രാവിലെ ഉണർന്നപ്പോൾ മുതൽ വീട്ടിൽ മൊത്തം ഒരു ശാന്തത…

രചന: മനു പി എം

രാവിലെ ഏറെ വൈകിട്ടാണ് ഞാനന്ന് ഉണർന്നത്

ഉണർന്നപ്പോൾ മുതൽ വീട്ടിൽ മൊത്തം ഒരു ശാന്തത

ആ ശാന്തതയുടെ ഇടയിൽ ആദ്യം മനസ്സിൽ ഓടിയെത്തിയത് അമ്മയെന്ന ഓർമ്മയാണ്..

അമ്മയുള്ളപ്പോൾ ഇത്രയും ശാന്തത വരാൻ വഴിയില്ലല്ലോ..

അടുക്കളയിൽ പാത്രങ്ങളുടെ കലപിലയും.. ഞങ്ങളെ ഉണർത്താനുള്ള ബഹളവും ആയിരിക്കും…

ചിലപ്പോൾ സ്വയം എന്ന പോലെയുള്ള പരിഭവങ്ങളും…

ആരും അതൊന്നും പരിഗണിക്കാറില്ല..

പക്ഷേ ഇന്ന് അതൊന്നുമില്ല.. എന്ത് പറ്റിയോ ആവോ..

ഇനി എന്തെങ്കിലും അസുഖം… ആ ഒരു ചിന്തയിൽ ഞാൻ മെല്ലെ കിടക്കയിൽ നിന്നും എഴുന്നേറ്റു…

ടീവിയുടെ ഒച്ച കേൾക്കുന്നുണ്ട്

ഞാൻ ഹാളിലേക്ക് ചെന്നു അനിയൻ അവിടെ ഇരുന്നു ടീവി കാണുന്നുണ്ട്

അവന്റെ മുഖവും മ്ലാനതയിലാണ്.. ടീവി ഓൺ ആണെന്നെ ഉള്ളു..

അവന്റെ ചിന്തയും മിഴികളും വേറെ എവിടെയൊക്കയോയാണ്

ഒരു വല്ലാത്ത നിശബ്ദത അവിടെ ആകെ തളം കെട്ടി കിടപ്പുണ്ട്..

എൻറെ അമ്മയ്ക്ക് മൂന്ന് ആൺമക്കളാണ് എനിക്ക് താഴെയായ് രണ്ട് പേര്

ഞാൻ ഉറക്ക ചുവടോടെ അടുക്കളയിൽ പോയി അവിടെയും അമ്മയില്ല..

പുറത്തേയ്ക്കു നോക്കി വീടും മുറ്റവും മൊക്കെ അടിച്ചുവാരി വൃത്തിയായിട്ടുണ്ട്..

ഞാനടുക്കളയിൽ കയറി നോക്കി കഴിക്കാൻ എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്.. പാത്രങ്ങളും കഴുകി വൃത്തിയായി തുടച്ചു വെച്ചിട്ടുണ്ട്

പക്ഷെ അമ്മ മാത്രം അവിടെയെങ്ങുമില്ല .

വെളിച്ചം അത്ര പരന്നിട്ടില്ല അപ്പോഴേക്കും അമ്മയിതെവിടെ പോയി എന്ന ചിന്ത എന്നിൽ.. എന്തോ വല്ലാത്ത ദേഷ്യമാണുണ്ടായത്

എനിക്ക് രാവിലെ എഴുന്നേറ്റാലുടനെ അമ്മയെ കാണാതെ പറ്റില്ല… അമ്മയുടെ ശബ്ദം കേട്ടില്ലെ പറ്റില്ല… അമ്മയിൽ നിന്നും ഒരു ദേഷ്യപ്പെടലെങ്കിലും മതിയിയിരുന്നു എനിക്ക്

എന്തൊക്കെ തന്നെയായാലും അമ്മ എന്നത് മനസ്സിന് വലിയ പ്രകാശം തന്നെയാണ്..

