അങ്ങാടിയിൽ വായിനോക്കി ഇരിക്കുന്ന നി എന്റെ മോളെ കെട്ടിയിട്ട് അവളെ എങ്ങനെ തീറ്റി പോറ്റാനാ…

രചന: ബാസി ബാസിത്

“ഒരു ജോലിയും എടുക്കാതെ രാവിലെ മുതൽ അങ്ങാടിയിൽ വായിനോക്കി ഇരിക്കുന്ന നി എന്റെ മോളെ കെട്ടിയിട്ട് അവളെ എങ്ങനെ തീറ്റി പോറ്റാനാ… എന്റെ മോളെ നല്ല ആരെയെങ്കിലും കണ്ടെത്തി ഞാൻ കെട്ടിച്ചു വിട്ടൊളാം നീ അതിൽ ബുദ്ധിമുട്ടണ്ട… അവന്റെ ഒരു പ്രേമം..”

അതും പറഞ്ഞു പുച്ഛത്തോടെ രമേഷേട്ടന്റെ പുറത്തേക്കുള്ള തള്ളും അകത്തു ഒളിഞ്ഞു നോക്കുന്ന അനുവിന്റെ പരിഹാസ ചിരിയും കൂടി ആയപ്പോൾ ആറു വർഷക്കാലം പണിതു കൂട്ടിയ പ്രണയ കൊട്ടാരങ്ങൾ ഏല്ലാം തന്റെ മുന്നിൽ തകർന്നു വീണിരുന്നു.

എന്തു സംഭവിച്ചാലും മരിക്കും വരെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞ അനു തൊട്ടടുത്ത ദിവസം ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോൾ “എന്റെ പിന്നാലെ നടക്കാൻ നാണമില്ലേടോ,ഒരു ജോലി പോലും ഇല്ലാതെ പെണ്ണ് ചോദിക്കാൻ വന്നിരിക്കുന്നു,ജോലി ശരിയാക്കാൻ ഞാൻ അന്നേ പറഞ്ഞതല്ലേ,ഇപ്പോൾ അച്ഛൻ പറഞ്ഞത് തന്നെ എന്റെയും തീരുമാനം”എന്നും പറഞ്ഞു കൂട്ട്കാർക്ക് ഇടയിൽ വെച്ച് പരിഹസിച്ചപ്പോൾ എന്നേക്കുമായി സ്വയം ഇല്ലാതാകാൻ ഉറപ്പിച്ചായിരുന്നു അന്ന് വീട്ടിലേക്ക് മടങ്ങിയത്.

ഒരു പിടി കയറിൽ ജീവൻ ഒടുക്കാൻ തുനിഞ്ഞ വിവരം മുന്നേ അറിഞ്ഞിട്ടെന്ന പോലെ എന്റെ ചെയ്തികൾ കണ്ട് നിന്ന് അമ്മ ഒച്ച വെച്ച് കരഞ്ഞപ്പോൾ ഭാഗ്യം കൊണ്ടോ നിര്ഭാഗ്യം കൊണ്ടോ അന്ന് അതിനു മുതിർന്നില്ല. ആ രാത്രി ഞാൻ ഉറങ്ങിയില്ല എന്ന പോലെ വീടും ഉറങ്ങിയില്ല.

“ഇതിനായിരുന്നോടാ ഞാൻ ഇത്രെയും നിന്നെ വലുതാക്കിയത്, അച്ഛനില്ലാത്തതിന്റെ വേദന എപ്പോഴെങ്കിലും നിന്നെ ഞാൻ അറിയിച്ചിട്ടുണ്ടോ…എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ… എന്നിട്ടു ഇപ്പൊ നീ ഏതോ ഒരു പെണ്ണിന് വേണ്ടി ഈ അമ്മയെ ഒക്കെ മറന്ന്….” അതും പറഞ്ഞു അമ്മ അകത്തേക്ക് കയറി പോയപ്പോൾ സത്യത്തിൽ അന്നായിരുന്നു ഞാൻ ആദ്യമായി അമ്മയെ കുറിച്ചു ചിന്തിച്ചത്,ഒപ്പം എന്നെയും.

കാലം ഇത്ര ആയിട്ടും ഒരു ജോലി പോലും ചെയ്യാതത്ത എന്നെ വളർത്തിയ അമ്മ, അടുത്ത വീടുകളിലെ പത്രം കഴുകി വൃത്തിയാക്കി അമ്മ സ്വരുക്കൂട്ടുന്ന പൈസ കൊണ്ട് മൂന്ന് നേരം കൃത്യമായി വിഴുങ്ങുകയല്ലാതെ ഞാൻ എന്താണ് അമ്മക്ക് തിരിച്ചു കൊടുത്തത്. ചിന്തകളിൽ മുഴുകിയ ആ രാത്രി ചുമലിൽ ഒരു കൈ തലോടിയപ്പോൾ ഞാൻ ഒരു സത്യം കൂടി തിരിച്ചറിഞ്ഞിരുന്നു. എന്റെ അനിയത്തി കുട്ടി കല്യാണം പ്രായം ആയിരിക്കുന്നു.

