ഇഷ്‌ക്…

രചന: നിയ ജോണി

ഹാവൂ ലോക്ക് ഡൗൺ ആയിട്ട് ഒരു കല്യാണത്തിന് ങ്കിലും വിളിച്ചല്ല…. സമാധാനം അപ്പോ അവടെങ്കിലും ആദ്യത്തെ 50 പേരില് ണ്ട് ന്ന് മനസിലായി….

കഷ്ടപ്പെട്ട് പുട്ടി ഒക്കെ വാരി ഇട്ട് കൈഞ്ഞപ്പോ ആണ് ലോക്ക്ഡൗൺ ആണ് കൊറോണ ആണ് മാസ്ക് വെക്കണം ന്ന് ഒക്കെ ഓർമ വന്നത്…… മൂഡ്‌ പോയി……… മൂഡ്‌ പോയി……..

കൊറേ നാള് കൂടി ഒരു കല്യാണം കൂടാൻ പറ്റണതിന്റ ആക്രാന്തത്തില് ഞാൻ എന്ന തന്നെ മറന്ന് പോയി…… ന്തായാലും വാരി ഇട്ട്….. വെർതെ കഴുകി കളയണ്ടന്ന് വെച്ച് അഞ്ചാറു സെൽഫി ഇരുന്നും കെടന്നും പെടലി തിരിച്ചും ഒക്കെ എടുത്ത്.

അവടെ ചെന്നപ്പോണ്ട് കല്യാണപെണ്ണും ചെക്കനും വരെ മാസ്ക്….. ന്റെ ഉള്ളില കോയികുഞ്ഞ് അറ്റാക്ക് വന്ന് ചത്ത്‌ പോയി ന്ന് പറഞ്ഞാ മതിയല്ലാ…..

യൂ കാം ഇല്ലാതെ ഫോട്ടോ എടുക്കാത്തോണ്ട് ഞാൻ ഫോട്ടം പിടിക്കാൻ ഒന്നും പോയില്ല….

പയ്യെ ഫുഡ്‌ ന്റെ മണം പിടിക്കാൻ തൊടങ്ങി. ന്തായാലും വായിനോട്ടം ഗോപി ആയല്ലോ….. ഇതെങ്കിലും നടക്കട്ടെ….. Smell കേട്ടട്ടു ചിക്കൻ ബിരിയാണി ആണ് ന്ന് തോന്നണു. രണ്ട് പ്ലേറ്റ് എങ്കിലും കൈക്കണം. ഇതിപ്പോ മാസ്ക് വെച്ചോണ്ട് എങ്ങനാ തിന്നാ??? പാർസൽ ആയിട്ട് കൊണ്ടോവണ്ട വരുവോ???

ക്യുവില് ഒക്കെ നിന്ന് കഷ്ടപ്പെട്ട് ബിരിയാണി വാങ്ങിച്ചോണ്ട് വന്നപ്പോ ദോ…. കൈ കഴുകണ സ്ഥലത്ത് ന്ന് ഒരുത്തൻ ന്നേ നോക്കി കണ്ണുരുട്ടണു. എന്ന നോക്കി കണ്ണുരുട്ടാൻ താൻ ആരാടോ?? ദൈവമേ… ഇനി കൈ കഴുവാത്തോണ്ട് ആരിക്കോ???? അയിന് ഇവിടെ ആരും കഴുകീല്ലല്ലാ……

ന്താടോ കണ്ണുരുട്ടി പേടിപ്പിക്കണേ…… നിന്ന് കണ്ണുരുട്ടാതെ താൻ ഒന്ന് പോടോ ഹേ …. ന്ന് പറഞ്ഞപ്പോ ദോ… ഇങ്ട് ചറ പറ ഹിന്ദി. പടച്ചോനെ…… അനാക്കോണ്ടനെ ആണോ ഞാൻ ചവിട്ടിയെ. ഇനി ഇത് വെല്ല ബംഗാളി ആണോ പണ്ടാരം……

ന്തോന്നെടി….. കല്യാണത്തിന് വന്നട്ട് പണിക്ക് വന്ന ബംഗാളിനോട്‌ ഒക്കെ സംസാരിച്ചു നിക്കണത്???? ഇനി അതിനേം വളക്കേണാ????

എവിടന്നാ ഈ അശരീരിന്ന് നോക്കിയപ്പോ സൗണ്ട് മാത്രല്ല കയ്യും കാലും ഒക്കെ ഒള്ള മാസ്ക് വെച്ച അശരീരി ആണ്. ഇതേതട ഈ മൊതല്???? പടച്ചോനെ…….. ഞാൻ കൈഞ്ഞ പ്രളയത്തിന് ക്യാമ്പില് നിന്നപ്പ സ്കെച്ച് ഇട്ട പ്രാണി അല്ലെ ഇത്???? ഇങ്ങേര് ഇതെന്ത് ഇവട????

കണ്ട ബംഗാളിനെ വായിനോക്കാനും മാത്രം അധഃപതിച്ചിട്ടില്ല ഈ ഞാൻ….. അങ്ങേരാണ് എന്ന നോക്കി കണ്ണുരുട്ടിയേന്ന് പറഞ്ഞപ്പോ അശരീരി പറയാ…. നിന്ന കണ്ട് പേടിച്ചിട്ട് ആരിക്കും ന്ന്….. ഞാൻ ന്തോന്നു ചത്തു പ്രേതം വെല്ലോം ആയിട്ടാണാ വന്ന് നിക്കണത്.

