കാര്യം_നിസ്സാരം

രചന : അതിഥി അഥിത്രി

പൊന്നമ്പിളി ഒന്നവിടെ നിന്നേടി കൊച്ചേ. രാവിലെ സൊസൈറ്റിയിൽ പോയി പാല് കൊടുത്തു വരുന്ന വഴി തുളസി ചേച്ചിയായിരുന്നു ദൃതിപ്പെട്ട് എനിക്കൊപ്പം ഓടി എത്തിയത്.

നാട്ടിലെ പ്രധാന ആകാശവാണികളിൽ ഒരാളാണ് തുളസി ചേച്ചി. നാട്ടുകാരുടെ ഹിതവും അവിഹിതവും കണ്ടുപിടിക്കലാണ് പുള്ളിക്കാരിയുടെ പ്രധാന തൊഴിൽ.

നല്ല പ്രായത്തിൽ കല്യാണം കഴിച്ചു പോകാത്തെന്റെ ഏനക്കേടാണെന്നാണ് നാട്ടിലെ ചെക്കൻമാർക്കിടയിൽ അവരെപ്പറ്റിയുള്ള സംസാരം.

സൊസൈറ്റിയിൽ എന്നും പാല് കൊടുക്കാൻ അച്ഛനാണ് പോകാറ്.. ഇന്ന് അച്ഛന് ചെറിയൊരു പനിക്കോള് പോലെ, അപ്പൊ അമ്മ ആ ദൗത്യം എന്നെ ഏൽപ്പിച്ചു.

അച്ഛനൊക്കെ നേരെ നോക്കിയാൽ എളിമയോടെ നിന്ന് ചിരിക്കുന്ന അവരുടെ ചിരി ഒന്ന് കാണേണ്ടത് തന്നെയാ. അച്ഛൻ വീട്ടിൽ ഉള്ളപ്പോൾ ഞങ്ങടെ വീടിന്റെ ഏഴയലോക്കത്തുപോലും എത്താത്ത ആളാണ് ഇന്നിപ്പോ പതിവില്ലാതെ മ്മടെടുത്ത് ശൃംഗരിക്കാൻ വരണത്.

പുതിയ ആരുടെ അവിഹിതവുമായിട്ടാണോ അതും ഈ എന്റെ അടുത്തേക്ക് വരുന്നതെന്നോർത്ത് ഒരു നിമിഷം ചിന്താവിഷ്ടയായി അവിടെ തന്നെയങ്ങട് നിന്നു ഞാൻ.

ചേച്ചി അടുത്തെത്തിയതും ഞാൻ..: “അല്ല.., ഇതാര് തുളസിചേച്ചിയോ.. ! എന്താ ചേച്ചി പതിവില്ലാതെ നമ്മളോടൊക്കെ മിണ്ടാൻ തോന്നാൻ..?

“അതെന്താടി കൊച്ചേ നീ അങ്ങനെ പറഞ്ഞത്.. ഞാൻ നിന്നോട് മിണ്ടിയിട്ടേ ഇല്ലാത്തപോലെ ഉണ്ടല്ലോ നിന്റെ പറച്ചില് കേട്ടാൽ. ” “അയ്യോ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല ചേച്ചി.. സാധാരണ അച്ഛൻ ഉള്ളപ്പോൾ ചേച്ചി മിണ്ടാൻ നിൽക്കാറില്ലല്ലോ അതുകൊണ്ട് ചോദിച്ചതാ.”

“അത് പിന്നെ… എനിക്ക് വീട്ടിൽ ചെന്നിട്ട് ദൃതി ഉള്ളതു കൊണ്ടല്ലേ..? ”

“അപ്പൊ ഇപ്പൊ ദൃതി ഒന്നുമില്ലേ..? “ഞാനും വിട്ടുകൊടുത്തില്ല. ഉരുളക്കുപ്പേരി പോലുള്ള ന്റെ മറുപകളോരോന്നും വിചാരിച്ച കാര്യം ചോദിക്കാൻ പറ്റാത്തതിലുള്ള ചേച്ചിന്റെ മുഖത്തെ സ്വസ്ഥതക്കേട് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.. ന്നാലും അവര് അതിനെയൊക്കെ ഒരു അളിഞ്ഞ ചിരിയിലൊതുക്കി എന്നോട് പിന്നേം വിശേഷങ്ങൾ ഓരോന്നൊക്കെ ചോദിച്ചും പറഞ്ഞുംകൊണ്ടേയിരുന്നു.

