എന്റെ കൺമണിക്കൊരു ഉമ്മ

രചന : ബിജോ.

“മനുവേട്ടാ…എഴുന്നേക്ക് വയറ് വേദനിക്കുന്നു… അമ്മേ… ”

അനുവിന്റെ വിളി കേട്ടമാത്രയിൽ തന്നെ മനോജ് ഉറക്കമെഴുന്നേറ്റു.

“ഹോസ്പിറ്റലിൽ പോവാം നമുക്ക് ”

അടിവയറിൽ അമർത്തി പിടിച്ചു കൊണ്ട് അനു വേദനയാൽ പുളയുകയാണ്.

“അവൻ…ന്റെ, വയറ് ചവിട്ടി പൊളിക്കൂന്നാ തോന്നണെ അമ്മേ… അടങ്ങിക്കിടക്ക് പൊന്നൂ അമ്മയ്ക്ക് നോവുന്ന ടാ… ”

മനോജ് തലയിണക്കടിയിലിരുന്ന മൊബൈലെടുത്ത് ടാക്സി ഡ്രൈവർ സതീഷിനെ വിളിക്കുന്നു.

“ഹലോ, സതീഷേ… ഹോസ്പിറ്റൽ വരെയൊന്നു പോണടാ,. അവൾക്ക് തീരെവയ്യാ ഭയങ്കര പെയിനാ… ഒന്നു വേഗം വരാവോ നീ?…”

ആശുപത്രി

കാറിൽ നിന്നും മനോജും രണ്ട് നേഴ്സുമാരും ചേർന്ന് അനുവിനെ വീൽചെയറിൽ ഇരുത്തി ലേബർ റൂമിൽ കയറ്റുന്നു.

മനോജിന് തന്റെ കൈ കാലുകൾ തളരുന്ന പോലെ തോന്നി. അയാൾ അടുത്തു കണ്ട ബെഞ്ചിൽ ഇരുന്നു… പുറകിലേ ഭിത്തിയിലേക്ക് ഒരു ദീർഘനിശ്വാസത്തോടെ ചാരിയിരുന്ന് അയാൾ കണ്ണുകളടച്ചു…

പതിനൊന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മുത്താണ് അനുവിന്റെ വയറ്റിൽ. ഞങ്ങളുടെ പ്രണയവും പ്രാർത്ഥനയുമാണവൻ ഞങ്ങളുടെ തണലും കരുത്തുമാവേണ്ടവൻ…

“അനുവിന്റെ കൂടെ ആരാ…”

സ്വപ്നത്തിൽ നിന്നെന്നവണ്ണം മനോജ് പിടഞ്ഞെഴുന്നേറ്റ് ലേബർ റൂമിന്റെ വാതിൽക്കലേക്ക് ചെന്നു.

“വരൂ…ഡോക്ടർ വിളിക്കുന്നു”

മനോജ് ലേബർ റൂമിൽ കയറി…

“ഇരിക്കൂ….വൈഫിന്റെ ബി.പി കുറച്ച് കൂടുതലാണ്, ഇപ്പൊഴുള്ളത് ഡെലിവറിക്കുള്ള പെയ്ൻ അല്ല. നമ്മളീ… ഇടനോവ് എന്നൊക്കെ പറയാറില്ലേ പക്ഷെ…അനുവിന്റെ അവസ്ഥ കുറച്ച് പ്രോബ്ലമാണ് കാരണം ബിപി സ്റ്റേബിളാവാത്ത കൊണ്ട് ഈയൊരവസ്ഥയിൽ കുഞ്ഞിന്റെ കാര്യം കുറച്ച് ക്രിട്ടിക്കലാണ് ”

“എന്താ… ചെയ്യേണ്ടെ ഡോക്ടറേ…”

ഇടറുന്ന ശബ്ദത്തിൽ അയാൾ ചോദിച്ചു.

“സിസേറിയൻ അല്ലാതെ വേറെ വഴിയില്ല, നമുക്ക് രണ്ട് ജീവനും വലുതല്ലേ”

മനോജ് തലയാട്ടി സമ്മതം പ്രകടിപ്പിച്ചു, ഭയാശങ്കകൾ അയാളുടെ മുഖത്ത് പ്രകടമാണ്.

ലേബർ റൂമിന്റെ വാതിൽ മനോജിനു പിന്നിൽ അടയ്ക്കപെട്ടു. നരച്ച മഞ്ഞ നിയോൺ വെളിച്ചം വരാന്തയിൽ നിഴൽ വിരിച്ചിരുന്നു. അതിനപ്പുറം ഇരുളാണ് കൂരിരുൾ. അയാൾ ബെഞ്ചിലിരുന്ന് ഭിത്തിയിലേക്ക് തല ചായിച്ചു.

