അവൾ സന്തോഷത്തോടെ പറഞ്ഞതു കേട്ടപ്പോഴാണ് അവളുടെ മനസ്സിൽ തനിക്ക് ഉണ്ടായിരുന്ന സ്ഥാനം സൗഹൃദത്തിൻ്റെ താണെന്ന് തിരിച്ചറിഞ്ഞത്…

രചന: സന്തോഷ് അപ്പുക്കുട്ടൻ

” നിന്നെ ഞാൻ മരുമോളാക്കിട്ട് ഇതിനുള്ള മറുപടി തരും വെള്ളപാറ്റേ”

ഹോസ്പിറ്റൽ റൂമിലെ ബെഡ്ഡിൽ കിടന്ന് ദേവകി അങ്ങിനെ പറഞ്ഞപ്പോൾ സിസ്റ്റർ ജെസ്സി വിളറിയ മുഖത്തോടെ ചുറ്റും നോക്കി.

കർട്ടൻ ഇട്ടു വേർതിരിച്ചിരുന്ന മുറിക്കപ്പുറത്ത് നിന്ന് ഒരു അമർത്തിയ ചിരി കേട്ടപ്പോൾ അവൾ പതിയെ അങ്ങോട്ടേക്ക് നടന്നു.

ഓക്സിജൻ മാസ്ക്ക് ഇപ്പോൾ തെറിച്ചു പോകുമെന്ന മട്ടിൽ, കുലുങ്ങി ചിരിക്കുകയാണ് അറുപത്ക്കാരനായ വർഗ്ഗീസ്ക്കുട്ടി.

അതു കണ്ടപ്പോൾ അവൾടെ ചുണ്ടിലും ഒരു പുഞ്ചിരി മാഞ്ഞു.

അവൾ താടിക്കു കൈയും കൊടുത്ത് മുകളിലേക്ക് നോക്കി നിന്നു.

ഇങ്ങിനെയും ഒരു പ്രതികാരമുണ്ടോ കർത്താവേ?

“ഇവിടെ കിടന്നു കലപില പോലെ സംസാരിക്കരുതെന്ന് പറഞ്ഞത് ആയമ്മയുടെ അവസ്ഥ ഓർത്താണ്’

അതും നേർത്ത ശബ്ദത്തിൽ, ആയമ്മയുടെ കാതിലാണ് പറഞ്ഞത്!

അതിന് ഈവിധം മധുര പ്രതികാരം ചെയ്യാമെന്നു വെച്ചാൽ?

കർത്താവേ ഈ വാഗ്ദാന പെരുമഴയിൽ എന്നും എന്നെ ഇങ്ങിനെ കുളിപ്പിക്കുന്നത് അങ്ങേക്ക് ഒരു വിനോദമാണോ?

ഇവിടെ നിന്ന് കണ്ട് ഇഷ്ടപ്പെട്ടവർ, വീട്ടിലെത്തിയാൽ ചായകുടിക്കാൻ പോലും നിൽക്കാതെ ഒരോട്ടമാണ് തിരിച്ച്.

അവരെയും കുറ്റം പറയാൻ പറ്റില്ല.

പ്രായാധികത്താൽ തളർന്നുവീഴാൻ നിൽക്കുന്ന ഒരു ഓടിട്ട വീടും, അതിനകത്ത് തളർവാതം പിടിച്ചു കിടക്കുന്ന അമ്മച്ചിയുടെ ഓഷധക്കൂട്ടിൻ്റെ ഗന്ധവും അവർ സഹിച്ചെന്നിരിക്കും.

പക്ഷെ പ്രായരേഖയിൽ തന്നോടൊപ്പം കുതിക്കാൻ നിൽക്കുന്നതുപോലെയുള്ള താഴെയുള്ള മൂന്ന് അനിയത്തിമാരെ കണ്ടാൽ പിന്നെ പെണ്ണുകാണാൻ വന്നവർ മാത്രമല്ല, ഭിക്ഷക്കു വന്നവർ പോലും പറ പറക്കും.

പക്ഷെ അവർ പറപറക്കുന്നത് കണ്ടിട്ട് ഒരു വിഷമവും തോന്നാറില്ലായിരുന്നു.

കാരണം അവരോട് പ്രണയം പോയിട്ട്, നല്ലതുപോലെ ഒന്നു ശ്രദ്ധിച്ചിട്ടില്ലായിരുന്നു.

പെട്ടെന്നു തോന്നുന്ന ഇഷ്ടംക്കൊണ്ട് വന്നെത്തുന്നവർ, വീട് കാണുമ്പോൾ അനിഷ്ടത്തോടെ പിൻതിരിയുന്നു.

അത്രമാത്രം.

അപ്പോഴെല്ലാം അപ്പനെ ഓർക്കും.

എന്നും കുടിക്കുമെങ്കിലും വീട് നല്ല നിലയിൽ നോക്കിയിരുന്നു അപ്പൻ.

