വെറുതെ എന്റെ പിന്നാലെ നടന്ന് നേരം കളയാതെ നീ നിന്റെ പണി നോക്കിപ്പോയെ…

രചന: ബിന്ധ്യ ബാലൻ

“നിനക്കെന്താടി ഭ്രാന്താണോ … വെറുതെ എന്റെ പിന്നാലെ നടന്ന് നേരം കളയാതെ നീ നിന്റെ പണി നോക്കിപ്പോയെ ”

എന്നത്തേയുമെന്നപോലെ അന്നും ഞാൻ ഗായത്രിയോട് പൊട്ടിത്തെറിച്ചു. എപ്പോഴത്തെയുമെന്നപോലെ അപ്പോഴും മിണ്ടാതെ തല കുനിച്ചു നിന്ന് ഇടം കണ്ണിട്ട് എന്നെ പാളി നോക്കി ചുണ്ട് കോട്ടി ചിരിച്ചു കൊണ്ട് അവളും…അവളുടെ ആ നിൽപ്പും നോട്ടവും കണ്ടപ്പോൾ എന്റെ ദേഷ്യം പെരുവിരൽ മുതൽ ഉച്ചി വരെ കത്തിക്കയറി.എങ്കിലും ഇന്നത്തേക്ക് ഇത്രയും മതി എന്ന് കരുതി മിണ്ടാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് അവളെന്റെ കയ്യിൽ പിടുത്തമിട്ടത്..

“കയ്യീന്ന് വിടെടി.. ”

അവളുടെ കൈ കുടഞ്ഞെറിഞ്ഞു ഞാൻ അലറി. എന്റെ അലർച്ച കേട്ട് വാ പൊത്തി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

“എന്തൊരു അലർച്ചയാ ഈ ചെക്കൻ… ശോ.. കയ്യീ കേറിപിടിച്ചത് കൂടെ വരനൊന്നുമല്ല ദേ ഇത് തരാനാ ”

അത്രയും പറഞ്ഞു കൊണ്ട് അവൾ കയ്യിലിരുന്ന പൊതി എനിക്ക് നേരെ നീട്ടി..

“എന്താ ഇത്… എനിക്ക് വേണ്ട ” എന്റെ ദേഷ്യം തണുത്തിരുന്നില്ല

“ഇത് കുറച്ചു മോദകമാ.. എന്റെയീ കാപ്പിരിചെക്കന്റെ അമ്മ പറഞ്ഞു ചെക്കന് മോദകം വലിയ ഇഷ്ട്ടാണെന്ന്… അതോണ്ട് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കീതാ…ന്നാ.. കഴിച്ചോ”

പൊതിയഴിച്ചു ഒരു മോദകമെടുത്ത് എനിക്ക് നേരെ നീട്ടിക്കൊണ്ട് അവളത് പറയുമ്പോൾ, ആ ചിരിക്കിടയിലും എന്റെ അവഗണയിൽ നിറഞ്ഞ അവളുടെ കണ്ണുകൾ എന്നെ തളർത്തുന്നുണ്ടായിരുന്നു .. എങ്കിലും അവളോട്‌ ഒരു മയവും കാണിക്കാതെ “കൊണ്ട് പോയി നിന്റെ മറ്റവന് കൊടുക്ക്‌ ” എന്നും പറഞ്ഞ് അവളുടെ കൈ തട്ടി മാറ്റി നടന്നുപോകുമ്പോൾ പിന്നിൽ നിന്ന് അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു

“മറ്റവന് തന്നെയാ തന്നത്… ”

അവളെ തിരിഞ്ഞു നോക്കാതെ ബുള്ളറ്റുമെടുത്ത്‌ കൂട്ടുകാരുടെ അടുത്തേക്ക് പോകുമ്പോൾ പതിവിനു വിപരീതമായി അവളായിരുന്നു അന്ന് മനസ് നിറയെ…. ഞാൻ കാരണം നിറഞ്ഞ അവളുടെ കണ്ണുകൾ.

