പാത്തുവും ഞാനും

രചന : Unais Bin Basheer‎

കുഞ്ഞോനേ ഓൾടെ മുഖം കണ്ടിട്ട് പാത്തൂന് ഇതും പറ്റില്ലാന്നാ ട്ടോ തോന്നുന്നേ.. പെണ്ണുകാണൽ എന്തായീ എന്നറിയാനുള്ള എന്റെ ഏറെ വിരസമായ കാത്തിരിപ്പിനൊടുവിൽ ഉമ്മവന്നിതു പറഞ്ഞപ്പോൾ എനിക്കോളെ കൊല്ലാനുള്ള ദേശ്യം തോന്നി. ഈ ഹിമാർ ഇതെന്തുഭാവിച്ചാണ്. കാലം ഒരുപാടായി ഒരു പെണ്ണിന് വേണ്ടി ഞാൻ അലയാൻ തുടങ്ങിയിട്ട്.. അതെങ്ങനാ കണ്ടുവെന്ന എല്ലാ കുട്ടികൾക്കും മുടിയില്ല, നിറമില്ല, ചിരിപോരാ.. ഇങ്ങനെ ഓരോ കാരണങ്ങൾ പറഞ്ഞോണ്ട് ഓൾ ഒഴിവാക്കാൻ തുടങ്ങീട്ട് നാൾ കുറച്ചായി..

ശോ എന്തൊരു മൊഞ്ചായിരുന്നു ആ പെണ്ണിന്. ചായതരുമ്പോൾ ഞങ്ങടെ കണ്ണൊന്നുകോർത്തു.. ഹോ എന്റെ സാറാമ്മേ ഇപ്പൊത്തന്നെ പിടിച്ചങ്ങുകെട്ടിയാലോ എന്നുവരെ തോന്നിപ്പോയി.. പക്ഷെ സമ്മതിക്കൂലല്ലോ ആ കുരിപ്പ്. ഏതോ ഒരുനിമിഷത്തിൽ ഓൾടെ പിണക്കം മാറ്റാൻ വേണ്ടി പറഞ്ഞു പെട്ടതാണ് ഞാൻ, ഞാൻ പെണ്ണുകെട്ടാണേൽ അത് അനക്കിഷ്ടപ്പെട്ട പെണ്ണിനെ ആയിരിക്കുമെന്ന്. അതാ ഇപ്പൊ അനുഭവിക്കുന്നത്. എന്റെ വിധി..

ദേഷ്യം കാലിൽ നിന്നും തലച്ചോറിലേക്ക് ഇരച്ചുകയറി. എവിടെ.. എവിടെ ആ ഹിമാർ.. മ്മാ ഇന്ന് ഞാനോളെ മയ്യത്താക്കും എന്നിട്ട് ഞാൻ തന്നെ പള്ളിക്കാട്ടിൽ കൊണ്ടോയി കുഴിച്ചിടും. ഇങ്ങള് ഓളെ അളവിലൊരു കുഴിവെട്ടി വെക്കാൻ പറഞ്ഞോളി. പെൺ കുട്ടികളായാൽ ഇത്രേം അഹന്ത പാടില്ല. പതിനഞ്ചു വയസ്സ് തികച്ചായിട്ടില്ല പെണ്ണിന് എന്നിട്ടാ ഓൾടെ അടുപ്പിലെ ഓരോ ഡിമാൻഡ്..