പെട്ടന്നാണ് കക്ഷി റൂട്ട് മാറ്റിപ്പിടിച്ചത്. “അല്ല കൊച്ചേ നീ അറിഞ്ഞില്ലേ നാട്ടിലെ പുതിയ വിശേഷം…?? ” എന്താണ് എന്ന അർത്ഥത്തിൽ ഞാൻ അവരുടെ മുഖത്തേക്ക് നോക്കി.

‌”ഓ ഒന്നും അറിയാത്ത ഒരാള്.. നിങ്ങള് വല്ല്യ കൂട്ടുകാരത്തികളല്ലായിരുന്നോ, അതിവിടെ ആർക്കാ അറിയാൻ മേലാത്തത്.” ‌ “അതിനു ചേച്ചി ഇതാരുടെ കാര്യമാ ഈ പറയുന്നേ എനിക്ക് മനസ്സിലാകുന്നില്ലല്ലോ.. ”

“വെറുതെ പറയല്ലേ കൊച്ചേ നിന്നോട് പറയാതെ അവൾ പോവോ അങ്ങനെ.? ”

“ചേച്ചി ആര്, എങ്ങോട്ട് പോയ കാര്യമാ പറയുന്നേ..? ” വെറുതെ പറയല്ലേ കൊച്ചേ.. ആ ചെത്തുകാരൻ രമേശന്റെ മോളും നീയും ഒരുമിച്ചല്ലേ പഠിക്കാൻ പോകുന്നത് എന്തായാലും അവള് നിന്നോട് പറയാതെ പോകത്തില്ല.. ആർക്കറിയാം ഇനി വല്ല ഒത്തുകളിയും ആണോന്ന് രണ്ടാളും കൂടെ.”

ഓ അപ്പൊ നാട്ടിൽ ഇന്നലെ നടന്ന ഒളിച്ചോട്ടത്തിന്റെ കാര്യമാണ് കക്ഷി പറഞ്ഞു വരുന്നത്. പക്ഷേ അത് രമേശേട്ടന്റെ സുമിയായിരുന്നോ., ന്റെ ഉള്ളൊന്ന് കാളി. ഈശ്വരാ ഈ കൊച്ച് ഇതെന്തോർത്തിട്ടാ..!! ഞാൻ മനസ്സിലോർത്തു.

കാര്യം ഞങ്ങള് ഒരുമിച്ചാണ് കോളേജിൽ പോക്കും വരവുമെല്ലാം. പക്ഷേ അവൾ…..അവളാണ് പോയതെന്ന് ദൈവത്തിനാണെ ഈ നേരം വരെ എനിക്കറിയില്ലായിരുന്നു. ഞാൻ അവരുടെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി.

അവള് ഫസ്റ്റ് ഇയർ ആയതുകൊണ്ടും ദൂരങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലാത്തതുകൊണ്ടും രമേശേട്ടൻ പറഞ്ഞിട്ടാണ് സുമിയെ എന്റെ കൂടെ കോളേജിൽ വിടുന്നത്. മിനിഞ്ഞാന്ന് കോളേജിലേക്ക് പോകും വഴി അവൾ എന്നോട് പറഞ്ഞിരുന്നു “വൈകിട്ട് ഞാൻ നേരത്തെ പോരും ചേച്ചി “എന്നും, തറവാട്ടിൽ എന്തോ ഫങ്ക്ഷൻ ഉണ്ടെന്നോ റിലേറ്റീവ്സ് ആരൊക്കെയോ വരുന്നുണ്ടെന്നോ മറ്റും ഒക്കെ.

എന്നിട്ട്, ഇന്നലെ രാവിലെ കോളേജിൽ പോകാനിറങ്ങിയപ്പോ അവളെ ഇതുവരെ കണ്ടില്ലല്ലോ എന്ന് അമ്മയോട് പറയുകയും ചെയ്തിട്ടാണ് ഞാൻ കോളേജിലേക്ക് പോയത്.

എക്സാം അടുത്ത ടൈം ആയതിനാൽ ഞങ്ങൾക്ക് വർക്ക്‌ ഒരുപാട് ഉണ്ട് ഇപ്പോൾ. അതുകൊണ്ട് വീക്കെൻഡ്(വെള്ളിയാഴ്ച ) വീട്ടിൽ എത്താൻ വളരെ ലേറ്റ് ആകാറാണ് പതിവ്.. ഇന്നലെയും പതിവ് പോലെ ഞാൻ എത്തിയപ്പോ സന്ധ്യ മയങ്ങിയിരുന്നു. വൈകുന്നേരം പോരാൻ ലേറ്റ് ആകുമെന്ന വിവരം പറയാൻ സുമിയെ തിരക്കി ഞാൻ ക്ലാസ്സിൽ ചെന്നപ്പോൾ ആണ് അവൾ ഇന്നലെ കോളേജിൽ വന്നിട്ടില്ലെന്നുള്ള കാര്യം ഞാൻ അറിയുന്നത്.

