ഏട്ടനെന്‍റെ നെറുകയില്‍ തലോടി… ആ സ്നേഹസ്പര്‍ശനമേറ്റ് ഞാനും ഒരഞ്ചു വയസ്സുകാരിയായ് ആ മാറില്‍ ചേര്‍ന്നു….

രചന: Nkr Mattannur

ഏട്ടന്‍…♥️

അന്നൊരു ശനിയാഴ്ചയായിരുന്നു. ഏട്ടന്‍ വരുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു…ഉമ്മറത്ത് പടിവാതിലില്‍ എന്നും ഏട്ടനേയും കാത്തു ഞാന്‍ നില്‍ക്കാറുണ്ട്.

കയ്യിലെ ചെളി മണ്ണു പുരണ്ട പൊതി എന്‍റെ കയ്യിലേക്ക് തന്നു.ഒരു പ്ലാസ്ററിക്ക് കൂടിനുള്ളില്‍ പൊതിഞ്ഞ മൂന്നു പരിപ്പു വട.. ഏട്ടന്‍റെ പേഴ്സും ആ കൂട്ടത്തിലുണ്ടായിരുന്നു.. ഏട്ടന്‍ കിണറ്റിന്‍ കരയിലേക്ക് പോയി. അവിടെ കുളിക്കാനുള്ള തോര്‍ത്തും സോപ്പുമെല്ലാം എടുത്തു വച്ചിട്ടുണ്ട്.. ആവശ്യത്തിന് വെള്ളവും കോരി വെച്ചിട്ടുണ്ട്..ബര്‍മുഢയും ബനിയനും അഴിച്ചു മാറ്റി കുളിച്ചു വരുമ്പോള്‍ മാറിയുടുക്കുവാനുള്ള ലുങ്കിയും ഷര്‍ട്ടും പുറത്തെ അയയില്‍ കൊണ്ടു വച്ചു…

ശനിയാഴ്ച ആയതു കൊണ്ടാവാം ഇന്ന് കൂടുതല്‍ വൈകിയത്… അമ്മ കപ്പില്‍ പകര്‍ന്നു തന്ന ചായയുമായ് ഞാന്‍ വരാന്തയിലെത്തുമ്പോള്‍ ,ഏട്ടന്‍ തല തുവര്‍ത്തുകയായിരുന്നു..കണ്ണാടിക്കു മുന്നില്‍ നിന്ന് മുടി ചീകിയൊതുക്കി കസേരയില്‍ വന്നിരുന്നു …

വല്ലാതെ ക്ഷീണിച്ച മുഖഭാവം…ഇന്ന് മൂന്നു ലോഡ് ചെങ്കല്ല് കയറ്റിയിറക്കിട്ടുണ്ടാവും അല്ലേ ഏട്ടാ..? ഉം..ചെങ്കല്ലിന് നല്ല ആവശ്യക്കാരുണ്ടിപ്പോള്‍… ആ മുഖത്തേക്ക് നോക്കിയിരിക്കേ സങ്കടത്താലെന്‍റെ കണ്ണുകള്‍ നിറഞ്ഞു..പാവം ഏട്ടന്‍…

പഠിക്കേണ്ട പ്രായത്തില്‍…,കൂട്ടുകൂടി കറങ്ങി നടന്ന് ജീവിതം ആസ്വദിക്കേണ്ട പ്രായത്തില്‍…., എന്‍റെ ഏട്ടന്‍,ചെങ്കല്‍ പണയിലെ ലോറിയില്‍ പോയി ഒരു കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുകയാ പാവം… ഞാനും അമ്മയും അടങ്ങുന്ന കുടുംബത്തിനു വേണ്ടി രാപ്പകലില്ലാതെ…

എന്താ നീ ഓര്‍ക്കണത് ..? ഏയ്…കണ്ണുനീര്‍ ഏട്ടനെ മറച്ചു പിടിച്ചു ഞാന്‍.. വീടിന്‍റെ പണി കഴിഞ്ഞിട്ടു വേണം ഏട്ടനൊന്നു വിശ്രമിക്കാന്‍ അല്ലേ..? ഓ…അല്ല ..അതുകഴിഞ്ഞ് എന്‍റെ മോളെ കൊള്ളാവുന്നൊരുത്തന്‍റെ കൈകളില്‍ ഏല്‍പ്പിച്ചിട്ട് വേണം എനിക്കൊന്നു നടു നിവര്‍ത്താന്‍… അതും പറഞ്ഞ് ഒരു ദീര്‍ഘനിശ്വാസത്തോടെ ഏട്ടന്‍ കസേരയില്‍ ചാഞ്ഞു കിടന്നു.

