ഇതാണെടാ ഭാര്യ…

രചന : Zai Ka

ടീ പെണ്ണേ നിന്നെപ്പോലൊരു പഞ്ചാരക്കുഞ്ചുവിനെ കിട്ടിയ ഞാനെത്ര ഭാഗ്യവാനാടോ…

നീയെന്‍റെ മുത്താ ടീ…ഉമ്മാ….

കിഷോര്‍ കാവ്യയുടെ അരക്കെട്ടിലൂടെ രണ്ടു കെെയും ചേര്‍ത്ത് അവളോട് ചേര്‍ന്നിരുന്നു.

ഉമ്മയല്ല ബാപ്പ ,അടങ്ങിയിരുന്നോ അവിടെ….

ഇതിന്ന് താഴെ വീണാല്‍ പെറുക്കിയെടുക്കാന്‍ ഞാന്‍ കൂലിക്ക് ആളെ വിളിക്കേണ്ടി വരും..നിങ്ങളെ എങ്ങനെങ്കിലും ഒന്ന് വീട്ടിലെത്തിച്ചാ മതി.

ആയിക്കോട്ടേ…ഞാന്‍ ഷട്ടപ്പ്.

മ്…മ്…

കിഷോര്‍ പുറകിലോട്ടാഞ്ഞപ്പോള്‍ കാവ്യ ബെെക്കു നിര്‍ത്തി.

കിച്ചാ….വേണ്ടാ….ഇത് ശരിയാവില്ല.

അവള്‍ തന്‍റെ കഴുത്തില്‍ നിന്നും ഷാളെടുത്ത് അവന്‍റെ അരയിലൂടെ ചുറ്റി തന്‍റെ അരയിലേക്ക് ചേര്‍ത്ത് വലിച്ചു കെട്ടി.

ഒരു എട്ട് കിലോമീറ്റര്‍ കൂടി ഒന്ന് അടങ്ങിയിരിക്കെന്‍റെ പൊന്നു കിച്ചാ…

നിന്നോട് ഓവറാക്കല്ലേ ഓവറാക്കല്ലേ എന്നെത്ര തവണ പറഞ്ഞതാ…

ഓവറോ ഞാനോ…നീ അടുത്ത് കാണുന്ന ബാറില്‍ നിര്‍ത്ത് ഇനീം ഒരു ഫുള്ളു കൂടെ അടിച്ചാലും ഞാന്‍ ഫിറ്റാവില്ല.

അവ്യക്തമായി അവന്‍ നാവുടക്കി പറഞ്ഞത് ഏതാണ്ട്‌ അത് പോലെ എന്തോ ആണ്.അല്ല അത് തന്നെ…

ദേ കിച്ചാ…മിണ്ടാതിരുന്നില്ലേല്‍ ആ കാണുന്ന പുഴയിലേക്കിട്ട് ഞാന്‍ നിന്നെ ഒന്ന് മുക്കിയെടുക്കുവേ…

പുള…ഛെ…പുയ….അയ്യേ…അതല്ല പു…ഴ എവിടേ…എനിക്ക് കുളിക്കണം…നീന്തി നീന്തി കുളിക്കണം..നീന്തി ..നീന്തി…നീ…ന്തി…കുളിക്കണം…നീ…ന്തി…

കിച്ചന്‍ ഷട്ട് ഡൗണായി കാവ്യയുടെ തോളിലോട്ട് ചാഞ്ഞു.

ടാ…കിച്ചാ….കിച്ചാ…ഇറങ്ങിക്കേ…വീടെത്തി.

ആ…ബാറെത്തിയോ…

ബാറല്ല വീട്…

അവന്‍ ബുള്ളറ്റില്‍ നിന്നിറങ്ങി അലക്ഷ്യമായി നടന്നു.

വണ്ടിയൊതുക്കി കാവ്യ അവനെ പിടിച്ചു വലിച്ച് ഒരു വിധം വീട്ടിലേക്ക് കയറ്റി.

നേരെ പിടിച്ചു കൊണ്ട് പോയത് ബാത്ത് റൂമിലേക്കായിരുന്നു. ഷവറിന്‍റെ ചുവട്ടിലോട്ടവനെ കുറച്ചു സമയം പിടിച്ചു നിര്‍ത്തി.

സ്വബോധത്തോടെ ആ ഡ്രെസ്സൊന്ന് മാറിയിട്ട്‌ വാ കിച്ചാ..ഞാനൊരു ഗ്ലാസ് മോരെടുത്തു തരാം.ഇല്ലേല്‍ ഇന്നിനി നീ ഫുള്‍ സ്വിച്ച് ഓഫാവും.

ആഹാ വന്നോ കിഷോര്‍ കാര്‍ത്തികേയന്‍ നമ്പൂതിരിപ്പാട്.

പോടീ…കളിയാക്കാതെ.

നീയെന്താ ടോ ഇങ്ങനെ ..ഞാന്‍ നിന്‍റെ ഭര്‍ത്താവല്ലേ…എന്നെ ഒന്ന് വരച്ച വരയില്‍ നിര്‍ത്തിക്കൂടെ തനിക്ക്…വലിക്കരുത് കുടിക്കരുത് എന്നൊക്കെ പറഞ്ഞ്.

