കല്യാണം മുടക്കി

രചന : സുനിത റോബിൻ

ചേട്ടാ.. ഈ ശ്രീധരൻ നായരുടെ വീട്ടിലേക്കുള്ള വഴി ഏതാ…. ?ഏത് തെക്കേലെ ശ്രീധരൻ നായരാണോ… ?

അപ്പൊ ശ്രീധരൻ നായര് കുറെ ഉണ്ടോ… ?

ഉം… ഉം… ഒന്ന് പട്ടാളക്കാരൻ ശ്രീധരൻ നായര്…. മറ്റേതു തെക്കേലെ ശ്രീധരൻ നായരും.

ആഹാ.. കൊള്ളാല്ലോ… ഇതിപ്പോ തെക്കേ അതിരിലെ ശ്രീധരൻ നായര് തന്നെ.

എന്താ വിശേഷിച്ച്‌…..

അവിടുത്തെ കുട്ടിയെ പെണ്ണുകാണാനാ…

ഏത് ആ ഇളയ കൊച്ച് ശില്പയോ…

ആ അതന്നെ….

ആർക്കു വേണ്ടിയാ ?

എനിക്കു തന്നെ.

അതേ… അതു വേണോ കുഞ്ഞേ… ?

എന്ത് പറ്റി വല്ല കുഴപ്പോം…

എന്താടാ പ്രശ്നം വല്ലതും കാറിൽ നിന്നും അച്ഛനും അമ്മയും തല വെളിയിലിട്ടു ചോദിച്ചു.

അത് അമ്മേ …..(അമ്മയേക്കാൾ വയസ്സുള്ള ആളാ.. അമ്മേന്നു വിളിക്കുന്നതു കേട്ടു അമ്മ ഞെട്ടി അയാളെ അടിമുടി ഒന്ന് നോക്കി.. എന്നിട്ട് അച്ഛനെ നോക്കി വിളറിച്ചിരിച്ചു. അച്ഛൻ ഒരു കൊട്ട പുജ്ഞം കുടഞ്ഞു കാറിലിട്ടു. )

അത് അമ്മോ… ആ പെണ്ണൊരു മരം കേറിയാ..

ഞാനൊന്നു ഞെട്ടി.

അപ്പൊ അമ്മേ….. അമ്മയ്ക്കിനി തേങ്ങയിടാൻ ചന്ദ്രേട്ടന്റെ പിറകെ നടക്കേണ്ട ആവശ്യമില്ലാട്ടോ… ഞങ്ങളുടെ പറമ്പിൽ ധാരാളം തെങ്ങുണ്ട്… എന്താപ്പോ തെങ്ങു കേറാൻ ആളെ കിട്ടുന്നില്ലന്നേ….. അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.

അല്ലാ.. തെങ്ങിലും കേറും ഇല്ലേ ?

തെങ്ങ് എന്താ മരമല്ലേ… പെങ്ങളുടെ കൌണ്ടർ…

അതല്ലാ അതെപ്പോ നോക്കിയാലും വീട്ടിൽ കാണൂല്ല… അയൽപക്കം നെരങ്ങി നൊണ പറയലാ പണി.

ഹാവൂ… രക്ഷിച്ചു… രാവിലെ ഞാൻ ഓഫീസിലും ഇവൾ പഠിക്കാനും അച്ഛൻ പറമ്പിലും ഇറങ്ങിയാൽ പിന്നേ മിണ്ടാനും പറയാനും ആരുമില്ലെന്ന അമ്മേടെ പരാതീം മാറിക്കിട്ടി… രണ്ടു പേരും വീട്ടിലിരുന്നു നുണ പറഞ്ഞു കൊള്ളട്ടെ.

ഇത്തവണ കല്യാണം മുടക്കി ഞെട്ടി..

അച്ഛൻ നല്ല മദ്യപാനിയാ…. വൈകുന്നേരം ആയാൽ ആള് പാമ്പാ… പാമ്പ്.

അച്ചോ ഇനിയിപ്പോ പെണ്ണിന്റെ വീട്ടുകാര് വന്നാൽ ഒരു ദിവസം കഴിക്കാതിരിക്കണോല്ലോ എന്ന വേവലാതി മാറികിട്ടീല്ലേ… ?

അല്ല ചേട്ടാ.. പെണ്ണിന് അംഗവൈകല്യം വല്ലതും ഉണ്ടോ…. ?

ഇല്ല…

മുടിയില്ലേ…. ?

പിന്നേ….