ഞാനിവിടെ പെണ്ണുകിട്ടാതെ കണ്ടകാലം മുഴുവൻ ഒരു ക്രോണിക് ബാച്ചിലറായി നിൽക്കാനാണോ ആ ഇബ്‌ലീസിന്റെ ആഗ്രഹം.. നടക്കൂല. നടക്കൂലാന്ന് പറഞ്ഞാൽ നടക്കൂല. എനിക്കിപ്പം അറിയണം ഇന്ന് കണ്ടുവന്ന പെണ്ണിന്റെ കുറ്റമെന്താണെന്ന്.. അതറിഞ്ഞിട്ടേ താഴെപറമ്പിൽ കുട്യാലീന്റെ ഈ മോൻ അടങ്ങൂ.. കലിതുള്ളി ഞാൻ ഉടുത്ത മുണ്ടൊന്നൂടെ മടക്കുത്തി പാത്തൂനേം തിരഞ്ഞു റൂമിന് പുറത്തേക്കിറങ്ങി. ഡീ.. ഫാത്തിമാ.. നീ എന്നെ പേടിച്ചു എവിടെയാടി ഒളിച്ചിരിക്കുന്നത്. ആണായി പിറന്നതാണെങ്കിൽ ഇങ്ങോട്ട് ഇറങ്ങിവാഡീ ഊളെ..

ഉം എന്തേയ്… കയ്യിലൊരു കത്തിയും അരിയാനുള്ള പയറുമായി അടുക്കളയിൽ നിന്നും വരുന്ന പാത്തൂനെ കണ്ടപ്പോൾ ഉള്ളിൽ നിന്നും അതുവരെ ആരോ വിളിച്ചുപറഞ്ഞ ചെല്ലെടാ ചെല്ല് എന്ന അശിരീരി നിന്നു, ഒപ്പം സ്റ്റെക്കായി ഞാനും. പടച്ചോനെ ഓളെ കയ്യിൽ കത്തിയാണല്ലോ.. ഈ അസുലഭ മുഹൂർത്തത്തിൽ ഓളോട് ഒടക്കുന്നത് ഒരു ബാച്ചിലർ എന്ന നിലയിൽ ബുദ്ധിയല്ല.. ഞാൻ മുഖത്തൊരു ചിരിവരുത്തി അവളേ നോക്കി.

ഉം എന്തേയ് ചിരിക്കാൻ.. ഉം ഉം ഒന്നുല്ല. ഞാൻ രണ്ടുതോളുമുയർത്തി പറഞ്ഞു. കാക്കൂന് ആ പെണ്ണിനെത്തന്നേ നിക്കാഹണം എന്നുണ്ടോ..? ഹേയ് മാണ്ട. അനക്കിഷ്ടല്ലാത്ത പെണ്ണിനെ ഞാൻ നിക്കാഹ് കഴിക്കാനോ.. തലമറന്ന് എണ്ണതേക്കൂല ഈ കുഞ്ഞോൻ.. യ്യാ കത്തി താഴെ വെക്ക്.. അതെന്റെ കയ്യിലിരിക്കട്ടെ എപ്പോഴാ ആവിശ്യം വരാ എന്നറിയില്ലല്ലോ.. അവളെന്നെ അടിമുടിയൊന്ന് നോക്കി പറഞ്ഞപ്പോൾ ഞാൻ നിന്നിടത്തുനിന്നും രണ്ടടിയൂടെ പിന്നോട് നീങ്ങി. കാരണം ഞാൻ ബാച്ചിലറാണ് നോട് ദി പോയിന്റ്. അപ്പം ഇതും വേണ്ടാ എന്ന് വിളിച്ചു പറയാം ലെ.. ഹ പറയാം.. അതും പറഞ്ഞവൾ അടുക്കളയിലേക്ക് തിരികെപ്പോയി.