ആഹാ…ഞാനങ്ങനെ പറഞ്ഞാ നീ അനുസരിക്കുവോ…

അത്….അനുസരിക്കുവൊക്കെ ചെയ്യാം.കുറച്ച് കുറച്ച്..

ആഹാ… എന്നാ അങ്ങനെ ഒരു വര വരക്കാന്‍ എനിക്കിപ്പൊ ഒരു പ്ലാനും ഇല്ല.

നീയെന്‍റെ ജീവനല്ലേ ടാ… നിന്നെ എനിക്കറിയുന്ന പോലെ നിനക്ക് പോലും അറിയില്ല.

കിച്ചാ…ഞാന്‍ അതിരുകളിട്ട് നീ ഒളിച്ചും പതുങ്ങിയും ചെയ്യുന്നതിനേക്കാള്‍ എത്ര നല്ലതാ നിന്‍റെ സന്തോഷം ഞാന്‍ എന്‍റേതായിക്കൂടി കാണുന്നത്.

നിന്നെ അതിരുകളില്‍ തളച്ചിടാന്‍ ഞാന്‍ നിന്നെയല്ലല്ലോ നീ എന്നെയല്ലേ കെട്ടിയേ…ജീവിതം ഒന്നല്ലേയുള്ളൂ മോനേ…അത് നമുക്കിങ്ങനെ ജംബനും തുമ്പനുമായി അടിച്ചു പൊളിച്ചങ്ങ് ആസ്വദിക്കാം.

ഞാനിത്തിരി സ്വാതന്ത്ര്യം തന്നെന്ന് വെച്ച് എന്‍റെ കിച്ചന്‍ ഓവറായി കുടിക്കുകയോ വലിക്കുകയോ അത് പോലെ വേറെ താന്തോന്നിത്തരങ്ങളൊന്നും ചെയ്യില്ലാന്ന് … എനിക്കുറപ്പാ ടാ നീ വേറെ ഒരു പെണ്ണിനെ മോഹിച്ചാല്‍ പോലും അതെന്നോട് ഷെയര്‍ ചെയ്യുമെന്ന്.

അതെല്ലാം പറഞ്ഞു തീര്‍ക്കുമ്പോള്‍ കാവ്യയുടെ കണ്ണുകളിലെ തിളക്കവും വിശ്വാസവും ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു കിഷോര്‍.

ടീ കാവ്യാഞ്ജലീ…നിന്നെപ്പോലൊരു പെണ്ണിനെ കെട്ടിയ ഞാന്‍ ഭാഗ്യവാനാണെന്ന് കൂട്ടുകാര്‍ അടക്കം പറയുന്നത് കേള്‍ക്കാന്‍ വേണ്ടി തന്നെയാടീ പോത്തേ എവിടെപ്പോവുമ്പോഴും ജമ്പന്‍റെ കൂടെ തുമ്പനെന്ന പോലെ കൂടെ കൊണ്ട് നടക്കുന്നത്. പിന്നെ അടിച്ച് പൂക്കുറ്റിയായാല്‍ ബെെക്കിലിങ്ങനെ കെട്ടി മുറുക്കി കൊണ്ടു വരാനും.

അത് പറഞ്ഞവനവളെ തന്‍റെ മാറിലേക്ക്‌ വലിച്ചിട്ടു.

ഹാ ..പിന്നെ കിച്ചാ…കുട്ടികളൊക്കെ ആവുമ്പോ നമുക്കീ കുട്ടിക്കളികള്‍ക്ക് ചെറിയൊരു കര്‍ട്ടനിടണം ട്ടാ…

ഹോ…അത് നീ പറഞ്ഞ് തന്നിട്ട് വേണല്ലോ ടീ..

ദെെവേ… ഒരു മോളുണ്ടാവുകയാണേല്‍ ഈ സാധനത്തിനെപ്പോലെ കുരുത്തക്കേട് അറ്റാച്ച് ചെയ്തിങ്ങോട്ട് പറഞ്ഞു വിടരുതേ…

ഓ ..പിന്നേ..കിച്ചനിത്ര നല്ലത്…

ആ…പിന്നേ … ഞാന്‍ നേരത്തേ പറഞ്ഞില്ലേ..മറ്റേ പെണ്ണുങ്ങളെ ആഗ്രഹിക്കണ കാര്യം.. അങ്ങനെ ഒരു മോഹമുണ്ടേല്‍ മോനങ്ങ് മാറ്റി വെച്ചേക്ക് ട്ടാ…

കിഷോര്‍ അവളെ ഒന്നു കൂടെ അടുപ്പിച്ച് നിര്‍ത്തിക്കൊണ്ട് പറഞ്ഞു.

ടീ….പെണ്ണെന്നും പെണ്ണ് തന്നെയാ….

രചന : Zai Ka

Leave a Reply

Your email address will not be published. Required fields are marked *