വൈനും പിന്നെ വൈഫിന്റെ മാക്സിയും*

രചന : സിയാദ് ചിലങ്ക

ആന്റു ശനിയാഴ്ച വൈകീട്ട് നേരത്തെ പണിയിൽ നിന്നിറങ്ങി പെട്ടെന്ന് തന്നെ റൂമിലേക്ക് പാഞ്ഞു…. രണ്ടാഴ്ചയായി വീട്ടിലേക്ക് പോയിട്ട്…വീട്ടിലേക്ക് കഴിഞ്ഞ ഞായർ പോവാൻ പറ്റിയില്ല.

ശനി രാത്രി വീട്ടിൽ എത്താൻ പറ്റിയില്ലെങ്കിൽ ആകെ ഒരു തിക്കുമുട്ടും പരവേശവുമാ….കൊച്ചിയിൽ വർഷങ്ങളായെങ്കിലും കല്ല്യാണം കഴിഞ്ഞുള്ള ഈ അഞ്ച് വർഷമായിട്ടുള്ളു ആന്റുവിന് ഈ വെപ്രാളം…

” ബിൻസി ഞാനിപ്പോൾ ഇവിടന്ന് ഇറങ്ങും….. എട്ട് മണിയാമ്പോഴേക്കും എത്തൂട്ടാ… വെള്ളം ചൂടാക്കി വെച്ചോട്ടാ..”

“മ്…മ്… ശരി ഇച്ചായാ…..”

വൈൻ പാർലറിൽ കയറി ഒരു പോർട്ട് വൈൻ വാങ്ങി. വൈൻ ഇടക്ക് ഒരു പതിവാ രാത്രി കിടക്കുമ്പോൾ ബിൻസിക്കും കുറച്ച് കൊടുക്കും…. ശരീരവും മനസ്സും തണുക്കാൻ വൈൻ ബെസ്റ്റാ….

വീട്ടിൽ ചെന്ന് കയറിയപ്പോൾ ബിൻസി പുഞ്ചിച്ച് കൊണ്ട് വാതിൽ തുറന്നു.ആൻറു ബിൻസിയെ ആദ്യമായി കാണുന്നത് പോലെ അടിമുടിയൊന്ന് നോക്കി….

” ബിൻസി നീ പിന്നേം തടിച്ചാ…..”

“ഒന്ന് പോ ഇച്ചായാ … ഇച്ചായൻ ഇവിടന്ന് പോയിട്ട് രണ്ടാഴ്ചയല്ലെ ആയിട്ടുള്ളു…. പോയപ്പോൾ ഉള്ള പോലെ തന്നെ ഉള്ളു ഇപ്പോഴും…. ”

“കുറച്ച് തടിച്ചൂന്ന് വെച്ചാലും എനിക്ക് കുഴപ്പമൊന്നുമില്ല…. തടി ഉള്ളതാ എനിക്കിഷ്ടം…… എന്നാലെ എനിക്ക് കുറേ……”

ആന്റു അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു…..

“ഇച്ചായാ മിണ്ടാതിരുന്നെ ദേ ക്ടാവ് നിൽക്കണത് കണ്ടില്ലെ..”

ജാൻസി മോൾ അപ്പച്ചാന്നും വിളിച്ച് മടിയിൽ കയറി ഇരിപ്പായി… ആന്റു എത്തിയാൾ അവൾക്ക് എല്ലാ കാര്യവും അവൻ ചെയ്ത് കൊടുക്കണം . ചോറ് വാരിക്കൊടുത്തു , ആന്റുവിന്റെ തോളത്ത് കിടന്നു അവൾ ഉറങ്ങുകയും ചെയ്തു. മോളെ കട്ടിലിൽ കിടത്തി.

ഭക്ഷണം കഴിച്ച് ആന്റു വിസ്തരിച്ച് ഒന്ന് കുളിച്ചു.ശരീരത്തിൽ പൗഡറൊക്കെ ഇട്ടു. തലമുടി ചീകി ഒതുക്കി. ഏറ്റവും ഭംഗിയുള്ള ടീഷർട്ട് എടുത്ത് അണിഞ്ഞു.

അടുക്കളയിൽ ചെന്നപ്പോൾ ബിൻസി പത്രം കഴുകുന്ന തിരക്കിലാ..

“വേഗം വാ ബിൻസി….. ഇതൊക്കെ നാളെയും ചെയ്യാലോ…… ”

“ഇപ്പ കഴിയും ഇച്ചായാ.ദാ വരുന്നു ഇച്ചായൻ പൊക്കൊ…..”

“ഇച്ചായാ കുളിച്ചിട്ട് വരാട്ടാ……..”

കള്ളച്ചിരി പാസ്സാക്കി ബിൻസി കുളിക്കാനായി കയറി.

