”പറയാന്‍ മറന്നത് ”

രചന : – Bäsith BÄzi‎

ഒാനൊരു ജിന്നാണ്.. ഉപ്പയുടെ വാക്കുകൾ കേട്ട് ഞാനൊന്ന് തിരിഞ്ഞ് നോക്കി. ഇത്തയുടെ കല്യാണപ്പന്തലിൽ നിന്ന് സാമഗ്രികൾ ഓരോന്നായി വാഹനത്തില്‍ കയറ്റുകയൊണ് ഷാനു..

രണ്ടുമൂന്നു ദിവസമായി വീട്ടിലെ ഒരംഗത്തെ പോലെ ഓടി നടന്നു എല്ലാ പണികളും ചെയ്തിരുന്ന പൊടി മീശക്കാരനെ അന്നുമുതലാണ് ഞാനും ശ്രദ്ധിച്ച് തുടങ്ങിയത്..

നാട്ടിലെ ഒട്ടുമിക്ക കല്ല്യാണ വീടുകളിലും, മരണ വീടുകളിലും എല്ലാം ഒരു കാര്യസ്ഥനേ പോലെ ഓടിനടന്ന് പണിയെടുക്കുന്നത് പല തവണ കണ്ടിട്ടുണ്ട്..

എല്ലാം കഴിഞ്ഞു പോകാൻ ഒരുങ്ങിയപ്പോൾ ഷാനോ ഇയ്യി നാളെ സല്‍ക്കാരത്തിന് വരൂലേ എന്ന ഉപ്പയുടെ ചോദ്യത്തിന് അത് നിങ്ങള് കുടുംബക്കാര് എല്ലാരും കൂടി അങ്ങ് കൂടിയാല്‍ മതിയെന്ന് പറഞ്ഞ് നടന്നു നീങ്ങിയ അവനെ ഞാനും അല്‍പ്പം ആശ്ചര്യത്തോടെ നോക്കി നിന്നു..

കല്ല്യാണ തിരക്കൊഴിഞ്ഞ് രാത്രി വളരെ വൈകിയാണ് കിടന്നതെങ്കിലും അവന്‍റെ പ്രസരിപ്പുള്ള ചിരിയും കുസൃതിക്കണ്ണുകളും മനസ്സിന്ന് മാഴുന്നില്ല..

എന്തോ അവനെപ്പറ്റി ഓർക്കുമ്പോ എവിടുന്നോ നാണവും ചിരിയും കടന്നു വരുന്നു.. കിനാവും കണ്ട് കിടന്ന് ഖല്‍ബിലും കനം വന്ന് തുടങ്ങി..

മോളേ നാഫീ… എണീക്കുന്നില്ലേ.! ക്ലാസില്ലേ നിനക്ക്.. ഉമ്മയുടെ തട്ടിവിളി കേട്ടപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്..

ഇത്താത്തയുടെ കല്ല്യാണത്തിന് രണ്ടാഴച്ച ലീവ് എടുക്കണം എന്ന് കരുതിയതാണ്..എല്ലാം എക്സാമിന്‍റെ ചൂടില്‍ തന്നെ കല്ല്യാണം നിശ്ചയിച്ച ഉപ്പാനെ പറഞ്ഞാല്‍ മതി..

സ്‌കൂളിലേക്ക് പോകുന്ന വഴി സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ മുന്നില്‍ വെള്ളത്തുണിയും വെള്ള ഷര്‍ട്ടുമിട്ട് കാരണവന്മാരുടെ നടുക്ക് ഇരുന്ന് കഥ പറയുന്ന അവനെ ഒരിക്കൽ കൂടി ഞാന്‍ കണ്ടു.. ഒറ്റനോട്ടത്തില്‍ സ്ഥലം MLA തന്നെ..

ഓടിച്ചെന്ന് പലതും ചോദിക്കണമെന്നുണ്ടെങ്കിലും പേടി കാരണം ഒന്നും മിണ്ടിയില്ല..