അങ്ങേരെ നോക്കി നിന്നാ ന്റെ ബിരിയാണിടെ ചൂട് ആറി പോവും ന്ന് ഒള്ളോണ്ട് ഞാൻ മാസ്ക് ഊരി അറ്റാക്ക് തൊടങ്ങി.

രണ്ട് പ്ലേറ്റ് തിന്നാൻ വന്നട്ട് ഒരു പ്ലേറ്റ് പോലും മുഴുവൻ തിന്നാൻ പറ്റണില്ലല്ലോ…. തിന്നാൻ തൊടങ്ങാൻ നേരം ആ അശരീരി കണ്ണ് വെച്ചൂന്ന് തോന്നണു….. പാവം നാൻ. എവിടെ ആ പ്രാണി??? ന്ന് നോക്കിയപ്പ കല്യാണ ചെക്കന്റെ അടുത്ത് ഇളിച്ചോണ്ട് വർത്താനം പറയണു.

ഇവര് റിലേഷൻ ആണോ ഫ്രണ്ട്സ് ആണോ ആവോ???? മാസ്ക് മാറ്റിയപ്പം അശരീരി സേട്ടന് ഒരു വർക്കത്ത് ഒക്കെ വെച്ചട്ട് ണ്ട് അന്നത്തതിനേലും….. കൊള്ളാം…..

ബിരിയാണി കുത്തിക്കേറ്റലോക്ക കൈഞ്ഞ് വെർതെ കസേരെല് ഇരുന്നപ്പോ അശരീരി സേട്ടൻ എന്റെ പൊറകില് രണ്ട് മൂന്ന് പെൺപിള്ളേരായിട്ട് വന്നിരുന്ന് പൊരിഞ്ഞ കത്തി………

സൈക്കണില്ലാ……. അങ്ങന ഞാൻ സ്കെച്ച് ഇട്ട് വെച്ച പ്രാണിനെ ഇവള്മ്മാര് വളക്കണ്ടാ….. അല്ല പിന്നെ…. ന്താ ഇപ്പൊ ചെയ്യാ. ……… ന്ന് വിചാരിച്ചപ്പോ ദോണ്ടേ….. നിക്ക് ഒരു ഫോൺ വന്ന്. പിന്ന ഫോണില് ഞാൻ അങ്ട് സംസാരിക്കാൻ തൊടങ്ങി….. എന്റെ ചെലപ്പ് കൊണ്ട് അതുങ്ങക്ക് ഒന്നും പറയാൻ പറ്റണില്ല….. അവസാനം പ്രാന്ത് കേറി എന്ന നാല് ചീത്ത വിളിച്ചു ലവള്മ്മാര് എണീറ്റ് പോയി.

നാല് ചീത്ത കേട്ടേലും ഇപ്പഴാ സമാധാനം ആയേ…..

അങ്ങേരോട് പ്രേമം തോന്നീട്ടൊന്നുവല്ല…… ന്നാലും കാണാൻ കൊള്ളാവുന്ന ചെക്കനും പെണ്ണും കൂടെ സംസാരിക്കണ കണ്ടാ നിക്ക് കുശുമ്പ് കുത്തും……

അങ്ങന ആ പെണുംപിള്ള എണീറ്റ് പോയപ്പം നിക്ക് സന്തോഷായി…… അങ്ങേരും അതിന്റ പൊറകേ പോയി…. ആാാ…. പോട്ട് പുല്ല്….. ന്ന് പറഞ്ഞു സെൽഫി എടുക്കാൻ ഫോൺ എടുത്തു ക്യാമറ ഓൺ ആക്കിയപ്പോ ദോ പൊറകില് നിക്കാണ് അശരീരി………

ഈശോയെ……. പേടിപ്പിച്ചു കൊന്ന്. കള്ള ബഡുവ……. ന്താ??? ന്ന് ചോയ്ച്ചപ്പോ പറയാ ന്തായാലും നീ ഫോട്ടോ എടുക്കുവല്ലേ….. അങ്ങേരടേം കൂടെ എടുക്കാൻ…… അമ്പട ജിഞ്ചിന്നാക്കടി…. തെക്കോട്ടു നോക്ക് ഇരുന്ന മതി. ഞാൻ അങ്ങന കണ്ട ആണുങ്ങൾടെ കൂടെ ഒന്നും ഫോട്ടോ എടുക്കൂല്ല ……. ന്ന് പറഞ്ഞു അവടന്ന് എസ്‌കേപ്പ് അടിച്ചു.

വീട്ടില് പോവാനായിട്ട് അമ്മനെ വിളിക്കാൻ ചെക്കന്റെ വീട്ടിന്റെ ഉള്ളിലേക്ക് കേറിയപ്പ വരാന്തേല് തന്നെ വെട്ടി ഇട്ട വാഴ കണക്ക് മേലോട്ട് നോക്കി കെടക്കണിണ്ട്….. കാഞ്ഞ് പോയതാണോ കർത്താവേ……. ഇല്ല അനക്കം ണ്ട്……

ന്റെ നോട്ടം കണ്ടപ്പം എണീറ്റ് ഇരുന്നട്ട് എന്ന നോക്കി കണ്ണുരുട്ടണ്. ഇങ്ങന നോക്കാനും മാത്രം ഇതെന്തോന്ന്??? ഞാൻ ഒരു ലോഡ് പുച്ഛം വാരി വിതറിട്ട് അമ്മനേം വിളിച്ച് അവടന്ന് പോന്നു.

