നമുക്ക് രണ്ടാൾക്കും നല്ലൊരു ഭാര്യയും ഭർത്താവും ആകാൻ കഴിയില്ല… ഒരു അഡ്ജസ്റ്റ്മെന്റ് ആവും ആ റിലേഷൻഷിപ്പ്…

രചന: അപർണ്ണ അപ്പു –

ഷോപ്പിംഗ് കഴിഞ്ഞു വന്നപ്പോൾ മുതൽ ഇവനിത് എന്ത് പറ്റി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അമ്മ ചുറ്റും കറങ്ങി നടന്നുകൊണ്ടേയിരുന്നു… ആർക്കും ഒരു ഐഡിയയും ഇല്ലാത്തത് കൊണ്ട് നേരെ അമൃതയെ വിളിച്ചന്വേഷിച്ചു… അറിഞ്ഞൂടാ എന്ന മറുപടി അവിടെ നിന്നും കിട്ടിയത് കൊണ്ട് അമ്മ വീണ്ടും എന്റെ അടുത്തെത്തി… ഇനിയും അവിടെ ഇരുന്നാൽ ചോദ്യങ്ങൾ തുടർന്നുകൊണ്ടേയിരിക്കും എന്നുള്ളത് ഞാൻ കാറും എടുത്ത് ഒരു ഡ്രൈവിന് ഇറങ്ങി… ചുറ്റുമുള്ള കാര്യങ്ങളിൽ കോൺസെൻട്രെറ്റ് ചെയ്യാൻ ശ്രമിച്ചിട്ടും മനസ്സ് വീണ്ടും അവളിലേക്ക് തന്നെ ചെന്നെത്തിക്കൊണ്ടിരുന്നു… ശ്രേയ… അമൃതക്കൊപ്പം ഷോപ്പിംഗിന് പോയപ്പോഴാണ് മാളിൽ വെച്ച് ശ്രേയയെയും രാജീവിനെയും കാണുന്നത്… ശ്രേയയെ കണ്ടതാണോ അതോ രാജീവിനൊപ്പം അവളെ കണ്ടതാണോ ശരിക്കും എന്റെ പ്രശ്നം എന്ന് ചോദിച്ചാൽ അറിഞ്ഞൂടാ… കാരണം പ്രണയിച്ചിരുന്ന കാലത്ത് ഞങ്ങളുടെ ഇടയിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായിരുന്നു അവളുടെ കസിൻ ആയ രാജീവും അയാൾ അവളോട് കാണിക്കുന്ന അമിതസ്വാതന്ത്ര്യവും… ആദ്യമാദ്യം ചെറിയ സൗന്ദര്യപിണക്കങ്ങളിൽ തുടങ്ങിയ പ്രശ്നങ്ങൾ പതിയെ ഈഗോയിലേക്കും വാശിയിലേക്കും ബ്രേക്കപ്പ്ലേക്കും എത്തി… പിരിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി… ശ്വാസം മുട്ടല് മാറിയത് പോലെ… പിന്നെ വീട്ടുകാർ കണ്ടുപിടിച്ച അമൃതയുമായി എൻഗേജ്മെന്റ്… നല്ല ജോലി… നല്ല ലൈഫ്… അങ്ങനെ എല്ലാം സ്മൂത്ത്‌ ആയി പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് വീണ്ടും അവളുടെ വരവ്…