ഒരു വർഷം മുൻപാണ്‌ ഗായത്രിയും കുടുംബവും അവളുടെ അച്ഛന് ട്രാൻസ്ഫർ കിട്ടി എന്റെ വീടിനു തൊട്ടടുത്ത വീട്ടിൽ താമസത്തിനു വന്നത് . അന്ന് മുതൽ എന്റെ കുടുംബവും അവളുടെ കുടുംബവും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. അമ്മയ്ക്കാണെങ്കിൽ ഗായമോള് എന്ന് പറഞ്ഞാൽ നാവിൽ തേനൊഴുകും. ഒടുവിൽ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമാക്കാൻ വീട്ടുകാർ കണ്ടുപിടിച്ച വഴിയാണ് ഗായത്രിയും ഞാനുമായുള്ള വിവാഹം… അന്ന് മുതൽ അവളെന്നെ സ്നേഹിക്കാൻ തുടങ്ങിയതാണ്. പക്ഷെ ഇനിയൊരിക്കലും ഒരു പെണ്ണിനെ ഞാൻ സ്നേഹിക്കില്ല വിശ്വസിക്കില്ല എന്ന എന്റെ ഉറച്ച തീരുമാനത്തിൽ അവളുടെ ഇഷ്ടത്തെ ചവിട്ടി മെതിക്കുമ്പോൾ , അവളിലെ ആ അമ്പരപ്പ് ചെറുതൊന്നുമല്ലായിരുന്നു.. അന്ന് വരെ അവൾ കണ്ട ദേവദത്തനിൽ നിന്ന് ഏറെ ദൂരെയായിരുന്നു അവൾക്ക് പ്രണയം തോന്നിയ ദേവദത്തൻ. ദേവദത്തനെക്കുറിച്ചു അവൾക്കെന്തറിയാം.. എന്റെ നെഞ്ചിലെ മുറിവിന്റെയാഴം… വേദന.. സഹിച്ച അപമാനം.. ഇതൊക്കെ ഞാൻ എങ്ങനെ മറക്കും..? ഇനിയുമൊരു പെണ്ണ് ജീവിതത്തിൽ വേണ്ട എന്ന് അഞ്ചു വർഷം മുൻപെടുത്ത തീരുമാനമാണ്. അതിന് മാറ്റമില്ല.

ഓരോന്ന് ആലോചിച്ച് ക്ലബ്ബിൽ ചെന്ന് കയറുമ്പോൾ കൂട്ടുകാരെല്ലാം വട്ടം കൂടിയിരുന്നു കാരംസ് കളി തുടങ്ങിയിരുന്നു. കളിക്കുമ്പോഴും മനസ്സിൽ ഗായത്രിയായിരുന്നു.. പതിവില്ലാതെ എന്തോ അവളോടൊരു ആർദ്രത തോന്നുന്നു. കാരംസ് ബോർഡിൽ മനസും വിരലുകളും നിയന്ത്രണത്തിൽ വരാതെ തെന്നിക്കളിക്കുന്നത് കണ്ട് അടുത്തിരുന്ന ചങ്ക് കൂട്ടുകാരൻ നകുൽ സ്വരം താഴ്ത്തി ചോദിച്ചു

“ഇന്നും നീയാ പെങ്കൊച്ചിനെ ചീത്ത പറഞ്ഞല്ലേടാ..,? ”

“ഉം ”

വെറുതെയൊന്നു മൂളിയതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല.

“നിനക്കിതെന്തിന്റെ ഭ്രാന്താടാ.. ഒരു പെണ്ണ് കാലം കുറച്ചായി പുറകെ നടക്കാൻ തുടങ്ങീട്ട്.. അതും പൂ പോലൊരു മനസൊള്ള പെണ്ണ്.. അവളുടെ വീട്ടുകാർക്കും താല്പര്യം.. പിന്നെ നിനക്ക് മാത്രമെന്താടാ ഇത്ര സൂക്കേട്.. ബാക്കിയുള്ളവനൊക്കെ അങ്ങോട്ട്‌ ചെന്ന് ഇഷ്ടം പറഞ്ഞിട്ടും ഒരൊറ്റ ഒരുത്തി പോലും സെറ്റ് ആവുന്നില്ല.. കഷ്ടമാണ് ദേവാ ”

കളിക്കിടയിൽ അവൻ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

“നകുലേ നിങ്ങൾക്ക് എല്ലാവർക്കും എല്ലാം അറിയാവുന്നതല്ലേ.. എനിക്കിനി ഇങ്ങനെ ജീവിച്ചാ മതി… വീട്ടുകാർ തമ്മിൽ അടുത്ത ബന്ധം ആണെങ്കിലും എന്നെക്കുറിച്ച് മറ്റൊന്നും അവർക്കറിയില്ല. അവരോട് അതൊന്നും പറഞ്ഞിട്ടില്ല.. വെറുതെ എന്തിനാ അത് അവരെക്കൂടി അറിയിച്ചു നാണം കെടുന്നത്.. അല്ലെത്തന്നെ ആളുകളുടെ സഹതാപം നിറഞ്ഞ നോട്ടം ഇന്നും തീർന്നിട്ടില്ല.. വേണ്ടെടാ.. അവള് നല്ലൊരുത്തനെ കെട്ടി പോട്ടേ.. ഞാൻ വേണ്ട..”