പതിനൊന്ന് വർഷം ഈ ഒരു നിമിഷത്തിലേക്ക് ഒതുങ്ങിയ പോലെ തോന്നി അയാൾക്ക്.

ഒരു കുഞ്ഞിന്റെ കൊഞ്ചലോ, കുറുമ്പോ ഇല്ലാതെ പിന്നിട്ടത് പതിനൊന്ന് യുഗങ്ങൾ പോലെയായിരുന്നു.

പ്രണയം ഉറ്റവരേയും ഉടയവരേയും നേരത്തെ തന്നെ നഷ്ടമാക്കിയിരുന്നു. ഒരർത്ഥത്തിൽ ഞങ്ങൾ ഭീകരമായ ഏതോ ഏകാന്തതയുടെ തടവിലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

“അനുവിന്റെ ആളുണ്ടോ…?”

വീണ്ടും നേഴ്സിന്റെ സ്വരം മനോജ് ലേബർ റൂമിന്റെ വാതിൽക്കലെത്തി.

“ചേട്ടാ ബ്ലഢ് വേണ്ടി വന്നേക്കും ഒ – പോസിറ്റിവ് ഒന്നു കരുതിയിരിക്കണേ… ഒരു ബോട്ടിൽ വെള്ളവും വേണേ…”

“ശരി”

ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് മനോജ് വേഗത്തിൽ പുറത്തേയ്ക്ക് നടന്നു പോയി.

……………….

പുലർച്ചയ്ക്ക് ഇനി കുറച്ച് മണിക്കൂറുകൾ മാത്രം മനോജ് പാതി മയക്കത്തിലെന്നോണം ബെഞ്ചിൽ ഇരിക്കുകയാണ്.

“ചേട്ടാ… ചേട്ടാ ഡോക്ടർ വിളിക്കുന്നു”

നേഴ്സിന്റെ സ്വരം. മനോജ് ഞെട്ടി എഴുന്നേറ്റു അവ്യക്തമായി കേട്ടതിനാൽ നേഴ്സിനു നേർക്ക് ആശങ്കയോടെ മനോജ് നോക്കി

”ഡോക്ടർ വിളിക്കുന്നു”

”ഉം”.

മനോജ് നേഴ്സിനു പിന്നാലെ ഡോക്ടറുടെ മുറിയിൽ പ്രവേശിച്ചു.

“മനോജിരിക്കൂ ”

മനോജ് കസേരയിൽ ഇരുന്നു, ഉദ്വേഗത്താൽ അയാളിപ്പോൾ പൊട്ടിത്തകരുമെന്ന് തോന്നിപോകും.

“മനോജേ, പെൺകുഞ്ഞാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു”

ആയിരമായിരം വർണ്ണദീപങ്ങൾ ഒരുമിച്ച് തെളിഞ്ഞപ്പോലെ അയാളുടെ മുഖം പ്രകാശമാനമായി, അയാളൊന്ന് ഇളകിയിരുന്നു.

കണ്ണുനീരിൽ കുതിർന്നൊരു മന്ദഹാസം അയാളുടെ ചുണ്ടിൽ വിരിഞ്ഞു. തോളിലെ തോർത്തിന്റെ തലപ്പു കൊണ്ടയാൾ മുഖമമർത്തി വിതുമ്പി…

“മനോജിന് കുഞ്ഞിനെ കാണണ്ടേ…”

വേണമെന്ന് വിതുമ്പലോടെ അയാൾ തലയാട്ടി… ഡോക്ടറിന്റെ പിന്നാലെ അയാൾ നടന്നു…

അനു മയക്കത്തിലാണ്. അയാൾ അനുവിന്റെ അരുകിലിരുന്നു പതിയെ മുടിയിഴയിൽ വിരലോടിച്ചു നെറുകിൽ ഉമ്മ വെച്ചു. ആ സമയം അയാളുടെ ചുണ്ടുകൾക്കും അവളുടെ നെറ്റിതടത്തിനും ഉപ്പുരസ മായിരുന്നു.

“സഡേഷനിലാണ് ഉണർത്തണ്ട ഉറങ്ങട്ടെ ”

ഡോക്ടർ മനോജിനോടായ് പറഞ്ഞു.

“കുഞ്ഞ്…?”

