യാത്രാമൊഴി…

രചന: നിഷ ബാബു

വിനുവേട്ടാ…….. എവ്ടെയാ………. വിനുവേട്ടാ……. ഏട്ടാ ……

കാലിൽ തളച്ചു വച്ചിരിക്കുന്ന ചങ്ങലക്കണ്ണികൾ വലിച്ചു മുറുക്കിക്കൊണ്ട് ചാണകം മെഴുകിയ തറയിൽ കവിൾത്തടം ചേർത്തുകൊണ്ട് പാറി പറന്ന് അലക്ഷ്യമായ് കിടക്കുന്ന

മുടിയിഴകൾക്കിടയിലൂടെ തുറുപ്പിച്ച കണ്ണുകളുമായി തേടുകയാണ് ആരെയോ ….അവൾ ‘ചാരു’ അതിനിടയിൽ ഒരു മന്ത്രമെന്ന പോലെ ചാരു ആ പേര് ഉരുവിട്ട് കൊണ്ടേയിരുന്നു ‘വിനുവേട്ടൻ’…… വാതിൽപ്പടിയിൽ ചലനമറ്റ ഘടികാരം പോലെ ഇതെല്ലാം കണ്ടു നിന്ന വിനുവിന്റെ അമ്മ

ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… വാതിലിൽ തലചേർത്ത് വച്ചു കൊണ്ട് ഒരു പാട് സന്തോഷിച്ച ആ നാളുകളെ അവർ ഓർത്തെടുക്കാൻ ശ്രമിച്ചു …. എന്ത് സന്തോഷിച്ചിരുന്നു ന്റെ കുട്ടി അന്നൊക്കെ…. പാവം ന്റെ മോള്… ശ്രീദേവിയുടെ അനുജന്റെ മകളാണ് ചാരു ജനിച്ചപ്പൊഴേ അമ്മയെ നഷ്ടമായിരുന്നു അവൾക്ക് . അന്നു മുതൽ അവൾ അമ്മയെന്ന്

വിളിക്കുന്നത് ശ്രീദേവിയെയാണ്.വിനുവും ചാരുവും ചെറുപ്പം മുതലേ രണ്ടിണ പ്രാവുകളെപ്പോൾ ഒന്നിച്ച് വളർന്നവരാണ് അന്ന് മുതലേ രണ്ട് വീട്ടുകാരും പരസ്പരം ഉറപ്പിച്ചതാണ് വിനു ചാരുവിനുള്ളതാണെന്ന്.

അമ്മേ……. അയ്യേ….. കൂയ്…… ഇനി പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ മോനെ… ( പൊട്ടിച്ചിരിച്ചു കൊണ്ട് അമ്മയുടെ മറവിലൊളിച്ചു നിൽക്കുകയാണ് ചാരു) നിനക്ക് ശരിയാക്കിത്തരാടീ…. കുരുത്തംകെട്ടവളേ… പെണ്ണിന് കുറുമ്പിത്തിരി കൂടണ് ണ്ട് ട്ടോ അമ്മേ അവളെ ഇങ്ങോട്ട് വിട്ടു തന്നേ ഇവളെന്നെ വിളക്കണത് കേട്ടോ ഡാ വിനൂന്ന്…. ( ചാരു അമ്മയുടെ മറവിൽ നിന്നു ഒരു മുയൽക്കുഞ്ഞിനെപ്പോലെ പൊന്തി വന്നു പറഞ്ഞു ശ്ശോ .. പാവം.. കഷ്ടായിപ്പോയി.) ഡീ…. നിന്നെ… അമ്മ ചെറുപുഞ്ചിരിയോടെ പറഞ്ഞു ഒന്നടങ്ങ് വിനൂ നീ അവള് വിളിച്ചോട്ടേടാ നിന്നോടുള്ള ഇഷ്ടം ചിലപ്പോൾ കൂടിയതോണ്ടാവും. ഉവ്വ…… ഈയിടെയായി ഇഷ്ടം കുറച്ച് കൂടുതലാ നീയും ആ വാര്യത്തെ പയ്യനുമായുള്ള കമ്പെയ്ൻ

സ്റ്റഡി ഒക്കെ കുറച്ച് കൂടുന്നുണ്ട് ട്ടോ….. ചാരു അമ്മയുടെ മറവിൽ നിന്നും പതിയെ മുന്നിലേക്ക് വന്നു ചിണുങ്ങി കൊണ്ട് അമ്മയോടായി പറഞ്ഞു കണ്ടോ അമ്മേ ഈ വിനുവേട്ടന് എന്നെ

ഇപ്പൊഴേ സംശയമാ…ഈ മനുഷ്യൻ സംശയ രോഗിയാ… സംശയ രോഗി നിന്റെ ….. ( അവളുടെ മുഖം വാടുന്നത് ഒരു ചെറുപുഞ്ചിരിയോടെ വിനു നോക്കി നിന്നു എങ്കിലും പുറമെ കട്ട

കലിപ്പന്റെ മുഖമായിരുന്നു) പഠിക്കുന്ന കുട്ടികൾ അങ്ങനാ ചിലപ്പോൾ കമ്പെയ്ൻ സ്റ്റഡി ഒക്കെ നടത്തും അമ്മ അവളെ സപ്പോർട്ട് ചെയ്ത് പറഞ്ഞു കൊണ്ട് കോനായിലേക്ക് നടന്നു പോയി.

