മറ്റുള്ളവരുടെ ഭാര്യമാരെ സ്നേഹിക്കാനുള്ള ഈ ആവേശത്തിന്റെ നൂറിലൊരംശം സ്വന്തം ഭാര്യയോട് ഉണ്ടായിരുന്നേൽ…

രചന: സന്തോഷ് അപ്പുക്കുട്ടൻ

“വാട്ട് എ സർപ്രൈസ് ?മുന്നിൽ നിൽക്കുന്നത് നന്ദയാണെന്നു ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല”

കിഷോറിന്റെ ശബ്ദമുയർന്നപ്പോൾ ചുറ്റുമുള്ളവർ അവരെ നോക്കി.

അത്രയ്ക്കും ശബ്ദത്തിലായിരുന്നു കിഷോറിന്റെ സംസാരം.

നഗരത്തിലെ ഒരു എക്സിബിഷൻ സെന്ററിൽ വെച്ചായിരുന്നു കിഷോർ, നന്ദയെ കണ്ടത്!

മഴ പെയ്യുന്നതു പോലെ ചോദ്യങ്ങൾ ഒരായിരം അവനിൽ നിന്നു പെയ്തിറങ്ങി.

“താനെന്താടോ ഒന്നും മിണ്ടാത്തത്?”

ഒടുവിൽ കിഷോർ അത് ചോദിക്കുമ്പോൾ, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുതിർന്നു.

“അതിന് കിഷോർ എനിക്ക് സംസാരിക്കാൻ സമയം തന്നിട്ടു വേണ്ടേ?”

ആ ചോദ്യം അവൻ കേട്ടില്ല!

നന്ദയുടെ പുഞ്ചിരി മാത്രമായിരുന്നു അവന്റെ മനസ്സിൽ.

ചുവന്ന ചുണ്ടുകൾക്കിടയിൽ വിരിഞ്ഞ മുല്ലമൊട്ട് പോലെയുള്ള ദന്ത നിരകളുടെ തിളക്കത്തിൽ അവന്റെ കണ്ണടഞ്ഞു പോയിരുന്നു.

” കിഷോർ എന്താ എന്നെ ആദ്യമായി കാണുന്നതുപോലെ നോക്കുന്നത്?”

നന്ദയുടെ ചോദ്യം കേട്ടപ്പോൾ, കണ്ണു തുറന്നു അവളെ തന്നെ നോക്കി നിന്നു കിഷോർ.

“ഇതെന്തൊരു ചിരിയാണടോ? ആളങ്ങ് മയങ്ങി പോകുമല്ലോ?”

“ഒന്നു പോ,കിഷോറെ. കോളേജിൽ നമ്മൾ പഠിക്കുമ്പോഴും ഈ ചിരി തന്നെ ആയിരുന്നില്ലേ എനിക്ക്?”

അവളത് പറയുമ്പോൾ, അവളുടെ ചുണ്ടിൽ നാണം വിടരുന്നത് അവൻ ഒരു പ്രതീക്ഷയോടെ കണ്ടു.

” അന്നും ഈ ചിരി തന്നെയായിരിക്കാം. പക്ഷേ ഇപ്പോൾ എന്തോ ആകർഷണമുള്ളതുപോലെ ”

നന്ദയുടെ നിറഞ്ഞ മാറിടത്തിലേക്ക് നോക്കി അവനത് പറയുമ്പോൾ പതിയെ ചുണ്ട് നനച്ചു.

“ഭർത്താവ് എവിടെയാ? എന്തു ചെയ്യുന്നു?”

നന്ദയുടെ മാറിൽ പറ്റി ചേർന്നിരുന്ന താലിയിലേക്ക് നോക്കി അവൻ ആകാംക്ഷയോടെ ചോദിച്ചു.

“ഭർത്താവിനെ നീയറിയും – കോളേജിൽ നമ്മുടെ ഒപ്പമുണ്ടായിരുന്ന ഹരീന്ദ്രൻ”

കിഷോർ ഒരു ഞെട്ടലോടെ തലയിൽ കൈവെച്ചു.

