അനിയനായി കണ്ടവനിൽ നിന്നും ജീവിത പങ്കളിയിലേക്കുള്ള ദൂരം….

രചന: സ്മിത ക്ലെമു

ഞാൻ ജെനിറ്റ…എന്റെ ഭർത്താവിനെ കൊന്ന കുറ്റത്തിനു ഇപ്പോൾ ജയിലിൽ ആണ്.ഇത് എന്റെ കഥ…

പുറത്തു മഴ തൂളുന്നുണ്ട്… എന്റെ ജയിൽ വാസം ഇന്ന് അവസാനിക്കുകയാണ് ഉച്ച കഴിഞ്ഞു എനിക്ക് പോകാം…ഇനി എന്ത്?എങ്ങനെ?അറിയില്ല…

കണ്ണുകളിൽ നീർനിറഞ്ഞു…

വർഷങ്ങൾ കൊഴിഞ്ഞു പോയത് അറിഞ്ഞതേയില്ല.മോനെ ഓർക്കുമ്പോൾ ഇന്നും മാറിടം വിങ്ങുന്നുണ്ട്…

അവൻ ഇപ്പോൾ വലുതായി കാണും സ്കൂളിൽ ക്ലാസ്സ് ഫസ്റ്റ് ആണെന്ന് അറിഞ്ഞു.അവന് എല്ലാം അറിയാം അമ്മയുടെ എല്ലാ കഥകളും…

ഇവിടെ നിന്ന് ഇറങ്ങാതെ അവനെ കാണണ്ട എന്നത് എന്റെ തീരുമാനം ആയിരുന്നു.കുഞ്ഞാണേലും പ്രായത്തിൽ കവിഞ്ഞ പക്വത അവന് ഉണ്ടെന്ന് ചേച്ചി പറഞ്ഞു.

പ്രസവിച്ച നാലാം മാസം മോനെ ചേച്ചിയെ ഏൽപ്പിച്ചു പോന്നതാണീ ജയിൽവാസത്തിലേക്ക്…

വർഷങ്ങൾക്ക് പുറകിലേക്ക് ഓർമ്മകൾ എന്നെ കൊണ്ടു പോയി…

റെയ്‌മൻഡ് എന്റെ പ്രിയപ്പെട്ടവൻ…എന്റെ ഭർത്താവ്.

എന്നും ജോലിക്ക് പോകുമ്പോൾ ബസ്റ്റോപ്പിൽ കാത്തു നിന്നു ഒരു ദിനം ഇഷ്ടമാണെന്നു പറഞ്ഞു എന്റെ മനസ്സിലേക്ക് കയറികൂടിയവൻ…

രണ്ടുവർഷത്തെ പ്രണയം പക്ഷെ തമ്മിൽ കാണുന്നത് വിരളം. വിളികളിൽ കൂടി അടുത്തറിഞ്ഞ പരിശുദ്ധ പ്രണയത്തിനു ശേഷം രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം.

പ്രണയത്തിന്റെ വസന്തങ്ങൾ നിറഞ്ഞ ദിനങ്ങൾ….പക്ഷെ ഫസ്റ്റ് ദിനം തന്നെ മൂന്നു വർഷത്തേക്ക് കുഞ്ഞുങ്ങൾ വേണ്ട എന്ന കരാറിൽ മനസ്സ് കൊണ്ടു കരഞ്ഞു ഒപ്പുവയ്‌ക്കേണ്ടി വന്ന കാളരാത്രി തുടങ്ങി അന്ന് മുതൽ തണുത്തുറഞ്ഞ എന്തൊക്കയോ സ്വഭാവ മാറ്റങ്ങൾ ഞാൻ ആളിൽ കണ്ടു.

