കല്യാണം കുട്ടിക്കളിയല്ല

രചന : പ്രീതി രാജേഷ്….

രാവിലെതന്നെ അടുക്കളയിൽ നിന്നും പാത്രങ്ങളുടെ പൊട്ടി തെറികൾ കേട്ടുകൊണ്ടാണ് എണീറ്റത് .എന്താ സംഭവം എന്നറിയാനായി കണ്ണും തിരുമ്മി ഞാൻ അടുക്കളയിലോട്ടു ചെന്നു .ഏടത്തിയുടെ ഉറക്കെയുള്ള സംസാരം കേട്ടപ്പോൾ പകുതിയിൽ തന്നെ നിന്നു .എന്താന്നറിയാനായി കാതുകൾ കൂർപ്പിച്ചു

അതേ …ഞാൻ കുടുംബത്തിൽ പിറന്ന പെണ്ണാ …നാലാളുടെ മുന്നിൽ വെച്ച് താലികെട്ടി കൊണ്ട് വന്നതാ നിങ്ങളുടെ മൂത്ത മോൻ .എന്നാലേ ഇപ്പോ നിങ്ങളുടെ ആ തല തെറിച്ച ഇളയ സന്തതിയുണ്ടല്ലോ …പഴയ പ്രേമത്തിന്റെ പേരും പറഞ്ഞ് ഒരു കല്യാണം കഴിഞ്ഞ പെണ്ണിനെ വിളിച്ചോണ്ട് വരാൻ നില്ക്കിന്നുണ്ട് .അങ്ങനെ എന്തേലും സംഭവിച്ചാൽ ഞാൻ ഒരു നിമിഷം പിന്നെ ഈ വീട്ടിൽ നിൽക്കില്ല ..

അതുശെരി ഏട്ടത്തി എന്റെ കാര്യവും പറഞ്ഞു അമ്മയെ വേദനിപ്പിക്കുകയാണല്ലേ …

അത്രയും പറഞ്ഞ് ഏട്ടത്തി ബക്കറ്റിൽ കുറെ തുണികളും പെറുക്കിയിട്ടു ദേഷ്യത്തിൽ നടക്കുന്നതിനിടയിൽ എന്നെ തുറിച്ചൊന്നു നോക്കി ..ആ നോട്ടത്തിൽ പകച്ചു പണ്ടാരടങ്ങിപോയി ഞാൻ ..

തൃപ്തിയായില്ലേ നിനക്ക് .കുടുംബത്തിന് പേരുദോഷ മുണ്ടാക്കാൻ ഓരോന്ന് ജനിച്ചോളും .നീ എന്റെ വയറ്റിൽ തന്നെ പിറന്നല്ലോ ..കണ്ണും തുടച്ചു മൂക്കും പിഴിഞ്ഞ് അമ്മ അകത്തേക്കുപോയി …കരയണോ ചിരിക്കണോ ന്നറിയാതെ ഞാൻ ഉമ്മറത്ത് ചെന്നിരുന്നു ..

സ്നേഹിച്ച പെണ്ണ് കല്യാണം കഴിഞ്ഞുപോയപ്പോൾ എല്ലാരും പറഞ്ഞു അവൾ ഉഗ്രൻ തേപ്പുകാരിയാണെന്ന് .പങ്കു വെച്ച സ്വപ്നങ്ങളും സ്നേഹവുമൊക്കെ ബാക്കിയാക്കി അവൾക്കെങ്ങനെ പോവാൻ കഴിഞ്ഞു ന്ന് സ്വയ മുരുകി ചോദിച്ച നാളുകൾ .ആരോടും ഒന്നും പറയാതെ കരഞ്ഞു തീർത്ത നാളുകൾ ..അതിൽ നിന്നും മോചനം ആഗ്രഹിച്ചു ഒരു മാറ്റം ആഗ്രഹിച്ചു ഒരു ജോലിക്ക് വേണ്ടി ശ്രെമിക്കുന്നതിനിടയിൽ ഒരു രാത്രി അതാ അവൾ വിളിക്കുന്നു ..എന്നെ തേച്ചിട്ടുപോയവൾ …

അജി …ആ വിളി കേട്ടപ്പോൾ തന്നെ എന്റെ ഹൃദയം നുറുങ്ങി … എന്താ വിളിച്ചേ ….ഞാനല്പം ഗൗരവത്തോടെ ചോദിച്ചു … എന്റെ ചോദ്യം കേട്ടിട്ടാണോ ന്നറിയില്ല …ഗീതു ഭയങ്കര കരച്ചിലായി ..