ഒരു ഡ്രൈവും സ്ഥിരം തട്ടുകട ദോശയും കഴിച്ചു തിരികെ വീട്ടിൽ എത്തിയിട്ടും അവളെ പറ്റി ചിന്തിക്കാതിരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… ഓരോ ദിവസം കഴിയുന്തോറും ഒരുമിച്ച് പിന്നിട്ട നാളുകൾ ഓർമ്മയിലേക്ക് വന്നുകൊണ്ടേയിരുന്നു… അമൃതക്കൊപ്പം ഇരിക്കുമ്പോഴും മനസ്സിൽ ശ്രേയയെപ്പറ്റിയുള്ള ചിന്തകൾ… ജോബിന്റെ സ്ട്രെസ്കൾക്കിടയിൽ… ഫാമിലി പ്രോബ്ലംസിനിടയിൽ… ലൈഫിന്റെ തിരക്കുകൾക്കിടയിൽ ശ്രേയ ഒരു അഭയമായിരുന്നു… ഒന്നും എന്നെ അറിയിച്ചിരുന്നില്ലവൾ… ഒരുപാട് കെയർ ചെയ്തിരുന്നു… വഴക്കുകൾ ഉണ്ടാകുമ്പോഴും പരമാവധി അതെല്ലാം പരിഹരിക്കാൻ അവൾ ശ്രമിച്ചിരുന്നു… പക്ഷേ സ്നേഹിക്കുന്ന പുരുഷൻ മറ്റൊരു ആണിന്റെ പേര് പറഞ്ഞ് വഴക്കിടുമ്പോൾ എത്രയെന്നു വെച്ചാണ് ഒരാൾ സഹിക്കുക… അവളെയും തെറ്റ് പറയാൻ പറ്റില്ല… പക്ഷേ ഇന്ന് ഓർക്കുമ്പോൾ തോന്നുന്നു, ഞാനായിരുന്നു തെറ്റ് എന്ന്… കാരണം അവളിൽ നിന്നും കിട്ടിയിരുന്ന കെയറും സ്നേഹവും എനിക്ക് അമൃതയിൽ നിന്നും ലഭിക്കുന്നുണ്ടായിരുന്നില്ല… അതേ… ഞാൻ അവളെ വല്ലാതെ മിസ്സ്‌ ചെയുന്നു… പണ്ടാരോ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു.. ബ്രേക്കപ്പിന് ശേഷം ഉള്ള ആദ്യനാളുകളിൽ പെണ്ണ് ഒരുപാട് സങ്കടപ്പെടും.. എന്നാൽ ആണിനെ അത് അത്രകണ്ട് ബാധിക്കില്ല… പിന്നെയും നാളുകൾ കഴിയുമ്പോൾ പെണ്ണിന്റ സങ്കടം സന്തോഷം ആവും… ആണാണെങ്കിൽ ദുഃഖത്തിന്റെ പടുകുഴിയിലേക്കും വീഴും… എന്റെ കാര്യത്തിൽ അത് ശരിയായിരുന്നു…

അങ്ങനെ ചിന്തിച്ചു ചിന്തിച്ചു തല പൊട്ടിപ്പൊളിയും എന്ന് തോന്നിയപ്പോൾ നേരെ ഫോൺ എടുത്ത് അമൃതയെ വിളിച്ചു…

“ഹലോ ഏട്ടാ… പറയ്…”

“അമ്മൂ… ഞാൻ പറയുന്നത് കേട്ട് നീ എന്നെ ശപിക്കരുത്… നമ്മൾ തമ്മിൽ സെറ്റ് ആവില്ല… നമുക്ക് രണ്ടാൾക്കും നല്ലൊരു ഭാര്യയും ഭർത്താവും ആകാൻ കഴിയില്ല… ഒരു അഡ്ജസ്റ്റ്മെന്റ് ആവും ആ റിലേഷൻഷിപ്പ്… എനിക്കറിയാം… എന്റെ ഭാഗത്താണ് തെറ്റ്… മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി… പക്ഷേ ഇപ്പോഴെങ്കിലും ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ നാളെ നമ്മുടെ രണ്ടുപേരുടെയും ലൈഫ് ഇല്ലാതാകും… നീ എനിക്കെന്നും നല്ലൊരു ഫ്രണ്ട് ആയിരിക്കും… അതിനപ്പുറത്തേക്ക് നമുക്കൊരിക്കലും കഴിയില്ലമ്മൂ… അച്ഛനോട് ഞാൻ സംസാരിക്കാം… സോറി…”

അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ ഫോൺ കട്ട്‌ ചെയ്തു… കാറുമെടുത്ത് നേരെ ശ്രേയയുടെ വീട്ടിലേക്ക്… ഈ രാത്രിസമയത്ത് അവിടേക്ക് പോകണോ എന്നൊരു സംശയം തോന്നിയെങ്കിലും വീണ്ടും എന്റെ ഹൃദയത്തെ പിടിച്ചു നിർത്താൻ എനിക്ക് കഴിയുമായിരുന്നില്ല… പക്ഷേ അവിടെ എന്നെ കാത്തിരുന്നത് അത്ര സുഖമുള്ള കാര്യങ്ങൾ ആയിരുന്നില്ല… വീട് ഒരു കല്യാണവീട് പോലെ അലങ്കരിച്ചിരുന്നു… ഞാൻ വളരെ വൈകി എന്നെനിക്ക് മനസ്സിലായി… പക്ഷേ അവളെ ഒരുനോക്ക് കാണാൻ കൊതി തോന്നി… മുറ്റത്തു നിറയെ ആളുകൾ ആണ്… നടുക്ക് എല്ലാവരോടും സംസാരിച്ചുകൊണ്ട് നിൽക്കുന്നു രാജീവ്‌… പെട്ടെന്ന് അയാൾ എന്നെക്കണ്ട് അടുത്തേക്ക് വന്നു…

“ഹേയ് വിവേക്… താൻ വരുമെന്ന് ഞാൻ കരുതിയില്ല…”

“അത്… ഞാൻ… ”

“നന്നായി ഏതായാലും… കല്യാണത്തിന് താൻ ഉണ്ടാവണം എന്ന് ശ്രേയക്ക് ആഗ്രഹം ഉണ്ടായിരുന്നു…”

“ആഹ്…”

“ഞാനായിരിക്കും പയ്യൻ എന്ന് താൻ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അല്ലേ… വീട്ടുകാർ എല്ലാം തീരുമാനിച്ചപ്പോ ഞങ്ങൾക്കും അത്ഭുതം ആയിരുന്നു… പിന്നെയോർത്തു ഏതായാലും നല്ല ഫ്രണ്ട്സ് അല്ലേ… നല്ല ഭാര്യയും ഭർത്താവും ആയേക്കാം എന്ന്…”

രാജീവാണു പയ്യൻ എന്ന് കൂടെ അറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ തകർന്നു.. ആരൊക്കെയോ അയാളെ വിളിക്കുന്നുണ്ടായിരുന്നു… അയാൾ ആ തിരക്കുകളിലേക്ക് ഊളിയിട്ടു… പോകാം പോകാം എന്ന് മനസ്സ് പറയുമ്പോഴും എവിടെയോ അവളെ കാണണം എന്നൊരു തോന്നൽ… ഒരു പേപ്പർ എടുത്തു… സോറി എഴുതി… ഒരു ചെറിയ കുട്ടിയുടെ കൈയിൽ ശ്രേയ ചേച്ചിക്ക് കൊടുക്കാൻ പറഞ്ഞ് ഏൽപ്പിച്ചു… അത് വായിച്ച് അവൾ പുറത്തേക്ക് ഇറങ്ങി വരും എന്ന പ്രതീക്ഷയോടെ കാത്തുനിന്നു… ഒന്നും സംഭവിച്ചില്ല… പുറത്തേക്ക് നടക്കാൻ നേരം ഒരു വിളി…

“വിവേക്…”

“ശ്രേയ…”

“നിന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല ഞാൻ…”

“നിന്നെ ഇങ്ങനെ കാണേണ്ടി വരുമെന്ന് ഞാനും…”

“ഹഹ.. പിന്നെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ… അച്ഛനും അമ്മയ്ക്കും സുഖമാണോ.. എല്ലാരും എന്ത് പറയുന്നു…?”

“എല്ലാരും സുഖായി ഇരിക്കുന്നു…”

“പിന്നെ…? ”

“പിന്നെ…? ”

“പിന്നൊന്നും ഇല്ലേ…? ”

“അത്… പിന്നെ….”