പക്ഷെ അനിയത്തിമാരെ അതിരറ്റ് സ്നേഹിക്കുമ്പോൾ തന്നോട് മാത്രം ഒരു അകൽച്ചപാലിച്ചിരുന്നു അപ്പൻ’

അതെന്തുകൊണ്ടാണെന്ന് ഉറക്കം വരാത്ത രാത്രികളിൽ ചിന്തിച്ചു കിടന്നിരുന്നിട്ടും കാണാൻ കഴിയാത്ത സ്വപ്നം പോലെ അതിനുള്ള ഉത്തരം ഇപ്പോഴും അന്യമായി കിടക്കുന്നു.

കുടിച്ചു കരൾ നശിച്ചെന്ന് അറിഞ്ഞിട്ടാണോ, അതോ നാലാമത്തേതും പെൺക്കുട്ടിയാണെന്നറിഞ്ഞിട്ടാണോ, തന്നോട് ജീവിതത്തിൽ സ്നേഹത്തോടെ ഒന്നു സംസാരിക്കാത്ത അപ്പച്ചൻ തൂങ്ങി മരിച്ചതെന്ന് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്!

കർത്താവിൻ്റെ വിളി വന്നിരിക്കും എന്ന് അമ്മച്ചി ഇടയ്ക്കിടെ കണ്ണീരോടെ പറയുമ്പോൾ അതാണ് സത്യമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കും.

അപ്പച്ചൻ്റെ മരണത്തോടെ മനസ്സ് തളർന്ന അമ്മച്ചി പിന്നെ ജോലിക്കു പോയിട്ടില്ല.

തള്ളക്കോഴി ചിറകുവിരിച്ചു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതു പോലെ തങ്ങളെയും നോക്കി വീട്ടിലിരുന്നു.

തൊട്ടടുത്ത് റൂമിൽ കിടക്കുന്ന വർഗീസ്കുട്ടിയുടെ കുത്തികുത്തിയുള്ള ചുമ ജെസ്സിയുടെ ഓർമ്മകളെയും കണ്ണിലൂറിയ നീരിനെയും ഒരു പോലെ തട്ടിത്തെറിപ്പിച്ചു

” തമാശ കേൾക്കുമ്പോൾ ഒരിത്തിരി മയത്തിൽ ചിരിക്കേണ്ട കുട്ടീ- അല്ലെങ്കിൽ ഇങ്ങിനെ കുത്തികുത്തി ചുമക്കില്ലേ?”

വർഗ്ഗീസ്കുട്ടിയുടെ എണ്ണമയമില്ലാത്ത മുടിയിൽ തഴുകി ജെസ്സിയത് പറയുമ്പോൾ ആ ചുണ്ടിലൊരു പുഞ്ചിരിയുതിർന്നു

“അതൊരു തമാശയല്ല മോളെ – അവർ കാര്യമായിട്ടു പറഞ്ഞതാണ്?”

വർഗ്ഗീസ്ക്കുട്ടി ജെസ്സിയുടെ കൈയിൽ പതിയെ പിടിച്ചു.

“മോളെ കണ്ടാൽ ആർക്കാ മരുമകൾ ആക്കാൻ തോന്നാത്തത്? എനിക്കൊരു മകനുണ്ടായിരുന്നെങ്കിൽ?”

വർഗ്ഗീസ്ക്കുട്ടിയുടെ കുഴിഞ്ഞകൺതടത്തിലേക്ക് നീരൊഴുകി എത്തിയപ്പോൾ ജെസ്സിയുടെ ഹൃദയത്തിൽ ഒരു കൊളുത്ത് വീണതുപോലെ വേദന തോന്നി.

“”മരുമകളാക്കാൻ കഴിഞ്ഞില്ലെങ്കിലും, മകളായി കണ്ടുടേ അപ്പാ?”

വർഗീസ്ക്കുട്ടിയുടെ നെറ്റിയിൽ തലോടി ജെസ്സിയത് പറഞ്ഞെങ്കിലും അവളുടെ കണ്ണുനിറഞ്ഞിരുന്നു.

ഇന്നോ, നാളെയോ ആയി കാഴ്ചകളില്ലാത്ത ലോകത്തേക്ക് യാത്രയാകാൻ നിൽക്കുന്ന വർഗ്ഗീസ്ക്കുട്ടിയെ ഇവിടെ എത്തിച്ചത് ഏതോ ഒരു സംഘടനയാണ്:

ഡോക്ടറുടെ ബാല്യകാല ചങ്ങാതിയെന്ന നിലയിൽ ഇപ്പോൾ വർഗ്ഗീസ് ക്കുട്ടിയുടെ ചിലവുകൾ എല്ലാം നടത്തുന്നത് അദ്ദേഹമാണ്

ഡോക്ടറോട് മാത്രമേ എന്തും തുറന്നു സംസാരിക്കുകയുള്ളൂ വർഗ്ഗീസ്ക്കുട്ടി..

ബാക്കിയെപ്പോഴും മൗനത്തിൻ്റെ പുതപ്പണിഞ്ഞ് വിദൂരതയിലേക്ക് കണ്ണു മിഴിച്ചിരിക്കും.