വൈകിട്ട് യാത്രാക്ഷീണവും മറ്റും ഉള്ളതിനാൽ വീട്ടിൽ എത്തിയപാടെ കുളിയും കഴിഞ്ഞ് ഞാൻ കയറി കിടന്നു. നല്ല ക്ഷീണം ഉള്ളതുകൊണ്ട് കിടന്നപാടേ ഉറക്കത്തിലേക്ക് മയങ്ങി വീഴുകയും ചെയ്തിരുന്നു. അതിനു മുൻപ് ആരോ ഒളിച്ചോടി പോയെന്നുള്ള വിവരം വീട്ടിൽ ചർച്ച ചെയ്യുന്നത് കേട്ടെങ്കിക്കും ഞാൻ ആ ഭാഗത്തേക്ക്‌ ശ്രദ്ധിക്കാൻ പോയില്ല.

രാവിലെ അമ്മ വന്നു പാല് കൊണ്ട് കൊടുക്കാൻ പറഞ്ഞു വിളിച്ചപ്പോഴാണ് ഞാൻ പിന്നെ ഉറക്കമുണരുന്നത് തന്നെ. അതിനിടക്ക് സുമിയാണ് പോയെന്നുള്ള വിവരം ആരും എന്നോട് പറഞ്ഞതുമില്ല, ഞാനറിഞ്ഞതുമില്ല.

അവര് ഒരുതരം പുച്ഛഭാവത്തോടെ ന്റെ മുഖത്തു നോക്കി അങ്ങനെ പറഞ്ഞപ്പോൾ നിക്ക് നല്ല ദേഷ്യം വന്നു.

“ചേച്ചി ദേ മര്യാദക്ക് സംസാരിക്കണം. ആരെ പറ്റിയും എന്തും പറയാമെന്നു കരുതരുത്. ” ഓ പിന്നെ നീയൊക്കെ ഒരു മര്യാദ ഉള്ളവള്മാര്.. പെട്ടന്ന് തന്നെ അവരുടെ സ്വരം മാറാൻ തുടങ്ങി.. പിന്നെ സംസാരങ്ങളോരോന്നും ഒച്ചത്തിലായി.

അപ്പൊ പതിവിനു വിപരീതമായി അവര് ശൃംഗരിച്ചോണ്ട് വന്നത് ഇതിനു വേണ്ടി ആയിരുന്നല്ലേ എന്ന് മനസ്സിലോർത്തപ്പോഴേക്കും അവര് അടുത്ത ഡയലോഗ് എനിക്കെതിരെ എറിയാൻ തുടങ്ങിയിരുന്നു..

“എടീ കൊച്ചേ.. നിന്റെ ഒക്കെ പ്രായം കഴിഞ്ഞാ ഞങ്ങളും ഇവിടെ വരെ എത്തിയത്. എന്നിട്ടിപ്പോ നീ ഒന്നും ആരും ഒന്നും അറിയുന്നില്ലെന്ന് കരുതി കാട്ടിക്കൂട്ടുന്നതൊക്കെ ഇവിടെല്ലാവരും അറിയുന്നുണ്ട് കേട്ടോ. ”

അവരുടെ ആ സംസാരം എന്നെ നല്ലോണം ചൊടിപ്പിച്ചു.

ഞങ്ങളുടെ സംസാരം കേട്ട് അതിലെ വന്ന ആളുകൾ കേൾക്കത്തക്കവിധം അവർ ഞാൻ എന്തോ തെറ്റ് ചെയ്ത പോലെ അവിടെ കിടന്നു നല്ലോണം പ്രസംഗിക്കാൻ തുടങ്ങി.

അത് കേട്ടതും എനിക്ക് നല്ല അരിശം വന്നു. ഞാനും വിട്ടുകൊടുക്കാൻ പോയില്ല. കാര്യമെന്തെന്നോ ഏതെന്നോ അറിയാതെ ആണെങ്കിലും അവരെന്നോട് സംസാരിച്ച രീതി എന്നെ ശരിക്കും ദേഷ്യം പിടിപ്പിച്ചു.

