തിരുത്ത്.. തിരുത്ത്.. വീണ്ടും തിരുത്ത്

രചന : Princy Tijo

വീട്ടിലേക്കു വന്നു കയറിയ ഉടനെ വന്ദന റൂമിലേക്ക് ഓടിച്ചെന്നു ബെഡിലേക്കു കമിഴ്ന്നു വീണു. സരസ്വതിയമ്മ അടുക്കളയിൽ കാപ്പി തയ്യാറാക്കുകയായിരുന്നു. മോളുടെ വണ്ടിയുടെ ശബ്ദം കേട്ടിട്ട് ഇത്തിരി

നേരമായി . സാധാരണ നേരെ അടുക്കളയിലേക്കാണ് പാഞ്ഞു വരിക . അമ്മെ എന്താ ണ്ടാക്കിയെ എന്ന വിളിയോടെ . ഇതെവിടെ പോയി പെണ്ണ്?? സരസ്വതിയമ്മ കാപ്പി പകർന്നു ഗ്ലാസുകളിലെടുത്തുകൊണ്ട്

ഉമ്മറത്തേക്ക് വന്നു. അച്ഛനും മകനും കൃത്യസമയത്തു തന്നെ തൂമ്പയും കൊട്ടയുമായി വയലിൽ നിന്ന് കയറി വന്നു . കയ്യും കാലും കഴുകി ഇളംതിണ്ണയിലേക്കിരുന്നു കൊണ്ട് ആനന്ദൻനായർ സരസ്വതിയോടു ചോദിച്ചു

“മോളെവിടെ .. കാപ്പി കുടിച്ചോ ..? ഇല്ല .. അതന്യ ഞാനും നോക്കണേ .. സാധാരണ അടുക്കളേലിക്കു പാഞ്ഞുവരണവളെ കാണാൻ ഇല്യ. ഇവിടെ

ഇണ്ടാവും ന്നു കരുതിയാ കാപ്പീം കൊണ്ടിങ്ങട് വന്നേ. ഈ പെണ്ണ് എവടെ ? അവൾ ബാത്റൂമിലെങ്ങാനും ആവും അമ്മെ.. വന്നോളും … അജയൻ പറഞ്ഞു.

അൽപനേരം കഴിഞ്ഞിട്ടും ഭാര്യയെ കാണാത്തതുകൊണ്ട് അജയൻ എഴുന്നേറ്റു അകത്തേക്ക് നടന്നു . മുറിയിലേക്ക് കയറിയ അജയൻ ഒന്ന് സംശയിച്ചു .. കട്ടിലിൽ കമിഴ്ന്നു കിടപ്പാണ് ആൾ .. ഇനിയിപ്പോ വയറുവേദനയോ മറ്റോ

.. ഏയ് .. അതിനു സമയം ആയില്യാലോ .. അജയൻ സാരിയുടെ തുമ്പു പിടിച്ചു ഒന്ന് വലിച്ചു .. ടീച്ചറമ്മേ … എന്താ ഒരു ക്ഷീണം …

അനക്കമില്ല… ശെടാ .. ഈ പെണ്ണിന് ഇത് എന്തുപറ്റി ? അജയൻ അടുത്തുചെന്നു വന്ദനയുടെ ചുമലിൽ പിടിച്ചു വലിച്ചുയർത്തി.

അജയേട്ടാ.. എന്ന നിലവിളിയോടെ വന്ദന അയാളുടെ ചുമലിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ചു കരഞ്ഞു . എന്തെ പെണ്ണെ .. എന്താപ്പോ ഉണ്ടായേ കരയാൻ ?? ഏങ്ങിക്കരഞ്ഞതല്ലാതെ വന്ദന ഒന്നും പറഞ്ഞില്ല . താൻ

പോയി കുളിക്ക്.. എന്നിട്ടു ഫ്രഷ് ആയി വാ .. അതും പറഞ്ഞു അയാൾ അവളെ ബാത്റൂമിലേക്കു തള്ളികയറ്റി വിട്ടു . പിന്നെ ഫോൺ എടുത്തു മുറ്റത്തേക്കിറങ്ങി മഞ്ജു ടീച്ചറെ വിളിച്ചു .

ഇപ്പഴും കരച്ചിലാണോ എന്ന ചോദ്യത്തോടെയാണ് മഞ്ജു കോൾ എടുത്തത് എന്താ ടീച്ചറെ അവൾക്കു പറ്റിയത് . അജയൻ വല്ലാതെ പരിഭ്രമിച്ചിരുന്നു .