അവൻ ഉമ്മറത്തിരുന്ന തന്റെ സൈക്കിളിൽ കാറ്റുനിറച്ചുകൊണ്ട് വാടിയ ചേനത്തണ്ടു പോലെ നിൽക്കുന്ന അവളുടെ മുഖത്തേക്ക് ഒന്നിടം കണ്ണിട്ടു നോക്കിക്കൊണ്ട് ചൊടിപ്പിക്കാൻ വേണ്ടി വീണ്ടും പറഞ്ഞു ഓ… അല്ലേലും നമ്മളൊക്കെ പത്താം

ക്ലാസ്, പിന്നെ സംശയ രോഗി… ബുള്ളറ്റില്ലാത്തവൻ… അവൻ അവളുടെ മുഖത്തേക്ക് ഒന്നു മെല്ലെ നോക്കി ഇനിയും വായിൽ നിന്നെന്തെങ്കിലും വീണാൽ എന്റെ പൊട്ടി പെണ്ണ് കരഞ്ഞ് സീൻ

ആക്കും.. അതിനു മുൻപ് പോയി പിണക്കം മാറ്റാം .. വിനു പതിയെ അവളുടെ അടുത്തേക്ക് ചെന്നു തോളത്തേക്ക് അവന്റെ ഇരുകൈകളും ചേർത്തുവച്ചു കൊണ്ട് പറഞ്ഞു എന്റെ പൊട്ടി ചാരുക്കുട്ടീ…. ഡീ… പെണ്ണേ മുഖത്തേക്ക് നോക്കിയേ… ഇപ്പൊ പൊട്ടിയൊഴുകും

കണ്ണുനീർച്ചാലുകൾ ബൂ…..ഹ…..ഹ…ഹ…. ദേഷ്യമാണോ സങ്കടമാണോ മുഖമൊക്കെ ചുവന്ന് നിറഞ്ഞ കണ്ണുകളുമായി തുറിച്ചു നോക്കുന്ന ചാരൂ നോട് വിനു പറഞ്ഞു എന്റെ പെണ്ണേ നിന്നെ ഞാൻ ഇന്നും ഇന്നലേം കാണാൻ തുടങ്ങിയതാണോ നീ എന്നെ കളഞ്ഞിട്ട് എവ്ടെ പോവാനാ….

കൂടിപ്പോയാൽ പണ്ട് കണ്ണാരം പൊത്തി കളിക്കുമ്പോൾ ഒളിക്കാറുള്ള ദേ ആ ചക്കരമാവിന്റെ ചോട്ടിൽ അല്ലേൽ നിന്റെ കിങ്ങിണി പശൂന്റെ തൊഴുത്തിൽ .. വളളിനിക്കറിട്ട് നടക്കുന്ന പ്രായം തൊട്ടേ വിക്രമാദിത്യന് കൂട്ടായിരുന്ന വേതാളത്തെപ്പോലെ എന്റെ തോളത്ത് തൂങ്ങിക്കിടന്ന

പെണ്ണല്ലേ നീ.. നിറഞ്ഞു നിന്ന കണ്ണിലൊരു പുഞ്ചിരി നിറച്ചു കൊണ്ട് തോളത്തിരുന്ന വിനുവിന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ടവൾ പറഞ്ഞു അല്ലേലും എന്റെ വിനുവേട്ടൻ പാവമല്ലേ.. നിഷ്കളങ്കൻ… സൽസ്വഭാവി’…. കൈയിൽ നിന്ന് പതിയെ പിടി വിട്ട് കുറച്ച് മാറി നിന്നവൾ

പറഞ്ഞു….” അങ്ങനെയൊക്കെ പറയണമെങ്കിലേ ഞാൻ കണ്ണുപൊട്ടിയായിരിക്കണം കേട്ടോ ടാ… എങ്കിൽ പോട്ടേ പൊട്ടൻ വിനൂ…… ഡീ….. നിക്കെടീ … അവിടെ .. നിന്നെ ഞാൻ പിന്നെടുത്തോളാം കേട്ടോടി….. നെത്തോലി ആ….. ശരി …. കൊരങ്ങാ… ആയിക്കോട്ടെ വരവ് വച്ചിരിക്കണു. അതും പറഞ്ഞ് അവൾ ഓടി മറയുന്നതും നോക്കി വായും പൊളിച്ചു നിൽക്കാനേ വിനുവിന് കഴിഞ്ഞുള്ളൂ. കാണാൻ പറയത്തക്ക സൗന്ദര്യ ഗുണങ്ങളൊന്നും ഇല്ലെങ്കിലും നല്ല സ്വഭാവ മഹിമയും പഠിത്തവും ഒക്കെ ഉള്ള ഒരു പെൺകുട്ടിയായിരുന്നു ചാരു എന്ന ചാരുലത വിനു വിന്റെ ഭാവി വധു.

അങ്ങനെയിരിക്കെ വിനുവിന് ഒരു നല്ല ജോലി ശരിയായി അതും രാജസ്ഥാനിൽ പത്താം ക്ലാസിന്റെ വിദ്യാഭ്യാസമേ അവനുള്ളൂവെങ്കിലും ജീവിക്കാൻ പഠിച്ചവനാണ്

കാര്യപ്രാപ്തിയുള്ളവനാണ്. എത്ര തവണ വഴക്കിട്ടാലും ,പിണങ്ങിയാലും വിനുവിനെ ഒരു ദിവസം കാണാതിരിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. എങ്ങനെ ഈ വിവരം ചാരുവിനെ അറിയിക്കുമെന്നായിരുന്നു അവന്റെ മനസ്സിൽ…

അങ്ങനെ ഒരു വൈകുന്നേരം വിനു ചാരുവിനെ കാണാനെത്തി…. ചാരൂട്ടീ….. കൈയ്യിൽ ഒരു പുസ്തകവുമായി ഉമ്മറത്തേക്ക് വന്ന അവൾ ചോദിച്ചു എന്താണ്…. ഉം….. ഒരു സ്നേഹം പകരം വീട്ടാൻ വന്നതാണോ…. അത്… അത് പിന്നെ അല്ല എന്താണ് ഒരു പഞ്ചാര വിളിയൊക്കെ ?? ഓഹ്..