” ആ രണ്ടും കെട്ടവനെയോ?”

പെട്ടെന്നായിരുന്നു കിഷോറിൽ നിന്ന് ആ ചോദ്യമുയർന്നത്.

നന്ദയുടെ കണ്ണ് പതിയെ നിറഞ്ഞത് കിഷോർ കണ്ടു.

അവൻ പതിയെ അവളുടെ കണ്ണീർ തുടയ്ക്കാൻ കൈ നീട്ടിയതും, അവൾ ചുറ്റുമൊന്നു നോക്കി പിന്നോട്ടു വലിഞ്ഞു.

തങ്ങൾക്കു ചുറ്റും ജനസാഗരമിരമ്പുന്നുണ്ടെന്ന് അപ്പോഴാണ് കിഷോർ ഓർത്തത്!

“നീയും അവനും തമ്മിലുള്ള സൗഹൃദം ഇത്രത്തോളം എത്തുമെന്ന് ഞാനറിഞ്ഞില്ല ”

കിഷോർ തലയിൽ കൈവെച്ചു കൊണ്ട് അവളെ തന്നെ നോക്കി നിന്നു.

” അതു പോട്ടെ എങ്ങിനെ പോകുന്നു കുടുംബ ജീവിതം?”

ഒരു കള്ള ചിരിയോടെ അവനത് ചോദിച്ചപ്പോൾ, എന്തോ ഓർത്ത് നന്ദയും ചിരിച്ചു.

” ഇങ്ങിനെ പോണു ”

ആ വാക്കുകൾ സംതൃപ്തമല്ലാത്ത കുടുംബ ജീവിതം നയിക്കുന്ന ഭാര്യയുടെ തേങ്ങൽ പോലെ തോന്നി കിഷോറിന്.

കോളേജിൽ ഒന്നിച്ചു പഠിച്ചവരാണ് കിഷോറും,നന്ദയും, ഹരീന്ദ്രനും !

സ്ത്രൈണതയുള്ള ഹരിയുമായുള്ള നന്ദയുടെ കൂട്ട് കിഷോറിന് തീരെ പിടിച്ചിരുന്നില്ല.

നന്ദയുടെ വാലിൽ തൂങ്ങി ഹരി, കാൻറീനിലേക്കും ലൈബ്രറിയിലേക്കും പോകുമ്പോൾ, കിഷോർ ദേഷ്യം കടിച്ചമർത്തിയിരുന്നു.

ഒരിക്കൽ അവനോട് അതും പറഞ്ഞ് പൊട്ടിത്തെറിച്ചിട്ടുണ്ട്.

” നീയെന്തിനാടാ അവൾടെ പിന്നാലെ നടക്കുന്നത്- അവളെ ഒരിക്കലും നിനക്ക് വിവാഹം കഴിക്കാൻ പറ്റില്ല ”

“അതെന്താ ഞാൻ കല്യാണം ചെയ്താൽ?”

അന്ന് തന്റെ നേരെ പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു അവന്റെ ചോദ്യം:

ആ ചോദ്യം കേട്ട് ഞാൻ പൊട്ടി ചിരിച്ചതിന്റെ അലയൊലി, വർഷങ്ങൾക്കിപ്പുറവും തന്റെ കാതിൽ മുഴങ്ങുന്നുണ്ട്!

“കല്യാണം ചെയ്താൽ ഒരു ആണെന്ന നിലയിൽ നിനക്ക് അവളെ സംതൃപ്തിപെടുത്താൻ കഴിയില്ല – അതുകൊണ്ട് അവൾ മറ്റുള്ളവരെ തേടി പോകും”

തന്റെ മുഖത്തേക്ക് നോക്കി രണ്ട് നിമിഷം നിന്നിട്ട് പൊട്ടിക്കരഞ്ഞുകൊണ്ടവൻ നടന്നു നീങ്ങിയത് ഇന്നും ഓർമ്മയുണ്ട്.

” കിഷോർ ഏതോ ഓർമ്മയിലാണെന്നു തോന്നുന്നു?”

നന്ദയുടെ ചോദ്യം കേട്ടപ്പോൾ, കിഷോർ തല കുലുക്കി.