നല്ല പ്രായം കുടുംബത്തിനു വേണ്ടി ഹോമിക്കുമ്പോൾ, പ്രായമാകുമ്പോൾ തന്നെ തൻ്റെ സഹോദരങ്ങൾ പൊന്നുപോലെ നോക്കുമെന്ന് വൃഥാസ്വപ്നം കണ്ടിരുന്നവരിൽ ഒരാളായിരുന്നു വർഗ്ഗീസ്ക്കുട്ടിയും.

കുടുംബത്തെ മാത്രം മനസ്സിലേറ്റി നടന്ന്, പലതും നഷ്ടപ്പെട്ടപ്പോൾ അതിലൊന്നു അയാളുടെ കാമുകിയായിരുന്നു

പ്രായമായതോടെ,മനസ്സു തകർക്കുന്ന അവഗണന കുടുംബത്തിൽ നിന്നുണ്ടായപ്പോൾ, കാലിടറാതെ പുറം ലോകത്തേക്ക് കടന്നു അയാൾ!

തെരുവിൽ, പലരുമെന്ന പോലെ അയാളും അലിഞ്ഞു ചേർന്നു.

” സിസ്റ്ററെന്താ കരയുകയാണോ?”

തൊട്ടടുത്ത് നിന്ന് ചോദ്യമുയർന്നപ്പോൾ ജെസ്സി പെട്ടെന്ന് കണ്ണീരു തുടച്ചു അയാളെ നോക്കി.

” ഒരു തമാശ കേട്ടപ്പോൾ കരഞ്ഞതാണ് ”

ജെസ്സിയുടെ പെട്ടെന്നുള്ള തമാശകലർന്ന മറുപടി കേട്ടപ്പോൾ കണ്ണൻ പുഞ്ചിരിയോടെ അവളെ നോക്കി.

” അമ്മ, സിസ്റ്ററെ മരുമോളാകാൻ ക്ഷണിച്ചിട്ടുണ്ടാവും. ആ തമാശ കേട്ടപ്പോഴല്ലേ സിസ്റ്റർ കരഞ്ഞത്?”

അവൾ അമ്പരപ്പോടെ കണ്ണനെ നോക്കി.

” അത് കാര്യാക്കണ്ട സിസ്റ്റർ. പെട്ടെന്നു മരിച്ചു പോകുമെന്ന് അമ്മയ്ക്ക് വല്ലാത്ത പേടിയാ”

മയങ്ങി കിടക്കുന്ന അമ്മയെ അയാൾ സങ്കടത്തോടെ നോക്കി.

” അതു കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാൻ വേണ്ടിയുള്ള കഠിനമായ പരിശ്രമത്തിലാണ് – സിസ്റ്ററിൻ്റെ കാര്യവും എന്നോടു പറഞ്ഞിരുന്നു”

“യ്യോ! ഈ അമ്മേടെ ഒരു കാര്യം ”

മനസ്സിൽ അങ്ങിനെയാണ് പറഞ്ഞതെങ്കിലും, ചോദിച്ചത് മറ്റൊന്നു ആയിരുന്നു.

” കവിതയെ എന്തുകൊണ്ടാണ് ഇവിടേയ്ക്ക് കൊണ്ടുവരാത്തത്?”

പെട്ടെന്നുള്ള ജെസ്സിയുടെ ചോദ്യത്തിൽ കണ്ണൻ പതറി.

ഉത്തരം പറയാൻ ബുദ്ധിമുട്ടി നിൽക്കുന്ന കണ്ണൻ്റെ അരികിലേക്കവൾ ചേർന്നു നിന്നു.

“അമ്മയ്ക്ക് ഇപ്പോൾ മെഡിസിനെക്കാളും ആവശ്യം കവിതയെയാണ്. ആ പേര് പറഞ്ഞ് കരയുകയും, എപ്പോഴും കവിതയോടു സംസാരിക്കുന്നതു പോലെ നിർത്താതെയുള്ള ഒറ്റക്കിരുന്നുള്ള സംസാരവും”

കണ്ണൻ ഒന്നും മിണ്ടാതെ തലകുലുക്കി അമ്മയ്ക്ക് അരികിൽ നിന്നു കീയുമെടുത്ത്, അവരെ നോക്കി നിന്നു.

“കവിത ഇയാൾടെ അനിയത്തിയാണ് അല്ലേ?ഞാൻ നേരത്തെ വിചാരിച്ചിരുന്നത് -”

മനസ്സിൽ നിന്ന് അറിയാതെ വന്ന ചോദ്യത്തിൻ, ചമ്മലോടെ,അവൾ ചുണ്ട് കടിച്ചു കണ്ണടച്ചു ഒരു നിമിഷം.

” അതെ!അനിയത്തി തന്നെയാണ് ”

മനസ്സിൽ എന്തിനാണെന്നറിയാതെ ഒരു പറ്റം പ്രണയകിളികൾ ചിറകടിച്ചെങ്കിലും, മുഖത്ത് കാർമേഘത്തിൻ്റെ തിരയിളക്കം സൃഷ്ടിച്ചിരുന്നു അവൾ ആ നിമിഷം.