പിന്നെ അത് എനിക്ക് നിന്നോട് സ്നേഹം കൂടിയിട്ടാ …. ആണോ?? ചാരു തുടർന്നു എത്ര നേരം കാണും…. എന്ത്?? നീ ആ പുസ്തകം വച്ചിട്ട് മാഞ്ചോട്ടിലക്ക് വന്നേ നമുക്കവിടെ കുറച്ച് നേരം

ഇരിക്കാം എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്. അപ്പോ തല്ലൊന്നും തരാനല്ല ഗൗരവമുള്ള എന്തോ കാര്യം ആണ്. വിനുവേട്ടൻ നടന്നോളൂ ഞാൻ ദേ എത്തി. പറ വിനുവേട്ടാ എന്താ പറയാനുള്ളെ ?? അത് പിന്നെ.. എന്തുപറ്റി ഏട്ടന്? ഞാൻ രണ്ടീസം

കഴിയുമ്പോൾ പോവും കുറച്ച് ദൂരത്തേക്ക് അയ്യോ ദൂരത്തേക്കോ അതെവിടെ? മോളെ നമുക്കിങ്ങനെ നടന്നാൽ മതിയോ? നമ്മുടെ കല്യാണം നടത്തണ്ടേ ഒരുപാടാഗ്രഹിച്ച പോലെ ജീവിക്കണ്ടേ സന്തോഷമായി… ഉം ….. അതിന് ഏട്ടൻ എവ്ടെയാ പോണത് ? വിനു അവളുടെ കൈയ്യിൽ മുറുകെപ്പിടിച്ചു കൊണ്ട് പറഞ്ഞു ജീവിക്കണമെങ്കിൽ പണം വേണ്ടേ എനിക്ക് രാജസ്ഥാനിൽ ഒരു ജോലി ശരിയായി ഉടനെ പോകണം അവിടേക്ക്. ദൂരത്തേക്ക് പോകുന്നെന്ന് പറഞ്ഞപ്പോൾ ഒരുപാട് സങ്കടമായെങ്കിലും വിനുവിനെ വേദനിപ്പിക്കാതെയിരിക്കാൻ വേണ്ടി അവൾ മനസ്സിനെ നിയന്ത്രിച്ചു. ആഹാ……… ഇത്രേ ഉള്ളോ കാര്യം നല്ല കാര്യമല്ലേ ഏട്ടൻ പോയി വാ നമുക്ക് വേണ്ടിയല്ലേ. അവൻ ശരിക്കും ഞെട്ടിപ്പോയി ദൈവമേ ഇവൾക്കെന്താ ഈ പറ്റിയത് എന്നെ കുറച്ച് നേരം ഒന്ന് കാണാണ്ടായാൽ മോങ്ങുന്നവളാണല്ലോ?? ഇവളെന്താ കരയാത്തെ ഡീ…. നീ എന്താ കരയാത്തെ ? ഓഹോ.. പിന്നെ ഞാനെന്തിനാ കരേണേ… എന്റെ പട്ടി കരയും… എനിക്ക് കുറച്ചു കൂടി കമ്പെയ്ൻ സ്റ്റഡി നടത്താലോ.. അവൻ അവളുടെ ചെവി പിടിച്ചൊരു നുള്ളു കൊടുത്തു…. അയ്യോന്റമ്മേ…ഞാൻ ചുമ്മ പറഞ്ഞയാ സത്യം …കാവിലമ്മ സത്യം… പിടി വിട്… മ്മ്…. അങ്ങനെ വഴിക്ക് വാ.. ഹൊ….ന്റെ ചെവി പൊളിഞ്ഞു ട്ടോ… ഞാനൊരു തമാശ പറഞ്ഞതല്ലേ ന്റെ വിനുവേട്ടാ…. എന്റെ മോളിങ്ങനെ തമാശ പറേണ്ടാ ട്ടോ …. ഓ…. ആയിക്കോട്ടെ എങ്കിൽ ശരി വിനുവേട്ടാ ഞാൻ പിന്നെ വരാമേ.. ഹൊ…. അങ്ങനെ അവൾക്ക് കുറച്ച് മെച്ച്യൂരിറ്റി ഒക്കെ വന്നെന്ന് തോന്നുന്നു അത് പറഞ്ഞു അവൻ ചെറുപുഞ്ചിരിയോടെ അവൾ പോകുന്നതും നോക്കി നിന്നു .

ചാരു തലയിണയിൽ മുഖം ചേർത്ത് പൊട്ടിക്കരയാൻ തുടങ്ങി ചെവിയിൽ നുള്ളു കിട്ടിയതിന്റെ വേദന കൊണ്ടല്ല കേട്ടോ അത്രേം നേരം വിനുവിന്റെ മുന്നിൽ അടക്കിപ്പിടിച്ചിരുന്ന സങ്കടക്കടലിൽ അവളുടെ തേങ്ങലിന്റെ ശബ്ദം ഇഴുകിച്ചേർന്നു. വിനുവേട്ടൻ സന്തോഷായി