അവന്റെ മുഖത്ത് നോക്കാതെ അത് പറയുമ്പോൾ അന്നാദ്യമായി അവളെക്കുറിച്ചോർത് എന്റെ കണ്ണ് നിറഞ്ഞു. ———————————————————————– ക്ലബ്ബിലെ ഇരുപ്പും കഴിഞ്ഞു രാത്രി ഒൻപതു മണിക്ക് വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അമ്മ ഉമ്മറത്തെ തൂണിൽ ചാരി എന്നെയും നോക്കി നിൽപ്പാണ്. അകത്തേക് കയറിയ എന്നെയൊന്നു തുറിച്ചു നോക്കിയിട്ട് അമ്മ ചോദിച്ചു

“നീയിന്നും ഗായൂട്ടിയെ കരയിച്ചല്ലേടാ..”

“ഞാൻ ആരെയും കരയിച്ചില്ല.. എല്ലാവരും കൂടി എന്നെയാണ് കരയിച്ചത്. ഇനി കരയാനും നോവാനും എന്നെ കിട്ടില്ല. അത് അമ്മ അവളോട്‌ പറഞ്ഞേക്ക് ”

അമ്മയോട് അത് പറയുമ്പോൾ എന്റെ സ്വരം ഉയർന്നിരുന്നു. ആദ്യമായാണ് അമ്മയോട് തട്ടിക്കയറുന്നത്.അമ്മ മിണ്ടാതെ പോകും എന്നാണ് കരുതിയത്. പക്ഷെ അമ്മ പറഞ്ഞു

“മോനേ എത്ര നാളെന്ന് വച്ചാട നീയിങ്ങനെ.. ശരിയാണ് അന്ന് അങ്ങനെയൊരു തെറ്റ് പറ്റിപ്പോയി എല്ലാവർക്കും. ആരും ഒന്നും മനഃപൂർവം ചെയ്തതല്ലല്ലോ മോനേ..എന്റെ മോൻ അതൊക്കെ മറക്ക്..ഗായത്രി നല്ല കുട്ടിയാ.. നിന്നെ ജീവനാ അവൾക്ക്.. എന്റെ മരുമോളായിട്ട് ഗായൂട്ടി വേണം ഈ വീട്ടിൽ. അച്ഛന്റെയും അമ്മേടേം കണ്ണടയണ കാലത്ത് ന്റെ മോനൊരു കൂട്ട് വേണ്ടേ. ”

“വേണ്ട അമ്മേ… എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു ഒരു പെണ്ണ് വരട്ടെ… സഹതാപം കൊണ്ട് അല്ലാതെ ഉള്ളിൽ തട്ടി എന്നോട് ഇഷ്ടം തോന്നി ഒരു പെണ്ണ് എന്ന് വരുന്നോ അന്ന് ഞാൻ റെഡി.. ഒന്നും മറച്ചു വച്ചു വേണ്ട.. ഗായ നല്ല കുട്ടിയാണ്. അവൾക്ക് എന്നെപ്പോലൊരാൾ വേണ്ട. അവളോട്‌ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല.. ഇഷ്ട്ടാണ് ഒത്തിരി.. പക്ഷെ വേണ്ട.. ഇനി ഈ കാര്യത്തിൽ ഒരു സംസാരം വേണ്ട. അമ്മ പോയി ചോറ് വിളമ്പിയെ എനിക്ക് നല്ല വിശപ്പ് ”

അമ്മയ്ക്ക് മുഖം കൊടുക്കാതെ അത്രയും പറഞ്ഞു കൊണ്ട് അകത്തേക്ക് കയറുമ്പോഴാണ്

“ഒടിയാ കുറച്ചു കഞ്ഞിയെടുക്കട്ടെ? ” എന്നൊരു ചോദ്യം അടുക്കളയിൽ നിന്ന് കേട്ടത്. ചെന്ന് നോക്കുമ്പോൾ ദേ അടുക്കളയിൽ നിൽക്കുന്നു കുട്ടിപ്പിശാച്.