ആ സ്പർശം വാത്സല്യത്തിന്റെ കുളിരാണ്…

ആ സ്നേഹം മറ്റൊന്നിനും പകരം വെയ്ക്കാൻ കഴിയാത്ത അനുഭൂതിയാണ്.. ഞാനനിയനെ വിളിച്ചു ചോദിച്ചു അമ്മയെവിടെ പോയെടാ..

അമ്മ പണിയ്ക്ക് പോയി ചേട്ടാ…

അതു കേട്ടപ്പാടെ എന്തോ വയ്റ്റിൽ തീക്കട്ടി കൂടിയപ്പോലെ

ഞാൻ പിച്ച വെച്ചു നടക്കാൻ തുടങ്ങിയതിന് ശേഷമാണ് അമ്മ ചെറിയ കൂലി പണിയ്ക്ക് പോകാൻ തുടങ്ങിയത്..

അമ്മയുടെ കുടുംബം അത്ര വലിയ സാമ്പത്തികമായി ഉയർന്നതല്ലായിരുന്നു.. അതുകൊണ്ടു തന്നെ അമ്മക്ക് വിദ്യാഭ്യാസവും.. ഇല്ലായിരുന്നു

അച്ഛനാണെങ്കിൽ വീട്ടിലെ കാര്യങ്ങളിൽ യാതൊരു ശ്രദ്ധയുമില്ലായിരുന്നു..

കിട്ടുന്ന പൈസയൊക്കെ ധൂർത്ത്ടിച്ചു നടക്കും

ഇന്നെവരെ അച്ഛനിൽ നിന്നും ഞങ്ങൾക്കായി ഒന്നും കിട്ടിയിട്ടില്ല

ഓണത്തിനോ ഓണക്കോടിയോ അല്ലേൽ മക്കൾക്ക് എന്തങ്കിലും വാങ്ങിച്ചു കൊടുക്ക് എന്ന് പറഞ്ഞു അച്ഛൻ അമ്മയുടെ കൈയ്യിൽ പണം കൊടുക്കുന്നതോ ഞാൻ കണ്ടിട്ടില്ല..

അച്ഛനെന്ന വെക്തിയോട് പണ്ടേ ഒരു അകൽച്ചയായിരുന്നു

എല്ലാ ഓണക്കാലത്തും അമ്മ വീട്ടിൽ നിന്നും ആണ് ഓണക്കോടി കിട്ടിയിരുന്നത്..

മറ്റെല്ലാ കുട്ടികളും അച്ഛൻ വാങ്ങി തന്നതാ പറഞ്ഞു ഓരോ സമ്മാനങ്ങൾ കാട്ടുംമ്പോൾ മനസ്സ് ഒരുപാട് കൊതിച്ചു പോയിട്ടുണ്ട്

എന്റെ അച്ഛനിൽ നിന്നും ഒരു മിഠായിയെങ്കിലും കിട്ടിയിരുന്നുവെങ്കിലെന്നു..

അമ്മയ്ക്ക് ഞങ്ങൾക്കുള്ള ഭക്ഷണത്തിനുള്ള വകയൊരുക്കാനെ കഴിഞ്ഞിരുന്നുള്ളു.

അതിനാൽ തിരുവോണത്തിന് മുന്നെ അമ്മമ്മ വീട്ടിൽ വന്നു ഞങ്ങളെ അമ്മ വീട്ടിലേക്ക് കൊണ്ട് പോകാറുണ്ട്

ഓർമ്മ വെച്ച നാൾ മുതൽക്കേ ഞങ്ങളുടെ ആഘോഷങ്ങളൊക്കെയും അമ്മ വീട്ടിലായിരുന്നു

അവിടെ അമ്മയ്ക്ക് മൂന്നു കുടുംബവും…നിറയെ ആളുകൾ ഒക്കെയായി നല്ല രസം ആയിരിക്കും.