ഞാൻ ഫോണെടുത്തു ഉമ്മറിക്കാനേ വിളിച്ചു. ഹെലോ ഞാനാ മനാഫ്. ഹ ഞാൻ അന്റെ വിളിയും കത്തിരിക്ക ഇവിടെ.. എന്തായി തീരുമാനം.. അത് ശരിയാവൂല ഉമ്മർക്ക.. ഞമ്മക്ക് വേറെ വല്ലോം നോക്കാം.. ഹഹ എന്താടാ പാത്തു പിന്നെയും ഉടക്കി അല്ലെ… ഉം.. നിന്റെയൊരു കാര്യം. പണ്ടെന്നോ അവളോട് എന്തേലും പറഞ്ഞെന്നു കരുതി.. അങ്ങനെയല്ല ഉമ്മർക്ക. അവളുടെ ചെറുപ്പത്തിലാണ് ഉപ്പച്ചി മരിച്ചത്. പിന്നീടിങ്ങോട്ട് ഞാൻ അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുത്തിട്ടുണ്ട്. ഈ കാര്യത്തിൽ മാത്രം ഒരു വീഴ്ചവരുത്തിയാൽ അതെന്റെ സ്വാർത്ഥതയാണെന്ന് ചിലപ്പോൾ അവൾ കരുതിപ്പോയാലോ. അവളോട് ഞാൻ തമാശക്ക് പറഞ്ഞതാണെങ്കിലും ആ വാക്കെനിക്ക് പാലിക്കണം. അവൾക്കിഷ്ടപ്പെട്ടത് മതി എനിക്കും. അങ്ങനെ ഒരു പെണ്ണ് എന്നെയും കാത്തെവിടെലും ഉണ്ടാവും.. ഇങ്ങള് വേറെ നോക്കി… ഓ ഇങ്ങനെ ഒരു ആങ്ങളുടെയും പെങ്ങളും.. എന്നും പറഞ്ഞു ഉമ്മർക്ക ഫോൺവെച്ചു. തിരിഞ്ഞുനോക്കിയപ്പോൾ പിന്നിൽ ചിരിച്ചോണ്ട് ഉമ്മ നിൽക്കുന്നു.

കാലങ്ങൾ ശരവേഗത്തിൽ പാഞ്ഞുകൊണ്ടിരുന്നു പിന്നീട് പലയിടത്തും പെണ്ണുകാണാൻ പോയെങ്കിലും ഒന്നുംതന്നെ അങ്ങോട്ട് ശരിയായില്ല. അതിലേക്ക് ഒരു ഏടുകൂടെ. അതിനാണ് ഈ ചെറിയയവീട്ടിൽ പെണ്ണിനെ കാത്തുഞാൻ ഇരിക്കുന്നത്. പാത്തുവിന്റെ വാടിയ മുഖം കണ്ടാലറിയാം അവൾക്കിത് തീരെ പിടിച്ചിട്ടില്ലെന്ന്.

ഉമ്മാ പാത്തൂന്ന് ഇഷ്ടായിട്ടില്ല എന്ന തോന്നുന്നേ ഞമ്മക്ക് ഇനി പെണ്ണിനെ കാണണം എന്നുണ്ടോ.. ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. ഏതായാലും വന്നില്ലേ.. കണ്ടിട്ട് പോകാം. ഞാൻ തലകുലുക്കി സമ്മതിച്ചു.

ചായയുമായി വരുന്ന അവളെ ഞാനൊന്ന് നോക്കി. അധികം പുതിയതല്ലാത്ത ചുരിദാറാണ് വേഷം. സുറുമെഴുതിയ വലിയ കണ്ണുകൾ. ലാളിത്യമുള്ള മുഖം, ഞാൻ നോട്ടം നേരെ പാത്തുവിലേക്ക് തിരിച്ചുവിട്ടു. അവളുടെ മുഖത്തെ വാട്ടത്തിനിപ്പോഴും ഒരു മാറ്റമില്ല. ഹും തീരുമാനമായി. ഇതും എനിക്ക് വിധിച്ചിട്ടില്ല. അവരോട് യാത്രപറഞ്ഞിറങ്ങി. പതിവിന് വിപരീതമായി പാത്തുവാണ് എന്റെകൂടെ കാറിൽ മുന്സീറ്റിലിരിക്കുന്നത്. റോഡിന് ഇരുവശത്തും കതിരഞ്ഞിരിക്കുന്ന നെൽപ്പാടം. വഴിയരികിൽ കായ്ച്ചു നിൽക്കുന്ന പറങ്കിമാവ്. ആ ഗ്രാമ ഭംഗിയിൽ നിന്നും കാർ പതിയെ മെയിൻ റോയിലേക്ക് നീങ്ങി..