ഒന്നും പറയണ്ട അജയേട്ടാ . ഇപ്പഴത്തെ കുട്ടികളിൽ പകുതിയും കുരുത്തക്കേടിന്റെ ആശാന്മാരാണ് .. വായിൽ തോന്നണത് പറയാ .. അതിനു അധ്യാപകരാണോ കൂടെ പഠിക്കണവരാണോ ന്നു വ്യത്യാസമൊന്നുല്ല.

ഇന്ന് എട്ടാം ക്‌ളാസ്സിലെ മലയാളം ക്ലാസ് കഴിഞ്ഞു ഇന്റെർവെല്ലിനു പുറത്തേക്കു ഇറങ്ങിയ വന്ദനയെ പറ്റി പിന്നാലെ ഇറങ്ങിയ അതെ ക്ലാസ്സിലെ അമിത്തും കൂട്ടരും എന്തോ കമന്റടിച്ചു. വന്ദന കേട്ടില്ല പക്ഷെ

തൊട്ടപ്പുറത്തെ ക്ലാസ്സിൽ നിന്ന് ഇറങ്ങി വന്ന നസീമ ടീച്ചറ് കേട്ടു. ആ പുള്ളിക്കാരി അതേപോലെ വന്നു സ്റ്റാ ഫ് റൂമില് പറയേം ചെയ്തു .

എന്താ ആ കുട്ട്യോൾ പറഞ്ഞെ അജയൻ ചോദിച്ചു. അത് ..പിന്നെ .. മഞ്ജു വിക്കി .. ഏട്ടൻ അവളോട് തന്നെ ചോദിക്ക് എന്നുപറഞ്ഞു കൊണ്ട് മഞ്ജു കട്ട് ചെയ്തു.

അജയൻ മെല്ലെ അകത്തേക്കു നടന്നു . അവൾ കുളി കഴിഞ്ഞിട്ടില്ല . അച്ഛനും അമ്മയും ടീവിക്ക് മുന്പിലുണ്ട്. അയാളെ കണ്ടു അച്ഛൻ ചോദിച്ചു മോളെവിടെടാ .. കുളിക്കയാണ് അച്ഛാ എന്ന് പറഞ്ഞുകൊണ്ട് അയാൾ

അച്ഛനടുത്തിരുന്നു . സരസ്വതിയമ്മ മോനെ ഒന്ന് ഇരുത്തിനോക്കി ചോദിച്ചു “എന്താടാ മോൾക്ക് ? നീ ആരെയാ വിളിച്ചേ..? മരുമകളല്ല മകളാണ് വന്ദന രണ്ടുപേർക്കും. അയാൾ സോഫയിലേക്ക് ചാരിയിരുന്നു കാര്യം

മാതാപിതാക്കൾക്ക് മുൻപിൽ അവതരിപ്പിച്ചു . ആ അമിത്ത് എന്ന് പറയണ കുട്ടി അവൾക്കു മോനെപോലെയാ .. പഠിക്കാനും മിടുക്കൻ . അതോണ്ട് വല്ലാതെ വിഷമിച്ചിട്ടുണ്ടാവും . അയാൾ പിറുപിറുത്തു .

നീ ഇപ്പൊ ഒന്നും ചോയ്ക്കണ്ട . കിടക്കുമ്പോ സമാധാനത്തിൽ ചോയ്ക്. എന്നുപറഞ്ഞുകൊണ്ട്ആനന്ദൻ നായർ എഴുന്നേറ്റ അകത്തേക്കു നടന്നു. അത്താഴം കഴിക്കുമ്പോഴും വന്ദന മൗനത്തിൽ ആയിരുന്നു . ആരും അവളോടൊന്നും ചോദിച്ചില്ല .

റൂമിൽ അജയന്റെ നെഞ്ചിൽ മുഖംഅമർത്തികിടക്കുമ്പോഴും അവളിൽ നിന്ന് ചെറിയ തേങ്ങൽ ഉയർന്നു കേട്ടു . അമിത്ത് എന്താ പറഞ്ഞെ …? പതിഞ്ഞ ശബ്ദത്തിലുള്ള ചോദ്യമായിട്ടും അവൾ ഞെട്ടിപോയി .. കലങ്ങിയ

കണ്ണുകൾ ഉയർത്തി അവൾ അജയനെ നോക്കി. പറയ് അയാൾ നിർബന്ധിച്ചു .. ഏങ്ങലിനിടയിലൂടെ അവൾ പറഞ്ഞു….

“ വന്ദനയുടെ പിന്നാമ്പുറത്തിനു നല്ല വാടക കിട്ടുമെന്ന് ” അജയന്റെ നെഞ്ച് വിലങ്ങിപ്പോയി .

