അച്ഛനെത്തേടി

രചന: ജോളി ഷാജി

ഇന്നെന്താ അമ്മേ കുറേ കറികൾ, പായസവും ഉണ്ടല്ലോ.. ഉണ്ണിക്കുട്ടന്റെ പിറന്നാൾ ഇന്നാണോ അമ്മേ…

അല്ല മോളെ, എന്റെ മക്കൾക്ക്‌ ഒരിക്കലും വയറുനിറച്ചു ആഹാരം തരാൻ ഈ അമ്മക്ക് കഴിഞ്ഞിട്ടില്ലല്ലോ.. അതുകൊണ്ട് ഇന്ന് അമ്മ നിറയെ ഭക്ഷണം തരാം രണ്ടാൾക്കും…

ആണോ, എന്തോരും നാളായി വയറു നിറച്ചു ചോറ് കഴിച്ചിട്ട്, സ്കൂളിലെ കഞ്ഞി ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ അല്ലെ അമ്മേ…

ഇനി എന്റെ മോള് അതേക്കുറിച്ചൊന്നും ചിന്തിക്കേണ്ട… ഇനി എന്റെ മക്കൾക്കു വിശപ്പ്‌ ഉണ്ടാവില്ലട്ടോ… മോള് പോയി ഉണ്ണിക്കുട്ടനെ വിളിച്ചെഴുന്നേൽപ്പിക്കു.. കുഞ്ഞ് പട്ടിണി അല്ലെ..

ഞാൻ അവനെ എഴുന്നേൽപ്പിക്കാം അമ്മേ..

ചിന്നുമോൾ വേഗം പോയി ഉണ്ണിക്കുട്ടനെ വിളിച്ചു… കഠിനമാം വിശപ്പാൽ കിടന്ന ഉണ്ണിക്കുട്ടൻ ചിന്നുമോൾടെ വിളി കേട്ടപ്പോൾ തന്നേ എണീറ്റു..

ചേച്ചി, എണീക്കുമ്പോൾ ഞാൻ വീണു പോകുവാ, ഇന്നലെ ഉച്ചക്ക് സ്കൂളിൽ നിന്നും കഞ്ഞി കുടിച്ചതല്ലേ.. പിന്നെ നമ്മൾ ഒന്നും കഴിച്ചില്ലല്ലോ…

അമ്മ വയറുനിറയെ ചോറ് ഉണ്ടാക്കി വെച്ചിട്ടുണ്ട്… കുറേ കറികളും, പായസവും ഒക്കെ ഉണ്ട്.. ഉണ്ണിക്കുട്ടൻ പതുക്കെ എഴുന്നേറ്റു വാ..

ചിന്നുമോൾ ഉണ്ണിക്കുട്ടനെ പിടിച്ചെഴുന്നേല്പിച്ചു അടുക്കളയിലേക്കു കൊണ്ടുപോയി… അടുപ്പിൽ നിന്നും ഉയർന്ന കറികളുടെ മണമടിച്ച ഉണ്ണിക്കുട്ടൻ പറയുവാൻ ആവാത്ത സന്തോഷത്തിൽ ആയി..

അമ്മേ ഉണ്ണിക്കുട്ടന്റെ അച്ഛൻ വന്നോ ഇന്ന്.. നിറയെ കറികൾ ഉണ്ടല്ലോ ഇന്ന്.. ഇതൊക്കെ അച്ഛൻ വാങ്ങിക്കൊണ്ടു വന്നതാണോ…

അവന്റെ ചോദ്യം കേട്ട സീതയിൽ അറിയാതെ പൊട്ടിക്കരച്ചിൽ ആണ് വന്നത്… എടാ നിന്നോട് പറഞ്ഞിട്ടില്ലേ അച്ഛന്റെ കാര്യങ്ങൾ ഇനി ചോദിക്കരുതെന്നു.. എന്നും അതെ ഓരോന്ന് ചോദിച്ചു അമ്മയെ കരയിക്കും ചെറുക്കൻ..

