ആദ്യ പ്രണയം

രചന : – -Pratheesh

ലോകത്തിലെ എല്ലാ പെണ്ണുങ്ങളോടും വെറുപ്പു തോന്നിയ നേരം….., ആദ്യ പ്രണയം വഴി നല്ലൊരു പണി കിട്ടിയതു കൊണ്ടും അവളുടെ കല്ല്യാണം ആയതു കൊണ്ടും കൂടിയാണ് വീട്ടുകാർ എല്ലാരും ചേർന്ന് എന്നെ തമിഴ്‌നാട്ടിലെ ശിവകാശിയിലേക്ക് പറിച്ചു നട്ടത്……!

അച്ഛന്റെ ഒരകന്ന ബന്ധു അവിടെയുണ്ടായിരുന്നു.

അങ്ങനെ ശിവകാശിയിലെ സിനിമാപോസ്റ്ററുകൾ അച്ചടിക്കുന്ന ഒരു പ്രസ്സിൽ ഡിസൈനർ ആയി ഞാൻ ചേർന്നു.

പകൽ വലിയ കുഴപ്പമില്ലാതെ പോകും പക്ഷെ രാത്രിയിൽ പ്രണയമല്ല നിന്റെ ശത്രു ഓർമ്മകൾ ആണ് നിന്റെ ശത്രുവെന്ന് ഇരുട്ടെന്നെ ഓർമ്മപെടുത്തി കൊണ്ടെയിരുന്നു…….

ഓർമകളും അത്രത്തോളം തന്നെ വേദനകളും കത്തിപ്പടർന്നു ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു.

നാലു മാസങ്ങൾക്ക്‌ ശേഷം ഒരു രാത്രിയിൽ അവളെ ഒരിക്കൽ കൂടി കാണണമെന്ന് ഒരാഗ്രഹം

അപ്പോൾത്തന്നെ കൂട്ടുകാരനെ വിളിച്ചു.

ആ തെണ്ടി പ്രണയം തകർത്ത ഒരു പാവം കൂട്ടുകാരനാണു ഞാൻ എന്നുകൂടി ഓർക്കാതെ എന്റെ തന്തക്കും തള്ളക്കും വരെ ചീത്ത വിളിച്ചു.

അതുകേട്ടതോടെ അവളെ കാണണമെന്ന മോഹത്തിന്റെ ആ ഫ്ലോ അങ്ങു പോയി.

നവംബർ 2 അന്ന് അവളുടെ പിറന്നാളായിരുന്നു. ഞാനതു മറന്നില്ല. രാവിലെ തന്നെ തൊട്ടടുത്തുള്ള അമ്പലത്തിൽ പോയി തൊഴുതു അവളുടെ പേരും നാളും പറഞ്ഞു കൊടുത്തു ഒരു അർച്ചനയും കഴിപ്പിച്ചു.

അമ്പലത്തിൽ നിന്ന് ഇറങ്ങിയതും ഒരു സംഭവം ഉണ്ടായി.

ഹാലോ ചേട്ടായി…. ?

എന്നൊരു വിളി…..

ഞാൻ നോക്കുമ്പോൾ ഒരു പെൺകൊച്ച്

ഞാനവളെ നോക്കിയതും അവൾ എന്നോട് ചോദിച്ചു….,

ചേട്ടായി ഒരു പോളിസി എടുക്കാമോയെന്ന്…..?

അവളുടെ ചോദ്യത്തിന് ഒരു ഉത്തരം കൊടുക്കുന്നതിനു പകരം ഒരു മറു ചോദ്യമാണ് ഞാൻ അവളോട് ചോദിച്ചത്. ഞാനൊരു മലയാളിയാണെന്ന് നിനക്ക് എങ്ങനെ മനസിലായിയെന്ന്.. ?

അത് കേൾക്കേണ്ട താമസം അവൾ മറുപടി പറഞ്ഞു

എന്റെ ചേട്ടായി…

നെറ്റിയിലെ ചന്ദന കുറിയും, വലത്തോട്ടുടുത്ത കസവുമുണ്ടും, മുണ്ടിന്റെ ഒരറ്റം ഇടത്തേ കയ്യിലും പിടിച്ചു നടക്കുന്നത് നമ്മുടെ സ്വന്തം മലയാളി ചേട്ടന്മാരല്ലേ…?

