കുഞ്ഞിപാത്തൂന്റെ_ലൗബേർഡ്സ്

രചന : – ഷാനിഫ് ഷാനി –

കുഞ്ഞിപാത്തു ഞമ്മളെ മുത്താണ്. എന്തും സഹിക്കാ, ഓളെ പള്ളേൽക്ക് എന്തേലും ആയി കിട്ട്ണതാണ് ഏറ്റവും വല്ല്യ മെനക്കേട്. മുത്തേ, ചക്കരേ, തേനേന്ന് പറഞ്ഞ് ഓളെ ബാക്കിൽ നടന്നിട്ടൊന്നും ഒരു കാര്യുല്ല. ഓളെന്നെ വിജാരിക്കണം, എന്നാലേ രണ്ട് വറ്റ് ഓളെ പള്ളേലാവൂ. അതിനെന്നെ ഇടക്കിടക്ക് ബദറും നടക്കും ഓളും ഞമ്മളെ ബീവി മുത്തൂസും.

സോപ്പിട്ട് സോപ്പിട്ട് എന്തേലും തൊളോല് ആയി കിട്ടിയാ പിന്നെ അതെറക്കാൻ അയ്ലും വല്ല്യ പാട്. തെള്ളേലാക്കി അതും ഇറക്കാതെ മുത്തൂസിനെ നോക്കി കൊഞനം കുത്താൻ തുടങ്ങും. അതൂടി കാണുമ്പോ ‘മാണേ തിന്നോ’ന്നും പറഞ്ഞ് മുത്തൂസ് ഓളെ പാട്ടിന് പോകും. അങ്ങനെ ഏറും കുത്തും ചവിട്ടും ഒക്കെപ്പാടെ ആയി എന്തേലൊക്കെ പള്ളേലാവും. അയിലൊക്കെ ഞമ്മളെ ഉമ്മിമാരേം പെങ്ങന്മാരേം സമ്മയ്ച്ചു.

തിന്നോ തിന്നോന്ന് പറഞ്ഞ് ബാക്കിൽ നടക്ക്ണ ഓൾക്ക് രണ്ടീസായിട്ട് ഒറ്റക്ക് തിന്നണോലോ,, നല്ല രസാണ് ഒറ്റക്ക് ചോറ് വാരി തിന്ന്ണത് കാണാൻ. ഒറ്റ പിടീൽ ഒരെട്ട് പത്ത് വറ്റ്ണ്ടാവും,, തൊള്ളേലെത്തൽ ഒന്നോ രണ്ടോ,, ബാക്കി നിലത്ത്ണ്ടാവും. പിന്നെ പാത്രവും കൊണ്ടൊരു പോക്കാണ്.

ഒരഞ്ച് മിനുട്ട് കഴിഞ്ഞപ്പോ ‘ കൈഞ്ഞൂ’ എന്നും പറഞ് വര്ണ്ട് ഞമ്മളെ കുഞ്ഞിപാത്തു. “എന്താപ്പൊ ഇത് മറിമായം, വാപ്പച്ചിന്റെ കുട്ടി നല്ലകുട്ടി ആയല്ലോ,, ഒക്കെ തിന്നല്ലോ” ന്നും പറഞ്ഞ് ഞമ്മളൊരു അവ്വയും കൊട്ത്തു.

കുറച്ച് കഴിഞ്ഞപ്പോ മുത്തൂസ്ണ്ട് വര്ണ്. “ഒറ്റക്ക് തിന്നണംന്ന് പറയ്ണത് എന്തിനാന്നറിയോ, കാണണേൽ വന്നോക്കി ഇങ്ങട്ട് ”

ഞമ്മള് പാത്തൂനെ ഒന്ന് നോക്കി, എന്തേലും പണി ഒപ്പിച്ചോ ? ഒരു കള്ള ചിരിണ്ട് മുഖത്ത്. പോയി നോക്കുമ്പോ ലൗ ബേർഡ്സിന്റെ കൂട്ടിൽ കൊട്ടീണ് ഓളാ ചോറ്.

ഓള് ലൗ ബേർഡ്സ്സിന് മാമ് കൊട്ത്തതാ…

മുമ്പ് പാർക്കിൽ പോയപ്പോ, ഓൾക്ക് അയ്നെന്നെ മാണംന്ന് പറഞ് കരഞ്ഞപ്പോ മാങ്ങി കൊട്ത്തതാ രണ്ട് ലൗ ബേർഡ്സിനെ.

“അന്റെ ചോറൊന്നും അത് തിന്നൂല പാത്തോ “ന്നും പറഞ്ഞ് ഞമ്മള് കൂടൊക്കെ വൃത്തിയാക്കി. പാത്തൂന് അതിഷ്ടായില്ല. ഓള് ഞമ്മളെ തല്ലാൻ തുടങ്ങി. ഓളെ വിജാരം ഞമ്മളയ്ന് തിന്നാൻ കൊട്ക്ക്ണില്ലാന്നാണ്. ഓള് ഞമ്മളോട് മുണ്ടൂലാന്നും പറഞ്ഞ് ചുണ്ടും കൂർപ്പിച്ച് തെറ്റിപ്പോയി.

കുറച്ച് കഴിഞ്ഞ് ഒരൊച്ചപ്പാട് കേട്ട് ഞമ്മള് പോയി നോക്കുമ്പോ ലൗ ബേർഡ്സതാ പാത്തൂന് റ്റാറ്റയും കൊട്ത്ത് പറന്ന് പോവണ്. ഓളത് കണ്ട് കൈകൊട്ടി ചിരിക്ക്ണ്ട്. എവടേലും പോയി കയ്ച്ചിലായിക്കോളി മക്കളേന്നും പറഞ്ഞ് ഓളും റ്റാറ്റ കൊട്ത്തു ഓളെ പ്രിയപ്പെട്ട കൂട്ടുകാർക്ക്.. അവർ പറന്ന് പോകുമ്പോ കുഞ്ഞിപാത്തൂന്റെ മുഖത്ത് വിരിഞ്ഞ ആ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു.

ഫോട്ടോ:- ഞമ്മളെ കുഞ്ഞിപ്പാത്തുവും ഓൾടെ ചങ്ക് ലൗബേർഡ്‌സും(ഇപ്പൊ ആ കൂട് മാത്രേ ഉളളൂ😉) ___________

കുട്ടികൾ ദൈവത്തിന്റെ പ്രതിരൂപമാണെന്നാണ് പറയാറ്. അവരുടെ മനസ്സിൽ കള്ളങ്ങളുണ്ടാവില്ല. മനസ്സ് ശുദ്ധമാകും. നമുക്കും അവരിൽ നിന്നൊരുപാട് പഠിക്കാനുണ്ട്. കളങ്കമില്ലാത്ത കുഞ്ഞു മനസ്സിലെ സഹജീവി സ്നേഹം അവരിലും നമ്മളിലും എന്നും നിലനിൽക്കട്ടെ.

രചന : – ഷാനിഫ് ഷാനി –

Leave a Reply

Your email address will not be published. Required fields are marked *