ആള് കൂടുന്നുണ്ടെന്നായപ്പോൾ അവർക്ക് എന്തും ആരോടും വിളിച്ചു പറയാമെന്നുള്ള ലൈസൻസ് ഉള്ളപോലെ ആയിരുന്നു അവരപ്പോൾ അവിടെ കാട്ടിക്കൂട്ടിയത് മുഴുവനും.

ഒപ്പം നിന്നവരിൽ പലർക്കും സീൻ എന്താണെന്ന് പോലും മനസ്സിലായിട്ടുണ്ടായിരുന്നില്ല. പക്ഷേ, അവരിൽ ചിലർ തുളസി ചേച്ചിയെ പിൻതാങ്ങി സംസാരിക്കാൻ തുടങ്ങിയതും സീൻ ആകെ വഷളായി.

ഞാനും വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. പക്ഷേ അവർ എന്നെ ഒരുതരത്തിലും മറുത്തു പറയാൻ സമ്മതിക്കാതെ എന്നെയും, സംസാരിച്ചു തോൽപ്പിക്കാൻ എന്റെ വീട്ടുകാരെ പറ്റിയും വരെ വളരെ മോശമായി പറയാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ പ്രായത്തെ ബഹുമാനിക്കാതെ പ്രതികരിക്കാൻ തുടങ്ങിയത്.

പറഞ്ഞ് പറഞ്ഞ് വിഷയം വഷളായതും അത് എന്റെ അച്ഛന്റെ മുന്നിലേക്കെത്തിയതും ഒന്നും അവരറിയുന്നുണ്ടായിരുന്നില്ല.എന്നാൽ അച്ഛൻ കാണുന്നുണ്ടെന്ന് ഉറപ്പായപ്പോൾ എനിക്കും അവരോടു തിരിച്ചു പറയാൻ ധൈര്യം ആയി. പിന്നെ ഒന്നും നോക്കിയില്ല വായിൽ വന്നതൊക്കെ എല്ലാവരും കേൾക്കത്തക്കവിധം തന്നെ പറഞ്ഞു ഞാനും.

“നിങ്ങളിപ്പോ ഈ സംസാരിക്കുന്നത് നിങ്ങളുടെ സംസ്കാരം ആണ്. ഓരോരുത്തരും ഓരോരോ സ്വഭാവവും കാഴ്ചപ്പാടുകളും ഉള്ളവരുമാണ്. എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങളും പറയാം അത് പക്ഷേ ആളും തരവും നോക്കി വേണം എന്ന് മാത്രം. അതുപോലെ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി വായിൽ തോന്നുന്ന എന്തും ആരോടും പറയാനുള്ള ലൈസൻസ് ആയി കാണകയും ചെയ്യരുത്.

ഇനി നിങ്ങൾക്ക് അങ്ങനെ പറഞ്ഞെ മതിയാവൂ എന്നുണ്ടെങ്കിൽ നിങ്ങളുടെ തരക്കാരോട് പറയുക, അല്ലെങ്കിൽ സ്വന്തം വീട്ടിൽ പോയി പറയുക. നിങ്ങൾ തുടങ്ങി വെച്ച വിഷയം അതെന്താണെന്നോ ആരെ കുറിച്ചാണെന്നോ പോലും എനിക്കറിവില്ലായിരുന്നു.

പക്ഷേ നിങ്ങൾ എന്റെ കൂട്ടുകാരിയെ പറ്റി ആണ് പറഞ്ഞു വരുന്നത് എന്ന് മനസ്സിലായപ്പോ അവളുമായി ബന്ധപ്പെട്ടു വായും മനസ്സും അറിയാത്ത കാര്യത്തിനാണ് നിങ്ങൾ എന്നെയും എന്റെ കുടുംബത്തെയും പറ്റി വരെ വളരെ മോശമായി ഇത്രയും നേരം കിടന്ന് പ്രസംഗിച്ചത്. അതും ഈ ആൾക്കൂട്ടത്തിനു മുന്നിൽ വെച്ച്.

ഒരാളെ ഒരാവശ്യവുമില്ലാതെ മറ്റുള്ളവർക്ക് മുന്നിൽ വെച്ചിങ്ങനെ ആക്ഷേപിച്ചു സംസാരിക്കാൻ മാത്രം തരം താഴ്ന്നുപോയോ നിങ്ങൾ. നിങ്ങളെ കുറിച്ച് ഞാൻ ഇങ്ങനൊന്നുമല്ല വിചാരിച്ചിരുന്നത്.