” അന്ന് പിണങ്ങി പോയ അവൻ കോളേജിൽ വരാതിരുന്നപ്പോൾ, നീയല്ലേ അവനെ ആശ്വസിപ്പിച്ച് കൊണ്ടുവന്നത്?”

അതിനുത്തരം പറയാതെ കിeഷാറിനെ തന്നെ നോക്കി നിന്നു നന്ദ:

” ആ ദേഷ്യത്തിന് രണ്ട് തല്ല് ഈ കവിളിൽ ഞാൻ തല്ലിയിട്ടുണ്ട് .സോറി നന്ദ ”

” എന്തിനു സോറി കിഷോർ ! ആ തല്ല് എനിക്കാവശ്യമായിരുന്നു. ഇടയ്ക്കൊക്കെ ആ അടിയുടെ മുഴക്കം, ഒരു സംഗീതം പോലെ ചെവിയിൽ മൂളാറുണ്ട്

“വല്ലാത്ത ചൂട് നമ്മൾക്ക് തണുത്തത് എന്തെങ്കിലും കഴിച്ചാലോ?”

നന്ദയുടെ ചോദ്യം കേട്ടപ്പോൾ, കിഷോർ ഉത്സാഹത്തോടെ തലയാട്ടി.

” ഇപ്പോഴും കിഷോറിന് ഒരു മാറ്റവും വന്നിട്ടില്ല. വന്ന ചില മാറ്റങ്ങൾ, ടീ ഷർട്ടിനെ കുത്തിനോവിക്കുന്ന മസിലുകൾ മാത്രം ”

അത് കേട്ടപ്പോൾ കിഷോർ, അവളെ ഒന്നു നോക്കി കണ്ണടച്ചു.

പെട്ടെന്ന് കിഷോറിന്റെ മൊബൈൽ ചിലച്ചു.

“ഹായ് ദിവ്യാ… വരാനിത്തിരി വൈകും. അതു വരെ ക്ഷമിക്ക് ”

മൊബൈലിലൂടെ അതും പറഞ്ഞ് ചിരിയോടെ നന്ദയെ നോക്കി കിഷോർ.

“ആരാ അത്?”

നന്ദ സംശയത്തോടെ കിഷോറിനെ നോക്കി.

” അതോ – എനിക്കിവിടെ ഒരു ജിംനേഷ്യം സെൻറർ ഉണ്ട്. അവിടെ വരുന്ന കുട്ടിയാണ്”

നന്ദ അർത്ഥഗർഭമായ ഒരു ചിരിയോടെ കിഷോറിനെ നോക്കി തലയാട്ടിയപ്പോൾ, അവൻ പതിയെ അവളുടെ കൈയിൽ നുള്ളി.

പ്രതീക്ഷിക്കാത്ത ആ നുള്ളലിൽ അവളുടെ മുഖം ചുവന്നു.

” അപ്പോൾ ഭാര്യ?”

” ഉണ്ടായിരുന്നു! ഇപ്പോൾ ഇല്ല. ഡിവോഴ്സ് ആയി ”

തണുത്ത ഉപ്പുസോഡയും കുടിച്ച്, പൊരിവെയിലത്ത് നടക്കുന്നതിനിടയിൽ നന്ദ -കിഷോറിനെ നോക്കി.

“കുറെ നാളായല്ലോ നമ്മൾ കണ്ടിട്ട് – ഈ നഗരത്തിൽ നമ്മൾ ഉണ്ടായിട്ടും, പരസ്പരം കണ്ടിരുന്നില്ല ഇതുവരെ ”

ഒരു മന്ദഹാസത്തോടെ കിഷോർ, നന്ദയെ നോക്കി.

“നമ്മൾക്ക് എന്റെ ഫ്ലാറ്റിലേക്ക് പോയാലോ?”

നന്ദയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ, കിഷോർ അവിശ്വസനീയതയോടെ അവളെ നോക്കി.

അവളുടെ പിന്നാലെ നടക്കുമ്പോൾ അവൻ ഏതോ മായിക ലോകത്തായിരുന്നു.

