എന്റെ മനസ്സ് പറഞ്ഞ പെണ്ണ്.

രചന : – ഇസ്മായിൽ_കൊടിഞ്ഞി

കുറച്ചായി എന്തെങ്കിലുമൊക്കെ ഒന്ന് എഴുതി നോക്കിയിട്ട്. ട്ടച്ചൊക്കെ വിട്ട മട്ടാണ്.

******** **** ************

ഉള്ളത് പറയാമല്ലോ മോനേ…… കാര്യമായിട്ടൊന്നും അവിടുന്ന് പ്രധീക്ഷിക്കണ്ട.അവരുടെ കയ്യിൽ തരാൻമാത്രം ഒന്നും ഉണ്ടാകില്ല. അത്രക്കും കഷ്ട്ടത്തിലാണ് അവരുടെ ഇപ്പോഴത്തെ അവസ്ഥ.

പണ്ട് നാട് വാണിരുന്ന ജമ്മി കുടുമ്പക്കാരായിരുന്നു അവർ.അച്ഛൻ ജീവിച്ചിരിക്കേ ഏക്കർ കണക്കിന് മൊതലുണ്ടായിരുന്നവരായിരുന്നു.അങ്ങേര് മരിച്ചപ്പോൾ അനിയമ്മാരെല്ലാം കൈക്കലാക്കി.

ഇപ്പോ പൊളിഞ്ഞു വീഴാറായ ആ ഇല്ലത്ത് ദൈവം തന്ന ജീവൻ സ്വയം എടുക്കാൻ അവകാശമില്ലാത്തത് കൊണ്ടാകും ആർക്കോ വേണ്ടി ജീവിക്കുന്ന രണ്ട് ആത്മാക്കളെപ്പോലെ അവർ അവിടെ പച്ച മാംസം തിന്നുന്ന കഴുകൻ കണ്ണുകളെ പേടിച്ചു കഴിഞ്ഞു പോരുന്നു.

ആ വീട്ടിലെ നിത്യ വരുമാനം എന്ന് പറയാൻ ആ പെൺകുട്ടി ഒരു തെയ്യൽ മെഷീനുമായി എന്നും മല്ലിടുന്നത് കാണാം.അതിൽ നിന്ന് കിട്ടുന്നതും പിന്നെ പറമ്പിൽ കിളച്ചതും പടു പൊന്തിയതുമായ ഇലകളും കായ്കളും വെച്ചുണ്ടാക്കി കഴിയുന്നു.

പിന്നെ ഞാനിതിന് മെനക്കെടുന്നത് എനിക്കിതിൽ നിന്ന് ഒന്നും കിട്ടിയിട്ടല്ല.ആ കുട്ടിയുടെ അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഇഷ്ട ദാനമായി തന്ന ഭൂമിയിലാണ് ഒരു കൂരകെട്ടി അല്ലലില്ലാതെ ഒന്ന് തല ചായ്ച്ചുറങ്ങുന്നത്…..

പാതി രാത്രിയിൽ ജനലിനും വാതിലിനും ഉള്ള മുട്ടുകൾ സഹിക്കാതെ വന്നത് കൊണ്ടാകും ഇന്നലെയും ആ കുട്ടിയുടെ അമ്മ എന്നെ കാണാൻ വന്നിരുന്നു….. ജാതിയും മതവും ഒന്നും നോക്കുന്നില്ല,മോൾക്ക്‌ ഒരു ചെക്കനെ കൊണ്ട് തരണമെന്നും പറഞ്ഞോണ്ട്.

നല്ല പഠിക്കുന്ന കുട്ടിയാണ് അവൾ,എന്തൊക്കെയോ പഠിച്ചിട്ടുമുണ്ട്.പറഞ്ഞിട്ടെന്താ കാര്യം…… ? വീട്ടിലെ അവസ്ഥ നോക്കി ഇന്ന് ആര് ജോലി കൊടുക്കാൻ.സെർട്ടിഫിക്കറ്റിലെ ഉയർന്ന ജാതി കണ്ട് എല്ലായിടത്തു നിന്നും തള്ളിക്കളയും.

