കല്യാണം കഴിഞ്ഞാൽ ,ഇളയ നാത്തൂനെയും കൊണ്ട്, പട്ടാളക്കാരൻ പഞ്ചാബിലേക്ക് പോകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്…

രചന: സജി തൈപ്പറമ്പ്

കഴിഞ്ഞ മാസം കല്യാണം കഴിഞ്ഞ് പോയ ഇളയനാത്തൂൻ്റെ ഭർത്താവ് ,ലീവ് തീർന്ന് പട്ടാളത്തിലേക്ക് തിരിച്ച് പോയെന്നറിഞ്ഞപ്പോൾ, അവളോട് കുറച്ച് ദിവസം തറവാട്ടിൽ വന്ന് നില്ക്കാൻ ,തൻ്റെ അമ്മായിയമ്മ ,ഫോണിലൂടെ പറയുന്നത് കേട്ട്, ശിവന്യയ്ക്ക് ദേഷ്യം വന്നു.

മൂത്ത നാത്തൂൻ രണ്ടാമത് ഗർഭിണിയായപ്പോൾ മുതൽ, തറവാട്ടിൽ തന്നെയായിരുന്നു.

അവളുടെ ആദ്യ ഗർഭവും ,പ്രസവവും കുറച്ച് ബുദ്ധിമുട്ടായിരുന്നത് കൊണ്ട്, പരിശോധിച്ച ഡോക്ടറാണ് പറഞ്ഞത് ,വളരെയധികം സൂക്ഷിക്കണമെന്ന്.

കേൾക്കേണ്ട താമസം, ഒന്നര വയസ്സുള്ള മൂത്ത കുട്ടിയെയും, അവളെയും കൂട്ടി , ഒരു ഓട്ടോ പിടിച്ച് അവളുടെ ഭർത്താവ്, ഇവിടെ കൊണ്ടാക്കിയിട്ട് പോയി.

മോനേ ഒരു ചായയെങ്കിലും കുടിച്ചിട്ട് പോ ,

അമ്മായിയമ്മ പുറകിൽ നിന്ന് വിളിച്ച് പറയുന്നത് കേട്ടു.

ലേശം തിരക്കുണ്ടമ്മേ.. പാടത്ത് പണിക്കാരെ നിർത്തിയിട്ടാണ് വന്നത് ,ഞാനവിടെയില്ലെങ്കിൽ, ഞാറ് നടീല് ശരിയാവില്ല

ഒഹ്, അപ്പോൾ പാടത്തെ ഞാറിനെക്കുറിച്ചു മാത്രമേ ആശങ്കയുള്ളു ,സ്വന്തമായി വിത്ത് പാകിയിട്ട് ഇവിടെ കൊണ്ട് തള്ളിയിട്ട് പോയ, ഗ്രോബാഗിൻ്റെ കളപറിക്കലും ഞാറ്നടീലുമൊക്കെ, ബാക്കിയുള്ളവരുടെ ഉത്തരവാദിത്വമാണല്ലോ അല്ലേ?

ശിവന്യ ,അന്ന് തൻ്റെ അമർഷം മനസ്സിലൊതുക്കി.

അന്ന്, മൂത്തവള് തറവാട്ടിലെത്തിയതിന് ശേഷം, ഫുൾ ടൈം റസ്റ്റിലായിരുന്നു,

പിന്നെ അവൾക്ക് വേണ്ടി, ഗർഭ രക്ഷാ മരുന്നരയ്ക്കലും, വീട്ട് ജോലിയും കൊണ്ട്, പൊറുതിമുട്ടിയത് ശിവന്യയായിരുന്നു .

ഉപ്പിലിട്ട മാങ്ങ പോലെ തറവാട്ടിലേക്ക് കയറി വന്ന മൂത്തമകളെ, സുഖപ്രസവം കഴിഞ്ഞ് കിളിച്ചുണ്ടൻ മാമ്പഴം പോലെയാക്കി, വീട്ടിൽ നിന്ന് പറഞ്ഞ് വിടുമ്പോൾ, അമ്മായിയമ്മ കണ്ണീർ വാർത്തെങ്കിലും, ശിവന്യയുടെ മനസ്സിൽ ഇനിയെങ്കിലുമൊന്ന് നടുവ് നിവർത്തി എവിടെയെങ്കിലുമിരിക്കാമല്ലോ, എന്ന ആശ്വാസമായിരുന്നു.

