ചിരി

രചന: സലിം ഷാ

ഭക്ഷണം കഴിച്ചിട്ടു 500 ന്റെ നോട്ട് കൊടുത്തപ്പോൾ അയാളുടെ മുഖത്തെ ഭാവവ്യത്യാസം ഞാൻ ശ്രെദ്ധിച്ചു

മോൻ ഒന്നു നിൽക്കാമോ ഞാൻ അപ്പുറത്ത് നിന്നും ചില്ലറ വാങ്ങി വരാം

Oh no i hav no time keep the change !!!

ഞാൻ അത് പറഞ്ഞു വണ്ടി എടുത്തു മുന്നോട്ട് പായുമ്പോളും ആ മനുഷ്യന്റെ മുഖത്ത് ഞാൻ പറഞ്ഞത് മനസിലാവാത്തതിന്റെ അമ്പരപ്പ് ഉണ്ടായിരുന്നു.

വൈകിട്ട് സോണിക് ഒപ്പം ബീച്ചിൽ ഇരിക്കുമ്പോൾ ആണ് ഫോണിൽ ആ കാൾ വന്നത്, പരിചയം ഇല്ലാത്ത നമ്പറിൽ നിന്നായത് കൊണ്ട് അവഗണിച്ചു പക്ഷെ ആവർത്തിച്ചുള്ള കോളുകൾ ആയപ്പോൾ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു

“മോനെ ഞാൻ നീതുവിന്റെ അമ്മയാണ്, ഡോക്ടർ വന്നിരുന്നു നാളെ ഓപ്പറേഷൻ നടത്താം എന്നാണ് പറഞ്ഞത്, മോനും കൂട്ടുകാരും നാളെ വരുമല്ലോ അല്ലെ നിങ്ങൾ ഒക്കെ ഉള്ളതാണ് അമ്മയുടെ ആശ്വാസം….

മോൻ എന്താ ഒന്നും മിണ്ടാതെ ? തിരക്കിൽ ആണോ ??

അല്ല അമ്മേ ഞാൻ കേൾക്കുന്നുണ്ട്, ഡോക്ടർ എത്ര രൂപ ആകും എന്നാണ് പറഞ്ഞത് ?

75000 !!!!

ശരി അമ്മേ നാളെ ഞങ്ങൾ അവിടെ ഉണ്ടാകും….

എന്താ സുധി ആരാ ഹോസ്പിറ്റലിൽ ??
ഞാൻ കാര്യങ്ങൾ ഒക്കെ പിന്നെ പറയാം എനിക്ക് ഇപ്പോൾ കുറച്ചു തിരക്കുണ്ട്, നിന്നെ ഹോസ്റ്റലിൽ ആക്കിയിട്ടു എനിക്ക് വേഗം പോകണം

സോണിയെ ഹോസ്റ്റലിൽ ആക്കി അടുത്തുള്ള, ATM ൽ കയറി ബാലൻസ് നോക്കി 45000 രൂപ, അത് പെങ്ങളുടെ കോളേജ് ഫീസ് അടക്കാൻ മാറ്റി വെച്ചത് ആണ് പക്ഷെ ഇപ്പോൾ അതിലും വലിയ ഒരു ആവശ്യം ആണ് എന്റെ മുന്നിൽ ഉള്ളത്.

ഓഫീസിൽ ഒരു സുഹൃത്തിന്റെ പിറന്നാൾ ഞങ്ങൾ സെലിബ്രേറ്റ് ചെയ്തത് ഒരു ഹോസ്പിറ്റലിൽ ആയിരുന്നു അവിടെ വെച്ചാണ് നീതുനേം അമ്മയെയെയും പരിചയപ്പെടുന്നത് അവൾക്കു ഒൻപതു വയസ്സേ ആയിട്ടുള്ളു പക്ഷെ സ്കൂളിൽ പോലും പോകാൻ കഴിയാതെ ഹോസ്പിറ്റലിൽ ആയിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു അപ്പോളേക്കും, കാര്യങ്ങൾ അറിഞ്ഞപ്പോൾ എല്ലാവരും കൂടെ അവളുടെ ഓപ്പറേഷൻ നടത്താൻ ഹെല്പ് ചെയ്യാം എന്ന് അമ്മയ്ക്ക് വാക്കും കൊടുത്തു പോണു.

പക്ഷെ അവിടെ നിന്നും ഇറങ്ങിയപ്പോൾ തന്നെ എല്ലാവരും ആ കാര്യം മറന്ന മട്ടായിരുന്നു.
ഇന്ന് ഫോണിൽ കോൾ വന്നപ്പോൾ ആണ് ആ കാര്യം ഓർമ വന്നത്. എനിക്കെന്തോ അത് കഴിയില്ല എന്ന് ആ അമ്മയോട് പറയാൻ കഴിഞ്ഞതുമില്ല.
എന്റെ കയ്യിലെ പൈസ ഒന്നുമാകില്ല അത്കൊണ്ട് ആണ് സോണിയെ വീണ്ടും വിളിച്ചത്
ആവശ്യം പറയും മുൻപ് അവൾ ഇങ്ങോട്ട് പറഞ്ഞു
” നിനക്ക് എന്തോ അത്യാവശ്യം ഉണ്ടെന്നു എനിക്ക് അറിയാം നീ വാ ഞാൻ കുറച്ചു ഗോൾഡ് തരാം അത് നീ പണയം വെച്ച് ക്യാഷ് കൊടുക്കണം അത് ആർക്കായാലും എന്തിനായാലും “”
ഒടുവിൽ ക്യാഷ് അറേഞ്ച് ചെയ്തു ഞാൻ റൂമിൽ ൽ എത്തി, എന്തോ കിടന്നിട്ടു തീരെ ഉറക്കം വന്നില്ല വെളുപ്പിനെ തന്നെ ഞാൻ ഹോസ്പിറ്റലിൽ പോയി

