സെറ്റ് മുണ്ട്

രചന: Aswani Ashokan

“നീ പറയ് അളിയാ… ഞാൻ ഇവിടെ ടെക്സ്റ്റയിൽസിന് മുന്നിൽ പോസ്റ്റാ… ശിവാനിക്കൊപ്പം ഡ്രസ്സ്‌ എടുക്കാൻ വന്നതാ നാളെ ഞങ്ങടെ ഒന്നാം വിവാഹ വാർഷികാ.. അതിന്റെ ഒരു സന്തോഷം പാവം വീട്ടുകാരെ ഉപേക്ഷിച്ചു എനിക്ക് ഒപ്പം വന്നത് മുതൽ അവളുടെ ഒരു സന്തോഷത്തിനും ഞാൻ എതിര് നിൽക്കില്ല. അതിന്റെ ഭാഗമാണ് ഈ ഡ്രസ്സ്‌ എടുപ്പ്”

ഫോൺ കാതോട് ചേർത്ത് പതിയെ കാറിൽ നിന്ന് പുറത്തേക്കിറങ്ങി ആനന്ദ്..

“ഏട്ടാ….. ഇതെവിടാ… വന്ന് ബില്ല് പേ ചെയ്യു.. പോകേണ്ടേ നമുക്ക്”

ശിവാനി വേഗത്തിൽ പുറത്തേക്ക് വരുന്നത് കണ്ടപ്പോഴാണ് എടിഎം കാർഡ് അവൾക്ക് കൊടുക്കാൻ മറന്ന കാര്യം ആനന്ദ് ഓർത്തത്.

“അയ്യോ അളിയാ ഞാൻ പിന്നെ വിളിക്കാം.. ലവള് കലി തുള്ളി ദേ വരുന്നു”

കോൾ കട്ട് ചെയ്ത് ധൃതിയിൽ ശിവാനിക്കരികിലേക്ക് ചെന്നു അവൻ.

“നല്ല ആളാ കേട്ടോ.. ഏട്ടനെ കാണാണ്ട് ഞാൻ ആ ഷോപ്പിന്റെ ഉള്ളിൽ മുഴുവൻ തിരയുവാരുന്നു”

“സോറി ഡിയർ… ഓഫീസിൽ നിന്ന് ഒരു കോൾ വന്നു അതുമായി പുറത്തേക്ക് വന്നതാ അന്നേരം ബിനീഷും വിളിച്ചു”

ക്ഷമാപണത്തോടെ അവളുടെ ചുമലിലൂടെ കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചു ഷോപ്പിനുള്ളിലേക്ക് കയറി അവൻ.

” എന്തായി നിന്റെ പർച്ചേസ് കഴിഞ്ഞോ… ”

” ഉവ്വ് ഇനി ഏട്ടൻ ക്യാഷ് മാത്രം തന്നാൽ മതി ബാക്കി എല്ലാം കഴിഞ്ഞു ”

പുഞ്ചിരിയോടെ ആനന്ദിനോട് ചേർന്ന് നടന്നു ശിവാനി. കൗണ്ടെറിനോടടുക്കുമ്പോഴേക്കും അവൾ സെലക്ട്‌ ചെയ്ത ഡ്രസ്സുകളും എത്തിയിരുന്നു. ഓരോന്നോരോന്നായെടുത്ത് പാക്ക് ചെയ്യുമ്പോഴാണ് പുതിയൊരു സെറ്റ് മുണ്ട് ആനന്ദിന്റെ കണ്ണുകളിൽ ഉടക്കിയത്. അവൻ അതിലേക്ക് സൂക്ഷിച്ചു നോക്കുന്നത് കാൺകെ പതിയെ തല കുമ്പിട്ടുകൊണ്ട് ശിവാനി പിന്നിലേക്ക് മാറിയിരുന്നു.

” ആ സെറ്റ് മുണ്ട്…. അത്.. പാക്ക് ചെയ്യല്ലേ.. ”

സെയിൽസ് ഗേളിന് നിർദ്ദേശം നൽകി തിരിഞ്ഞ ആനന്ദിന്റെ മുഖം കറുത്തു

” എന്റെ ശിവാ ഇതിപ്പോ എത്രാമത്തെ സെറ്റ് മുണ്ടാണ് . ഇതേ മോഡൽ അല്ലെ ഒരെണ്ണം കഴിഞ്ഞ ആഴ്ച്ചയും വാങ്ങിയത് നിനക്ക് എന്താ തലക്ക് സുഖം ഇല്ലേ. എപ്പോൾ ഡ്രെസ്സെടുക്കാൻ പോയാലും എടുക്കുന്നത് മുഴുവൻ സെറ്റ് മുണ്ട് . ഈ മാസം ഇത് മൂന്നാമത്തെയാണ്. ”

ആനന്ദിന്റെ ഒച്ച അൽപ്പം ഉയർന്നിരുന്നു.