“മിസ്റ്റർ തോന്നുമ്പോൾ കയറാനും, ഇറങ്ങാനും ഇത് ജനറൽവാർഡ്‌ അല്ലാട്ടോ?”

കണ്ണനു അടുത്ത് ചെന്ന് ജെസ്സി ക്രുദ്ധയായി ഉച്ചത്തിൽ പറഞ്ഞപ്പോൾ അയാളൊന്നു ഞെട്ടി!

ഇതുവരെ നല്ല സൗമനസ്യ ത്തോടെ സംസാരിച്ച സിസ്റ്ററിൻ്റെ ഭാവംമാറ്റം അയാൾക്ക് ഉൾക്കൊള്ളാനായില്ല.

തൻ്റെ അവസ്ഥ കണ്ട് ആ ദേഷ്യഭാവം കളയാതെ പിന്നിലേക്ക് കണ്ണ് കാണിച്ചു ജെസ്സി.

തിരിഞ്ഞു നോക്കിയപ്പോഴാണ് പിന്നിൽ നിന്നു വരുന്ന ഡോക്ടറെ കണ്ടത്.

“സോറി സിസ്റ്റർ. പോകുമ്പോൾ വീടിൻ്റെ കീ എടുക്കാൻ മറന്നു. അതോണ്ടാ തിരിച്ചിങ്ങ് കയറിയത് ”

അത്രയും പറഞ്ഞ് പൊടുന്നനെ തിരിച്ച് നടന്ന അയാൾ കയറി വരുന്ന ഡോക്ടറെ നോക്കി ഒന്നു മന്ദഹസിച്ചു.

“താൻ ദേവകിയമ്മയുടെ മകൻ കണ്ണനല്ലേ? പോകാൻ വരട്ടെ”

ഡോക്ടർ അങ്ങിനെ പേരെടുത്ത് പറഞ്ഞപ്പോൾ ഒരു വേവലാതിയോടെ അയാൾ സിസ്റ്ററെ,നോക്കി.

ജെസ്സി കുഴപ്പമില്ലാന്ന് കണ്ണുകൊണ്ട് കാണിച്ചു.

ഡോക്ടർ നിമിഷങ്ങളോളം ദേവകിയെ പരിശോധിച്ചതിനു ശേഷം, ചാർട്ടിൽ എന്തോ എഴുതി അയാൾക്കു നേരെ തിരിഞ്ഞു.

“പ്രായാധിക്യത്തിൻ്റെ കുറച്ച് ബുദ്ധിമുട്ടുകളുണ്ട് അമ്മയ്ക്ക്. അല്ലാതെ വേറെ ഒരു കുഴപ്പവുമില്ല”

കണ്ണനിൽ നിന്ന് ആശ്വാസത്തിൻ്റെ പുഞ്ചിരിയുതിർന്നു

“പിന്നെ കണ്ണാ പകയും വൈരാഗ്യവും തീർത്ത് പെങ്ങളെയും ഭർത്താവിനെയും വീട്ടിലേക്ക് വിളിച്ചൂടെ?”

ഡോക്ടർ ഐസക്കിൽ നിന്ന് അങ്ങിനെയൊരു ചോദ്യമുണർന്നപ്പോൾ, വിളറി വെളുത്ത കണ്ണൻ അമ്മയെ നോക്കി.

അതുവരെ കണ്ണ്തുറന്ന് കിടന്ന അമ്മ, താൻ നോക്കാൻ തുടങ്ങിയതും കണ്ണടച്ചു.

“കള്ളി -എല്ലാം കാര്യങ്ങളും ഡോക്ടറോട് പറഞ്ഞിട്ട് കണ്ണടച്ചു കിടക്കുന്നത് കണ്ടില്ലേ?”

കണ്ണൻ മനസ്സിൽ തമാശ പോലെ പറഞ്ഞിട്ട് ഡോക്ടറെ നോക്കി.

“ജാതിയും മതവും ഇന്നത്തെ കാലത്ത് ഒരു പ്രശ്നമല്ലായെന്ന് ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറായ കണ്ണന് അറിഞ്ഞുടെ ?”

ഡോക്ടറുടെ ചോദ്യം കേട്ടതും ജെസ്സിയിൽ ഒരു നിരാശപ്പടർന്നു.

മൂന്നാല് ദിവസത്തെ സംസാരത്തിനിടയ്ക്ക് ഉള്ളിലൊരു സ്നേഹം തോന്നിയിരുന്നു കണ്ണനോട് !

ആർദ്രനായ, ഒരു കൃഷീവലൻ എന്നായിരുന്നു മനസ്സിൽ ചിന്തിച്ചത്!

അതു കൊണ്ടു തന്നെയാണ് ആയമ്മ പറഞ്ഞപ്പോൾ മനസ്സിൽ പണ്ടാരടങ്ങിയ പ്രണയം പൂത്തതും !

ഇതിപ്പോൾ സോഫ്റ്റ് വെയർ എഞ്ചിനീയർ!

ആഗ്രഹിക്കുന്നതിനും ഒരു അതിരുവേണ്ടേ ജെസ്സീ എന്ന് മനസ്സിലിരുന്നു ആരോ പറയുന്നതുപോല!

