ചേച്ചിയേം കൂട്ടി ജോലിസ്ഥലത്തു പോയപ്പോൾ ആണ് ആദ്യത്തെ പണി കിട്ടിയത്…

രചന: മഞ്ജു ജയകൃഷ്ണൻ

“എലി കിടന്നു കരഞ്ഞാലും പൂച്ച കടി വിടുമോ “?

‌എട്ടു നാടും പോട്ടെ ചേച്ചി കിടന്നു അലറാൻ തുടങ്ങി.. ഞാനും അമ്മയും ഈ നാട്ടുകാർ അല്ല എന്ന മട്ടിൽ ഇരുന്നു.

“എന്നതാടി കൊച്ചേ ഒരു ബഹളം”..

എന്നു കേട്ട് ചാച്ചൻ വന്നപ്പോഴേക്കും ഞാനും അമ്മയും പരസ്പരം നോക്കി ഇരുന്നു

അതെ ചാച്ചാ ചേച്ചിക്ക് വിശേഷം ഉണ്ട്.. ഞാൻ പറഞ്ഞു നിർത്തി

ചാച്ചൻ അന്തിച്ചു അമ്മയെ നോക്കി..

എടി അതിനു ഇളയ കൊച്ചിന് ആറുമാസം തികഞ്ഞില്ലല്ലോ… മൂത്തത് ആണെങ്കിൽ ഗജ പോക്കിരിയും. ഇവൾ ഇതിനെ ഒക്കെ എങ്ങനെ നോക്കും

ഇവളുടെ കല്യാണ ചിലവിനേക്കാൾ ഇപ്പോൾ പ്രസവത്തിനു ആയി.. ചാച്ചൻ പറഞ്ഞു നിർത്തി

ചേച്ചിയുടെ ഭർത്താവ് “നോക്കണ്ട ഉണ്ണി ഇതു ഞാൻ അല്ല ” എന്ന രീതിയിൽ കഴിക്കാൻ ഇരുന്നു… ആദ്യരാത്രി കഴിഞ്ഞു പരസ്പരം മുഖത്തു നോക്കാൻ മടിക്കുന്ന ദമ്പതികളെപ്പോലെ ചാച്ചനും ചേച്ചിയുടെ ഭർത്താവും

എനിക്കാണേൽ ചിരി സഹിക്കാൻ പറ്റിയില്ല…

“പറ്റിപ്പോയി ചാച്ചാ ” എന്നു കൂടി പറഞ്ഞപ്പോൾ ഞാൻ തലയറിഞ്ഞു ചിരിച്ചു

അമ്മേ ‘കാച്ചെണ്ണ, മുല്ലപ്പൂ ‘ അതൊക്കെ ആവും പ്രശ്നം അല്ലേ എന്ന് ചോദിക്കുന്നതിന് മുന്നേ അമ്മ വെട്ടികൊണ്ടിരിക്കുന്ന മീനിന്റെ ചെതുമ്പലും വെള്ളവും എന്റെ തല ലക്ഷ്യമാക്കി പാഞ്ഞു

കഥാനായികക്ക് അതായത് എന്റെ ചേച്ചിക്ക് പിന്നെ ചമ്മൽ എന്താ എന്നു പോലും അറിയില്ല . ‘പെണ്ണുങ്ങൾ അല്ലേടി ഇതൊക്കെ നോക്കേണ്ടേ ‘ എന്നു അമ്മ പറഞ്ഞപ്പോൾ അവളുടെ ഒരു ഡയലോഗ്

“കർത്താവ്‌ തരുന്നു നമ്മൾ കൈ നീട്ടി വാങ്ങിക്കുന്നു ”

ചേട്ടൻ പട്ടാളക്കാരൻ ആണ്.. ഇടക്ക് ആള് വീട്ടിൽ എത്തും.. ചേച്ചി എന്നു വെച്ചാൽ ഒരുപാട് സ്നേഹം ആണ്

ചേച്ചിയേം കൂട്ടി ജോലിസ്ഥലത്തു പോയപ്പോൾ ആണ് ആദ്യത്തെ പണി കിട്ടിയത്.. ചെന്നു മൂന്നാം മാസം പെണ്ണ് പുളിമാങ്ങ തിന്നാൻ തുടങ്ങി.. പിന്നെ ചേച്ചിയെ വീട്ടിൽ ആക്കി.. ഈ സമയത്തു കഴിക്കാൻ ആഗ്രഹിക്കുന്നതൊക്കെ കിട്ടുമല്ലോ

അവസരം മുതലാക്കി അവൾ ഒരുവിധം എല്ലാ സാധനങ്ങളും അകത്താക്കി… മരുന്നിനു പോലും ഒന്നും ആർക്കും അവൾ കൊടുത്തില്ല