മോനേ…. നിനക്ക് യോജിച്ചു ഒരു പെൺകുട്ടിയാണ് അത്.നീ അവർക്ക് യോജിച്ച ഒരു മരുമോനും.

ഇത് പറയാൻ ഒരുപാട് കാരണങ്ങളുണ്ട്.

ദാരിദ്രമാണ് വീട്ടിലെങ്കിലും ഇന്നുവരെ ഒരാളുടെ മുന്നിലും അവർ നാണവും മാനവും പണയം വെച്ചിട്ടില്ല.

പക്ഷേ…. അവരെ കുറിച്ച് നാട്ടിൽ അന്വേഷിച്ചാൽ ഇരുട്ടിന്റെ മറവിൽ വാതിലിൽ മുട്ടുമ്പോൾ പുളിച്ച ചീത്ത മാത്രം കിട്ടുന്ന അവിടുത്തുകാരിൽ നിന്നും ഒരു നല്ലവാക്കും കേൾക്കാൻ കഴിയില്ല.

‘മോനേ ഉണ്ണീ…. ‘ നീ എന്ത് പറയുന്നു…. ?

അമ്മ എന്താണോ പറയുന്നത് അത് കേൾക്കാൻ ഞാൻ തയ്യാറാണ്. പിന്നെ കണക്ക് പറഞ്ഞു വാങ്ങിക്കാൻ ഞാൻ ആരുമല്ലല്ലോ….

ചെയ്യാത്ത തെറ്റിന് ആറുവർഷം ജയിലിൽ കിടന്നു വന്നപ്പോൾ നാടും നാട്ടുകാരും,കുടുംബക്കാരും വെറുപ്പോടെ ഒരു കള്ളനായി നോക്കി കാണുന്ന എനിക്ക് ഒരു പെണ്ണിന് വേണ്ടി നിങ്ങളും ഒരുപാട് ബന്ധു വീട് കയറി ഇറങ്ങിയതല്ലേ….

എന്നിട്ടെന്തായി… ? ആക്ഷേപങ്ങളും കുറ്റപ്പെടുത്തലും മാത്രമല്ലായിരുന്നില്ലേ മറുപടി.

കുട്ടിയെ കണ്ടിട്ടില്ലെങ്കിലും എനിക്ക് ഈ കല്യാണത്തിന് സമ്മതമാണ് അമ്മേ….

ആരോ പറഞ്ഞത് പോലെ “എല്ലാരുമുള്ളോർക്ക് ആരോ ആകുന്നതിലും നല്ലത്, ആരോരുമില്ലാത്തവർക്ക് എല്ലാമാകുന്നതല്ലേ….. ?”

ഉണ്ണീ…. ഈ നല്ല മനസ്സിന് നിനക്ക് ഒരു കോടി പുണ്യം കിട്ടും മോനേ….

എന്നാലും പെണ്ണിനെ ഒരു നോക്ക് കാണുന്നതിൽ തെറ്റില്ലല്ലോ. കുട്ടി നൂറിൽ നൂറാണ് മോനേ… അത് സൗന്ദര്യത്തിലായാലും പെരുമാറ്റത്തിലായാലും. ഉണ്ണിയുടെ കൂടെ അമ്മയും കൂടി വന്നാൽ അവിടെ വെച്ചു തന്നെ നമുക്ക് എല്ലാം പറഞ്ഞു ഉറപ്പിക്കുകയും ചെയ്യാം.

ആ കുട്ടിയുടെ അമ്മ ചിലപ്പോൾ അവിടെ വെച്ചു തന്നെ താലി കെട്ടും നടത്തി നിങ്ങളുടെ കൂടെ പറഞ്ഞയക്കുമായിരിക്കും.ഒന്ന് കറണ്ടുപോയാൽ കൂടി അവരുടെ നെഞ്ചിൽ തീയാണ്.ആ മകൾക്ക് വേണ്ടി ജീവിക്കുന്ന അമ്മ മാനസികമായി അത്രക്ക് അനുഭവിക്കുന്നുണ്ട്.

‘അല്ല ചേട്ടാ… ‘ അവരുടെ ബന്ധുക്കളൊന്നും അവരെ തിരിഞ്ഞു നോക്കാറില്ലേ…. ?