അപ്പോഴാണ്, ആലിൻകായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണെന്ന് പറഞ്ഞത് പോലെ, ഇളയനാത്തൂൻ്റെ കല്യാണക്കാര്യം വരുന്നത്.

ജാതക പ്രകാരം പതിനെട്ടാമത്തെ വയസ്സിൽ വിവാഹം നടന്നില്ലെങ്കിൽ, പിന്നെ പത്ത് വർഷം കഴിഞ്ഞേ, നിമിഷയ്ക്ക് മംഗല്യയോഗമുള്ളുവത്രേ

അങ്ങനെ അവളുടെ കല്യാണവും അതിൻ്റെ കഷ്ടപ്പാടും പേറാൻ, ശിവന്യയുടെ ജീവിതം പിന്നെയും ബാക്കിയായി.

കല്യാണാലോഷങ്ങളൊക്കെ കഴിഞ്ഞ്, ചെറുക്കൻ്റെയൊപ്പം കാറിൽ കയറുന്നതിന് മുമ്പ്, ഇളയ നാത്തൂൻ എല്ലാവരെയും കെട്ടിപ്പിടിച്ച് കരയുന്നത് കണ്ടപ്പോൾ, ശിവന്യക്ക് ഉള്ളിൽ ചിരി പൊട്ടി.

പിന്നേ … ഈ കാണുന്ന വട്ടക്കായലിൻ്റെ അക്കരെയല്ലേ നിന്നെ കെട്ടിച്ച് വിടുന്നത്, അല്ലാതെ അമേരിക്കയിലോട്ടൊന്നുമല്ലല്ലോ? കല്യാണമായത് കൊണ്ട്, അവര് കാറ് വാടകയ്ക്കെടുത്ത് ടൗണിൽ കൂടി ഒന്ന് ചുറ്റി വന്നു, ഇല്ലെങ്കിൽ രണ്ട് രൂപ കടത്ത് കൂലി കൊടുത്താൽ ,എപ്പോൾ വേണമെങ്കിലും നിനക്കിവിടെ വന്ന് പോകാം

അടുത്ത് നിന്ന് താനത് പറഞ്ഞത് കൊണ്ടാവാം, തന്നെ കെട്ടിപ്പിടിച്ച് കരയാൻ നില്ക്കാതെ, അവള് വേഗം കറിലേക്ക് കയറി പോയതെന്ന്, ശിവന്യക്ക് മനസ്സിലായി.

കല്യാണം കഴിഞ്ഞാൽ ,ഇളയ നാത്തൂനെയും കൊണ്ട്, പട്ടാളക്കാരൻ പഞ്ചാബിലേക്ക് പോകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത് ,ആ ഒരു സമാധാനത്തിലായിരുന്നു ശിവന്യയിത് വരെയിരുന്നത്, അത് കൊണ്ടാണ്, ഇളയ നാത്തൂൻ വരുന്നെന്ന് പറഞ്ഞപ്പോൾ, ശിവന്യയ്ക്ക് ദേഷ്യം വന്നത്.

പിറ്റേന്ന് രാവിലെ കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്നിറങ്ങി വന്ന നിമിഷയുടെ കയ്യിൽ, ചെറിയ കുപ്പിയിരിക്കുന്നത് കണ്ട്, ശിവന്യ ചോദ്യഭാവത്തിൽ അവളുടെ മുഖത്ത് നോക്കി.

ചേച്ചി എൻ്റെ കൂടെ ടൗണ് വരെയൊന്ന് വരുമോ? എനിക്ക് മുറതെറ്റിയിട്ട് ഒരാഴ്ചയായി അപ്പോൾ ഒരു ഡൗട്ട്, ഇന്നലെ വിളിച്ചപ്പോൾ പ്രകാശേട്ടനാ പറഞ്ഞത്, നീ ലാബിൽ പോയി യൂറിനൊന്ന് ടെസ്റ്റ് ചെയ്ത് നോക്കാൻ

അതിനെന്തിനാടീ.. ലാബിൽ പോകുന്നത് ,നീ ടൗണിൽ പോയി ഒരു പ്രഗ്നോകാർഡ് വാങ്ങിച്ചോണ്ട് വന്നാൽ, നമുക്കിവിടെ തന്നെ ടെസ്റ്റ് ചെയ്ത് നോക്കാല്ലോ?

ഈശ്വരാ .. ഇനി ഇവളുടെ പേറും കൂടി ,ഉടനെ താൻ നോക്കേണ്ടി വരുമോ? എന്ന ആശങ്ക ഉള്ളിലൊതുക്കി ശിവന്യ നാത്തൂനോട് പറഞ്ഞു.