ഈ പെണ്ണിനിതെന്തു പറ്റി …ഞാൻ വീണ്ടും പറഞ്ഞു ..കരയാതെ കാര്യം പറയ്‌

അജി ..നീയില്ലാതെ എനിക്ക് ജീവിക്കാനാവുന്നില്ലെടാ ..കല്യാണം കഴിഞ്ഞു മൂന്ന് മാസമായെങ്കിലും ഇന്നേവരെ ഞാനും അ യാളും തമ്മിൽ യാതൊരു ബന്ധവുമില്ല .എനിക്ക് അയാളെ സ്നേഹിക്കാൻ പറ്റുന്നില്ല .നിന്റെ ഓർമ്മകൾ എന്നെ കൊല്ലാതെ കൊല്ലുന്നു .എനിക്കിനി ഈ ജീവിതം തുടരാനാവില്ല .നമുക്കെവിടെലും പോയി ജീവിക്കാം .ഇല്ലെങ്കിൽ ഞാൻ മരിക്കും

അതുകേട്ടതും എന്റെ ബോധം പോയില്ലന്നേയുള്ളു .ഈശ്വരാ ഇതെന്തൊക്കെയാ ഈ പെണ്ണ് പറയുന്നത് ..ഇവൾ കല്യാണം കഴിഞ്ഞു പോയപ്പോൾ ഒരുപാട് വിഷമിച്ചിരുന്നു .എന്നാൽ ഈ അവസ്ഥയിൽ അവളെ ഇങ്ങോട്ട് കൊണ്ടുവന്നാൽ …അയ്യോ ഓർക്കാൻ കൂടി വയ്യാ ..അമ്മയും ഏട്ടനും ഏട്ടത്തിയുമൊക്കെ ചട്ടിയിലിട്ടു വറുത്തു കോരും .എന്തായാലും താൻ സ്നേഹിച്ച ,തന്നെ ഇപ്പോഴും സ്നേഹിക്കുന്ന പെണ്ണ് ഇങ്ങനെയൊക്കെ പറയുമ്പോൾ ഞാനെങ്ങനെ കണ്ടില്ലാന്നു നടിക്കും .

ഞാൻ അവളോട്‌ പറഞ്ഞു ധൈര്യമായിരിക്കു …ഞാൻ വിളിക്കാം .

എന്താ ചെയ്യേണ്ടത് …എന്തായാലും ഏട്ടനോട് പറഞ്ഞു നോക്കാം ..

കാര്യങ്ങൾ ഒരു വിധത്തിൽ ഏട്ടനോട് പറഞ്ഞവസാനിച്ചപ്പോഴേക്കും ഏട്ടന്റെ കൈ എന്റെ കരണത്ത് പതിഞ്ഞിരുന്നു .അടിയുടെ ശക്തിയിൽ എന്റെ കണ്ണിൽ നിന്നും ചെവിയിൽ നിന്നുമൊക്കെ പൊന്നീച്ച പറന്നു ..