പോയി വരട്ടെ ന്റെ വേദന കൂടി കണ്ടാൽ ആ പാവം പോകില്ല… വിനു കൂട്ടുകാരെയൊക്കെ കണ്ട് എല്ലാരോടും യാത്ര പറഞ്ഞു വീട്ടിലെത്തി . വിനുവിന് നാളെ വൈകുന്നേരമാണ് ട്രെയിൻ.. എല്ലാം റെഡിയായതിനു ശേഷം വിനു അവൾക്കടുത്തേക്ക് ചെന്നു ചാരു ഞാൻ ചെന്നിട്ട് ഉടനെ വിളിക്കാം നന്നായി പഠിക്കണം ട്ടോ…

ഡിഗ്രിക്ക് നല്ല മാർക്കില്ലേൽ ഞാൻ വേറെ പെണ്ണിനെ നോക്കും ട്ടോ… കണ്ണിലെ നനവ് മറയ്ക്കാനായി ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവളുടെ കൈയ്യിൽ മുറുകെ ചേർത്തു പിടിച്ചു പോയിട്ട് വരാമെന്ന് പറഞ്ഞു അവൻ പടിവാതിൽ കടന്ന് പോകുന്നതും നോക്കി അവൾ

മൗനമായി നിന്നു.. അതായിരുന്നു അവർ തമ്മിലുള്ള ആദ്യത്തെയും അവസാനത്തേതുമായ കാഴ്ച്ച രണ്ടു ദിവസങ്ങൾക്കു ശേഷവും വിനുവിന്റെ ഒരു ഫോൺകോളോ വിവരമോ ചാരുവിനെയോ

അമ്മയോ തേടിയെത്തിയില്ല. എന്താ അമ്മേ എന്നാലും നമ്മളെയൊന്ന് വിളിക്കാത്തെ? അവന് തിരക്കുണ്ടാവും മോളേ വിഷമിക്കണ്ട ഉടനെ വിളിക്കും. ഹും… വല്ലാത്ത തിരക്ക് തന്നെ വിളിക്കട്ടെ ശരിയാക്കിക്കൊടുക്കാം ..

അമ്മേ……… ശ്രീദേവിയമ്മേ ….. പുറത്താരോ വിളിക്കുന്നത് കേട്ട് ഉമ്മറപ്പടിയിലേക്ക് ചെന്നു. അല്ലിതാര് ഹരിമോനോ എന്താ മോനെ വിശേഷിച്ച് നിന്നെ ഈ വഴിക്കൊന്നും കാണാനേയില്ലല്ലോ ഇപ്പോൾ.. വാ.. ഇരിക്ക്…

വേണ്ടമ്മേ…. നീ ഇരിക്ക് ഒരു ഗ്ലാസ് ചായ എങ്കിലും എടുത്ത് വരാം…. മോളേ ചാരു ഹരിക്ക് ഒരു ചായ എടുക്ക്.. എനിക്കൊന്നും വേണ്ടമ്മേ….

വേറെയാരൊക്കെയോ വീണ്ടും വീട്ടുമുറ്റത്തേക്ക് വരുന്നത് കണ്ടപ്പോൾ ശ്രീദേവി പരിഭ്രമിച്ചു എന്താ ഹരി?? എന്തു പറ്റി ?? എല്ലാരും ഉണ്ടല്ലോ അമ്മേ നമ്മുടെ വിനു.. വിനു ഇവിടെയില്ല മക്കളേ അവൻ നിങ്ങളോടൊക്കെ യാത്ര പറഞ്ഞിട്ടല്ലേ ജോലിക്ക് വേണ്ടി പോയത്.. അതറിയാം അമ്മേ .. ഹരി നിറകണ്ണുകളോടെ സങ്കടം കടിച്ചമർത്തി കൊണ്ട് പറഞ്ഞു നമ്മുടെ വിനു പോയി നമ്മളെയൊക്കെ വിട്ടു ഈ ലോകത്ത് നിന്ന് എന്നെന്നേക്കുമായി…

ആ വാക്കുകൾ ശ്രീദേവിയുടെ കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി നെഞ്ചിൽ എന്തോ വിങ്ങിപൊട്ടാൻ പോകുന്നതു പോലെ അവർ തൂണിൽ ചാരി നിലത്തേക്ക് ഇരുന്നു..

ഈശ്വരാ …. ന്റെ ദേവീ.. ഞാനെന്താ കേൾക്കണേ ന്റെ കുഞ്ഞിനെന്താ പറ്റിയേ? നിലത്തു വീണു പൊട്ടിയ ചായയുടെയും ഗ്ലാസ്സിന്റെയും ശബ്ദം കേട്ടു എല്ലാവരും നോക്കിയപ്പോൾ ഇതെല്ലാം കേട്ട് ചാരു വാവിട്ട് കരയാൻ തുടങ്ങി..

അമ്മേ…..ന്താ മ്മേ ന്റെ വിനുവേട്ടന്… എനിക്ക് കാണണം ഇപ്പോൾ തന്നെ … അവൾ പരിഭ്രമത്തോടെ ഹരിയെ നോക്കി.

ഹരി വീണ്ടും തുടർന്ന് നമ്മുടെ വിനു പോയ ട്രെയിൻ മറിഞ്ഞു.. കുറെ പേർ മരണപ്പെട്ടു ആ കൂട്ടത്തിൽ നമ്മുടെ …

അത്രയുമേ അവന് പറയാൻ കഴിഞ്ഞുള്ളൂ.. പിന്നെ ആ വീടൊരു കണ്ണുനീർ പുഴയായിരുന്നു.. അവസാനമായി വിനുവിനെ ഒരു നോക്ക് കാണുവാൻ പോലും അവർക്കാർക്കും സാധിച്ചില്ല

അവന്റെ ബാഗും ഒപ്പം കൃഷ്ണന്റെ രൂപം പച്ചകുത്തിയ അവന്റെ കൈപത്തിയും ആണ് അവന്റ മരണം സ്ഥിരീകരിച്ചത്… പിന്നീട് ചതഞ്ഞരഞ്ഞ കുറെ തിരിച്ചറിയാനാകാത്ത രൂപങ്ങളും.

