പാപജാതകം

രചന: ശരത്ത്

മോളുടേത് പാപജാതകം ആണ് !… കെട്ടിയാൽ കെട്ടിന്റെ 5ആം നാൾ ഭർത്താവ് കൊല്ലപ്പെടും!!… നാട്ടിലെ പേര് കേട്ട ജോൽസ്യന്റെ മുന്നിൽ ഇരുന്ന് ഇത് കേൾക്കുമ്പോൾ അമ്മുവിന്റെ അച്ഛന്റെയും അമ്മയുടെയും മനസ്സൊന്ന് പിടഞ്ഞു.

രാജീവും അമ്മുവും തമ്മിലുള്ള പ്രണയത്തിന് സമ്മതം മൂളുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ ആയിരുന്നു അവർക്ക് . അവരെപ്പോലെ തന്നെ തറവാട്ട് മഹിമയിലും പണത്തിലും ഒന്നും പുറകോട്ടല്ലായിരുന്നു രാജീവിന്റെ കുടുംബവും. അത് കൊണ്ട് തന്നെയാണ് മോളുടെ ഇഷ്ടത്തിന് ഒപ്പം നിന്നതും. എന്നാൽ ഇപ്പോൾ എന്താ ചെയ്യുക എന്നൊരു മാർഗവും കാണാതെ ജ്യോൽസ്യന്റെ മുന്നിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ആണ് ആ അമ്മയുടെ മനസ്സിൽ ദേവന്റെ മുഖം തെളിഞ്ഞത്. അച്ഛനോട് സംസാരിച്ചപ്പോൾ അയാൾക്കും സമ്മതം.

രാജീവിനോടും വിളിച്ച് കാര്യം പറഞ്ഞു. എല്ലാത്തിനും കൂടെ ഉണ്ടാകും എന്ന് അവന്റെ വീട്ടുകാരും ഉറപ്പ് തന്നതോടെ വലിയൊരു ചതിയുടെ തുടക്കം കുറിക്കപ്പെടുകയായിരുന്നു അവിടെ അമ്മുവിന്റെ മുറചെറുക്കൻ ആയിരുന്ന ദേവൻ… മനസ്സ് കൊണ്ട് അവളെ ഒരുപാട് സ്നേഹിച്ചിരുന്നവൻ. എന്നാൽ അവൾക്ക് അവനോട് അങ്ങനെയൊരു ഇഷ്ടം ഒരിക്കലും തോന്നിയിരുന്നില്ല. കാണാൻ ഒക്കെ സുന്ദരനാണെങ്കിലും തളർന്ന് കിടക്കുന്ന അച്ചനും, കുടുംബത്തിലെ പ്രാരാബ്ധങ്ങളും കാരണം പഠനം പൂർത്തിയാക്കാതെ കൃഷിപ്പണി ചെയ്യുന്ന ദേവനോട് അവൾ അറിഞ്ഞുകൊണ്ട് തന്നെ ഒരകലം പാലിച്ചിരുന്നു എന്ന് പറയുന്നതാവും സത്യം.

പലപ്പോഴും അവൻ അവൾക്കായി ഓരോന്ന് കൊണ്ട് വരും എന്നാൽ പാടത്തെ ജോലികഴിഞ്ഞ് വരുമ്പോളുള്ള വിയർപ്പിന്റെ നാറ്റത്തിൽ നിന്ന് അവൾ അറപ്പോടെ ഓടി ഒളിച്ചിരുന്നു. രാജീവുമായുള്ള അമ്മുവിന്റെ പ്രണയം അറിഞ്ഞപ്പോളും അവൻ പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ . എന്നാൽ ആ പുഞ്ചിരിക്ക് പിന്നിൽ അവന്റെ ഹൃദയം ഉരുകുകയായിരുന്നു എന്ന് അമ്മു അടക്കം എല്ലാവർക്കും അറിയാം.

