നഷ്ടമാകുന്ന ഇഷ്ടങ്ങൾ…

രചന: അമ്മു സന്തോഷ്

“നിനക്ക് സുഖമാണോടാ ?”

വർഷങ്ങൾ എത്ര കഴിഞ്ഞിട്ടുണ്ടാകും ഇവളെ കണ്ടിട്ട് ?കുറെ മാറിപ്പോയി .നെറ്റിയിൽ നര ഒക്കെ വീണു തുടങ്ങി .ചടച്ചു ..പഴയ മാളൂട്ടി വേറെ എവിടെയോ ആണ് എന്ന് തോന്നിപ്പോയി.

“എടാ നീയെന്താ മിണ്ടാതെ ?”

“ആ സുഖമാണ് .”:ഞാൻ മെല്ലെ പറഞ്ഞു.

“എത്ര വർഷം കൂടിയല്ലേ കാണുന്നെ ?”

“ഉം ”

“നമ്മുടെ ക്ഷേത്രത്തിലെ ഉത്സവം എന്നാ?”

“വരുന്ന പതിനാലിന് നീ ഉണ്ടാകുമോ ?”

“ഹേയ്.. ഞാൻ ഇന്ന് തന്നെ പോകും .”

“ഇന്നോ? നിന്റെ അച്ഛൻ മരിച്ചിട്ട് ചിതയില് തീ കെട്ടിട്ടില്ല. ആൾക്കാർ എന്ത് പറയും ?”

“ഓ ആൾക്കാർ.. നിവിന് ലീവില്ല വന്നിട്ടില്ല എനിക്ക് പോകണം ”

ഞാൻ തെല്ലമ്പരപ്പോടെ ആ കഠിനതയിലേക്കു നോക്കി .മുഖത്തെ കല്ലിച്ച ഭാവത്തിലേക്ക്.. ഒന്നുമൊന്നും തന്നെ ബാധിക്കുന്നില്ല എന്നൊരു മരവിപ്പിലേക്ക്.

“നിനക്കെത്ര കുട്ടികളാണ് ?”

“ഒന്നേയുള്ളു പാറുക്കുട്ടി “ഞാൻ ചിരിച്ചു.

“ഭാര്യ ?”

“അതും ഒന്നേയുള്ളു അശ്വതി ”

അത് കേട്ട് അവൾ പൊട്ടിച്ചിരിച്ചു. എന്നിട്ടു എന്നെ നോക്കി “എത്ര നാൾ കൂടിയാണന്നോ ഞാൻ ചിരിക്കണേ”

ഞാൻ സ്തബ്ധനായി .എന്റെ മുഖത്തെ ഭാവം മാറിയത് കണ്ടു അവൾ കണ്ണിറുക്കി കാണിച്ചു ഒന്നുമില്ല എന്ന മട്ടില്.

“നിവിന് നല്ല സ്‌നേഹമല്ലേ?”ഞാൻ അറച്ചറച്ചു ചോദിച്ചു .

“പിന്നെ ഭയങ്കര സ്നേഹമാണ് .ഒരു ദിവസം പോലും കാണാതിരിക്കില്ല. കണ്ടില്ലേ അച്ഛൻ മരിച്ചിട്ട് പോലും ഇന്ന് തന്ന് ചെല്ലണം എന്ന് പറയുന്നത് .”

“നിഖിലേന്ത വരാഞ്ഞത് ?”

“ജോലിത്തിരക്കാ “അവൾ അലസമായി പറഞ്ഞു പിന്നെ ഒന്നും ചോദിക്കാനില്ലാതെ ഞാൻ നിശബ്ദനായി.