അടികിട്ടിയ ഞാൻ കോണി ഓടി കയറുമ്പോൾ അനിയത്തി അവിടെ നിന്നു പൊട്ടിച്ചിരിക്കുന്നുണ്ട് . ഞാനേ കണ്ടുള്ളു …ഞാൻ മാത്രെ കണ്ടുള്ളു …അവളുടെ വക ഒരു ഓഞ്ഞ ഡയലോഗ് …

മുറിയിൽ ചെന്ന് കമിഴ്ന്നും ചെരിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല .അല്ലെങ്കിലും ഒരു കല്യാണം കഴിഞ്ഞ പെണ്ണിനെ ഇനി ഞാൻ വിളിച്ചോണ്ടുവന്നാൽ ആ പാവം ചെക്കൻ അതെങ്ങനെ സഹിക്കും .അവനും അവന്റെ വീട്ടുകാർക്കും നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ പറ്റുമോ ..അവർ എന്നെ മനസുകൊണ്ട് ശപിക്കും .കൂടാതെ എന്റെ അനിയത്തിയുടെ ഭാവി കൂടി ഞാൻ നോക്കേണ്ടതല്ലേ ….ഞാൻ ഇങ്ങനെയൊക്കെ ചെയ്താൽ നല്ലൊരു കുടുംബത്തിൽ നിന്നും അവൾക്കൊരു ബന്ധം കിട്ടുമോ ..എല്ലാം അവളെ പറഞ്ഞു മനസിലാക്കി ഇതിൽ നിന്നും പിന്തിരിപ്പിക്കണം എന്ന് മനസിലുറപ്പിച്ചു തന്നെയാ അവളെ വിളിച്ചത് ….

ഗീതു ….നീ വിവാഹമോചനത്തിന് കൊടുക്ക്‌ …ഞാനും നീയും തമ്മിലുള്ള ബന്ധമാണ് കാരണമെന്ന് ഒരു കാരണവശാലും ആരും അറിയരുത് .നിനക്ക് അയാളുമായി പൊരുത്തപ്പെട്ടു പോവാൻ പറ്റാത്തതുകൊണ്ടാണെന്നു പറഞ്ഞാൽ മതി .നമ്മുടെ സ്വപ്‌നങ്ങൾ നമുക്ക് യാഥാർഥ്യമാക്കണം .അതിനു വേണ്ടി ഏത് അറ്റം വരെയും നമുക്ക് പോവാം

പറയാൻ മനസ്സിൽ കരുതിയ വാക്കുകളൊക്കെ വിഴുങ്ങി പകരം പുറത്തേക്കു വന്നത് ഇങ്ങനെയൊക്കെയാണ് .

അന്ന് തൊട്ടു മനസ്സിൽ ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു .ഒരു പെണ്ണിന് വാക്ക് കൊടുത്തത് കൊണ്ടാവാം എല്ലാ പ്രതി സന്ധികളെയും നേരിടാനുള്ള ചങ്കൂറ്റ മുണ്ടായത് ..

അതിനിടയിൽ വർഷം രണ്ടു കഴിഞ്ഞു …ഗീതു വിനു ഡിവോഴ്സ് കിട്ടി .അനിയത്തിയുടെ കല്യണം കഴിഞ്ഞു .മുന്നിലുള്ള തടസങ്ങൾ എല്ലാം മാറിയിരിക്കുന്നു .സ്വന്തം കാലിൽ നിൽക്കാനുള്ള ജോലിയും ഉണ്ട് .എന്നിട്ടാണ് ഇന്ന് ഏട്ടത്തി ഈ പ്രസംഗമൊക്കെ നടത്തിയത് .

അറിയാം ഞാൻ ചെയ്തതും ചെയ്യാൻ പോവുന്നതും പൊറുക്കാൻ പറ്റാത്ത തെറ്റാണ് .കുറേപേർ ശപിച്ചിട്ടുണ്ടാകും .എങ്കിലും എനിക്ക് ഗീതുവിനെ വേണം ..

ഞാൻ ഏട്ടന്റെ മുന്നിലേക്ക്‌ ചെന്നു .സ്വരം താഴ്ത്തി പറഞ്ഞു ..