ചേച്ചി… സ്കൂളിൽ സച്ചിൻ പറഞ്ഞു അവന്റെ അച്ഛൻ ജോലികഴിഞ്ഞു വല്ലപ്പോളും വീട്ടിൽ വരുവോള്ളു അപ്പോൾ നിറയെ സാധനങ്ങൾ കൊണ്ടുവരും,, അന്ന് നിറയെ കറിയുണ്ടാക്കും അവന്റെ വീട്ടിൽ എന്നൊക്കെ … അതാണ് ഞാനും ചോദിച്ചത്…

സാരമില്ല ചിന്നുമോളെ ഉണ്ണിക്കുട്ടൻ കുഞ്ഞല്ലേ അവനു അറിയില്ലല്ലോ ഒന്നും… മോൻ ഇരിക്ക് അമ്മ ചോറ് തരാം രണ്ടാൾക്കും…

സീത മക്കൾക്ക്‌ വയറു നിറയെ ചോറ് കൊടുത്തു, അവരുടെ ഏറ്റവും പ്രിയപ്പെട്ട പാൽപ്പായസവും കൊടുത്തു..

അമ്മ കഴിക്കുന്നില്ലേ…

ഞാൻ കഴിക്കാം മോളെ നിങ്ങൾ കഴിച്ചു കഴിഞ്ഞ് …

അടുക്കളയിൽ പത്രങ്ങൾ വൃത്തിയാക്കി വെക്കുമ്പോൾ ചിന്നുമോൾ അടുത്തു വന്നു ചോദിച്ചു.

അമ്മേ, എപ്പോൾ ചോദിച്ചാലും അമ്മ പറയും അച്ഛൻ യാത്ര പോയിരിക്കുന്നു എന്ന്… ശെരിക്കും അച്ഛൻ എങ്ങോടാണ് യാത്ര പോയത് അമ്മേ.. അച്ഛൻ പോയിടത്തെക്ക് നമുക്കും പൊയ്ക്കൂടേ അമ്മേ, നമ്മൾ ഒറ്റയ്ക്ക് ഇവിടെ ഇങ്ങനെ പട്ടിണി കിടക്കണോ അമ്മേ…

മോളെ. പോകാം മോളെ.. നമുക്കും പോകാം… വാ വന്നു ഐസ്ക്രീം കൂടി കഴിക്കു..

അയ്യോ ഐസ്ക്രീം ഉണ്ടോ.. ഉണ്ണിക്കുട്ടാ ദേ അമ്മ ഐസ്ക്രീം തരും നമ്മുക്ക്…

ചിന്നുമോൾ തുള്ളിച്ചാടുകയായിരുന്നു… സീത മക്കൾക്ക്‌ ഐസ്ക്രീം കോരിക്കൊടുത്തു…

ഇതെന്താ അമ്മേ ഇതിൽ കൈപ്പു പോലെ…

അതു തണുപ്പു പോയിട്ട മോളെ… കുറേ നേരം ആയില്ലേ വാങ്ങിയിട്ട്.. വേഗം കഴിച്ചോ ഇനിയും താമസിപ്പിച്ചാൽ കൈപ്പു കൂടും..

മക്കൾക്ക്‌ ഐസ്ക്രീം കൊടുത്തു ബാലൻസ് വന്നത് മുഴുവൻ അവളും കഴിച്ചു…. അപ്പോളേക്കും ഉണ്ണിക്കുട്ടൻ ഉറക്കത്തിലേക്കു വീഴാൻ തുടങ്ങിയിരുന്നു… അവൾ മക്കളെ തന്റെ ഇരു വശങ്ങളിലുമായി കിടത്തി…

അമ്മേ അമ്പിളി മാമന്റെ കഥ പറഞ്ഞു തരാമോ…

കണ്ണടച്ച് കിടന്നോ നമുക്കെ അമ്പിളിമാമന്റെ അടുത്തു പോകാം മോളെ…. പിന്നെ നമുക്കെ നമ്മുടെ അച്ഛന്റെ അടുത്തു പോവണ്ടേ… അമ്മക്കൊണ്ടുപോകാം എന്റെ മക്കളെ അച്ഛന്റെ അടുത്തു..

