കാന്താരിയെ കാണാൻ

ഞാനും കുടുംബവും ഇന്ന് ഒരു യാത്രയിൽ ആണ്. ഓണ്ലൈനിൽ പരിചയപ്പെട്ട ഞങ്ങളുടെ കാന്താരിയെ കാണാൻ. കുറെ നാളുകളായി ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ട്. പക്ഷെ ഇന്ന് വരെ അവളെ കാണാൻ കഴിഞ്ഞിട്ടില്ല. പരിചയപ്പെട്ട അന്ന് മുതൽ ഞങ്ങൾ സംസാരിച്ചു തുടങ്ങിയതാണ്. എന്നും സംസാരിക്കും. വൈകുന്നേരം അവൾ സ്കൂൾ കഴിഞ്ഞു വന്നാൽ അവൾ ഓണ്ലൈനില് വരും. പിന്നെ അന്നത്തെ എല്ലാ കാര്യങ്ങളും പറഞ്ഞാലേ അവൾക്ക് സമാധാനം ഉണ്ടാകു.

ഒരു എഴുത്ത്-വായന ഗ്രുപ്പിൽ ഞാൻ ഇട്ട ഒരു പോസ്റ്റിന് കമന്റ് ഇട്ടപ്പോൾ ആണ് അവളെ ആദ്യം കാണുന്നത്. അത് കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവൾ ഇൻബോക്സിൽ വന്നു. “മാഷേ” എന്നായിരുന്നു ആദ്യ സംബോധന. ഞാൻ കരുതി ഇതാരണാവോ ഇത്ര ബഹുമാനത്തോടെ വിളിക്കുന്നത് എന്നു. തിരിച്ച് ഹായ് കൊടുത്തു കഴിഞ്ഞപ്പോൾ ആണ് പറഞ്ഞത്. പുള്ളിക്കാരി ഒരു കഥ എഴുതിയിട്ടുണ്ട്. ആദ്യമായുള്ള എഴുത്ത് ആണ്. തെറ്റുണ്ടെങ്കിൽ തിരുത്തി കൊടുക്കണം എന്ന്. നമ്മുടെ എഴുത്ത് തന്നെ നമ്മൾ കണ്ടവനെ കൊണ്ടാണ് തിരുത്തിക്കുന്നത് എന്ന് പാവത്തിന് അറിയില്ലായിരുന്നു. എന്നാലും അറിയാവുന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു. അത് കഴിഞ്ഞ് അവൾ അത് പോസ്റ്റ് ചെയ്തു ശേഷം കുറച്ചു സമയം കൂടി ചാറ്റ് ചെയ്തു. അപ്പോഴാണ് അവൾ സ്വയം പരിചയപ്പെടുത്തിയത്.

പോർക്ക്, ബീഫ്, മട്ടൻ ഒന്നും ഇഷ്ടമല്ലാത്ത കോഴിയും പിടിയും വളരെ അധികം ഇഷ്ടപ്പെടുന്ന കോട്ടയംകാരി അച്ചായത്തി. പേര് സോന. അപ്പച്ചന്റെയും അമ്മച്ചിയുടെയും ആദ്യത്തെ കണ്മണി. അനിയൻ പഠിപ്പ് എല്ലാം കഴിഞ്ഞ് ജോലി നോക്കി കൊണ്ടിരിക്കുന്നു. അപ്പച്ചനും അമ്മച്ചിക്കും ഒരു സഹായം ആകട്ടെ എന്നു കരുതി അവളുടെ ഇഷ്ടമായ ടീച്ചറുദ്യോഗം നോക്കി ഡൽഹിയിലെ ഒരു പ്രൈവറ്റ് സ്കൂളിൽ ആണ് പുള്ളിക്കാരി ഇപ്പോൾ. സത്യത്തിൽ അവൾ ടീച്ചർ ആണെന്ന് അറിയാതെ കുറെ തവണ ടീച്ചറെ എന്നു വിളിച്ച് കളിയാക്കിയിരുന്നു. ആദ്യ ദിവസം പരിചയപ്പെട്ട ശേഷം ഗുഡ് നെറ്റ് പറഞ്ഞ് പരസ്പരം പിരിഞ്ഞു.