“ഏട്ടാ”കരഞ്ഞ കണ്ണുകളോടെ അന്നവൾ വിളിച്ചപ്പോൾ അവളുടെ ആ കണ്ണീരിൽ മുഴുവൻ സ്നേഹം മാത്രമായിരുന്നു.

‘എന്റെ ഏട്ടന് ആരുടെ മുന്നിലും തോൽക്കരുത്, ഏട്ടന്റെ പഠിപ്പ് ഫുൾ ആക്കാൻ ഇത് മതിയാകും,പണം ഇല്ലാന്ന് പറഞ്ഞു ഇനിയും നാട്ടിൽ അലഞ്ഞു നടന്നു എന്റെ ഏട്ടന് ജീവിതം നശിപ്പിക്കരുത്…’ കഴുത്തിലെ മാല ഊരി കയ്യിൽ വെച്ചു അവൾ അത് പറയുമ്പോൾ മൗനിയായി നിൽക്കാനേ എനിക്കായിരുന്നൊള്ളു.

“അവൾ പോട്ടെ, ചേട്ടൻ ജോലി ഒക്കെ ആയി തിരിച്ചു വരുമ്പോഴേക്ക് ഞാൻ നല്ല ഒരു പെണ്ണിനെ കണ്ടെത്തും, അല്ലേലും അവൾക്ക് ഇത്തിരി ജാടയാണ്… പൈസയുടെ ഹുങ്ക്…” കയ്യിൽ പിടിച്ചു പല്ലു കടിച്ചു കൊണ്ട് അവൾ അത് പറഞ്ഞു നിർത്തുമ്പോൾ എന്റെ ഉള്ളിലും എന്തൊക്കെയോ വികാരങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു.

ഉറക്കില്ലാതെ പോയ ആ രാത്രി പുലരുമ്പോഴേക്കും ജീവിതം ജയിക്കാനുള്ള വാശി എന്റെ ഉള്ളിലും തല പൊക്കിയിരുന്നു,തന്നെ പരിഹസിച്ചു പടി ഇറക്കിയവർക്ക് മുന്നിൽ തല ഉയർത്തി നിൽക്കണം… ഉള്ളിൽ നിന്ന് അത് പുകയാൻ തുടങ്ങി.

ആ വാശി തീവ്രമായി വളർന്നപ്പോഴാണ് പാതി വഴിയിൽ പണം ഇല്ലാതെ ഇറങ്ങി പോരേണ്ടി വന്ന എൻജിനിയർ എന്ന സ്വപ്നത്തിലേക്ക് തിരിച്ചു നടന്നതും,മെച്ചപ്പെട്ട മാർക്കോടെ ജയിച്ചതും.

അവളാ, എന്നെ അങ്ങനെ ഒക്കെ ആക്കിയത്, അവളെ കാണാൻ വേണ്ടി ആയിരുന്നു അന്ന് പഠനം ഉപേക്ഷിച്ചു ഞാൻ നാട്ടിൽ തന്നെ നിന്നിരുന്നത്.അവള എന്നെ നശിപ്പിച്ചത്… ഏയ് അങ്ങനെ ഒന്നും ചിന്തിച്ചു കൂട…

“സർ എയർ പോർട് എത്തി,ഇറങ്ങാം…” ജീവനക്കാരന്റെ ശബ്ദം കേട്ട് ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്ന് സാധനങ്ങൾ എടുത്ത് ആവശ്യ പരിശോധനകൾക്ക് ശേഷം ടാക്സിയിൽ ഇരുന്നു.വണ്ടി നീങ്ങി തുടങ്ങിയപ്പോൾ സൈഡ് വിന്ഡോവിലൂടെ ജന്മ നാടിന്റെ കാറ്റ് വന്നു വാരി പുണർന്നപ്പോൾ വീണ്ടും ചിന്തകളിലേക്ക് ഊളിയിട്ടു.

ജോലി ഇല്ലാതെ നാട്ടിൽ പോകില്ലെന്ന വാശിയും വിദേശത്ത് നല്ല ഒരു കമ്പനിയിലെ ജോലി വാഗ്ദാനവും കൂടി ആയപ്പോൾ നേരെ പറന്നു,സൗദി അറേബ്യാ,പിന്നെ എന്ത് കൊണ്ടും സന്തോഷത്തിന്റെ രാവുകളായിരുന്നു. ആ സന്തോഷത്തിലും അവളുടെ ഓർമ്മകൾ ഇടക്കിടെ വന്ന് കണ്ണുകൾ നനയിച്ചു എന്ന് മാത്രം.

