അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു.. തിരിഞ്ഞു അവൾ അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു…

രചന: എഴുത്തിന്റെ കൂട്ടുകാരൻ

” ഇപ്പോ ഒട്ടും സ്നേഹമില്ല ഏത് നേരവും ഫോണിൽ തന്നെ.. ഞാൻ പിന്നെ എന്തിനാ ഇവിടെ.. അല്ല എന്നെ എന്തിനാ കെട്ടിയത് ആ ഫോണിനെ അങ്ങ് കെട്ടിയാൽ പോരായിരുന്നോ.. ”

മുറുമുറുത്ത് കൊണ്ട് ദൃശ്യ കട്ടിലിൽ നിന്നും എണീറ്റത്.. അത് കേട്ടിട്ടും ഒരു ചെറു പുഞ്ചിരി നൽകി അഭി ഫോണിലേക്ക് തന്നെ നോക്കി.. തനിക്ക് ഓഫീസിൽ പോകാനുള്ള ടൈം ആയപ്പോൾ ആണ് അഭി ഫോൺ മാറ്റി വെച്ചു എണീറ്റത്.. അഭി ഫ്രഷായി വന്നപ്പോഴേക്കും ദൃശ്യ എല്ലാം റെഡി ആക്കി മേശപ്പുറത്ത് വെച്ചിരുന്നു.. ഡ്രസ്സ്‌ മാറി ഫോണും എടുത്തു കൊണ്ടാണ് അഭി കഴിക്കാൻ വന്നിരുന്നത്.. അത് കണ്ട് ദൃശ്യക്ക് ഒന്നും കൂടി ദേഷ്യം കയറി..

” കഴിക്കാൻ നേരത്ത് എങ്കിലും ആ ഫോൺ ഒന്ന് മാറ്റി വെച്ചൂടെ അഭിയേട്ടാ.. ”

” നിനക്ക് വേറെ എന്തേലും പറയാൻ ഉണ്ടോ.. സാധങ്ങൾ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ.. ”

അഭി കുറച്ചു റഫ് ആയാണ് ചോദിച്ചത്..

” ഇല്ല ”

പതിഞ്ഞ സൗരത്തിൽ അതും പറഞ്ഞു അവൾ തിരിഞ്ഞു..

” നിന്റെ കൈക്ക് എന്താ പറ്റിയത്.. ”

അത് കേട്ട് അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു.. തിരിഞ്ഞു അവൾ അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു..

” അത് ഒന്നുമില്ല അഭിയേട്ടാ.. രാവിലെ ഒന്ന് കത്തി കൊണ്ടതാണ്.. ”

” ആഹാ.. മരുന്ന് റൂമിൽ ഉണ്ട് എടുത്തു വെക്കാൻ നോക്ക്.. ”

അങ്ങനെയും പറഞ്ഞു അവൻ ഫോണിൽ തന്നെ നോക്കി എണീറ്റു.. അത് കണ്ടു അവളുടെ കണ്ണുകൾ ഈറനായി.. പെട്ടന്ന് തന്നെ അവൾ അടുക്കളയിലേക്ക് വലിഞ്ഞു.. കുറച്ചു നേരം കഴിഞ്ഞപ്പോൾ അഭി പറയുന്നത് അവൾ കേട്ടു..

” ഞാൻ ഇറങ്ങുവാണ്.. വാതിൽ അടച്ചേക്ക്.. ” അത് അവളുടെ കാതിൽ എത്തിയതും ബൈക്ക് പോയതും ഒരുമിച്ചായിരുന്നു..

കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഇങ്ങനെ.. ആദ്യത്തെ ദിവസം കരുതി ജോലി തിരക്ക് ആയിരിക്കുമെന്ന് പക്ഷേ.. ഇപ്പോ.. എന്നിൽ നിന്നും എന്തോ ഒളിക്കുന്നത് പോല്ലേ ഒരു തോന്നൽ.. ഇനി ഞാൻ അല്ലാതെ വേറെ ആരെങ്കിലും അഭിയേട്ടന്റെ മനസ്സിൽ… അവളുടെ മനസ് കാട് കയറി തുടങ്ങി..