കെട്ട് പ്രായമായ ഒരു മകളല്ലേ വീട്ടിലുള്ളത്. ബാധ്യതയാകുമെന്ന് കരുതി ആരും തിരിഞ്ഞു നോക്കാറില്ല.

‘അമ്മ എന്ത് പറയുന്നു….? ‘

നിനക്ക് ഈ വിവാഹത്തിന് താല്പര്യമാണെങ്കിൽ ഈ അമ്മക്ക് ഒരു എതിർപ്പുമില്ല.കയറി വരുന്ന മരുമോൾക്ക് കഴുത്തിൽ നിറയെ സ്വർണ്ണം വേണമെന്ന് എനിക്ക് ഒരു നിർബന്ധവുമില്ല.നമ്മളെ മനസ്സിലാക്കി ഇവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിയുന്ന ഒരു മനസ്സുണ്ടായാൽ മാത്രം മതി അവൾക്ക്.കേട്ടിടത്തോളം ആ കുട്ടിക്ക് അതുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്.കാരണം അവൾക്ക് ലാവിഷായ ജീവിതത്തേക്കാൾ ചേർത്തു പിടിക്കാൻ ബന്ധങ്ങളെയാണ് വേണ്ടത്.

‘നാരായണേട്ടാ…. ‘ നാളെ പെണ്ണ് കാണാനും വാക്കാൽ ഉറപ്പിക്കാനും ഞങ്ങൾ വരുന്നുണ്ടെന്ന് നിങ്ങൾ ആ അമ്മയോട് പോയി പറഞ്ഞോളൂ…

എന്താ ഉണ്ണീ… നമുക്ക് നാളെ രാവിലെ തന്നെ അവിടെ പോയി വന്നൂടെ ?

‘തോട്ടം നനച്ചു കഴിഞ്ഞാൽ പോകാം’ അമ്മേ…

‘മ്മ് ‘ അപ്പോ പത്തു മണിക്ക് അവിടെ എത്തുമെന്ന് പറഞ്ഞോളൂ…. നിങ്ങളും ഉണ്ടാകില്ലേ അവിടെ ?

‘അത് പറയാനുണ്ടോ ചേച്ചീ…… ‘ ഞാനവിടെത്തന്നെ ഉണ്ടാകും.

എന്നാ ശെരി, നാളെ കാണാം.ഞാനിതൊന്ന് അവിടെ പോയി പറയട്ടെ.പോകുന്ന വഴി തേവരെ അമ്പലത്തിൽ ഒന്ന് കേറി ഒരു തേങ്ങ ഉടക്കണം.

****** ****** ******

മോനേ… നിങ്ങൾ കയറി ഇരിക്കൂ. ഞാൻ പറഞ്ഞിരുന്നു ഇന്ന് നിങ്ങൾ വരുമെന്ന്.എന്നാലും ആ കൊച്ചിന് ഇതൊക്കെ മടുത്തിരിക്കാണ്.ഞാൻ അവരെ വിളിച്ചോണ്ട് വരാം.

നിലം പതിക്കാനായതാണെങ്കിലും ഉമ്മറത്തെ മുറ്റം നല്ല വൃത്തിയിൽ തന്നെയാണ് ഉള്ളത്.തുളസിത്തറയും തെക്കേ മൂലയിലെ അസ്ഥിത്തറയും എല്ലാം തന്നെ പെണ്ണിന്റെ പരിശുദ്ധി വിളിച്ചോതുന്നതായി ഉണ്ണിക്ക് തോന്നി.

ഒരു നാല്പത്തെട്ട്‍ വയസ്സ് തോന്നിക്കുന്ന പെണ്ണിന്റെ അമ്മയാണ് ആദ്യം വന്നത്.അവർക്ക് ബ്രോക്കർ ഉണ്ണിയേയും അമ്മയേയും പരിചയപ്പെടുത്തി കൊടുത്തു.

ഇവനെപ്പറ്റി എല്ലാം അവരോട് പറഞ്ഞിട്ടില്ലേ എന്ന് ഉണ്ണിയുടെ അമ്മ ബ്രോക്കറോട് ചോദിച്ചു.അവസാനം പറ്റിക്കപ്പെട്ടു എന്ന് ഇവർക്ക് തോന്നരുത്.