എങ്ങനെ പേടിക്കാതിരിക്കും ഏതു നേരവും മസിലും വീര്‍പ്പിച്ച് ഒരു ഹിപ്പോപൊട്ടാമസിനെ പോലെ അല്ലേ നടത്തം.. സല്‍മാന്‍ ഖാന്‍ ആണെന്നാ വിചാരം. ഒന്ന് നോക്കുന്നു പോലുമില്ല…

കാത്തിരിപ്പ് നീണ്ടു..

പ്ലസ്ടു വിനു പഠിക്കുമ്പോൾ കൂടെ കിട്ടിയ കൂട്ടുകാരിയിൽ നിന്നാണ് അവനെ കുറിച്ച് കൂടുതൽ അറിഞ്ഞത്. ഉപ്പ ഗള്‍ഫിലാണ്. ചുറുചുറുക്കുള്ള കുട്ടിനേതാവ്.നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസ്സാനിദ്ധ്യം..രാഷ്ട്രീയത്തിലും പൊതുമേഖലയിലും കമ്പം..

കുട്ടിക്കാലത്ത് ഒരു മഴവെള്ളപ്പാച്ചിലില്‍ കാല്‍ വഴുതി പുഴയിലേക്ക് വീണ എന്നെ സ്വന്തം ജീവന്‍ പണയം വച്ച് രക്ഷിച്ചതും ആ പൊടിമീശക്കാരന്‍ ആയിരുന്നു എന്ന് അറിഞ്ഞതോടെ എന്‍റെ പ്രണയം ആരാധനയും ബഹുമാനവുമായി മാറി..

സ്ക്കൂളിലേക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും എന്‍റെ കണ്ണുകള്‍ അവനെ തിരഞ്ഞുകൊണ്ടിരുന്നു..

ഒരിക്കല്‍ ഞാനൊന്ന് ചിരിച്ച് നോക്കിയെങ്കിലും മറുപടിയായി ഒരു രൂക്ഷ നോട്ടം മാത്രം നോക്കി അവൻ നടന്നു നീങ്ങി. എന്തു മനുഷ്യനാ ഇത്.. എല്ലാവരോടും ചിരിച്ച് കൊഞ്ചുന്ന നേതാവിന് എന്നോട് മാത്രമെന്താ ഇത്ര ഗൗരവം..

ഓ.. നേതാവാണല്ലോ., പെണ്ണുങ്ങളോട് മിണ്ടാന്‍ പേടിയുണ്ടാവും ., നല്ലതാ..

വന്ന ദേഷ്യം മുഴുവൻ വഴിയിലുള്ള ചെടികളോടും മരങ്ങളോടും പറഞ്ഞു തീർത്തു ഞാന്‍ നടന്നു..

വീട്ടിലെത്തിയപാടെ ബാഗും വലിച്ചെറിഞ്ഞ് തലയ്ക്ക് ചുറ്റും വലിച്ചു ചുറ്റിയ തട്ടം ഒരുമാതിരിക്ക് വലിച്ചഴിച്ചു കട്ടിലിലിലേക്ക് മലർന്നു വീണു കണ്ണ് തുറന്നു കിടന്നപ്പോ അവന്റെ മുഖം വീണ്ടും വീണ്ടും മുന്നിലെത്തി…

ഡീ എണീക്കെടീ….” പെട്ടന്നാണു മലർന്നു കിടന്ന് ദിവാ സ്വപ്നം കണ്ടു ചിരിക്കുന്ന മോളെ നോക്കി ഉമ്മയുടെ ശകാരം ..

കൂടുതൽ എന്തേലും പറയുന്നതിന് മുന്നേ ഞാൻ തപ്പിതടഞ്ഞെണീറ്റു കുപ്പായോം എടുത്ത് കുളിമുറിയിലേക്ക് ഓടി. പൈപ്പ് തൊറന്നിട്ടതേ ഓര്‍മ്മയുള്ളു.. വീണ്ടും വീണ്ടും അവനെതന്നെ ഓര്‍മ്മ വന്നു..

തോട്ടുവരമ്പിലെ പാലത്തിന്‍റെ കമ്പിയിയില്‍ ചെങ്ങായിമാരോട് കത്തി അടിച്ചിരിക്കുന്ന പൊണ്ണത്തടിയന്‍..