ദേവനോട് ഇപ്പോൾ എന്താ പറയുക?? പെട്ടെന്ന് ഒരു ദിവസം അവളെ സ്വീകരിക്കണം എന്ന് പറഞ്ഞാൽ അവൻ എന്താകും കരുതുക,അല്ലെങ്കിൽ തന്നെ അമ്മു ഇതറിഞ്ഞാൽ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ??? അച്ഛന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ സംശയങ്ങൾ അമ്മയോട് പറയുമ്പോൾ അവർ പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. ആരും ഒന്നും അറിയാൻ പോകുന്നില്ല. അവളെക്കൊണ്ട് ഞാൻ സമ്മദിപ്പിക്കും . അതും പറഞ്ഞ് അവർ ക്രൂരമായി ഒന്ന് ചിരിച്ചു.

അടുത്ത ദിവസം പുലർച്ചെ തന്നെ അമ്മുവിന്റെ അച്ഛനും അമ്മയും ചേർന്ന് ദേവന്റെ വീട്ടിലേക്ക് പുറപ്പെട്ടു. പതിവില്ലാതെ പുഞ്ചിരിയോടെ വീട്ടിലേക്ക് കയറി വരുന്ന അവരെ ദേവൻ അത്ഭുതത്തോടെയാണ് നോക്കി കണ്ടത് . ആ പുഞ്ചിരിക്ക് പിന്നിൽ മറഞ്ഞിരുന്ന ചതി അവൻ ഒരിക്കലും അറിഞ്ഞില്ല. അവനും അമ്മുവും തമ്മിലുള്ള കല്യാണക്കാര്യം പറയുമ്പോൾ അവിശ്വാസത്തോടെ അവൻ കേട്ടിരുന്നു. ദേവൻ 100 വട്ടം സമ്മതം അറിയിച്ചപ്പോൾ അച്ഛന്റെയും അമ്മയുടെയും ആത്മഹത്യഭീക്ഷണിക്ക് മുന്നിൽ അമ്മുവിനും ആ കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു. എന്നാൽ അച്ഛന്റെയും അമ്മയുടെയുമൊന്നും മനസ്സിനുള്ളിലെ ചിന്തകൾ അവൾ അറിയുന്നുണ്ടായിരുന്നില്ല.

അങ്ങനെ തന്റെ ഇഷ്ടമില്ലാതെ ആ അമ്പലനടയിൽ വച്ച് ദേവന്റെ താലിയേറ്റ് വാങ്ങുമ്പോൾ അവളുടെ ഉള്ളം പിടയുകയായിരുന്നു. ഒരിക്കലും നല്ലൊരു ഭാര്യ ആകാൻ കഴിയില്ല എന്ന ഉറപ്പോടെ ഉള്ളം തേങ്ങുന്ന വേദനയുമായി ദേവനൊപ്പം അവൾ ആ വീടിന്റെ പടികയറി. സ്നേഹം കൊണ്ട് തന്നെ വീർപ്പ് മുട്ടിക്കാൻ ശ്രമിച്ചപ്പോളെല്ലാം ദേഷ്യത്തോടെ അവൾ അവനിൽ നിന്ന് അകന്ന് മാറി.

ഒരു ഭർത്താവിന്റെ അവകാശങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് ഒരു മുറിക്കുള്ളിൽ ഇരു വശങ്ങളിലായി അവർ ഉറങ്ങി. സ്നേഹത്തോടെയുള്ള അവളുടെ ഒരു വിളിക്കോ സ്പർശനത്തിനോ ആയി അവൻ ഒരുപാട് കൊതിച്ചിരുന്നു എങ്കിലും നിരാശമാത്രമായിരുന്നു ഫലം.

കല്യാണം കഴിഞ്ഞു മൂന്ന് ദിവസം ആയിരിക്കുന്നു. അവളിൽ നിന്ന് ഇത് വരെ ദേവേട്ട എന്നൊരു വിളി പോലും കേട്ടില്ല. അവളുടെ വീട്ടിൽ നിന്ന് അച്ഛനോ അമ്മയോ ആരും അവന്റെ വീട്ടിലേക്ക് വന്നില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ദേവന് അമ്മുവിനോടുള്ള സ്നേഹം കൂടുകയല്ലാതെ ഒരു തരിപോലും കുറഞ്ഞില്ല.