അകാലത്തില്‍ നമ്മളേയെല്ലാം വിട്ടു പിരിഞ്ഞു പോയ അച്ഛന്‍റെ ഭാരം മുഴുവന്‍ ഇരുപതാമത്തെ വയസ്സില്‍ സ്വയം തലയിലേറ്റിയ ഏട്ടന്‍റെ സങ്കടങ്ങള്‍ കണ്ട് വീണ്ടും കരയാക്കാതിരിക്കാന്‍ വയ്യാത്തതിനാല്‍ ഞാന്‍ അകത്തേക്ക് കയറി പോയി. എന്നേക്കാളും ഏഴു വയസ്സിന് മൂത്തതാ ഏട്ടന്‍..ഞാന്‍ ഡിഗ്രിക്ക് പഠിക്കുവാണ്..അമ്മ അടുത്തിടങ്ങളില്‍ തൊഴിലുറപ്പു ജോലിക്ക് പോവും…

അമ്മയും ഏട്ടനും കൂടി കിട്ടണതെല്ലാം സ്വരുക്കൂട്ടി ഒരു വീട് പണിയുവാണ്..മൂന്നു കിടപ്പു മുറികളുള്ള ഒരു മനോഹരമായൊരു വീട്…ബാങ്ക് ലോണൊന്നും വേണ്ടാന്നു പറഞ്ഞു ഏട്ടന്‍…കിട്ടുന്നതില്‍ നിന്നും പതിയേ ചെയ്യാം..വീടു പണി കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ലക്ഷം രൂപ ലോണെടുത്ത് വേണം ഏട്ടന്‍റേ മോളെ കെട്ടിക്കാന്‍,എന്നു പറയും ഇടയ്ക്കിടെ..

ഞാന്‍ അതിനൊന്നും സമ്മതിക്കത്തില്ല ഒരിക്കലും ..നന്നായി പഠിച്ച് ഒരു ജോലി നേടണം എന്നുള്ളതാണ് ഈ ശ്രീക്കുട്ടിയുടെ മോഹം..എന്നിട്ട് കൊതി തീരുവോളം അമ്മയ്ക്കും ഏട്ടനുമൊപ്പം ജീവിക്കണമെനിക്ക്… ഏട്ടന്‍ കഷ്ടപ്പെട്ടത്രേം ആവില്ലെങ്കിലും എന്തെങ്കിലും ചെയ്യണം എന്നത് എനിക്കൊരു വാശിയാ… ഈ വര്‍ഷം ഡിഗ്രി കഴിയും. ഇനി പി.ജി ചെയ്യണം…പറ്റുമെങ്കില്‍ ഒരു ടീച്ചര്‍ ആവണം…അതിനിടയില്‍ പി.എസ്.സി കോച്ചിംഗിന് കൂടി പോവണം…ഏതാ ആദ്യം എന്നറിയില്ല.. വേഗം ഒരു ജോലി നേടണം..

രാത്രി ടി.വി.വാര്‍ത്ത കഴിഞ്ഞ് ഞങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ഇനി മോളുടെ കയ്യില്‍ ഇപ്പോള്‍ ആകെ എത്ര രൂപ കാണും…? ഏട്ടന്‍ ചോദിച്ചു. എല്ലാ ശനിയാഴ്ചകളിലും കിട്ടുന്നതെല്ലാം കൊണ്ടുത്തരുന്നത് എന്‍റെ കൈകളിലേക്കാണ്.. ഇപ്പോള്‍ മുപ്പതിനായിരം ആയിട്ടുണ്ട് ഇന്നത്തേതും ചേര്‍ത്ത്.. മം…നാളെ ചിലപ്പോള്‍ പൂഴി വരും.. ചുമരിന്‍റെ തേപ്പ് പണി തുടങ്ങണം വേഗം തന്നെ..