നീണ്ട 4 വർഷത്തിന് ശേഷം നാട്ടിൽ എത്തിയപ്പോൾ എന്തൊക്കെ മാറ്റങ്ങൾ,വണ്ടി നാടിന്റെ അതിർത്തി കടന്നപ്പോൾ കണ്ണുകൾ പരക്കെ നടന്നു.

അഹമ്മദിക്കയുടെ മാവ് മുറിച്ചു മാറ്റപെട്ടിരുക്കുന്നു,കൈകളിൽ അറിയാതെ ഒരു നോട്ടം പതിഞ്ഞു.ആ മുറിവിന്റെ അടയാളം ഇന്നും ബാക്കി ഉണ്ട്. അന്ന് അവൾക്ക് മാങ്ങ പറിക്കാൻ കയറിയതാണ്. കൈ വിട്ടു നിലത്ത് വീണു,തറയിൽ തട്ടി മുറിവ് പറ്റി.

അന്ന് അവൾ എത്ര നേരം ആണ് കണ്ണീർ വർത്തത്,ബോധം ഉണരാത്ത ആ രാത്രി മുഴുവൻ എനിക്ക് വേണ്ടി അവൾ കാവൽ ഇരുന്നു, അന്ന് ഉണർന്നപ്പോൾ കരഞ്ഞു കൊണ്ട് ഒരിക്കലും പിരിയരുത് എന്ന് പറഞ്ഞു കൈ പിടിച്ചു വാവിട്ട് കരഞവൾ ഇന്ന്…

അനു, അവൾക്ക് എങ്ങനെ എന്നെ പിരിയാൻ കയിഞ്ഞു.രാവും പകലും ഇല്ലാതെ ഇഷ്ട്ടം പറഞ്ഞു നടന്നവൾ ഒറ്റ രാത്രി കൊണ്ട് അവൾക്ക് എന്തു പറ്റി…. അതാവും എന്റെ വിധി എന്ന് കരുതാം.

വീട്ടു മുറ്റത്തേക്ക് വണ്ടി കടന്നപ്പോൾ മനസ്സിൽ എന്തോ രണ്ടു വർഷം പിന്നോട്ട് ചലിച്ച പോലെ… അണിഞ്ഞൊരുങ്ങിയ അമ്മ വന്ന് ചേർത്ത് പിടിച്ചു കണ്ണീർ വാർത്ത് “ഈ ദിവസത്തിനു വേണ്ടിയാ അമ്മ കത്തിരുന്നെ… ഇനി മരിച്ചാലും…”അമ്മ പറഞ്ഞു തുടങ്ങും മുന്നേ അവൻ വാ പൊത്തി.

“ഇനിയാ എനിക്ക് അമ്മയുടെ കൂടെ ജീവിക്കേണ്ടത്…”അവൻ പറഞ്ഞു നിർത്തുമ്പോൾ ആ കണ്ണിലും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞിരുന്നു.

പിന്നെ ദിവസങ്ങൾക്ക് വേഗത വളരെ കൂടുതൽ ആയിരുന്നു.

“അതേ ചേട്ടായി,എന്നെ ഏൽപ്പിച്ച കാര്യം ഞാൻ റെഡി ആക്കി വെച്ചിട്ടുണ്ട്…” അനിയത്തിയുടെ വാക്ക് കേട്ട് ഒന്നും മനസ്സിലാവാതെ നിൽക്കുമ്പോൾ അവൾ തന്നെ തുടർന്നു.

“എനിക്ക് ഒരു ചേട്ടത്തി…” അവൾ ചിരിക്കുമ്പോൾ അവന്റെ ഉള്ള് വല്ലാതെ പുകയുന്നുണ്ടായിരുന്നു. അനു അല്ലാതെ മറ്റൊരു പെണ്ണ്, ചിന്തിക്കാൻ പോലും ആകുന്നില്ല.

എതിർത്തു നിന്നിട്ടും പിടിച്ചു നിൽക്കാൻ ആവാതെ അമ്മയുടെയും അവളുടെയും നിർബന്തത്തിനു വഴങ്ങി പെണ്ണ് കാണാൻ പോയെങ്കിലും അവൾ ചായ ആയി വന്നിട്ടും മനസ്സ് നിറയെ അനു ആയത് കൊണ്ട് ഒരു വേള നോക്കാൻ പോലും തോന്നിയില്ല.

“ഇനി അവർക്ക് പറയാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ആവാം…” കാരണവരുടെ വാക്ക് കേട്ട് ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന അവനു മുന്നേ അനിയത്തി, ഉണ്ടെന്ന് പറഞ്ഞു അകത്തേക്ക് പറഞ്ഞു വിട്ടപ്പോൾ എല്ലാം തുറന്ന് പറഞ്ഞു ഒഴിഞ്ഞു മാറാം എന്ന് അവൻ മനസ്സിൽ കണക്കു കൂട്ടി.