” അല്ല..ഏട്ടാ… ഒരേ മോഡൽ അല്ല. ദേ ഇതിന്റെ കര നോക്കിയേ കറുത്ത ബോർഡർ ആണ്. കഴിഞ്ഞ ആഴ്ച വാങ്ങിയത് ബ്ലൂ ആയിരുന്നു ”

നിഷ്കളങ്കമായ ആ മറുപടി കേട്ട് അരിശം കയറിയെങ്കിലും പെട്ടെന്ന് ശാന്തനായി ആനന്ദ്

“എന്താ ശിവാ നിനക്ക് ഈ സെറ്റ് മുണ്ടിനോട് മാത്രം ഇത്ര കമ്പം ”

” അത് ഏട്ടാ വാങ്ങി വച്ചാൽ എപ്പോ വേണോ ഉപയോഗിക്കാലോ… ഒരു കുഞ്ഞാവ വയറ്റിൽ വന്ന് കഴിഞ്ഞാൽ എന്തെല്ലാം ചടങ്ങുകൾ ഉണ്ട്. അന്നൊക്കെ ചിലപ്പോൾ പോയി വാങ്ങാൻ പറ്റീലേലോ അതാ ഇപ്പോഴേ വാങ്ങി വയ്ക്കുന്നെ ഇതാകുമ്പോ ഇപ്പോൾ എനിക്ക് ഉടുക്കേം ചെയ്യാം അന്നേരം ഉപയോഗിക്കേം ചെയ്യാം.. അല്ലേലും ഞാൻ സെറ്റു മുണ്ട് ഉടുത്താൽ നല്ല ഭംഗിയാ ന്ന് ഏട്ടൻ തന്നെ എത്രയോ വട്ടം എന്നോട് പറഞ്ഞിട്ടുണ്ട് ….. ”

ആ മറുപടി കേട്ട് അവളോട് കൂടുതൽ ഒന്നും പറയാൻ നിന്നില്ല ആനന്ദ്. വീണ്ടും അവൻ കൗണ്ടറിലേക്ക് തിരിഞ്ഞു.

” ദേ ആ സെറ്റ് മുണ്ട് ഒഴിച്ച് ബാക്കി എല്ലാം പാക്ക് ചെയ്യൂ അത് വേണ്ട… ”

ആ കടുത്ത വാക്കുകൾക്ക് മുന്നിൽ നിശ്ശബ്ദയാകുവാനേ ശിവാനിക്ക് കഴിഞ്ഞുള്ളു. അപ്പോഴേക്കും ചുറ്റുമുള്ളവരും തങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് കൂടി മനസ്സിലാക്കി അല്പം അപമാന ഭാരത്താൽ തല കുമ്പിട്ടു അവൾ . ബില്ല് പേ ചെയ്തു ഡ്രസ്സുകൾ അടങ്ങിയ കവറുമായി ആനന്ദ് വേഗത്തിൽ പുറത്തേക്കിറങ്ങുമ്പോൾ നിറമിഴികളോടെ പിന്നാലെ ചെന്നു ശിവാനി. അപ്പോഴും പിന്തിരിഞ്ഞുള്ള അവളുടെ നോട്ടം ആ മാറ്റി വച്ച സാരിയിൽ തന്നെയായിരുന്നു. കാറിൽ കയറി തിരികെ പോകുമ്പോൾ ശിവാനി നിശ്ശബ്ദയായിരുന്നു. ആ നിശബ്ദത ആനന്ദിനെ കൂടുതൽ അസ്വസ്ഥനാക്കി

” എന്റെ ശിവാ ഒരു അലമാരി നിറയെ സെറ്റു മുണ്ടുകൾ ഇല്ലേ നിനക്ക്… അതിൽ എല്ലാം ഉടുത്തുവോ നീ… ചുമ്മാ ഇങ്ങനെ കാശ് കളഞ്ഞു വാങ്ങി കൂട്ടി വയ്ക്കുവല്ലേ… അതെല്ലാം കൂടി എടുത്ത് ഏതേലും പാവങ്ങൾക്ക് നൽകിയാൽ പുണ്യമെങ്കിലും കിട്ടും ”

അവൻ പിറുപിറുക്കുമ്പോൾ മറുപടിയൊന്നും പറയാതെ തന്നെ ഇരുന്നു അവൾ. അതോടെ ആനന്ദും നിശബ്ദനായി. വീട് എത്തിയ പാടെ കവറുകളുമായി ശിവാനി വേഗത്തിൽ വീടിനുള്ളിലേക്ക് കയറി.

” എന്താ മോളെ മുഖം വല്ലാണ്ടിരിക്കുന്നെ… എന്ത് പറ്റി നിനക്ക് ”

ആനന്ദിന്റെ അമ്മ ഭവാനിയുടെ ചോദ്യത്തിന് ഒന്ന് നോക്കിയ ശേഷം മറുപടി നൽകാതെ അവൾ റൂമിലേക്ക് ഓടി.