അവിടെ ചെല്ലുമ്പോൾ അമ്മ അമ്മയുടെ കഷ്ടപ്പാട് മറന്നു പോയി എന്ന് തോന്നിയിട്ടുണ്ട് അല്ലെങ്കിൽ അവരിൽ നിന്നും ഒക്കെ അമ്മയത് മറച്ചു വെച്ചതാകും…

ഇന്ന് ആദ്യമായിട്ടാണ് അന്ന് അമ്മ നേരത്തെ പണിക്ക് ഇറങ്ങി പോയത്

എനിക്ക് വല്ലാത്ത കുറ്റബോധം … എന്നോട് തന്നെ വല്ലാത്ത വെറുപ്പും

ആ നിമിഷം എനിക്ക് അച്ഛനോട് വല്ലാത്ത വെറുപ്പ് തോന്നി

സ്വന്തം ഭാര്യയുടെ വിയർപ്പിന്റെ വിലകൊണ്ടു മൃഷ്ടാനം ഉണ്ടുറങ്ങി കഴിയുന്ന അയാളോട് പിന്നെ എന്താ തോന്നേണ്ടത്

അമ്മ എപ്പോഴും പറയാറുണ്ട് എന്റെ മക്കൾ പഠിച്ചു ഒരു നല്ല ജോലിയൊക്കെയായിട്ടു വേണം എനിക്കൊന്നു നടു നിവർത്താനെന്ന്. .

ആ ഒരു സ്വപ്നം സാഫലമാക്കാനാകും എത്ര കഷ്ടപ്പാടിന്റെ ഇടയിലും ഞങ്ങളുടെ പഠനത്തിനുള്ള കാശ് കുഞ്ഞു തുകയായ് അമ്മ തന്നു തീർത്തിരുന്നു…

ചിലപ്പോഴൊക്കെ തികയാതെ വരുമ്പോൾ കടം വാങ്ങി തന്നിരിന്നു..

ഇതെല്ലാം കാണുമ്പോൾ ഒക്കെ ഇട്ടെറിഞ്ഞ് എന്തെങ്കിലും കൂലി പണിക്ക് പോയി കുറച്ചു കാശ് ഉണ്ടാക്കി അമ്മയെ സഹായിക്കണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്…

എൻറെ പഠിപ്പ് നീർത്തി മറ്റു രണ്ട് പേരെയും പഠിപ്പിച്ചു കര കയറ്റാൻ ഞാൻ അപ്പോഴൊക്കെ ഏറെ ചിന്തിച്ചു പോയിട്ടുണ്ട്

ഒരിക്കൽ നാട്ടിലെ വലിയ പണക്കാരൻ ആയ ഉണ്ണി നായരുടെ വീട്ടിലെ വഴിയിൽ പാറപ്പൊടി ഇടാൻ എന്നോടും രണ്ട് കൂട്ടുകാരോടും കൂടിയായ് പറഞ്ഞു.

വേഗം പണി കഴിച്ചാൽ ഓരോർത്തർക്കും ഇരുന്നൂറ് രൂപ വച്ചു തരാം മെന്നും പറഞ്ഞു

അന്നൊക്കെ ഇരുന്നൂറൂ രൂപയ ഇന്നത്തെ രാണ്ടായിരത്തിന് തുല്ല്യമാണ്.

അവരുടെ പറമ്പിൽ നിന്നും കുഴിച്ച കുഴൽക്കിണറിൽ നിന്നുള്ള പാറപ്പൊടി ഒരു കൊട്ടയിൽ വാരി വഴി നീളെ ഇടാൻ പറഞ്ഞു

അത്ര നീളം ഇല്ലേലും ഒരു ദിവസമൊക്കെ പിടിക്കുന്ന പണി തന്നെ ആയിരുന്നു..