കട്ടില-ജാലകമൊക്കെ കുത്തി വെച്ചു ,വയറിംഗ് ജോലികളും കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു കാണും…അതുകഴിഞ്ഞ് സ്വരുക്കൂട്ടിയതാ ഇപ്പോള്‍ അത്രേം തുക…ഏട്ടന്‍ പുറത്തൂന്ന് ഒരു വക കഴിക്കില്ല..രാവിലെ ,വെറും ഒരു ചായ കുടിച്ച് ഇറങ്ങിയാല്‍ ചെങ്കല്‍ പണയില്‍ നിന്നും പത്തു മണിക്ക് കഞ്ഞി കുടിക്കും…ഉച്ച ഭക്ഷണവും അവിടുന്ന് തന്നേ..വൈകിട്ട് വരുമ്പോള്‍ ഏട്ടന് ഇത്തിരി അവല്‍ പാല്‍ ചേര്‍ത്തു നനച്ചതുമായാണ് ഞാനെന്നും കാത്തിരിക്കാറുള്ളത്…

ഏട്ടന്‍ വയറു നിറച്ച് ഉണ്ണുന്നതു കാണണം എനിക്കും അമ്മയ്ക്കും .അച്ഛന്‍ പോയതില്‍ പിന്നെ കഴിഞ്ഞ ഏഴുവര്‍ഷമായ് ആ തണലിലാണ് ഞാനും അമ്മയും.. മണ്‍കട്ട കൊണ്ടുണ്ടാക്കിയ ഒരു ഒറ്റമുറിയും ഒരു അടുക്കള പോലൊരു ചായ്പ്പും ഒരു കൊച്ചു വരാന്തയും ചേര്‍ന്ന ഒരു വീടാണ് ഇപ്പോള്‍ നമ്മുടെ ലോകം..

ഇതിനുള്ളില്‍ കഴിയുന്ന മൂന്നു മനസ്സുകളിലും ഇപ്പോള്‍ ഒരൊറ്റ സ്വപ്നമേയുള്ളൂ…പണി തീരാത്ത ഞങ്ങളുടെ വീട്…

അമ്മയ്ക്ക് കിട്ടുന്നതു കൊണ്ട് വീട്ടു ചെലവും എന്‍റെ പഠിപ്പും നടത്തി ഏട്ടന്‍ കൊണ്ടു വരുന്നതു കൊണ്ട് പടുത്തുയര്‍ത്തുന്ന ആ വീട് മുഴുവന്‍ എന്‍റെ ഏട്ടന്‍റെ വിയര്‍പ്പാ..

ഇന്ന് ഞായറാഴ്ച . രാവിലെ ഞാനുണരുമ്പോള്‍ ഏഴു മണിയായി.ഇന്നലെ രാത്രി വൈകുവോളം ഇരുന്നു പഠിക്കുവായിരുന്നു. ഏട്ടന്‍ ഉമ്മറത്ത് ആത്രേം നേരം എനിക്കു കാവലിരുന്നു ഒരു പുസ്തകം വായിച്ചു കൊണ്ട്..ഞാന്‍ കോളജ് ലൈബ്രറിയില്‍ നിന്നും കൊണ്ടു വരുന്ന പുസ്തകം മുഴുവന്‍ ഏട്ടനാണ് വായിക്കാറ്…

പുകവലിയോ കള്ളുകുടിയോ ഇല്ലാത്ത എന്‍റെ ഏട്ടന് നാട്ടില്‍ കൂട്ടുകെട്ടുകളും ഇല്ല..അതുകൊണ്ട് രാത്രിയുള്ള കറങ്ങി നടത്തവും ഇല്ല… എല്ലാം എന്‍റേട്ടന് ആരും പറഞ്ഞു കൊടുത്തതൊന്നുമല്ല…ഇരുപത്തേഴു വയസ്സുകാരന് അതിലുമേറെ പക്വതയുണ്ട്…എല്ലാം വായനയിലൂടെ നേടിയതാവും.

രാവിലേത്തന്നെ പുതിയ വീടിന്‍റെ മുറ്റം വൃത്തിയാക്കുകയായിരുന്ന ഏട്ടനേയും കണി കണ്ടാണ് ഞാനുണര്‍ന്നത്…. ഞാന്‍ അവിടേക്ക് പോയി… എന്‍റേട്ടാ അത് ഇത്തിരി കഴിഞ്ഞാലും ചെയ്തുകൂടേ…ഇന്നെങ്കിലും ഇത്തിരി നേരം സമാധാനത്തോടെ ഒന്നുറങ്ങാന്‍ പാടില്ലേ എന്‍റേട്ടന്…?

