പരിണയം…

രചന: മാളു മാളൂട്ടീ

“ദേവീ… നീ എങ്ങനെ ഇവിടെ….?..”..

അതിരാവിലെ തന്നെ ഉമ്മറത്ത് നിൽക്കുന്ന ആളെ കണ്ടപ്പോ സ്വപ്നമാണോ യാഥാർത്ഥ്യമാണോന്ന് പോലും എനിയ്ക്ക് സംശയം തോന്നീ..

“മിഴിച്ച് നോക്കണ്ടാ സച്ചീ…ദേവി തന്നെയാ…”..

ഒരു കളളച്ചിരിയോടെയവൾ പറഞ്ഞൂ…

“ഒരു മുന്നറിയിപ്പുമില്ലാതെ, പെട്ടന്ന്…”..

എന്നിലെ വാക്കുകൾ പലതും അപൂണ്ണമായിരുന്നൂ… ഞെട്ടലിതുവരെ മാറീട്ടില്ല എന്നതാണ് നേര്…

“ഇന്നലെ സന്ധ്യ നേരത്ത് പെട്ടൊന്നൊരു തോന്നല്..വടക്കും നാഥനെ കാണണമെന്ന്…പിന്നൊന്നും ആലോചിച്ചില്ല.മുമ്പെപ്പൊഴോ നീ അയച്ചു തന്ന ലൊക്കേഷനേം കൂട്ട് പിടിച്ചങ്ങ് പോന്നൂ….”..

“ആരാ സച്ചു മോനേ “..

“ഞാൻ പറഞ്ഞിട്ടില്ലേ അമ്മേ…ഓഫീസില് എന്നോടൊപ്പം വർക്ക് ചെയ്തിരുന്ന ഒരു പത്മനാഭന്റെ നാട്ടുകാരിയെക്കുറിച്ച്…”..

“ഓഹ്…ദേവീ മോള്…കഴിഞ്ഞ തവണ നീ പൂരത്തിന് വരുമെന്ന് പറഞ്ഞ കുട്ടി ….അല്ലേ…”..

.”ആഹ്…അതന്നെ…”..

“മോള് വരൂ…” .

അമ്മയെ കിട്ടിയ ഉടനെ തന്നെ അവള് വിശേഷം പറയാൻ തുടങ്ങീ..അമ്മ തിരിച്ചും…

“ആരാ ഏട്ടാ വന്നത്…ഒരു കാറ് പുറത്ത് കിടക്കുന്നൂ….”…

“അമ്മൂട്ടിയേ..എന്നെ മനസ്സിലായോ..?….”..

ഞാൻ മറുപടി പറയും മുമ്പ് അവിടേം അവളെത്തീ . …..

“ഏട്ടന്റെ ഒപ്പം വർക്ക് ചെയ്തിരുന്ന ദേവി ചേച്ചീ….”..

“അച്ചോടാ…അമ്മൂട്ടിയ്ക്കും എന്നെ മനസ്സിലായോ…ഈ കളളത്താടി എന്നെക്കുറിച്ച് പറയാത്ത ആരേലും ഇവിടുണ്ടോ ആവോ…”..

“ഞാൻ ചേച്ചിയെ ഫോട്ടോയില് കണ്ടിരിയ്ക്കുന്നൂ…അതാ പെട്ടന്ന് മനസ്സിലായത്…”..

പിന്നീടുളള വിശേഷം പറച്ചില് അവര് തമ്മിലാരുന്നൂ….

“.ദേവി…എന്താവശ്യമുണ്ടെങ്കിലും പറയണം ട്ടോ….”..

“എന്റെ സച്ചീ…നമുക്കിടയിൽ ഈ ഫോർമാലിറ്റീസിന്റെ ആവിശ്യമുണ്ടോ…”..

“അതല്ലടോ…താനിതുവരെ ജനിച്ചു വളർന്ന രീതിയും ഇവിടുത്തെ രീതികളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്…”..

” ആ വ്യത്യസ്തതയെ എനിയ്ക്കാവോളം ആസ്വദിയ്ക്കണം സച്ചി…”.

അവളിലെ നിഷ്കളങ്കതയെ കണ്ടപ്പോൾ ഞാനറിയാതെ എന്നിലൊരു പുഞ്ചിരി പ്രത്യക്ഷപ്പട്ടൂ…

” എനിയ്ക്ക് ആദ്യമൊന്ന് മുങ്ങി കുളിയ്ക്കണം…നീ എന്നെ കുറേ പറഞ്ഞ് കൊതിപ്പിച്ച ആ കുളത്തിൽ തന്നെ..നീല നിറത്തിലെ വെളളമുളള കുളം…

“അമ്മൂട്ടീ…എന്തോരം മുടിയാ നിനക്ക്….”..