” ഇല്ല എന്റെ അഭിയേട്ടൻ അങ്ങനെ ചെയ്യില്ല.. ” അവൾ തന്നോട് തന്നെ അത് ഒരു നൂറുവർത്തി പറഞ്ഞു.. കഴുത്തിലെ താലി മുറുകെ പിടിച്ചു എല്ലാ ദൈവങ്ങളെയും അവൾ വിളിച്ചു.. ഒരു നിമിഷം പോലും അഭിയേട്ടനെ നഷ്ടപ്പെടുന്നത് അവൾക്ക് ചിന്തിക്കുന്നതിനും അപ്പുറം ആയിരുന്നു.. വൈകുന്നേരം വരുമ്പോൾ എന്തായാലും തനിക്ക് അറിയണം ഈ കഴിഞ്ഞ ദിവസങ്ങളിൽ എന്തിനായിരുന്നു താനെ അകറ്റി നിർത്തിയത് എന്ന്.. എനിക്ക് അറിഞ്ഞേ പറ്റു.. എനിക്ക് അതിനുള്ള അവകാശം ഉണ്ട്.. അവൾ അത് മനസ്സിൽ ഉറപ്പിച്ചു..

വീട്ടിലെ പണികളെല്ലാം ഒതുക്കി.. വൈകീട്ടത്തേക്കുള്ള ഭക്ഷണവുമൊരുക്കി അഭി വരുന്നതും കാത്ത് സിറ്റ്ഔട്ടിൽ പോയിരുന്നു..

പതിവിലുമല്പം വൈകിയതും അവളുടെ നെഞ്ചിടിപ്പിന്റെ താളവും വർദ്ധിച്ചു..

മനസ്സിൽ തോന്നിയ സംശയങ്ങൾക്ക് രൂപം വന്നു കൊണ്ടിരുന്നു.. ആരായിരിക്കും തന്റെ അഭിയേട്ടനെ തന്നിൽ നിന്നും തട്ടിയെടുക്കാൻ ശ്രമിക്കുന്നതെന്ന ചിന്ത ഓരോ നിമിഷം കഴിയും തോറുമവളെ തളർത്തി..

അവൻ വരുമ്പോളെല്ലാം തുറന്നു ചോദിക്കാനായി സംഭരിച്ചു വെച്ച ധൈര്യമെല്ലാം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.. ഒരുപക്ഷെ തന്നെ അഭിയേട്ടൻ ചതിക്കുകയായിരുന്നു എന്ന തോന്നലിനേക്കാൾ കൂടുതൽ ദൃശ്യയെ നോവിച്ചത് ആ സത്യം അവന്റെ വായിൽ നിന്നു തന്നെ കേട്ടാലുള്ള അവസ്ഥയായിരുന്നു.. അതെല്ലാം അവൾക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു… ആരുമില്ലാത്ത തനിക്ക് അഭിയേട്ടനെയും നഷ്ടപ്പെട്ടാൽ….

ചിന്തകൾ കാടുകയറിയപ്പോൾ.. ജീവന് തുല്യം താൻ സ്നേഹിക്കുന്നവന് മറ്റൊരാവകാശി എന്ന തോന്നൽ അവളിൽ വേരൂന്നിയിരുന്നു…

ഹൃദയത്തിലെ വേദനകൾ വിവേകത്തിനേ ചവിട്ടിത്താഴ്ത്തിക്കൊണ്ട് അവളെ അബദ്ധത്തിലേക്ക് കൈ പിടിച്ചു നടത്തിച്ചു..

റൂമിലെത്തിയ ദൃശ്യ ഹാങ്ങറിൽ നിന്നുമവൻ ഒരിക്കലിട്ടു മാറ്റിയ ഷർട്ടുമെടുത്ത് അതിലെ തന്റെ പ്രിയതമന്റെ ഗന്ധം ആവോളം നീട്ടി ശ്വസിച്ചു.. ശേഷം അതിട്ടു കൊണ്ട് അലമാര തുറന്ന് കല്യാണം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു പോയപ്പോൾ ആദ്യമായ് അഭി വാങ്ങിക്കൊടുത്ത അവൾക്കേറ്റവും പ്രിയപ്പെട്ട പിങ്ക് നിറത്തിലുള്ള സാരി കൈകളിലെടുത്തു…

ഈ അടുത്ത ദിവസങ്ങളിൽ അഭിയേട്ടനിൽ കണ്ടുവന്ന മാറ്റങ്ങൾ.. ഏതു നേരവും ഫോണിൽ നോക്കിയുള്ള ഇരിപ്പും, തന്നെ കാണുമ്പോൾ ഒളിക്കുന്നതും… എല്ലാമവൾക്ക് സഹിക്കാവുന്നതിലേറെയായിരുന്നു..

