എന്റെ ഇച്ചായൻ…

രചന: Ann Mary Sebastian

കല്യാണം കഴിഞ്ഞ അന്ന് മുതൽ സഹിക്കുന്നതാണ് ഇച്ചായൻ എന്നെ. നേരെ ചൊവ്വേ ഒരു മുട്ട പോലും പൊരിക്കാൻ അറിയില്ലാത്ത എന്നെ എന്ത് കണ്ടിട്ടാ കെട്ടിയതെന്ന് പലതവണ ഞാൻ ചോദിച്ചിട്ടുണ്ട്. അപ്പോളൊക്കെ ഒരു ചിരിയോടെ എന്നെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ വെക്കാറാണ് പതിവ്.

പെണ്ണ് കാണാൻ ആൾക്കാർ വന്നപ്പോളാണ് അറിഞ്ഞത് ചെറുക്കൻ പോലീസിൽ ആണെന്ന്. അപ്പഴേ എന്റെ എല്ലാ കിളിയും പറന്നു. കട്ടി മീശയൊക്ക വെച്ച് ഗൗരവം നിറഞ്ഞ മുഖം ഒക്കെ ആയിട്ടിരിക്കുന്ന ഒരാളെ മനസ്സിൽ കണ്ട് ഞാൻ ചായയുമായി ഹാളിൽ ചെന്നു. എന്റെ എല്ലാ സന്ഖല്പങ്ങളും തകർത്ത നിമിഷം ആയിരുന്നു അത്‌ ചിരിക്കാൻ പോലും അറിയാതെ മസ്സിൽ പിടിച്ചിരിക്കുന്നഒരു പോലീസ്കാരനെ പ്രേതിക്ഷിച്ചു ചെന്ന ഞാൻ കണ്ടത് നിറഞ്ഞ പുഞ്ചിരിയോടെ അപ്പനോട് സംസാരിച്ചിരിക്കുന്ന ഒരു ചോക്ലേറ്റ് ചെക്കനെ. എന്നെ കണ്ടപ്പോളും ഒന്ന് ചിരിച്ചു. അപ്പളാണ് ശെരിക്കും കിളി പോയത്. ഒറ്റ ചിരിയിൽ അങ്ങേര് എന്നെ വീഴ്ത്തി.

എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോളൂ എന്ന് ആരോ പറഞ്ഞപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞ ഇച്ചായനെ ഞാൻ സംശയത്തോടെയാണ് നോക്കിയത് ഇനി ഇങ്ങേർക്ക് എങ്ങാനും എന്നെ ഇഷ്ടായില്ലേ എന്നൊരു ഭയം.

പക്ഷെ കൃത്യം ഒരുമാസം കഴിഞ്ഞപ്പോ തന്നെ കല്യാണം കഴിഞ്ഞു. അതിന് മുൻപ് അധികം കോളൊന്നും ഇല്ലായിരുന്നു. ഉയർന്നുകേൾക്കുന്ന ആരവങ്ങൾക്കിടയിൽ ഇച്ചായൻ എന്റെകഴുത്തിൽ ആ മിന്നിട്ടു . ആദ്യ രാത്രിയുടെ യാതൊരു പേടിയും ഇല്ലാതെ ആണ് ഞാൻ ഇച്ചായന്റെ അടുത്തേക്ക് ചെന്നത് . നാണം കൊണ്ട് തല പൊക്കാൻ കഴിയാതെ പാലുമായി വരുന്ന സ്ത്രീകൾ നയന്റീസ് കൊണ്ട് വംശനാശം സംഭവിച്ചത് കൊണ്ടാകാം.

കട്ടിലിൽ ഇരിക്കുന്ന ഇച്ചായന്‌ ഒരു ആചാരം എന്ന രീതിയിൽ ഞാൻ കയ്യിലിരുന്ന പാൽ കൊടുത്തു.

“തനിക്ക് ക്ഷീണം ഉണ്ടോ. എന്ന് ചോദിച്ച ഇച്ചായനോട് ഞാൻ മറുചോദ്യം ചോദിച്ചു കൊണ്ടാണ് ഞങ്ങടെ ജീവിതം തുടങ്ങിയത്. താഴെ റൂമിന് മൂലക്കലായി കിടന്നിരുന്ന വെയിറ്റ് ലിഫ്റ്റിങ് മെഷീൻ ആരുടേതാണ് എന്നായിരുന്നു ചോദ്യം.