നാളെ രാവിലെ അഞ്ചിനുണര്‍ന്ന് വീണ്ടും പോവേണ്ടതല്ലേ..? നിനക്ക് അങ്ങനേയൊക്കേ പറയാം..ഇപ്പോള്‍ വരും പൂഴിയും കൊണ്ട് ലോറി. മണ്ണിലിറക്കയാല്‍ നഷ്ടം വരും..180 അടി പൂഴിക്ക് പതിനയ്യായിരമാ വില.. നമ്മുടെ കയ്യില്‍ വെറുതേ കളയാനുള്ള കാശുണ്ടോ മോളെ..?

ഏട്ടന്‍ പാതി തമാശയായാ പറഞ്ഞതെങ്കിലും എനിക്കതും നൊന്തു.. സോറി ഏട്ടാ… പ്ലാസ്ററിക്ക് ഷീറ്റെടുത്തു നിലത്തു വിരിക്കാന്‍ ഞാനും സഹായിച്ചു.. അമ്മ അടുക്കളയില്‍ ആവും.

നമുക്ക് ഇന്നിത്തിരി ഇറച്ചി വാങ്ങിയാലോ..? ഞാനേട്ടനോട് ചോദിച്ചു…? അതു വേണോ…? വേണം.ഞാന്‍ പറഞ്ഞു. എങ്കില്‍ ഞാന്‍ പോവാം ടൗണില്‍ ..പൂഴി വരട്ടെ..അതു കഴിഞ്ഞ് പോവാം .

ഇറച്ചി വാങ്ങാന്‍ പറഞ്ഞത് അത് എനിക്കു കഴിക്കാനുള്ള കൊതി കൊണ്ടൊന്നുമല്ലായിരുന്നു.. ഏട്ടന്‍ നല്ല പോലെ ഭക്ഷണം കഴിക്കണത് കാണാനായിരുന്നു.. ഏട്ടനുണ്ടെങ്കിലേ നമ്മളുള്ളൂ…

ഇവിടെ വീട്ടില്‍ നമ്മള്‍ക്ക് ഒരു ബൈക്കുണ്ട് സ്വന്തമായി.അത് മൂന്നു മാസം മുമ്പ് ഏട്ടന് ഒരു സെറ്റ് ലോട്ടറി വഴി കിട്ടിയ പണം കൊണ്ട് വാങ്ങിയതായിരുന്നു… ലോട്ടറിക്ക് പിറകേ പോയ് പണം കളയാറില്ല ഏട്ടന്‍.ഒരു ദിവസം പ്രായമായൊരാള്‍ വിറ്റു തീരാത്ത ടിക്കറ്റിന്‍റെ ഒരു സെറ്റ് ഏട്ടന് കൊടുത്തിട്ട് പോയതാ…പിറ്റേന്നാ അതിന്‍റെ റിസല്‍ട്ട് കണ്ടു ഞെട്ടിയത്.. അയ്യായിരം രൂപാ വീതം ഓരോ ലോട്ടറിക്കും കിട്ടി.. എന്‍റേ മോഹമായിരുന്നു ഏട്ടനൊരു ബൈക്ക് സ്വന്തമാക്കണമെന്നത്.. ഏട്ടനും അതിന് സമ്മതിച്ചപ്പോള്‍ എനിക്കു സ്വര്‍ഗ്ഗം നേടിയ സന്തോഷമായിരുന്നു…

ഞാനും കൂടേ വരട്ടെ ഏട്ടനൊപ്പം.. അമ്പലത്തില്‍ പോയിട്ട് കുറേയായി. മം…പോന്നോളൂ… അങ്ങനേ കുളിച്ചൊരുങ്ങി വീട്ടീന്നിറമ്പോള്‍ സമയം രാവിലെ പത്തു മണിയായി. ആ യാത്ര ഒത്തിരി ആസ്വാദകരമായിരുന്നു. എനിക്കൊരുപാട് ഇഷ്ടമുള്ളതാ എന്‍റേട്ടനോടൊപ്പം ആ ബൈക്കില്‍ പോവണത്…അതിനായ് കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല ഒരിക്കലും … മൂന്നു കിലോമീറ്റര്‍ പോവണം അമ്പലത്തില്‍ എത്താന്‍.എന്നേ അവിടേയിറക്കി ഏട്ടന്‍ ഇറച്ചി വാങ്ങാനായ് പോയി.