അത്രയും നാൾ ചിരിയും കളിയും ആട്ടവും പാട്ടുമായി ഒരു കൊട്ടാരം പോലെയായിരുന്നു മണിമംഗലം വീട്. പിന്നീട് നാളിതുവരെ ആ വീട്ടിലാരെയും ഞാൻ ചിരിച്ച മുഖത്തോടെ കണ്ടിട്ടില്ല.. ചിരിയെന്താണെന്നു പോലും മറന്നു പോയി എന്നതാണ് സത്യം ..

വർണ്ണങ്ങൾ നശിച്ച ശലഭത്തെപ്പോലെയാണിന്ന് നമ്മുടെ ചാരു.. ഇന്ന് ഇരുട്ട് മാത്രം സ്വന്തമായ ഒരു മുറിയിൽ ആരോടും ഒന്നും ഉരിയാടാതെ ഒരു ഫോട്ടോയും കൈയിൽമുറുകെ പിടിച്ച് ഒരു താരാട്ടു പോലെ വിനുവേട്ടൻ എന്ന പേരും ഉരുവിട്ട് കൊണ്ട് അവൾ കിടപ്പുണ്ട് ..

ശ്രീദേവി ഓർമ്മകളിൽ നിന്ന് ഒരു നെടുവീർപ്പോടെ കവിൾത്തടങ്ങളിൽ ഇറ്റുവീണ കണ്ണുനീർ തുടച്ചു കൊണ്ട് മുറി വാതിൽ ചാരി പുറത്താരോ വിളിക്കുന്ന ശബ്ദം കേട്ടു അങ്ങോട്ടേക്ക് ചെന്നു.. ഹരിമോനോ.. വാ …കയറിയിരിക്ക്

അമ്മേ ചാരുവിനെ ഇങ്ങനെ ഇട്ടിരുന്നാൽ മതിയോ നമുക്കേതേലും നല്ല ഹോസ്പിറ്റലിൽ കാണിക്കാം. അതിനൊക്കെ ആരാ ഹരി ഇവിടുള്ളെ അവളുടെ അച്ഛൻ പോലും നിന്ന നിൽപ്പിലല്ലേ ഞങ്ങളെ തനിച്ചാക്കി പോയത് എനിക്കാണേൽ വയസ്സായിവരുകയല്ലേ ഒന്നിനും

വയ്യ. അമ്മ വിഷമിക്കണ്ട ഞാൻ വാര്യരേട്ടനോട് പറഞ്ഞു ടാക്സി ഏർപ്പാട് ചെയ്തു ആ പൊതുവാൾ ഡോക്ടറെ ഒന്നു കാണിക്കാം. നല്ല പേര് കേട്ട ഡോക്ടറാണമ്മേ ഞാനും വരാം കൂടെ വിനുവിന്റ ഉറ്റ ചങ്ങാതിയാണ് ഹരി.. അവനെപ്പോലെ തന്നെ നല്ല മനസ്സുള്ളവനാണെന്ന്

ശ്രീദേവിക്ക് അറിയാവുന്നതുകൊണ്ട് തന്നെ മറുത്തൊന്നും പറയാൻ അവർക്ക് തോന്നിയില്ല. അങ്ങനെ പിറ്റേ ദിവസം അവർ മൂന്നു പേരും കൂടി ഡോക്ടറെ കാണാൻ പോയി….

ഈശ്വരകൃപയെന്ന് പറയട്ടെ അവളിൽ ചെറിയ മാറ്റങ്ങളൊക്കെ വന്നു തുടങ്ങി ചെറുതല്ല അവൾ പഴയ ചാരുവിനെപ്പോലെയായി പക്ഷെ ഉള്ളിൽ അപ്പോഴും വിനുവിന്റെ വേർപ്പാട് അവളെ

വേദനിപ്പിക്കുന്നുണ്ടായിരുന്നു. ഹരിയുടെ സാന്നിധ്യം ആ വീടിനെ പഴയ പോലെ സന്തോഷം വിടർത്തി. അവളുടെ ആ മാറ്റം ശ്രീദേവിയ്ക്കും ഒരുപാട് സന്തോഷമായി.. മോനെ ഹരി നിന്നോടെത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇവിടെ തന്നെ കിടന്ന് മരിക്കും എന്ന് വിചാരിച്ച ഞങ്ങളെ നീയാ രക്ഷിച്ചേ..

എന്തിനാണമ്മേ എന്നോട് നന്ദിയൊക്കെ വിനുവിനെപ്പോലെ അമ്മ എന്നെയും കരുതിയാൽ മതി. അവന്റെ വാക്കുകൾ കേട്ട് സാരിത്തലപ്പു കൊണ്ട് ശ്രീദേവി കണ്ണുനീർ തുടച്ചു… ഇനി ഇവളെ ഏതെങ്കിലും നല്ലൊരു പയ്യന്റെ കൈയ്യിലേൽപ്പിച്ചിട്ട് എനിക്ക് കണ്ണടച്ചാൽ മതി. മോൻ അതിനു കൂടി ഈ അമ്മയോടൊപ്പം നിൽക്കണം.

മ്മ്… ശരിയമ്മേ ….. ശ്രീദേവി പിൻതിരിഞ്ഞ് നടക്കാനൊരുങ്ങിയപ്പോൾ ഹരി പറഞ്ഞു ഞാനൊന്ന് പറഞ്ഞോട്ടെ തെറ്റാണെങ്കിൽ അമ്മയെന്നോട് ക്ഷമിക്കണം എന്താണ് ഹരി??