ആർത്തലച്ചു വരുന്ന മഴപോലെ വന്നു പെയ്തൊഴിയാനാകാതെ തളർന്നു വീഴുന്ന ആളെ നോക്കി പ്രതീക്ഷകൾ നഷ്ടമാകാതെ മുന്നോട്ടു തുഴയുന്ന തോണിയിൽ കയറി ഞാനും യാത്ര തുടങ്ങി…

പ്രണയത്തിന്റെ മധുരം സ്വന്തമായി കഴിഞ്ഞാൽ കാണില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു മുന്നോട്ടു ദിനങ്ങൾ തള്ളി നീക്കി…

വിവാഹം കഴിഞ്ഞു ഒരാഴ്ചക്കുള്ളിൽ ആൾ ജോലിക്കു പോയി തുടങ്ങി….എന്നും സന്ധ്യക്ക്‌ തലകറക്കവും ഛർദ്ദിയുമായി കയറി വന്നിരുന്ന ആളെ നോക്കി നെടുവീർപ്പിട്ടിരുന്ന ദിനങ്ങൾ…

പിന്നെയെന്നും ആവശ്യമില്ലാതെ കാരണങ്ങൾ ഉണ്ടാക്കി തല്ലും ബഹളവുമായി തള്ളി നീക്കിയ ദിനങ്ങൾ…

ഭാര്യയെ ആയിരുന്നില്ല ആവശ്യമെന്നും ഇടക്ക് കൂടെ കളിച്ചും ചിരിച്ചും പോകാൻ ഒരാൾ,ഇടക്ക് ദേഷ്യം തീർക്കാനും തല്ലാനും,ഇടക്ക് എന്തിനോ വേണ്ടി കടത്തു പോലെ ശരീരത്തിൽ ഒരു മൃഗത്തെ പോലെ…ചില ദിനം അക്രമപരവശത്താൽ വിജയം നേടാനും,ചിലപ്പോൾ പരാജയത്തിൽ തലതാഴ്ത്തി ഒരു കുഞ്ഞിനെ പോലെ തേങ്ങുമ്പോൾ ആശ്വസിപ്പിക്കാനും ഒരു കൂട്ട് ആയിരുന്നു താൽപര്യമെന്നും അറിയാൻ ഏറെ വൈകി പോയിരുന്നു.

എന്നിൽ ഭ്രാന്ത് പൂത്തു തുടങ്ങിയ ദിനരാത്രികൾ…

കൂടെ ബന്ധങ്ങളുടെ ബന്ധനങ്ങളിൽ കുടുങ്ങി സിംഹത്തിന്റെ കൂട്ടിലെ മാൻപേടയെ പോലെ പേടിച്ചരണ്ട ദിനങ്ങൾ…

എല്ലാവർക്കും തട്ടി കളിക്കാൻ ഒരു പാവയെ പോലെ ജന്മം തീർക്കാൻ വിധിച്ച വിധിയെ പഴിച്ചു കാലം കഴിച്ചു കൂട്ടാതെ വയ്യന്നായി,കാരണം ഞാൻ കണ്ടു പിടിച്ച ബന്ധം വീട്ടുകാരോട് വേണ്ട എന്ന് പറയാൻ കഴിയാത്ത അവസ്ഥയിൽ പെണ്ണ് വെറും പെണ്ണ് ആയി പോകുന്ന സമയങ്ങൾ…

പെട്ടന്നൊരു ദിനം ദുബായിക്ക് ഒരു വിസയുമായി പോകാൻ തയ്യാറെടുത്ത റെയ്മൺഡ് വന്ന ദിനം…

സങ്കടമുണ്ടായെങ്കിലും ഇതിൽ കൂടുതൽ ഒന്നും വരാനില്ലാത്തതിനാൽ നിർജ്ജീവമായ അവസ്ഥയിൽ തണുത്തുറഞ്ഞിരുന്നു.