“നമ്മുടെ തൊടിയിലെ മാവൊക്കെ പൂത്തോ ?”അവൾ ചോദിച്ചു

“ഉം ”

“ഫ്ലാറ്റിലിരിക്കുമ്പോ എനിക്ക് നമ്മുടെ ആ ഓർമകളൊക്കെ വരും. എല്ലാം മിസ് ചെയ്യും ”

“എന്ത് രസമായിരുന്നു അല്ലെ? മാങ്ങാ എറിഞ്ഞു വീഴ്ത്തലും പങ്കിട്ടു കഴിക്കലും.. നീയൊരു തൊട്ടാവാടി ആയിരുന്നു .. എന്ത് പെട്ടെന്ന കരയുക അന്നൊക്കെ ?” ഞാൻ മെല്ലെ ചിരിച്ചു

“ഇപ്പൊ ഞാൻ ആ പഴയ തൊട്ടാവാടി മാളൂട്ടി അല്ലാട്ടോ. മാളവിക നിവിൻ . വലിയ ബിസിനെസ്സ്കാരന്റെ ഭാര്യയല്ലേ ?”അവൾ പൊട്ടിച്ചിരിച്ചു.

“ജോലിയിലെ ടെൻഷൻ ഒക്കെ ഷെയർ ചെയ്യുന്ന നല്ല കിടുക്കാച്ചി ഭാര്യ ആണെടാ ഞാൻ ,ഷെയർ ഒക്കെ നല്ല ഇടിയും അടിയുമായിട്ട കിട്ടുന്നത് എന്ന് മാത്രം .”

ഞാൻ നടുങ്ങി പോയി

“അടി കൊണ്ട് നല്ല പതം വന്നിട്ടുണ്ടിപ്പോ മനസും ശരീരവും ഒക്കെ. നീ കണ്ടില്ലേ? അച്ഛൻ മരിച്ചു കിടന്നപ്പോ ഒരു തുള്ളി കണ്ണീർ വന്നില്ല എനിക്ക്. അച്ഛനല്ലേ എന്നെ അയാൾക്ക് കല്യാണം കഴിച്ചു കൊടുത്തത്? വേണ്ട വേണ്ട എന്ന് പറഞ്ഞപ്പോൾ ബെൽറ്റിനായിരുന്നു അടി . അച്ഛനിൽ നിന്ന് അയാളിലേക്ക് ചെന്നപ്പോ അയാൾ സെയിം അച്ഛനെ പോലെ തന്നെ ..അതിൽ നിന്ന് മോചനമില്ല ..”

ഞാൻ വേദനയോടെ അവളെ നോക്കി

“ഇവിടെയൊരു സാധാരണ ജീവിതം മതിയായിരുന്നു ..ആരെങ്കിലും എന്നെ ഒന്ന് പ്രണയിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി കൊതിച്ചിട്ടുണ്ട് ..എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ അയാൾക്കൊപ്പം പോകാമായിരുന്നു ..അതെങ്ങനെ? ആ ഭാഗ്യമൊന്നും ഇല്ലെനിക്ക് .ഭാഗ്യം ഉണ്ടെങ്കിൽ ‘അമ്മ മരിച്ചു പോകുമോ കുഞ്ഞിലേ തന്നെ ..?” അവൾ വിളറി ചിരിച്ചു

“നീ എന്തിനാ അയാളുടെ അടിയൊക്കെ കൊള്ളുന്നത്. രക്ഷപ്പെട്ടൂടെ ?”

“എങ്ങോട്ട്? എന്തിനു ?രണ്ടു പെണ്കുട്ടികളാ എനിക്ക് .. അവർക്ക് അച്ഛൻ വേണം. എനിക്കിതൊക്കെ ശീലമായി ..മനസ്സൊക്കെ പണ്ടേ ചത്ത് …”

എന്റെ കണ്ണ് നിറഞ്ഞു

“നീ വിഷമിക്കണ്ടാട്ടൊ ഞാൻ പോവാ. ഇനി ഇങ്ങോട്ടു വരുമോ ആവൊ ?ഇവിടെ ആരാ ഇനി …നിന്റെ വൈഫിനെ അന്വേഷണം പറയണം കേട്ടോ ..ഭാഗ്യം ചെയ്ത കുട്ടിയ അത് ..നിന്നെ കിട്ടിയില്ലേ ?” ഞാൻ തൊണ്ടയിൽ എന്തോ തടഞ്ഞ പോലെ മിണ്ടാതെ നിന്നു .