സംസാരിക്കാൻ കഴിവുണ്ടോ…. ?

ഓ….

കല്യാണം കഴിഞ്ഞതാണോ…. ?

ഏയ്… അല്ല

അല്ലാ ഇനി വല്ല കുറവും ഉണ്ടെങ്കിൽ പറയണേ..

പഠിപ്പ് ഇച്ചിരി കുറവാ..

അതു സാരമില്ല… ഞാൻ ട്യൂഷൻ സെന്റർ തുടങ്ങാനല്ല പെണ്ണുകെട്ടണെ … എന്റെ ഭാര്യയാക്കാനാണ്…

അപ്പൊ… ശരി ഞങ്ങൾ ആ മരംകേറിയെ ഒന്ന് കണ്ടിട്ട് വരട്ടെ… എന്നു പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ നടക്കുന്നു കക്ഷി….

അതേ കല്യാണം മുടക്കി ചേട്ടാ….. പേര് പറഞ്ഞില്ല….

അയാൾ മിണ്ടാതെ തല കുനിച്ചു നടക്കുന്നു…. അച്ഛൻ എന്റെ കയ്യിലൊരു തല്ലു വച്ചു തന്നു…

ഞാൻ ഓടിച്ചെന്നു അദ്ദേഹത്തിന്റെ കൈപിടിച്ചു….

ചേട്ടന്റെ പേരെന്താ… ?

നാരായണൻ..

സാരുല്ല നാരാണേട്ടാ ഞാൻ ചുമ്മാ പറഞ്ഞതാ… ഏത് നാട്ടിൽ പോയാലും കാണും ഇതുപോലൊരാള്…. ഈ വാക്ക് കേട്ടു ഞാൻ തിരിച്ചു പോയാൽ…. നാളെ…..

എന്റെ വീട്ടിലും ഉണ്ടേ കല്യാണപ്രായമായൊരു അനിയത്തി….

ഇത് ഇവിടം കൊണ്ട് തീരട്ടെ…

നാരായണേട്ടനെ നിർബന്ധിച്ചു കാറിൽ കയറ്റി അച്ഛന്റെ അടുത്തിരുത്തി.. ഒരു ചെറു ചിരിയോടെ അച്ഛൻ ;അച്ഛനെ മുട്ടാതിരിക്കുന്ന നാരാണേട്ടനോട് ചേർന്നിരുന്നു ചുമലിൽ കൈ വച്ചു.

പെണ്ണിന്റെ വീട്ടിലെത്തി പെണ്ണിന്റെ അച്ഛനോട് നാരാണേട്ടൻ വഴിയാണ് ആലോചന വന്നതെന്ന് അച്ഛൻ പറഞ്ഞപ്പോൾ കുനിഞ്ഞിരുന്ന ആ തലയൊന്നു നിവർന്നു. കണ്ണുകൾ കൂടുതൽ പ്രകാശിച്ച പോലെ തോന്നി.

വീട്ടുകാർ വേഗം നാരായണേട്ടനെയും വിളിച്ചിരുത്തി. പെണ്ണ് ചായ കൊടുത്തു നിഷ്കളങ്കമായി ചിരിച്ചപ്പോൾ ഞങ്ങൾ നാരായണേട്ടനെ നോക്കി…. കണ്ണുകൾ നിറഞ്ഞുവന്നത് പോലെ… ഞങ്ങൾ കുസൃതിയോടെ പരസ്പരം നോക്കി ചിരിച്ചു.

(എല്ലാ നാട്ടിലും കാണും നിസാര കാര്യം പറഞ്ഞ് കല്യാണം മുടക്കുന്ന ഇത് പോലുള്ള ആൾക്കാർ… അതു കേട്ടു കൂടെയുള്ള ബന്ധുക്കൾ തിരിച്ചുപോകാൻ ഒരുങ്ങുമ്പോൾ ഓർക്കാറില്ല എല്ലാ പെൺകുട്ടികളിലും കുട്ടിത്തം നിറഞ്ഞൊരു മനസുണ്ടെന്നും അതിൽ പെടുന്നതാണീ മരംചാട്ടവും നേരമ്പോക്കും ഒക്കെ എന്നു…. വിവാഹ ശേഷം ഇതൊക്കെയാണ് അവർക്ക് മറക്കാനാകാത്ത ഓർമ്മകൾ ആകുന്നതെന്നും….. )

രചന : സുനിത റോബിൻ

Leave a Reply

Your email address will not be published. Required fields are marked *