എല്ലാവരും നിന്നെ ഇഷ്ടപ്പെട്ടപ്പോൾ, നീ ആദ്യമായി ഇഷ്ടപ്പെട്ട ഒരാൾ,

അത്രമതി!

അതിലുമേറെ ഭാവന കൊടുക്കുന്നത് തൻ്റെ അഹങ്കാരമാണ് എന്ന് ജെസ്സി തിരിച്ചറിഞ്ഞു.

മനസ്സിലെ മോഹങ്ങളെ തട്ടിത്തെറിപ്പിക്കുന്നതു പോലെ അവളൊന്നു തല കുടഞ്ഞു.

കണ്ണിണകളിൽ ഒളിച്ചിരുന്നിരുന്ന നാലഞ്ച് പളുങ്കുകൾ തറയിൽ വീണു ചിതറി.

“ഈ കാര്യം അമ്മയ്ക്ക് നേരത്തെ പറയായിരുന്നില്ലേ?. അങ്ങിനെയായിരുന്നുവെങ്കിൽ ഇത്രയ്ക്കും ഹൃദയം നീറില്ലായിരുന്നു ”

അവൾ ദേവകിയമ്മയെ നോക്കി മനസ്സിൽ പതിയെ മന്ത്രിച്ചു.

“പിന്നെ ഇതൊക്കെ ഞാൻ പറയുന്നത് ഒരു ഡോക്ടർ എന്നതിലുപരി, നമ്മൾ തമ്മിൽ ബന്ധുക്കളുമായതോണ്ടാ ”

ഡോക്ടറുടെ സംസാരം കേട്ട കണ്ണൻ കണ്ണുമിഴിച്ച് അയാളെ നോക്കി.

” അതെ കണ്ണാ! നിൻ്റെ പെങ്ങൾ വന്നത് എൻ്റെ മോനോടൊപ്പമാണ്! അതറിയോ കണ്ണന്?”

കണ്ണൻ അമ്പരപ്പോടെ ഡോക്ടറെയും അമ്മയെയും മാറിമാറി നോക്കി.

ഒരു ഡോക്ടറുടെ മകനോടൊപ്പമാണ് കവിത ഒളിച്ചോടിയതെന്ന് അറിയാം!

അത് പക്ഷെ ഒരിക്കലും ഡോക്ടർ ഐസക്കിൻ്റെ മകനാണെന്ന് ചിന്തിച്ചിരുന്നില്ല.

ഡോക്ടർ ഐസക്ക് ഒരു പുഞ്ചിരിയോടെ തലയാട്ടി.

” അമ്മയ്ക്ക് എല്ലാം അറിയാം കണ്ണാ! അതു മാത്രമല്ല കണ്ണനറിയാതെ, കവിതയും, ജിൻസനും എന്നും വന്ന് അമ്മയെ കാണാറുണ്ട് ”

അവൻ അമ്മയുടെ നേർക്ക് നോക്കി.

” പക്ഷെ അമ്മയത് കണ്ണനോട് പറയാത്തത് ,കണ്ണനെ വിഷമിപ്പിക്കണ്ടാ എന്നു കരുതിയിട്ടാണ് ”

അമ്മയുടെ തേങ്ങിക്കരച്ചിൽ കേട്ട് കണ്ണൻ അവർക്കരികിലേക്ക് ചേർന്നു നിന്നു.

ഇരുചെന്നികളിലൂടെയും കണ്ണീർ ഒഴുകുന്നത് കണ്ട് കണ്ണൻ അമ്മയുടെ കൈ പിടിച്ചു.

അവരുടെ ശിരസ്സിൽ അവൻ പതിയെ തലോടിക്കൊണ്ടിരുന്നപ്പോൾ അവൻ്റെ കണ്ണ് നിറഞ്ഞു.

അതു കണ്ട ജെസ്സിയുടെ മിഴികളിലും നീർനിറഞ്ഞു.

“ജെസ്സിയെന്തിനാണ് കരയുന്നത്?”

ഡോക്ടറുടെ പുഞ്ചിരിയോടെയുള്ള ചോദ്യം കേട്ട ദേവകി പതിയെ എഴുന്നേറ്റ്, ജെസ്സിയുടെ കണ്ണുനീർ തുടച്ചത് കണ്ടപ്പോൾ കണ്ണൻ അമ്പരന്നു!

” ൻ്റെ മോൾക്ക് ഞാൻ കരയുന്നത് കണ്ടാൽ വല്ലാത്ത സങ്കടാ! അതുക്കൊണ്ട് ഞാൻ ദേഷ്യത്തിലെ എൻ്റെ മോളോട് സംസാരിക്കുകയുള്ളൂ. ശരിക്കും എൻ്റെ കവിത മോൾ തന്നെയാണ് ഇവളും”

ഡോക്ടർ ഐസക്ക് അത്ഭുതത്തോടെ ദേവകിയമ്മയെയും, ജെസ്സിയെയും നോക്കി!