“അമ്മേടെ സ്പെഷ്യൽ കാച്ചെണ്ണ തേച്ചാൽ മതീ ചേച്ചീ…നിറയെ മുടിയിണ്ടാവും…”

“ഉവ്വോ..എന്നാ എനിയ്ക്കും വേണം..”..

“എന്റെ ദേവീ…എണ്ണയൊക്കെ മാറ്റി പുരട്ടിയാൽ ജലദോഷം വരും…”..

“മോള് വായോ…അമ്മ പുരട്ടി തരാം….”..

എന്നെ നോക്കിയ ആ മുഖത്തപ്പോൾ വിജയീ ഭാവമായിരുന്നൂ….

“എന്ത് മണമാ അമ്മേ ഈ എണ്ണയ്ക്ക്…”..

ബ്രഹ്മിയും ,കറ്റാർവാഴയും, കൈയ്യൂന്നിയും,തുളസി നീരുമൊക്കെയിട്ട് കാച്ചിയ എണ്ണ തേച്ച് കൊടുക്കുന്ന അമ്മയോട് അവള് വാ തോരാതെ സംസാരിയ്ക്കുന്നുണ്ട്..

“അമ്മൂ…സൂക്ഷിച്ച് പോണേ…ദേവീ അധികനേരം വെളളത്തില് നിൽക്കണ്ടാ ട്ടോ…”..

ഞാനുച്ഛത്തില് വിളിച്ച് പറഞ്ഞൂ…ആര് കേൾക്കാൻ…

അമ്മൂന്റെ ധാവണിയും , തലയിലൊരു വെളള തോർത്തും ചുറ്റി വരുന്ന ദേവീ ശെരിയ്ക്കും ഒരു നാട്ടിൻ പുറത്തുകാരിയായി മാറിയിരുന്നൂ…

“എന്റെ സച്ചീ…..ശെരിയ്ക്കും എനിയക്ക് നിന്നോട് അസൂയ തോന്നുവാ….എന്ത് രസാടോ ഇവിടം.. നീ എന്നോട് പലപ്പോഴും നാടിനെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രേം ഫീലുണ്ടാകുമെന്ന് കരുതീലാ…”…

“അല്ല മോളേ…ശെരിയ്ക്കും നീ വടക്കും നാഥനെ കാണാൻ തന്നെ വന്നതാണോ…”..

മറുപടിയൊരു പൊട്ടിച്ചിരിയായിരുന്നൂ…

“ഒരു കുഞ്ഞ് പെണ്ണുകാണൽ….അമ്മേടെ ഫ്രണ്ടിന്റെ മോൻ..ഒരു അമേരിക്കക്കാരൻ ഡോക്ടർ… ഒരു എത്തും പിടിയും കിട്ടാതെ ഇരുന്നപ്പോഴാണ് മനസ്സില് വടക്കും നാഥൻ കടന്നു വന്നത്….”…

“ഓഹ്..അപ്പോ അതാണ് കാര്യം….അല്ല..എന്താ നിന്റെ ഉദ്ദേശം..ഈ വരുന്ന കല്ല്യാണ ആലോചനകൾ മുഴുവനും മുടക്കുന്നതിന് പിന്നിലൊരു കാരണം ഉണ്ടാകുമല്ലോ…”..

“ഉവ്വ്…പറയാം…അതിനും കൂടി വേണ്ടിട്ടാണ് ഈ വരവ്…”..

“ചേച്ചീ വരൂ…ഊണ് കഴിയ്ക്കാം…”..

“വരൂ സച്ചീ നമുക്കൊന്നിച്ചിരിയ്ക്കാം..”..

“ദേവീ..നീ കാര്യം പറഞ്ഞില്ലാ…”..

“നീ ഇങ്ങട് വാ സച്ചീ…ഇനിം സമയമുണ്ടല്ലോ…”…

പരിപ്പും പപ്പടോം കടുമാങ്ങ അച്ചാറും പുളി ഇഞ്ചിം കൂടി ചോറിലിട്ട് കുഴച്ച് കഴിയ്ക്കുന്ന അവളുടെ മുഖത്ത് ഒരു കുഞ്ഞിന്റെ ഭാവമായിരുന്നൂ …വിളമ്പി കൊടുക്കുന്നത് മുഴുവൻ ആർത്തിയോടെ കഴിയ്ക്കുന്നതിന്റെ ഇടയില് വിശേഷം പറച്ചിലുമുണ്ട്…

വൈകുന്നേരം ക്ഷേത്രത്തിലേക്ക് നടന്ന് തന്നെ പോകണമെന്ന് അവള് വാശീ പിടിച്ചൂ….ആദ്യമായീ നാട്ടിൻപുറം കാണുന്നതിന്റെ കൗതുകം… സെറ്റ് മുണ്ടിലവൾ ശെരിയ്ക്കുമൊരു ദേവി തന്നെയായിരുന്നൂ….ദേവീ ചൈതന്യം..