ഇല്ല ചേച്ചീ.. ഞാനെല്ലാം ഇവരോട് പറഞ്ഞിട്ടുണ്ട്.ബാങ്കിലെ ജോലിയും,അവിടുത്തെ മാനേജർ കള്ളക്കേസുണ്ടാക്കി ഉണ്ണിയെ ജയിലിലാക്കിയതും,ആറുവർഷം ജയിലിൽ കിടന്നതും,ഇപ്പൊ പറമ്പിൽ ജൈവ കൃഷി ചെയ്യുകയാണെന്നൊക്കെ പറഞ്ഞിട്ടുണ്ട്.

നാരായണൻ എല്ലാം പറഞ്ഞിട്ടുണ്ട്.അതിലൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല.വേട്ട നായ്ക്കളായ ഇവിടുത്തു കാരിൽ നിന്നും എന്റെ മോളെ ഒന്ന് കൊണ്ടുപോയി തന്നാൽ മാത്രം മതി.രാത്രിയിൽ മനഃസ്സമാധാനമായി എന്റെ കുട്ടി ഒന്ന് കണ്ണടച്ചു ഉറങ്ങുന്നത് ഈ അടുത്തൊന്നും കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എനിക്കറിയാം അദ്വാനിയായ നിങ്ങളുടെ മകന്റെ കയ്യിൽ എന്റെ മകൾ സുരക്ഷിതയായിരിക്കുമെന്ന്.ആ വിശ്വാസം എനിക്കുണ്ട്.

പക്ഷേ… ഈ കല്യാണത്തിന് എന്റെ മകളെ പറഞ്ഞു സമ്മതിപ്പിക്കലാണ് എനിക്ക് ഏറ്റവും ബുദ്ധിമുട്ട്.എന്നെ ഇവിടെ തനിച്ചാക്കിയിട്ട് അവൾക്കൊരു ജീവിതം വേണ്ട എന്ന് പറഞ്ഞു കരയുന്ന അവൾക്കറിയില്ലല്ലോ കണ്ണടയുന്ന മുന്നെ മകളെ ഒരുത്തന്റെ കയ്യിൽ പിടിച്ചേല്പിക്കാൻ വൈകുന്ന ഈ അമ്മയുടെ മനസ്സിലെ വേദന.

മകൾ ചായ കൊണ്ടുവരാൻ വൈകുന്നത് കൊണ്ടാകണം ആ അമ്മ കണ്ണീര് തുടച്ചു കൊണ്ട് അകത്തേക്ക് തന്നെ കയറിപ്പോയത്.

ചെറിയ തേങ്ങലുകളും കുശു കുശുക്കും കേട്ടിട്ടാകണം ഉണ്ണിയുടെ അമ്മ വേവലാതിയോടെ അവരെ നോക്കുന്ന ബ്രോക്കറുടെ മുഖത്തേക്ക് നോക്കി തേങ്ങിക്കരച്ചിൽ കെട്ട അങ്ങോട്ട്‌ കേറിപ്പോയത്.

കണ്ണീര് പൊഴിച്ചു കൊണ്ട് ചായയുമായി വരുന്ന പെൺകുട്ടിയെ ഉണ്ണി ഒന്ന് നോക്കി നിന്നുപോയി.കാര്യമായ ഒരുക്കങ്ങളൊന്നും അവൾ ഒരുങ്ങിയിട്ടില്ല.കണ്ണിൽ ഒരു കണ്മഷി പോലും അവൾ ഇട്ടിട്ടില്ല.നെറ്റിയിൽ ഒരു ചന്ദനക്കുറി തൊട്ടിട്ടുണ്ട്.പഴയതാണെങ്കിലും നിറം മങ്ങിയ ഒരു സാരി വൃത്തിയിൽ അണിഞ്ഞൊരുങ്ങിയിട്ടുണ്ട് അവൾ.അവളുടെ മാൻപേട കണ്ണുകളിൽ ഉറക്കക്കുറവിന്റെയും പേടിയുടെയും മറ്റെന്തൊക്കെയോ മറഞ്ഞിരിക്കുന്നതായി ഉണ്ണിക്ക് മനസ്സിലായി.

