രണ്ടാം ഭാര്യ….

രചന : Amal Hafiz Nasim Noori

ഉമ്മയുടെ നിര്‍ബന്ധം കാരണമാണ് രണ്ടാമതൊരു വിവാഹത്തിന് തന്നെ ഞാന്‍ തയ്യാറായത്.രണ്ടാം ഭാര്യയുടെ സ്നേഹക്കുറവ് ഭയന്നിട്ടല്ല.രണ്ടാം ഉമ്മയുടെ യാദന എന്റെ മകന് പേറേണ്ടി വരുമോ എന്നായിരുന്നു എന്റെ ഭയം…ചെറു പ്രായത്തിലെ ഭാര്യ മരിച്ച നീ ഇനി ആ കൊച്ചിനെ എങ്ങനെ നോക്കും എന്ന ചോദ്യവും വലിയൊരു തലവേദനയായത് കൊണ്ടാണ് രണ്ടാമതൊരു വിവാഹത്തിന് വീണ്ടും മണവാളന്‍ വേഷം കെട്ടിയത്…

ഞാന്‍ പ്രതീക്ഷിച്ചത് ഒരു അവാര്‍ഡ് പടം പോലത്തെ കല്ല്യാണമായിരുന്നെങ്കിലും കുടുഃബക്കാര്‍ പരിപാടിയിട്ടത് ഒരു സിദ്ധീഖ്ലാല്‍ പടം പോലത്തെ പ്രോഗ്രാം ആയിരുന്നു.കുടുഃബക്കാരും

അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന കല്ല്യാണം അവരുടെ രീതിക്കായ് ഞാനും വിട്ട് കൊടുത്തു.തിരക്കിനും ബഹളത്തിന് ഇടക്കും എന്റെ മകന്‍ ആയിരുന്നു എന്റെ ചിന്ത.അവനെ അന്യേഷിച്ച് നടക്കുന്നതിനിടയിലാണ് മണിയറ ഡെക്കറേഷന്‍ ശ്രദ്ധയില്‍പെടുന്നത്.

“ഖദീജ”….എന്റെ പുതിയ ഭാര്യയുടെ പേര് ഖദീജയെന്നാണെന്ന് ആ മണിയറയില്‍ നിന്നാണ് ഞാന്‍ ആദ്യം അറിയുന്നത്.എല്ലാ പുതിയതിനും ഒരു പുതുമയുണ്ടെന്ന് കേട്ടിട്ടുണ്ട്.പക്ഷെ ഈ പുതിയതിനോടൊരു പുതുമയും തോന്നിയില്ല.ഓട്ടത്തിനൊടുവില്‍ പെങ്ങടെ മക്കളോടൊപ്പം എന്റെ കുഞ്ഞ് മകനേയും ഞാന്‍ കണ്ടു.എന്നെ കണ്ടതും അവന്‍ ഉപ്പായെന്നം പറഞ്ഞ് ഓടിയെന്റടുത്ത് വന്നു.അവനോട് ആരോ പറഞ്ഞെന്നത്രെ പുതിയ ഉമ്മിച്ചി വരുന്നതിന്റെ പരിപാടിയാണെന്ന്.ആ കുഞ്ഞ് ഹൃദയവും സന്തോഷത്തിലാണ്…എങ്കിലും ഒരു “ഉമ്മ” കൊടുത്ത് ആള്‍കൂട്ടത്തിനിടയില്‍ കളിക്കാന്‍ വിട്ടപ്പോള്‍ തിരിഞ്ഞ് നോക്കി അവന്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു…

