത്‌ സ്നേഹിച്ച് ,അവൾക്ക് എന്തങ്കിലും അസുഖം വന്നാൽ ഉറക്കം പോലും കളഞ്ഞു വിഷമത്തോടെ കൂടെ നിന്ന് മോളൊന്ന് കരഞ്ഞാൽ കണ്ണ് നിറയുന്ന ഉമ്മയും വാപ്പയും .പഠിപ്പ് ..വസ്ത്രം ..ഭക്ഷണം അങ്ങനെ അവൾ ആഗ്രഹിക്കുന്നതെല്ലാം നൽകി ..ഓരോ നിമിഷത്തിലും ഓമനിച്ചു ലാളിച്ചു വളർത്തുന്നതിന്റെ ഇടയിൽ എന്തെല്ലാം ടെൻഷനുകൾ ..പ്രായമായാൽ പിന്നെ അവളെ കെട്ടിക്കാനുള്ള കണക്കുക്കൂട്ടലുകൾ…

കടം വാങ്ങിയതും കൂട്ടി വെച്ചതും എല്ലാം ചേർത്തു മണവാട്ടിയാക്കി മോളെ കല്യാണപന്തലിൽ ഇരുത്തുന്ന നേരത്ത്‌ അവളുടെ വാപ്പയുടെയും ഉമ്മയുടെയും മനസ്സിൽ സങ്കടം ആയിരിക്കും ….നാളെ മുതൽ അവൾ ഞങ്ങളെ കൂടെ ഇല്ലല്ലോ എന്ന സങ്കടം .

എങ്കിലും ..ഇന്നലെ വരെ ഈ വീട്ടിൽ വാശി പിടിച്ചും തമാശകൾ പറഞ്ഞും കളിയും ചിരിയുമായി ഓടി നടന്ന പുന്നാര മോൾ..അവൾ മണവാട്ടിയായി അവളെ ആണോരുത്തന്റെ കൈ പിടിച്ചു പുതിയ ജീവിതം തുടങ്ങുന്നതും അവൾക്കും ഒരു കുടുംബമുണ്ടാകുന്നതും കാണുമ്പോൾ വാപ്പയുടെയും ഉമ്മയുടെയും ഉള്ളിൽ സമാധാനമാണ് .

ഏതോ ഒരു വീട്ടിൽ ജനിച്ചു വളർന്ന ആണിന് ഇണയാക്കാനും തുണയാകാനുമാണ് അവളെ ഒരു നിധി പോലെ ഉമ്മയും ഉപ്പയും അവളെ നോക്കി വളർത്തിയത്.അവളെ കണ്ണിലെ കൃഷ്ണ മണിപോലെ നോക്കി നല്ല നിലയിൽ വളർത്തി വലുതാക്കി അവൾക്കൊപ്പം പണവും സ്വർണ്ണവും ഒക്കെ കൊടുത്ത് അവന്റെ ഒപ്പം പറഞ്ഞു വിട്ട വാപ്പയെയും ഉമ്മയെയും കുറ്റം പറയുന്നത്… അവളുടെ തന്തക്ക് പറയുന്നത് തള്ളക്ക് പറയുന്നത് മോശവും നന്ദികേടുമാണെന്ന് എന്തെ ഓർക്കാത്തത് .

“ഇക്കാ …ഉറങ്ങുന്നില്ലേ ..?”

“ഉം …ഉറങ്ങണം …മോളെ സോറി .അത് അങ്ങനെ പറഞ്ഞ് പോകുന്നതാണ് . നിന്റെ വാപ്പയും ഉമ്മയും എന്റെയും ആണ് .ആ ഇഷ്ടവും ബഹുമാനവും ഒരിക്കലും ആ ഇഷ്ടം ഇല്ലാതാവില്ല .”

“ഇക്കാടെ വാപ്പാക്ക് വിളിച്ചിട്ടല്ലേ ഗൾഫിൽ വെച്ച് അറബിനെ തല്ലിയത് .എന്നിട്ടല്ലേ ജോലി പോയത് അങ്ങനത്തെ ആളാണ് എന്റെ വാപ്പാക്ക് വിളിക്കുന്നത് .”

“ഒന്ന് പോടീ പെണ്ണെ …ജോലി പോയാൽ എന്താ അതുകൊണ്ടല്ലേ ഇപ്പൊ ഇങ്ങനെ എന്നും എന്റെ മുത്തിനെ കെട്ടിപ്പിടിച്ചു കിടക്കാൻ പറ്റണത് .”

“പോടാ തെമ്മാടി ”

നാണത്താൽ പുഞ്ചിരിച്ച അവളെ ഒന്നൂടെ ചേർത്തു പിടിച്ചു ചുംബിക്കാൻ തുടങ്ങിയപ്പോൾ അവൾ തടഞ്ഞു.

‘എന്തെ’ …എന്ന അർത്ഥത്തിൽ നോക്കിയപ്പോൾ അവൾ പറഞ്ഞു .

“കൊരങ്ങാ കൊറോണ ആയതോണ്ട് തല്ക്കാലം കെട്ടിപ്പിടുത്തവും ഉമ്മവെക്കലും നിർത്തി വെച്ചു ഞാൻ .”

പറഞ്ഞ് കഴിഞ്ഞതും എല്ലാ സങ്കടങ്ങളും മറന്ന് ചിരിച്ച അവളുടെ ചിരിയിൽ ഞാനും ചേർന്നു .

രചന: നവാസ് ആമണ്ടൂർ

Leave a Reply

Your email address will not be published. Required fields are marked *