അതു കേട്ടതും അപ്പോൾ എന്റെ മനസ്സു പറഞ്ഞു ഇവൾ ആളു കൊള്ളാം…. നല്ല കാഴ്ചപ്പാടുണ്ടവൾക്കെന്നു.

അങ്ങനെ വിചാരിച്ചു നിൽക്കുമ്പോൾ അവളുടെ അടുത്ത ചോദ്യമെത്തി..

ചേട്ടായി അപ്പോൾ പോളിസി…??

ഞാനവളെ തന്നെ നോക്കി…… പതിയെ ഒന്ന് ചിരിച്ചു.

എന്റെ ചിരിയിൽ എന്തെങ്കിലും പന്തികേടു തോന്നിയത് കൊണ്ടാവണം അവൾ പതിയെ എന്നിൽ നിന്ന് വിട്ടകന്നു നടന്നു.

സത്യത്തിൽ എനിക്കവളെ അറിയാം. വന്നതു മുതൽ ഞാൻ അവളെ കാണുന്നുണ്ട്.

ഞാനവളെ കാണുമ്പോളെല്ലാം അവൾക്കു ഓരോ ജോലികളാണ്.

ആദ്യം ഞാനവളെ കാണുമ്പോൾ അവൾ മുല്ലപ്പൂ വിൽക്കുകയായിരുന്നു.

പിന്നെ പ്രെസ്സിലെ ബൈൻഡിങ് സെക്ഷനിൽ പാർട്ട് ടൈം ജോലിക്കാരി ആയി.

ചിലപ്പോൾ കല്യാണ വീടുകളിൽ കാറ്ററിങ് ഗേൾ ആയി..

അവൾ ചെയ്യാത്ത പണികളില്ല.

പക്ഷെ പടക്കപണിക്കു മാത്രം അവൾ പോകാറില്ല.

നാടുവിട്ടു ഇവിടുത്തേക്ക് ചേക്കേറിയ അവളുടെ അച്ഛനും അമ്മയും ഒരു പടക്കകമ്പിനി പൊട്ടിത്തെറിച്ചു മരിക്കുകയായിരുന്നു. അവൾക്ക് പത്ത് വയസുള്ളപ്പോൾ.

പിന്നെ ആ പണിയോടു മാത്രം അവൾക്ക് വെറുപ്പായി.

പക്ഷെ അവൾ ആ വയസിലും മിടുക്കി ആയിരുന്നു.

താനൊരു പെണ്ണാണെന്നും ഒറ്റക്ക് എങ്ങനെ ജീവിക്കും എന്ന ബോധം അവളെ പിടി മുറുക്കിയപ്പോൾ വഴിവക്കിൽ പൂ വിൽക്കുകയും തൊട്ടടുത്തായി ഷീറ്റ് വലിച്ചു കെട്ടി താമസിക്കുന്ന ഒരു സ്ത്രീയെ കൂടെ താമസിക്കാൻ അവൾ ക്ഷണിച്ചു. അവൾക്കൊരു കൂട്ടും ആവും അവർക്കു സുരക്ഷിതത്വത്തിൽ അന്തിയുറങ്ങുകയും ചെയ്യാം…,

അവളുടെ അവസ്ഥ മനസിലാക്കിയ ആ സ്ത്രീ അവളുടെ കൂടെ താമസിക്കാൻ തയ്യാറായി എന്നാൽ ഇന്ന് മൂന്നു പേരു കൂടി അവളുടെ നല്ല മനസ്സിന്റെ അടിയിൽ ചൂടും തണുപ്പും അറിയാതെ ഉറങ്ങുന്നു…,

ഇതെല്ലാം ഓഫിസിലെ സെൽവൻ പറഞ്ഞപ്പോൾ ഭൂമിയിൽ വഞ്ചനയുടെ മുഖമുദ്രയണിഞ്ഞവർ മാത്രമല്ല മാലാഖമാരും താമസിക്കുന്നുണ്ടെന്നു മനസ്സിലായി.

ഇന്നത്തെ സംഭവത്തോടെ ഒരു പാടു നാളുകൾക്കു ശേഷം ഒരു പെണ്ണിന്റെ മുഖത്തു നോക്കി ഞാൻ ആദ്യമായി പുഞ്ചിരിച്ചു.

