ആൺകുഞ്ഞ്

രചന : – ഷിഹാബ് അറക്കൽ

വേണ്ട ഉണ്ണിയേട്ടാ എന്നെക്കൊണ്ടാവില്ല…

എന്താ അനു… നീ ഇങ്ങിനെയൊക്കെ പറയണത്…

ഇനിയൊരിക്കൽ കൂടി പ്രഗ്നന്റാവാനുള്ള ശേഷി എനിക്കില്ല ഏട്ടാ…

അങ്ങിനെ പറയല്ലെ മോളെ..നമുക്കൊരു ആൺകുഞ്ഞ് വേണം എന്നുള്ളത് അമ്മയുടെ അവസാനത്തെ ആഗ്രഹമാണ്…

നിനക്കറിയാലോ എനിക്ക് അമ്മയല്ലാതെ വേറെ ആരുമില്ല… ആ അമ്മക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്..

ടെക്സ്റ്റ്‌യിൽസ് ഷോപ്പിൽ ജോലിക്ക് നിന്നിരുന്ന നീ എന്റെ ജീവിതത്തിലേക്ക് വന്നതും അമ്മയുടെ ആഗ്രഹപ്രകാരമാണ്…. ഒരുപക്ഷേ ഇനിയൊരു ആഗ്രഹം പറയാൻ അമ്മ ഉണ്ടായില്ലെങ്കിലോ…

എന്താ ഉണ്ണിയേട്ടാ… കൊച്ചു കുട്ടികളെപ്പോലെ…. കണ്ണൊക്കെ നിറഞ്ഞൂലോ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ… അമ്മയുടെ ആഗ്രഹം പോലെ മ്മക്കൊരു ആൺ കുഞ്ഞിനെ ദൈവം തരും ട്ടോ…

ഉണ്ണിയുടെ മാറിലേക്ക് തല ചായ്ച്ചുകൊണ്ട് അനു അത് പറയുമ്പോൾ അമ്മയുടെ ആഗ്രഹം സഫലമാകണേ എന്നായിരുന്നു അയാളുടെ പ്രാർഥന….

അന്നാട്ടിലെ അത്യാവശ്യം പേരുകേട്ട തറവാട്ടിലെ അംഗമായിരുന്നു ശ്രീധരൻ … അദ്ധേഹത്തിന്റെ ഭാര്യ ഭാർഗവി അമ്മ.. അവർക്ക് ഒരേയൊരു മകൻ ഉണ്ണി….

ഉണ്ണിയുടെ ചെറുപ്രായത്തിൽ അച്ഛൻ നഷ്ടപ്പെട്ടതാണ്.. പിന്നീട് മറ്റൊരു വിവാഹത്തിന് മുതിരാതെ അച്ഛന്റെ കുറവ് അറിയിക്കാതെ വളർത്തിയത്‌ അമ്മയാണ്…

അത് കൊണ്ട് തന്നെ അമ്മയെന്ന് വച്ചാൽ ഉണ്ണിക്ക് ജീവനാണ്…സ്വന്തം ജീവിതം മകന് വേണ്ടി ഉഴിഞ്ഞു വച്ച ആ അമ്മയുടെ തന്നാൽ കഴിയുന്ന ഏതാഗ്രഹവും സാധിച്ചു കൊടുക്കണം എന്നാണ് മകന്റെ ജീവിതാഭിലാഷം….

ഉണ്ണിക്കും അനുവിനും മൂന്ന് മക്കളാണ്.. മൂന്ന് പെൺകുട്ടികൾ…

തന്റെയും മകന്റെയും കാലശേഷം സ്വത്തുക്കൾക്ക് ഒരു അവകാശി വേണം എന്ന അമ്മയുടെ ആഗ്രഹമാണ് ഈ ആൺകുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ്….

**********************************

ലേബർ റൂമിന് പുറത്തെ വരണ്ട നടത്തത്തിനിടയിലും തന്റെ ഭാര്യക്ക് ഒന്നും വരുത്തരുതേ എന്നായിരുന്നു ഉണ്ണിയുടെ പ്രാർഥന….

റൂമിന്റെ ഡോർ തുറന്ന് വന്ന നഴ്സ് ചോദിച്ചു…

ആരാണ് ഉണ്ണി…. ?

ഞാനാണ്‌ സിസ്റ്റർ…

നിങ്ങളുടെ വൈഫ്‌ പ്രസവിച്ചു… ആൺകുട്ടിയാണ്….

സന്തോഷത്താൽ നിറഞ്ഞ കണ്ണുകളുമായി ആ കുഞ്ഞിനെ കൈ നീട്ടി വാങ്ങുമ്പോൾ തന്നെ കൈ വിട്ടില്ലല്ലോ കൃഷ്ണാ എന്ന് ദൈവത്തോട് നന്ദി പറയുകയായിരുന്നു ആ അമ്മ….

അല്പ സമയത്തിനകം ഡോർ തുറന്ന് പുറത്തേക്ക് വന്ന ഡോക്ടർ അയാളെ അൽപ്പം മാറ്റി നിർത്തി ചോദിച്ചു….

അനു എന്ന പേഷ്യന്റിന്റെ ഹസ്ബന്റ് നിങ്ങളാണോ…. ?

അതെ.. സർ.. ഞാനാണ്‌…

ഞാനൊരിക്കൽ അവരോട് പറഞ്ഞതാണ്‌.. ഇനിയൊരു പ്രഗ്നൻസിക്കുള്ള ശാരീരിക ക്ഷമത നിങ്ങൾക്കില്ല.. അത്കൊണ്ട് പ്രസവം നിർത്തണമെന്ന്…പക്ഷെ.. അവർ.. അവരെന്തിനീ റിസ്ക്‌ ഏറ്റെടുത്തു…

അയാം സോറി മിസ്റ്റർ ഉണ്ണി.. ഞങ്ങളെക്കൊണ്ട് ആവുന്ന വിധത്തിൽ ശ്രമിച്ചു നോക്കി… ബട്ട്‌..

കുഞ്ഞിനെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ…ഭാര്യ..

ഉണ്ണിയുടെ തോളിൽ തട്ടി സമാധാനിപ്പിച്ചുകൊണ്ട് ഡോക്ടർ നടന്നകലുമ്പോൾ…

വെള്ള പുതപ്പിച്ച ചേതനയറ്റ അനുവിന്റെ ശരീരം സ്ട്രെക്ച്ചറിൽ പുറത്തേക്ക് കൊണ്ടു വന്നു…

വിറയാർന്ന കൈകളാൽ മുഖത്തെ തുണി മാറ്റി നോക്കിയപ്പോൾ അയാൾ കണ്ടു…

അമ്മയുടെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തോടെ പുഞ്ചിരിച്ച് കിടക്കുന്ന തന്റെ നല്ല പാതിയെ….

************

രചന : – ഷിഹാബ് അറക്കൽ

Leave a Reply

Your email address will not be published. Required fields are marked *