പലരും ഇൻബോക്സിൽ വരാറുണ്ട്, എന്തെങ്കിലും സംശയങ്ങൾ ചോദിച്ച്. പക്ഷെ അവരെല്ലാം അവർക്ക് വേണ്ട കാര്യങ്ങൾ മനസിലാക്കി കഴിയുമ്പോൾ അങ്ങ് പോകാറാണ് പതിവ്. പക്ഷെ ഇവൾ ആ പതിവ് തെറ്റിച്ചു. പിറ്റേന്ന് ദേ കിടക്കുന്നു. ഒരു gud mng മെസേജ്. സ്കൂൾ കഴിഞ്ഞ് വന്നിട്ട് കാണാട്ടോ എന്നും. ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു. ചുമ്മാ പറഞ്ഞതാണ് എന്നാണ് കരുതിയത്. പക്ഷെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് അവൾ വൈകുന്നേരം എത്തി. കുറെ സംസാരിച്ചു.

അന്നാണ് അവൾ എന്നോട് ചോദിച്ചത്,

“ഞാൻ മാഷേ എന്താ വിളിക്കേണ്ടത്” എന്ന്.

ഞാൻ പറഞ്ഞു,

“ഇക്ക, ചേട്ടൻ അങ്ങിനെ നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോളൂ”.

“എങ്കിൽ ഞാൻ ചേട്ടായി എന്നു വിളിച്ചോട്ടെ. എനിക്ക് ചേട്ടായി ഇല്ല. എന്റെ സ്വന്തം ചേട്ടായി ആയി കരുതി ഞാൻ വിളിച്ചോട്ടെ.”

“നീ വിളിച്ചോടി, ചേട്ടായി എന്നു തന്നെ വിളിച്ചോ. നിന്റെ സ്വന്തം ചേട്ടായി ആണ് ഞാൻ. പെങ്ങന്മാർ ഇല്ലാത്ത എനിക്ക് നീ എൻറെ കാന്താരി പെങ്ങളും.”

അവിടുന്ന് ഞാൻ അറിയുകയായിരുന്നു, ഒരു അനിയത്തിയുടെ സ്നേഹം, കരുതൽ, അനിയത്തിയുടെ ചെറിയ ചെറിയ പിണക്കങ്ങൾ. ഇടക്കിടെ ചേട്ടായി എന്നു ചുമ്മാ വിളിച്ച് ഇൻബോക്സിൽ വരുന്ന ആ കാന്താരിയെ. ഒരുപാട് സംസാരിക്കുന്ന എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ആ കാന്താരിയെ. ഞാനും ഇഷ്ടപ്പെട്ടിരുന്നു, ഒഴിവു ദിവസങ്ങളിൽ വെയിലുദിക്കും വരെ കിടന്നുറങ്ങാനുള്ള ഒരു അനിയത്തിയുടെ കുറുമ്പിനെ, ചേട്ടനും അനിയത്തിയും തമ്മിൽ മിനിറ്റുകൾ നീളുന്ന വഴക്കുകളെ, കുഞ്ഞു കുഞ്ഞു വാശികളെ അങ്ങിനെ ഇന്ന് വരെ അറിയാത്ത ഒരു അനിയത്തിക്കുട്ടിയെ.

ഓണ്ലൈനിൽ വന്നാൽ അവൾക്ക് കുറെ പറയാൻ ഉണ്ടാകും. പെണ്കുട്ടികളുടെ പോസ്റ്റിൽ മാത്രം ബാല്യകാട്ട കമന്റ് ഇടുന്ന പഞ്ചാരകുഞ്ചുമാരെ പറ്റി, അന്ന് വായിച്ച എഴുത്തുകളെ കുറിച്ച്, സ്കൂളിലെ കുട്ടികളുടെ കുറുമ്പുകളെ കുറിച്ച്, വഴിയിൽ കണ്ട കാഴ്ചകളെ കുറിച്ച്, കൂടെ താമസിക്കുന്ന അവളുടെ കൂട്ടുകാരുടെ വിശേഷങ്ങൾ, ശുദ്ധ വെജിറ്റേറിയൻ ആയ വീട്ടുടമസ്ഥനെ പറ്റിച്ച് കോഴി വെച്ചത് അങ്ങിനെ പലതും.