വീട്ടില് ചെന്ന് അവടെ വെച്ച് എടുത്ത ഫോട്ടോ നോക്കിയപ്പ എല്ലാത്തിലും, ഒരെണ്ണം പോലും വിടാതെ ആ അശരീരിടെ മൊഖം ണ്ട്….. ഏഴാം അറിവ് സിനിമേല് ശ്രുതി ഹസ്സൻ ഫോട്ടോ എടുക്കുമ്പം എല്ലാത്തിലും സൂര്യ അണ്ണൻ വന്ന് എത്തി നോക്കണ പോലെ ന്റെ എല്ലാ ഫോട്ടോലും ആ പ്രാണി ണ്ട്….. ഇതെന്തോന്ന്???????

അന്ന് ക്യാമ്പില് നിന്നപ്പ എന്ന കൊണ്ട് അരിചാക്ക് വരെ ചൊമപ്പിച്ച മൊതലാണ് ഇത്. എല്ലാർക്കും തക്കാളിച്ചോറ് കൊടുത്തപ്പ എനിക്ക് മാത്രം ജീരകച്ചോറ് തന്ന കാലൻ….. അതില ജീരകം പെറുക്കി മൻഷ്യന്റെ കൈ ഒടിഞ്ഞതാണ്. ലോഡ് കണക്കിന് വന്ന ഡ്രസ്സ്‌ കളക്ട്ട് ചെയ്യാൻ പോയപ്പ എന്റ ഇത് വരെ ജനിച്ചട്ട് ഇല്ലാത്ത കൊച്ചിന് ഇടാനൊള്ള കുട്ടിയുടുപ്പ് എനിക്ക് എടുത്ത് തന്നട്ട് ഇട്ടോളാൻ പറഞ്ഞ ജന്തു.

ക്യാമ്പിലെ ഏതോ ഒരു ചേച്ചിക്ക് pregnancy kit നെ കുറിച്ച് പറഞ്ഞ് കൊടുക്കാൻ ആ ചേച്ചീനേം ചേട്ടനേം കൂട്ടി എന്റട്ത്തേക്ക് വന്നേക്കണ്. നീ മെഡിക്കൽ ഫീൽഡ് അല്ലെ…. ഒന്ന് പറഞ്ഞു കൊടുക്കാൻ…… അയിന് ഞാൻ മെഡിക്കൽ ഫീൽഡിലാണ് ന്ന് ഇങ്ങേരോട് ആര് പറഞ്ഞ്?????

അന്നും രണ്ട് പെൺപിള്ളേര് അങ്ങേർടെ പേരും വിളിച്ച് ഏതു നേരോം പൊറകേണ്ടാവും….. എന്ന മാത്രം കണ്ണിന് കണ്ടൂടാ ആ പ്രാണിക്ക്. ഞാൻ എന്തോ ചെയ്തട്ടാണോ…..??

ആ കല്യാണത്തിന് പോയപ്പം ഏതോ ഒരു നന്മമരം പറഞ്ഞു വിട്ടേണ് ന്ന് തോന്നണു ഇപ്പൊ അപ്പനും അമ്മേം കൂടെ എന്റെ കല്യാണം ന്ന് പറഞ്ഞ് നടക്കേണ്.

ന്തൊക്കെ പ്ലാനിങ് ആണ്. കെട്ടിക്കാൻ ആയിട്ട് ചിട്ടി വരെ ചേർന്ന്. ഏതോ ഒരു ചേട്ടന് ഡാൻസ് ട്രൂപ്പ് ണ്ട് ന്ന് പറഞ്ഞു അങ്ങേര് ന്റെ കല്യാണത്തിന് എല്ലാ പരുപാടീം ഫ്രീ ആയിട്ട് ചെയ്ത് തരാന്ന്. ബ്ലഡി ഗ്രാമവാസി…… പോരെങ്കി കല്യാണത്തിന് കുർബാന ചൊല്ലാൻ എന്ന സൺ‌ഡേ സ്കൂളില് പഠിപ്പിച്ച അച്ചന വിളിക്കാന്ന്….. എന്തിനാ കൊറച്ചേ….. മാർപ്പാപ്പനെ വിളിക്കാർന്നില്ലേ???? ഞാൻ കെട്ടണില്ല മഠത്തില് ചേരാൻ പോവാ… ന്ന് പറഞ്ഞപ്പോണ്ട് ഇനി അതൂടെ പൊളിക്കണം ആരിക്കും ന്ന്….. നേരെ ചൊവ്വേ ഇന്റേൺഷിപ് ചെയ്യാൻ സമ്മതിക്കരുത്…… ഇജ്ജാതി വീട്ടുകാര്…….

ഡ്യൂട്ടിക്ക് നിക്കണ ഹോസ്പിറ്റലില് പനി ഒള്ളോണ്ട് കൊറോണ ആണോന്ന് ടെസ്റ്റ്‌ ചെയ്യാൻ അങ്ങേര് വന്നപ്പം എന്ന ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും കാണിച്ചില്ല. സിംഹവാലൻ കൊരങ്ങ്.

ആ കല്യാണത്തിന്റ ആൽബം നോക്കിയപ്പ ആ പ്രാണിടെ ഫോട്ടോല് കണ്ണ് ഒടക്കി…. നല്ല കുടുക്കാച്ചി ചിരി… ന്റെ പൊന്നോ…….

അന്ന് കല്യാണം കൈഞ്ഞ ചേച്ചിനോട്‌ ചോയ്ച്ചു പേരൊക്ക ഒപ്പിച്ചു. നുമ്മ ആരാ മോള്…….

ക്യാമ്പില് നിന്നപ്പ വേറെന്തോ പേരാണ് ഈ പ്രാണിനെ എല്ലാരും വിളിച്ചേ…… അത് വെച്ച് കണ്ട fb, ഇൻസ്റ്റ ഒക്കെ തപ്പി ശശി ആയതാണ്.