ഇവിടേത്തന്നെ കാത്തു നിന്നാല്‍ മതി,ഞാന്‍ വന്നു കൂട്ടിക്കൊള്ളാമെന്നും പറഞ്ഞു. അമ്പലത്തില്‍ തിരക്കു വളരേ കുറവായിരുന്നു. പ്രദക്ഷിണ വഴിയില്‍ സുധിയേട്ടനുമുണ്ടായിരുന്നു ഒപ്പം.. സുധിയേട്ടനും ഏട്ടനൊപ്പം ലോറിയിലാ പോണത്… ഒന്നു ചിരിച്ചു. ഏട്ടന്‍റെ സമപ്രായക്കാരനാ സുധിയേട്ടന്‍..

”ശ്രീക്കുട്ടിക്ക് വേറാരേം കാണാനുള്ള കാഴ്ചയില്ലാത്തതു കൊണ്ടാണോ ഇങ്ങനേ…?

എങ്ങനേ…? മറുത്തൊരു ചോദ്യം ചോദിച്ചു ഞാന്‍..

ഒന്നാമത് ആ ചോദ്യം കേട്ടപ്പോള്‍ തന്നെ എനിക്കു ഈര്‍ഷ്യ തോന്നാന്‍ കാരണം ”ശ്രീലക്ഷ്മി” എന്ന എന്നെ ”ശ്രീക്കുട്ടി” എന്നു വിളിക്കുന്നത് എന്‍റെ അമ്മയും ഏട്ടനും മാത്രമാണ്. ഏട്ടന്‍ മിക്കപ്പോഴും മോളേന്നെ വിളിക്കൂ..ചിലപ്പോള്‍ ശ്രീന്നും.. ഇപ്പോള്‍ സുധിയേട്ടന്‍ അങ്ങനേ വിളിച്ചു കേട്ടപ്പോള്‍ ഒരു വല്ലായ്മ.

നടന്നു പോവുമ്പോള്‍ സുധിയേട്ടന്‍ പിന്നേയും എന്തൊക്കേയോ ചോദിച്ചെങ്കിലും ഞാന്‍ മറുപടി പറയാതെ നടന്നു..സുധിയേട്ടനോട് പ്രത്യേകിച്ചൊരു ദേഷ്യവുമില്ല…ഇഷ്ടവുമില്ല.. എന്നാലും വല്ലാതെ അടുപ്പത്തോടെ അങ്ങനേ വിളിച്ചപ്പോള്‍ ഉള്ളിലെവിടേയോ ഒരു നോവ്…വേറിട്ടൊരു സങ്കടം.

ഏട്ടനും അമ്മയുമല്ലാതെ മറ്റൊരാള്‍ ശ്രീക്കുട്ടിയുടേ ലോകത്തില്ലായിരുന്നു. ”എങ്കില്‍ ശരി” എന്നും പറഞ്ഞ് സുധിയേട്ടന്‍ എപ്പോഴോ നടന്നകന്നു പോയി…

”ആ സംസാരത്തിനിടയില്‍ മനസ്സു കേട്ട രണ്ടുവരികള്‍ എപ്പോഴോ ഓര്‍മ്മവന്നു. പിന്നേയുമെനിക്ക്.”

വേണ്ടാ…ഓര്‍ക്കേണ്ടാ അത്… അമ്പലനടയിറങ്ങി, റോഡിലെത്തുമ്പോള്‍ ഏട്ടന്‍ കാത്തിരിപ്പുണ്ടായിരുന്നു. ഏട്ടന്‍റെ നെറ്റിയില്‍ ചന്ദനം ചാര്‍ത്തിക്കൊടുത്തു. മോള്‍ക്ക് വല്ലതും വാങ്ങാനുണ്ടോ..? വല്ല കണ്‍മഷിയോ,ചാന്തോ,പൊട്ടോ വല്ലതും…? ഏയ്..ഒന്നും വേണ്ടാ ഏട്ടാ.. എല്ലാം വീട്ടിലുണ്ട്.. സത്യത്തില്‍ അതൊന്നും ഉപയോഗിക്കാന്‍ ഞാനായിട്ട് മെനക്കെടാറില്ല…ഒരു കറുത്ത സ്ററിക്കര്‍ പൊട്ട് കാണും നെറ്റിയില്‍ എപ്പോഴും …