ഞാൻ രാത്രി വീട്ടിൽ എത്താൻ നേരം വൈകിയാൽ അവൾ പറയും, “ചേട്ടായി, വീട്ടിൽ ചേച്ചിയും, കുട്ടികളും മാത്രല്ലേ ഉള്ളു. നേരത്തെ വീട്ടിൽ പൊക്കുടെ” എന്നും പറഞ്ഞ് അവൾ വഴക്ക് തുടങ്ങും.

വിശേഷങ്ങൾ ഒന്നും പറയാൻ ഇല്ലെങ്കിൽ അവൾ ചോദിക്കും “ടാ, ചേട്ടായി. നമ്മുക്ക് വഴക്ക് ഇട്ടാലോ”. അവളോട് വഴക്കിടാൻ ഇഷ്ടമില്ലെങ്കിലും അവൾക്ക് സന്തോഷം ആകട്ടെ എന്നു കരുതി സമ്മതിക്കും. പക്ഷെ ഇന്ന് വരെ വഴക്കിട്ടിട്ടില്ല.

പരിചയപ്പെട്ട ആദ്യത്തെ പുതു വർഷത്തിൽ അവൾ എനിക്കൊരു സമ്മാനം അയച്ചു. അവൾക്ക് അയക്കാൻ അവളുടെ വിലാസം ചോദിച്ചിട്ട് അവൾ തന്നില്ല. അറിയില്ല, എന്താണ് കാരണം എന്ന്. എന്തായാലും നേരിൽ കാണുമ്പോൾ ചോദിക്കണം. ഞാൻ പറഞ്ഞ് ഈ കാന്താരി പെങ്ങളെ ഇപ്പോൾ എന്റെ ഭാര്യക്കും മക്കൾക്കും അറിയാം.

ഇന്നേക്ക് 1 വർഷം കഴിഞ്ഞു. അവൾ എനിക്ക് കുഞ്ഞനുജത്തി ആയിട്ട്. അവളുടെ ഭാഷയിൽ പറഞ്ഞാൽ ഞാൻ അവളുടെ ചേട്ടായി ആയിട്ട്. ഞങ്ങൾ പരിചയപ്പെട്ട ശേഷം ഇന്നാണ് അവൾ ആദ്യമായി നാട്ടിലേക്ക് വരുന്നത്. എറണാകുളത്ത് ട്രെയിൻ ഇറങ്ങാം എന്നാണ് അവൾ പറഞ്ഞിരിക്കുന്നത്. ഞാനും കുടുംബവും എന്റെ കാന്താരിയെ കാണാൻ, എന്റെ പാത്തുന് അവളുടെ ആന്റിയെ കാണാൻ, മാളുവിന് അവളുടെ കുഞ്ഞനുജത്തിയെ കാണാൻ ഉള്ള യാത്രയിൽ ആണ്. കാന്താരിയെ ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഒരു ഫോട്ടോ പോലും. അവളെ ഞാൻ എങ്ങിനെ അറിയും എന്ന ഒരു ചിന്ത മനസ്സിൽ ഉണ്ട്. പക്ഷെ അവൾ എന്റെ ഫോട്ടോ കണ്ടിട്ടുണ്ട്. അത് കൊണ്ട് അവൾക്ക് അറിയാൻ കഴിയും. ഇല്ലെങ്കിൽ എന്റെ പാത്തുനെ കണ്ടാൽ അവൾക്ക് എന്തായാലും മനസിലാകും.

ബാക്കി അവളെ കണ്ടു കഴിഞ്ഞ് പറയാട്ടോ..

പരിചയപ്പെട്ട് ദിവസങ്ങൾ മാത്രം ആയ കാന്താരി അനിയത്തിക്ക് ഈ എഴുത്ത് സമർപ്പണം…

പറ്റിക്കപ്പെടലുകളുടെ കഥകൾ കേൾക്കുന്ന ഓണ്ലൈൻ ബന്ധങ്ങൾക്ക് ഇടയിൽ വേറിട്ട് നിൽക്കുന്ന ഇത്തരം ബന്ധങ്ങളും ഉണ്ട് എന്ന ഓർമപ്പെടുത്തലോടെ…

സ്നേഹത്തോടെ മുറു.

Leave a Reply

Your email address will not be published. Required fields are marked *