ഈശ്വരാ…… ഭഗവാനെ…… അങ്ങേര് ഇതേലും അക്‌സെപ്റ്റ് ചെയ്യണേ……

FB യില് ഫേക്ക് അക്കൗണ്ട് ഉൾപ്പടെ മൂന്നെണ്ണത്തില്ന്നും റിക്വസ്റ്റ് അയച്ചട്ട് അക്‌സെപ്റ്റ് പോലും ചെയ്യാതെ നെരത്തി പിടിച്ചു ബ്ലോക്കിയ മരംകൊത്തി മോറനാണ് ലങ്ങേര്…..

അതും പോരാഞ്ഞു റിക്വസ്റ്റ് അയക്കാതെ അങ്ങേര്ടെ അക്കൗണ്ടില് ന്താ നടക്കണേന്ന് അറിയാനായിട്ട് ചെന്ന് എത്തി നോക്കീട്ട് എറങ്ങി പോരാൻ ണ്ടാക്കിയ FB അക്കൗണ്ട് ന്റെ പേര് കണ്ടപ്പോ തന്നെ അങ്ങേര് കണ്ണടച്ച് ബ്ലോക്കി…

അല്ലേലും നമ്മള കട്ടക്ക് ഒഴിവാക്കണ ജന്തുന അല്ലെ നമ്മ കേറി പ്രേമിക്കൂള്ളൂ….

അങ്ങന അതും ത്രീജിയായി കുത്തിയിരിക്കണ നേരത്താണ് ഞാൻ ചുമ്മാ ഒരു രസത്തിന് ഇൻസ്റ്റാഗ്രാമില് അക്കൗണ്ട് എടുത്തേ…..

രണ്ടും കല്പ്പിച്ചു അങ്ട് ഒരു ഫോള്ളോ റിക്വസ്റ്റ് അയച്ചു. ഹാവൂ…. അതിൽ ബ്ലോക്കിയില്ല…..ന്ത് പറ്റിയോ ആവോ…..

ഇൻസ്റ്റാഗ്രാമില് ഒള്ള കണ്ട പെൺപിള്ളേർടെ ഓഞ്ഞ craft ഫോട്ടോക്ക് ഒക്കെ അങ്ങേര്ക്ക് ലൈക് ചെയ്യാം. ഇവിടെ ഞാൻ ഒരു ഫോട്ടോ ഇട്ടാൽ അത് എടുത്ത് പോലും നോക്കൂല്ല.. അതെന്ത് ഞാൻ ചെയ്യണത് ഒന്നും craft അല്ലെ….. ഇതെന്തോന്ന് വെള്ളരിക്ക സിറ്റിയോ….. കമന്റ്‌ വേണ്ടാ ഒരു ലൈക് എങ്കിലും…… കാലമാടൻ…… നോക്കിക്കോടോ… നിങ്ങടെ ഒരു ഫോട്ടോക്കും ആരും ലൈക് ചെയ്യൂല്ലാ…..

അപ്പോ ദോണ്ടേടാ…. അങ്ങേർടെ എല്ലാ ഫോട്ടോക്കും വിടാതെ കമന്റ്‌ ഇട്ട് ഒരു അപ്സരസ്….. ഇവളാര് മേനഹേ…… ഇല്ലേല് രംഭേ…….. അതുവല്ലെങ്കി…. തിലോത്തമേ……. കുട്ടിപിശാശ്….. മൻഷ്യന്റെ സമാധാനം പോയി കിട്ടി. അവക്കടെ ഒരു സോഡാ കുപ്പി കണ്ണടേം അവിഞ്ഞ ചിരീം…….. ന്റെ കർത്താവേ…… കണ്ട്രോൾ തരണേ…….

“CUTE SMILE….. LIKED VERY MUCH. KEEP SMILING!!!”

പ്ഫ……. അങ്ങേര്ടെ സ്‌മൈല് ലൈക്കാൻ മാത്രം നീ ആരെടി മാക്കാച്ചി…… അവക്കടെ ഒരു ചൂട്ട് സ്‌മൈല്…. ഒലക്കടെ മൂട്……

“YOU LOOK LIKE MY EX IN THIS BLACK SHIRT”

X അല്ലടി Z. കണ്ട്രോൾ ദൈവങ്ങളെ…. ശക്തി തരൂ….. ഇല്ലേ ഞാൻ വെല്ലോം ചെയ്ത് പോവും.

“MADLY IN LOVE WITH YOUR SMILE ”

ന്റെ അത്തിപ്പാറ അമ്മച്ചി…… ഇങ്ങനാണേ… സത്യായിട്ടും ഞാൻ ഇവള കൊന്ന് വെല്ല പൂജപുരക്കും പോവും.

അപ്പോ ദോണ്ടേ… അടുത്ത ഫോട്ടത്തില് അങ്ങേര് അവളെ പിടിച്ചു ടാഗിയേക്കണ്…….

എന്ന ആരേലും ഒന്നു കൊന്ന് തരുവോ …… നിക്ക് ഇത് കാണാൻ വയ്യായേ……….

ഞാൻ ചെന്ന് അവക്കടെ പോസ്റ്റ്‌ നോക്കിയപ്പോ ദോ എല്ലാത്തിലും നെരത്തി പിടിച്ചു അങ്ങേർടെ ലൈക്. അങ്ങേർടെ ഭാഗ്യം. കമന്റ്‌ ഇല്ല. അതൂടെ ഒണ്ടാർന്നേല് ചെലപ്പോ ഞാൻ വെല്ല കടുംകയ്യും ചെയ്തേനെ….