അയാൾ ആണെങ്കിൽ നാട്ടിലെ അറുപിശുക്കനും…

പക്ഷെ പണി കഴിഞ്ഞ പൈസ കിട്ടുമല്ലോ…അതു അമ്മയെ ഏൽപ്പിച്ചാൽ അമ്മയ്ക്ക് ഒരു സഹായമാകുമല്ലോ ഓർത്തു…

ആ നിമിഷങ്ങളുടെ അനുഭൂതി ഓർത്തു മനസ്സിൽ സ്വയം അഭിമാനം തോന്നി…

ഞങ്ങന്ന് മൂന്ന് പേരും കൂടെ കൊട്ട നിറച്ച് വഴി നടുക്കെ ഇട്ടു പരത്തി വഴി മൂടി കൊണ്ട് ഇരുന്നു…

ഒരു പത്ത് കൊട്ട മുന്നു പേരും ഇട്ടപ്പോഴേക്കും തളർന്നിരുന്നു

വിചാരിച്ച പോലെ അത്ര എളുപ്പമല്ലായിരുന്നു പറമ്പിൽ നിന്നും മണൽ കോരി നിറച്ച് കുറച്ചു നടന്ന് വന്നു വേണം വഴിയിൽ മണ്ണിടാൻ

തളർന്നപ്പോൾ കൂടെ ഉള്ളവൻ പറഞ്ഞു മതിയാക്കി വീട്ടിൽ പോവ….

ഇതൊന്നും നമുക്ക് പറ്റില്ല…

എളുപ്പമെന്ന് കരുതി ഏറ്റെടുത്ത ജോലി പതിവഴി നിർത്തിയാൽ അയാൾ കാശ് തരില്ല.

ഇനി രണ്ടു നാൾ നീട്ടിയ എന്താകും അവസ്ഥ എന്നോർത്തു ആകെ തളർന്നു…

അപ്പോഴും ജോലി ചെയ്തു കിട്ടിയ പൈസ അമ്മയുടെ കൈയിൽ വെച്ചു കൊടുക്കുന്ന ആ നിമിഷങ്ങളായിരുന്നു മനസിൽ..

ഒടുവിൽ രണ്ട് ദിവസം കൊണ്ട് വഴിയിലും പകുതി മുറ്റവും മണ്ണിട്ട് കൊടുത്തു

പക്ഷെ പിശുക്കനായ അയാൾ പറഞ്ഞ കാശ് മാത്രം തന്നില്ല…

ഒടുവിൽ കിട്ടിയത് വാങ്ങി അന്ന് ഞങ്ങൾ അവിടെ നിന്നും പോന്നു..

അപ്പോഴേക്കും ഉള്ളിലെ ആഗ്രഹങ്ങളും കുഞ്ഞു സ്വപ്നങ്ങളും കൊഴിഞ്ഞു വീണിരിക്കുന്നു…

അന്ന് രാത്രി കിടക്കുമ്പോൾ ഞാനോർത്തു അപ്പോൾ അമ്മയൊക്കെ എത്രമാത്രം കഷ്ടപ്പാട് വേദന സഹിച്ചു കാണും..

ഒരു ദിവസം കൊണ്ട് ഒരിത്തിരി നിമിഷം കൊണ്ട് ഞാനനുഭവിച്ച വേദന..

അപ്പോൾ ഒരു ദിവസം പണിയെടുത്ത് വരുന്ന അമ്മ എത്രയോ അനുഭവിച്ചു കാണും..

പക്ഷെ അങ്ങനെ ആ മുഖത്ത് ഒരു തളർച്ചയോ ക്ഷീണമോ കണ്ടില്ല

വന്നാൽ പിന്നെ വീട്ടു ജോലിയിൽ മുഴകി ഞങ്ങൾക്ക് കഴിക്കാനുള്ള ഉണ്ടാക്കാനുള്ള തിരക്കും

അതു കഴിഞ്ഞ് എല്ലാം ഒതുക്കി ഒടുവിലായി ഒരുറക്കം

ഉറങ്ങാറുണ്ടോ എന്ന് സംശയമാണ്

കാരണം ഞങ്ങൾ ചിലപ്പോൾ ഒന്ന് ചുമക്കുകയോ ഒന്നെണിച്ച് ഇരിക്കുകയോ ചെയതാൽ ഏത് പാതിരാത്രിയിലും ആണേലും എഴുന്നേറ്റു വന്ന് കാര്യം തിരക്കും. അതിനാൽ ഒരു ദിവസം അമ്മ കണ്ണടച്ച് ഉറങ്ങുന്നുണ്ടോ എന്നത് സംശയം തന്നെ ആയിരുന്നു..