“അമ്മേ.. അമ്മേ.. ”

അടുക്കളയിൽ നിന്നൊരു അലർച്ചയായിരുന്നു ഞാൻ..

“എന്താടാ.. ” അമ്മ ഓടി വന്നു.

“ദേ ഇവൾക്കെന്താ ഇവിടെ ഈ സമയത്തു കാര്യം.. ഇറങ്ങിപ്പോടി അടുക്കളെന്നു ”

അവളെ നോക്കി കണ്ണുരുട്ടിയിട്ട് അമ്മയോട് ഞാൻ അത് പറഞ്ഞതും അവളോടി അമ്മയുടെ പിന്നിൽ ചെന്ന് നിന്ന് നഖം കടിച്ചു കൊണ്ട് പറഞ്ഞു

“ഞാൻ പോകൂല്ല “.

സത്യത്തിൽ അത് കണ്ടപ്പോ എനിക്ക് ചിരി വന്നെങ്കിലും അത് പുറത്ത് കാട്ടാതെ ഞാൻ അമ്മയെ നോക്കി.

“ഡാ അപ്പുറത്ത് ശങ്കരേട്ടനും നിർമ്മലേം ഒരു മരണാവശ്യത്തിനു പോയിട്ട് എത്തിയിട്ടില്ല. വരാൻ ഇത്തിരി വൈകും മോളെ ഇവിടെ നിർത്തിക്കോ എന്ന് പറഞ്ഞു ഫോൺ വന്നിട്ടുണ്ടായിരുന്നു. കൊച്ച് ഇവിടെ നിൽക്കട്ടെ.. നീ വന്നിരുന്നു കഴിക്ക് ”

അമ്മ പറഞ്ഞത് കേട്ട്, “എനിക്ക് വേണ്ട.. ഉണ്ടാക്കി വച്ചതൊക്കെ അമ്മേം മോളും കൂടി കഴിച്ചോ ” എന്നൊച്ച വച്ച് ചവിട്ടിക്കുലുക്കി ഞാൻ മുറിയിലേക്ക് പോയി.

കട്ടിലിൽ ചെന്ന് കിടന്നൊരു സിഗരറ്റിനു തീ കൊളുത്തി, ആഞ്ഞു വലിച്ച് പുക ഊതിക്കൊണ്ട് മുകളിലേക്ക് നോക്കിയപ്പോഴുണ്ട്, എന്റെ പിന്നാലെ പമ്മി പതുങ്ങി മുറിയിലേക്ക് വന്നവള് ദേ തലയ്ക്കല് കത്തിച്ചു വച്ച നിലവിളക്ക് പോലെ കുത്തനെ നിൽക്കുന്നു. ചാടിപ്പിടഞ്ഞെണീറ്റ്, അമ്മ അവിടെങ്ങാനുമുണ്ടോ എന്നെത്തി നോക്കി സിഗരറ്റ് കുത്തിക്കെടുത്തി ഞാൻ അവളെ നോക്കി പല്ല് കടിച്ചു. ഒച്ച വച്ചാൽ ശരിയാവില്ല… എന്റെ വലിയൊരു കള്ളത്തരം തൊണ്ടി സഹിതം കണ്ടുപിടിച്ചിട്ടുള്ള നിൽപ്പാണ് പെണ്ണിന്റേത്. എന്നെ നോക്കിയൊന്ന് ചിരിച്ചിട്ട് അവൾ മെല്ലെ എന്റെയടുത്തു വന്നിരുന്നു. എനിക്കെന്തോ അവളോട്‌ ദേഷ്യം തോന്നിയില്ല അന്നേരം. കുറച്ചു നേരം എന്റെ മുഖത്ത് തന്നെ നോക്കിയിരുന്നിട്ട് അവൾ ചോദിച്ചു

“എന്തേ.. ഒച്ച വയ്ക്കാതെ… എന്നോട് ദേഷ്യപ്പെടാത്തെ .. ”

ഞാൻ ഒന്നും മിണ്ടിയില്ല,അവളെ തള്ളിമാറ്റി എണീറ്റു പോകാൻ ഒരുങ്ങുമ്പോഴാണ് അവളെന്റെ കയ്യിൽ പിടിച്ചു ചോദിച്ചത്

“ദേവേട്ടാ… ദേവേട്ടന് ന്നെ ഒട്ടും ഇഷ്ടമല്ലേ… ”