“ഒന്നുമില്ല അമ്മേ വീണ്ടും പോയി ഒരു സെറ്റ് മുണ്ട് എടുത്തു. ഇത്തവണ ഞാൻ അത് തിരിച്ചു വയ്പ്പിച്ചു. അതിന്റെ പിണക്കമാ.”

അമ്മയ്ക്കുള്ള മറുപടിയുമായിട്ടാണ് ആനന്ദ് അകത്തേക്ക് വന്നത്.

” ആഹാ… വീണ്ടും വഴക്കായോ രണ്ടും കൂടി… നാളെ നല്ലൊരു ദിവസം അല്ലെ.. എന്തിനാ ചുമ്മാ വഴക്ക് പോയി അവളുടെ പിണക്കം മാറ്റ് ആനന്ദെ…. മോൾക്ക് ഇഷ്ടമാണേൽ അത് വാങ്ങി കൊടുത്തൂടെ നിനക്ക് ”

അമ്മയുടെ മുന്നിൽ ഒന്ന് പുഞ്ചിരിച്ചു കൊണ്ടവൻ റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോഴേക്കും കൈയിൽ കുറെ തുണികളുമായി മുറിക്കു പുറത്തേക്ക് വന്നു ശിവാനി . വന്നപാടെ കയ്യിലുണ്ടായിരുന്ന തുണികളൊക്കെയും ആനന്ദിന്റെ മുന്നിൽ നിലത്തേക്കിട്ടു അവൾ. പലപ്പോഴായി വാങ്ങി കൂട്ടിയ സെറ്റ് മുണ്ടുകളായിരുന്നു അവയൊക്കെ. ഒരു നിമിഷം പകച്ചു നോക്കി നിൽക്കുന്ന ആനന്ദിന് നേർക്ക് ചെന്നു അവൾ.

” ദേ ഏട്ടാ ഇവയൊക്കെ ഞാൻ പലപ്പോഴായി ഇഷ്ട്ടം കൊണ്ട് ഏട്ടന്റെ കാശ് കളഞ്ഞു തന്നെ വാങ്ങി കൂട്ടിയ സെറ്റ് മുണ്ടുകളാ… ഈ വീടാണ് എന്റെ ലോകം അത് കൊണ്ട് തന്നെ ഏറ്റം പറഞ്ഞ പോലെ എല്ലാം ഉടുക്കുവാൻ കഴിഞ്ഞിട്ടില്ല പക്ഷെ ഇനിയിതൊന്നും വേണ്ട എനിക്ക്. മുന്നേ പറഞ്ഞ പോലെ ഏതേലും പാവങ്ങൾക്ക് കൊടുക്കു.. പുണ്യമെങ്കിലും കിട്ടട്ടെ എന്റെട്ടന്…. ”

ശിവാനിയുടെ വാക്കുകൾക്ക് മറുപടി പറയുവാൻ കഴിയാതെ ഒരു നിമിഷം പകച്ചു നോക്കി നിന്നു പോയി ആനന്ദ്. ഒന്നും മനസ്സിലാകാതെ അന്ധാളിച്ചു നോക്കി നിൽക്കുന്ന ഭവാനിയമ്മയുടെ മുഖം കൂടി കാൺകെ അവന്റെ നിയന്ത്രണം വിട്ടു.അടുത്ത നിമിഷം തന്നെ അവന്റെ വലതു കരം ശിവാനിയുടെ കവിളിൽ പതിച്ചു അടിയുടെ ആഘാതത്തിൽ പിന്നിലേക്ക് വേച്ചു പോയി അവൾ…

“മോനെ….”

ഞെട്ടലോടെ ഭവാനിയമ്മ ഉച്ചത്തിൽ വിളിക്കുമ്പോൾ ശിവാനിയുടെ മുന്നിലേക്ക് ചെന്നു ആനന്ദ്.

” ശിവാ… എത്ര വലിയ തെറ്റാ നീ ചെയ്തേ എന്ന് അറിയോ.. ഇത്രക്ക് അഹങ്കാരം പാടില്ല നിനക്ക്. അതിനും മാത്രം ഞാൻ ഒന്നും ചെയ്തിട്ടും ഇല്ല. നീയീ നിലത്തേക്ക് വലിച്ചെറിഞ്ഞ വസ്ത്രങ്ങൾ കിട്ടാനില്ലാത്ത ഒരുപാട് പാവങ്ങൾ ഉണ്ട് ഈ നാട്ടിൽ… ഒരിക്കലും നിന്ദിക്കരുത്… മര്യാദക്ക് എല്ലാം പഴേ പടി അലമാരയിൽ കൊണ്ട് വയ്ക്ക് ”

കലി തുള്ളിയവൻ മുറിയിലേക്ക് കയറി പോകുമ്പോൾ ശിവാനിയുടെ ഞെട്ടൽ വിട്ടുമാറിയിരുന്നില്ല. ആനന്ദിൽ നിന്നും അത്തരമൊരു പ്രതികരണം അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അവന്റെ വാക്കുകളിലൂടെ എടുത്തു ചാട്ടത്താൽ തന്റെ ഭാഗത്തുനിന്നുമുണ്ടായ തെറ്റ് അവൾ തിരിച്ചറിഞ്ഞിരുന്നു.