വേം പോയി ഞാൻ കഴിഞ്ഞ വർഷം അങ്ങേർക്ക് അയച്ച HAPPY CHRISTMAS ന്ന് ഒള്ള മെസ്സേജ് നോക്കിയപ്പോ….. ഫാഗ്യം…… അങ്ങേര് അത് എടുത്തൂടെ നോക്കീട്ടില്ല….. അതെന്താടോ… ഞാൻ മെസ്സേജ് അയക്കുമ്പം തന്റ ഇൻസ്റ്റാഗ്രാം ചത്തു പോവോ?????

നേരിട്ട് കണ്ടേച്ചേല് മൊബൈലെട്ത്ത് ആ മെസ്സേജ് കാണിച്ചു കൊടുക്കാർന്നു. പുല്ല്……

അപ്പോ ദോ അവക്കടെ ഒരു പോസ്റ്റില് അങ്ങേരെ പിടിച്ചു ടാഗിയിട്ട് COUPLE GOALS ന്ന്…… ന്റെ കാട്ടുമുത്തപ്പാ………. ഇഡലി മുക്കി കൈച്ചോണ്ട് ഇരുന്ന സാമ്പാറ് വരെ തലമണ്ടേല് കേറി……. അയിന് വന്നട്ട് അങ്ങേർടെ ഓഞ്ഞ ലവ് ഇമോജീം…….

അലവലാതി…. കാലൻ… അങ്ങേര ഈ ഇഡലിക്ക് എറിഞ്ഞു കൊല്ലണം.

ഇനി അവര് തമ്മില് ശെരിക്കും വല്ലോം………. യേയ്….. ഇല്ല ഇല്ല…….

എല്ലാം കൂടെ കണ്ടേന്റെ ഹാങ്ങോവറില് രണ്ടൂസം ഇൻസ്റ്റ തൊറക്കാതെ മൂന്നാമത്ത ദിവസം തൊറന്നപ്പോ ദോ അങ്ങേര് തിരിച്ചു ഫോള്ളോ ചെയ്യണ്…..

ഇതെന്ത് മറിമായം….. എനിക്ക് പ്രാന്തായതാണ…… ഇല്ലേല് ഇങ്ങേർക്ക് പ്രാന്തായതാണ…………

നിക്ക് ഓട്ടൻ തുള്ളല് കളിക്കണോ കഥകളി കളിക്കണോന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആയി പോയി. അവസാനം ഓട്ടൻ തുള്ളൽ ന്റെ തുള്ളലും കഥകളിലെ കത്തി വേഷത്തിന്റെ എക്സ്പ്രഷൻ ഒക്കെ തനിയെ ഇട്ട്.

അങ്ങേര് അയിന്റെ തലേന്ന് ഒരു പോസ്റ്റ്‌ ഇട്ട്ന്നേ…… അത് നോക്കിയപ്പോ അവള ടാഗിയേക്കണ്……. ഇത് എന്ന കാണിക്കാനാണ ഇങ്ങേര് ഇപ്പൊ എന്ന ഫോള്ളോ ചെയ്തേ???? ന്നൊക്കെ വിചാരിച്ചു നോക്കിയപ്പോ താഴെ ദോ….. ഹാഷ്ടാഗ് സിസ്റ്റർ ന്ന്………

ന്റെ പൊന്നോ ……… ഞാൻ അങ്ട് ധൃതംങ്കപുളകിതയായി…… അത് കണ്ടപ്പോ ഒള്ള ആ മേനഹടെ എക്സ്പ്രഷൻ ഒന്ന് കാണാൻ പറ്റിയെച്ചേല്….. ന്റെ ജന്മം സഫലമായേനെ…….

നൈസായിട്ട് മേനഹ വളക്കാൻ നോക്കീതാ….. കള്ള കോഴി……. ന്തായാലും ചീറ്റി പോയി…. ഹുഹുഹുഹു…….

അതിന്റ സന്തോഷത്തില് തുള്ളി ചാടി ഹാളിലേക്ക് പോയപ്പോ ദവടെ ന്റെ നെഞ്ച് തകർത്ത ന്യൂസ്‌…..

ടിക്ടോക് നിരോധിച്ചുന്ന്…….

ന്റെ ടിക്ടോക് ഭഗവതി. .. ചതിച്ചോ… ന്നും പറഞ്ഞു വെട്ടി ഇട്ട വാഴ പോലെ ഞാൻ വീണപ്പ ആ…. മൂത്ത വാഴ വീണ് ഇനി pubg കൂടെ നിരോധിച്ച ഇളയ വാഴേങ്കുടി വീഴും ന്ന് പറഞ്ഞ് ന്റെ പാപ്പാജി കൊതുകിനെ കൊല്ലാൻ പൊക ഇടാൻ പോയി.

പൊകച്ചു കയിഞ്ഞു നോക്കിയപ്പോ ദോ “പുതുമഴയായ് വന്നു നീ ” പാട്ടും പാടിയാണ് കൊതുക് ആ പൊകടെ എടേൽ കൂടെ പറന്നു കളിക്കണത്. ദിൽവാലെ പുച് ദേന ച്ചാ……. ഓഓഓ…..