ആന്റു രണ്ട് ഗ്ലാസ്സ് എടുത്ത്…. ഒന്നിൽ വൈൻ പകർത്തി മെല്ലെ കുടിച്ചു തുടങ്ങി…. ശരീരവും മനസ്സും മെല്ലെ തണുത്ത് തുടങ്ങി…..

അവളെ കാണുന്നില്ലല്ലൊ… എന്ത് കുളിയാ കർത്താവെ… ക്ഷമ നശിച്ച് തുടങ്ങി…

മെല്ലെ വാതിൽ തുറന്നു….. ആന്റു ബിൻസി യുടെ കാലിലേക്ക് നോക്കി… വെള്ളത്തുള്ളികൾ കാൽ വിരലിൽ തങ്ങി നിൽക്കുന്നു… മെല്ലെ കണ്ണുകൾ ഉയർത്തിയ ആൻറുവിന്റെ കണ്ണുകൾ തുറിച്ചു. കുടിച്ച വൈൻ ആവിയായി.

വീണ്ടും ആ “മാക്സി “……

എടീ നിന്നോട് എത്ര നാളായി പറയുന്നു ഇത് കൊണ്ട് കളയാൻ. ഇത് കണ്ടതോടെ എന്റെ എല്ലാ മൂഢും പോയി.. എന്തിനാ ബിൻസി ഈ ചതി എന്നോട്…

ജാൻസി മോളെ പ്രസവിച്ചപ്പോൾ വാങ്ങി കൊടുത്തതാ മുന്നിൽ ബട്ടൻസുള്ള മഞ്ഞ മാക്സി… ഇപ്പോൾ കളർ മഞ്ഞ യൊന്നുമല്ല.. അന്നേ പറയുന്നുണ്ട് ഇത് ഇടാൻ നല്ല സുഖമാ ഇച്ചായാ…. അതിന് ശേഷം എത്ര മാക്സികൾ വാങ്ങി കൂട്ടി എങ്കിലും ഇവൾ ഇത് കളഞ്ഞിട്ടില്ല.

അവൾ കളയണ്ട ഇട്ടോട്ടെ ,ഇങ്ങനെയുള്ള സമയത്ത് അവൾക്കിതൊന്നൊഴിവാക്കിയാലെന്താ….

“എടീ നീ ഇത് കരുതിക്കൂട്ടി എന്നോട് ചെയ്യുന്നതല്ലെടീ… കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് വീട്ടിൽ എത്തുന്ന കേട്ട്യോന്റെ അടുത്ത് ഇങ്ങനെ തന്നെ കാണിക്കണം… മതിയായി… ഞാൻ തിരിച്ച് പോണ്….. ”

ആന്റു വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞ് തുടങ്ങി…

“ഇച്ചായാ ഞാൻ അങ്ങിനെ ഒന്നും ചിന്തിച്ചില്ല.. ഇത് ഇടുമ്പോൾ ഒരു സുഖം ആണ്.. പോരാത്തതിന് ഉള്ളിലേക്ക് ആവശ്യത്തിന് കാറ്റും കിട്ടും.. അതോണ്ടാ ഞാനിത് ഇട്ടത്.. സോറി ഇച്ചായാ…. ”

ബിൻസി അപ്പോൾ തന്നെ മാക്സി വലിച്ച് ഊരി വലിച്ച് ഒരു കീറ് കൊടുത്തു… രണ്ട് പീസായി ബിൻസിയുടെ മാക്സി…..

അത് കണ്ട് ആന്റുവിന്റെ ചൂട് ഒന്ന് ഇറങ്ങി..

” ബിൻസി കഴിഞ്ഞ ക്രിസ്തുമസ്സിന് എടുത്ത ആ ഫ്രോക്ക് ഒന്ന് എടുത്ത് ഉടുത്തെ….”

പാതിരാവിൽ നിലാവിന്റെ വെട്ടം അവരുടെ മുറിയിൽ പതിഞ്ഞു. അവളുടെ ചെവിയിൽ അവൻ മൊഴിഞ്ഞു..

“ഇച്ചായൻ ചീത്ത പറഞ്ഞിട്ട് വിഷമായോ…? സോറീട്ടാ…. ”

അന്ന് ഉറക്കത്തിൽ സ്വർഗ്ഗരാജ്യത്തെ തേൻ പുഴയിൽ നീന്തിത്തുടിക്കുന്നതായി രണ്ടാളും സ്വപ്നം കണ്ടു.

[ ദാമ്പത്യ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം തന്നെയാണല്ലെ……?…. പങ്കാളിയുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കലും ഉടുത്തൊരുങ്ങലും…]

രചന : സിയാദ് ചിലങ്ക

Leave a Reply

Your email address will not be published. Required fields are marked *