” മോളെ അവൻ ചെയ്തത് വലിയ തെറ്റായി പോയി.. മോള് അമ്മയ്ക്ക് വേണ്ടി ഒന്ന് ക്ഷമിക്കണം നീ ചെയ്തതും അതിനേക്കാൾ വലിയ തെറ്റാണ്.. അത് സ്വയം മനസ്സിലാക്കണം നീ…. ഉടുതുണിക്ക് മറുതുണിയില്ലാതെ കഷ്ടപ്പെട്ട ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു അവനു.. അതിന്റെ വേദനിപ്പിക്കുന്ന ഓർമകളാണ് ആനന്ദിനെ കൊണ്ട് ഇന്ന് മോളെ തല്ലിച്ചത് … നീ അത് ക്ഷമിച്ചേക്ക്.. ”

നിലത്തു വീണു കിടന്ന സാരികൾ തിരികെ വാരിയെടുക്കാൻ സഹായിക്കുന്നതിനിടയിൽ ഭവാനി പറഞ്ഞ ആ വാക്കുകൾ ശിവാനിയെ കൂടുതൽ വേദനിപ്പിച്ചു. അപ്പോഴേക്കും അകത്തു കേറിയതിന്റെ ഇരട്ടി വേഗതയിൽ ആനന്ദ് പുറത്തേക്കു പോയിരുന്നു.

” മോനെ എങ്ങടാ നീയീ പോകുന്നെ… ഒന്ന് നിന്നെ….”

പിന്നാലെ ഓടി ചെന്ന ഭവാനിയുടെ വാക്കുകൾ ചെവിക്കൊള്ളാൻ നിൽക്കാതെ അവൻ കാറിലേക്ക് കയറി നിമിഷങ്ങൾക്കകം ആ കാർ ഗേറ്റ് കടന്ന് പോയി അതോടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി ശിവാനി. ———————————————- പുറത്തുപോയ ആനന്ദ് തിരികെ വീട്ടിൽ എത്തിയത് രാത്രി ഏറെ വൈകിയാണ് അപ്പോഴേക്കും ശിവാനി ഉറങ്ങിയിരുന്നു.

“ഫോണും എടുക്കാതെ പോയിട്ട് എവിടാരുന്നു ഇത്രേം നേരം നീ… മോള് നിന്നേം കാത്ത് ഇവിടിരിപ്പായിരുന്നു. ഒട്ടും വയ്യാരുന്നു കുട്ടിക്ക്.. നെഞ്ചിൽ എന്തോ ഒരു ഉരുണ്ടു കേറ്റം പോലെ… ഇച്ചിരി വെളുത്തുള്ളി ചതച്ചു ചാറു കൊടുത്തു ഞാൻ. അന്നേരം ആശ്വാസം ഉണ്ടെന്ന് പറഞ്ഞു.. ഗ്യാസിന്റെ പ്രശ്നമാകും രാവിലെ മുതൽ അത് പട്ടിണിയല്ലേ… ഒന്നും കഴിക്കാതാ നിനക്കൊപ്പം രാവിലെ തുണിക്കടയിൽ വന്നേ… ഇപ്പോഴും ഒന്നും കഴിച്ചില്ല നിർബന്ധിച്ചാ ഞാൻ കൊണ്ട് കിടത്തിയെ. പാവം അല്ലെടാ അവൾ. എന്തിനാ നീ അതിനെ തല്ലിയെ ….. ”

അമ്മയുടെ ചോദ്യത്തിന് മുന്നിൽ കുറ്റബോധത്താൽ ഒരു നിമിഷം ആനന്ദിന്റെ തല കുമ്പിട്ടു പോയി

“അമ്മയും കണ്ടതല്ലേ അവൾ കാട്ടിയ അഹങ്കാരം.. അന്നേരം എന്റെ നിയന്ത്രണം പോയി…. സാരമില്ല അവൾക്ക് മനസ്സിലാകും എന്നെ…. നാളെയാകട്ടെ ഈ പിണക്കം ഞാൻ മാറ്റിക്കോളാം ”

പുഞ്ചിരിയോടെ തന്നെ അവൻ റൂമിലേക്ക് കയറി പോകുമ്പോൾ മറുപടിയില്ലാതെ നോക്കി നിന്നു ഭവാനിയും. ഉറക്കത്തിലായിരുന്ന ശിവാനി ഉണരാതെ ശ്രദ്ധിച്ചുകൊണ്ടാണ് ആനന്ദ് ചേഞ്ച്‌ ചെയ്തതും ടവ്വലുമായി ബാത്റൂമിലേക്ക് കയറിയതും