പിന്നങ്ങ്ട് പയ്യെ പയ്യെ മെസ്സേജ് ഒക്കെ അയച്ച്. അങ്ങേര് ജാഡ ഇടുമ്പം ഞാൻ അയിലും വല്യ ജാഡ ഇടും. പിന്നെ പുച്ഛത്തിന്റെ വരവാണ്. ഞാൻ ഒരു 10 പുച്ഛം അങ്ങ്ട് ഇടുമ്പം അങ്ങേര് ഒരു 20 പുച്ഛം ഇങ്ങ്ട് ഇടും. പിന്ന ഫോൺ ഹാങ്ങ്‌ ആവണ വരെ പുച്ഛത്തിന്റ ഇമോജിക്ക് റസ്റ്റ്‌ കൊടുക്കൂല്ല……

അയിന്റെ എടേൽ ഒരൂസം ഞാൻ fb യില് റിക്വസ്റ്റ് അയച്ചട്ട് ന്താ ബ്ലോക്കിയേന്ന് ചോയ്ച്ചപ്പ പറയാ പൊറകേ നടന്നാ ബ്ലോക്ക്‌ ചെയ്യാൻ ആണ്പിള്ളേര്ക്കും പറ്റും ന്ന് കാണിച്ചു തന്നേണ് ന്ന്….. ബ്ലഡി കൊരങ്ങൻ.

അവസാനം കൊറോണ ഒക്കെ മാറി കൈഞ്ഞപ്പ എന്ന സൺ‌ഡേ സ്കൂളില് പഠിപ്പിച്ച അച്ചന കൊണ്ട് തന്നെ കുർബാന ചൊല്ലിച്ച് എന്ന അങ്ങേർടെ കൂടെ കെട്ടിച്ചു വിട്ട്.

ദേഷ്യം വരുമ്പം അങ്ങേര്ടെ താടിക്ക് പിടിച്ചു വലിക്കാൻ എന്നാ രസാന്നോ…… അവസാനം എന്ന പേടിച്ചു അങ്ങേര് അതങ്ങു വടിച്ചു കളഞ്ഞു. ജന്തു.

കെട്ട് കൈഞ്ഞിട്ടും ഇൻസ്റ്റാഗ്രാമില് പെടക്കോഴികള് കൂവല് നിർത്തീല്ലാ…. അതെങ്ങനാ…… ഇപ്പഴും ഇടണത് അങ്ങേർടെ കൂളിംഗ് ഗ്ലാസ്‌ വെച്ച് ഒറ്റക്ക് നിക്കണ ഫോട്ടോ അല്ലെ…… പോരെങ്കി മെസ്സേജ് അയച്ചാ അപ്പോ തന്നെ റിപ്ലൈ അയക്കും. ഗിരിരാജൻ കോഴി………

അവസാനം സഹികെട്ട് ഞാൻ ഞങ്ങടെ കല്യാണത്തിന്റ ഫോട്ടം എടുത്ത് MY BETTER HALF, MY SOULMATE…. IF I DID ANYTHING RIGHT IN MY LIFE, IT WAS WHEN I GAVE MY HEART TO YOU…… ന്ന് ക്യാപ്ഷനും ഇട്ട് അറഞ്ചം പുറഞ്ചം ലവും കണ്ണില് ലവ് വരണതും ഉമ്മേം ഒക്കെ ഒള്ള ഇമോജി അങ്ട് ഇട്ട്….. എന്റെ ജന്മം സഫലമായി………. ഹുഹുഹു…..

അങ്ങന രണ്ട് വർഷം കൈഞ്ഞപ്പോ ഒരു ട്രോഫി കൂടെ വന്ന്. ആരാധ്യ……… ഞങ്ങടെ മൊട്ടക്കുട്ടി ……… ആള് അച്ഛക്കുട്ടിയാണ്……. നുമ്മള ചവിട്ടി പൊറത്താക്കി……

എനിക്ക് പിന്നെ കുശുമ്പ് ഇല്ലാത്തോണ്ട് വല്യ കൊഴപ്പം ഒന്നൂല്ലാ….. അച്ഛനും മോളൂടെ സ്നേഹിക്കണേന്റെ എടേൽ പോയി ഞാനും ന്ന് പറഞ്ഞു ഇടി ഒന്നും ഇണ്ടാക്കാറില്ല……

ഒരൂസം ലുലു ഹൈപ്പർ മാർക്കറ്റില് ട്രോളീം ഉരുട്ടി ന്റെ മുന്നില് നടന്നേച്ച മൻഷ്യന പെട്ടന്ന് കാണാനില്ല. നോക്കിയപ്പോ ദോ അവട ഏതോ ഒരുത്തിടെ കൂടെ നിന്ന് സംസാരിക്കണ്. അന്ന് ഇൻസ്റ്റഗ്രാമില് വന്നു ന്റെ മനസമാധാനം കളഞ്ഞ ജന്തു അല്ലെ ഇത്…… ഈ നികൃഷ്ടജീവിനെ ഞാൻ വെല്ലോം ചെയ്യും…… വെല്ല മ്യൂറ്റേഷൻ പരീക്ഷിക്കാൻ പിടിച്ചു കൊടുക്കണം ഇവള……ഹും

അയ്യോടാ…. അവക്കടെ ചിരി കണ്ടില്ലേ…… കള്ളിയങ്കാട്ട് നീലി തോറ്റ് പോവും.

ഞാൻ നോക്കണ കണ്ടട്ടും മേരാ കേട്യോൻ മുടിഞ്ഞ സൊള്ളലാണ് അവളോട്……..

താൻ വീട്ടില്ക്ക് വാടോ…… തരാ ഞാൻ ന്ന് പറഞ്ഞു പുച്ഛിച്ചു ഞാൻ ബില്ല് ന്റെ ക്യുവില് പോയി നിന്ന്.

വീട്ടില് ചെന്ന് ഒന്നും മിണ്ടാതെ നേരെ ചെന്ന് ബെഡില് പോയിരുന്നപ്പ ചിരിച്ചോണ്ട് വന്നേണ് കള്ള കോഴി….. ന്റെ പട്ടി മൈൻഡ് ചെയ്യും……

“ഓർക്കാതെ ഓരോന്നോതി നിന്നെ ഞാൻ നോവിച്ചാലും മിണ്ടാതെ കണ്ണിൽ നോക്കി പുഞ്ചിരിച്ചു സഖി…….”