“കഷ്ടം .. ഈ തലമുറയിലെ കുട്ടികൾക്ക് അധ്യാപകരെന്നാൽ ഒരു ബഹുമാനവുമില്ല”.. ബഹുമാനം ഇല്ലെങ്കിലും വേണ്ടില്ല അജയേട്ടാ .. വെറും ഒരു പെൺശരീരമായിട്ടാണ് എന്റെ കുട്ടികൾ എന്നെ

കാണുന്നത് എന്ന് ഓർക്കുമ്പോ മരിക്കാൻ തോന്നണു . വന്ദനയുടെ കണ്ണീർ അയാളുടെ നെഞ്ച് കുതിർത്തു . അയാൾ ആലോചിക്കുകയായിരുന്നു എവിടെയാണ് പിഴക്കുന്നത് .. അധ്യാപകർക്കണോ? വിദ്യാഭ്യാസ സമ്പ്രദായത്തിനാണോ? കുട്ടികൾക്കാണോ?

നാളെ ലീവെടുക്ക്.. നമുക്ക് ഒരിടംവരെ പോകാം .. അയാൾ അവളോട് പറഞ്ഞു അജയൻ കാളിങ്ബില്ലിൽ വിരലമർത്തി. വാതിൽ തുറന്ന സാറ വന്ദനയെ കണ്ടു പുഞ്ചിരിച്ചു . ആ ടീച്ചറോ ? വരൂ .. ഇത് ഭർത്താവാണോ ?

അതെ അജയൻ പറഞ്ഞു . എന്താ ഈ വഴി??? ഇന്ന് ടീച്ചർ ലീവാണോ? സാറ വന്ദനയെ നോക്കി. “ അതെ ..ലീവാണ്..” അതിനും മറുപടി അജയനിൽ നിന്നായതുകൊണ്ടു സാറ ഒന്ന് സംശയിച്ചു .

ചേച്ചി ഒന്ന് വരൂ .. അജയൻ പുറത്തേക്കിറങ്ങി . വന്ദനയെ ഒന്നുകൂടി നോക്കിയിട്ട് സാറയും. ഒരു മിനിട്ടു കഴിഞ്ഞപ്പോൾ പുറത്തു നിന്ന് സാറ പൊട്ടിത്തെറിക്കുന്നത് വന്ദന കേട്ടു . എന്റെ മോൻ അങ്ങനെ ഒന്നും പറയില്ല . ഒരു മിനിറ്റു നിശബ്ദത .. പിന്നെ കേട്ടത് സാറയുടെ കരച്ചിൽ ആണ് . വന്ദന എഴുന്നേറ്റു പുറത്തേക്കു ചെന്നു.

“കഴിഞ്ഞ മാസമാണ് നാലാം ക്ലാസ്സിലെ ഒരു പെൺകുട്ടി മൊബൈൽ ബാഗിൽ കൊണ്ടുവന്നത് ജസ്റ്റിൻ സാർ ചോദ്യം ചെയ്തതിനു കുട്ടിയുടെ മാതാപിതാക്കൾ മാനസിക പീഡനത്തിന് കേസ് കൊടുത്തത് . അതുകൊണ്ടു

കുട്ടിയോട് സംസാരിക്കുന്നതിനേക്കാൾ മാതാപിതാക്കളോട് സംസാരിക്കുന്നതാണ് നല്ലതെന്നു കരുതി “ വന്ദന പറഞ്ഞു “ പോവാം അജയേട്ടാ .. നിറകണ്ണുകളോടെ സാറയെ ഒന്ന് നോക്കി അവൾ പുറത്തേക്കിറങ്ങി . അജയനും

അമിത് വീട്ടിലെത്തിയപ്പോൾ സാറ കിടക്കുകയായിരുന്നു . മമ്മീ എന്ന വിളിയോടെ അവൻ അടുത്തെത്തിയപ്പോൾ അവൾ എഴുന്നേറ്റു . അവനെ അടുത്തിരുത്തി .

“ മോൻ മമ്മി ചോദിക്കുന്നതിനു മാത്രം ഉത്തരം പറയണം …മമ്മിക്ക് നാലുമാസം മുൻപ് കൈ തളർന്നപ്പോൾ മോനുവല്ലേ മമ്മിയെ കുളിപ്പിച്ചത് “

“അതെ..” അമിത് ഉത്തരം പറഞ്ഞു . “അന്ന് മോനുവിന് തോന്നിയിരുന്നോ മമ്മയുടെ പിന്നാമ്പുറത്തിനു നല്ല വില കിട്ടുമെന്ന്..”? തീപ്പൊള്ളൽ ഏറ്റതുപോലെ അമിത് ചാടിയെഴുന്നേറ്റു . “മമ്മ.. ഞാൻ ..