അത്… പിന്നെ …..അമ്മയ്ക്ക് സമ്മതമാണെങ്കിൽ ഞാൻ ചാരൂനെ വിവാഹം കഴിക്കാൻ തയ്യാറാണ് സന്തോഷം കൊണ്ട് ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ഇതിൽ വലിയൊരു ഭാഗ്യം എന്താ മോനെ എനിക്ക് വേണ്ടത് എല്ലാം അറിയാവുന്ന നീ തന്നെ

അവളെ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ അതിൽ കവിഞ്ഞ് സന്തോഷം എനിക്കെന്താ ഉള്ളത്…. എനിക്ക് പറയത്തക്ക ബന്ധുക്കമൊന്നുമില്ലാന്ന് അമ്മയ്ക്കറിയാല്ലോ ചെറുപ്പത്തിലേ അച്ഛനേം

അമ്മേം നഷ്ടപ്പെട്ട എന്നെ പിന്നെ വളർത്തിയത് അമ്മായിയും അമ്മാവനുമാണ് അവർക്ക് എന്റെ ഇഷ്ടമാണ് പ്രധാനം ഇതിന് എതിർവാക്കുണ്ടാവില്ല അവർക്ക്

പക്ഷെ, ഹരി ചാരു സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാനെന്തായാലും സംസാരിക്കട്ടെ ശരിയമ്മേ ഞാൻ ഇറങ്ങുവാ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി. ഉം…..ശരിമോനെ… മോളെ…. ചാരു….

എന്താമ്മേ…. ശരിക്കും നമുക്കൊരു പുനർജന്മമാണ് മോളെ ഇത്. ചാരു ജനൽ പാളികളിലൂടെ വിരലോടിച്ചു കൊണ്ട് ഒന്നു മൂളി ഉം….

ഇനി നിന്റെ കല്യാണം അതാണീയമ്മയുടെ ആഗ്രഹം അതിനായി അമ്മയ്ക്ക് ദൂരേയ്ക്കൊന്നും പോകേണ്ടി വന്നില്ല ഹരി അവൻ നല്ല പയ്യനാ പറഞ്ഞ് മുഴുവിക്കും മുൻപ്

മതി….. നിർത്തമ്മേ ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നതാ അല്ലേൽ ഞാൻ മരിക്കുന്നതാ… വേണ്ട ടീ ഞാൻ തന്നെ മരിയ്ക്കാം…. ഇത്രേം ഹതഭാഗ്യയായ ഒരമ്മയായി ഇനിയാരും ഉണ്ടാവല്ലേ എന്റീശ്വരാ….. തലയ്ക്ക് കൈകൊടുത്ത് ശ്രീദേവി പൊട്ടിക്കരയാൻ തുടങ്ങി.

എന്റെ വിനുവേട്ടൻ ….ആസ്ഥാനത്ത്… മരിച്ചവർ തിരിച്ചു വരുമോ??? നീ പറ ഞാനും പോട്ടെ എങ്കിൽ വിനുവിന്റെ അരികിലേക്ക് . കാലുപിടിക്കാം അമ്മേ ഇനിയൊന്നും പറയരുത്.. മരണം അത് ഞാനോ നീയോ

പ്രതീക്ഷിക്കുമ്പോൾ വരുന്നതല്ല .എന്റെ മോൾ സത്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കണം ഇനിയെങ്കിലും ഇത് ഈ അമ്മയുടെ ആഞ്ജയല്ല അപേക്ഷയാ.. ഞാനെന്താ അമ്മേ വേണ്ടേ ??ആരെയാ കെട്ടണ്ടേ?? ഞാൻ സമ്മതിച്ചോളാം …. സമ്മതിച്ചോളാം…..എന്ന് പറഞ്ഞ് ശ്രീദേവിയുടെ മാറിൽ ചാഞ്ഞവൾ പൊട്ടിക്കരഞ്ഞു..

കൃത്യം ഒരു മാസത്തിനു ശേഷം എങ്ങനെയൊക്കെയോ ചാരുവിനെക്കൊണ്ട് സമ്മതിപ്പിച്ചു വലിയ ഒരുക്കങ്ങൾ ഒന്നും തന്നെയില്ലാതെ ഹരിയുടെയും ചാരുവിന്റെയും വിവാഹം നടത്തി..

ശ്രീദേവിയ്ക്ക് വേറെയാരുമില്ലാത്തതു കൊണ്ട് ഹരിയും ചാരുവും അവിടെത്തന്നെ താമസിച്ചു. ചാരു പതിയെ പഴയ കാലത്തെ മറക്കാൻ ശ്രമിച്ചു ഹരിയെ സ്നേഹിക്കാൻ തുടങ്ങി. കാലങ്ങൾ

കഴിഞ്ഞു പോയി.. ഇന്നവൾ പൂർണ്ണമായും സന്തോഷവതിയാണ് മാത്രമല്ല മൂന്ന് മാസം കൂടി കഴിഞ്ഞാൽ ഹരിയൊരു അച്ഛനാവാൻ പോകുകയാണ് അതിന്റെ സന്തോഷത്തിന് പുറമെ ഒരു ദുഃഖം കൂടിയുണ്ട് വിനു മരിച്ചിട്ട് നാലാം വാർഷികമാണ് നാളെ.

മോനെ ഹരി…. ഇന്ന് നമ്മുടെ വിനൂന്റെ നാലാമത്തെ ആണ്ടാണ് എനിക്കറിയാം അമ്മേ .. അവളെവിടെ ??