പിന്നെ…. ഞാനല്ലേ….. പുഞ്ചിരിക്കണേന്റെ ഒപ്പം കെട്ടി പിടിച്ചു ഒരു ഉമ്മ കൂടെ തരും. ഹും…. എന്ന കൊണ്ട് ഒന്നും പറയിപ്പിക്കല്ലും.

അവള് ഒലിപ്പീരു കൊണ്ട് വന്നപ്പം നിന്ന് കൊടുത്തല്ലാ കൊരങ്ങൻ….

അത് എന്ന ചൂടാക്കാനാണ് പോലും…. ഞാൻ എന്തോന്ന് ദോശ കല്ലാ……

ന്തായാലും എനിക്ക് കുശുമ്പ് കുത്തിയല്ലോ…. അങ്ങേർക്ക് സന്തോഷം ആയിന്ന്…… ബ്ലഡി കേട്യോൻ.

പോടോ പട്ടി ന്ന് വിളിച്ചപ്പോ അത്രേം നേരം പിടിച്ചോണ്ട് ഇരുന്നേച്ച കൈ വിട്ടിട്ട് കവിളത്തു ഒരു കടി….. അമ്മാ…… ഇങ്ങേരിതെന്തോന്ന് പട്ടീടെ ജന്മോ??? ന്നൊക്കെ വിചാരിച്ചെങ്കിലും ഒരക്ഷരം മിണ്ടാൻ പറ്റണില്ല….. പൊക്കോളാൻ പറഞ്ഞു അങ്ങേര് നീങ്ങി തന്നെങ്കിലും നിക്ക് ഒരടി അവിടന്ന് നീങ്ങാൻ പറ്റണില്ല. ഒരുമാതിരി ഫെവിക്കോൾന്റെ മേളില് കേറി നിന്ന പോലെ ഞാൻ ആ ഭിത്തീമേല് ഒട്ടി പോയി.. .. സംഭവം കേട്യോൻ ഒക്കെ ആണേലും പ്രതീക്ഷിക്കാതെ ഇങ്ങന ഒരു അറ്റാക്ക് അതും ഒരു പട്ടി കടി കിട്ടിയാ ആരായാലും ഫെവിക്കോളല്ലാ… ഫ്ലെക്സ് ക്വിക്കിന്റെ മേളില് കേറി നിന്ന പോലെ ആയി പോവും. എങ്ങനൊക്കയോ അവടന്ന് എസ്‌കേപ്പ് അടിച്ചപ്പം കള്ള ബഡുവ പൊറകില് ന്ന് കളിയാക്കി ചിരിക്കണ്.

മോൾക്ക് രണ്ട് വയസായപ്പോ നേർച്ച നടത്താനായിട്ട് വേളാങ്കണിക്ക് പോയി കൊച്ചിന്റെ തല മൊട്ട അടിച്ചു കളഞ്ഞ്….. മൊട്ടക്കുട്ടി……… കാണാൻ ന്താ ഒരു ഗ്ലാമർ. അപ്പന പോലെ തന്നെ ണ്ട്…. ഹുഹുഹുഹു……

ന്റെ ഒരാഗ്രഹം കൊണ്ട് അങ്ങേരേം പിടിച്ചു മൊട്ട അടിപ്പിച്ചു….. അന്നേരം ആ മൊഖം ഒന്ന് കാണണവാരുന്നു……… ജനിച്ച കുഞ്ഞിന് ണ്ടാവൂല്ല ഇത്രേം നിഷ്കളങ്കത……. ഉയ്യോ…… നിഷ്കു മോൻ………

ന്നിട്ട് എല്ലാരും കൂടെ കടല് കാണാൻ എറങ്ങി. സാരി ഉടുത്തോണ്ട് വെള്ളത്തില് എറങ്ങാൻ അങ്ങേര് സമ്മയിച്ചില്ല ദുഷ്ടൻ….. ദേഷ്യം കേറി ഞാൻ മോളേം എടുത്തോണ്ട് അവടെണ്ടാരുന്ന ഒരു കല്ലിന്റ മണ്ടേല് കേറി ഇരുന്ന്.

ഇതിപ്പോ ഒള്ള കണ്ട കുരുത്തക്കേടും കുട്ടിത്തോം ഒക്കെ എനിക്കാന്ന് പറഞ്ഞട്ട് ഇപ്പോ കടലില് കെടന്ന് കളിക്കണത് ഇങ്ങേരല്ലേ…… ഒന്നില്ലേലും കെട്ടി ഒരു കൊച്ചിന്റ അച്ഛനല്ലേടോ മൻഷ്യ നിങ്ങള്.

മതി കളിച്ചത് കേറി വാ ന്ന് പറഞ്ഞപ്പോ ദോ വരണ് ന്ന് പറഞ്ഞു കരേലേക്ക് കേറീട്ട് ദോ പിന്നേം വെള്ളത്തിലേക്ക് എറങ്ങണ്. ന്ത് പറ്റി ന്ന് ചോയ്ച്ചപ്പോ പറയാ കാലില് മണ്ണായി. ഒന്ന് കഴുകട്ട് ന്ന്. ന്റെ ദൈവമേ…. ഇങ്ങേര് ശെരിക്കും പൊട്ടനാണോ ഇല്ലേല് അഭിനയിക്കുവാണോ???? കടൽ തീരത്ത് പിന്നെ മണ്ണിനു പകരം കട്ട വിരിക്കാൻ പറ്റുവോ????? നല്ല കൂത്ത്.