ഇന്ന് 5ആം ദിവസം !!… അമ്മുവിന്റെ അച്ഛനുമമ്മയും കാത്തിരുന്ന ദിവസം.

എന്നാൽരാവിലെ ജോലിക്കായി പോയ ദേവന്റെ ജീവനില്ലാത്ത ശരീരം കാത്തിരുന്ന അവർക്ക് നിരാശ ആയിരുന്നു ഫലം. ഒരു കുഴപ്പവും കൂടാതെ തന്നെ അവൻ തിരിച്ചെത്തിയത് അത്ഭുതത്തോടെ അവർ നോക്കിയിരുന്നു.

അഞ്ചാം ദിവസം കടന്ന് പോയിട്ടും ദേവന് ഒന്നും സംഭവിക്കാത്തതോടെ അമ്മുവിന്റെ അച്ഛനമ്മമാരുടെ ഉള്ളിലെ ചെകുത്താൻ വീണ്ടും തലപൊക്കി. ജ്യോൽസ്യന്റെ വാക്കുകളിൽ ഉള്ള വിശ്വാസം നഷ്ടമായ അവർ ദേവനെയും അമ്മുവിനെയും തമ്മിൽ അകറ്റാനുള്ള മാർഗങ്ങൾ നോക്കിക്കൊണ്ടിരുന്നു. അത്ര നാൾ വീട്ടിലേക്ക് വരാത്ത അവർ ദേവന്റെ വീട്ടിലെ നിത്യസന്ദർശകരായി. അവനെപ്പറ്റി ഇല്ലാത്ത ഓരോ കുറ്റങ്ങൾ പറഞ്ഞ് അവരെ തമ്മിൽ പിരിക്കാൻ അവർ കഴിവതും ശ്രമിച്ചു. എന്നാൽ ഇഷ്ടമല്ല എങ്കിൽ കൂടി കഴുത്തിൽ വീണ ആ താലിയുടെയും നെറുകയിൽ ചാർത്തിയ കുങ്കുമ ചുവപ്പിന്റെയും മഹത്വമറിയാമായിരുന്ന അവൾക്ക് അതിന് സാധ്യമല്ലായിരുന്നു.

അങ്ങനെയാണ് അവൾ അച്ഛനമ്മമാരുടെ പെരുമാറ്റത്തിൽ വന്ന മാറ്റത്തിന്റെ കാരണം അന്വേഷിക്കാൻ തുടങ്ങിയത്. അവസാനം രാജീവിന്റെ നാവിൽ നിന്ന് സത്യങ്ങൾ എല്ലാമറിയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

ഒന്നുമറിയാതെ തന്നെ സ്നേഹിച്ച ദേവനിൽ നിന്ന് ഇത്ര നാൾ വെറുപ്പോടെ കാട്ടിയ അകൽച്ചയെക്കുറിച്ചോർത്ത് അവൾ ഉള്ളുരുകി കരഞ്ഞു. തന്നെ തന്നെ ഒരുനിമിഷം അവൾ ശപിച്ചു. അവിടെ മുതൽ പുതിയൊരു ജീവിതത്തിലേക്ക്, ദേവന്റെ നല്ലൊരു ഭാര്യയിലേക്കുള്ള മാറ്റം അവളുടെ ഉള്ളിൽ തുടങ്ങുകയായിരുന്നു.

എന്നാൽ അവിടെയും വിധി മറ്റൊന്നായിരുന്നു. ഒരു വാഹനത്തിന്റെ രൂപത്തിൽ വന്ന മരണത്തിൽ നിന്ന് മുടിനാരിഴയിൽ രക്ഷപ്പെടുമ്പോൾ അവളുടെ അരക്ക് താഴേക്കുള്ള ശരീരം തളർന്ന് പോയി.

ആശുപത്രിക്കിടക്കയിൽ ഉറക്കം പോലുമില്ലാതെ നിറഞ്ഞ കണ്ണുകളുമായി തനിക്ക് കാവലിരിക്കുന്ന ദേവന്റെ മുഖത്തേക്ക് അവൾ കുറ്റബോധത്തോടെ നോക്കി. ആ ആശുപത്രി വാസത്തിനിടയിൽ ഒരിക്കൽ പോലും രാജീവ് അവളെ കാണാൻ വന്നില്ല എന്നുള്ളത് അവളെ അത്ഭുതപ്പെടുത്തിയില്ല.

