അമ്മൂട്ടി

രചന : – സിയാദ് ചിലങ്ക

ആദ്യമായി കഞ്ഞിപുര കെട്ടി കളിച്ച ദിവസം

“നീ അച്ചനായ്കൊ ഞാന്‍ അമ്മ”

എന്ന് അമ്മൂട്ടി പറഞ്ഞപ്പോഴാണൊ ആദ്യമായി അവള്‍ എന്റെയാണെന്ന് മനസ്സ് മന്ത്രിച്ചതെന്നറിയില്ല…..

ഒളിച്ച് കളിച്ചപ്പോള്‍ എന്റെ കൂടെ ഒളിച്ചിരുന്ന അമ്മൂട്ടിയോട്

“.ഒരുമ്മ തരോ ? ”

ചോദിച്ച് തീര്‍ന്നതും…..അമ്മേ……ഒരു കരച്ചില്‍…..ഞാന്‍ പേടിച്ച് ഓടി ഒളിച്ചു….രണ്ട് ദിവസം കഴിഞ്ഞാണ് പിന്നെ അമ്മൂട്ടിയുടെ മുന്നിലേക്ക് വന്നത്.

”അമ്മൂട്ടീ താഴത്തെ പറമ്പില് നിറച്ച് ചപ്പിക്കുടിയന്‍ മാങ്ങ ഉണ്ടായിട്ടുണ്ട്….നമുക്ക് പോകാം…..”

അത് കേട്ട അവളുടെ അമ്മയുടെ വക..

”അമ്മൂട്ടി വീട്ടില് അടങ്ങി ഒതുങ്ങി ഇരുന്നൊ….മരം കയറ്റം ആൺപിള്ളേര്‍ടെ പണിയാ….നീയാ മുറ്റടിച്ചിട്ടെ……”

കൗമാരത്തിന്റ വേലിക്കെട്ട് ഞങ്ങള്‍ക്കിടയില്‍ ഉയര്‍ന്നെങ്കിലും….വിദ്യാലയവും….നട വഴികളും….ഞങ്ങളെ ഒരുമിപ്പിച്ചു…..

പത്താം ക്ലാസ്സ് ഫലം പേപ്പറില്‍ വരുന്നതിന്റെ തലേദിവസം….കാത്തിരിക്കാന്‍ ക്ഷമയില്ലാത്തത് കൊണ്ട്….അമ്മൂട്ടിയെ കൂട്ടി ഗീതടീച്ചറെ വീട്ടില് പോയി….ടീച്ചറ് ഫലം എടുത്തിട്ടുണ്ടാകും…..ടീച്ചറ് പറഞ്ഞു…..

”കുട്ട്യേ ളെ… രണ്ടാള്‍ക്കും ഡിസ്റ്റിന്‍ക്ഷന്‍ ഉണ്ട്…ഇവിടേം രണ്ടാള്‍ക്കും ഒന്നിച്ചാണല്ലൊ….ദൈവം അനുഗ്രഹിക്കട്ടെ”

അന്ന് ഉറക്കം വന്നില്ല……ഇനിയങ്ങോട്ടുള്ള കാലചക്രത്തില്‍…..ഞാന്‍ ഏത് വേഷമണിയും…..സമപ്രായക്കാരായ ഞാനും അമ്മൂട്ടിയും ഒന്നിക്കണമെങ്കില്‍ എനിക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയണം……..പിന്നെ ഒന്നും ആലോജിച്ചില്ല…..ദക്ഷിണയെടുത്ത് നേരെ അയ്യപ്പനാശാരിടെ അടുത്ത്……വീട്ടുകാര്‍ എതിര്‍ത്തു…..അമ്മൂട്ടി പ്രീഡിഗ്രിക്ക് ചേരാന്‍ അപ്ലിക്കേഷന്‍ കൊണ്ട് വന്ന ദിവസം എന്റെ തീരുമാനം അറിഞ്ഞു അവൾ എന്റെ മുഖത്ത് ഒരടി വച്ചു തന്നു……

കാലചക്രം ആര്‍ക്കും കാത്തു നില്‍കില്ലല്ലൊ….സ്വന്തം കാലില്‍ നില്‍ക്കാനും അമ്മൂട്ടിയെ സ്വന്തമാക്കാനും ഉളള എന്റെ പരിശ്രമം……എന്നെ നാട്ടിലെ അറിയപ്പെടുന്ന മരപ്പണിക്കാരനാക്കി…..അമ്മൂട്ടി ബികോം കാരിയായി ……എംകോമിന് ചേര്‍ന്നു…….