“സമയം എത്രയായീന്ന് വല്ല ബോധ്യവുമുണ്ടോ ഭവതിയ്ക്ക്…”..

“എനിയ്ക്കീ ആൽമര ചുവട്ടില് കിടന്നുറങ്ങണം സച്ചീ…”..

“എന്റെ ദേവീ….”…

നിസ്സഹായത നിറഞ്ഞ എന്റെയാ വിളി കേട്ടിട്ടാവണം അവള് പൊട്ടിച്ചിരിച്ചത്….

“എന്ത് സ്വാദാ അമ്മ ഈ കറിയ്ക്ക്….”

“അത് കൂട്ടുകറിയാണ് ചേച്ചീ…”..

കഞ്ഞിം കൂട്ടുകറിയും കഴിയ്ക്കുന്നതിനിടയ്ക്ക് എന്നേം ഒളി കണ്ണിട്ട് നോക്കുന്നുണ്ട്… അമ്മ വീണ്ടും ,വീണ്ടും വിളമ്പി കൊടുക്കുന്നൂ….അവളാസ്വദിച്ച് ഇരുന്ന് കഴിയ്ക്കുന്നൂ…

“അമ്മ പുറത്തൊന്നും പോവാറില്ലേ..”..

“സച്ചുമോന്റെ അച്ഛൻ പോയ ശേഷം വളരെ കുറച്ച് മാത്രമേ പോവുളളൂ… സച്ചൂ ജോലി റിസൈൻ ചെയ്തത് പോലും എന്നേം അമ്മൂനേം ഓർത്തിട്ടാ…”..

“ഉവ്വമ്മേ..പറഞ്ഞിരുന്നൂ എന്നോട്…”..

“അമ്മയ്ക്കും മോൾക്കും ഉറങ്ങാറായില്ലേ…?..”..

മടിയിൽ കിടക്കുന്ന ദേവിയുടെ മുടിയിഴകളിലൂടെ തഴുകുകയാരുന്നൂ അമ്മ… വീണ്ടും കെട്ടിപ്പിടിച്ച് എന്തൊക്കെയോ പറഞ്ഞിട്ട് ഇരുവരും ഉറങ്ങാനായ് പോയീ…എന്നോടൊരു ഗുഡ് നൈറ്റുപോലും പറയാതെ ഒരു വാക്ക് മിണ്ടാതെ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് അമ്മൂന്റെ മുറിയിലേക്ക പോയ അവളോട് എനിയ്ക്കന്നാദ്യമായി ഒരു നീരസം തോന്നീ……

നാട് വിട്ട് മറ്റൊരു നഗരത്തിലേക്ക് ചേക്കേറിയപ്പോൾ കിട്ടിയ കൂട്ടാണ് ദേവീ…സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെ ഒരുപോലെ പങ്കിടുന്ന പ്രിയപ്പെട്ട കൂട്ടുകാരീ….അതിലുപരി സ്നേഹിയ്ക്കാൻ മാത്രം അറിയുന്ന, ചതിയോ വഞ്ചനയോ കപട സ്നേഹമോ ഒന്നും തന്നെയില്ലാത്ത നിഷ്കളങ്കയായ പെൺകുട്ടീ…. സിറ്റിയിലെ തിരക്കേറിയ രണ്ട് ഡോക്ടേർസ് ആണ് അച്ഛനും അമ്മയും…ഒരിയ്ക്കലവൾ പറഞ്ഞൂ,വല്ലപ്പോഴുമാണ് രണ്ടുപേരെയും ഒന്നിച്ച് കാണുന്നതെന്ന്…എനിയ്ക്കപ്പോൾ ശെരിയ്ക്കും കൗതുകമാണ് തോന്നിയത്…പിന്നീടെപ്പൊഴോ അവളോട് പ്രണയം എന്ന വികാരം ഉടലെടുത്തപ്പോഴും ഉളളില് ഭയമായിരുന്നൂ… അങ്ങനെയൊരിഷ്ടം അവളിലില്ലെങ്കിൽ……..പിന്നീട് അച്ഛന്റെ മരണശേഷം ജോബ് റിസൈൻ ചെയ്ത് നാട്ടിലെത്തിയപ്പോഴും മുടങ്ങാതെ വരുന്നൊരു കോളിലൂടെയാ സൗഹൃദം നിലനിന്നൂ…’സച്ചിൻ’ എന്ന എന്റെ പേരിനെ ചുരുക്കി എല്ലാവരും സച്ചു ന്ന് വിളിച്ചപ്പോ അവള് മാത്രം സച്ചി ന്ന് വിളിച്ചൂ…ആ വിളി എന്നും തനിയ്ക്കേറെ പ്രിയമുളളതുമാണ്…

“ഏഹ്..നീ രാവിലെ ഇറങ്ങുവാണോ…”..

“രണ്ടൂസം കഴിഞ്ഞ് പോവാം ന്ന് പറഞ്ഞിട്ട് ദേവി മോള് കേൾക്കുന്നില്ല..”..

“ഞാൻ വരാം അമ്മേ ..ഇവിടമെനിയ്ക്ക് ഏറെ പ്രിയമുളളതായ് കഴിഞ്ഞൂ…”..

അമ്മയോടും അമ്മൂനോടും യാത്ര പറഞ്ഞ് പടിക്കെട്ടിൽ നിന്നിറങ്ങിയപ്പോൾ ആ കണ്ണുകളെന്നോട് എന്തോ പറയാൻ ആഗ്രഹിയ്ക്കുന്നത് പോലെ…

“സച്ചീ..എന്നോടൊപ്പം ഒന്നൂടീ ക്ഷേത്രത്തില് വരുവോ…?…”..

അമ്പലമുറ്റത്ത് എത്തുന്നവരെയും അവളെന്നോട് ഒന്നും മിണ്ടീലാ… ആ നിമിഷങ്ങളിൽ ക്ഷണിയ്ക്കപ്പെടാത്ത അതിഥിയായി മൗനം കടന്നുവന്നിരുന്നൂ….

“സച്ചീ…എനിയ്ക്കൊരു കാര്യം പറയണമായിരുന്നൂ….”..

ഇന്നുവരെ ഇവളിൽ ഇത്തരമൊരു ഭാവം കണ്ടിട്ടില്ല..

“നീ പറയൂ ദേവീ…..”.. സൗമ്യമായ് ഞാനവൾക്കുളള മറുപടി നൽകീ..

“വടക്കും നാഥനെ തൊഴുതു വരുന്ന സായാഹ്നങ്ങളിൽ നിനക്കും അമ്മയ്ക്കും അമ്മൂട്ടിയ്ക്കും കഞ്ഞിം കൂട്ടുകറിയുമുണ്ടാക്കാൻ ഒരു താലിയുടെ ബലത്തിൽ എന്നെ ഇങ്ങട് കൂട്ടുവോ…”

അവളുടെ കണ്ണിലുളള വികാരം നാണമാണോ……എന്നിലെ നിശബ്ദതയെ അരോചകമായ് തോന്നിയിട്ടാവണം ഒന്നും മിണ്ടാതെ,ഉരിയാടാതെ അവൾ കാറിനുളളിൽ കയറിയത്…

“ദേവീ..എന്നാ ഞാൻ വരണ്ടേ അമ്മേം കൂട്ടീ…ഈ പത്മനാഭന്റെ നാട്ടുകാരിയെ എനിയ്ക്ക് തരുമോന്ന് ചോദിയ്ക്കാൻ..”

കാറിൽ നിന്നുമിറങ്ങി പെണ്ണെന്നെയും നോക്കി നില്ക്കുവാണ്.. ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നൂ ആ മുഖത്തന്നേരം..കണ്ണുകൾ നിറഞ്ഞിട്ടുണ്ട്…അലങ്കാരമെന്ന് പറയാൻ ആ മുഖത്താകെയുളളത് ചന്ദനക്കുറി മാത്രമായിരുന്നൂ… ഒട്ടും പ്രതീക്ഷിക്കത്ത നേരത്ത് അവളാ മുഖം എന്റെ നെഞ്ചോട് ചേർത്ത് വെച്ചൂ..

“സച്ചീടെ ദേവി ഇനി കരയരുത്…ഈ കണ്ണുകൾ നിറയുന്നതെനിയ്ക്ക് സഹിയ്ക്കില്ല….”..

ഒരായുസ്സിലേക്ക് തങ്ങൾക്കായ് കരുതി വെച്ചിരിയ്ക്കുന്ന സ്നേഹത്തെ പങ്കുവെയ്ക്കുകയായിരുന്നൂ ദേവിം സച്ചിനും……..പ്രണയം സത്യമെങ്കിൽ,അത് നമ്മളെ തേടി വരും,നമ്മൾ പോലുമറിയാതെ…..

ലൈക്ക് ചെയ്ത്, ഒരു വരി കുറിയ്ക്കണം ട്ടോ😍😘

രചന: മാളു മാളൂട്ടീ

Leave a Reply

Your email address will not be published. Required fields are marked *