കാക്കൂ… പെണ്ണിനെ ഇഷ്ടായോ.. പെട്ടന്നുള്ള പാത്തുവിന്റെ ചോദ്യം കേട്ട് ഞാനൊന്ന് അന്താളിച്ചു. കാരണം ഇത്രയും നാളത്തെ പെണ്ണുകാണലിൽ ഇതാദ്യമാണ്.. ഹേയ് അനക്ക് ഇഷ്ടായതല്ലേ എനിക്കും ഇഷ്ടാവൂ.. എനിക്ക് ഇഷ്ടായി.. അതോണ്ടാ ചോയ്ച്ചത്. അതുകേട്ടതും ഞാൻ ബ്രേക്കിൽ ആഞ്ഞു ചവിട്ടി. പുറകിലിരുന്ന ഉമ്മവന്നെന്റെ സീറ്റിൽ ഇടിച്ചു, ഹേ ഇയ്യെന്താ പറഞ്ഞത്… വിശ്വാസം വരാതെ ഞാൻ അവളെ ഒന്നോടെ നോക്കി ചോദിച്ചു. എനിക്ക് ആ ഇത്താത്തയെ ഇഷ്ടായെന്ന് എന്താ വല്ല കുഴപ്പവും ണ്ടോ… എടീ സാമദ്രോഹി നിനക്കത് അവിടുന്ന് പറയാർന്നില്ലേ.. ഞാൻ മര്യാദക്കൊന്ന് കണ്ടിട്ട് പോലുമില്ല അവളെ. അതൊന്നും എനിക്കറിയണ്ട, എനിക്കിഷ്ടായി കക്കൂണും ഇഷ്ടമായെങ്കിൽ കല്യാണം നടത്താം.. അല്ലേൽ വേറെ നോക്കാം.. ഹേയ് ഇനി വേറെ നോക്കിയാൽ പടച്ചോൻ പോലും പൊറുക്കൂല ഇതുമതി. അല്ലെ ഉമ്മ. ഉമ്മചിരിച്ചോണ്ട് ഒന്ന് മൂളി..

ബാക്കിയെല്ലാം പെട്ടന്നായിരുന്നു, നിക്കാഹ്, കല്യാണം, എല്ലാം കഴിഞ്ഞിപ്പോൾ ആദ്യരാത്രിയിൽ എത്തിനിൽക്കുന്നു.. നോക്ക് ഷാഹി ജീവിതമെന്ന ഈ തോണി ഇനി മുതൽ ഒരുമിച്ചു തുഴയേണ്ട രണ്ടുവഞ്ചികരാണ് നമ്മൾ. ഒരുപാട് കുത്തൊഴുക്കുകൾ തരണം ചേണിയേണ്ടി വരും. സഹിച്ചും ക്ഷമിച്ചും അഡ്ജസ്റ്റ് ചെയ്‌തും മുന്നോട്ട് പോകണം. സന്തോഷങ്ങൾ പങ്കുവയ്ക്കാനും സങ്കടങ്ങളിൽ ചേർന്നുനിൽക്കാനും ജീവിതകാലം മുഴുവൻ നിനക്ക് കൂട്ടിന് ഞാനുണ്ടാകും. ഉറപ്പ്.. അവളുടെ ഉള്ളംകൈയിൽ കൈചേർത്തുസത്യം ചെയ്യുമ്പോഴാണ് വാതിലിൽ മുട്ട് കേൾക്കുന്നത്.