അഭിയേട്ടനില്ലാതെ ജീവിക്കുന്നത് ഓർക്കാനേ വയ്യാ..

കണ്മുന്നിൽ അഭിയേട്ടനൊപ്പം തന്റെ പകരക്കാരി.. ഒരുപക്ഷേ തന്നെയോർത്ത്, തനിക്ക് വേണ്ടി അഭിയേട്ടനീ ഒളിച്ചു കളി തുടർന്നാൽ..

വേണ്ടാ.. നമ്മൾ സ്നേഹിക്കുന്നവരുടെ സന്തോഷമല്ലേ നാം ആഗ്രഹിക്കേണ്ടത്.. എന്റെ ഏട്ടനെന്നും സന്തോഷത്തോടെയിരിക്കണം.. ഞാനിനിയും ഒരു ഭാരമായിക്കൂടാ..

സാരിയുടെ തലപ്പെടുത്ത് മേശപ്പുറത്തു കയറി നിന്ന് ഫാനിലേക്കിട്ടു കൊണ്ട് ഒടുവിലെ യാത്രക്കുള്ള ഒരുക്കങ്ങളവൾ ചെയ്തു..

കണ്മുന്നിലാടുന്ന കുരുക്കെടുത്ത് കഴുത്തിലണിയും മുന്നേ കഴിഞ്ഞു പോയ കുറച്ചു നാളുകളെ പറ്റിയോർത്തു.. അഭിയോടൊപ്പം വിവാഹം കഴിഞ്ഞെത്തിയ ദിനങ്ങൾ.. എത്ര മനോഹരമായിരുന്നു കഴിഞ്ഞ ഒരാഴ്ച്ച വരെയുള്ള നിമിഷങ്ങൾ… ആലോചിച്ചു നിൽക്കവേ ബെല്ലടിക്കുന്ന ശബ്ദം കേട്ടതും യാന്ത്രികമായിത്തന്നെ വാതിൽക്കലേക്ക് നടന്നു..

“ആഹാ.. ഇതിപ്പോ എന്താ ഇങ്ങനൊരു വേഷം?”

വാതിൽ തുറന്ന ദൃശ്യയുടെ കോലം കണ്ടവൻ ഞെട്ടി.. ഇട്ടിരിക്കുന്ന ചുരിദാറിനു മുകളിലൂടെയുള്ള തന്റെ ഷർട്..

മറുപടിയൊന്നും വരാഞ്ഞപ്പോൾ കയ്യിലെ കവറുകൾ ടേബിളിലേക്ക് വെച്ചു കൊണ്ട് അവളുടെ അടുത്തേക്ക് തന്നെ ചെന്നപ്പോഴാണ് കരഞ്ഞു വീർത്ത കണ്ണുകളും ചുവന്ന കവിളുകളും കാണുന്നത്..

“എന്താടാ.. എന്തു പറ്റി? വയ്യേ?”

പരിഭ്രമത്തോടെയുള്ള ചോദ്യങ്ങൾ കേട്ടതും തിരിഞ്ഞു റൂമിലേക്ക് തന്നെ നടന്നു.. പുറകേ അഭിയും..

റൂമിലെ ഒരുക്കങ്ങൾ കണ്ട് അഭിയൊന്നമ്പരന്നു..

“മോളേ നീ.. എന്തിനാ.. ഇത്.. ഞാനെന്തു തെറ്റാ.. ചെയ്തെ?”

വാക്കുകൾ മുറിഞ്ഞു പോയിരുന്നു..