എന്റെ കഥ ഓഫിസിലെ സകലർക്കും അറിയാമായിരുന്നു. അതെങ്ങനെയോ അവളും അറിഞ്ഞു.

ഇടയ്ക്കിടെ എവിടേ വച്ചെങ്കിലും കാണുമ്പോൾ വിരൽ നിവർത്തി ഒരു പോളിസി എന്ന് പറയുന്നതല്ലാതെ വേറെ കുഴപ്പം ഒന്നുമില്ലായിരുന്നു.

എന്റെ കഥ അറിഞ്ഞതിനു ശേഷം ഒരിക്കൽ അവൾ എന്നെ കണ്ടപ്പോൾ എന്നോട് ചോദിച്ചു….

ഒരിക്കലേ നേരിട്ടു കണ്ടിട്ടുള്ളതെങ്കിലും എന്തു നല്ല ചിരിയാ ചേട്ടായിയുടെതെന്ന്, ഈ ചിരിയിൽ തന്നെ ഏതു പെണ്ണും വീഴും.

എന്നിട്ടും ആ ചേച്ചി എന്തിനാ ചേട്ടായിയെ വിട്ടിട്ടു പോയത്….??

അല്ലെങ്കിലും രണ്ട് പേരെയെങ്കിലും തേച്ചെങ്കിൽ മാത്രമേ ചില പെണ്ണുങ്ങൾക്ക്‌ കല്യാണം കഴിക്കാൻ ഒരു മൂഡു വരൂ….

അത് കേട്ടതും ഞാൻ അവളെ നോക്കി വീണ്ടും ചിരിച്ചു.

അതുകണ്ടതും അവളെ പറഞ്ഞു ഈ ചിരിയാ ചേട്ടായിക്ക് എപ്പോഴും നല്ലത്.

ഞാൻ വീണ്ടും ചിരിച്ചു.

അപ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ടു അവൾ എന്നോടൊരു ചോദ്യം ചോദിച്ചു.

“ചേട്ടായിക്ക് എന്നെ കെട്ടാവോന്ന്‌ ?”

പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. അതൊന്നും ശ്രദ്ധിക്കാതെ അവൾ പറഞ്ഞു.

കൂടെ നിന്ന് ചേട്ടായിയെ ഞാൻ ഒരിക്കലും ചതിക്കില്ല. തരാൻ പൊന്നോ പണമോ ഒന്നും ഇല്ല.

എന്റെ വീട് പോലും എന്നെ സംരക്ഷിച്ചു എന്റെ കൂടെ നിന്ന ആ അമ്മമാർക്ക് വിട്ടുകൊടുക്കും.

ഈ പ്രായത്തിൽ അവരെ ഇറക്കിവിടാൻ എനിക്കാവില്ല.

ഈ മനസ്സും ശരീരവുമല്ലാതെ ഒന്നുമില്ല എനിക്ക് തരാനായി.

ഏതു പ്രതിസന്ധിയിലും കട്ടക്ക് കൂടെ നില്ക്കാം. അവളെ പോലുള്ളവർ മാത്രമല്ല ചേട്ടായി എന്നെ പോലുള്ളവരും ഇവിടെയൊക്കെത്തന്നെയുണ്ട്.

ഒരാളെയും സ്നേഹിക്കാനില്ലാതെ തനിച്ചായി പോയ ഒരു പെൺക്കുട്ടിയുടെ മനസ്സിലൂടെ ചേട്ടായിക്ക് ഒന്നു നടന്നു നോക്കാൻ ആവുമോ….? എങ്കിൽ മനസ്സിലാവും ഒറ്റപ്പെടലിന്റെ വേദന എന്താണെന്ന്…..!

അവളു പറഞ്ഞ ഓരോവാക്കും വരികളും എന്റെയുള്ളിൽ ആഴ്ന്നിറങ്ങി.

പക്ഷെ അവൾ അവസാനം പറഞ്ഞ ഒരു വാചകം എന്റെ മനസ്സിനേയും തകർത്തു കണ്ണീർ പൊടിച്ചു.