ഷവറിനു കീഴിൽ നിൽക്കുമ്പോൾ ആനന്ദിന്റെ മനസ്സിൽ നിറയെ അവളായിരുന്നു… ശിവാനി. അഞ്ചു വർഷങ്ങൾ നീണ്ടുനിന്ന പ്രണയം….. വീട്ടിലറിഞ്ഞുള്ള പുകിലുകൾ.. ഒടുവിൽ എല്ലാരേം ഇട്ടെറിഞ്ഞു തനിക്കൊപ്പം ഇറങ്ങി വന്നതും ശേഷം രെജിസ്റ്റർ മാരേജും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നി അവന് ‘പൊട്ടിപ്പെണ്ണു … ഒരു സാരി ഭ്രാന്തി… നാളെ രാവിലേ തന്നെ പോയി സെറ്റു മുണ്ട് വാങ്ങി സർപ്രൈസ് ആയി കൊടുക്കണം അവൾക്ക് ‘ മനസ്സിൽ ഉറച്ചു കൊണ്ടാണവൻ കുളി കഴിഞ്ഞിറങ്ങിയതും. സുഖമില്ലാതെ കിടന്നു എന്ന് പറഞ്ഞത് കൊണ്ട് തന്നെ ഉണർത്താതെ അവളുടെ നെറുകയിൽ ഒരു മുത്തം നൽകുമ്പോൾ ആ കവിളിലെ തന്റെ വിരൽപ്പാടുകൾ ഒരു നിമിഷം ആനന്ദിന്റെ ഉള്ളിൽ ഒരു നീറ്റൽ ഉളവാക്കി… ആ വേദനയോടെ മനസ്സിൽ ഒരായിരം വട്ടം ശിവാനിയോട് മാപ്പിരന്നു കൊണ്ടാണവൻ ഉറങ്ങാൻ കിടന്നതും പതിയെ പതിയെ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി…

പിറ്റേന്ന് രാവിലെ അല്പം വൈകിയാണ് ആനന്ദ് ഉണർന്നത്. ടേബിളിലേക്ക് നോക്കുമ്പോ പതിവ് ചായയും ഇല്ലായിരുന്നു. ‘ ഇവളുടെ പിണക്കം തീർന്നില്ലേ ഇതുവരെ ‘ ആത്മഗതത്തോടെ തിരിയുമ്പോൾ അരികിൽ കിടന്നിരുന്നു ശിവാനിയും. ‘ ആഹാ.. വാശി കേറി എണീക്കാണ്ട് കിടക്കുവാ അല്ലെ.. എങ്കിൽ ഇന്നത്തെ ചായ ഞാൻ കൊണ്ട് തരാം ‘

ഉറക്കച്ചടവോടെ എഴുന്നേറ്റ് മുഖം കഴുകി അടുക്കളയിലേക്ക് ചെല്ലുമ്പോൾ ഭവാനി ചായ എടുത്തു വച്ചിരുന്നു

” മോളെന്തേ എണീറ്റില്ലേ ആനന്ദേ… ”

” ഇല്ലന്നേ ഇന്നലത്തെ പിണക്കം മാറി കാണില്ല.. ഇന്ന് അവൾക്കുള്ള ചായ ഞാൻ കൊണ്ട് കൊടുക്കാം പിണക്കം മാറ്റാൻ പറ്റോ ന്ന് അറിയണോലോ ”

ഒരു കപ്പ് ചായയുമായിട്ടാണവൻ തിരികെ റൂമിലേക്ക് ചെന്നത്. കപ്പ് ടേബിളിലേക്ക് വച്ചു പതിയെ ബെഡിലേക്കിരുന്നു

” ശിവാ… സോറിയെടോ .. ഇന്നലെ എനിക്ക് വല്ലാണ്ട് ദേഷ്യമായിപ്പോയി അതാ തല്ലിപ്പോയെ എന്റെ പൊന്ന് ഒരു തവണയൊന്ന് ക്ഷമിക്ക് എന്നോട് പിണങ്ങല്ലേ നീ….. ദേ ചായ റെഡി.. എണീറ്റെ.. നിന്റെ പിണക്കം ഈ ചായയിൽ തീർക്കാം ”

പതിയെ അവളുടെ ചുമലിൽ തട്ടി വിളിക്കവേ ഒരു നിമിഷം ആനന്ദിന്റെ നെറ്റി ചുളിഞ്ഞു. കാരണം അത്രമേൽ തണുത്തിരുന്നു ആ ശരീരം.