വിനൂന്റെ ഫോട്ടോയിൽ ഇടാനുള്ള പൂമാല കെട്ടുകയാണമ്മേ ആരൊക്കെ മറന്നാലും അവൾക്ക് മറക്കാനാവുമോ അവനെ ..

മ്മ്… ചമ്രം പെണഞ്ഞ് അധികനേരം അങ്ങനെ തറയിലിരിക്കണ്ടാന്ന് പറഞ്ഞേക്ക് മോനെ അവളോട് മ്മ്….. ശരിയമ്മേ……

ചാരൂ… മോളെ… മതി ബാക്കി ഞാൻ കെട്ടാം. വേണ്ടേട്ടാ ദാ കഴിഞ്ഞു. മോനെ ഹരി …. പുറത്താരോ കോളിംഗ് ബെല്ലടിക്കുന്നുണ്ട് ഒന്ന് നോക്കിയേക്ക്. ആ… ശരിയമ്മേ…

ഉമ്മറപ്പടിയിൽ നിൽക്കുന്ന വിനുവിനെ കണ്ട് ഹരി ഭയന്ന് പിന്നോട്ടു മാറി നീ…. വി….. വിനു…. നാക്ക് കുഴഞ്ഞു പോയ പോലെ തോന്നിയവൻ നിന്നു വിയർക്കാൻ തുടങ്ങി. അതേ ടാ.. വിനു തന്നെയാ.. അന്ന് ട്രെയിൻ തട്ടി നിങ്ങളൊക്കെ മരിച്ചുവെന്ന് കരുതിയ വിനു ഭാഗ്യത്തിന് എന്റെ കൈ മാത്രമാണ് എനിക്ക് നഷ്ടമായത്… ജീവൻ പോയില്ല… കൈയ്യിൽ നയാ

പൈസയില്ലാതെ ശരിക്കും ഒരു പിച്ചക്കാരനെപ്പോലെ ചോരയിറ്റിയ കൈയുമായി കുറെയലഞ്ഞു … ഒടുവിൽ ഒരു സർക്കാർ ആശുപത്രി കണ്ടെത്തി പലതവണ ഇവിടെ വിളക്കണമെന്ന് കരുതി എന്റെ കൈയ്യിൽ ഫോണും ഉണ്ടായിരുന്നില്ല.. ഇവിടുത്തെ ലാന്റ് ഫോണിൽ പലതവണ

വിളിച്ചിരുന്നു കിട്ടിയിരുന്നില്ല. ഇപ്പോ ചെറിയൊരു ജോലിയൊക്കെ കിട്ടി ആദ്യത്തെ ശമ്പളം കിട്ടി നേരെ ഇങ്ങോട്ട് വെച്ച് പിടിച്ചു.

ആട്ടെ നീ എന്താ ഹരി ഇവിടെ ?? എല്ലാം കേട്ട് സ്തബ്ധനായി നിന്ന ഹരി അത്.. അത് പിന്നെ… എവിടെയെടാ എന്റെ അമ്മ ??? ചാരു എവിടെ?? അമ്മേ…….

ആരാത്.. വിനുമോന്റെ ശബ്ദം പോലെ.. അമ്മേ…… ഇങ്ങോട്ട് വാ….. വിനുവിന്റെ ഫോട്ടോ നിലത്ത് വച്ച് ചാരുവും ശബ്ദം കേട്ടിടത്തേക്ക് ചെവി കൂർപ്പിച്ചു. ശ്രീദേവിയും പിന്നിലായ് ചാരുവും പൂമുഖത്തേക്കെത്തി. വിനു…… എന്റെ പൊന്നുമോനെ…. രണ്ടു പേരുടെ കണ്ണിലും സന്തോഷത്തിന്റെ പൂമഴ പെയ്തു.

എല്ലാവരും മരിച്ചെന്ന് പറഞ്ഞ എന്റെ വിനു മോൻ ശ്രീദേവി അവനെ കെട്ടിപ്പിടിച്ച് കവിളിലും നെറ്റിയിലും തുരുതുരെ മുത്തം വച്ചു…. അവന്റെ നെഞ്ചിൽ തലചേർത്ത് വച്ച് ഒരുപാട് നേരം കരഞ്ഞു. അമ്മയുടെ തലയിൽ തഴുകി കൊണ്ട് വാതിലിന്റെ മറവിൽ നിൽക്കുന്ന

ചാരുവിനോടായ് വിനു പറഞ്ഞു ചാരുക്കുട്ടീ വന്നേ….. വിനുവിനെ കണ്ടതും സന്തോഷവും ഒപ്പം കുറ്റബോധവും കൊണ്ട് നിന്ന നിൽപ്പിൽ ഉരുകിത്തീർന്നെങ്കിലെന്ന് ചാരു സ്വയം ശപിച്ചു പോയി… ഇരു കൈകളും കൂപ്പി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുന്നിൽ സിന്ദൂരം ചാർത്തി

നിറവയറോടെ നിൽക്കുന്ന ചാരുവിനെ കണ്ട വിനു ശരിക്കും തളർന്നു പോയി… ആ ഒറ്റനിമിഷം കൊണ്ട് അവന് ശരിക്കും മരിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി….