ചിലപ്പോഴൊക്കെ അമ്മ പറയാറുണ്ട് ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ക്ഷീണിച്ച് അവശയായിവരുമ്പോൾ ഒരു ഗ്ലാസ് വെള്ളം കിട്ടിയേനെ…

അപ്പോൾ ഞാൻ കളിയായി പറയാറുണ്ട്

എന്നാ പിന്നെ ഇപ്പോൾ പുരനിറഞ്ഞ് നിൽക്കുന്ന അവളെ കെട്ടിച്ചു വിടണം എന്നേർത്ത് അമ്മയിപ്പോൾ ആദി പിടിച്ചു ചത്തേനെ

ഈശ്വരാ.അതും ശെരിയാണല്ലോ എന്നു പറഞ്ഞുള്ള ആ നിഷ്കളങ്കമായ ചിരി കാണണം

ഞാനന്ന് ജോലി ചെയ്തു കിട്ടിയ കാശ് പിറ്റേന്ന് അമ്മയുടെ കൈയിൽ കൊടുത്തു

ഒരു പണിക്കാരാനായതിൻെറ ഭാവത്തോടെതന്നെ..

എന്തേലും അമ്മ തന്നെ വാങ്ങി എനിക്കും അനിയൻ മാർക്കും വച്ചു തരട്ടെ കരുതി

ഞാനന്നൊന്നു സ്വന്തമായി ഒരു തീരുമാനം എടുക്കാൻ ഒന്നും ആയിട്ടില്ലായിരുന്നു .

പക്ഷെ അമ്മ അത് വാങ്ങിയില്ല…

നിന്റെ കൈയിൽ തന്നെ വച്ചോ മോനെ എന്തെങ്കിലും ആവശ്യം ഉള്ളപ്പോൾ എടുക്കാലോ പറഞ്ഞു തിരികെ തന്നപ്പോൾ..

എനിക്ക് ആകെ സങ്കടം ആയി….

എന്നാലും എൻറെ അമ്മയ്ക്ക് എന്തേലും വാങ്ങി കൊടുക്കാ എന്നോർത്തു…

എന്ത് വാങ്ങും എന്ന ആലോചനയിൽ ആദ്യം മനസിൽ കയറി വന്നത് ചെരിപ്പില്ലാതെ നടക്കുന്ന കാലുകൾ ആണ് ..

എവിടെ പോകുകയാണെങ്കിലും എൻറെ അമ്മയ്ക്ക് ചെരിപ്പ് ഇല്ലായിരുന്നു .

ഞാൻ പലപ്പോഴും ദേഷ്യം കാട്ടിയിട്ടുണ്ട് ഒരു ചെരുപ്പ് വാങ്ങിയിടിൻ പറഞ്ഞു..

അപ്പോൾ ഒക്കെ പറയുന്നത് നിങ്ങൾക്ക് തിന്നാനും ഉടുക്കാനും വേണ്ടെ

അതിനിടയിൽ എനിക്ക് അതിൻെറ ഒന്നും ആവശ്യമില്ല…

അമ്മയുടെ ആഗ്രഹങ്ങൾ ഞങ്ങളുടെ ആവശ്യങ്ങൾക്കായി മാറ്റിവെക്കപെട്ടവയായിരുന്നു..

അതിനാൽ ഞങ്ങൾ ഒന്നിനോടും വാശി പിടിച്ചിട്ടില്ല..

എന്നാലും മറ്റുള്ളവരുടെ മുന്നിലൂടെ പോകുമ്പോഴും അമ്മയുടെ ചെരിപ്പില്ലാത്തെ കാല് കാണുമ്പോൾ എന്തോ കുറിച്ചിൽ തോന്നും

വല്ല കാല്ല്യാണത്തിനു പോയാലും . . അമ്മ വീട്ടിൽ പോകുമ്പോഴും ഞാൻ പറയും ..