അതിനുമപ്പുറും ശ്രീക്കുട്ടി അണിഞ്ഞൊരുങ്ങാറില്ല.. മനസ്സിന് ഇഷ്ടമല്ല അങ്ങനൊന്നും. ഒരു പെണ്ണായ് എന്നേ ആരും നോക്കണതൊന്നും സഹിക്കില്ലെനിക്ക്..എന്‍റെ അമ്മയുടെ മകളായ്…ഏട്ടന്‍റെ അനിയത്തിക്കുട്ടിയായ് ഇനിയുമൊരുപാട് നാള്‍ ജീവിക്കണം.

വീട്ടിലെത്തുവോളം ഏട്ടനെന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഞാന്‍ എല്ലാം മൂളിക്കേട്ടു.

”എന്താ നിനക്ക് പറ്റിയേന്ന്” ചോദിച്ചു ഏട്ടന്‍ ഒടുവില്‍… ഏയ്…ഒന്നുമില്ലാന്നെ.. ഒരു ദീര്‍ഘനിശ്വാസമെടുത്തു ഞാന്‍.

ഉച്ചയ്ക്ക് ഒന്നിച്ചിരുന്ന് ഉണ്ണുമ്പോഴും മനസ്സ് എവിടേയോ ആയിരുന്നു. ഏട്ടന്‍റെ നോട്ടം പലപ്പോഴും എന്നിലേക്ക് വരുന്നുണ്ടായിരുന്നു.

വേണ്ട…ഒന്നും വേണ്ട… മനസ്സ് പറഞ്ഞു.

വീടിന്‍റെ പണി പത്താമത്തെ ഘട്ടത്തിലാണ് പൂര്‍ത്തിയാക്കാനായത്.. ഏട്ടന്‍റെ എട്ടുവര്‍ഷത്തെ അധ്വാനത്തിന്‍റെ ഫലം..

ഇടക്കാലത്ത് ഏട്ടന്‍റെ വലതു കൈയ്ക്കൊരു വേദന വന്നു.കഠിന്വാധ്വാനം നിര്‍ത്താന്‍ സമയമായെന്നും എല്ലിന് തേയ്മാനം വന്നു തുടങ്ങിയെന്നും വൈദ്യര്‍ പറഞ്ഞു. അതൊക്കെ അയാള്‍ ചുമ്മാ പറയണതാണെന്നും പറഞ്ഞ് ഏട്ടന്‍ ചിരിക്കുന്നത് കണ്ടപ്പോള്‍ ഞാനും അമ്മയും കരഞ്ഞു.

പിന്നേയും ഒരുവര്‍ഷമെടുത്തു വീടുപണി കഴിയുമ്പോള്‍ …പറ്റാവുന്ന എല്ലാ പണികളും തീര്‍ത്തു.മൂന്നു കട്ടിലും കിടക്കയും വാങ്ങി വച്ചു.എനിക്കായ് ഒരു അലമാരയും വാങ്ങി.

ഏട്ടന്‍റെ ഓരോ വര്‍ത്തമാനവും പ്രവൃത്തിയും കാണുമ്പോള്‍ അമ്മ എന്നോടു പറയും.

”നിന്‍റേ പുണ്യമാണ് ഈ ഏട്ടനെന്ന്.”..

അതെനിക്കറിയാം നല്ലപോലെ …ഏട്ടന്‍റെ എല്ലാ കാര്യങ്ങളും യാതൊരു മടിയും കൂടാതെ ചെയ്തു കൊടുത്തിട്ടും മതിയാവാറില്ലായിരുന്നു എനിക്കു പലപ്പോഴും …

ഞായറാഴ്ചകളില്‍ ചിലപ്പോള്‍ എന്നേ അമ്പലത്തില്‍ കൊണ്ടു വിടാറുണ്ടായിരുന്നു.തിരികേ കൂട്ടി വരുമ്പോള്‍ വേണ്ടതൊക്കേയും വാങ്ങിത്തരാന്‍ ഒരു പിശുക്കും കാട്ടാറില്ല…

പാലുകാച്ചല്‍ ചടങ്ങിനുള്ള തീയതി കുറിച്ചു വാങ്ങാന്‍ പോവുമ്പോള്‍ എന്നേയും കൂട്ടി ഏട്ടന്‍… ഇനി വരുന്ന രണ്ടാമത്തെ ഞായറാഴ്ചത്തേക്ക് അങ്ങനെ തീയ്യതിയും നിശ്ചയിച്ചു..