അവൾ ചെന്ന് വാതിൽ തുറന്നുനോക്കിയപ്പോൾ പാത്തുചിരിച്ചുനിൽക്കുന്നു, പടച്ചോനെ ഇവൾ ഇവിടേം സൗര്യം തരൂലേ.. അകത്തേക്കൊന്ന് പാർത്തുനോക്കി വരാലോ ലെ എന്നുചോദിച്ചു അകത്തേക്ക് കയറി എന്റെ അടുത്ത് വന്നിരുന്നു, എന്റെ ഉള്ളൊന്ന് കാളി. ഇനി ഇവൾ ഇവിടെ കിടക്കണം എന്നെങ്ങാനും പറയോ.. ഉള്ളിലുള്ള ഭയം പുറത്തുകാണിക്കാതെ ഞാൻ അവളെനോക്കി ചിരിച്ചു.

കാക്കൂ… റൂം നല്ല രസായിക്ക് ട്ടാ.. ഞാൻ ഇങ്ങളെ ബുദ്ധിമുട്ടിക്കാൻ വന്നതല്ല. ഉം അത് മനസ്സിലായി. ഞാൻ പല്ലുരുമ്മി മനസ്സിൽ പറഞ്ഞു. അപ്പോഴേക്കും ഷാഹിയും അവളുടെ അടുക്കൽ വന്നിരുന്നു. പിന്നെ എല്ലായിടത്തും എന്റെ ഒരുകണ്ണുവേണമല്ലോ എന്നോർത്തു വന്നതാണ്. ചെറിയവായിലുള്ള അവളുടെ വലിയ വർത്താനം കേട്ട് ഷാഹി ഒന്ന് ചിരിച്ചു. നല്ല ഭംഗിയുള്ള ചിരി. അപ്പൊ രണ്ടാളും എനിക്കൊരു ഉമ്മ തന്നാൽ ഞാനങ് പൊയ്ക്കോളാർന്നു. ഞങ്ങളുടെ ഇടയിലിരുന്ന് രണ്ടുപേരുടെയും തോളിലൂടെ കയ്യിട്ട് ഞങ്ങളുടെ സ്നേഹചുംബനത്തിന് വേണ്ടി അവൾ മുഖം നീട്ടി.

ഞാൻ ചുണ്ട് കൂർപ്പിച്ചു അവളുടെ കവിൾ ലക്ഷ്യമാക്കി ചെന്നതും അവളൊഴിഞ്ഞുമാറിയതും ഒരുമിച്ചായിരുന്നു. എന്റെ ചുണ്ട് ചെന്നുമുട്ടിയത് എന്നെപോലെ ചുണ്ടുകൂർപ്പിച്ചുവന്ന ഷാഹിയുടെ ചുണ്ടിലും. ഒരു പൊള്ളലോടെ ഞങ്ങൾ ചാടി എഴുനേറ്റപ്പോൾ ഇതുകണ്ട് പൊട്ടിച്ചിരിക്കുന്ന പാത്തുവിനെയാണ് കണ്ടത്. ഷാഹിയുടെ മുഖത്ത് അപ്പോഴേക്കും നാണം കലർന്ന ചിരിനിറഞ്ഞിരുന്നു, അവരുടെ മുന്നിൽ ഞാൻ ചമ്മലൊളിപ്പിക്കാൻ പാടുപെട്ടു.

അപ്പൊ ശെരി ഇത്തൂസേ. ഇനീം ഞാനിവിടെ നിന്നാൽ കാക്കു എന്നെ ചവിട്ടിപ്പുറത്താക്കും. ഉറപ്പാണ് മോനെ കാക്കു ഞാനില്ലെന്ന് കരുതി ഓവറാക്കി ചളമാക്കരുത് ട്ടോ പറഞ്ഞേക്കാം എന്നും പറഞ്ഞവൾ പുറത്തേക്കോടി. അതുനോക്കിചിരിച്ചുകൊണ്ട് ഞാൻ ഷാഹിയെ ഒന്നൂടെ എന്നിലേക്ക് ചേർത്തുപിടിച്ചു. ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളു എന്ന മുന്നറിയിപ്പ് കൊടുത്തുകൊണ്ട്,..

രചന : Unais Bin Basheer‎

Leave a Reply

Your email address will not be published. Required fields are marked *