അമ്മേ… ന്താ…ഇത് നമ്മുടെ ചാരു…. കല്യാണം ഒക്കെ കഴിഞ്ഞല്ലേ ..അത് പറഞ്ഞു തീരും മുൻപെ അവന്റെ തൊണ്ടയിടറി…

എല്ലാം കേട്ടുകൊണ്ട് കണ്ടു കൊണ്ട് കുറ്റബോധത്തോടെ ഹരിയ്ക്ക് ഒന്നും പറയുവാനാവാതെ നോക്കി നിൽക്കേണ്ടി വന്നു. എന്നോട് ക്ഷമിക്ക് വിനുവേട്ടാ….. എല്ലാരും പറഞ്ഞിട്ടാ ഞാൻ…. നിനക്കറിയോ വിനു മോനേ നമ്മുടെ മണിമംഗലം വീടെങ്ങനെയായിരുന്നുവെന്ന് ?? ചാരു എന്തായിരുന്നുവെന്ന്?? ഈ

ഹരിയില്ലായിരുന്നെങ്കിൽ…..അതു വരെ അവിടുണ്ടായ എല്ലാ സംഭവങ്ങളും അക്ഷരം തെറ്റാതെ ശ്രീദേവി അവനെ പറഞ്ഞു മനസ്സിലാക്കി…

സാരമില്ല മോളെ നീ എവിടെയായാലും സന്തോഷമായിരുന്നാൽ മതി വിനുവേട്ടന്.. അത്രേം നേരം അടക്കിപ്പിടിച്ച സങ്കടമെല്ലാം

വിനുവിന്റെ കാലിൽ വീണു പൊട്ടിക്കരയുകയായിരുന്നു ഹരി. എന്താ ഹരി ഇതൊക്കെ നീ അതിന് എന്താ ഇപ്പോ തെറ്റ് ചെയ്തേ.. നീയില്ലായിരുന്നെങ്കിൽ ഇന്നും ഭ്രാന്തിയെപ്പോലെ ജീവിയ്ക്കുന്ന ചാരുവിനെ എനിക്ക് കാണേണ്ടി വരില്ലായിരുന്നോ?? നീയാണിവൾക്ക്

എന്തുകൊണ്ടും യോഗ്യൻ.. അതും പറഞ്ഞ് ചാരുവിനൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻ അകത്തേക്ക് പോയി . ഒറ്റ കൈ നഷ്ടപ്പെട്ട അവന്റെ മുഖം കൂടി കണ്ടപ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല…

നിശയെ പുൽകി ഒരു രാത്രി കൂടി മറഞ്ഞു. എല്ലാവരെയും ഒരു പാട് സങ്കടപ്പെടുത്തിയെങ്കിലും വിനുവിന്റെ വരവ് അന്നത്തെ ദിവസത്തിന് ഒരുപാട് മാറ്റുകൂട്ടി പ്രത്യേകിച്ച് അന്നത്തെ രാത്രിയിൽ ചാരുവിനുറങ്ങാനേ പറ്റിയില്ല. മനസ്സിൽ കുറ്റബോധവും വിനുവിന്റെ രൂപവും ഒക്കെ അങ്ങനെ നിറഞ്ഞു നിന്നു..

ഒരു നിമിഷം തന്നോട് പറ്റിച്ചേർന്ന് കിടക്കുന്ന സ്നേഹിക്കാൻ മാത്രമറിയാവുന്ന ഹരിയെക്കുറിച്ചാലോചിച്ചപ്പോൾ .. ജനിക്കാൻ പോകുന്ന കുഞ്ഞിനെക്കുറിച്ചാലോചിച്ചപ്പോൾ അവൾ നിറഞ്ഞ കണ്ണുകൾ കൊണ്ട് ഹരിയുടെ തലമുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു….. ഗാഢ നിദ്രയിലാണെങ്കിൽ പോലും മനസ്സിൽ ഹരി മന്ത്രിച്ചിരുന്നു ചാരു…… പോവല്ലേ ….. പോവല്ലേ….. ചാരു…. എന്നെ വിട്ടെവിടേക്കും……

ചാരു…… ഒരു ചെറിയ കുഞ്ഞിനോടെന്ന പോലെ ചാരു അവന്റെ കവിളിൽ തലോടിക്കെടുത്തു എപ്പോഴോ മയങ്ങി…. ഇന്ന് ചാരുവും ഹരിയും ഹരിയുടെ വീട്ടിലേക്ക് പോവുകയാണ് .. ഇനിയിപ്പോൾ അമ്മയ്ക്ക് കൂട്ടായി വിനു ഉണ്ടല്ലോ

അമ്മേ…. പോയിട്ട് വരാം….. ചാരു വിനുവിനോടായും യാത്ര പറഞ്ഞു വിനുവേട്ടാ പോകുന്നു എന്ന ഭാവത്തിൽ തലയാട്ടി ഹരിമോനെ വിനുവിന്റെ കാര്യം നമുക്കൊന്ന് തീരുമാനിക്കണം .. അത് നമുക്ക് റെഡിയാക്കാം അമ്മേ.. ഹരിയും ചാരുവും നടന്നകലുന്നതും നോക്കി ഇമവെട്ടാതെ വിനു നിന്നു… പുറമെ ഒരു ചെറുപുഞ്ചിരി വിടർത്തിക്കൊണ്ട് അവൻ പറഞ്ഞു…

ന്റെ ശ്രീദേവിയമ്മേ….. അല്ലേലും ഈ വിധിയെന്നു പറയുന്നതുണ്ടല്ലോ അത് ഒരു ഒന്നൊന്നര സംഭവമാ!!! വിധിയോട് പൊരുതി ജീവിക്കാനായിരിക്കും ശരിക്കും ദൈവം നമ്മളയൊക്കെ മനുഷ്യരാക്കിത്തീർത്തത് അല്ലേ അമ്മേ!!! **************** തെറ്റുകുറ്റങ്ങൾ ക്ഷമിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തണെ എല്ലാവരും….

രചന: നിഷ ബാബു

Leave a Reply

Your email address will not be published. Required fields are marked *