”അമ്മയ്ക്കും പെങ്ങള്‍ക്കും കാവലായ് ഉമ്മറത്തെ മരക്കട്ടിലില്‍ അന്തിയുറങ്ങുന്ന ഏട്ടന്‍ അടച്ചുറപ്പുള്ള മുറിയില്‍ ഒരു രാത്രിയെങ്കിലും മനഃസ്സമാധാനത്തോടെ ഉറങ്ങുന്നതു കാണാനായിരുന്നു ഞാനും അമ്മയും കാത്തിരുന്നത്…”

ചുറ്റുവട്ടത്തുള്ളവരും അടുത്ത ബന്ധുക്കളുമായ അമ്പതോളം പേരുമായ് ഗൃഹപ്രവേശനം കഴിഞ്ഞു.. സദ്യയൊരുക്കിയിരുന്നു ..കുറച്ചു പാല്‍പായസവും…

സുധിയേട്ടനെ അന്ന് ഞാന്‍ നോക്കിയിടത്തെല്ലാം കണ്ടു. ഏട്ടന്‍റെ കൂടേ ജോലി ചെയ്യുന്നതും,ഏട്ടന്‍റെ പ്രിയപ്പെട്ട കൂട്ടുകാരനുമൊക്കേയാണ് സുധിയേട്ടന്‍ എങ്കിലും ആ സൗഹൃദങ്ങള്‍ ഏട്ടന്‍ വീടിന്ന് വെളിയില്‍ മാത്രമായാണ് കാത്തു സൂക്ഷിച്ചിരുന്നത്..

നമ്മുടെ വീടിന്നടുത്തു തന്നേയാണ് സുധിയേട്ടന്‍റെ കുടുംബവും താമസിക്കുന്നത്….അവിടത്തെ സാമ്പത്തിക സ്ഥിതി അല്‍പ്പം കൂടി മെച്ചപ്പെട്ടതായിരുന്നു .അവര്‍ക്ക് സ്വന്തമായ് വീടുണ്ടായിരുന്നു .

സുധിയേട്ടനും നല്ലപോലെ അധ്വാനിച്ച് മിച്ചം പിടിച്ചതു കൊണ്ട് റോഡരികില്‍ മുന്നു മുറി പീടിക ഒരുക്കി മാസവാടകയ്ക്ക് നല്‍കിത്തുടങ്ങിയിരുന്നു…ഇനിയല്‍പ്പം വിശ്രമിച്ചാലും അവര്‍ക്ക് ജീവിക്കാനുള്ള വകയുണ്ട്…

അന്നു രാത്രി വീട്ടില്‍ ആഹ്ളാദം നിറഞ്ഞു നിന്നു… ഉമ്മറത്ത് ഞാനും അമ്മയും ഏട്ടനും ഒത്തിരി സന്തോഷത്തോടെ,സമാധാനത്തോടെ ഇരുന്ന്, ഒത്തിരി നേരം സംസാരിച്ചു.

ഏട്ടന്‍റെ മുറിയില്‍ പുതിയ ബെഡ്ഷീറ്റ് വിരിച്ചു കൊടുത്തു ഞാന്‍. അന്നു രാത്രി ഞാനും അമ്മയും ഒരുമിച്ച് സമാധാനത്തോടെ കിടന്നുറങ്ങി.

അമ്മയന്ന് സംസാരിച്ചത് ഇനി ശ്രീക്കുട്ടിയെ സുരക്ഷിതമായൊരു കൈകളില്‍ ഏല്‍പ്പിച്ചിട്ട് വേണം എന്‍റെ മോനും ഒരു പെണ്ണിനെ തേടാന്‍ എന്നായിരുന്നു…

”അതിന് ഞാന്‍ സമ്മതിക്കത്തില്ല അമ്മേ…” ഏട്ടന്‍റെ കല്യാണം കഴിഞ്ഞിട്ടു മതി എനിക്ക്…പോരാതെ ഒരു ജോലി കൂടെ കിട്ടിയിട്ടാവാം എന്‍റെ കല്ല്യാണം.

