പറയേണ്ടത് പറയേണ്ട സമയത്ത് പറയണം.. ഗൾഫിലിരുന്ന് ഇതെഴുതുമ്പോൾ എനിക്കെല്ലാവരോടും പറയാനുള്ളതും അതാണ്

രചന : Sulai Meppadi‎

പതിനാറ് വയസ്സ് മുതൽ ഒരേ സ്ഥാപനത്തിൽ വർഷങ്ങളോളം കൂടെ ജോലി ചെയ്തിരുന്ന ദരിദ്രയായ അന്തർജ്ജനത്തിന് ഞാൻ ഒരു മകനെപ്പോലെ ആയിരുന്നു.. എനിക്കും അവർ അമ്മയെപ്പോലെ തന്നെ..

വെളുത്ത് തുടുത്ത് ഉണ്ടക്കണ്ണും വട്ടമുഖവും മുല്ലമൊട്ടുപോലെ തിളക്കമുള്ള ദന്തനിരകളുമൊക്കെയുള്ള സുന്ദരിയായ അവരുടെ മകളെ പലപ്പോഴും നഗരത്തിൽ നിന്ന് വീട്ടിലേക്ക് മൂവന്തിക്ക് ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്ത്വത്തോടെ ഞാനായിരുന്നു വീട്ടിലെത്തിക്കാറ്..

എനിക്കവളെ ഒരുപാട് ഇഷ്ടമായിരുന്നു.. അതിലേറെ ആവൾക്കെന്നെയും.. അവളുടെ ആ ഇഷ്ടം ഏത് രീതിയിലായിരുന്നു എന്ന് ചോദിക്കാൻ എന്റെ ഭയവും മാന്യതയും അന്ന് അനുവദിച്ചില്ല.. പോരാത്തതിന് മതമെന്ന മതിൽകെട്ടും..

വർഷങ്ങൾ കഴിഞ്ഞു ഗൾഫിൽ നിന്നും ലീവിന് വന്നപ്പോൾ യാദ്ര്ശ്ചികമായി ചേച്ചിയെ കാണാനിടയായി.. പ്രായം അവരെ തളർത്തിയിരുന്നെങ്കിലും മുഖത്ത് ആ കുലീനതയുണ്ടായിരുന്നു എന്റെ നിർബന്ധത്തിന് വഴങ്ങി ഹോട്ടലിൽ നിന്നും മസാലദോശയും കാപ്പിയും കഴിച്ചു കൊണ്ടിരുന്നപ്പോൾ.. വെറുതെ അവരുടെ മനസ്സറിയാൻ വേണ്ടി ചോദിച്ചു.. നിങ്ങൾക്കെന്റ് അമ്മായിയമ്മ ആയിക്കൂടായിരുന്നോ.. ചേച്ചീ..?

കയ്യിലുള്ള ദോശ വായിലേക്ക് വച്ച് ഒരു നിമിഷം അവർ വായും തുറന്ന് അതേപടി എന്നെ തന്നെ നോക്കിയിരുന്നു.. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ചേച്ചി കഴിച്ചുകൊണ്ടിരുന്ന കൈകൊണ്ട് തന്നെ എന്റെ മുഖത്തേക്ക് ആഞ്ഞടിച്ചത്.. ചട്ടിണിയുടെയും ദോശയുടേയും അവശിഷ്ടങ്ങൾ എന്റെ മുഖത്ത് പതിഞ്ഞു..

കഴുത.. പണ്ട് പ്രതീക്ഷിച്ച സമയത്ത് ചോദിക്കേണ്ട ചോദ്യം ഇപ്പോഴാണോ ചോദിക്കുന്നത്.. നിറഞ്ഞ കണ്ണും തുടച്ചു എന്നോട് ഒരു യാത്രപോലും പറയാതെ അവരവിടെ നിന്നും ഇറങ്ങിപ്പോയി..

ചട്ടിണിയുടെ എരിവാണോ.. അടിയുടെ വേദനയാണോ സ്നേഹത്തിന്റെ നൊമ്പരമാണോ എന്നറിയില്ല വാഷ്ബേസിൽ നിന്നും മുഖം കഴുകുമ്പോൾ കണ്ണ് നിറഞ്ഞത് ആരും കണ്ടില്ല.. ജീവിതം ഒന്നല്ലേയുള്ളൂ പറയേണ്ടത് പറയേണ്ട സമയത്ത് പറയണം.. ഗൾഫിലിരുന്ന് ഇതെഴുതുമ്പോൾ എനിക്കെല്ലാവരോടും പറയാനുള്ളതും അതാണ്

രചന : Sulai Meppadi‎

Leave a Reply

Your email address will not be published. Required fields are marked *