ചോദ്യം തീർത്ത ഉത്തരം

രചന : – സുനൈന –

എന്തോ തട്ടി മുട്ടുന്ന ശബ്ദം കേട്ടാണ് അവൻ ഉണർന്നത്.. എന്നും അച്ഛന്റെ ചീത്തവിളിയുംഅടിയും അമ്മയുടെ കരച്ചിലും കേട്ടാണ് അവൻ ഉറക്കത്തിലേക്ക് വഴുതി വീഴാറുള്ളത് . ഇന്നും അങ്ങിനെ തന്നെ… ഇപ്പോ വേറെ എന്തോ ശബ്ദം ആണ് ഭാരം ഉള്ള എന്തോ ഒന്നു വെലിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം. പായയിൽ നിന്നുംഅവൻ എണീറ്റു… അടുത്ത മുറിയിലെ മങ്ങിയ വെളിച്ചത്തിൽ കണ്ടകാഴ്ച ആ ആറു വയസ്സ്കാരന്റെ ചോര പോലും മരവിപ്പിക്കുന്നതായിരുന്നു…….. !

പിറ്റേന്ന് കൂടിയ ആൾക്കൂട്ടത്തിനു മുന്നിൽ അലറി കരയുന്ന അച്ഛനെ അവൻ വികാരങ്ങളില്ലാതെ നോക്കി നിന്നു…. പോലീസ് വന്നു കയറു അറുത്തു ജഡം താഴെ ഇറക്കിയപ്പോളും അയാൾ ഉച്ചത്തിൽ നിലവിളിച്ചു… ആരൊക്കെയോ അവന്റ മുടിയിലും തോളിലും സഹതാപത്തോടെ തലോടി… കരച്ചിലിനു ആക്കo കൂട്ടാൻ ഒരുവേള അവനെ മടിയിൽ പിടിച്ചിരുത്തിയെങ്കിലും അവൻ കുതറി മാറിയപ്പോൾ അയാൾ ആരും കാണാതെ പല്ലിറുമ്മി…..

അമ്മ തൂങ്ങിയാടിയ ഉത്തരം അവനെ മാടി വിളിക്കുന്നത്‌ പോലെ… ഇനി ചോറ് തരാനും അച്ഛൻ വരുന്നതിനു മുന്നേ ഉറങ്ങിക്കൊന്നും പറഞ്ഞു താരാട്ട് പാടാനും വൈകി ഉറങ്ങുന്ന ദിവസങ്ങളിൽ ഓരോ അടിയും അവനു കിട്ടാതെ വട്ടം പിടിക്കാനും കണ്ണീരിനിടയിലും പുഞ്ചിരിക്കാനും തനിക്കു ഇനി അമ്മയില്ലെന്നു വിശ്വസിക്കാൻ അവൻ കൂട്ടാക്കിയില്ല…. വിശപ്പ് ശല്യപെടുത്താൻ തുടങ്ങിയപ്പോൾ അവൻ തൊടിയിലെക്ക് ഇറങ്ങി… കുടുംബത്തെ മറന്ന അച്ഛനെ കുറ്റം പറയാതെ തൊടിയിൽ നിന്നാണ് അമ്മ ആഹാരത്തിനുള്ള വക കണ്ടെത്തിയിരുന്നത്….. ഇന്ന് എത്ര വെലിചിട്ടും കപ്പത്തണ്ടിനു കാര്യമായി ഇളക്കമൊന്നും സംഭവിച്ചില്ല “അയ്യോ മോനെന്താ ചെയ്യണേ ? അതൊന്നും നിന്നെ കൊണ്ടാവില്ല വാ ഞാൻ കഞ്ഞിതരാം” ശാന്തിയേച്ചിടെ പിന്നാലെ പോകുമ്പോൾ അമ്മയെ ഓർത്തു പക്ഷെ കരയാൻ തോന്നിയില്ല .വല്ലാത്ത ഒരു തീയുണ്ട് നെഞ്ചിൽ…. കഞ്ഞിമോന്തിക്കുടിക്കുന്ന അവനെ ശാന്തി വേദനയോടെ നോക്കി ” നിനക്ക് എപ്പൊ വേണേലും ഇവിടെ വന്നു കഴിച്ചോട്ടൊ”

“മോനേ ആ ശാന്തിയില്ലേ അപ്പുറത്തേ അങ്ങോട്ട് പോവല്ലേ ട്ടാ അവര് ചീത്തയാ” അമ്മയുടെ വാക്കുകൾ….. തെറ്റിപ്പോയല്ലോ അമ്മേ ദൈവങ്ങൾക്കൊപ്പം വെച്ച് പൂജിച്ച അച്ഛനും ചീത്തവളായ ശാന്തിയും ….. ആരാമ്മേ ശരി ആരാ തെറ്റ്….?