ഒരു ഞായറാഴ്ച രാവിലെ ഏട്ടന്‍ എന്നോടു അങ്ങനേ ചോദിച്ചത് കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി…

”സുധിയെ മോള്‍ക്കും ഇഷ്ടായിരുന്നോ…? എന്താ ഏട്ടനീ പറയണത്…? അവന്‍ പറഞ്ഞല്ലോ മോള്‍ക്കും ഇഷ്ടമായിരിക്കുമെന്ന്… ഏയ് ഏട്ടാ ഞാന്‍… എനിക്കു കരച്ചില്‍ വന്നു… ഞാനങ്ങനേയൊന്നും … വാക്കുകള്‍ മുറിഞ്ഞു..

ഏയ്…അതിന് ഏട്ടന്‍ മോളെ വഴക്കൊന്നും പറഞ്ഞില്ലല്ലോ..

”ഏട്ടനും ഇഷ്ടാ മോള്‍ക്കായ് അവനാ വരുന്നതെങ്കിലും…” ഏട്ടന്‍റെ നെഞ്ചില്‍ തലചേര്‍ത്തു കരയണമെന്നു തോന്നി… മോളു കരയേണ്ടാ… സാരോല്ല്യാ … സുധി ചോദിച്ചു എന്നോടങ്ങനേ..

”ശ്രീക്കുട്ടിയേ എനിക്കു തരാവോന്ന്..” അമ്പലത്തില്‍ വെച്ച് കിട്ടുന്ന ഞായറാഴ്ചകളിലെല്ലാം എന്‍റേ മോളുടെ പിറകേ ഒരുപാട് നടന്നിട്ടുണ്ടെന്നും പറഞ്ഞു…

മോള്‍ക്ക് വല്ല ഇഷ്ടക്കേടുമുണ്ടോ അവനോട് …? ഒന്നും പറയാനാവാതെ നിന്നു ഞാന്‍…

ഏട്ടനറിയാം ശ്രീക്കുട്ടിയുടേ മനസ്സും… മണ്ണും ചെളിയും പുരണ്ട് പകലന്തിയോളം കഷ്ടപ്പെടുന്ന ഈ ഏട്ടനേ സ്നേഹിക്കാന്‍ പററണത് പോലെ അവനേയും സ്നേഹിക്കാന്‍ കഴിയും ഏട്ടന്‍റെ മോള്‍ക്ക് അല്ലേ..?

”ഇവിടെ അടുത്തു തന്നെ എന്നും എന്‍റെ മോളുണ്ടാവണമെന്നു കൊതിച്ചു ഏട്ടന്‍…”

”എനിക്കെപ്പോഴും കാണാല്ലോ അപ്പോള്‍…”

ഏട്ടാ… ആ നെഞ്ചില്‍ വീണു പൊട്ടിക്കരഞ്ഞു… ഏട്ടന്‍റെ മിഴികളും നിറഞ്ഞു രണ്ടു തുള്ളിയെന്‍റെ മൂര്‍ദ്ധാവില്‍ വീണുടഞ്ഞു….

”എല്ലാം ആവാം ഏട്ടാ…ആദ്യം എനിക്കൊരു ഏട്ടത്തിയമ്മയേ താ.. പിന്നേ മതി എന്നേ പറഞ്ഞയക്കണതൊക്കെ…”

”അതിന് ഏട്ടന്‍ സമ്മതിക്കുവാണേല്‍ ശ്രീക്കുട്ടി ഇതിനും സമ്മതിക്കാം..”

ഏട്ടനെന്‍റെ നെറുകയില്‍ തലോടി… ആ സ്നേഹസ്പര്‍ശനമേറ്റ് ഞാനും ഒരഞ്ചു വയസ്സുകാരിയായ് ആ മാറില്‍ ചേര്‍ന്നു നിന്നു…ഒത്തിരി ആശ്വാസത്തോടെ… അമ്മയും നടന്നു വന്നു ഞങ്ങള്‍ക്കരികിലേക്ക്… സന്തോഷാശ്രുക്കള്‍ പൊഴിച്ചു കൊണ്ട്..

രചന: Nkr Mattannur

Leave a Reply

Your email address will not be published. Required fields are marked *