തിരിഞ്ഞു നിൽക്കുന്ന അവളുടെ അടുത്ത് പോലും പോകാതെ അവൻ പറഞ്ഞു തുടങ്ങി.

“അതേ,ഞാൻ നിന്നോട് സംസാരിക്കില്ല, കുട്ടി ഉദ്ദേശിക്കുന്ന പോലെ എനിക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ല…ഇങ്ങനെ ഒരു നാടകം കളിച്ചതിൽ കുട്ടി എന്നോട് ക്ഷമിക്കണം…എല്ലാം അമ്മക്കും അനിയത്തിക്കും വേണ്ടിയാ…”ഒരു നെടു വീർപ്പോടെ ഒന്ന് പറഞ്ഞു നിർത്തി.

“എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടാ, പക്ഷെ അവൾക്ക് എന്നെ ഇഷ്ട്ടല്ല, ഇനി ഒരിക്കലും അവൾ എന്റെ അവില്ലേലും അവളെ അല്ലാതെ ആരെയും എനിക്ക് ഭാര്യയായി ചിന്തിക്കാൻ പോലും….” ദുഃഖം കണ്ണീരായി ഒലിച്ചിറങ്ങിയപ്പോൾ തിരിഞ്ഞു നിന്ന അവൾ പെട്ടൊന്ന് അവനെ കെട്ടിപ്പിടിച്ചു.

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൻ അന്തം വിട്ടു നിന്നു.കണ്ണീരിൽ മങ്ങിയ കാഴ്ചയിൽ ചുമരിൽ തൂങ്ങി നിൽക്കുന്ന ആ ഫോട്ടോ കണ്ട് അവൻ ഒന്നു കൂടി നോക്കി,

രമേഷേട്ടൻ….ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു.ഒരു വേള തീ തൊട്ട പോലെ പിന്നോട്ട് മാറി അവളെ തന്നെ നോക്കി.

“അനു,എന്റെ അനു…” അത് ഇത്തിരി ശബ്ദത്തിൽ ആയി പോയിരുന്നു.

“നീ എന്നോട് സംസാരിക്കില്ലേ…പറ…സംസാരിക്കില്ലേ..”അവൾ രണ്ടു കൈകൾ കൊണ്ടും അടിച്ചു കരഞ്ഞു കൊണ്ട് ചോദിച്ചു.

“ഇത്ര കാലം വിട്ടു നിന്നിട്ട് ഒരു വട്ടം പോലും മിണ്ടാതെ…ഇപ്പൊ കണ്ടിട്ടും നീ മിണ്ടില്ലേ..മിണ്ടുല്ലേ…”അവൾ വീണ്ടും അടിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ അവളെ വാരി പുണർന്നു.

“അയ്യടാ… രണ്ടും കൂടെ ഉണ്ടല്ലോ…ഇതൊക്കെ കല്യാണം കഴിഞ്ഞു മതി…” അനിയത്തി കടന്നു വന്ന് കളിയാക്കിയപ്പോൾ കഥയുടെ ട്വിസ്റ്റ് മനസ്സിലാവാതെ അവൻ അവളെ തന്നെ നോക്കി.

“ഞാൻ അല്ല, ദാ അയാൾ…”ചുമരിലേക്ക് കൈ ചുണ്ടി കൊണ്ട് അവൾ പറഞ്ഞു.

“പിന്നെ അനുവും… ചേട്ടയിയെ കൊണ്ട് ജോലി ചെയ്യിക്കാൻ വേറെ ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ട പാവം… ചേട്ടത്തി ഒറ്റ ദിവസവും വീട്ടിൽ വിളിച്ചു ചേട്ടനെ കുറിച്ച് അന്വേഷിക്കാതെ ഉറങ്ങിയിട്ടില്ല…”അനിയത്തി ചിരിച്ചു പറഞ്ഞപ്പോൾ.

“ടീ ഞാൻ എപ്പൊ നിൻറെ ചേട്ടത്തി ആയെ…” അനു അവളെ നോക്കി ചോദിച്ചു.

“പിന്നെ എന്റെ ചേട്ടന്റെ ഭാര്യയെ ഞാൻ വേറെന്തു വിളിക്കണ്ടെ…” അതും പറഞ്ഞു അവിടെ ഒരു പൊട്ടി ചിരി വിടർന്നപ്പോൾ,അവർ രണ്ടു പേരും പരസ്പരം കണ്ണുകൾ നോക്കി നിന്ന് വീണ്ടും പ്രണയം പറഞ്ഞു തുടങ്ങിയിരുന്നു.

രചന: ബാസി ബാസിത്

Leave a Reply

Your email address will not be published. Required fields are marked *