മാലയിട്ടു നിൽക്കുന്ന അച്ഛനേയും സ്ത്രീയേയും അവൻ വികാരങ്ങളില്ലാത്ത മുഖത്തോടെ തന്നെ നോക്കി… ഇതിന്ന് വേണ്ടിയാണല്ലോ അയാൾ ആ പാവത്തിനെ തല്ലിക്കൊന്നത് അച്ഛനെ പേടിയുള്ള ഒരയൽക്കാരന്റെ പിറുപിറുക്കൽ അവന്റെ കാതിൽ പതിച്ചു ……

രണ്ടാനമ്മയുടെ പീഡനത്തിൽ അവന്റെ ബാല്യം ഒന്നുകൂടി കറുത്തു. വലിച്ചു വാരി അടിക്കുമ്പോളും അച്ഛൻ മൗനം പാലിച്ചു.അമ്മയെ കൊന്ന അച്ഛനുണ്ടാകുമോ മകനെ അടിക്കുമ്പൊ വേദന……?

അടി കൊണ്ട് തളർന്ന് വിശപ്പോടെ കിടന്ന ആ രാത്രി അവൻ അമ്മയാടി നിന്ന ഉത്തരത്തിനോട് യാത്ര ചൊല്ലി ‘… ഇരുട്ടത്ത് എങ്ങോട്ടെന്നില്ലാതെ നടന്നു…

കുറെ ദൂരം നടന്നു ഇരുന്നു വീണ്ടും നടന്നു….. വെളിച്ചം പരക്കാൻ തുടങ്ങി… വെളിച്ചം കണ്ട ഒരു വീട്ടിലേക് അവൻ കേറി അത് ചായക്കടയായിരുന്നു….. തടിച്ച കടക്കാരൻ… അയാളുടെ ചോദ്യങ്ങൾക്ക് അവനു ഉത്തരം കൊടുക്കാൻ അറിയില്ലായിരുന്നു.. ചായ വേണോ എന്നതിന് മാത്രം അവൻ തലയിളക്കി…. ചായ കുടിക്കുന്നവരുടെ ചോദ്യങ്ങൾ അവൻ കേട്ടില്ല…. “നീ ഇവിടെ നിന്നോ ആരേലും അന്വേഷിച്ചു വരുമ്പോൾ പോകാം. ചെറിയ ജോലികൾ ചെയ്താൽ ചോറ് തരാം എന്താ… ?” അലിവോടെ അയാൾ പറഞ്ഞു അവൻ തല കുലുക്കി.. അമ്മേ നല്ലവരാട്ടൊ എല്ലാരും….

തനിച്ചാണെങ്കിലും വിശപ്പില്ലാതെ ഉറങ്ങാൻ തുടങ്ങി അവൻ….

രാത്രി ഒരു ശബ്ദം അവനെ ഉണർത്തി…. ആരോ അടുത്ത് വന്നിരുന്നു… ചലനങ്ങളിൽ നിന്നും ശരീരത്തിന്റെ നാറ്റത്തിൽ നിന്നും ആളെ അവനു മനസിലായി..

അയാൾ തടിച്ച ശരീരമുള്ള അയാൾ…… !!!! ആ തടിച്ച ശരീരം അവന്റെ കുഞ്ഞുദേഹത്ത് അമർന്നു.. അവനു ശ്വാസം മുട്ടി… ഊരിയെടുക്കുന്ന ട്രൌസർ എന്തിനാണെന്ന് അവനു മനസ്സിലായില്ല…… തണുപ്പ് തോന്നി…. അതയാളുടെ നാവാണെന്ന് മനസ്സിലായപ്പോൾ വീണ്ടുംവീണ്ടും രാത്രികളെ അവൻ വെറുത്തു…. സർവ ശക്തിയും കൂട്ടി കാലുയർത്തി അയാളുടെ തോളിൽ ആഞ്ഞു ചവിട്ടി. പക്ഷെ ആ വലിയ ശരീരം ഒന്നു ഇളകുക പോലും ചെയ്തില്ല.. പെട്ടന്നുണ്ടായ ആക്രമണത്തിൽ അയാൾ ഒന്നു പതറി… അവൻ കുതറിയോടി … നഷ്ടപ്പെട്ട വസ്ത്രം അവനെ അലട്ടിയില്ല… മുന്നിൽ കണ്ട വേലിക്കരികിൽ കിതച്ചു കൊണ്ട് നിൽക്കുമ്പോൾ അമ്മയെ അവനോർത്തു ……

തൊട്ടടുത്തുള്ള കിണറിന്റെ അരികിലേക്ക് നടക്കുമ്പോൾ അവൻ പിറുപിറുക്കുന്നുണ്ടായിരുന്നു ” എല്ലാരും ചീത്തയാ അമ്മേ എല്ലാരും ചീത്തയാ”

മൂന്നാം നാൾ അഴുകിത്തുടങ്ങിയ ആ കുഞ്ഞു ശരീരം വെലിച്ചു കേറ്റുമ്പോൾ എല്ലാരുo മൂക്കുപൊത്തി…..

നാറുന്ന ഈ ലോകത്ത് നിന്ന് സുഗന്ധങ്ങളുടെ സന്തോഷങ്ങളുടെ ലോകത്തേക്കാണ് അവൻ രക്ഷപ്പെട്ടതെന്ന് അറിയാത്തവരായിരുന്നു അവർ ……

രചന : – സുനൈന –

Leave a Reply

Your email address will not be published. Required fields are marked *