മനോജ് ഡോക്ടറോടു ചോദിച്ചു

“ഇവിടെ ഇരിക്കൂ…”

ഡോക്ടർ അകത്തേയ്ക്കു പോയി.

നിമിഷങ്ങൾ കടന്നു പോയി…

മനോജിന്റെ കൈകളിലേക്ക് വെള്ള ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞിനെ ഡോക്ടർ ശ്രദ്ധാപൂർവം ഏൽപിച്ചു…

അയാൾ കുഞ്ഞിനെ വാങ്ങി അരുമയോടെ നെഞ്ചോട് ചേർത്തു. കുഞ്ഞിന്റെ ദേഹത്തു നിന്നും ടർക്കി നീക്കിയ മനോജ് കണ്ടകാഴ്ച്ച അയാളെ തളർത്തി കളഞ്ഞു… അയാളുടെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.

കുഞ്ഞിന്റെ വലതുകാലിന്റെ സ്ഥാനത്ത് ഒരു ചെറിയ മാംസപിണ്ഡം മാത്രം… അയാൾ ഡോക്ടറെ പരവശനായ് നോക്കി.

കരച്ചിലിന്റെ വക്കോളമെത്തിയ അയാളിൽ നിന്നും ഡോക്ടർ കുഞ്ഞിനെ തിരികെവാങ്ങി… ഒരു നേഴ്സിന്റെ കൈവശം അകത്തേയ്ക്ക് കൊടുത്തയച്ചു.

“ഇതെന്താ പറ്റിയേ… എന്റെ കൊച്ചിന്റെ കാലെന്തിയേ… അയ്യോ… എന്റെ ദൈവമേ! എന്റെ കുഞ്ഞിന്റെ കാല് ”

തല കൈകളിൽ താങ്ങി അയാൾ ബെഢിൽ ഇരുന്നു…

“അനൂ….”അയാൾ അനുവിനെ കുലുക്കി ഉണർത്താനുള്ള ശ്രമം നടത്തുന്നു.

”ഹേയ്, എന്താ മനോജേ ഇത്., ഉണർത്തരുത് അവർ സഡേഷനിലാണ് വരൂ…”

ഡോക്ടർ മനോജിനെ പുറത്തേയ്ക്ക് കൊണ്ടു പോകുന്നു…

ഒന്നും മിണ്ടാതെ അയാൾ ഡോക്ടറിനു മുൻപിലെ കസേരയിൽ ഇരുന്നു. തോളിൽ കിടക്കുന്ന തോർത്തിനാൽ വിതുമ്പുന്ന ചുണ്ടുകളെ അയാൾ മറച്ചു പിടിച്ചിരുന്നു.

“മനോജേ… ചിലപ്പോൾ ദൈവം ഇങ്ങനെയൊക്കെയാണ്. എനിക്കറിയാമായിരുന്ന രഹസ്യം നിങ്ങളുടെ സന്തോഷം തല്ലിക്കെടുത്തുമെന്ന് എനിയ്ക്ക് തോന്നി. ഒരു പക്ഷെ ഞാനത് പറഞ്ഞിരുന്നെങ്കിൽ ഈ കുഞ്ഞിന്റെ ജീവനത് അപകടമാകുമോ എന്നു ഞാൻ ഭയപെട്ടു… ”

വേറെന്തൊക്കെയോ പറയാൻ വെമ്പിയ ഡോക്ടറിന്റെ വാക്കുകൾക്ക് ചെവിനൽകാതെ മനോജ് പുറത്തേക്കിറങ്ങി.

………………..

ആശുപത്രിമുറിയിലെ ജനലിലൂടെ എങ്ങോ നോക്കി നിൽക്കുകയാണ് മനോജ്. മനോവ്യഥ അയാളെ പാടെ തളർത്തിയിരുന്നു.

“മനുവേട്ടാ… മൂന്ന് ദിവസായി എന്താ നമ്മുടെ കുഞ്ഞിനെ ഒന്നു നോക്കുക പോലും ചെയ്യാത്തെ…ഒരുമ്മ പോലും കൊടുക്കാത്തെ… ഇതെന്ത് തെറ്റാ ചെയ്തെ നിങ്ങളോട്… ഈശ്വരനിങ്ങനെയാ ഇവളെ നമുക്ക് തന്നത്… നമ്മളൊരു കുഞ്ഞിനിയല്ലേ അഗ്രഹിച്ചത് മനുവേട്ടാ…അതിനെ ദൈവം തന്നു… അതിനെ ദൈവം തന്നു…”

അനു കുഞ്ഞിന്റെ നെറുകിൽ കണ്ണീരോടെ ഉമ്മവെക്കുന്നു.