“ഞാനില്ലാതായാലേ ഏട്ടന് ഏട്ടന്റെ പ്രണയം സ്വന്തമാക്കാൻ ആവുള്ളൂ എന്ന് തോന്നിയപ്പോൾ”

അഭിയുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി..

“തോന്നിയപ്പോൾ?”

ആ ശബ്ദം കടുത്തിരുന്നു.. മറുപടി പ്രതീക്ഷിച്ചില്ല മുഖമടച്ചു കൊടുത്തു ഒരെണ്ണം.. പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ടു..

“എനിക്ക് നീയല്ലാതെ വേറേതു പ്രണയം?”

ആ നെഞ്ചിൽ കിടന്നു തന്റെ തോന്നലുകൾ മുഴുവനവൾ പെയ്തു തീർത്തപ്പോൾ.. കൈ പിടിച്ചു ഹാളിലേക്ക് കൊണ്ട് പോയി ടേബിളിൽ വെച്ച കവറിൽനിന്നൊരു ബോക്സ്‌ അവൾക്ക് നേരെ നീട്ടി..

സംശയത്തോടെയവളത് വാങ്ങി, എന്തോ പറയാൻ വെമ്പുന്ന വേദന നിറഞ്ഞയവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു..

“പന്ത്രണ്ടു മണിക്ക് തരാൻ വെച്ചതാ.. ഇനിയിപ്പോ അത്രേം കാക്കാൻ കഴിയില്ലല്ലോ..”

പറഞ്ഞു വരുന്നതെന്തെന്നറിയാൻ കാതോർത്തു നിന്നു..

“നാളെ നമ്മുടെ ഫസ്റ്റ് ആനിവേഴ്സറിയല്ലേ.. നിനക്ക് ഇഷ്ടാവുന്ന സ്പെഷ്യലായിറ്റുള്ള എന്തേലും ഗിഫ്റ്റ് അന്വേഷിച്ചു നടക്കുവായിരുന്നു കുറച്ചു ദിവസമായി.. ഓഫീസിലെ അരുണാ പറഞ്ഞേ ഓൺലൈൻ നോക്കാൻ, പ്രതീക്ഷിക്കാത്ത ചില സമയങ്ങളിൽ അധികം നേരം നീണ്ടു നിൽക്കാത്ത ഓഫറും കാണുമെന്ന്.. നിനക്ക് സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാ ഒളിച്ചത്..”

അത്രേം പറഞ്ഞതും അവൾ പിന്നേമവന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു..

“സോറി ഏട്ടാ.. ഞാൻ ഏട്ടനെ തെറ്റിദ്ധരിച്ചു.. എന്റെ തെറ്റാ..സോറി”

“കരയല്ലേ.. സോറി.. ഇനി ഇങ്ങനെയുണ്ടാവില്ല”

ഓരോന്നും പറഞ്ഞവളെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു..

കരച്ചിലൊതുങ്ങിയപ്പോൾ കയ്യിലെ ബോക്സ്‌ തുറന്നു നോക്കാൻ പറഞ്ഞു.. തുറന്നതുമവളുടെ കണ്ണുകൾ വിടർന്നു.. നിറകണ്ണുകളോടെയവനെ നോക്കി..

“ഇനിയും കരയല്ലെ പെണ്ണേ”

“ഇത്.. ഇത് സന്തോഷത്തിന്റെയാ… അല്പം കൂടിയും വൈകിയിരുന്നെങ്കിൽ ഗിഫ്റ്റ് ഏട്ടനായേർന്നു കിട്ടുന്നത്..”

കുറുമ്പോടെയുള്ള അവളുടെ പറച്ചിൽ കേട്ടവനാദ്യം അടിക്കാനായി കൈ ഓങ്ങി.. പിന്നേ പൊട്ടിച്ചിരിച്ചു.. അത് പതിയെ ദൃശ്യയിലേക്കും…

(ഞാനും ന്റെ ഒരു ഫ്രണ്ടും കൂടി എഴുതിയതാണ്.. തെറ്റുകൾ ക്ഷമിക്കുക.. )

രചന: എഴുത്തിന്റെ കൂട്ടുകാരൻ

Leave a Reply

Your email address will not be published. Required fields are marked *