അമ്മ സാരി നന്നായി താഴ്ത്തി ഉടുക്ക് ഇങ്ങളെ കാല് കാണാതെ ആക്കിയിട്..

ബസ്സിൽ ഇരിക്കുമ്പോൾ ഞാൻ വസ്ത്രങ്ങൾ അടങ്ങിയ കവർ കൊണ്ടു അമ്മയുടെ കാലുകളെ മറ്റുള്ളവർ കാണാതെ മറച്ച് പിടിക്കാറുണ്ട്..

എൻറെ അമ്മയെ പുച്ഛത്തോടെ പരിഹാസ ഭാവത്തോടെ ആരെങ്കിലും നോക്കുന്നത് എനിക്ക് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു

അതിനാൽ ഞാൻ ആ കാശിനു അമ്മയ്ക്ക് ഒരു നല്ല ചെരിപ്പ് വാങ്ങണം എന്ന് മനസ്സിൽ ഉറപ്പിച്ചു ഇരുന്നു…

ഞാൻ വേഗം ഒരു ഷർട്ട് എടുത്തിട്ട് പുറത്തേക്ക് പോയി..

എവിടേക്കാ …. എന്ന അമ്മയുടെ ചോദ്യത്തിന് ഇപ്പോൾ വരാമ്മമ്മേ പറഞ്ഞു ഞാനിറങ്ങി..

ഒരു ചെരുപ്പ് കടയിൽ കയറി അമ്മയുടെ അളവിലുള്ള ഒരു ചെരുപ്പ് വാങ്ങി..

വീട്ടിലെത്തി ആ പൊതി അമ്മയുടെ കൈയിൽ വെച്ചു കൊടുക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു അഭിമാനം തോന്നിയിരുന്നു..

എന്താ… ടാ ഇത്…

അമ്മ അതു തുറന്നു നോക്ക്…

ആ ചെരുപ്പുകൾ കണ്ടപ്പോൾ എനിക്കെന്തിനാ ഇതൊക്കെയെന്ന് ചോദിക്കു മ്പോളും ആ കണ്ണിലെ തിളക്കം ഇന്നും എന്റെ കണ്ണിൽ മായാതെ നിൽക്കുന്നുണ്ട്…

ഇന്ന് ഇപ്പോൾ ഞങ്ങളൊക്കെ വളർന്നു

ഞാൻ മെക്കാനിക്കൽ ജോലിയിൽ കയറി ഒരനിയൻ ഡിഗ്രി കഴിഞ്ഞു..

മറ്റേയാൾ പ്ലസ് ടുവും..

ഞങ്ങൾ എവിടെ ദൂരയാത്ര പോയി വരുമ്പോഴും

അമ്മയ്ക്കായി ഒരോ സാധനങ്ങൾ മറക്കാതെ വാങ്ങും

കമ്മൽ , മാല , ചെരുപ്പോ ,അങ്ങനെ ഓരോന്ന് ഒരോന്ന്

ആരാ ഇതൊക്കെ വാങ്ങി തരുന്നത് എന്ന അയൽവക്കകാരുടെ ചോദ്യത്തിനു

തെല്ലൊരു അഹങ്കാരത്തിൽ പറയും

എൻറെ കുഞ്ഞുമകൻ കൊണ്ട് വന്നതാ ഇതൊക്കെ എന്ന്

അതു കേൾക്കുമ്പോൾ മനസ്സിൽ ഒരു

വിങ്ങലാ

പിന്നീടാ വിങ്ങൽ ഒരു ചിരിയുടെ തുടക്കമാകുംമ്പോൾ… ഒടുവിലൊരു നീർമണി കണ്ണ് കോണുകളിൽ നിറഞ്ഞു തുളുമ്പി തൂകാറുണ്ട് ..

അമ്മയുടെ സംതൃപ്തിയുടെ പുഞ്ചിരിയേറ്റ്…..✍️ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്താൻ പേജിലേക്ക് മെസേജ് അയക്കൂ… രചന: മനു പി എം

Leave a Reply

Your email address will not be published. Required fields are marked *