“കൂട്ടുകാരിയെയെന്താ വീട്ടിലേക്കു ക്ഷണിക്കാഞ്ഞേ ?” അശ്വതി തണുത്ത മോര് നീട്ടി അടുത്തിരുന്നു.

“അവൾക്കു വേഗം പോകണം ..ഭർത്താവു ഒരു ദുഷ്ടനാത്രേ നല്ലോണം തല്ലും അതിനെ ..പാവം ”

“സങ്കടം ആയി ല്ലേ “അശ്വതി എന്റെ കൈകൾ അവളുടെ കയ്യിൽ എടുത്തു

“ഉം ”

“അന്ന് ഇഷ്ടം പറയായിരുന്നു “അവൾ മെല്ലെ പറഞ്ഞു

“കിട്ടില്ല എന്നുറപ്പുളളതൊന്നൊക്കെ മോഹിക്കാൻ പാടില്ല അച്ചു. മോഹിച്ചാലും ആവശ്യപ്പെടാൻ പാടില്ല .”

“വിളിച്ചിരുന്നെങ്കിൽ ആ കുട്ടി ചിലപ്പോൾ വന്നേനെ “അശ്വതി വീണ്ടും പറഞ്ഞു. “വന്നേയ്ക്കാം .പക്ഷെ പ്രണയം എന്നത് മിക്കവാറും ജീവിതമൊക്കെ തുടങ്ങുമ്പോൾ അവസാനിക്കും .കാരണം ജീവിതം കടുപ്പമുളളതാണ് എന്നെപ്പോലെ ഒരു കൂലിവേലക്കാരൻ മാളവിക എന്ന രാജകുമാരിയെ ഒപ്പം കൂടുമ്പോൾ ഒരു പാട് സങ്കർഷങ്ങളിൽ ജീവിക്കേണ്ടി വരും .പട്ടിണിയറിയുമ്പോ പ്രണയം വെറുപ്പാകും പതിയെ ..എന്തിനാണ് അത് ?അതവളുടെ വിധിയാണ് ”

“അശ്വതിയെ ഞാൻ ചേർത്ത് പിടിച്ചു

ഓരോരുത്തർക്കൊപ്പമുള്ള ആളിന്റെ പേര് ദൈവം നേരെത്തെ എഴുതി വെച്ചിട്ടുണ്ട് ..മായ്ക്കാനോ തിരുത്താനോ പറ്റില്ല ..എനിക്ക് നീയാണ് നിയോഗം ..ഞാൻ അതിൽ സന്തുഷ്ടനാണ്..സന്തോഷം അല്ലെ പ്രധാനം ?

അശ്വതി മെല്ലെ ചിരിച്ചു .. മോളുണർന്നു കരഞ്ഞപ്പോൾ അവൾകത്തേക്ക് പോയി

ചില ഇഷ്ടങ്ങൾ ഇഷ്ടങ്ങൾ മാത്രം ആകുന്നതാണ് നല്ലത്. അല്ലെങ്കിൽ തീരാനോവായി അതങ്ങനെ.. മാളുവിന്റെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാനല്ലേ എനിക്ക് സാധിക്കു? ജീവിതം ഇങ്ങനെ ഒക്കെയാണ്… ഇനിയും നല്ല കഥകൾക്ക് വളപ്പൊട്ടുകൾ ലൈക്ക് ചെയ്യണേ, ഈ കഥ ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയക്കൂ…

രചന: അമ്മു സന്തോഷ്

Leave a Reply

Your email address will not be published. Required fields are marked *