ഒരു അമ്മയും മകളും എന്നൊരു ആത്മബന്ധം അവർക്കിടയിൽ ഉടലെടുത്തിരിക്കുന്നു.

നാലഞ്ചു ദിവസത്തെ പരിചയത്തിനിടയിൽ ഇത്രയ്ക്കേറെ ആത്മബന്ധം ഉടലെടുക്കണമെങ്കിൽ. അതിനു പിന്നിൽ ദൈവം എന്തെങ്കിലും കണ്ടിരിക്കാം.

ഡോക്ടർ ഐസക്ക് ജെസ്സിയെ വാത്സല്യപൂർവ്വം നോക്കി!

ദേവകിയമ്മയുടെ ചാരെ ചേർന്നു നിന്നു ഒരു അമ്മയുടെ വാത്സല്യം നുകരുകയാണ് അവളെന്ന് അയാൾക്ക് തോന്നി.

ദേവകിയമ്മയുടെ ഈ പെട്ടെന്നുള്ള മാറ്റത്തിന് കാരണം ജെസ്സി തന്നെയാണ് .

ശ്വാസതടസ്സം വന്ന് വല്ലാത്ത ക്ഷീണത്തിലായിരുന്നു ദേവകിഅമ്മയെ ഇവിടെ എത്തിച്ചിരുന്നത്!

ഇപ്പോൾ ക്ഷീണമെല്ലാം മാറി എന്തൊരു ചൈതന്യമാണ് ആ മുഖത്ത്!

“ജിൻസനോടും, കവിതയോടും പറയ് എപ്പോൾ വേണമെങ്കിലും ഇല്ലത്തേക്ക് വരാമെന്ന് – രണ്ട് കൈയ്യും നീട്ടി ഞാനും അമ്മയും സ്വീകരിക്കുമെന്ന് ”

കണ്ണൻ്റെ വാക്ക് കേട്ട ഡോക്ടർ പുഞ്ചിരിയോടെ അയാളുടെ തോളിൽ തട്ടി.

” ഒരു ആര്യയുടെ കഥ കവിതമോൾ പറഞ്ഞിരുന്നു. ആ ലോകത്ത് തന്നെയാണോ കണ്ണൻ ഇപ്പോഴും? ”

ആര്യയെന്ന ഓർമ്മ വന്നപ്പോൾ അവൻ്റെ നെഞ്ചകം നീറി.

കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു വളർന്നവൾ!

എന്തുണ്ടായാലും പരസ്പരം തുറന്നു പറയുന്നവൾ!

തന്നെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ടെന്ന് അവൾ സന്തോഷത്തോടെ പറഞ്ഞതു കേട്ടപ്പോഴാണ് അവളുടെ മനസ്സിൽ തനിക്ക് ഉണ്ടായിരുന്ന സ്ഥാനം സൗഹൃദത്തിൻ്റെ താണെന്ന് തിരിച്ചറിഞ്ഞത്!

അതൊരു വല്ലാത്ത ആഘാതമായിരുന്നു മനസ്സിനെ ഏൽപ്പിച്ചത്!

അതിൽ നിന്നും കരകയറും മുൻപെ ,പ്രാണനെ പോലെ സ്നേഹിച്ച അനിയത്തിയുടെ ഒളിച്ചോട്ടം!

ജീവിതത്തോട് വെറുപ്പ് തോന്നിയ ദിവസങ്ങൾ.

അമ്മയെന്ന രണ്ടക്ഷരം കൂടെയില്ലായിരുന്നുവെങ്കിൽ, ഈ നാട്ടിൽ നിന്ന് എന്നേ ഇറങ്ങി പുറപ്പെട്ടേനെ!

പക്ഷെ അപ്രതീക്ഷിതമായ അമ്മയുടെ തളർന്നുവീഴലും, ആശുപത്രിവാസവും, ജെസ്സിയെന്ന പെൺക്കുട്ടിയുടെ സംസാരവും തന്നിൽ മാറ്റങ്ങൾ വരുത്തുകയായിരുന്നു.

ജെസ്സിയുടെ ഓർമ്മ വന്ന കണ്ണൻ അവളെ നോക്കി.

പെട്ടെന്നുള്ള നോട്ടത്തിൽ പതറിപ്പോയ ജെസ്സി ചമ്മലോടെ മുഖം കുനിച്ചപ്പോൾ, അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി.

ചോദ്യം ചോദിച്ച് ഉത്തരത്തിന് കാത്തുനിന്ന ഡോക്ടറോടു ഒരു മറു ചോദ്യമാണ് കണ്ണൻ ചോദിച്ചത്!

“അമ്മയെ എന്ന് വീട്ടിലേക്ക് കൊണ്ടുപോകാൻ പറ്റും?”

അതിനു പകരം ഡോ:ഐസക്കിൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുതിർന്നു

” വീട്ടിലേക്ക് ഇപ്പോൾ തന്നെ കൊണ്ടു പോകണമെങ്കിൽ പോകാം – പക്ഷെ കൂടെ ജെസ്സി ഉണ്ടായിരിക്കണമെന്നു മാത്രം ”

ഡോക്ടറുടെ വാക്കുകൾ കേട്ട ജെസ്സി അത്ഭുതം കൂറുന്ന മിഴികളോടെ ദേവകിയമ്മയെ നോക്കി .