വേർപാടിന്റെ വേദനയിൽ വീണ്ടും തിരികെ വന്നു ആരോടും ഒരു പരാതിയുമില്ലാതെ വീണ്ടും നീണ്ടു കിടക്കുന്ന ദിനങ്ങളിലേക്കു നടന്നു…

ഫോൺ വിളികളിൽ വിശേഷങ്ങൾ മാത്രം ചോദിച്ചു കടന്നു പോയിരുന്ന ദിനങ്ങൾ മാസങ്ങൾ വർഷം ഒന്നു കഴിഞ്ഞു ആൾ തിരികെ വന്ന ദിനം…

പഴയ പോലെ തന്നെ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ വീണ്ടും പ്രതീക്ഷയുടെ തിരിനാളം പിറ്റേന്ന് മുതൽ കെട്ടണഞ്ഞു.ഒരു മാസത്തെ ലീവ് കഴിഞ്ഞു ആൾ വീണ്ടും പ്രവാസത്തിലേക്ക്…

രണ്ടു മാസം കഴിഞ്ഞു എനിക്കുമൊരു വിസ അയച്ചു പിന്നെ ദുബായിക്ക് പോകാനുള്ള ഒരുക്കങ്ങൾ.ഉള്ള ജോലി കളഞ്ഞു നേരെ ദുബായിക്ക് പോയി

അവസ്ഥയിൽ മാറ്റമൊന്നും ഉണ്ടായില്ല.ഇടക്ക് കൂടെ ജോലി ചെയ്യുന്ന പ്രിയപ്പെട്ട കൂട്ടുകാർക്ക് സദ്യയൊരുക്കിയും അവരുടെ പാതിരാ സഞ്ചാരങ്ങൾ കഴിഞ്ഞുള്ള വരവിനായി കാത്തിരുപ്പുകളും മാത്രമായി.

ഒരു ദിനം കൂടെ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനെ കൂട്ടി വന്നു. രണ്ടു ബെഡ്‌റൂം ഉള്ള വീട്ടിലേക്ക് അനിയൻ ആണെന്ന് എല്ലാവരോടും പറഞ്ഞാൽ മതിയെന്നും രണ്ടുമാസത്തേക്കു അവന് റൂം കിട്ടാത്ത കൊണ്ടാണ് ഇങ്ങോട്ട് കൊണ്ടു വന്നതെന്നും പറഞ്ഞു.

നല്ലൊരു ചെറുപ്പക്കാരൻ ആയിരുന്നു.ആ പയ്യൻ ഇരുപത്തിമൂന്ന് വയസ്സ് പ്രായം കാണുള്ളൂ ആകാശ് എന്നായിരുന്നു അവന്റെ പേര്…എന്നേക്കാൾ രണ്ടു വയസ്സിനു താഴെ ആണെങ്കിലും അവന്റെ ചേച്ചി എന്ന വിളിയിൽ അത്രക്കും വാത്സല്യം നിറഞ്ഞിരുന്നു.

പതിയെ അവനെ എന്റെ കുഞ്ഞനിയൻ ആയി കാണുവാൻ സാധിച്ചു.പാതിരാ സഞ്ചാരിയായ ഭർത്താവിനെ കാത്തിരുന്ന് ആരുമില്ലാത്ത രാജ്യത്ത് ഒറ്റക്ക് പേടിച്ചു ഇരുന്ന ദിവസങ്ങളിൽ നിന്നും ഒരു അനിയന്റെ സംരക്ഷണം ആശ്വാസമായി തോന്നിയ ദിനങ്ങൾ….

ഒരു കുഞ്ഞിന് വേണ്ടി ഭർത്താവിനോട് അപമാനഭാരത്താൽ എന്നും കരഞ്ഞു കാലുപിടിച്ചിരുന്ന ദിനങ്ങൾ നീണ്ടു പോയി…

രണ്ടു മാസങ്ങൾക്കു ശേഷം വല്ലപ്പോളും ആഞ്ഞടിച്ച കൊടുങ്കാറ്റിന്റെ ഫലമായി ഉൾത്തുടിപ്പിൽ ഒരു കുഞ്ഞു ജീവൻ തുടിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഈ ഭൂമിയിൽ സ്വന്തമായി എനിക്കും ഒരാൾ ഉണ്ടാകുവാൻ പോകുന്നെന്ന സന്തോഷം എന്നെ ഉത്സാഹവതിയാക്കി.