യാതൊരു ഭാവഭേതങ്ങളുമില്ലാതെ മനോജ് പുറത്തേയ്ക്ക് മിഴിനട്ട് നിന്നു.അയാളുടെ മനസ്സിൽ ചില ചിന്തകൾ പുകയുകയായിരുന്നു…

………………..

മഴയിൽ കുതിർന്ന ഒരു രാത്രി.

അനു നല്ല ഉറക്കമാണ്. തന്ത്രശാലിയായ ഒരു കള്ളനേ പോലെ മനോജ് കുഞ്ഞിനെ അനുവിൽ നിന്നും പതിയെ അടർത്തിമാറ്റി.

കുഞ്ഞുമായി അയാൾ വേഗം നിഴലുകളുടെ മറപറ്റി ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി…

മനോജിന്റെ കാലുകൾക്ക് വേഗമേറി… കുളിരു പൊഴിയുന്ന രാവായിട്ടും അയാൾ വിയർത്തൊലിക്കുന്നുണ്ടായിരുന്നു.

കുഞ്ഞിനെ സുരക്ഷമായി അയാൾ മാറോട് ചേർത്ത് പിടിച്ച് റോഡിനോരത്തുകൂടി മഴവെള്ളം ചിതറിച്ച് ഓടുകയാണ്.

പടിക്കെട്ടുകൾ അവസാനിക്കന്ന ഒരു കൃസ്ത്യൻ കോൺവെന്റിന്റെ മുറ്റത്ത് അയാളെത്തി.

അരണ്ട വെളിച്ചമായിരുന്നു അവിടെമാകെ. ചുറ്റുപാടും അയാളുടെ കണ്ണുകൾ പരതി. കിതപ്പകറ്റാൻ അയാൾ നന്നേ പടുപെട്ടിരുന്നു. വിറയ്ക്കുന്ന കരങ്ങളോടെ അവിടെയുണ്ടായിരുന്ന അമ്മതൊട്ടിലിൽ അയാൾ കുഞ്ഞിനെ കിടത്തി.

തിരികെ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ അയാൾ തിരിഞ്ഞു നോക്കി… ആരോപിന്നിൽ നിന്നും വിളിക്കുന്ന പോലെ… അയാൾ പതിയെ പടികളിറങ്ങി നടന്നു തുടങ്ങി…

മഴ…

മഴയിൽ അയാൾ നടക്കുകയാണ് അയാളുടെ കാലുകൾക്ക് വേഗം നഷ്ടമായിരിക്കുന്നു…

ഒരു കുഞ്ഞിന്റെ നിലവിളി അയാളുടെ ചെവിയിൽ അസഹനീയമാംവിധം അലയടിക്കുന്നുണ്ട്…ചെവികൾ രണ്ടു കൈകൊണ്ട് അടച്ച് പിടിച്ച് അയാൾ നിലത്ത് മുട്ടുകുത്തി.

“ദൈവമേ എന്റെ കുഞ്ഞ്… ഞാനെന്ത് പാതകമാണ് ചെയ്തത്.”

മനോജ് പിൻതിരിഞ്ഞ് ഓടുകയാണ് ഓടിക്കിതച്ച് അയാൾ അമ്മതൊട്ടിലിന്റെ സമീപം എത്തി.

തൊട്ടിലിൽ കുഞ്ഞുണ്ടായിരുന്നില്ല…!

പതിയെ അയാളിൽ ഒരു ഭ്രാന്തന്റെ പരിവേഷം കാണപ്പെട്ടു.

“എന്റെ കുഞ്ഞ് ”

“നിങ്ങളുടെ ആണോ ഈ കുഞ്ഞ് ”

ശബ്ദം കേട്ടിടത്തേക്ക് നോക്കിയ അയാൾ കണ്ടത് കുഞ്ഞുമായി നിൽക്കുന്ന പ്രായംചെന്ന ഒരു സന്യാസിനിയെ ആണ്.

“അതെ അയാൾ പറഞ്ഞു. ഇത് എന്റെ കുഞ്ഞാണ് എന്റെ പൊന്നോമനയാണ് ”

“എന്നിട്ടാണോ നിങ്ങൾ ഇവളെ ഇവിടെ ഉപേക്ഷിച്ചത് ”

യാചനാ സ്വരത്തിൽ മനോജ് ആ സന്യാസിനിയുടെ മുൻപിൽ നിന്നു കേഴുകയാണ്.