മോൻ എന്താ ഇത്ര രാവിലെ വന്നത് ??
ഒന്നുല്ല അമ്മേ ഞാൻ ഇങ്ങു വന്നുന്നെ ഉള്ളു…
അപ്പൊ കൂട്ടുകാർ ഒക്കെ ??
ആ അവർ വരും അമ്മേ !! നീതുട്ടി എണീറ്റോ ?
ഉവ്വ് മോനെ, മോൻ അവളുടെ അടുത്ത് പോയി ഇരുന്നോ അമ്മ പോയി ചായ വാങ്ങി വരാം……

നീതുട്ടിക്കു എന്താ ഒരു പേടി പോലെ ?
ഏട്ടാ എനിക്ക് പേടിയാ ഓപ്പറേഷൻ !! എനിക്ക് വേദനിക്കും..
അയ്യേ ഒന്നും പേടിക്കണ്ടാട്ടൊ ഞങ്ങൾ ഒക്കെ ഇല്ലേ ഇവിടെ
ഞാൻ പതിയെ അവളുടെ തലയിൽ തഴുകി…..

ആഹഹാ താൻ ഉണ്ടായിരുന്നോ ഇവിടെ, ഞാൻ കരുതി നിങ്ങൾ അന്ന് വെറുതെ പറഞ്ഞിട്ട് പോയതാ എന്ന്, എന്തയാലും നന്നായെടോ..

ഞാൻ ഡോക്ടറെ നോക്കി ഒന്നു ചിരിച്ചു…..

ക്യാഷ് അടച്ച ബില്ല് പേഴ്സ് ൽ വെച്ചപ്പോഴാണ് ഞാൻ അത് ശ്രെധിച്ചത് കീറിയ ഒരു പത്തു രൂപ മാത്രം ആയിരുന്നു എന്റെ കയ്യിൽ ബാക്കി ഉണ്ടായിരുന്നത്.

അമ്മയുടെ ഒപ്പം ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ ഞാൻ ഇരുന്നു,
ആരാ നീതുവിന്റെ കൂടെ ഉള്ളത് ഈ മരുന്ന് പെട്ടന്ന് വാങ്ങണം പുറത്തെ കിട്ടു, വേഗം പോയി വാങ്ങിക്കു.
ഞാൻ മെഡിസിൻ വാങ്ങാൻ വേണ്ടി ഓടി മെഡിക്കൽ സ്റ്റോറിന്റെ മുന്നിൽ വെച്ചാണ് എന്റെ കയ്യിൽ ഇനി ആകെ ഉള്ളത് ആ പത്തു രൂപ മാത്രം ആണെന്ന് ഞാൻ ഓർത്തത്, എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്

മോനെ….
ഞാൻ തിരിഞ്ഞു നോക്കി
മോൻ ഇന്നലെ പറഞ്ഞ ഇംഗ്ലീഷ് ഒന്നും എനിക്ക് മനസിലായില്ല പക്ഷെ എന്റെ മോൾ ആണ് പറഞ്ഞത് മോൻ ഈ കാശ് എനിക്ക് ടിപ്പ് തന്നതാ എന്ന് കൊല്ലം കുറെ ആയി ഞാൻ ഹോട്ടൽ നടത്തുന്നു ആരുടെ കയ്യിൽ നിന്നും ഒന്നും കൂടുതൽ വാങ്ങിയിട്ടില്ല,എന്തായാലും മോനെ കണ്ടത് നന്നായി മോൻ ഈ പൈസ വെച്ചോളൂ, കുമാരേട്ടന് ഇത് ദഹിക്കില്ല, ഇനി അത് വഴി വരുമ്പോൾ കേറാൻ മടിക്കരുത് കേട്ടോ..

അത് പറഞ്ഞു ആഹ്ഹ് മനുഷ്യൻ നടന്നകലുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

ഓപ്പറേഷൻ കഴിഞ്ഞു മൂന്നാമത്തെ ദിവസം ആണ് നീതുവിനെ റൂമിലേക്ക്‌ മാറ്റിയത്, എന്നെ കണ്ടപ്പോൾ അവൾ എന്നെ അടുത്തേക്ക് വിളിച്ചു അവളുടെ അരികിൽ ഇരുത്തി, എന്നിട്ട് എന്റെ കവിളിൽ ഒരു ഉമ്മ തന്നു

എന്തിനാ ഏട്ടൻ കരയുന്നത് ??
വെറുതെ സന്തോഷം കൊണ്ടാണ് നീതുട്ടി..
അയ്യേ അമ്മ ഇത് കണ്ടോ ഒരാൾ സന്തോഷം കൊണ്ട് കരയുന്നു.

അപ്പോൾ ഞാൻ കണ്ടു, ഈ ലോകത്തിലെ ഏറ്റവും നല്ല കാഴ്ചകളിൽ ഒന്നു, മനസ്സ് നിറഞ്ഞ ചിരി…………….

രചന: സലിം ഷാ

Leave a Reply

Your email address will not be published. Required fields are marked *