ഈ വലിയ സന്തോഷം ഒന്നും മുഖത്ത് കാണാത്ത ഭർത്താവിനെ നോക്കി നെടുവീർപ്പിടാനെ എനിക്ക് കഴിഞ്ഞുള്ളു.

അതിനിടയിൽ ആകാശിന്റെ പെട്ടന്നുള്ള ഉൾവലിയൽ എനിക്ക് വല്ലാതെ സങ്കടം തോന്നി.

ഒരു ദിവസം ബാഗ് എല്ലാം എടുത്തു പോകുന്നു എന്ന് മുഖത്ത് പോലും നോക്കാതെ പറഞ്ഞു അവൻ പടിയിറങ്ങി…

വീണ്ടും ഒറ്റപ്പെടലിന്റെ മാസങ്ങൾ…

ഏഴു മാസം തികയും മുന്നേ പ്രസവത്തിനായി നാട്ടിലേക്കു തിരിച്ചു.പ്രസവദിനമടുത്തപ്പോൾ ആൾ വരാൻ കൂട്ടാക്കിയില്ല.കുഞ്ഞിനെ കാണുവാൻ ഒരു താല്പര്യവും ആ മനുഷ്യൻ കാണിച്ചില്ല.

നാലു മാസം ആയപ്പോൾ ആൾ വന്നു,കുട്ടിയുടെ മാമ്മോദിസാ ചടങ്ങു കഴിഞ്ഞു അവരുടെ വീട്ടിലേക്ക് ചെന്ന അന്ന് വൈകുന്നേരം ജനലരികിൽ നിന്ന് ഒരു പെൻഡ്രൈവ് കിട്ടി എന്താകും എന്നറിയാൻ വെറുതെ ഫോണിൽ കുത്തിയ ഞാൻ അതിലെ രംഗങ്ങൾ കണ്ടു മരവിച്ചു പോയി…

ഒരുപാടു വീഡിയോസ് ഉണ്ടായിരുന്നു.എല്ലാത്തിലും അയാളും പ്രിയപ്പെട്ട കൂട്ടുകാരനും കൂടിയുള്ള രതി വൈകൃതങ്ങൾ ആയിരുന്നു.

അയാളുടെ കഴിവുകേടുകൾ മറയ്ക്കുവാൻ ഉള്ള ഉപാധി ഞാനായിരുന്നു.എന്നിൽ താല്പര്യം ഇല്ലാത്തതിന്റെ കാരണങ്ങൾ കണ്ടു ഞാൻ ഞെട്ടിത്തെറിച്ചിരുന്നു.

ഓരോ വീഡിയോ ആയി മാറ്റിയപ്പോൾ ആണ് ഒരു വീഡിയോ എന്റെ കണ്ണിൽ പതിഞ്ഞത് അത് ഞാൻ ആയിരുന്നു എന്റെ അരികിൽ ആകാശും…

അത് ഞാൻ ഓപ്പൺ ചെയ്തു ആദ്യം കണ്ടത് എന്റെ ഭർത്താവെന്ന് പറയുന്നവനും ആ കൂട്ടുകാരനും കൂടി ആകാശിനെ കുടിപ്പിക്കുന്ന രംഗം ആണ് പിന്നെ എന്തൊക്കയോ ഭീഷിണികളും കൈയ്യിക്കൂപ്പി കരയുന്ന അവനെ അയാൾ മുഖത്തടിക്കുന്നുണ്ട്..പിന്നെയുള്ള രംഗങ്ങൾ കാണുവാൻ ഉള്ള ശേഷി എനിക്ക് ഉണ്ടായില്ല…

ആ ദിനം പതിവില്ലാതെ അയാൾ സ്നേഹത്തോടെ ഉണ്ടാക്കി തന്ന ജ്യൂസ് കുടിച്ചത് എന്റെ ഓർമ്മയിൽ വന്നു. അപ്പോൾ തന്നെ ഞാൻ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു,അലറി കരഞ്ഞു…

ഞെട്ടി ഉണർന്നു കരയുന്ന എന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ആകാശിന്റെ മുഖം മനസ്സിൽ തെളിഞ്ഞു…

ഉള്ളിൽ വൈരാഗ്യത്തിന്റെ അഗ്നി ജ്വലിച്ചു നിന്നു.