“ഉപ്പ അപ്പോള്‍ ഇനി നമ്മുടെ ഉമ്മ വരൂലേ ഉപ്പാന്ന്” മറവികളുടെ ലോകത്തേക്ക് ഒരു കുഞ്ഞിന്റെ ഹൃദയത്തില്‍ നിന്നും മാതാവെന്ന സത്യത്തെ തള്ളിയിടാന്‍ പറ്റില്ലല്ലോ…ആ നിഷ്കളങ്ക ചോദ്യത്തിന് എനിക്ക് ഒരു ഉള്ളില്‍ തട്ടിയ ചിരിയല്ലാതെ മറ്റൊന്നുമില്ലായിരുന്നു.അവന്‍ കുടുഃബക്കാര്‍ക്കിടയിലേക്ക് ആഴ്ന്നിറങ്ങി.. ആഘോഷങ്ങളും ആര്‍ഭാടങ്ങള്‍ക്കുമൊടുവില്‍ ഒരു കളിപ്പാവ പോലെ ഞാന്‍ എല്ലാത്തിനും ചിരിച്ച് നിന്ന് കൊടുത്തു.കല്ല്യാണം കഴിഞ്ഞ് എന്റെ രണ്ടാം ആദ്യ രാത്രിയില്‍ അവള്‍ മുറിയിലേക്ക് വന്നപ്പോള്‍ അവിടെ എന്റെ കൂടെ കുഞ്ഞും ഉണ്ടായിരുന്നു.അവള്‍ക്ക് ഇഷ്ട്ടപ്പെടില്ലായെന്ന് കരുതിയെങ്കിലും അവള്‍ മുറിയില്‍ വന്ന് കൊച്ചിനോട് കളികള്‍ പറയാന്‍ തുടങ്ങി….

എനിക്ക് അവളെ മനസ്സ് കൊണ്ട് സ്വീകരിക്കാന്‍ പറ്റുന്നില്ലായിരുന്നു.ഓരോ ദിവസവും അവള്‍ ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ എന്റെ കൊച്ചിനെ സ്നേഹിക്കുന്നുണ്ടായ്.അവന് നഷ്ട്ടമായ ഉമ്മയുടെ സ്നേഹം വീണ്ടും തിരിച്ച് കിട്ടുന്ന സന്തോഷം അവന്റെ കളികളില്‍ കാണാമായിരുന്നു.എനിക്ക് അവളെ ഒന്ന് സ്നേഹത്തില്‍ ഖദിയാ….എന്ന്

വിളിക്കണമെന്നുണ്ടായിരുന്നു.പക്ഷെ സ്നേഹം കൊണ്ട് എന്റെ ജീവിതം മാറ്റി മറിച്ച അയ്ഷുവിന്റെ കവിളിന്റെ ചൂട് എന്റെ നെഞ്ചില്‍ നിന്നും മാറിയിട്ടില്ല. മൂന്ന് നാല് മാസങ്ങള്‍ പിന്നിട്ടിട്ടും അവള്‍ അവളുടെ ആവിശ്യങ്ങളൊന്നും എന്നോട് ചോദിച്ചിട്ടില്ല.രാവിലെ ഉറക്കമുണരുമ്പോള്‍ കാണുന്നത് എന്റെ കുഞ്ഞിനെ കുളിപ്പിക്കുന്ന ഖദീജയെയാരിന്നു.ഉച്ചക്ക് ഉണ്ണാന്‍ വന്നാലും കാണുന്നത് ചോറ് വാരി കൊടുക്കുന്ന ഖദീജയെയാരുന്നു.അവളുടെ സ്നേഹം അവനില്‍ ആഴത്തില്‍ തറച്ച് കയറിയെന്ന് എനിക്ക് മനസ്സിലായത് ഉപ്പയുടെ നെഞ്ചില്‍ തല വെച്ച് കഥ കേട്ട് ഉറങ്ങിയിരുന്ന കുഞ്ഞ് ഉമ്മായെന്ന് വിളിച്ച് അവളുടെ മടിത്തട്ടില്‍ താരാട്ട് കേട്ടുറങ്ങാന്‍ തുടങ്ങി…

എന്റെ അയ്ഷുവിനോട് തോന്നിയ സ്നേഹത്തേക്കാള്‍ എനിക്ക് അവളോട് തോന്നിയത് ബഹുമാനമാണ്.ഞാന്‍ ഒന്ന് ചിരിച്ച് മിണ്ടിയിട്ടില്ല.ഞാനൊന്ന് സുഖ വിവരങ്ങള്‍ തിരക്കിയിട്ടില്ല.ഞാനൊന്ന് എന്റെ ഭാര്യയായ് പോലും കണ്ടിട്ടില്ല.എന്റെ കൊച്ചിനെ നോക്കുന്ന വെറുമൊരു ആയയായിരുന്നു എനിക്കവള്‍…ഓഹ് ഈ ഞാന്‍ എന്ത് മനുഷ്യനാണ്…!