ആ കണ്ണിലെ പ്രകാശം തനിക്കു നേരെ നീളുന്നത് ജെസ്സി അറിഞ്ഞു.

തൻ്റെ വാക്ക് കേട്ട് ഒന്നും മനസ്സിലാവാതെ നിൽക്കുന്ന കണ്ണൻ്റെ തോളിൽ കൈവെച്ചു ഡോക്ടർ.

“തൊണ്ണൂറ് ശതമാനം അമ്മമാരും ഇങ്ങിനെയൊക്കെ തന്നെയാണ് കണ്ണാ!

തിരക്കുള്ള ബസ്സിൽ സീറ്റ് കിട്ടാതെ വിഷമിക്കുന്ന ഒരു അമ്മയ്ക്ക്, ഏതെങ്കിലും ഒരു പെൺക്കുട്ടി താൻ ഇരിക്കുന്ന സീറ്റിലേക്ക് അവരെ ക്ഷണിച്ചാൽ, ആ അമ്മ അവളെ നല്ലപോലെ നോക്കും. അതിനിടയിൽ ആ അമ്മ, പെൺക്കുട്ടി അറിയാതെ അവളെപറ്റി ഒരുപാട് സ്വപ്നങ്ങൾ കണ്ടിരിക്കും. ബസ്സിൽ മാത്രമല്ല അവർക്ക് സഹായം അത്യന്താപേക്ഷിതമായ പലയിടത്തും ”

ചില സ്വപ്നങ്ങൾ ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ തീർന്നു പോകും. പക്ഷേ ചിലത് ?

ഡോക്ടർ ബാക്കി പറയാതെ ദേവകിയമ്മയെ നോക്കി.

“ചിലത് മരിച്ചാലും മാഞ്ഞു പോകുന്നില്ല. ദേവകിയമ്മയുടെ മനസ്സിൽ ജെസ്സിയുടെ കാര്യവും അങ്ങിനെ തന്നെ ”

ജെസ്സി ചമ്മലോടെ കണ്ണനെ ഒന്നുപാളി നോക്കിയിട്ട് അവിടെ നിന്നും മുങ്ങാൻ ശ്രമിക്കുമ്പോൾ, അവൻ പതിയെ പിടുത്തമിട്ടു ആ കൈകളിൽ.

”ഡോക്ടർ, നമ്മൾ ജനിക്കുമ്പോൾ തന്നെ നമ്മൾക്കുള്ള ഇണ ആരായിരിക്കണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടാവും അല്ലേ?”

കണ്ണൻ ഒരു പുഞ്ചിരിയോടെ ഡോക്ടറെ നോക്കി.

“തീർച്ചയായും. പക്ഷേ ആ ദൈവം അവർക്ക് ജാതിയുടെയോ, മതത്തിൻ്റെയോ വേലിക്കെട്ട് തിരിച്ചിട്ടില്ല. അതുക്കൊണ്ട് ആണ് ഇങ്ങിനെയുള്ള മിശ്രവിവാഹങ്ങൾ ഉണ്ടാകുന്നതും ”

ഡോക്ടർ പറഞ്ഞു തീർന്നതും പുഞ്ചിരിയോടെ ദേവകിയമ്മയുടെ നെറ്റിയിൽ പതിയെ തടവി.

” ഒരു രോഗിക്ക് മരുന്നിന് പകരം ആ ഹോസ്പിറ്റലിലെ നഴ്സിനെ തന്നെ സജസ്റ്റ് ചെയ്ത ചരിത്രത്തിലെ ആദ്യത്തെ ഡോക്ടർ ഞാൻ തന്നെയാകും അല്ലേ ദേവകിയമ്മേ ?’

പതിയെ ചിരിക്കുന്ന ദേവകിയമ്മയുടെ നോട്ടം കണ്ണനിലേക്ക് നീണ്ടതും, അവൻ്റെ കൈകൾ ജെസ്സിയുടെ കൈത്തണ്ടയിൽ ശക്തിയോടെ അമർന്നു.

ജെസ്സിക്കും,കണ്ണനും മുൻകൂർ ആശംസകൾ അറിയിച്ചുക്കൊണ്ട് നടന്നകന്ന ഡോക്ടർ ഒരു നിമിഷം പുഞ്ചിരിയോടെ തിരിഞ്ഞു നിന്നു.

“നിങ്ങൾക്കിവിടെ ഒരു അസൗകര്യവും തോന്നിയില്ലല്ലോ?

കണ്ണൻ പതിയെ തലയാട്ടി.