” ശിവാ…. ശിവാ….. ”

തിരിഞ്ഞു കിടന്നിരുന്ന ശിവാനിയെ പരവേശത്തോടെ തനിക്കരികിലേക്ക് തിരിക്കവേ ആനന്ദിന്റെ ഉള്ളിൽ ഒരു ആന്തൽ ഉടലെടുത്തു

” ശിവാ…. എണീക്കെടോ.. എന്ത് ഉറക്കാ ഇത്.. എന്തെ സുഖമില്ലേ നിനക്ക്… ”

വീണ്ടും അവളുടെ ചുമരിലേക്ക് കൈ വയ്ക്കവേ അവന്റെ വിരലുകൾ വിറച്ചു തുടങ്ങിയിരുന്നു. കാരണം അത്രയേറെ ഉച്ചത്തിൽ വിളിച്ചിട്ടും ആ അവൾ നിശ്ചലയായിരുന്നു.

” ശിവാ…… എണീക്കേടോ ”

സർവ്വ ശക്തിയുമെടുത്ത് ഒരിക്കൽ കൂടി അവളുടെ ശരീരം പിടിച്ചു കുലുക്കവേ ഒരു നിമിഷം സ്തബ്ധനായി ഇരുന്നു പോയി ആനന്ദ്. മനസ്സിൽ ഒരായിരം ചിന്തകൾ മിന്നി മായവേ പതിയെ വിറയാർന്ന വിരലുകൾ അവളുടെ മൂക്കിന് താഴേക്ക് കൊണ്ട് ചെന്ന അവൻ ഞെട്ടലോടെ പിന്നിലേക്ക് വേച്ചു പോയി.

” ശിവാ……. ”

അടുത്ത നിമിഷം ഉച്ചത്തിൽ അലറി വിളിച്ചു ശിവാനിയെ വാരിയെടുത്തു കൊണ്ടവൻ പുറത്തേക്കോടി

” എന്താ… എന്താ മോനെ… ”

ബഹളം കേട്ട് അടുക്കളയിൽ നിന്നും ഓടിയെത്തിയ അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ ആനന്ദിന്റെ മിഴികൾ തുളുമ്പി…

” അയ്യോ… മോൾക്ക് എന്താ പറ്റിയെ… ”

പരിഭ്രമത്തോടെ പിന്നാലെ ഓടിയെത്തിയ അമ്മയോട് മറുപടി പറയുവാൻ വാക്കുകൾ ഇല്ലായിരുന്നു അവന്.ആ നിശ്ശബ്ദതയിൽ ഒരു നിമിഷം ആ അമ്മ തിരിച്ചറിഞ്ഞിട്ടുണ്ടാകണം സംഭവിച്ചതെന്തെന്ന്. ശര വേഗത്തിൽ കാർ പുറത്തേക്ക് പായുമ്പോൾ വിറയലോടെ ഉമ്മറപ്പടിയിലിരുന്നുപോയി ഭവാനി

” ഭഗവാനേ… എന്റെ കുട്ടി… അവള്….”

ഭവാനിയുടെ കണ്ണുകൾ തുറിച്ചു പോയി.. ———————————————– സമയം ഉച്ച കഴിയുമ്പോൾ ആ വീടിന് മുന്നിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും തിരക്കായിരുന്നു

” ബോഡി എപ്പോഴാ എടുക്കുന്നെ……. സത്യത്തിൽ ഈ കുട്ടിക്ക് എന്താ സംഭവിച്ചേ ”

“സൈലന്റ് അറ്റാക്കായിരുന്നു കഷ്ടമായി പോയി… ഇന്നലെ വൈകുന്നേരം എന്തോ ചെറിയ വയ്യായ്കയൊക്കെ തോന്നിയതാ പക്ഷെ കാര്യമാക്കിയില്ല…. ഒടുക്കം ദേ ഇങ്ങനെയായി അടുത്ത് കിടന്ന ചെക്കൻ പോലും അറിഞ്ഞില്ല……. ചെറു പ്രായം അല്ലെ. വീട്ടുകാരെഉപേക്ഷിച്ചു ഈ ചെക്കനൊപ്പം ഇറങ്ങി വന്നിട്ട് ഒന്ന് ഒരു വർഷം തികയുവാ.. അന്ന് തന്നെ ഇത് സംഭവിച്ചു… പാവം ആനന്ദിന്റെ അവസ്ഥ ഓർക്കുമ്പോഴാ വിഷമം ”

” പെണ്ണിന്റെ വീട്ടുകാര് എത്തിയോ .. ”

“ഇല്ല അറിയിച്ചിട്ടുണ്ട് വന്നുകൊണ്ടിരിക്കുവാ ”

ആൾക്കൂട്ടത്തിനിടയിൽ പല പല അടക്കം പറച്ചിലുകൾ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു .

” മോളെ.. ശിവാ… ഇത്രവേഗം ഞങ്ങളെ വിട്ടു പോയല്ലോ മോളെ നീ ”

ചങ്കു തകർന്നുള്ള ഭവാനിയമ്മയുടെ നിലവിളി ഉയർന്നു കേൾക്കുമ്പോൾ എല്ലാവരും തിരഞ്ഞത് ആനന്ദിനിയായിരുന്നു

” മരിച്ചു എന്ന് ഉറപ്പായപ്പോൾ അവൻ ഹോസ്പിറ്റലിൽ നിന്ന് എങ്ങോട്ടോ ധൃതിയിൽ പോയി.. ഇതുവരെ ഒരു വിവരോം ഇല്ല ഫോണും എടുത്തിട്ടില്ല… ഇനി പോലീസിൽ അറിയിക്കേണ്ടി വരോ ”

അയൽവാസികളിൽ ആരോ വ്യാകുലപ്പെടുമ്പോൾ പെട്ടെന്ന് ഗേറ്റിനു വെളിയിൽ ആനന്ദിന്റെ കാറ് വന്ന് നിന്നു. എല്ലാവരും ഉറ്റു നോക്കി നിൽക്കേ കയ്യിൽ ഒരു കവറുമായി അവൻ പുറത്തേക്കിറങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചു പുഞ്ചിരിയോടെയാണ് ആനന്ദ് ഗേറ്റ് കടന്ന് അകത്തേക്ക് കയറിയത്

” ആ.. എ.. എല്ലാരും വന്നുവോ…. ഞാ.. ഞാൻ സിറ്റിയിൽ ഒന്ന് പോയിരുന്നു. ഒരു അത്യാവശ്യം ഉണ്ടായിരുന്നേ.. തിരിച്ചു വരുമ്പോ വണ്ടിയൊന്ന് തട്ടി… ഈ കണ്ണൊക്കെ നിറഞ്ഞേച്ചു റോഡ് നേരെ കാണാൻ പറ്റീല… അതാ ഇച്ചിരി ലേറ്റായെ ”

ഉള്ളിലെ വേദന മറച്ചു കൊണ്ടവൻ വീണ്ടും പുഞ്ചിരിക്കാൻ ശ്രമിക്കുമ്പോൾ കേട്ടു നിന്നവരുടെ ഉള്ള് പിടഞ്ഞു

” എ.. എല്ലാരും ഇരിക്ക് കേട്ടോ…. ഞാ.. ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരട്ടെ”

വേച്ചു വേച്ചു വീടിനുള്ളിലേക്ക് കേറുമ്പോൾ ആനന്ദിന്റെ ശരീരമാകെ വിറപൂണ്ടു തുടങ്ങിയിരുന്നു. ചെന്നു കേറുമ്പോൾ ഹാളിൽ നിലത്ത് തന്നെ ശിവാനിയുടെ ചേദനയറ്റ ശരീരം. കിടത്തിയിരുന്നു…. അരികിലായി ചങ്ക് തകർന്ന് നിലവിളിച്ചു കൊണ്ട് ഭവാനിയും… ആനന്ദിനെ കണ്ട മാത്രയിൽ വേദനയോടെ വീണ്ടും ഉച്ചത്തിൽ നിലവിളിച്ചു പോയി അവർ… ശിവാനിയുടെ മുഖത്തേക്ക് നോക്കുമ്പോൾ പതിയെ പതിയെ അവന്റെയും നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു. മിഴികൾ തുടച്ചു കൊണ്ടവൻ പതിയെ അവൾക്കരികിലായിരുന്നു.

” ശിവാ ഇന്ന് നമ്മുടെ വിവാഹ വാർഷികം അല്ലെടോ… ഉച്ച കഴിഞ്ഞു ബീച്ചിൽ പോകാം ന്ന് പ്ലാൻ ചെയ്തിരുന്നതല്ലേ എ.. എന്നിട്ടിപ്പോ… താ.. താൻ മാത്രം ഇങ്ങനെ കി.. കിടക്കുവാണോ എണീക്കെടോ ”

സംസാരിക്കുമ്പോൾ ആനന്ദിന്റെ ചുണ്ടുകൾ വിറ പൂണ്ടിരുന്നു. പതിയെ അവൻ കയ്യിലുള്ള കവറിൽ നിന്നും ഒരു പൊതി വെളിയിലേക്കെടുത്തു. നിവർത്തുമ്പോൾ അത് ഒരു സെറ്റ് മുണ്ടായിരുന്നു .. തലേന്ന് ആശയോടെ ശിവാനി സെലക്ട് ചെയ്ത് ഒടുവിൽ ആനന്ദ് മാറ്റി വയ്പ്പിച്ച അതെ സെറ്റു മുണ്ട് ..അത്.. നിവർത്തിയെടുക്കുമ്പോൾ ആനന്ദിന്റെ മിഴികൾ നിറഞ്ഞു തുളുമ്പി… .