എന്റെ കൊച്ച് ഉമ്മായെന്ന് വിളിക്കുന്നത് കേട്ടാണ് ഒരു ദിവസം രാത്രി ഞാന്‍ അവളോട് ആദ്യമായ് ചോദിക്കുന്നത്.”ഖദീജ…കൊച്ച് ഉറങ്ങിയോ എന്ന്”…എന്റെ കൊച്ചിന് അവളൊരു ഉമ്മയായെങ്കില്‍ എനിക്ക് എന്റെ ജീവിതത്തിലെ ഭാര്യയാക്കാനും താത്പ്പര്യമായിരുന്നു.

അന്ന് അവളുടെ മുഖത്ത് ഒരു നൂറിന്റെ ബള്‍ബ് കത്തിയപ്പോള്‍ എനിക്ക് മനസ്സിലായ് ആ ഒരു സ്നേഹവും വിളിയും അവള്‍ ഒരുപാട് കൊതിച്ചിരുന്നുവെന്ന്…എന്റെ അനിഷ്ട്ടം മനസ്സിലാക്കിയാണ് എന്നോടവള്‍ മിണ്ടാതിരുന്നതും അടുക്കാതിരുന്നതും. എന്റെ മകന് അവള്‍ പൂര്‍ണ്ണമായും ഒരു ഉമ്മയായി.ഞാനവളെ ഇത് വരെ കണ്ടത് എന്റെ കുട്ടിയെ നോക്കുന്ന ഒരു ആയയായിട്ടാണ്.ഞാനവളില്‍ ആകര്‍ഷണീയനാവാന്‍

തുടങ്ങി.ആയ്ഷയുടെ മരണ ശേഷം വീട്ടില്‍ വരുന്നത് വെറുത്തിരുന്ന എനിക്ക് വീണ്ടും വീടൊരു സ്വര്‍ഗ്ഗമാകാന്‍ തുടങ്ങി.സൗന്ദര്യമില്ലെങ്കിലും പെണ്ണ് പെണ്ണായാല്‍ ഏത് പുരുഷനും ജീവിതം

സ്വര്‍ഗ്ഗമാകും.എന്റെ മകന് ഉമ്മയായത് പോലെ എന്റെ ഉമ്മക്ക് അവള്‍ നല്ലൊരു മകളുമായത് ഞാന്‍ തിരിച്ചറിഞ്ഞു.അന്ന് ഞാന്‍ തീരുമാനമെടുത്തു അവള്‍ക്ക് നല്ലൊരു ഭര്‍ത്താവായിരിക്കും

ഞാനെന്ന്.എന്റെ ആയിഷുവിന്റെ വയറ്റില്‍ വളര്‍ന്ന കുട്ടിയെ സ്നേഹിക്കുന്നവളെ ആയിഷുവും സ്നേഹിക്കുന്നുണ്ടാകും.

എന്റെ ഇന്നത്തെ ഖദീജയെ പോലത്തെ ഒത്തിരി പെണ്ണുങ്ങളമുണ്ട്.ഒരു ഉത്തമ മകളായ് വളര്‍ന്ന് പെങ്ങളായ് വളര്‍ന്ന് നല്ലൊരു ഭാര്യയായ് നല്ലൊരു ഉമ്മയായ് നല്ലൊരു ഉമ്മുമ്മയായ് എന്റെ ആയ്ഷുവിനെ പോലെ നല്ലൊരു മരണം വരിക്കുന്നവര്‍…ഒത്തിരി മനസ്സുകളെ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നവര്‍…. അവര്‍ക്കായ് സമര്‍പ്പിക്കുന്നു.

രചന : Amal Hafiz Nasim Noori

Leave a Reply

Your email address will not be published. Required fields are marked *