ഞാൻ അവനെ മുറിയിലേക്ക് പറഞ്ഞു വിട്ടു. ഇങ്ങനെ ഓരോ നിമിഷം വരുമ്പോളും ഞാൻ എന്റെ അമ്മയെ ഓർക്കും.

രചന: ആമി

വയറു വേദന കൂടിയതും കട്ടിലിൽ നിന്നും എഴുനേറ്റു മുറിയിലൂടെ നടന്നു. കുറച്ചു നേരം നിലത്തു കുത്തിയിരുന്നു. എന്നിട്ട് നേരെ അടുക്കളയിലേക്കു നടന്നു ജീരക പാട്ടയിൽ നിന്നും കുറച്ചു ജീരകം എടുത്തു ജീരക വെള്ളം തിളപ്പിച്ചുകൊണ്ടു നിൽക്കുമ്പോൾ വയറു വേദന കൊണ്ട് ഞാൻ നിലത്തു ഇരുന്നു.

“ചേച്ചി…. ഞാൻ പോയി രാധേച്ചിയുടെ കൈയിൽ നിന്നും പാരസെറ്റമോൾ വാങ്ങി കൊണ്ട് വരട്ടെ “എല്ലാ മാസവും ഞാൻ വയറു വേദന കൊണ്ട് പുളയുന്നതു എന്റെ അനുജൻ ഉണ്ണി കാണുന്നതാണ്.

“വേണ്ട ഉണ്ണി…. നീ പോയി കിടന്നോ… നാളെ നിനക്ക് നേരത്തെ ജോലിക്ക് പോകേണ്ടതല്ലേ… പൊയ്ക്കോ “എന്ന് പറഞ്ഞു ഞാൻ അവനെ മുറിയിലേക്ക് പറഞ്ഞു വിട്ടു. ഇങ്ങനെ ഓരോ നിമിഷം വരുമ്പോളും ഞാൻ എന്റെ അമ്മയെ ഓർക്കും. അമ്മയില്ലാത്ത ജീവിതം എത്ര കഠിനം എന്ന് ഞാൻ ഓർത്തു. അവൻ മുറിയിലേക്ക് പോയെങ്കിലും മുറിയിൽ വേട്ടം ഉണ്ടായിരുന്നു. അവൻ ഉറങ്ങിയില്ല എന്ന് എനിക്ക് തോന്നി. നേരം പുലർന്നപ്പോളാണ് ഞാൻ ഒന്ന് മയങ്ങിയത്.

“ചേച്ചി… ഇന്നാ ഇച്ചിരി ചൂട് കാപ്പി കുടിക്ക്… വയറു വേദന കുറവുണ്ടോ? “അവനത് ചോദിച്ചപ്പോൾ എന്റെ ഉണ്ണി എന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് എനിക്ക് തോന്നി.

“കുറവ് ഉണ്ട് മോനെ… ഇന്ന് ചോറ് നീ ഹോട്ടലിൽ നിന്നും കഴിക്കണേ… ഒന്നും വെച്ചില്ലല്ലോ ഞാൻ. “ഞാൻ അത് പറഞ്ഞു കിടക്കയിൽ നിന്നും എഴുന്നേറ്റതും അവൻ പറഞ്ഞു.

“ചേച്ചി കിടന്നോ… ഞാൻ പോകുവാണ്… ഇന്ന് നേരത്തെ ചെല്ലേണ്ടതാണ് “എന്നും പറഞ്ഞു അവൻ മുറ്റത്തേക്ക് ഇറങ്ങി. ഉച്ച ആയപ്പോൾ ഉണ്ണി ഫോണിൽ വിളിച്ചു.

“ചേച്ചി…. റെഡി ആയി ഇരിക്ക്. നമുക്ക് ഒരിടം വരെ പോകണം. ഞാൻ ഇപ്പോൾ വരും “മറ്റൊന്നും പറയാതെ അവൻ കോൾ കട്ട് ചെയ്തു. ഞാൻ റെഡി ആയി ഇരുന്നതും അവൻ റോഡിൽ നിന്നും ബൈക്കിന്റെ ഹോൺ മുഴക്കി. അച്ഛനോട് പറഞ്ഞു ഞാൻ വേഗം ഇറങ്ങി. അവൻ എന്നെയും കൂട്ടി ചെന്നു നിന്നത് ഒരു ആയുർവേദ ഔഷധിയുടെ മുന്നിലാണ്.

“എന്റെ ചേച്ചി ഈ വയറു വേദന കൊണ്ട് എല്ലാ മാസവും കിടന്നു കരയുന്നത് കാണുമ്പോൾ ഒക്കെ ഞാൻ അമ്മയുടെ സാമിപ്യം ഓർക്കും… എന്റെ ചേച്ചി ഇനിയും ഈ വേദന തിന്നുന്നത് എനിക്ക് കാണാൻ വയ്യാ. ആയുർവ്വേദം ആകുമ്പോൾ മാറും. “അവനതു പറഞ്ഞപ്പോൾ എനിക്ക് എന്റെ അനുജൻ വലിയൊരു പുരുഷൻ ആയെന്നു തോന്നി. അവൻ നാളെ വിവാഹം കഴിഞ്ഞു നല്ലൊരു ഭർത്താവും നല്ലൊരു കുടുംബനാഥനും ആകുമെന്ന് എനിക്ക് തോന്നി. ആണെന്നാൽ അച്ഛൻ, ഭർത്താവ് എന്നിവർ മാത്രമല്ല നല്ലൊരു സഹോദരനും ആണ്.

രചന: ആമി

Leave a Reply

Your email address will not be published. Required fields are marked *