കാല് കഴുകണേന്റെ ഒപ്പം കൈയും മൊഖോം ഒക്കെ കഴുകണിണ്ട്. ന്നാ പിന്നെ കുളിച്ചു കേറ്. അല്ല പിന്ന…..

പെട്ടന്ന് ഒരു തിര വന്ന് കാല് നനച്ചോണ്ട് നിന്ന ഏട്ടായീനേം കൊണ്ട് പോയപ്പോ കണ്ണില് ഇരുട്ട് കേറണ പോലെ തോന്നി…… കയ്യിലിരുന്ന ബാഗും വലിച്ചെറിഞ്ഞു ഏട്ടായീ…. ന്ന് വിളിച്ചു ആ തിരേടെ നേരെ ഓടിയപ്പോ ആരൊക്കെയോ കൂടെ പിടിച്ചു നിർത്തി….. അവര ഒക്കെ തള്ളി മാറ്റി അങ്ങോട്ട് ഓടിയെങ്കിലും……. അവരെല്ലാം കൂടി പിടിച്ചു മാറ്റി. ഒന്നും ചെയ്യാൻ പറ്റാതെ കയ്യും കാലും തളർന്നു ആ കടൽതീരത്ത് ഇരുന്ന് പോയപ്പോ…..എന്താ നടക്കണേന്ന് പോലും മനസിലാവാതെ എന്നേം നോക്കി കരയണ ന്റെ മോളേ ആണ് കണ്ടത്.

കൊറച്ചു നേരം കൈഞ്ഞപ്പോ “ബോഡി ” കിട്ടി. ഇനി അത് വെറും ബോഡി അല്ലെ….. ജീവനില്ലാത്ത ഒരു ശരീരം. ഒന്നും മിണ്ടാൻ പോലും പറ്റാതെ ബോധം മറഞ്ഞു ഏട്ടായിടെ ദേഹത്തേക്ക് തന്നെ വീണു.

പോസ്റ്റ്മോർട്ടം ചെയ്ത് കയിഞ്ഞു തലേല് കെട്ടും ആയിട്ട് ഏട്ടായിനെ വീടിന്റ മുറ്റത്തു കൊണ്ട് കെടത്തിയപ്പം ഒരായിരം വട്ടം ഞാൻ കരഞ്ഞു വിളിച്ചു നോക്കി. ന്റെ ഏട്ടായി ഒന്ന് കണ്ണ് തൊറക്കാനായിട്ട്. അമ്മമ്മേടെ മടിയിലിരുന്ന് അന്നേരവും ഒന്നും മനസിലാവാതെ മോള് എന്നേം അവൾടെ അച്ഛനേം മാറി മാറി നോക്കണിണ്ടാരുന്നു…..

വെള്ളത്തില് പോയതായോണ്ട് അധികം നേരം വെക്കാൻ പറ്റൂല്ലാന്ന് പറഞ്ഞു ബോഡി സംസ്കാരത്തിന് ആയിട്ട് എടുത്തപ്പോ അലമുറയിട്ട് കരഞ്ഞത് മനസിലായിരുന്നു. അവസാനം ആയിട്ട് ഒന്ന് നോക്കി അന്ത്യചുംബനോം കൊടുത്ത് കുഴിയിലേക്ക് ഒരു പിടി മണ്ണ് ഇട്ട് കൈഞ്ഞപ്പോ എന്തോ ന്റെ ഉള്ളില് ന്നും പറിഞ്ഞു പോയ പോലെ തോന്നി. എണീറ്റ് നിക്കാൻ പോലും ത്രാണി ഇല്ലാതെ തളർന്നു വീണപ്പോ എല്ലാത്തിനും ന്റെ കൂടെ നിക്കണ ഏട്ടായിടെ മൊഖം ആരുന്നു മനസില്.

അച്ഛ എന്ത്യേ അമ്മേ???? അച്ഛ എപ്പഴാ വരാ??? അച്ഛ എവിടെ പോയതാ???? ന്ന് ഒക്കെ ഒള്ള മോൾടെ ചോദ്യങ്ങൾടെ മുന്നില് നിസഹായയായിട്ട് ഇരിക്കാനേ പറ്റിയുള്ളൂ…..

ഏട്ടായിടെ ഫോട്ടോ എടുത്ത് അവള് അച്ഛ എപ്പഴാ വരാ??? ന്ന് ചോയ്ക്കണതും, ഫോൺ എടുത്ത് ഞാൻ അച്ഛേനെ വിളിക്കാൻ പൂവാ….ന്ന് ഒക്കെ പറയണ കേക്കുമ്പം കരയാൻ പോലും പറ്റാതെ മരവിച്ചു ഇരുന്നിട്ട് ണ്ട്.

അച്ഛേനെ ഇപ്പ കാണണം ന്ന് ഒള്ള അവൾടെ കരച്ചില് പോലും ശ്രദ്ധിക്കാൻ പറ്റാതെ ചത്തു ജീവിച്ചിട്ട് ണ്ട്.

ഇപ്പൊ അങ്ങ് ദൂരെ നിന്ന് എല്ലാം കാണണിണ്ടാവും…… കുറുമ്പ് ഒന്നും ഞാനിപ്പോ കാണിക്കണില്ല്യാട്ടൊ……… ഏട്ടായി….. ഇല്ലാല്ലോ ഇപ്പൊ അയിന്………… Based on a true story……..

രചന: നിയ ജോണി

Leave a Reply

Your email address will not be published. Required fields are marked *