“എന്നോട് പൊറുക്കണേ…എനിക്ക് തെറ്റ് പറ്റിപ്പോയി ഒത്തിരി പ്രതീക്ഷയോടെയാണ് ഞങ്ങൾ ഒരു കുഞ്ഞിനെ ഈ വർഷങ്ങൾ ഒക്കെയും കാത്തിരുന്നത്.

പക്ഷേ ദൈവം ഇവളെ ഒരു വലിയ കുറവോടു കൂടി ഞങ്ങൾക്ക് സമ്മാനിച്ചപ്പോൾ ഒരുപാട് നിരാശ തോന്നി ആ നിരാശയാണ് എന്നെ പാതകം ചെയ്യിപ്പിച്ചത്.

ലോകത്ത് ഒരു പിതാവും ചെയ്യരുതാത്തതാണ്. എന്നോട് പൊറുക്കൂ…കുഞ്ഞിനെ തരൂ, അനു എഴുന്നേക്കും മുൻപെ എനിയ്ക്ക് കുഞ്ഞുമായി അവിടെ എത്തണം.”

“നിങ്ങൾ ഈ കുഞ്ഞിനെ ഇവിടെ കിടത്തിയിട്ട് പോവുന്നത് ഞാൻ കണ്ടിരുന്നു….ഈ ലോകം ഇവൾക്കും കൂടിയുള്ളതാണ്, ഇവളുടെ ഈ കുറവ് നിങ്ങൾക്ക് ഒരിക്കലും തടസമാകില്ല.

നമ്മൾ പറയും ദൈവത്തിന്റെ വികൃതി എന്നൊക്കെ, പക്ഷെ ദൈവം ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നമ്മേക്കാളും ഇവരെയാണ്, ദൈവത്തിന്റെ കയ്യബദ്ധം അവന്റെ പരിപാവനസ്നേഹത്തിലൂടെ അവൻ പരിഹരിക്കും. ദൈവം ഇവളിൽ കൂടെ പല അത്ഭുതങ്ങളും പ്രവൃത്തിക്കും തീർച്ച.”

സന്യാസിനിയിൽ നിന്നും കുഞ്ഞിനെ വാങ്ങി അയാൾ കണ്ണീരണിഞ്ഞ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. ആ നേരമത്രെയും ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉണർന്ന് അയാളെ നോക്കി. നിസഹായതയുടെ പ്രതീക്ഷയുടെ സ്നേഹത്തിന്റെ നന്ദിയുടെ നൂറ് നൂറ് താരകങ്ങൾ ആ കുഞ്ഞു മിഴികളിൽ മിന്നി.

ആശുപത്രിയിൽ എത്തുമ്പോൾ അനു ഉണർന്നിരുന്നില്ല. അയാൾ കുഞ്ഞിനെ പതിയെ അനുവിന്റെ അരികിൽ കിടത്തി. കട്ടിലിനരുകിൽ നിന്നും നടന്നു നീങ്ങിയ അയാളുടെ കയ്യിൽ അനു പിടിച്ചു.

ഒരു തരിപ്പ് അയാളുടെ പെരുവിരളിൽ നിന്നും സഞ്ചരിച്ച് ഒരു സ്ഫോടനം പോലെ തലച്ചോറിൽ ചിതറി.

അയാൾ അനുവിനെ നോക്കി അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

വിറയ്ക്കുന്ന ചുണ്ടുകളാൽ വിതുമ്പി എന്തോ പറയാൻ തുടങ്ങിയ വേളയിൽ അയാൾ അവളുടെ ചുണ്ടുകളെ തന്റെ കൈകൊണ്ട് പെതിഞ്ഞു.

“മാപ്പ്”

പൊട്ടിക്കരച്ചിലിന്റെ വക്കിലെത്തി നിന്ന അയാൾ വാവിട്ടു കരഞ്ഞു… അയാളുടെ വേദനയും കുമ്പസാരവും അനു മാറോടടക്കി

“അവൾക്ക് ഒരു ഉമ്മ കൊടുത്തേ… മനു വേട്ടാ നമ്മുടെ ഓമനയ്ക്ക്”

അയാൾ കുഞ്ഞിന്റെ നെറുകിൽ ചുണ്ടുകളമർത്തി…

“എന്റെ കൺമണിയ്ക്കൊരു ….. ഉമ്മ”

രചന : ബിജോ.

Leave a Reply

Your email address will not be published. Required fields are marked *