“എനിക്ക് നിങ്ങളുമായുള്ള വിവാഹത്തിന് സമ്മതമല്ല സഹോദരാ”

രചന : RemyaRajesh

പെണ്ണ് കാണാൻ വന്ന ചെറുക്കനെ നോക്കി സഹോദരാ എന്ന് വിളിച്ച ആദ്യത്തെ പെണ്ണ് ഒരുപക്ഷേ ഇവളായിരിക്കും.

ഫുൾ സ്പീഡിൽ ഫാൻ കറങ്ങിക്കൊണ്ടിരുന്നിട്ടും ഞാൻ വല്ലാതെ വിയർത്തുപോയി.ഇതെന്റെ അഞ്ചാമത്തെ പെണ്ണ് കാണലാണ്.കഴിഞ്ഞ നാലെണ്ണവും ഞാൻ തന്നെ വേണ്ടെന്നു വെച്ച് മുടക്കിയതാണെങ്കിൽ ഇന്നിതാ ഈ പെണ്ണെന്നോട് പറയുന്നു അവൾക്ക് സമ്മതമല്ലെന്ന്.

പൊതുവേ സുന്ദരനെന്നും സത്സ്വഭാവിയെന്നും പഠിപ്പും പണവുമൊക്കെയുണ്ടെന്ന് സ്വയം അഹങ്കരിച്ചിരുന്ന ഞാൻ ഞെട്ടിപ്പോയി.

ഇവൾക്കെന്നെ ഇഷ്ടപ്പെടാതിരിക്കാൻ മാത്രം എന്ത് കുറവാ എന്നിലുള്ളത്.ഒരു പക്ഷേ ഏതേലും നെത്തോലി ഫ്രീക്കൻ പയ്യനുമായി പ്രേമത്തിലാകും.. മനസ്സിൽ തോന്നിയ ഈ സംശയം അവളോട് തന്നെ തുറന്ന് ചോദിച്ചു.

“കുട്ടി ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ.അതാണോ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞത്?”

മറുപടി ആദ്യം ഒരു പൊട്ടിച്ചിരിയായിരുന്നു. “ഇല്ല ഞാനാരേയും പ്രേമിക്കുന്നില്ല.ഇനിയൊട്ട് പ്രേമിക്കാനും പോകുന്നില്ല.എന്റെ ജീവിതത്തിൽ ചില ലക്ഷ്യങ്ങളുണ്ട്.അതിനാൽ തന്നെ ഞാനിപ്പോൾ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല.എനിക്കായി ഒരുപകാരം ചെയ്യണം.ഈ വിവാഹത്തിന് താങ്കൾക്ക് താല്പര്യം ഇല്ലെന്ന് മാത്രമേ എല്ലാവരോടും പറയാവൂ”

ഞാനായി തള്ളി പറഞ്ഞ മറ്റു പെൺകുട്ടികളുടെ ശാപമാകാം എനിക്കിഷ്ട്ടപ്പെട്ട ഈ പെൺകുട്ടി എന്നെ വേണ്ടെന്ന് വെച്ചത്.മനസ്സ് നിറയെ സങ്കടം തോന്നിയെങ്കിലും ഒരു ചെറുപുഞ്ചിരി മുഖത്ത് വരുത്തി ഓകെ പറഞ്ഞ് ഞാനവിടെ നിന്നും ഇറങ്ങുമ്പോൾ അവളാ പറഞ്ഞ അവളുടെ ലക്ഷ്യങ്ങൾ എന്തായിരുന്നുവെന്ന് അറിയാനുള്ള ഉത്കണ്ഠ ആയിരുന്നു മനസ്സ് നിറയേ

പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ അവളെ നിരീക്ഷിക്കലായിരുന്നു പ്രധാന പരിപാടി. അവൾ പഠിക്കുന്ന കോളേജിനടുത്തുള്ള ഒരു ട്യൂഷൻ സെന്ററിൽ വൈകുന്നേരം കുറച്ച് കുട്ടികളെ അവൾ പഠിപ്പിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

പഠിത്തത്തിൽ മിടുക്കിയായ അവൾ വീട്ടുകാരെ ആശ്രയിക്കാതെ ആ പണമാണ് അവളുടെ പഠിത്തത്തിനായി ഉപയോഗിക്കുന്നതും. പലതവണ ആ കോളേജ് പരിസരത്ത് വന്നിട്ടുണ്ടെങ്കിലും ഞാനിന്നു വരെ ശ്രദ്ധിച്ചിട്ടില്ലാത്തൊരു പഴയ തറവാട്ട് വീട്ടിലേക്ക് അവൾ എന്നും കയറിപ്പോകുന്നത് ഞാൻ കണ്ടു.