നിറക്കണ്ണുകളോടെ അവൾ ചായ നീട്ടിയപ്പോൾ ഉണ്ണി അമ്മയെ ഒന്ന് പാളി നോക്കി.കണ്ണ് കൊണ്ട് അത് വാങ്ങി കുടിക്കാൻ അവർ ആഗ്യം കാണിച്ചപ്പോൾ അവൻ അത് വാങ്ങി ചുണ്ടോടടുപ്പിച്ചു.കണ്ണീര് വീണ ചായയുടെ രുചി നുകരുമ്പോൾ അവന്റെ മനസ്സ് അവനോട് മന്ത്രിച്ചു കൊണ്ടിരുന്നു…

“ഇതാണ് നിന്റെ പെണ്ണ്,ഇതാവണം നിന്റെ പെണ്ണ്….. ”

ചായ കുടിക്കുന്നതിനിടയിലാണ് ബ്രോക്കർ ഉണ്ണിയുടെ അമ്മയോടായി അത് ചോദിച്ചത്.

കണക്ക് പറച്ചിലൊക്കെ പറഞ്ഞു തീർത്താൽ സാവകാശം ഇവർ നിങ്ങൾക്ക് തന്ന് തീർത്തോളും…. എന്തേയ്… ? ഇവർക്ക് ഒരു സാവകാശം കൊടുത്തൂടെ നിങ്ങൾക്ക് ?

‘നാരായണേടാ…. ‘ കണക്ക് പറച്ചിലൊക്കെ കഴിഞ്ഞിട്ട് തന്നെയാണ് മോളെ ഇങ്ങോട്ട് പറഞ്ഞയത്. സാവകാശം ഒന്നുമില്ല.പെണ്ണ് ഇറങ്ങുമ്പോൾ അവളുടെ കൂടെ ഈ അമ്മയും ഞങ്ങളോടൊപ്പം പോരും.ഇടക്ക് ഞങ്ങളൊരുമിച്ചു ഇവിടെ കുട്ടിയുടെ അച്ഛന്റെ അസ്ഥിത്തറയിൽ വിളക്ക് വെക്കാൻ വരും.

ഇതാണ് എന്റെ തീരുമാനം. ഇതിന് എന്റെ മോന് സമ്മതമാണെങ്കിൽ അടുത്ത മാസം തേവരുടെ നടയിൽ വെച്ച് ആർഭാടങ്ങളില്ലാതെ ഒരു മിന്നു കെട്ട്.

‘എന്താ അമ്മേ…..’ അമ്മ പറയുന്നതെല്ലാം ഇന്ന് വരെ ഈ മോൻ മറുത്തൊരു വാക്ക് പറയാതെ അനുസരിച്ചിട്ടേയുള്ളൂ.ഇതും അങ്ങനെ തന്നെയാകട്ടെ. . . . അങ്ങനെയാണെങ്കിൽ അമ്മേ… നമുക്ക് ഇറങ്ങാം അല്ലേ…. വൈകിക്കുന്നതിൽ അർത്ഥമില്ല.അവിടെ പണിക്കാരുള്ളതല്ലേ…. ?

അപ്പോ ശെരി. ഇവിടെ അതികം നിൽക്കാൻ പറ്റില്ല,പറമ്പിൽ പണിക്കാരുണ്ട്.നല്ല ഒരു മുഹൂർത്തം നോക്കി ഞങ്ങൾ ഇങ്ങോട്ട് വരാമെന്നു പറഞ്ഞു അവർ മുറ്റത്തേക്കിറങ്ങി.

നിറമിഴികളോടെ നാല് കണ്ണുകൾ അവരെ യാത്രയാക്കുമ്പോൾ തെക്കേ മൂലയിൽ നിന്നും സുഗന്ധമുള്ള ഒരു ഇളം കാറ്റ് അവരെ കടന്ന് പോയി.

സ:സ്നേഹം

രചന : – ഇസ്മായിൽ_കൊടിഞ്ഞി

Leave a Reply

Your email address will not be published. Required fields are marked *