അത്‌ എന്റേതാണ് എന്ന് ആ പാവം അബദ്ധവശാൽ പറഞ്ഞ് പോയി. നൂറ്റൊന്നു പുഷപ്പും മുപ്പത് തവണ വെയിറ്റ് എടുത്തുമാണ് ആദ്യ രാത്രി കംപ്ലീറ്റ് ആക്കിയത് അന്ന് തന്നെ എന്റെ സ്വഭാവം ഏകദേശം ഇച്ചായന്‌ മനസ്സിലായി.

ജോലി കൊച്ചിയിൽ ആയിരുന്നത് കൊണ്ട് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഞങ്ങൾ കൊച്ചിയിലേക്ക് പോയി എനിക്കും അവിടെ തന്നെ ജോലി ശെരിയാക്കി. എന്റെ എല്ലാ പ്രാന്തിനും ഇച്ചായൻ കൂടെ ഉണ്ടായിരുന്നു. രാവിലെ എഴുന്നേല്പിച് കോഫി തരുന്നതും മടി പിടിച്ചിരിക്കുന്ന എന്നെ ഉന്തി തള്ളി ജോലിക്ക് വിടുന്നതും ഇച്ചായന്റെ ജോലി ആണ്.

കുക്കിംഗ്‌ പഠിച്ചെടുക്കണത് വരെ അതും പുള്ളി തന്നെയാണ് ചെയ്തിരുന്നത്. ആദ്യമായ് ഉണ്ടാക്കി പരീക്ഷിച്ചു തോറ്റ സാധനം ഞാൻ കരയുമെന്ന് ഓർത്ത് ഒറ്റയിരുപ്പിൽ കഴിച്ചു തീർത്ത ഇച്ചായനെ ഓർത്താൽ ഇപ്പോളും ചിരി വരും.

സ്വപ്നം കൂടി കാണാത്തത്ര സന്തോഷകരമായ ജീവിതം. പാതിരാത്രിക്ക് റൈഡ് പോകാനും, ബീച്ചിൽ പോയി ഐസ്ക്രീം കഴിക്കാനും,മഴയത്ത് കളിക്കാനും അങ്ങനെ എന്റെ എല്ലാ കുരുത്തക്കേടുകൾക്കും ഇച്ചായൻ ഒപ്പം ഉണ്ടായിരുന്നു. മാസത്തിൽ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പോലും കഴിയാത്ത ആ നാല് ദിവസം ചേർത്ത് പിടിച്ചും ഭക്ഷണം വാരി തന്നും കൂടെ നിന്നിരുന്ന അദ്ദേഹം അറേഞ്ച് മാര്യേജിനെ പറ്റിയുള്ള എന്റെ തെറ്റിധാരണകളെ തകർത്ത് കളഞ്ഞിരുന്നു.

ദിവസത്തിൽ നൂറ് വട്ടമെൻകിലും ആ പേര് ഞാൻ വിളിക്കുന്നുണ്ട്. കൊതിക്കുമ്പോളൊക്കെ അടുത്തെത്താൻ കഴിയാത്ത ജോലി ആയതിനാൽ ആവാം അടുത്തുള്ളപ്പോൾ സ്നേഹം കൊണ്ട് മൂടാറുണ്ട്.

സന്തോഷങ്ങളും സങ്കടങ്ങളും പങ്ക് വെച്ച് ഒരു വർഷം ഒരുമിച്ച് ജീവിച്ചു തീർത്തത്തിന്റെ സന്തോഷത്തിൽ ഒരു കഷ്ണം കേക്ക് ഇച്ചായൻ എന്റെ വായിൽ വെച്ച് തന്നപ്പോൾ ഞങ്ങൾ കാത്തിരിക്കുന്ന ഞങ്ങളുടെ മാലാഖ കുട്ടി എന്റെ വയറ്റിൽ കിടന്ന് തൊഴിക്കുന്നുണ്ടായിരുന്നു. ചെറു നോവ് കൊണ്ട് ഞാൻ പുളഞ്ഞപ്പോൾ ഒരു കൈ എന്നെ ചേർത്ത് പിടിച്ചിരുന്നു.

“എന്റെ ഇച്ചായൻ 💕

രചന: Ann Mary Sebastian

Leave a Reply

Your email address will not be published. Required fields are marked *