ആ വീട്ടിൽ അവൾ ആരെ കാണാനാണ് പോകുന്നതെന്നുള്ള ആകാംക്ഷയായിരുന്നു മനസ്സ് നിറയേ.ഞായറാഴ്ച ദിവസം അവൾക്ക് ക്ലാസ്സില്ലാത്തതിനാൽ ആ വീട്ടിലേക്ക് അവൾ വരില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

പകുതി തുരുമ്പെടുത്ത ഗേറ്റ് തുറന്നു ഞാനകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു “സ്നേഹ കുരുന്നുകൾക്കായി ഒരു തണൽവീട്” എന്നെഴുതിയ ചെറിയൊരു ബോർഡ്.

നന്നേ പഴക്കം ചെന്ന ഒരു നാലുകെട്ട് ആയിരുന്നു അത്.മണിയടിച്ചപ്പോൾ പ്രായം ചെന്ന ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു. ആരാ ?എന്താ ? എന്നുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ തുനിഞ്ഞപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.ഒരു പത്തോളം കൊച്ചു കുട്ടികൾ നടുത്തളത്തിൽ ഓടിക്കളിക്കുന്നു.അതിൽ തന്നെ രണ്ട് കുട്ടികൾ വികലാംഗരായിരുന്നു ഉന്തിയും മുടന്തിയും അവരും മറ്റുള്ളവർക്കൊപ്പം സന്തോഷത്തോടെ കളിക്കുന്നു.

അകത്തേക്ക് എന്നെ ക്ഷണിച്ചതിനോടൊപ്പം എന്നിൽ നിന്നും സഹായം ലഭിക്കുമെന്ന പ്രതീക്ഷ തോന്നിയതിനാലാകാം ആ കുട്ടികളെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങൾക്ക് അവർ ഉത്തരം പറഞ്ഞു തുടങ്ങിയത് തെരുവിൽ ഒറ്റപ്പെട്ടുപോയ അനാഥബാല്ല്യങ്ങളായിരുന്നു ആ കുരുന്നുകൾ.

അവളിവിടെ വരുന്നതിനെക്കുറിച്ചുള്ള എന്റെ ചോദ്യത്തിനുള്ള മറുപടിയും അവർ തന്നെ തന്നു.എല്ലാ മാസവും അവൾ ട്യൂഷനെടുത്തു കിട്ടുന്നതിൽ നിന്നും അവളുടെ പഠിത്തത്തിനായുള്ള തുകയെടുത്ത ശേഷം ബാക്കിയുള്ളത് ഈ കുട്ടികൾക്കായി നല്കും പോരാത്തതിന് കോളേജിൽ നിന്നും ചെറിയൊരു തുക വീതം പിരിവായി എല്ലാ മാസവും അവൾ തന്നെ ഇവിടെയെത്തിക്കും.

പഠിച്ചൊരു ജോലി നേടി ഈ മക്കളെ നന്നായി നോക്കണമെന്നതാണ് അവളുടെ ജീവിതലക്ഷ്യമെന്ന് അവൾ പറയാതെ തന്നെ ഞാൻ തിരിച്ചറിഞ്ഞു.അവളുടെ ആ വലിയ മനസ്സിന് മുന്നിൽ ഞാനെത്രത്തോളം ചെറുതാണെന്ന് എനിക്ക് തന്നെ തോന്നി. അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒന്നു ഞാൻ മനസ്സിൽ തീരുമാനിച്ചിരുന്നു. കെട്ടുന്നെങ്കിൽ ഞാനവളെ തന്നെ കെട്ടൂ.

എല്ലാ മാസവും എന്റെ ശമ്പളത്തിൽ നിന്നും നല്ലൊരു തുക ഞാനാ കുരുന്നുകൾക്കായി നല്കുന്നുണ്ടെന്നറിഞ്ഞതിനാലാവാം എന്നെക്കാണാനായി അവളൊരു ദിവസം കാത്തു നിന്നത്.എന്നോടുള്ള അവളുടെ നന്ദി പറച്ചിലിനൊടുവിൽ ഞാനെന്റെ മനസ്സിലുള്ള ഇഷ്ടം അവളോട് തുറന്നു പറഞ്ഞു.

ഈ കുരുന്നുകളുടെ ജീവിതത്തിനും പഠിത്തത്തിനുമൊക്കെ തുണയായി അവളോടൊപ്പം ഞാനും ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഇഷ്ടമാടോ തന്നെയെനിക്കെന്ന് എന്റെ കൈകൾ ചേർത്ത് പിടിച്ചവൾ പറഞ്ഞപ്പോൾ അവളുടെ കണ്ണുനീർ എന്റെ കൈകളിൽ ഉതിർന്നു വീഴുന്നുണ്ടായിരുന്നു.

നമ്മുടെ വിയർപ്പിലൊരംശം ആശ്രയമില്ലാതായിപ്പോയ മറ്റുള്ളവർക്ക് കൂടി പകുത്ത് നൽകുന്നിടത്താണ് നാം ഒരു യഥാർത്ഥ മനുഷ്യനായി മാറുന്നതെന്ന് അവളെനിക്ക് മനസ്സിലാക്കി തന്നു.

രചന : RemyaRajesh

Leave a Reply

Your email address will not be published. Required fields are marked *