അടുത്ത് കണ്ട മെഡിക്കൽ സ്റ്റോറിലേക്ക് അവൻ ഓടുന്നത് നോക്കി അവൾ ചിരിയോടെ തലയാട്ടി.

ലിഫ്റ്റിലൂടെ മൂന്നാം നിലയിലെത്തി അവളുടെ റൂമിലേക്ക് നടക്കുമ്പോൾ, കിഷോറിന്റെ ഹൃദയം താളം കൊട്ടിയെങ്കിലും, റും തുറന്ന വ്യക്തിയെ കണ്ട് അവൻ ഞെട്ടി.

“ഹരിയേട്ടാ ഇയാളെ അറിയില്ലേ?”

അതും ചോദിച്ച്, നന്ദ വിളറി നിൽക്കുന്ന കിഷോറിനെ നോക്കി,

” എന്നെക്കാളും -രണ്ട് മാസം മുത്തതാണ് ഹരി. അതുക്കൊണ്ട് ഞാൻ ഹരിയേട്ടാന്നെ വിളിക്കുള്ളൂ”

തലയ്ക്കടിയേറ്റതു പോലെ നിൽക്കുകയാണ് കിഷോർ:

” അകത്തേക്ക് വരൂ കിഷോർ ”

അതും പറഞ്ഞ് റൂമിനകത്തേക്ക് കയറിയ നന്ദയുടെ പിന്നാലെ പോകുമ്പോൾ, അവൻ വല്ലാതെ വിറച്ചിരുന്നു.

” മമ്മീ ”

അകത്ത് നിന്ന് രണ്ട് കുട്ടികൾ ഓടി വരുന്നത് കണ്ട് അമ്പരപ്പോടെ കിഷോർ, ഹരിയെ നോക്കി.

” എന്റേതു തന്നെയാണെന്ന് നന്ദുട്ടി പറയുന്നത്. അതല്ലേ നമ്മൾ വിശ്വസിeക്കണ്ടതും ”

ഹരിയുടെ ആ ചോദ്യം പരിഹാസത്തിന്റെ കൂരമ്പായി തന്നിൽ തറച്ചു കയറുന്നത് കിഷോർ അറിഞ്ഞു.

“രണ്ടും കെട്ടവൻ എന്ന് നീ, അന്ന് ആൾക്കൂട്ടത്തിൽ വെച്ച് ഹരിയേട്ടനെ അപമാനിച്ചപ്പോൾ, ആ ദേഷ്യം തീർക്കുന്നത് മുഴുവൻ എന്നോടാണ് ”

കിഷോർ, ഒന്നും മനസ്സിലാവാതെ, വിളറിയ മുഖത്തോടെ നന്ദയെ നോക്കി.

” ഇപ്പോൾ മൂന്നു മാസം പ്രെഗ്നന്റ് ആണു ഞാൻ ”

ചിരിച്ചു കൊണ്ട് അവൾ ഹരിയുടെ അരികിലായ് ഇരുന്നു.

“സീ മിസ്റ്റർ കിഷോർ, അപ്രതീക്ഷിതമായാണ് നിങ്ങളെ ഞാൻ എക്സിബിഷൻ സെന്ററിൽ വെച്ചു കണ്ടത്!

“ഒരുപാട് ദ്രോഹം നീ ഞങ്ങൾക്കു ചെയ്തിട്ടുണ്ടെങ്കിലും, അതൊക്കെ മറന്ന് ഒരു ഫ്രണ്ടായിട്ടു തന്നെയാണ് നിന്നോടു ഞാൻ സംസാരിച്ചു തുടങ്ങിയതും ”

” പക്ഷേ അതിനിടയിൽ നീയെന്റെ ഭർത്താവിനെ ഒരിക്കൽ കൂടി, രണ്ടും കെട്ടവനെന്ന് അധിക്ഷേപിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞു.

അല്ലാതെ നീ വിചാരിക്കും പോലെ അസംതൃപ്തയായ ഒരു ഭാര്യയുടെ കണ്ണുനീരായിരുന്നില്ല”

അപ്പോഴെയ്ക്കും ഹരി അകത്തു പോയി, ട്രേയിൽ നാലഞ്ച് ഗ്ലാസ്സ് ജ്യൂസുമായി അങ്ങോട്ടേക്ക് വന്നു.