” എൻ്റെ മോനും, മരുമകളും പറഞ്ഞിട്ടുണ്ടായിരുന്നു അമ്മയ്ക്ക് നല്ല ട്രീറ്റ് കൊടുക്കണമെന്ന്. അവരുടെ ആശകൾ നിറവേറ്റുന്നതിലാണ് ഒരച്ഛനെന്ന നിലയിൽ എൻ്റെ ഏറ്റവും വലിയ കർത്തവ്യവും”

അതും പറഞ്ഞ് കണ്ണൻ്റെ തോളിൽ കൈയ്യിട്ടു പതിയെ,നടന്ന ഡോക്ടർ ഒരു നിമിഷം എന്തോ ഓർത്തിട്ട് അയാളെ നോക്കി.

” ജെസ്സിയെ ആരും അറിയാതെ ഒളിച്ചുക്കൊണ്ടു പോകരുത് – നല്ല രീതിയിൽ ആഡംബരമായിട്ടു തന്നെ നിങ്ങളുടെ കല്യാണം നടത്തണം”

കണ്ണൻ ഒന്നും മനസ്സിലാകാതെ ഡോക്ടറെ നോക്കി.

” പക്ഷെ നിങ്ങളുടെ വിവാഹത്തിന്,എൻ്റെ മോൾ ജിൻസിയുടെ മാരീജ് വരെ കാത്തിരിക്കേണ്ടി വരും അത് ഒരു മാസമായാലും ശരി, ഒരു വർഷമായാലും ശരി”

“അതെന്തിന് ഡോക്ടർ? ”

കണ്ണൻ്റെ ആ ചോദ്യംതാഴ്‌മയോടെ ആയിരുന്നുവെങ്കിലും ആ ശബ്ദത്തിൽ ഈർഷ്യ നിറഞ്ഞിരുന്നു.

” കാരണം ഞാൻ, ഡോക്ടർ ഐസക്കിൻ്റെ മകളാണ്”

പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ട് ഡോക്ടറും കണ്ണനും തിരിഞ്ഞു നോക്കി.

ജെസ്സി.

അവൾ പതിയെ ഡോക്ടറുടെ അടുത്തേക്ക് നടന്നു ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

“ഞാൻ പറഞ്ഞത് സത്യമല്ലേ?”

പൊടുന്നനെ ഡോക്ടർ ഒന്നും പറയാതെ അവളെ നെഞ്ചോട് ചേർത്തു.

അത്ഭുതസ്തബ്ധനായ കണ്ണൻ ആ രംഗം നോക്കി നിന്നു.

” ഡോക്ടറുടെ സ്നേഹവും, വാത്സല്യവും, കെയറിങ്ങും അനുഭവിക്കുമ്പോൾ പലവട്ടം ചോദിക്കാൻ തുനിഞ്ഞ ചോദ്യമാണിത്?”

ഡോക്ടർ പതിയെ അവളുടെ ശിരസ്സിൽ തലോടി.

“വൈകീട്ട് അപ്പൻ കള്ള് കുടിച്ചു വന്നിട്ട് അമ്മച്ചിയെ തല്ലുന്നത് ഇവിടുത്തെ അവരുടെ നേഴ്സായിട്ടുള്ള ജോലിയെക്കുറിച്ച് ചോദിച്ചിട്ടാണ് ”

ജെസ്സിയുടെ തേങ്ങൽ കണ്ടപ്പോൾ കണ്ണൻ്റെ കണ്ണ് നിറഞ്ഞു.

” അപ്പൻഎല്ലാ മക്കളെയും സ്നേഹിക്കുന്നതു പോലെ എന്നെ സ്നേഹിക്കാതെ വന്നപ്പോൾ, എൻ്റെ ഉള്ളിലൂറിയ സംശയമായിരുന്നു ഇത് ”

ജെസ്സി കണ്ണീരോടെ മുഖമുയർത്തി ഡോക്ടറെ നോക്കി.

“ജിൻസിയുടെ വിവാഹം കഴിഞ്ഞിട്ട് മതി എൻ്റെ വിവാഹമെന്നും, അത് ആഡംബരമായിട്ടു തന്നെ നടത്തണമെന്നും പറഞ്ഞപ്പോൾ, എൻ്റെ സംശയം ശരിയാണെന്നു എനിക്ക് മനസ്സിലായി ”

ഡോക്ടർ ഐസക്ക് കണ്ണിരോടെ അവളെ നോക്കി.

“എനിക്ക് ഒരു ആഡംബരവും വേണ്ട ഡോക്ടർ. പകരം ഇത്ര കാലം വരെ കിട്ടാതിരുന്ന അപ്പൻ്റെ സ്നേഹം കലർപ്പില്ലാതെ കിട്ടിയാൽ കൊള്ളാം”

പറഞ്ഞു തീർന്നതും ഒരു കരച്ചിലോടെ അവൾ ഐസക്കിൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

നീരണിഞ്ഞ കണ്ണുകളോടെ, പിതൃവാത്സല്യത്താൽ അവളെ തഴുകുന്ന ഡോ:ഐസക്കിനെ നോക്കി നിന്ന കണ്ണൻ്റെ കണ്ണും ആ സമയം അറിയാതെ നിറഞ്ഞു തുടങ്ങിയിരുന്നു.

ശുഭം.

രചന: സന്തോഷ് അപ്പുക്കുട്ടൻ

Leave a Reply

Your email address will not be published. Required fields are marked *