എന്തായാലും അത് വാങ്ങാൻ ഞാൻ തന്നെ ടൗണിൽ പോകണ്ടേ ചേച്ചീ, അപ്പോൾ പിന്നെ അവിടുത്തെ ലാബിൽത്തന്നെ ടെസ്റ്റ് ചെയ്യുന്നതല്ലേ നല്ലത് ,അതാകുമ്പോൾ സംശയലേശമന്യേ നമുക്ക് ഉറപ്പിക്കാമല്ലോ

അത് ശരിയാണല്ലോ, എങ്കിൽ നീ പോയി ഡ്രസ്സ് ചെയ്തോ, അപ്പോഴേക്കും ഞാനും ഒന്ന് റെഡിയായി വരാം

നിമിഷ കയ്യിലിരുന്ന യൂറിൻ നിറച്ച ചെറിയ ബോട്ടിൽ ,ഹാളിലെ ഫ്രിഡ്ജിന് മുകളിൽ വച്ചിട്ട് ഒരുങ്ങാനായി ബെഡ് റൂമിൽ കയറി കതകടച്ചു.

ൻ്റെ കൃഷ്ണാ .. ഈ മൂത്രം പരിശോധിക്കുമ്പോൾ, ഇവളെങ്ങാനും ഗർഭിണിയാണെന്നറിഞ്ഞാൽ, പിന്നെയിവൾ പ്രസവം കഴിഞ്ഞേ ഒരു തിരിച്ച് പോക്കുണ്ടാവുകയുള്ളു ,അത് വരെ തൻ്റെ കാര്യം കട്ടപ്പുക ,തത്ക്കാലം ഇവളുടെ ഗർഭകാര്യം ആരുമറിയാതിരിക്കാൻ, എന്താണ് വഴി എന്നാലോചിച്ചപ്പോൾ, ശിവന്യയുടെ മനസ്സിൽ ഒരു കൗശലമുദിച്ചു .

അവൾ ചുറ്റിലും നോക്കി ആരുമില്ലെന്ന് ഉറപ്പാക്കിയിട്ട്, ഫ്രിഡ്ജിന് മുകളിലിരുന്ന യൂറിനുമെടുത്ത് ബാത്റൂമിൽ കയറി.

തിരിച്ച് ഫ്രിഡ്ജിന് മുകളിൽ കൊണ്ട് വച്ച കുപ്പിക്കുള്ളിലിരിക്കുന്നത്, തൻ്റെ യൂറിനാണെന്ന പരമാർത്ഥം, ശിവന്യയ്ക്ക് മാത്രമേ അറിയാമായിരുന്നുള്ളു.

ലാബിലെ പരിശോധനയ്ക്ക് ശേഷം റിസൾട്ട് വന്നപ്പോൾ, സംഗതി പോസിറ്റീവ്.

സന്തോഷം കൊണ്ട് നിമിഷയുടെ മുഖം ചുവന്ന് തുടുത്തപ്പോൾ, പകച്ച് പോയ ശിവന്യയുടെ മുഖം വിളറി വെളുത്തു.

എൻ്റെ കോപ്പർടീ.. നീയും എന്നെ കൈവിട്ട് കളഞ്ഞല്ലോ?

അടിവയറ്റിൽ അമർത്തി പിടിച്ച് കൊണ്ട്, ശിവന്യ നിരാശയോടെ മനസ്സിൽ പറഞ്ഞു.

ഇത് തൻ്റെ ഗർഭമാണെന്നെങ്ങാനും പറഞ്ഞ് പോയാൽ, വഞ്ചനാകുറ്റത്തിന് തന്നെയാ വീട്ടിൽ നിന്ന് അടിച്ചിറക്കും, മിണ്ടാതെയിരുന്നാൽ, യാഥാർത്ഥ്യം താനേ പുറത്ത് വരുന്നത് വരെ, ഗർഭിണിയായ താൻ, ഗർഭമില്ലാതെ റസ്റ്റെടുക്കുന്നവൾക്ക് വേണ്ടി, കഷ്ടപ്പെട്ട് കൊണ്ടേയിരിക്കണം.

ചെകുത്താനും കടലിനുമിടയിൽ പെട്ടത് പോലെ, ശിവന്യ നിന്നുരുകി . ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ… ഷെയർ ചെയ്യണേ…

രചന: സജി തൈപ്പറമ്പ്

Leave a Reply

Your email address will not be published. Required fields are marked *