ഇത്രയും നാൾ പലരും പറഞ്ഞു നിങ്ങടെ ഈ സ്വഭാവം എനിക്ക് കേട്ടുകേൾവി മാത്രമായിരുന്നു. അപ്പോഴും എന്റെ മനസ്സിൽ നിങ്ങൾക്ക് ഞാൻ ഒരു സ്ഥാനം തന്നിരുന്നു.. അത് എന്ത് കൊണ്ടാണെന്ന് നിങ്ങൾക്ക് അറിയോ നിങ്ങൾ എന്റെ അച്ഛന്റെ മുന്നിൽ അത്രയും ഡീസന്റ് ആയിരുന്നു എന്നത് കൊണ്ട് മാത്രം.

കാരണം, ഒരു തരത്തിലും നിങ്ങളെ ഞാൻ എളിമയോടെ അല്ലാതെ എന്റെ അച്ഛന്റെ മുന്നിൽ ചിരിച്ചു കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ ഇന്ന് നിങ്ങൾ അത് തെറ്റിച്ചു.

അത്രയും പറഞ്ഞപ്പോൾ അവർക്ക് മറുത്തൊന്നും പറയാനില്ലായിരുന്നു.

ഇനി പറയാനുള്ളത് നിങ്ങളോടാണ്.. ചുറ്റും കൂടി നിന്നവർ പരസ്പരം നോക്കി. ഒരു പ്രശ്നം ഉണ്ടാവുമ്പോ അതിലേക്ക് തലയിടാനും അത് കണ്ടു രസിക്കാനും ഒക്കെ എല്ലാർക്കും തോന്നും.. അങ്ങനെ തോന്നുന്നതിൽ തെറ്റില്ല കാരണം മലയാളിക്ക് മാത്രം ഉള്ള ഒരു പ്രത്യേകതരം സ്വഭാവം ആണത്. എന്നുകരുതി ആരുടെ പ്രശ്നത്തിലും കയറി എന്തും വിളിച്ചു പറയാം എന്ന് മാത്രം ആരും വിചാരിക്കണ്ട. പിന്നെ നിങ്ങളെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം എങ്കിലും പറയുവാ..

“കറുത്തത് ഛർദ്ദിച്ചു എന്നതിനെ കാക്കയെ ഛർദ്ദിച്ചു “..എന്നാക്കി തീർത്ത മലയാളിയുള്ള നാടല്ലേ നമ്മുടേത്.. അപ്പൊ ഇതല്ല ഇതിനപ്പുറവും നിങ്ങളൊക്കെ പറയും. പക്ഷേ പറയുമ്പോ അതിൽ കുറച്ചെങ്കിലും കഴമ്പ് ഉണ്ടോ ഇല്ലയോ എന്ന് നോക്കി വേണം പറയാൻ. അല്ലാതെ തിന്നിട്ട് എല്ലിനിടെൽ കേറുമ്പോ വീട്ടിലിരിക്കുന്നോരോട് ചൊറിയുന്ന മാതിരി നാട്ടുകാരുടെ മേൽ ചൊറിയാൻ വരികയല്ല വേണ്ടത് അത് പറഞ്ഞത് കൂടിനിന്നവരോടാണെങ്കിലും എന്റെ കണ്ണുകൾ തുളസി ചേച്ചിയിലേക്കായിരുന്നു.. ഇനിയതല്ല ആരുടെ മുന്നിലും എന്തും പറയാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ഈ ന്റെ അടുത്ത് വേണ്ട.. മനസ്സിലായല്ലോ..

അത്രയും പറഞ്ഞു ഞാൻ വീട്ടിലേക്ക് കയറി പോരുമ്പോൾ തുളസിചേച്ചിക്ക് കടിക്കാത്ത പട്ടിയുടെ വായിൽ കോലിട്ട് കടിപ്പിച്ച അവസ്ഥയായിരുന്നു.

Nb :ചിലർക്ക് ഇങ്ങനെ ആണ് ഇല്ലാത്തത് ചികഞ്ഞെടുക്കാൻ ഭയങ്കര ഉന്മേഷമായിരിക്കും.. അത് കേട്ട് കയ്യടിക്കാൻ മറ്റു ചിലർക്കും….😁

രചന : അതിഥി അഥിത്രി

Leave a Reply

Your email address will not be published. Required fields are marked *