രാജീവും,ദേവനും തമ്മിലുള്ള അന്തരം എത്രത്തോളമാണെന്ന് അവളുടെ മനസ്സ് കൊണ്ടവൾ തൊട്ടറിഞ്ഞു കഴിഞ്ഞിരുന്നു. ദേവനോടുള്ള വെറുപ്പ് ഓരോ നിമിഷവും അലിഞ്ഞില്ലാതാവാൻ തുടങ്ങുമ്പോൾ ആ സ്നേഹം അവളെ വല്ലാതെ വീർപ്പ് മുട്ടിക്കാൻ തുടങ്ങി. താൻ കാണിച്ച വെറുപ്പിന് പകരം നൂറിരട്ടി സ്നേഹം കൊണ്ട് മാത്രം അവനവളെ തോൽപ്പിച്ചു. ഒരു ഭാര്യ എന്ന അവകാശത്തോടെ അവളുടെ ഓരോ കാര്യങ്ങളും ചെയത് കൊടുക്കുന്ന അവനെ അവൾ അത്ഭുതത്തോടെ നോക്കികണ്ടു. കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ ആ കണ്ണീരൊപ്പാൻ അവന്റെ കൈകൾ ഉണ്ടായിരുന്നു.

സ്നേഹത്തോടെയുള്ള അവന്റെ പരിചരണത്തിൽ പഴയ രീതിയിലേക്ക് തിരികെ വരുമ്പോൾ കുന്നോളം സ്നേഹം ദേവനായി നൽകാൻ അവളുടെ ഹൃദയം വെമ്പുകയായിരുന്നു. എന്നാൽ താൻ ചെയ്ത തെറ്റുകൾക്ക് പകരമാകുമോ ആ സ്നേഹം എന്നവൾ സംശയിച്ചു.

പഴയത് പോലെ അവൻ വീണ്ടും ജോലിക്ക് പോയി തുടങ്ങിയ ദിവസം അവനറിയാതെ അവൾ അവനായി പുതിയൊരു മണിയറ ഒരുക്കി. ഒരിക്കൽ വെറുപ്പോടെ താൻ നിഷേധിച്ച ആ ആദ്യരാത്രിയിലേക്ക് അവളുടെ മനസ്സ് കൊണ്ട് അവൾ അവനെ ക്ഷണിച്ചു.

ജോലികഴിഞ്ഞു വീട്ടിലേക്ക് കയറിവന്ന അവന്റെ വിയർപ്പിന്റെ മണം അന്നവളുടെ മനസ്സിൽ വെറുപ്പുണ്ടാക്കിയില്ല. കണ്ണുനീരോടെ വിയർപ്പാൽ നനഞ്ഞൊട്ടിയ അവന്റെ ശരീരത്തിലേക്ക് അവൾ ചേർന്നു. അവൻ നൽകിയ സ്നേഹത്തോട് മത്സരിച്ച് ജയിക്കാൻ കഴിഞ്ഞില്ല എങ്കിൽ പോലും ഒരു നോട്ടം കൊണ്ടു പോലും പിന്നെ അങ്ങോട്ടുള്ള നാളുകളിൽ അവനെ അവൾ വിഷമിപ്പിച്ചില്ല .

ദേവൻ ആഗ്രഹിച്ച പോലെ ഒരു ഭാര്യയായി, ദേവന്റെ അമ്മക്ക് നല്ലൊരു മകളായി പുതിയൊരു യാത്ര തുടങ്ങുമ്പോൾ ആ പാപജാതകം എന്ന കള്ളത്തെയും അവൾ സ്നേഹിച്ച് തുടങ്ങിയിരുന്നു……

സ്റ്റോറി ബൈ ശരത്ത്

രചന: ശരത്ത്

Leave a Reply

Your email address will not be published. Required fields are marked *