ഹേയ് ന്‍റെ ഷാനുക്കാക്ക് അത്ര തടിയൊന്നുല്ല., അത്യാവിഷ്യത്തിനേ ഉള്ളു.. നിറഞ്ഞു ചിരിക്കുമ്പോ തെളിഞ്ഞു മായുന്ന നുണക്കുഴി…

സ്‌ക്കൂള്‍ വിട്ട് വരുമ്പോ കൂട്ടുകാരൊക്കെ നോക്കിയിട്ടും കണ്ട ഭാവം നടിക്കാതെ നില്‍ക്കുന്ന അവന്‍റെ കണ്ണുകൾ…

അങ്ങനെ അങ്ങിനെ ഓരോന്ന് ഓർത്ത് നേരം പോയതിഞ്ഞില്ല..വീണ്ടും തുടങ്ങി ഉമ്മാന്‍റെ സംഗീതം..

“നീയെന്തെടുക്കാടി.., അതിനുള്ളീ കേറിട്ടു മണിക്കൂർ ഒന്നായല്ലോ … ഇങ്ങോട്ട് ഇറങ്ങി വരുന്നുണ്ടോ നീയ്യ്..

പടച്ചോനേ ഞാനിപ്പോ കേറിയല്ലേയുള്ളൂ എന്നോർത്തു തിരിഞ്ഞു നോക്കിയപ്പോ ബക്കറ്റ് നിറഞ്ഞൊഴുകികൊണ്ടിരിക്കുന്നു..

പെട്ടന്നൊരു കുളിയും പാസ്സാക്കി വേഗം അടുക്കളയില്‍ ചെന്ന് ചോറെടുത്ത് തിന്നാന്‍ തുടങ്ങി..

ഇന്നും രാവിലെ എണീച്ചപ്പോള്‍ തന്നെ ഫെയിസ്ബുക്കില്‍ കയറി അവന്‍റെ ലാസ്റ്റ് സീന്‍ നോക്കിയിരുന്നു.. ഞാന്‍ അയച്ച ഫ്രണ്ട്റിക്കസ്റ്റ് തന്നെ അതേപടി കിടക്കുന്നുണ്ട്..

ആകെയുള്ളത് എന്തോ ഗമയില്‍ കയ്യും കെട്ടി നില്‍ക്കുന്ന ഒരു പ്രൊഫൈല്‍ പിക്ച്ചറും..

തിന്നത് മതിയാക്കി പ്ലേറ്റ് കഴുകി വെച്ച് ഫോണുമൊടുത്ത് നേരെ പോയി വീണ്ടും കട്ടിലിൽ ചെന്ന് വീണു..

ഒരു മൂളിപ്പാട്ടും പാടികൊണ്ട് ഞാന്‍ ഫെയിസ്ബുക്കിലേക്ക് ഒന്ന് ഊളിയിട്ടു..

ഒട്ടും പ്രതീക്ഷിക്കാതെയുള്ള നോട്ടിഫിക്കേഷന്‍ കണ്ട് ഞാനൊന്ന് അമ്പരന്നു..

അതേ അവന്‍ എന്‍റെ റിക്ക്വസ്റ്റ് സ്വീകരിച്ചിരിക്കുന്നു.. പെട്ടന്ന് ഇതുവരെയില്ലാത്ത പേടിയോ നാണമോ എന്തോ ഒന്ന് എന്നെ പിടി കൂടി..

ആകാംക്ഷ സഹിക്കാണ്ടായപ്പോള്‍ ഞാൻ അവന്റെ പ്രൊഫൈലിലേക്ക് ചെന്നു.. അവിടെ തട്ടമിട്ട ഒരു പെണ്ണിന്‍റെ രണ്ടു കണ്ണുകൾ പ്രത്യക്ഷമായിരിക്കുന്നു..

പ്രതീക്ഷയോടെ ചാടിക്കയറി ഒരു ഹായ് പറത്തി വിട്ടെങ്കിലും മറുപടി ഒന്നും തന്നെ കിട്ടിയില്ല.. ദിവസങ്ങള്‍ വീണ്ടും കടന്നുപോയി..