തടിച്ചു വീർത്തു ഏതോ ഒരു രൂപത്തിലേക്ക് അവൾ മാറി.പൊന്നു പോലെ നോക്കിയിട്ടും അവൾക്കെന്നും പരാതി മാത്രം ആയിരുന്നു

അങ്ങനെ കുറച്ചു നാൾ ചേട്ടന്റെ വീട്ടിൽ പോയി…

ചേട്ടന്റ അമ്മ കീരിയും ഇവൾ പാമ്പും ആണ്… അവിടെ അടി വെച്ചാലും കാര്യം ഇല്ലെന്ന് അവൾക്കറിയാം. ചേട്ടന് അമ്മ കഴിഞ്ഞേ ഉള്ളൂ മറ്റെന്തും.. അവിടെ പോയി പിന്നെ വീട്ടിൽ വരുമ്പോൾ കുറച്ചൊക്കെ മര്യാദക്കാരിയാകും… അധികം താമസിയാതെ മൂഷിക സ്ത്രീ ആകുകയും ചെയ്യും

രണ്ടാമത്തെ പ്രസവത്തിനു ശേഷം അവൾ മടങ്ങിപ്പോയില്ല. ചേട്ടന്റെ ജോലിസ്ഥലത്തെക്കു പോകാൻ റെഡി ആയി ഇരിക്കുമ്പോൾ ആണ് പണി പാലും വെള്ളത്തിൽ കിട്ടിയത്

അവളുടെ സ്കാനിംഗ് കഴിഞ്ഞു വന്നപ്പോൾ ചേട്ടൻ രണ്ടു കുപ്പി വെള്ളം കുടിച്ചു തീർത്തു.. അവൾ ഒന്നും മിണ്ടിയില്ല….

“കൊച്ചിന് കുഴപ്പമൊന്നും ഇല്ലല്ലോ ”

എന്നുള്ള ചോദ്യത്തിനു ചേട്ടൻ ഒന്ന് മൂളി

അധികം താമസിയാതെ ഞങ്ങൾ ആ സത്യം മനസ്സിലാക്കി. ചേച്ചിക്ക് ഡബിൾ ലോട്ടൊ ആണ്..

“ഒന്നിനെ കളഞ്ഞാലോ “? എന്നുള്ള ചേച്ചിയുടെ ചോദ്യവും ചേട്ടന്റെ ‘ടപ്പെ ‘ എന്നുള്ള അടിയും ഒരുമിച്ചായിരുന്നു. ‘ശവം’ എന്നു പറഞ്ഞു ചേട്ടൻ ഇറങ്ങിപ്പോയി. പിന്നീട് ചേട്ടൻ അധികം വരാതായി.. ചേച്ചിയോടുള്ള സ്നേഹം പോലും കുറഞ്ഞ പോലെ തോന്നി

ഒടുവിൽ രണ്ടു പേര് ആയതു കൊണ്ട് സിസേറിയൻ ആവും എന്ന് പറഞ്ഞു… പക്ഷെ രണ്ടു പേരുടെയും ജീവൻ അപകടത്തിൽ ആയി.. ഒന്നില്ലെങ്കിൽ ‘അമ്മ ‘ അല്ലെങ്കിൽ ‘കുഞ്ഞുങ്ങൾ ‘എന്ന അവസ്ഥയിൽ എത്തി

ചേട്ടൻ ഉൾപ്പെടെ അമ്മയുടെ ജീവന് പ്രാധാന്യം കൊടുക്കാൻ പറഞ്ഞപ്പോൾ അലറിക്കരഞ്ഞു കൊണ്ട് ചേച്ചി പറഞ്ഞു

“ഞാൻ പോയാലും എനിക്കെന്റെ പിള്ളേരെ വേണം ” എന്ന്

പണ്ടു ചേച്ചി പറഞ്ഞ വാക്കുകൾ ആറാം പറ്റിയ പോലെ ആയി..

ഒരാളെയും ചേച്ചിയെയും ഞങ്ങൾക്ക് കിട്ടിയുള്ളൂ…. എത്ര സന്തോഷം വന്നാലും നഷ്ടപ്പെട്ട കുഞ്ഞിന്റെ കാര്യം അവൾ എപ്പോഴും പറയും സങ്കടപ്പെടും… ലൈക്ക് കമന്റ് ചെയ്യണേ…

രചന: മഞ്ജു ജയകൃഷ്ണൻ

1 thought on “ചേച്ചിയേം കൂട്ടി ജോലിസ്ഥലത്തു പോയപ്പോൾ ആണ് ആദ്യത്തെ പണി കിട്ടിയത്…

  1. നന്നായിട്ടുണ്ട്… എന്നാലും വേഗത്തിൽ തീർന്ന പോലെ…

Leave a Reply

Your email address will not be published. Required fields are marked *