പണ്ടുപണ്ട് സന്തോഷം നിറഞ്ഞ കാലങ്ങളിൽ സ്വപ്‌നങ്ങൾ കൊണ്ടു നിങ്ങളുടെ അമ്മ തീർത്തൊരു പല്ലക്ക് ഉണ്ടായിരുന്നു… അതിൽ രാജാവായി നിങ്ങളുടെ അച്ഛനും, റാണിയായി അമ്മയും, കുമാരനും കുമാരിയുമായി അമ്മയുടെ മക്കളും… ഈ ലോകത്തിന്റെ അങ്ങേയറ്റത്തു പവിഴങ്ങൾ കൊണ്ടു തീർത്ത കൊട്ടാരം… പരിചരിക്കാൻ നിറയെ ദാസി ദാസന്മാർ, എന്റെ മക്കൾക്ക്‌ ഓടിക്കളിക്കാൻ പൂന്തോട്ടം, നീരാടാൻ ആമ്പൽകുളം.. ഇതൊക്കെ ഈ അമ്മ എത്ര സ്വപ്നം കണ്ടിട്ടുണ്ടെന്നോ… എല്ലാ സ്വപ്നങ്ങളും തട്ടിയെറിഞ്ഞു വിധി നിങ്ങടെ അച്ഛനെ തട്ടിയെടുത്തില്ലേ…. താഴ്ന്ന ജാതിക്കാരനെ കല്യാണം കഴിച്ചതിന്റെ പേരിൽ വീട്ടുകാരും ബന്ധുക്കളും ഉപേക്ഷിച്ചു… ഏക മകനെ തട്ടിയെടുത്തു മരണത്തിനു കൊടുത്തു എന്ന് പറഞ്ഞു നിങ്ങടെ അച്ഛന്റെ വീട്ടുകാരും തള്ളി കളഞ്ഞു …. സൗന്ദര്യവും തൊലിവെളുപ്പും ഒന്നുമല്ല പെണ്ണ് എന്നത് തന്നെ ശാപം എന്ന് പലപ്പോഴും അർദ്ധരാത്രി വാതിലിൽ മുട്ടുന്ന കാമഭ്രാന്തന്മാർ ഓർമ്മിപ്പിക്കുന്നു…. അടച്ചുറപ്പുള്ളൊരു വീടോ, സംരക്ഷിക്കാൻ ആൺതുണയോ ഇല്ലാതെ നിന്നെ പോലുള്ള ഒരു പെൺകുട്ടിയെയും കൊണ്ടു നിരാലംബയായ ഈ അമ്മ എങ്ങനെ ജീവിക്കും മക്കളെ…

മക്കളെ മാപ്പ്, ഈ നികൃഷ്ടമായ ലോകത്തുനിന്നും നിങ്ങളെയും കൊണ്ടു ഞാൻ പോവുകയാണ്… പവിഴപ്പുറ്റുകൾ കൊണ്ടു തീർത്ത കൊട്ടാരത്തിലേക്കു.. നിങ്ങളുടെ അച്ഛന്റെ അടുക്കലേക്കു… പ്രസവിച്ച അമ്മക്ക് മക്കളെ പിച്ചിക്കീറാൻ ഇട്ടെറിഞ്ഞു കൊടുക്കാൻ കഴിയാത്തത് കൊണ്ടു മാത്രം… മക്കളെ മാപ്പ്…..

രചന: ജോളി ഷാജി

Leave a Reply

Your email address will not be published. Required fields are marked *