ഞാൻ അവന്റെ തോളിൽ കൈ ഇടാൻ ശ്രമിക്കുമ്പോൾ അവൻ കൈ തട്ടി മാറ്റിയിട്ടു പറഞ്ഞു…

രചന: മുരളി.ആർ.

“എടാ അളിയാ.. അല്ലേലും ഈ സാരിയുടുത്ത പെണ്ണുങ്ങളെ കാണാനൊരു പ്രത്യേക ചേല അല്ലെ..?” ബസ്റ്റോപ്പിൽ ഇരുന്ന് ഞാൻ ഗോകുലിനോട് പറയുമ്പോൾ ആ പെൺകുട്ടി ഉടനെ ഞങ്ങളെ ഒന്ന് നോക്കി. അതുവരെ മൊബൈലിൽ നോക്കി ഇരുന്ന അവൻ ഉടനെ എഴുന്നേറ്റിട്ട് എന്നോട് പറഞ്ഞു.

“എന്റെ പൊന്നളിയാ.. എന്നെ വിട്ടേക്ക്. ഞാൻ പോവാ.. എനിക്ക് വീട്ടിൽ പണിയുണ്ട്, ഇനി ഇവിടെ നിന്നാ പണി കിട്ടും.”

“എടാ പോകല്ലേ.. ആ പെണ്ണിന് മലയാളം അറിയില്ലടാ.. നീ നിക്ക്, നമുക്ക് അവളെ വളക്കാം.” ഞാൻ അവന്റെ തോളിൽ കൈ ഇടാൻ ശ്രമിക്കുമ്പോൾ അവൻ കൈ തട്ടി മാറ്റിയിട്ടു പറഞ്ഞു.

“നീ ഒറ്റക്കിരുന്നു വളച്ചോ.. ഞാൻ പോവാ..” എന്നോട് അവൻ പറഞ്ഞിട്ട് അവന്റെ ബൈക്കും എടുത്തു പോയി. ഇതിന് മുമ്പ് ഇതെ സ്റ്റോപ്പിൽ മറ്റൊരു സ്ത്രീയുടെ കൂടെ ബസ് കയറാൻ ഈ പെൺകുട്ടി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് തമിഴ് സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴാണ് എനിക്ക് മനസിലായത് കക്ഷി തമിഴാണെന്ന കാര്യം. ഏതോ വീട്ടിൽ പണിക്കു പോകുന്നതാണെന്ന് തോന്നി. ഏറെ നേരം ബസ് കാത്തു ആ പെൺകുട്ടി നിന്നു. ഇടക്ക് എന്നെയും നോക്കുന്നുണ്ട്. ചുറ്റും നോക്കിയിട്ട് ഞാൻ പതിയെ ആ പെണ്ണിനോട് പറഞ്ഞു.

“അതെ.. കുറച്ച് നാളായിട്ട് പറയണോന്നു വെച്ചതാ.. എനിക്കെ, കൊച്ചിനെ ഇഷ്ടാ..” അത് പറയുമ്പോൾ അവൾ കേട്ട ഭാവം നടിച്ചില്ല. തമിഴിൽ ഒന്നൂടെ ശ്രമിച്ചാലോ എന്ന് എന്റെ മനസ് പറഞ്ഞു. ഞാൻ വീണ്ടും ചുറ്റും നോക്കിയിട്ട് പതിയെ എഴുന്നേറ്റു. മേലേപ്പറമ്പിൽ ആൺവീട് സിനിമയിൽ ജഗതി ചേട്ടൻ പറയുന്ന ഡയലോഗ് അങ്ങ് പറഞ്ഞു.

“അത് പിന്നെ.. കുട്ടി.. വേലക്കാരി ആയിരുന്താലും നീ എൻ മോഹനവല്ലി.” പറഞ്ഞു തീർന്നതും പെൺകുട്ടി എന്നെയും ഒന്ന് നോക്കി, ഞാനും അവളെ നോക്കി. ഞാൻ പറഞ്ഞതിന്റെ അർഥം മാറിയോ..? അവൾ എന്നെ കൂടുതൽ തുറിച്ചു നോക്കിട്ട് പറഞ്ഞു.

“അടെ.. നായേ.. അടി സെരുപ്പലെ.. എന്നാടാ, മലയാളം തെറിയത് നെനച്ചയാ.. എനക്ക് മലയാളം കേട്ട പുരിയും. തമിഴ് പൊണ്ണ്ന്നാ, ഉണക്ക്‌ അവളോവ് എലക്കാരമാ പോയിരിച്ചോ..? ഇനി ഇന്ത പക്കം ഉന്നെ നാൻ പാത്തേ, സേവിട് പിഞ്ചുറും.” അവൾ അത് പറഞ്ഞു തീർന്നതും, ഉടനെ ബസ് വന്നത് എന്റെ ഭാഗ്യത്തിനായിരുന്നു. ബസ്സിൽ കയറുമ്പോഴും എന്നെ അവൾ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഒരു മറുപടി പോലും തിരിച്ചു പറയാതെ പകച്ചു പോയി ഞാൻ നിന്നു. പിന്നെയാണ് ഞാൻ ഒരു സത്യം അറിഞ്ഞത്. കഴിഞ്ഞ ദിവസം ഇതെ അനുഭവം നമ്മുടെ ഗോകുലിനും ഉണ്ടായി എന്ന കാര്യം. അതാണല്ലോ, അവൻ ആദ്യം തന്നേ വീട്ടിലേക്ക് പോയത്.

രചന: മുരളി.ആർ.

Leave a Reply

Your email address will not be published. Required fields are marked *