” ശിവാ…. പൊന്നെ.. ദേ നോക്കിയേ… നിനക്ക് ഇഷ്ടപെട്ട സാരി… ഇന്നലെ ഇത് വാങ്ങേണ്ട ന്ന് പറഞ്ഞോണ്ടല്ലേ നീ എന്നോട് പിണങ്ങിയെ… ഞാൻ അതിങ്ങു വാങ്ങി… എന്റെ ശിവയ്ക്ക് ഇഷ്ടപ്പെട്ടാൽ പിന്നെങ്ങനാ വാങ്ങാണ്ടിരിക്കുന്നെ… പിണക്കം കളഞ്ഞു ദേ ഇതൊന്ന് ഉടുത്തെ.. ഞാൻ ഒന്ന് കാണട്ടെ നിന്നെ ….. ”

വിറയാർന്ന കൈകളോടെ ആ സെറ്റ് മുണ്ട് അവളുടെ മേല് വിരിക്കുമ്പോൾ അവന്റെ നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു ആ രംഗം കാണുവാൻ കഴിയാതെ ചുറ്റും നിന്നിരുന്നവർ വേദനയാൽ മുഖം കുനിച്ചു പോയി .

” മോനേ…. ”

അലറിക്കരഞ്ഞു കൊണ്ട് അരികിലേക്ക് വന്ന് ചേർന്നിരുന്ന ഭവാനിയെ തന്നിലേക്ക് ചേർത്തു ആനന്ദ്.

” അമ്മേ… ദേ… ദേ… നോക്കിയേ… ഈ സെറ്റ് മുണ്ട് ന്റെ ശിവയ്ക്ക് എന്ത് ചേർച്ചയാ… ഞാൻ ഒരു.. പൊട്ടൻ… എനിക്ക് അറില്ലാരുന്നു ഇവൾക്കിത് ഇത്രയും ചേരുമെന്ന്.. ഇന്നലെ ഞാനിത് മനസ്സിലാക്കിയിരുന്നേൽ ഇന്നിപ്പോ… എന്റെ ശിവ……. ഞാനാ… ഞാനാ എന്റെ ശിവയെ കൊന്നത്… ഞാൻ കാരണാ പാവം നെഞ്ച് പിടഞ്ഞു മരിച്ചത്… ഞാനാ കൊന്നത്….. ”

അലറിക്കരഞ്ഞു കൊണ്ട് ശിവാനിയുടെ ചേതനയറ്റ ശരീരത്തിലേക്കവൻ പുണരുമ്പോൾ ആശ്വസിപ്പിക്കുവാൻ ഭവാനിക്കും കഴിഞ്ഞില്ല…

” ഇന്നലെ ചേർന്ന് കിടന്നപ്പോൾ ഞാൻ പോലുമറിഞ്ഞില്ലല്ലോ ഭഗവാനേ എന്റെ പൊന്നിന്റെ പ്രാണൻ പോയത്.. എന്നെ തനിച്ചാക്കി പോകാതെ എണീക്കെടോ… എണീറ്റ് എന്നോട് ക്ഷെമിച്ചെന്നൊരു വാക്ക് പറയ് ശിവാ…. ”

അലറിക്കരഞ്ഞു കൊണ്ട് ശിവാനിയുടെ നെറുകയിൽ ഒരു മുത്തം കൂടി കൊടുക്കുമ്പോൾ ആനന്ദിന്റെ ബോധം പാതി മറഞ്ഞിരുന്നു. പതിയെ പതിയെ അവൻ അവളുടെ മേല് ചായുമ്പോൾ ആരൊക്കെയോ താങ്ങി പിടിക്കുന്നുണ്ടായിരുന്നു..

സ്നേഹിച്ചു കൊതി തീരാത്ത ആ ഇണക്കുരുവികൾ വേർപിരിയുവാനൊരുങ്ങുമ്പോൾ നിറമിഴികളോടെയല്ലാതെ കണ്ട് നിൽക്കുവാൻ അവിടെ കൂടിയ ആർക്കും കഴിയുമായിരുന്നില്ല.

ദൈവം പലപ്പോഴും അങ്ങിനെയാണ്…. സ്നേഹിച്ചു കൊതി തീരും മുന്നേ തന്നെ പലതും നമ്മിൽ നിന്നും തട്ടിപ്പറിച്ചു കൊണ്ട് പൊയ്ക്കളയും… ചിലപ്പോൾ തോന്നാറുണ്ട് ഈ ദൈവം ഒരു എക്സ്ട്രീം ലെവൽ സൈക്കോ ആണോ എന്ന് കാരണം ഇത്തരം തട്ടിപ്പറിക്കലുകൾ നടത്തുമ്പോൾ ബാക്കി പാത്രങ്ങളാകുന്നവരുടെ ചങ്കു പിടഞ്ഞുള്ള നിലവിളികൾ ഒരു ദിവസം എത്രവട്ടം ദൈവം കേൾക്കുന്നുണ്ടാകാം… എന്നിട്ടും വീണ്ടും വീണ്ടും തട്ടിപ്പറിക്കലുകൾ നടന്നുകൊണ്ടേ ഇരിക്കുന്നു.. വേദനകൾ വീണ്ടും വീണ്ടും നൽകിക്കൊണ്ടേ ഇരിക്കുന്നു..

രചന: Aswani Ashokan

Leave a Reply

Your email address will not be published. Required fields are marked *