“പറയു .. തോന്നിയിരുന്നോ എന്റെ മോന് .. മമ്മ നല്ല ചരക്ക് ആണെന്ന് ?? സാറയുടെ കണ്ണിൽ നിന്ന് രക്തത്തുള്ളികൾ ആണ് വീഴുന്നതെന്നു തോന്നി അമിത്തിന്.

മമ്മാ… സോറി .. ഇനി ഞാൻ അങ്ങനെ ഒന്നും പറയില്ല .. ആരോടും . അവൻ വിതുമ്പി… പറയരുത് .. അമ്മയേക്കാൾ നീ ബഹുമാനിക്കേണ്ട ആളാണ് നിന്റെ അധ്യാപകർ .. നിങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്നവർ . തെറ്റുകൾ കാണുമ്പോൾ അവർ നിങ്ങളെ ഒന്ന് വഴക്കു പറഞ്ഞാലോ .. ഒരു വടിയെടുത്തു

ഒന്ന് തല്ലിയാലോ അപ്പോഴത്തെ വേദനയെ നിങ്ങൾക്കുണ്ടാവൂ .. പക്ഷെ ജീവിതത്തിലേക്കുള്ള ഒരു വലിയ പാഠം നിങ്ങൾ ആ നിമിഷം കൊണ്ട് പഠിക്കും.

പിറ്റേന്ന് രാവിലെ സ്റ്റാഫ്റൂമിലേക്കു അനുവാദമില്ലാതെ ഓടിക്കയറി വന്ന എട്ടാം ക്ലാസ്സുകാരൻ വന്ദനയെ വട്ടം പിടിച്ചു തേങ്ങിക്കരഞ്ഞു . മിസ് എന്നോട് ക്ഷമിക്കണം .. സോറി .. ഇനി ഒരിക്കലും ഞാൻ അങ്ങനെ പറയില്ല .. അവനെ നിറകണ്ണുകളോടെ ചേർത്തുപിടിച്ചപ്പോൾ വന്ദനയുടെ ഹൃദയത്തിൽ മഞ്ഞുവീണു .

നീ മാത്രമല്ല നിന്റെ കൂട്ടുകാരും ഇനി ഇങ്ങനെ ഒന്നും പറയരുത് . അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടത് നിന്റെ കടമയാണ് കേട്ടോ .. മഞ്ജു ടീച്ചർ അമിത്തിനോട് പറഞ്ഞു . കണ്ണ് തുടച്ചു തലകുലുക്കി അമിത് വന്ദനയെ നോക്കി . അവൾ പുഞ്ചിരിച്ചു.

ഇവിടെ തിരുത്തപ്പെട്ടത് ഒരു വിദ്യാർത്ഥിമാത്രമാണ് .. മാതാപിതാക്കൾ എന്ന നിലയിൽ നാം ഓരോരുത്തരും ഉത്തരവാദിത്ത്വത്തോടെ എന്നും ഓരോ കുഞ്ഞുങ്ങളെ തിരുത്തേണ്ടി വരും ഇനി. കാരണം അധ്യാപകരുടെ തിരുത്തലുകൾ ഇപ്പോൾ നിയമത്തിന്റെ കണ്ണിലൂടെ മാത്രമാണ് നാമൊക്കെ കാണുന്നത്.

കൂട്ടത്തിൽ ഒറ്റപ്പെട്ട ചില അധ്യാപകരുടെ പ്രവൃത്തികൾ മാറ്റി നിർത്തിയാൽ കുഞ്ഞുങ്ങളുടെ നന്മ ഉദ്ദേശിച്ചുള്ള ചെറിയ ശിക്ഷകൾ മാത്രമാണ് അധ്യാപകർ അവർക്കു നൽകാറുള്ളത്. തെറ്റുകാണുമ്പോൾ ശിക്ഷിക്കുന്ന

അധ്യാപകർക്കെതിരെ കൊടുവാളെടുത്തു നിയമം പറയുന്നത് നമ്മുടെ കുഞ്ഞുങ്ങളോടുള്ള അമിതവാത്സല്യത്തിന്റെ പുറത്താണെങ്കിൽ ഇതുപോലെയാവും അവർ വളരുക . തിരുത്തേണ്ടി വരും നാം ഓരോ നിമിഷവും അവരെ. …

രചന : Princy Tijo

Leave a Reply

Your email address will not be published. Required fields are marked *