അടുക്കളയിൽ പോയി ആരും കാണാതെ വെട്ടു കത്തി കൊണ്ടു തലയിണക്കടിയിൽ വച്ചു.

കുടിച്ചു ലക്കുകെട്ട മനുഷ്യനോട് ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും മറുപടിയില്ലാതെ എന്നെ അത്രയും വിദഗ്ധമായി പറ്റിച്ച അയാളെ എന്റെ ജീവിതം നശിപ്പിച്ച ആ മനുഷ്യനെ എന്റെ കലിയടങ്ങും വരെ ഞാൻ വെട്ടി വെട്ടി കൊന്നു.പതിനാറാമത്തെ വെട്ടിൽ അയാളുടെ ശ്വാസം നിലച്ചു…

എന്താ പോകണ്ടേ….എന്ന വിളി എന്നെ ചിന്തയിൽ നിന്നും ഉണർത്തി…

അവർ തന്ന ഡ്രസ്സ് മാറി എല്ലാം കഴിഞ്ഞു അവരോടൊക്കെ യാത്ര പറഞ്ഞു ഞാൻ ജയിലിനു വെളിയിൽ ഇറങ്ങി…

അവിടെ ചേച്ചി നിന്നിരുന്നു.

മോനെ തിരഞ്ഞ എന്റെ കണ്ണുകൾ ചേച്ചിയുടെ പുറകിൽ നിന്ന മോനിലേക്കും മോന്റെ കൈയ് പിടിച്ച ആളിലും ചെന്ന് നിന്നു.ആകാശ്…..

ആകാശ് എന്റെ അടുത്തേക്ക് വന്നു കൈകൂപ്പി എന്നോട് മാപ്പു ചോദിച്ചു.

പുറകിൽ നിൽക്കുന്ന മോനെ അമ്മയാണ് എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് നീക്കി നിർത്തി…

അവനെ കെട്ടി പിടിച്ചു ആർത്തലച്ചു കരഞ്ഞപ്പോൾ നിശബ്ദമായി നിന്ന എന്റെ മോൻ പറഞ്ഞു അമ്മക്ക് റയാനും പപ്പയും ഇല്ലേ…ഇനി അമ്മ കരയണ്ടാട്ടോ എന്ന് പറഞ്ഞവനെന്റെ കണ്ണുനീർതുടച്ചു.

പിന്നീട് ചേച്ചിയിൽ നിന്നും അറിഞ്ഞു,റയാനെ നോക്കി വളർത്തിയത് ആകാശ് ആണെന്ന്.ചേച്ചി എന്നെ ഒന്നും അറിയിച്ചിരുന്നില്ല.നിനക്കായിട്ടാണ് അവൻ കാത്തിരുന്നതെന്നും ജീവിതം ഇനിയും ഉണ്ട് വന്ന തെറ്റുകൾ ഒക്കെ പൊറുത്തു അവന്റെ കൂടെ ജീവിക്കണമെന്നും നിന്നെ കൊണ്ടു പോകാനാണ് അവൻ വന്നതെന്നും ചേച്ചി പറഞ്ഞു.

അങ്ങനെ വീണ്ടും അടുത്ത ജന്മത്തിലേക്കു എന്ന പോലെ വേറെയൊരു ജീവിതത്തിലേക്ക് ഞാൻ പോകാൻ തയ്യാറായി…

അനിയനായി കണ്ടവനിൽ നിന്നും ജീവിത പങ്കളിയിലേക്കുള്ള ദൂരം….

മനസ്സിനെ ഇനിയും പറഞ്ഞു പഠിപ്പിക്കാൻ ഏറെ ഉണ്ടായിരുന്നു…

രചന: സ്മിത ക്ലെമു

Leave a Reply

Your email address will not be published. Required fields are marked *