അവൾ പറഞ്ഞു

സ്ത്രീധനം ഒന്നിച്ചു തരാൻ ഇല്ലന്നെയുള്ളൂ എല്ല് മുറിയെ പണിയെടുത്തു ഓരോ മാസവും ഒരു തുക തന്ന് ഞാൻ കടം വീട്ടികൊള്ളാമെന്നു കൂടി അവൾ പറഞ്ഞപ്പോൾ പൊള്ളിപ്പോയി എന്റെ മനസ്സ്….

കൂടെ

എല്ലാ പെണ്ണുങ്ങളെയും പോലെ എനിക്ക് മാത്രമായി സ്നേഹിക്കാൻ ഒരാൾ വേണം എന്നത് എന്റെയും ഒരു സ്വപ്നമാണ് നടക്കുമോ എന്നറിയില്ല ……

എന്നും പറഞ്ഞു അവൾ എന്നെ വിടു നടന്നകന്നു.

അവൾ പോകുന്നതും നോക്കി ഞാനും അങ്ങിനെ നിന്നു. പെട്ടന്ന് സ്വബോധം വീണ്ടടുത്ത് ഞാനവളുടെ അടുത്തേക്ക് ഓടിച്ചെന്നു

അവളെ തടഞ്ഞു അവൾക്കു മുന്നിൽ കേറി നിന്നു.

തുടർന്നു അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കി ഞാനവളോട് ചോദിച്ചു.

നമ്മളെ ഒഴിവാക്കി പോകുന്നവർ അവർ പോയാൽ നമ്മളുടെ ചങ്ക് തകർന്നു വേദനിക്കും എന്നറിഞ്ഞിട്ടും നമ്മളെ വിട്ടിട്ടു പോയിട്ടുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് വലുത് അവരുടെ മാത്രം സന്തോഷമാണ്.

പക്ഷെ നീ എന്റെ ചിരിച്ച മുഖം കാണണം എന്നാണു ആഗ്രഹിക്കുന്നത്. അതിനർത്ഥം എന്റെ മുഖത്തെ പുഞ്ചിരി മായുന്നത് നിനക്ക് സങ്കടമാണു എന്നല്ലേ ??

അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി.

തുടർന്ന് ഞാനവളോട് പറഞ്ഞു

“I love u”…

അതുകേട്ടതും അവളുടെ കണ്ണുകൾ വിടർന്നു.

പിന്നെ പതിയെ ഇടത്തോട്ടും വലത്തോട്ടും തല തിരിച്ചു നോക്കി ആരും ശ്രദ്ധിക്കുന്നില്ലായെന്നുറപ്പു വരുത്തി….

അവൾ എന്നെ കെട്ടിപിടിച്ചു….

അന്നേരം അവളുടെ മുഖം മാത്രം എന്റെ ഇരു കൈകളിലും ചേർത്തു പിടിച്ചു ഞാനവളോട് പറഞ്ഞു

ഈ നിമിഷം മുതൽ നിനക്ക് സ്നേഹിക്കാനും നിന്നെ സ്നേഹിക്കാനും ഞാൻ ഉണ്ടാകും.

അത് കേട്ട് കണ്ണുകളടച്ചു കുറച്ചു നേരം കൂടി അവൾ എന്റെ നെഞ്ചോടു ചേർന്നങ്ങനെ നിന്നു.

അല്ലെങ്കിലും ഒരാളുടെ രണ്ടാമതു വരുന്ന പ്രണയമാണ് എപ്പോഴും വിജയിക്കാറുള്ളത്.

കാരണം

ഒരിക്കൽ പ്രണയ ദുഃഖം അനുഭവിച്ചയാൾക്കു എതിർവശത്തുള്ള മനസ്സിനെ വ്യക്തമായി മനസ്സിലാവും. അതു കൊണ്ടു തന്നെ ആ വേദന മറ്റൊരാൾക്ക്‌ നൽകാൻ അവർ ഒരിക്കലും താൽപ്പര്യപ്പെടില്ല….

അങ്ങനെ അവസാനം പ്രണയമെന്ന ജീവിത പക്ഷിയുടെ ഞാനും അവളും ” എന്ന ഇരു ചിറകും വിടർന്ന്‌ അത് പറക്കാൻ തുടങ്ങി.

രചന : – -Pratheesh

Leave a Reply

Your email address will not be published. Required fields are marked *