“ഉം…? ”

“ശ്രേയ ഐ മിസ്സ്‌ യൂ… ഒരുപാട്… ഒരുപാടൊരുപാട്.. വൈകിപ്പോയി എന്ന് എനിക്കറിയാം… പക്ഷേ… പക്ഷേ.. നീയില്ലാതെ പറ്റില്ല എനിക്ക്… നമ്മുടെ ആ വഴക്കുകൾ പോലും ഞാൻ ഒരുപാട് മിസ്സ്‌ ചെയുന്നുണ്ട്… എല്ലാം എന്റെ തെറ്റായിരുന്നു… എനിക്കത് മനസ്സിലാകുന്നുണ്ട്… പക്ഷേ… നിന്നെ വിട്ടുകളയാൻ എനിക്ക് പറ്റുന്നില്ല… ഈ വിവാഹം വേണോ.. ഒന്നുടെ ഒന്ന് ചിന്തിച്ചൂടെ.. ഒരവസരം തന്നൂടെ എനിക്ക്… ”

അവൾ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും ഒരു കുട്ടി വന്നു പറഞ്ഞു…

“ശ്രേയെ ചേച്ചി… കല്യാണപ്പെണ്ണിനെ കൊണ്ട് ചെല്ലാൻ പറഞ്ഞു ക്യാമറ ചേട്ടൻ…”

“ആ വരുന്നു…”

ഇനിയവിടെ നിൽക്കുന്നതിൽ അർഥമില്ലെന്ന് മനസ്സിലാക്കി ഞാൻ തിരിച്ചു നടക്കാൻ ഒരുങ്ങി… പെട്ടെന്ന് അവൾ എന്റെ കൈയിൽ കടന്നു പിടിച്ചു… പ്രതീക്ഷയോടെ ഞാൻ അവളെ നോക്കി…

“പോവരുത്… ഞാൻ പെട്ടെന്ന് വരാം…”

“മ്മ്…”

ഒരു പുഞ്ചിരിയോടെ ഞാൻ അവിടെ നിന്നു… തെറ്റ് എന്റേതായ സ്ഥിതിക്ക് സങ്കടപ്പെടാൻ ഉള്ള അർഹത എനിക്കില്ലല്ലോ.. എങ്ങനെ എന്റെ ശ്രേയയുടെ വിവാഹച്ചടങ്ങിൽ ഞാൻ പങ്കെടുക്കാൻ പോവുന്നു… നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു… അവളും ചേച്ചിയും മറ്റു ബന്ധുക്കളും ഒക്കെ സ്റ്റേജിലേക്ക് ചെല്ലുകയാണ്.. അവിടെയതാ പുഞ്ചിരിയോടെ രാജീവ്‌… അയാളോട് എനിക്ക് വല്ലാത്ത അസൂയ തോന്നി… സ്റ്റേജിൽ കയറിയപ്പോൾ ഒരു പുഞ്ചിരി അവൾ എന്റെ നേർക്കെറിഞ്ഞു… കണ്ണിൽ ഒരിറ്റ് നനവോടെ ഞാനത് ഏറ്റുവാങ്ങി… ചേച്ചിയെ സ്റ്റേജിൽ നിർത്തി അവളും മറ്റുള്ളവരും താഴേക്ക് ഇറങ്ങി… സംശയത്തോടെ നോക്കുന്ന എന്റെ അടുത്തേക്ക് പുഞ്ചിരിയോടെ അവൾ നടന്നു വന്നു…

“നീ ഇപ്പോഴും പഴയ ആ ബോൾട്ട് തന്നെ ആണല്ലേ…? ”

“ഏഹ്…? ”

“ചേച്ചി നിൽക്കുമ്പോൾ എങ്ങനെ ആട പൊട്ടാ അനിയത്തിയെ കെട്ടിക്കുന്നത്… അതും അനിയത്തിയുടെ ചെക്കൻ ഇങ്ങനെ മുഖം വീർപ്പിച്ചു നടക്കുമ്പോൾ… ”

“ശ്രേയാ…”

“കാത്തിരിപ്പായിരുന്നു… എനിക്ക് വേണ്ടി നീ വരുന്ന നാളിനായ്…”

ഇത് പറഞ്ഞ് അവളെന്നോട് ചേർന്ന് നിൽക്കുമ്പോൾ തന്റെ ഈഗോ എല്ലാം കുടഞ്ഞു കളഞ്ഞ് പുതിയൊരു ജീവിതത്തിനായി തയ്യാറാവുകയായിരുന്നു എന്റെ ഹൃദയം…

രചന: അപർണ്ണ അപ്പു –

Leave a Reply

Your email address will not be published. Required fields are marked *