ഹരി നീട്ടിയ ജ്യൂസ് ഗ്ലാസ്സ് വിറയ്ക്കുന്ന കൈകളോടെ കിഷോർ വാങ്ങി.

ഒരു ജ്യൂസ്ഗ്ലാസ്സെടുത്ത് നന്ദയുടെ കൈയിൽ കൊടുത്തു, അവൾക്കരികിൽ ചേർന്നിരുന്നു ഹരി.

“സിക്സ്പാക്കും, കട്ടിമീശയും, കരുത്തുമൊക്കെ പുരുഷത്വത്തിന്റെ ലക്ഷണങ്ങൾ തന്നെയാണ്. പക്ഷെ അതാണ് പുരുഷത്വത്തിന്റെ അവസാന വാക്കെന്ന് പറയരുത്!

പുരുഷത്വത്തിന്റെ അവസാനവാക്ക് എന്നു പറയുന്നത്, സ്ത്രീയെ നിറഞ്ഞ് സ്നേഹിക്കാനുള്ള അവന്റെ മനസ്സാണ്! അവളെ ചേർത്തു പിടിക്കുന്ന അവന്റെ ഹൃദയമാണ്! ഇതൊക്കെ എന്റെ ഹരിയേട്ടനിൽ ഉണ്ട്. അതിൽ ഞാൻ വളരെ സംതൃപ്തയുമാണ് ”

അവൾ കുനിഞ്ഞിരിക്കുന്ന കിഷോറിനെ നോക്കി ചിരിച്ചു.

” ആ സ്നേഹവും പ്രണയവും, സ്പർശനവും ഒരു ഒന്നൊന്നര ഫീലിങ്ങ് ആണ് തരുന്നത്!

ഒരു മയിൽപ്പീലിയുടെ സ്പർശം പോലെയുള്ള ഫീലിങ് ”

പരിഹാസത്തിന്റെ ആണികൾ ഒന്നൊന്നായി തന്റെ ശിരസ്സിലൂടെ അടിച്ചിറക്കുകയാണ് നന്ദ.

” ഞാൻ പോട്ടെ”

കിഷോർ പതിയെ കസേരയിൽ നിന്നെഴുന്നേറ്റു.

“ഒരു ഉപദേശവും കൂടി ഉണ്ട് കിഷോർ ”

”മറ്റുള്ളവരുടെ ഭാര്യമാരെ സ്നേഹിക്കാനുള്ള ഈ ആവേശത്തിന്റെ നൂറിലൊരംശം സ്വന്തം ഭാര്യയോട് ഉണ്ടായിരുന്നേൽ, നിങ്ങളുടെ ഭാര്യ, നിങ്ങളെ വിട്ടു പോവില്ലയിരുന്നു ”

പതറിയ കാലടികളോടെ കിഷോർ വാതിലടുത്തേക്ക് നടന്നു.

“ഹരിയേട്ടന് കൊണ്ടു വന്ന ഗിഫ്റ്റ് നീ കൊടുത്തില്ല ”

പിന്നിൽ നിന്ന് നന്ദയുടെ പറച്ചിൽ കേട്ടപ്പോൾ, കിഷോർ സംശയത്തോടെ നിന്നു.

അത് കേട്ടപ്പോൾ . ഹരി, ആ ഗിഫ്റ്റ് എന്തെന്നറിയാൻ പതിയെ കിഷോറിനടുത്തേക്ക് നീങ്ങി.

” മെഡിക്കൽ ഷോപ്പിൽ നിന്നു വാങ്ങിയ സമ്മാനം ”

ചിരിയോടെ നന്ദയത് പറയുമ്പോൾ, നാണക്കേടാൽ ‘തന്റെ അവസാന തൊലിയും ഉരിഞ്ഞു പോയത് അയാൾ അറിയുകയായിരുന്നു!

രചന: സന്തോഷ് അപ്പുക്കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *