ഒരു മധുര പ്രതികാരം ..

രചന : Dhanya Shamjith‎

ദത്തേട്ടാ…… നമുക്കൊരു പാട് കുട്ടികൾ വേണം, അവരുടെ കളിയും ചിരിയും കൊണ്ട് വീട് നിറയണം,കുസൃതികൾ കാട്ടി അവരോടുമ്പോൾ പിന്നിലൂടെ ഓടിച്ചെന്നവരെ വാരിയെടുക്കണം… ദത്തന്റെ തോളിൽ ചാഞ്ഞു കൊണ്ട് അരുന്ധതി പിന്നെയും പറഞ്ഞു കൊണ്ടിരുന്നു….

പോടീ… പെണ്ണേ… ഇതെന്താ നഴ്സറി സ്കൂളോ അതോ അംഗനവാടിയോ എന്ന് നാട്ടുകാർ കളിയാക്കും… ദത്തൻ ചിരിച്ചു.

പറയുന്നവർ പറഞ്ഞോട്ടെ, അവർക്കെന്താ… അവൾ ചൊടിച്ചു…. ഓ….. ശരി….. അങ്ങിനെയെങ്കിൽ അങ്ങനെ…. പക്ഷേ അതിനിവിടിങ്ങനെ ഇരുന്നിട്ട് കാര്യമില്ല… അവൻ കുസൃതിയോടെ അവളെ നോക്കി….

അവളുടെ മുഖo ചുവന്നു…. ഈ ദത്തേട്ടന്റൊരു കാര്യം, ഞാൻ പോവാ…. അവൾ നാണത്തോടെ തിരിഞ്ഞു നടന്നു….

ദത്തൻ അരുന്ധതിയുടെ മുറച്ചെറുക്കനാണ്, അവർ തമ്മിലുള്ള വിവാഹം മുൻപേ ഉറപ്പിച്ചിരിക്കുകയാണ്… പേരുകേട്ട കൂട്ടുകുടുംബത്തിലെ ഇളമുറക്കാരാണവർ…

ദത്തനെവിടെ അനൂ….. ഇന്നാമേലേടത്തെ കല്യാണം, അവനോട് വേഗം വരാൻ പറ… ദത്തന്റെ അമ്മ ഭാനുമതി അവളോട് പറഞ്ഞു…

ഞാൻ റെഡിയാ അമ്മേ… അത് കേട്ടുകൊണ്ടാണ് അവൻ അവിടേക്ക് വന്നതും… എന്നാ വാ പോകാം, അനൂ, ഞങ്ങൾ ഇറങ്ങുവാ..ഭാനു വിളിച്ചു ‘….

അല്ല, ഇതാരാ ഭാനുവോ… കല്യാണ വീട്ടിൽ ചെന്നപ്പോഴേ പരിചയക്കാർ കുശലാന്വേഷണം തുടങ്ങി… മോന്റെ കല്യാണക്കാര്യം എന്തായി ഭാനു? കൂട്ടത്തിലൊരാൾ ചോദിച്ചു…

അതിപ്പോ പറയാനുണ്ടോ, പണ്ടേ ഉറപ്പിച്ചതല്ലേ ദത്തനും അരുന്ധതീം തമ്മിലുള്ള കല്യാണം അതു കേട്ട് മറ്റൊരു സ്ത്രീ മറുപടി പറഞ്ഞു.

അതേ … എന്റെ ഏട്ടന്റെ മോളാ അനു,ഇവന്റ തിരക്കുകൾ ഒഴിയട്ടേന്ന് കരുതിയാ നല്ലൊരു നേരം നോക്കി ഇനിയത് നടത്തണം ഭാനുപുഞ്ചിരിച്ചു…..

ഇപ്പത്തെ കാലത്ത് ആരേലും രക്തബന്ധത്തിൽ പെട്ടവരുമായുള്ള ബന്ധം നടത്തോ…. ആ സ്ത്രീ അതിശയത്തോടെ ചോദിച്ചു.

അതെന്താ… ഭാനുവിന് ഈർഷ്യയായി…… അല്ലാ…. ഇപ്പോ എന്തൊക്കെയാ പറഞ്ഞു കേൾക്കുന്നേ, ഒരേ ചോരേൽ പെട്ടോര് തമ്മിൽ കല്യാണം കഴിച്ചാ ഉണ്ടാവണ കുട്ടികൾക്ക് ബുദ്ധി വളർച്ചയുണ്ടാവില്ലാത്രേ… എന്റെ വീടിനടുത്ത് അങ്ങനെ സംഭവിക്കേം ചെയ്തൂന്നേ…. ആ സ്ത്രീ ഭാനുവിനോട് പറഞ്ഞു.

ജാനു പറഞ്ഞതിൽ സത്യമുണ്ട്… കേട്ടോ, ഭാനു… നമ്മടെ സുശീലേ ടെ ബന്ധത്തിലാരാണ്ട് ക്കും അങ്ങനെ പറ്റീന്നേ… കുട്ടിക്ക് പത്ത് പന്ത്രണ്ട് വയസ്സായി.. എന്താ കാര്യം ഇപ്പഴും രണ്ട് വയസ്സിന്റ ബുദ്ധി വളർച്ചയേയുള്ളൂ….

ഭാനുവിന്റെ മനസ്സിൽ ഒരു കനൽ വീഴാൻ താമസം വേണ്ടി വന്നില്ല… അവിടെ നിന്നും എങ്ങനെയെങ്കിലും ഇറങ്ങിയാൽ മതിയെന്നായി…. അവർ വേഗം തന്നെ ദത്തനേയും കൂട്ടി വീട്ടിലേക്ക് തിരിച്ചു.. ചെന്നപാടെ അവർ കോലായിലേക്കിരുന്നു…. എന്താ അമ്മേ പോയ പോലെയല്ലല്ലോ? എന്തു പറ്റി ദത്തൻ ചോദിച്ചു…ഭാനു അവിടെ നടന്നതെല്ലാം അവനോട് പറഞ്ഞു.

വെറുതെ ഓരോന്ന് കേട്ട്… അമ്മയ്ക്കെന്താ വട്ടുണ്ടോ… അവൻ പരിഹസിച്ചു.

വെറുതെയൊന്നുമാവില്ല… എന്തേലുമില്ലാതെ വെറുതെയാരും പറയില്ലല്ലോ…

എന്നു കരുതി…. ഈ ബന്ധം വേണ്ടെന്നാണോ അമ്മ പറയുന്നത്….

നീ ശരിക്കുമൊന്ന് അന്വേഷിക്ക് നിന്റെയാ കൂട്ടുകാരനുണ്ടല്ലോ ഒരു ഡോക്ടർ….ഭാനു നയത്തിൽ ദത്തന്റെ അടുക്കലെത്തി.

അവൻ അതിന് ചെവികൊടുക്കാതെ അകത്തേക്കു കയറിയതും കണ്ടു കലങ്ങിയ കണ്ണുകളുമായി എല്ലാം കേട്ടു നിൽക്കുന്ന അരുന്ധതി..

അവൾക്ക് മുഖം കൊടുക്കാനാവാതെ അവൻ മുറിയിലേക്ക് നടന്നു…. ഭാനുമതിയാകട്ടെ പിന്നീടങ്ങോട്ട് ഒരു ശത്രുവിനെപ്പോലെയാണ് അവളോട് പെരുമാറിയതും.. അതവളെ നൊമ്പരപ്പെടുത്തി… അമ്മയുടെ പെരുമാറ്റം ദത്തനേയും വിഷമത്തിലാക്കി… അമ്മയുടെ തെറ്റിദ്ധാരണ തിരുത്തണമെന്ന ലക്ഷ്യത്തിൽ ദത്തൻ തന്റെ സുഹൃത്തായ ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞു.. പക്ഷേ അയാൾ പറഞ്ഞ വാക്കുകൾ അവനിലും പതർച്ചയുണ്ടാക്കി… ചില ബന്ധങ്ങളിൽ മാത്രമേ അപൂർവ്വമായി പ്രശ്നങ്ങൾ കാണൂവെന്ന വാക്കുകൾ അവനിലും ചിന്തകൾ ഉണർത്തി, അത്അവന്റെ മനസ്സിലും കാറും കോളും നിറച്ചു….

ദത്താ…. ഒരു ആലോചന വന്നിട്ടുണ്ട് നീയറിയും രാവുണ്ണി പണിക്കർടെ ഒറ്റ മോളാ, നല്ല കുട്ടി… ഒരു ദിവസം ഭാനു അവനോട് പറഞ്ഞു… അമ്മേ അത്….. മറുപടി പറയാനാവാതെ അവൻ വിഷമിച്ചു.

ഒന്നും പറയണ്ട, അനുവിന്റെ കാര്യം നീ മറന്നേക്ക്…ഭാനുദേഷ്യത്തിൽ അകത്തേക്ക് കയറി.. ദത്തനും അനുവിനോട് ഒരകലം പാലിച്ചു, അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…

എന്തിനാ ദത്തേട്ടാ ഇങ്ങനെ എന്നെ കാണുമ്പോൾ ഒഴിഞ്ഞുമാറിനടക്കുന്നത്…… അവളുടെ സ്വരം ഇടറി.. ദത്തൻ മറുപടി പറഞ്ഞില്ല.. അവളുടെ കണ്ണീരും, ചോദ്യങ്ങളും അയാളെ ഒന്നു കൂടി അസ്വസ്ഥനാക്കി.. സഹികെട്ട് അവൻ ഒരു പൊട്ടിത്തെറിയോടെ താനറിഞ്ഞ കാര്യം അവളോട് പറഞ്ഞു… അവളിൽ അമ്പരപ്പാണുണ്ടായത് പക്ഷേ അവന്റെ മുഖഭാവം അതിനെ ശരിവയ്ക്കുന്നതാണെന്ന് തിരിച്ചറിപ്പോൾ അവളൊരു തളർച്ചയോടെ അവനെ നോക്കി..

ദത്തേട്ടാ…. അങ്ങനെ സംഭവിക്കുമെന്ന് ഉറപ്പില്ലല്ലോ…..

സംഭവിച്ചാൽ……… അങ്ങനെ വന്നാൽ പിന്നീട് തിരുത്താൻ പറ്റോ? ഒരു റിസ്കെടുക്കാൻ വയ്യ അനൂ… ജീവിതം ഒന്നേയുള്ളൂ, അത് നശിപ്പിക്കാനാവില്ല ഒരു പാട് ചിന്തിച്ചിട്ടാ ഞാൻ പറയുന്നത്, ഈ ബന്ധം മറന്നേ പറ്റൂ,… വിഷമമുണ്ട് എങ്കിലും…. മാത്രമല്ല അമ്മയ്ക്കും എതിർപ്പാണ്…. ഒരു ആലോചന വന്നിട്ടുണ്ട്… നീ ക്ഷമിക്കൂ….. അവളുടെ മുഖത്ത് നോക്കാതെ അത്രയും പറഞ്ഞു കൊണ്ട് ദത്തൻ നടന്നു… കേട്ടത് വിശ്വസിക്കാനാവാതെ ഒരു ശില പോലെ അവളവിടെ തറഞ്ഞു നിന്നു പോയി…

പിന്നെയെല്ലാം പെട്ടന്നായിരുന്നു… വീണ യുമായുള്ള ദത്തന്റെ വിവാഹം നടന്നു… എല്ലാത്തിനും മൂകസാക്ഷിയായി അരുന്ധതിയും…. അതോടെ ആ കുടുംബവും രണ്ടായി, അരുന്ധതിയുമായി അവളുടെ വീട്ടുകാർ പടിയിറങ്ങി…

വർഷങ്ങൾനിമിഷങ്ങൾ പോലെ കൊഴിഞ്ഞു കൊണ്ടിരുന്നു, ഒരിയ്ക്കൽ പോലും അരുന്ധതിയും കുടുംബവും എവിടെയെന്ന് പോലും ദത്തനോ മറ്റുള്ളവരോ അന്വേഷിച്ചില്ല…. എല്ലാ സന്തോഷത്തിലുo ദത്തനും വീണയ്ക്കും ഒരു കുഞ്ഞ് ” എന്ന സ്വപ്നം മാത്രം ബാക്കിയായി…. ചികിത്സകളും വഴിപാടുകളുമായി പലയിടത്തും കയറിയിറങ്ങി പക്ഷേ ഒരു കുട്ടിയ്ക്ക് ജന്മം നൽകാനുള്ള കഴിവ് വീണയ്ക്കില്ലായിരുന്നു.

ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന വീണയുടെ ആഗ്രഹം ദത്തൻ അംഗീകരിച്ചില്ല… അങ്ങനെയിരിക്കെയാണ് അയാളുടെ സുഹൃത്തായ ഡോക്ടർ വഴി വാടകയ്ക്ക് ഗർഭപാത്രം തരാൻ തയ്യാറുള്ളവരുടെ വിവരം അവർ അറിയുന്നത്. അതവരിൽ പ്രതീക്ഷയുണർത്തി, അതാകുമ്പോൾ സ്വന്തം ചോരയിൽ തന്നെയൊരു കുഞ്ഞിനെ കിട്ടുമല്ലോ. പക്ഷേ അങ്ങനെയൊരു കാര്യത്തിന് തയ്യാറായി വരുന്നവരുടെ എണ്ണം കുറവായിരുന്നു… വന്നവരാകട്ടെ ടെസ്റ്റുകളും മറ്റും ശരിയാവാതെ മടങ്ങുകയും ചെയ്തു… അന്വേഷണങ്ങൾ തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു ദിവസം ഡോക്ടർ വിളിക്കുന്നതും ഗർഭപാത്രം നൽകാൻ തയ്യാറായി ഒരു സ്ത്രീ വന്നിട്ടുണ്ടെന്നും എല്ലാം ഒത്തുവന്നിരിക്കുന്നുവെന്നും പറയുന്നത്… അവർ പെട്ടന്ന് തന്നെ ഹോസ്പിറ്റലിലെത്തി, പക്ഷേ ആ സ്ത്രീയുടെ വിവരം നൽകാൻ ഡോക്ടർ തയ്യാറായില്ല… അവർക്കത് അറിയണമെന്നും ആ സമയത്തില്ലായിരുന്നു അത്രയും സന്തോഷത്തിലായിരുന്നു അവർ…. സമയ താമസം കൂടാതെ തന്നെ നടപടിക്രമങ്ങൾ ആരംഭിച്ചു, ദത്തന്റെ ബീജം, മറ്റൊരു ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെട്ടു.

പിന്നീട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു, അവയെ നിരാശപ്പെടുത്താതെ, ആ വാർത്ത അവരെ തേടിയെത്തി… എല്ലാം കൃത്യമായി നടന്നിരിക്കുന്നു, ആ സ്ത്രീ ഗർഭിണിയാണ്… ദത്തനും വീണയും സന്തോഷം കൊണ്ട് മതി മറന്നു.. ആ സ്ത്രീയെയൊന്ന് കാണണമെന്ന് അവർക്ക് തോന്നി പക്ഷേഡോക്ടറുടെ തീരുമാനം ഉറച്ചതായിരുന്നു… സമയമാകുമ്പോൾ.. കുട്ടിയെ നൽകുന്നതിനോടൊപ്പം അവരേയും കാണാം….

മാസങ്ങൾ യുഗങ്ങളേക്കാൾ ദൈർഘ്യമുള്ളതായി ദത്തനും വീണയക്കും… എല്ലാ വിവരങ്ങളും കൃത്യമായി ഡോക്ടർ അവരെ അറിയിച്ചു കൊണ്ടിരുന്നു.. ഒരു ദിവസം കാത്തിരുന്ന വിളി അവരെ തേടിയെത്തി.. ഡെലിവറിയ്ക്കായി ആ സ്ത്രീയെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുന്നു. സമയം കളയാതെ അവർ അവിടേക്ക് തിരിച്ചു. ലേബർ റൂമിന് വെളിയിൽ ആകാംക്ഷയോടെ അതിലുപരി ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷത്തിനായി അവർ കാത്തിരുന്നു… ദത്തൻ……നഴ്സ് വിളിച്ചു.. ‘ഞാനാണ്……. അയാൾ ഓടിയെത്തി കൂടെ വീണയും.. പെൺ കുഞ്ഞാണ്….. നഴ്സ് കുഞ്ഞിനെ അയാളുടെ കൈയ്യിലേക്ക് നൽകി.നിറഞ്ഞ കണ്ണുകളോടെ അയാൾ ആ കുഞ്ഞിനെ മാറോട് ചേർത്തു, വീണയെ നോക്കി, അവളും കണ്ണീരിലൂടെ ചിരിക്കുകയായിരുന്നു..

ഡോക്ടർ ഇനിയെങ്കിലും ഞങ്ങൾക്കവരെ ഒന്ന് കാണാൻ സാധിക്കുമോ, അയാൾ ചോദിച്ചു… ഡോക്ടർ ഒരു നിമിഷം നിന്നു…. വരൂ……. അദ് ദേഹം അവരെ ഒരു റൂമിലേക്ക് കൂട്ടികൊണ്ടു പോയി…. അവിടെ ഒരു സ്ത്രീ കിടക്കുന്നുണ്ടായിരുന്നു കൂടെ ഒരു മധ്യവയസ്കനും….. ആ മുഖത്തേക്ക് ദത്തൻ ഒന്നേ നോക്കിയുള്ളൂ…. ഈരേഴ് ലോകവും തനിക്ക് ചുറ്റും കറങ്ങുന്നത് അയാൾ അറിഞ്ഞു ഒരു നടുക്കം മിന്നലായി നെഞ്ചിലൂടെ പാഞ്ഞു…. ” അരുന്ധതി “……. അപ്പോ…. മറന്നിട്ടില്ല അല്ലേ? അവൾ ചിരിച്ചു… ദത്തനിൽ അപ്പോഴും ആ നടുക്കം ബാക്കിയായിരുന്നു..

എന്താ അവിടെ തന്നെ നിന്നു കളഞ്ഞത്, വീണയ്ക്ക് മനസ്സിലായില്ലായിരിക്കും ഞാൻ അരുന്ധതി….. അവൾ പരിചയപ്പെടുത്തി.. വീണയും പൊടുന്നുടനെ ഒന്ന് തറഞ്ഞു നിന്നു, അവൾക്കും ആ പേര് പരിചിതമായിരുന്നു.

ഞാനായിരിക്കും എന്ന് തീരെ കരുതിയില്ല അല്ലേ?പ്രതീക്ഷിക്കുന്നതല്ലല്ലോ ജീവിതത്തിൽ സംഭവിക്കുന്നത്….. എന്നെ മറന്നിരുന്നു എല്ലാരും അല്ലേ…. ഇതെന്റെ വാശിയായിരുന്നു.എന്റെ ജീവിതം വലിച്ചെറിഞ്ഞ നിങ്ങളോടുള്ള പ്രതികാരമാണ് ഈ കുഞ്ഞ് … ഇന്നും നിങ്ങളുടെ വാക്കുകൾ എന്റെ കാതിൽ മുഴങ്ങുന്നുണ്ട് ദത്താ … രക്തബന്ധത്തിലുള്ളവർ ഒന്നായാൽ ജനിക്കുന്ന കുട്ടി മാനസിക വളർച്ചയില്ലാത്തതാകുമല്ലേ…. ഇപ്പഴോ….. ഈ കുട്ടി അങ്ങനെയുണ്ടായതല്ലേ… നിങ്ങളുടെ ബീജവും എന്റെ അണ്ഡവുമാണ് ഇവൾ, നിങ്ങളുടെ ഭാര്യയുടെ ഒരംശം പോലും ഇവളിലില്ല… അവളുടെ സ്വരത്തിൽ പരിഹാസം നിറഞ്ഞു…. ദത്തന് മറുപടിയുണ്ടായില്ല…

ഇനി നിങ്ങൾ എന്തു ചെയ്യും, ഈ കുഞ്ഞിനെ ഉപേക്ഷിക്കാൻ തനിക്കാവില്ല, നിയമം അതിന് തന്നെ അനുവദിക്കില്ല.. തന്റെ ചോരയിൽ പിറന്ന ഈ കുഞ്ഞ് ഇനി തന്നോടൊപ്പം വളരും, ഓരോ നിമിഷവും എന്നോട് ചെയ്തതിനുള്ള ശിക്ഷയായി…….. എങ്കിലും…… ദൈവം ഈ കുഞ്ഞിന് നല്ലത് മാത്രം വരുത്തട്ടെ…. നൊന്തു പ്രസവിച്ചവൾക്ക് അതേ പറയാനാകൂ…..

ഒന്നും പറയാനാകാതെ നിൽക്കാനേ ദത്തനായുള്ളു…… കഴിഞ്ഞതെല്ലാം മറന്ന് അരുന്ധതിയ്ക്കും ഞങ്ങൾക്കൊപ്പം വന്നു കൂടെ…. വീണയുടെ സ്വരത്തിൽ പ്രായശ്ചിത്തത്തിന്റെ നിഴൽ കലർന്നിരുന്നു.

ഇല്ല….. ഒരു നിസാര കാര്യത്തിന്റെ പേരിൽ എന്റെ സ്നേഹത്തിന്റെ പഴക്കം പോലും തട്ടിയെറിഞ്ഞവനാണ് നിന്റെ ഭർത്താവ്…. ഞാൻ നിങ്ങൾക്കൊപ്പം വന്നാൽ….. നിന്നിൽ ഇയാൾക്ക് ഒരു കുട്ടിയില്ലാതെയും, ഞാൻ ഇയാളുടെ കുട്ടിക്ക് ജന്മം നൽകിയവളും ആകുമ്പോൾ….. ദത്തന്റെ മനസ്സ് ഒരു പക്ഷേ നിന്നിൽ നിന്ന് വീണ്ടും എന്നിലേക്ക് ചായില്ല… എന്ന് നിനക്ക് ഉറപ്പുണ്ടോ? അരുന്ധതി ചോദിച്ചു… ആ ചോദ്യത്തിനൊരു മറുപടി വീണയ്ക്കുണ്ടായിരുന്നില്ല.. ദത്തനും ആശ്രയമറ്റവനേപ്പോലെ നിൽക്കുകയായിരുന്നു ..

ഇദ്ദേഹം ഫാദർ ഡൊമനിക്…. ഫാദറിനൊപ്പമായിരുന്നു ഞാൻഇത്രയും നാൾ… അവിടെ എന്നെപ്പോലെ ഉപേക്ഷിക്കപ്പെട്ടവരും,ആരോരുമില്ലാത്ത കുഞ്ഞുങ്ങളുമെല്ലാമുണ്ട്.. ഫാദറിന്റെ ചികിത്സയ്ക്കായി വന്നപ്പോഴാണ്, നിങ്ങളെ ഞാൻ കാണുന്നത്…. ആ അന്വേഷണത്തിലാണ്, വാടക ഗർഭപാത്രത്തിന്റേയും മറ്റു കാര്യങ്ങളും അറിയുന്നതും….. എന്റെ പ്രതികാരം ഇത്തരത്തിൽ ആകട്ടെയെന്ന് ഞാനും കരുതി…….. ഇനി എനിക്ക് മടങ്ങാം….. എന്നെ കാത്തിരിക്കുന്ന മക്കൾ ഒരുപാടുണ്ട്, സേവാ മന്ദിരത്തിൽ ഇനിയുള്ള ആയുസ് അവർക്ക് വേണ്ടിയാണ്… അവരുടെ അമ്മയായി…… ആരുമില്ലാത്തവരുടെ സ്നേഹത്തിനാണ് മൂല്യം കൂടുതൽ…… എങ്കിലും ഇവൾ എന്റെ കൂടി മകളാണ്, വല്ലപ്പോഴും ദൂരത്ത് നിന്ന് ഒന്ന് കാണാൻ അനുവദിച്ചാൽ മാത്രം മതി….. അരുന്ധതിയുടെ വാക്കുകൾ ചിലമ്പി….. മറുപടിയായി അവളുടെ കൈകളിൽ ഒന്നമർത്തി പിടിക്കാനേ വീണയ്ക്ക് കഴിഞ്ഞുള്ളൂ…. ഒരു ഉറപ്പ് എന്ന പോലെ………

രചന : Dhanya Shamjith‎

Leave a Reply

Your email address will not be published. Required fields are marked *