പിന്നീടെപ്പോഴോ ആ രണ്ടു കണ്ണുകൾ എന്റേതായിരിക്കു മെന്നു ഞാന്‍ വിശ്വസിച്ചു തുടങ്ങി… അറിയാതെ പരസ്പരം കണ്ടുമുട്ടുമ്പോൾ അവന്റെ കണ്ണുകളങ്ങനെ പറയുന്നത് പോലെ തോന്നി..

ഒരു രാത്രി എന്തോ ആലോചിച്ച് കിടന്നപ്പോ അടുത്ത റൂമില്‍ നിന്ന് ഉമ്മാന്‍റെ സംസാരം കേട്ടു.

“പെണ്ണിന് ഈയിടെ എന്തോ പറ്റിട്ടുണ്ട്. ഒന്നിലും അവള്‍ക്കൊരു ശ്രദ്ധയില്ല.. ഇനി വല്ലവനും ആയിട്ട് എന്തെങ്കിലും…

നീയെന്താ ഈ പറയുന്നത്.. അവളങ്ങനെ ഒന്നും ചെയ്യില്ല.. എനിക്കവളെ വിശ്വാസമാണ്.

എന്തായാലും ആ ബ്രോക്കര്‍ പറഞ്ഞ ആലോചന ഒന്ന് നോക്കാം..

അതും കൂടെ കേട്ടപ്പോള്‍ പിടിച്ച് കെട്ടിയ കണ്ണുനീര്‍ തുള്ളികള്‍ മെല്ലെ കവിളിലേക്കൊലിച്ചിറങ്ങി..

അന്ന് രാത്രി മുഴുവനും അവനെ മാത്രം കനവു കണ്ടുകൊണ്ടിരുന്നു..

പെണ്ണുകാണല് കഴിഞ്ഞു.. വൈകാതെ ഗള്‍ഫുകാരനുമായി കല്ല്യാണമുറപ്പിച്ചു..

ഉപ്പയുടെ വിശ്വാസവും ഉമ്മാന്റെ വേവലാതികളും എന്‍റെ മനസ്സിനോട് അവനെ മറക്കാൻ മന്ത്രിച്ച് കൊണ്ടേയിരുന്നു…

അല്ലെങ്കിലും അവനുണ്ടോ എന്നറിയാത്ത ഇഷ്ടത്തെ ഞാനെന്തിന് താലോലിച്ച് വലുതാക്കണം..

മറന്നുവെന്നു ഞാൻ എന്റെ മുന്നിൽ തന്നെ നന്നായഭിനയിച്ചു..

കല്യാണം കഴിഞ്ഞിട്ടും ഉള്ളിൽ പതിഞ്ഞു പോയ കുസൃതിക്കണ്ണുകൾ മറക്കാൻ പറ്റിയില്ല..

കാലം തന്ന ആ പ്രണയം എവിടെയോ മറഞ്ഞു..ഓർമ്മകൾ മാത്രം ഇടയ്ക്കെന്നെ കാണാൻ വരും…

പിന്നീടെപ്പോഴോ രണ്ട് തുള്ളി കണ്ണീരിനാല്‍ ഓര്‍ക്കാനുള്ള കഥയായി പ്രണയം മാറി കഴിഞ്ഞിരുന്നു…

ഒരു കാര്യം സത്യമാണ് ആദ്യ പ്രണയത്തിന്റെ തീവ്രത അത്‌ ഒരിക്കലും പിന്നിട്‌ നമുക്ക്‌ ലഭിക്കില്ല..

മനസ്സിനെ വേദനിപ്പിക്കുന്ന ചിലരുടെ ഓർമ്മകൾ അല്ലെങ്കിൽ അവരുമായി പങ്കുവച്ച നിമിഷങ്ങൾ മനസ്സിൽ നിന്നും എത്ര അകറ്റി നിർത്താൻ നോക്കിയാലും സാധിക്കില്ല…

ഒരിക്കലും അണയാത്ത കനലായി എന്നും മനസ്സിൽ ജീവിതാവസനം വരെ അവശേഷിക്കുക തന്നെ ചെയ്യും…

രചന : – Bäsith BÄzi‎

Leave a Reply

Your email address will not be published. Required fields are marked *