ഏട്ടാ, ഞാൻ അന്ന് പറഞ്ഞകാര്യം …അന്നത്തെ അടിയുടെ വേദന ഓർമ വന്നതോണ്ടാവും ഞാൻ വാക്കുകൾ മുഴുമിപ്പിക്കാതെ കവിളിൽ ഒന്ന് തലോടി ..ബാക്കി പറയാൻ തുടങ്ങുമ്പോഴേക്കും ഏട്ടത്തി മുന്നിലേക്ക് കുരച്ചു ചാടി .

പിന്നെ ഏട്ടത്തി എന്തൊക്കെ പറഞ്ഞൂന്നു അവർക്കു പോലും അറിയില്ല .എല്ലാം മൂളികേട്ട് ഏടത്തിയമ്മയുടെ വാലും പിടിച്ചു അകത്തേക്ക് പോവുന്ന ഏട്ടനെ കണ്ടപ്പോൾ പുച്ഛം തോന്നിപോയി

ഇനി ആരോടും ഒന്നും ചോദിക്കാനോ പറയാനോ ഇല്ല .ഒരു ബാഗിൽ സകല തുണികളും പെറുക്കിയിട്ടു അമ്മയുടെ അടുത്തേക്ക് ചെന്നു .

അമ്മേ ഞാൻ ചെയ്യുന്നത് തെറ്റാണെന്നറിയാം .ചെയ്യാതെ നിവൃത്തി യില്ല .ഞാൻ പോകുന്നു അമ്മേ ..അനുഗ്രഹിച്ചില്ലേലും ശപിക്കാതിരുന്നേൽ മതി ..

മോനേ …ഏട്ടൻ പറയുന്നതിനപ്പുറം ഈ അമ്മയ്ക്കൊരു തീരുമാനമില്ല ….എവ്ടെയാണേലും നന്നായി ജീവിക്കാൻ ഈ അമ്മ എന്നും പ്രാർത്ഥിക്കാം ..അമ്മയുടെ കണ്ണു നിറയുന്നത് കാണാൻ കാത്തിരിക്കാതെ പുറകോട്ടു നോക്കുകപോലും ചെയ്യാതെ ഞാൻ പടിയിറങ്ങി ..കൂടപ്പിറപ്പുകളെ ധിക്കരിച്ചും വേറൊരുത്തന്റെ ഭാര്യയെ തട്ടിയെടുത്തും പുതിയ ജീവിതത്തിലേക്ക് ഞാൻ നടന്നുപോകുകയാണ് .

റയിൽവേ സ്റ്റേഷനിൽ അവൾ എന്നെയും കാത്തിരിക്കുന്നുണ്ട് .അവളുടെ മുഖത്തു വിജയത്തിന്റെ പൊൻതിളക്കം എനിക്ക് കാണാം .സന്തോഷം കൊണ്ടവൾ എന്റെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് ഇനി എവിടെക്കാ എന്ന് ചോദിച്ചപ്പോൾ നമ്മൾ നമ്മളിലേക്കുള്ള യാത്ര എന്ന് ഞാൻ അഭിമാനത്തോടെ പറയുമ്പോഴും കുറ്റബോധത്തിന്റെ മുൾക്കിരീടം എന്നെ അപ്പോഴും അസ്വസ്ഥനാക്കികൊണ്ടേയിരുന്നു ….

കല്യാണം കുട്ടിക്കളിയല്ല ..ഒരാളുടെ സന്തോഷം പ്രണയം എല്ലാം തിരിച്ചു പിടിക്കുവാൻ മറ്റൊരാളുടെ ജീവിതം അറിഞ്ഞുകൊണ്ട് തകർക്കരുത് .നിങ്ങൾക്ക് പ്രീയപെട്ടത്‌ നേടിയെടുക്കുമ്പോൾ കിട്ടുന്ന സന്തോഷത്തിലും ഇരട്ടിയാണ് അവരുടെ വേദന . ഓർക്കുക, ചിന്തിക്കുക എന്ത് പ്രവൃത്തി ചെയ്യുമ്പോഴും .(സുഹൃത്തിന്റെ അനുഭവ കഥ )

രചന : പ്രീതി രാജേഷ്….

Leave a Reply

Your email address will not be published. Required fields are marked *