രാവിലെ കട തുറന്നപ്പോള്‍ ദാ വരുന്നു രമേശേട്ടന്‍.

”എന്താ രമേശേട്ടാാ…? ടാ മനു….ഒരു ഡബിള്‍ കോട്ട് കട്ടില് പണിയണം…….നല്ല മരം ഇടണം ട്ടൊ….തേക്ക് തന്നെ ആയിക്കോട്ടെ……അമ്മൂട്ടിടെ കല്ല്യാണത്തിനാ…… ”

തല കറങ്ങി……എന്ത് ചെയ്യേണ്ടത് എന്നറിയില്ല……ഇന്നലെ കൂടി അമ്മൂട്ടിയെ കണ്ടതാ….. ബസ്സില് കയറുമ്പോൾ ചിരിക്കുന്ന അമ്മൂട്ടിയുടെ മുഖം കണ്ടതാണല്ലൊ… ഈശ്വരാ…. ഭൂമി പിളര്‍ന്നു എന്നെ വിഴുങ്ങട്ടെ എന്നാശിച്ച് പോയി ….. പിന്നെ ഒരു കാര്യം ചിന്തിച്ചപ്പൊ വീണ്ടും ആധി കയറി……ഞാന്‍ ഇത് വരെ അമ്മൂട്ടിയോട് എന്റെ ഇഷ്ടം പറഞ്ഞിട്ടില്ല….

ഇനി സമയം കളയാതെ രമേശേട്ടനെ കാണുക……അമ്മൂട്ടിയെ കെട്ടിച്ച് തരുമോ എന്ന് ചോദിക്കുക……വരുന്നിടത്ത് വെച്ച് കാണുക തന്നെ…..

അമ്മൂട്ടിയുടെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ രമേശേട്ടന്‍ ഉമ്മറത്ത് തന്നെ ഉണ്ട്……നെഞ്ച് പട പടാ ഇടിക്കേണ്…….

”വാ മനു കയറിയിരിക്ക്…….

അമ്മൂ … ആരാ വന്നത് എന്ന് നോക്കിയേ…………

അമ്മു ഓടി വാതിലിനരികിൽ പുഞ്ചിരിയുമായി വന്ന് നിന്നു…

“അമ്മു നീ നോക്കി നിൽക്കാതെ ചായ എടുക്ക്… പെണ്ണ് കാണാൻ ചെക്കൻ വരുമ്പോൾ ഉള്ള പതിവ് തെറ്റിക്കണ്ട…”

‍ ആകെ അന്തം വിട്ടു….പകച്ചുപോയി…..

”മനു ആദ്യമായി അമ്മൂട്ടിക്ക് ആലോചന വന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പളാ….അന്ന് ഇവള്‍ പറഞ്ഞു

”ഞാന്‍ മനുവിന്റെ പെണ്ണാണെന്ന്…. ”

മനുവിന്റെ കണ്ണുകള്‍ക്ക് നിറഞ്ഞത് ‍ ആരും കാണാതിരിക്കാൻ ശ്രമിക്കേണ്ടി വന്നു….

ആദ്യരാത്രി അമ്മൂട്ടി മനുവിന്റെ കാതില്‍ മന്ത്രിച്ചു…..

.” മനുവേട്ടാ……. ഒരു കാര്യം ചോദിക്കട്ടെ…?

” ചോദിക്കു അമ്മൂ…”

“ഒരു ഉമ്മ തരോ…..?”

രചന : – സിയാദ് ചിലങ്ക

Leave a Reply

Your email address will not be published. Required fields are marked *