ചോദിച്ചു തീരും മുൻപേ നിറഞ്ഞൊഴുകാൻ തുടങ്ങിയ അവളുടെ ഞാവൽക്കണ്ണുകളിൽ എന്നോടുള്ള അളവില്ലാത്ത സ്നേഹം എനിക്ക് കാണാൻ കഴിഞ്ഞു. എങ്കിലും ഒന്നും മിണ്ടാതെ അവളുടെ കൈ കുടഞ്ഞു മാറ്റി നടക്കാനൊരുങ്ങിയ എനിക്ക് മുന്നിലേക്ക് കയറി നിന്ന് എന്നെ ഞെട്ടിച്ചു കൊണ്ടവൾ പറഞ്ഞു

“കല്യാണം കഴിഞ്ഞു അഞ്ചാം നാൾ കെട്ടിയ പെണ്ണ് കാമുകന്റെ കൂടെപ്പോയപ്പോ ഉണ്ടായ വേദനയും അപമാനവും പേറി ജീവിക്കുന്നൊരുവനോട് സഹതാപം കൊണ്ട് തോന്നിയ ഇഷ്ടമല്ല ഈ ഗായത്രിക്കുള്ളത്. ”

അത് കേട്ട് ഒരു ഞെട്ടലോടെ അവളെത്തന്നെ അങ്ങനെ നോക്കി നിൽക്കുമ്പോൾ, എന്നെ നോക്കിയൊന്ന് അലിവോടെ ചിരിച്ച് മെല്ലെയെൻറെ അടുത്തേക്ക് വന്ന്, എന്റെ നെഞ്ചിൽ തൊട്ട് കൊണ്ട് അവൾ പറഞ്ഞു

“സത്യം ദേവേട്ടാ…എല്ലാവരും നമ്മുടെ കല്യാണക്കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ, അമ്മ ഇതെന്നോട് പറഞ്ഞിരുന്നു. അഞ്ചു വർഷം മുൻപ് ദേവേട്ടന്റെ കല്യാണം കഴിഞ്ഞതാണെന്നും, അഞ്ചു ദിവസം കഴിഞ്ഞപ്പോ ആ പെണ്ണ് വേറൊരുത്തന്റെ കൂടെ പോയെന്നും.. അന്ന് തൊട്ട് പിന്നെയുള്ള ദേവേട്ടന്റെ ജീവിതം… ഒക്കെ അറിഞ്ഞപ്പോ,ഇനി ഒരു വേദനയ്ക്കും വിട്ട് കൊടുക്കാതെ ജീവിതകാലം മുഴുവൻ ദേവേട്ടനെ സ്നേഹിക്കണമെന്നു തോന്നി എനിക്ക്. ഏട്ടൻ നേരത്തെ അമ്മയോട് പറഞ്ഞത് പോലെ, ഉള്ളിൽ തട്ടി തോന്നിയ ഇഷ്ടം…. അന്ന് അങ്ങനെയൊക്കെ ഉണ്ടായത് ദേവേട്ടന്റെ തെറ്റ് കൊണ്ടല്ലല്ലോ പിന്നെന്തിനാ എനിക്ക് ദേവേട്ടനോട് സഹതാപം… ഇത്തിരി മുൻപ് വരെ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു, ദേവേട്ടന്റെ ലൈഫിൽ അങ്ങനെയൊക്കെ സംഭവിച്ചത്, അത് ദേവേട്ടനെ എനിക്ക് വേണ്ടി മാത്രം ഈശ്വരൻ കരുതി വച്ചത് കൊണ്ടാണെന്നു…പക്ഷെ ഇപ്പൊ എനിക്ക് മനസിലായി ഈ മനസ്സിൽ ഞാൻ ഇല്ലെന്നു .. എനിക്ക് അറിയാം ഇനിയൊരു പെണ്ണിനെ ഏട്ടൻ വിശ്വസിക്കില്ല.. അത് ഏട്ടന്റെ കുറ്റമല്ല…. ഞാൻ പൊയ്ക്കോളാട്ടോ.. ഇനി ശല്യം ചെയ്യില്ല ഒരിക്കലും .. ”

പറഞ്ഞു നിർത്തി, നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട്, തിരിഞ്ഞു നടക്കാനാഞ്ഞ അവളുടെ കയ്യിൽ പിടിച്ച് നിർത്തിയിട്ടു ഞാൻ പറഞ്ഞു

” എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവളെപ്പോലെ നടന്ന് എന്നെ പൊട്ടനാക്കിയല്ലെടി നീ…ഫസ്റ്റ് ആൻഡ് ലാസ്റ്റ് വാണിംഗ് ആണ്, നാളെ മുതൽ ഈ വീടിന്റെ പടി നീ ചവിട്ടരുത്…കേട്ടല്ലോ… ”

അവളെന്നെ വേദനയോടെ നോക്കിയിട്ട്, അനുസരണയോടെ തലയാട്ടി. നിറഞ്ഞ കണ്ണുകൾ കൂടുതൽ നിറഞ്ഞൊഴുകി.മെല്ലെ ആ മുഖം പിടിച്ചുയർത്തി ഞാനവളോട് പറഞ്ഞു

“ഇനി ദേവദത്തൻ കെട്ടിയ താലി കഴുത്തിലിട്ട്, എന്റെ അമ്മേടെ മരുമോളായി നീ ഈ വീടിന്റെ പടി കയറിയാ മതി…..അല്ലാതെ ഇനി നീ ഈ വീടിനകത്തു തെങ്കര കൊട്ടി നടക്കണതെങ്ങാനും കണ്ടാൽ നിന്റെ രണ്ടു കാലും ഞാൻ തല്ലിയൊടിക്കും…കേട്ടോടി കുട്ടിപ്പിശാചേ ”

ഞാൻ പറഞ്ഞത് കേട്ട് ഞെട്ടി, ഉണ്ടക്കണ്ണുകൾ മിഴിച്ച് അവളെന്നെ നോക്കി. കണ്ണുനീരിൽ കുതിർന്ന ആ കവിളുകൾ കൈത്തലം കൊണ്ട് തുടച്ചു കൊടുത്ത് ഞാൻ പറഞ്ഞു

“ഇഷ്ട്ടാടി എനിക്ക് നിന്നെ… ഇഷ്ടമെന്ന് പറഞ്ഞാൽ ജീവനാണ് എനിക്ക്.. നിന്നെ ഞാൻ ഒത്തിരി നോവിച്ചിട്ടുണ്ട്.. അതൊന്നും സ്നേഹം ഇല്ലാത്തത് കൊണ്ടല്ല…. പിന്നെ എന്താന്നു ചോദിച്ചാൽ അത് ഗായൂ.. ഞാൻ.. എന്റെ.. ”

പറയാൻ വാക്കുകൾ കിട്ടാതെ വിക്കി നിന്ന എന്റെ വായ പൊത്തിക്കൊണ്ടവൾ പറഞ്ഞു

” ഒന്നും പറയണ്ട… ഗായത്രി എന്നും ദേവേട്ടന്റെയാണ്.. വാക്ക് ”

അവളുടെ വാക്ക് നെഞ്ചിലേറ്റ് വാങ്ങിയതിന്റെ പതിനഞ്ചാം നാൾ, എന്റെ പെണ്ണായി, എന്റെ താലി കഴുത്തിലിട്ട് അവളെന്റെ വീടിന്റെ പടി കയറുമ്പോൾ, ജീവിതത്തിൽ അന്ന് വരെ അനുഭവിച്ച അപമാനവും വേദനയും എന്നന്നേക്കുമായി മായ്ച്ചു കളഞ്ഞ് ഞാനെന്റെ പെണ്ണിന്റെ ഇടം കയ്യിൽ മുറുകെപ്പിടിച്ചു.. പക്ഷെ എന്റെ പെണ്ണിന്റെ സ്വഭാവത്തിന് ആ ദിവസവും വലിയ മാറ്റമില്ല.. കുട്ടിപ്പിശാച് അന്നേരം ചോദിക്കുവാ

“ഞാൻ ഓടിപ്പോകാതിരിക്കാനാണോ ചെക്കനെന്റെ കയ്യിൽ പിടിച്ചേക്കണെ? ”

ഞാൻ അവളെ നോക്കി വെറുതെ ഒന്ന് ചിരിച്ചു.. പിന്നെ പതിയെ ആ കാതിൽ പറഞ്ഞു

“ഇതിനുള്ള മറുപടി ഞാൻ നിനക്ക് രാത്രി തരാടി കുട്ടിപ്പിശാചേ.. ”

രചന: ബിന്ധ്യ ബാലൻ

Leave a Reply

Your email address will not be published. Required fields are marked *